കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യ പാർട്ടിയാവാൻ സാധിക്കില്ലേ? കെ. വേണുവിന് പറയാനുള്ളത്

“നിലനിൽക്കുന്ന ഘടന വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനാധിപത്യവത്കരിക്കാൻ സാധിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനാധിപത്യ പാർട്ടികളായിട്ടുണ്ട്, യൂറോപ്പിലൊക്കെ. അതുപക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ട് വേറൊരു ജനാധിപത്യ പാർട്ടി ഉണ്ടാക്കിയിട്ടാണ്,” കെ. വേണുവുമായുള്ള എം.ജി. ശശിയുടെ ദീർഘസംഭാഷണം തുടരുന്നു.

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 34

കമ്മ്യൂണിസ്റ്റ് മതവിശ്വാസം - അന്ധവിശ്വാസം

എം.ജി.ശശി: നക്സലേറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുയർന്ന ചില മുദ്രാവാക്യങ്ങൾ. ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ, വിപ്ലവം തോക്കിൻ കുഴലിലൂടെ... 'ഞാനാണ് പാർട്ടി' എന്ന ചാരുമജുംദാറിൻ്റെ പ്രഖ്യാപനം... ഇതൊക്കെ വൈകാരികമായ ആവേശമുയർത്തി എന്നല്ലാതെ അടിസ്ഥാനപരമായിത്തന്നെ തെറ്റായ നിലപാടുകൾ ആയിരുന്നു. അതുപോലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ പാർട്ടിയിലുള്ള വിശ്വാസം - കമ്മ്യൂണിസത്തിലുള്ള വിശ്വാസം ഒരു തരം മതവിശ്വാസം പോലെയാണെന്നു പറഞ്ഞാലും പോരാ, അന്ധവിശ്വാസം തന്നെയായി മാറിയിട്ടില്ലേ?

കെ.വേണു: ആദ്യം പറഞ്ഞ മുദ്രാവാക്യങ്ങളെ ഒരിക്കലും എൻ്റെ മുൻകയ്യിൽ പാർട്ടിയിൽ പ്രോത്സാഹിപ്പിച്ചിട്ടില്ല. ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ എന്ന നിലപാട് നമ്മൾ സ്വീകരിച്ചിട്ടില്ല. അധികാരം തോക്കിൽ കുഴലിലൂടെ എന്ന മുദ്രാവാക്യത്തെ ഞാനെൻ്റെ ലേഖനങ്ങളിൽ വിമർശന വിധേയമാക്കിയിരുന്നു. തോക്കിൻ കുഴലിലൂടെയുള്ള അധികാരമല്ല വേണ്ടത് ജനകീയ അധികാരമാണ് വേണ്ടത്. മജുംദാറിൻ്റെ പ്രഖ്യാപനത്തേയും ഇവിടെ ഏറ്റെടുക്കുകയോ പ്രാത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. രണ്ടാമത്തെ കാര്യം - കമ്മ്യൂണിസ്റ്റ് മത വിശ്വാസം. എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും കാര്യത്തിൽ എനിയ്ക്ക് തോന്നിയിട്ടുണ്ട് -ഒരു മതവിശ്വാസിക്ക് മതത്തോടുള്ളതിനേക്കാൾ വിശ്വാസമാണ് കമ്മ്യൂണിസ്റ്റുകാർക്ക് പാർട്ടിയോടുള്ളത് എന്ന്. നക്സലേറ്റ് വിപ്ലവ പാർട്ടികളിലേക്കു വരുമ്പോൾ അത് കുറേക്കൂടി കൂടും. കാരണം എം.എൽ വിഭാഗക്കാർ ജീവിതം മുഴുവനായും പ്രസ്ഥാനത്തിനു വേണ്ടി സമർപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ മതവിശ്വാസി സ്വന്തം വ്യക്തിജീവിതത്തിൻ്റെ ഭാഗമായിട്ട് ഒരു ആചാരം പോലെ മതവിശ്വാസത്തെ കൊണ്ടു നടക്കുന്നു എന്നല്ലാതെ അതിൽക്കവിഞ്ഞുള്ള ഗാഢമായ പ്രതിബദ്ധതയൊന്നും മതത്തോട് കാണിക്കാറില്ല. കമ്മ്യൂണിസ്റ്റുകാർ പക്ഷേ, വളരെ വലിയ പ്രതിബദ്ധതയോടെ പാർട്ടിയിലുള്ള വിശ്വാസത്തെ കാണുന്നു. ജീവിതം പ്രവർത്തനത്തിനു വേണ്ടി ഹോമിക്കുന്നതു കൊണ്ട് വിപ്ലവ ഗ്രൂപ്പുകളിൽ പ്രസ്ഥാനത്തോടുള്ള ബന്ധം - വിശ്വാസം ഇനിയും കൂടുതൽ തീവ്രമായിരിക്കും. അവർക്കതിൽ നിന്ന് സാധാരണ ഗതിയിൽ രക്ഷപ്പെടാനാകില്ല. അങ്ങനെ അത് അസാധാരണമായൊരു മതവിശ്വാസമായി - അന്ധവിശ്വാസമായി മാറുന്നു. കൂടുതൽ അപകടകരമായ, കൂടുതൽ തീവ്രമായ, ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത, ജനാധിപത്യ വിരുദ്ധമായ ഒരു തലത്തിലാണ് ഇത്തരം പാർട്ടി ബോധം നിൽക്കുന്നത്.

ചാരു  മജുംദാർ
ചാരു മജുംദാർ

പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന ഘട്ടത്തിൽ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തെ കേവി തള്ളിക്കളയുന്നുണ്ട്. സർവാധിപത്യം എന്നത് പിന്തിരിപ്പനാണെന്ന് തുറന്ന് പറയുന്നു. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്നതിന് പകരം തൊഴിലാളി വർഗ്ഗ ജനാധിപത്യം എന്ന നിലപാട് മുന്നോട്ട് വെച്ചിരുന്നല്ലോ...

ചൈനയിലെ വിദ്യാർത്ഥി കലാപത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് ആറു മാസത്തെ ലീവെടുത്ത് പഠനം നടത്തി മുന്നോട്ട് വെച്ച നിലപാടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തൊഴിലാളി വർഗ്ഗ ജനാധിപത്യം എന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക. അതൊരിക്കലും ജനാധിപത്യപരമാവില്ല. അതുകൊണ്ട് സർവ്വാധിപത്യം എന്ന ലക്ഷ്യം കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടു വെക്കുന്നത് ശരിയല്ല. ലക്ഷ്യം തൊഴിലാളി വർഗ്ഗ ജനാധിപത്യം എന്നതാകണം. ആ ജനാധിപത്യം എങ്ങനെ നടപ്പാക്കുമെന്നത് വീണ്ടും സങ്കീർണ്ണമായ വിഷയമാണ്. തുടർന്നും അതിനെക്കുറിച്ച് പഠിക്കുകയും പ്രായോഗികമായി മുന്നോട്ടു പോവുകയും ചെയ്യേണ്ടിവരും. എന്നാൽ പിന്നീട്, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വയം ജനാധിപത്യവത്കരിക്കാൻ ആവില്ല എന്ന നിലപാടിൽ ഞാനെത്തി. അങ്ങനെയാണ് എം.എൽ പാർട്ടിയിൽ നിന്ന് ഞാൻ രാജിവെക്കുന്നത്. 'തൊഴിലാളി വർഗ്ഗ ജനാധിപത്യത്തിനു വേണ്ടി' എന്ന രേഖയുണ്ടാക്കിയിട്ട് ഒന്നര വർഷക്കാലം പാർട്ടിയിൽ ഞാനത് ചർച്ച ചെയ്യുന്നുണ്ട്. ആ രേഖ ഇംഗ്ലീഷിൽ RIM-ൻ്റെ World to Win-ൽ പ്രസിദ്ധികരിച്ചു. അമേരിക്കയിലെ RCP നേതാവ് ബോബ് അവാക്യൻ 'വേണുവിൻ്റെ വലതുപക്ഷ വ്യതിയാനം' എന്നു വിമർശിച്ചു കൊണ്ട് വലിയ ലേഖനം എഴുതി. ഇവിടെ ഞാൻ തയ്യാറാക്കിയ രേഖ സംഘടനക്കുളളിൽ ചർച്ചക്ക് വിട്ടു. പക്ഷേ, ആരും ആ ചർച്ചയെ ഗൗരവമായി എടുക്കുന്നില്ല എന്നെനിക്ക് ബോദ്ധ്യമായി. അതിൻ്റെ പ്രാധാന്യവും പ്രസക്തിയും സംഘടനയ്ക്ക് മനസ്സിലായില്ല. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ആ രേഖ ചർച്ച ചെയ്യാൻ ഞാൻ തന്നെ പോവുകയും മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും അതിനു വേണ്ടി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന നിലപാടിലെ പൊളിച്ചെഴുത്താണ് ആ രേഖ. ആ രീതിയിൽ ആരുമത് ഉൾക്കൊണ്ടില്ല, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയ്ക്ക് അതിനെ ഉൾക്കൊള്ളാൻ അവർക്കാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് ആ ചർച്ച മുന്നോട്ട് പോകില്ല എന്ന് പൂർണ്ണമായും ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പിന്നീട് ഞാൻ രാജിവെക്കുന്നത്.

'തൊഴിലാളി വർഗ്ഗ  ജനാധിപത്യത്തിനു വേണ്ടി' എന്ന രേഖയുണ്ടാക്കിയിട്ട് ഒന്നര വർഷക്കാലം  പാർട്ടിയിൽ ഞാനത് ചർച്ച ചെയ്യുന്നുണ്ട്. ആ രേഖ ഇംഗ്ലീഷിൽ RIM-ൻ്റെ World to Win-ൽ പ്രസിദ്ധികരിച്ചു. അമേരിക്കയിലെ RCP നേതാവ് ബോബ് അവാക്യൻ 'വേണുവിൻ്റെ വലതുപക്ഷ വ്യതിയാനം' എന്നു വിമർശിച്ചു കൊണ്ട് വലിയ ലേഖനം എഴുതി.
'തൊഴിലാളി വർഗ്ഗ ജനാധിപത്യത്തിനു വേണ്ടി' എന്ന രേഖയുണ്ടാക്കിയിട്ട് ഒന്നര വർഷക്കാലം പാർട്ടിയിൽ ഞാനത് ചർച്ച ചെയ്യുന്നുണ്ട്. ആ രേഖ ഇംഗ്ലീഷിൽ RIM-ൻ്റെ World to Win-ൽ പ്രസിദ്ധികരിച്ചു. അമേരിക്കയിലെ RCP നേതാവ് ബോബ് അവാക്യൻ 'വേണുവിൻ്റെ വലതുപക്ഷ വ്യതിയാനം' എന്നു വിമർശിച്ചു കൊണ്ട് വലിയ ലേഖനം എഴുതി.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യ പാർട്ടിയാകാൻ കഴിയില്ല അല്ലേ...

അങ്ങനെയല്ല. നിലനിൽക്കുന്ന ഘടന വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനാധിപത്യവത്കരിക്കാൻ സാധിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനാധിപത്യ പാർട്ടികളായിട്ടുണ്ട്, യൂറോപ്പിലൊക്കെ. അതുപക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ട് വേറൊരു ജനാധിപത്യ പാർട്ടി ഉണ്ടാക്കിയിട്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതേപടി ജനാധിപത്യ പാർട്ടിയായി പരിവർത്തിപ്പിക്കാൻ സാദ്ധ്യമല്ല. ജനാധിപത്യ പാർട്ടിയായി മാറുമ്പോൾ അത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായിത്തീരുന്നു. അങ്ങനെയൊരു ജനാധിപത്യ പാർട്ടിയാകാൻ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാർ തയ്യാറല്ല. സി.പി.ഐ ഒരു പരിധി വരെ അത് പരിഗണിച്ചിട്ടുണ്ട്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന ലക്ഷ്യം കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിൽ അവർ എടുത്തു കളഞ്ഞു. ഏറെക്കുറെ ഒരു ജനാധിപത്യ പാർട്ടിയാകാനുള്ള ഒരുക്കത്തിലാണ് അവർ.

ഒന്നര വർഷമായി നടത്തിയ ചർച്ചകൾ ഒരു ഫലവും ചെയ്തില്ല. ഈ പാർട്ടി ജനാധിപത്യവത്കരിക്കപ്പെടുകയില്ലെന്നും അതിനു വേണ്ടി വ്യക്തിപരമായി ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നും എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. അതിനാൽ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഞാൻ രാജിവെക്കുന്നു' എന്ന് വിശദമാക്കുന്നതായിരുന്നു രാജിക്കത്ത്.

അവസാനം അതിനുള്ള ധൈര്യം കാണിക്കുമോ എന്നതാണ് പ്രശ്നം. എന്നാൽ, സി.പി.എം അതിന് തയ്യാറേയല്ല. എം.എൽ ഗ്രൂപ്പുകൾ ഒരിക്കലും അതിന് തയ്യാറാവുന്ന പ്രശ്നമേയില്ല. അപ്പൊ ആ അർത്ഥത്തിൽ ഇവർക്ക് ഒരിക്കലും ജനാധിപത്യവത്കരിക്കാനോ അതുവഴി ആധുനിക സമൂഹത്തെ അഭിസംബോധന ചെയ്യാനോ ആവുകയില്ല. അങ്ങനെ നമ്മുടെ എം.എൽ പാർട്ടിയെ മാറ്റിയെടുക്കാൻ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന ബോദ്ധ്യത്തെത്തുടർന്നാണ് ഞാൻ രാജിവെച്ചത്. രാജി സമർപ്പിക്കുന്ന ഒരു കമ്മറ്റി മീറ്റിംഗ് നടക്കുന്നുണ്ട്. കേന്ദ്രക്കമ്മറ്റി മീറ്റിംഗ് സുദീർഘമായി നടന്ന ശേഷം ഞാനെൻ്റെ നിലപാട് പറയുകയാണ് ചെയ്യുന്നത്. അത് വിശദമാക്കുന്ന രാജിക്കത്ത് എഴുതിക്കൊടുക്കുകയും ചെയ്തു. 'അടിമുടി മാറ്റം വരുത്തുന്ന വളരെ പ്രധാനപ്പെട്ട ജനാധിപത്യവത്കരണം നടത്തിക്കൊണ്ടല്ലാതെ നമുക്ക് മുന്നോട്ടു പോകാനാകില്ല. അത് നടത്തേണ്ടത് എന്തുകൊണ്ട് എങ്ങനെയാകണം എന്നൊക്കെയുള്ള കാര്യങ്ങൾ വിശദീകരിക്കപ്പെട്ടെങ്കിലും അത് പാർട്ടിക്കകത്ത് സ്വീകരിക്കപ്പെട്ടില്ല, അംഗീകരിക്കപ്പെട്ടില്ല. ഒന്നര വർഷമായി നടത്തിയ ചർച്ചകൾ ഒരു ഫലവും ചെയ്തില്ല. ഈ പാർട്ടി ജനാധിപത്യവത്കരിക്കപ്പെടുകയില്ലെന്നും അതിനു വേണ്ടി വ്യക്തിപരമായി ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നും എനിയ്ക്ക് ബോദ്ധ്യപ്പെട്ടു. അതിനാൽ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഞാൻ രാജിവെക്കുന്നു' എന്ന് വിശദമാക്കുന്നതായിരുന്നു രാജിക്കത്ത്. പിന്നീട് ബാക്കിയുള്ള സഖാക്കളെല്ലാം ചേർന്ന് ഒരു കോ-ഓർഡിനേഷൻ കമ്മറ്റി എന്ന നിലയിൽ സംഘടനയെ പുന:സംഘടിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ ഫലത്തിൽ പിന്നീടും, ബാക്കിയുള്ളവരെ സംഘടനാപരമായി സഹായിക്കാനായിട്ട് പാർട്ടി അംഗമെന്ന നിലയിൽ, എൻ്റെ ജനാധിപത്യപരമായ ഉത്തരവാദിത്തമെന്ന നിലയിൽത്തന്നെ കുറച്ചുനാൾ കൂടി ഞാൻ തുടരുന്നുണ്ട്. പിന്നീട് വിട്ടുപോരുകയാണ് ചെയ്യുന്നത്. അപ്പോഴേക്കും പല ചേരികളായി തിരിഞ്ഞ് പാർട്ടി ഇല്ലാതായി എന്നതാണ് യാഥാർത്ഥ്യം. അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള എൻ്റെ രാജിക്കു ശേഷം, സെൻട്രൽ കമ്മിറ്റി എന്നതു മാറ്റി കോ-ഓർഡിനേഷൻ കമ്മിറ്റി എന്നാക്കിയതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വിവിധ ദേശീയതകളുടെ പ്രശ്നം വളരെ സജീവമായി വന്ന സാഹചര്യത്തിൽ ഇൻഡോ-ചൈന മേഖലകളിൽ വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, കംബോഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി, മലേഷ്യൻ കമ്മ്യൂണിസ്റ്റ്പാർട്ടി... ഇങ്ങനെയുള്ള വിവിധ പാർട്ടികളെല്ലാം ചേർന്ന് 'കോ-ഓർഡിനേഷൻ ഓഫ് കമ്മ്യൂണിസ്റ്റ് പാർട്ടീസ്' എന്നൊരു Platform ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിൽ അതാണ് മാതൃകയാക്കേണ്ടത്, ഒറ്റ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല വേണ്ടത് എന്നു ഞാൻ പാർട്ടിക്കകത്തെ ചർച്ചകളിൽ ചൂണ്ടിക്കാണിക്കാറുണ്ട്. വിവിധ ദേശീയതകളെ അടിസ്ഥാനമാക്കിയ കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടി, പഞ്ചാബ് കമ്മ്യൂണിസ്റ്റ് പാർട്ടി, ബംഗാൾ കമ്മ്യൂണിസ്റ്റ് പാർട്ടി... എന്നിങ്ങനെ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു കോ-ഓർഡിനേഷൻ പോലുള്ള, ഏകോപനം പോലുള്ള ഒന്നാണ് വേണ്ടത്. അങ്ങനെയൊരു ചർച്ച 1987-നു ശേഷം ഞാൻ തുടങ്ങി വെച്ചിരുന്നു. പക്ഷേ, അതും ഫലപ്രദമായി മുന്നോട്ട് പോയില്ല. 1991-ലാണ് ഞാൻ രാജിവെക്കുന്നത്. അപ്പൊ സംഘടനയിൽ അവശേഷിച്ച ബാക്കിയുള്ള സഖാക്കൾ നേരത്തേ ചർച്ച ചെയ്തതു പ്രകാരം സെൻട്രൽ കമ്മറ്റി പിരിച്ചുവിട്ട് അതിനെത്തന്നെ ഒരു കോ-ഓർഡിനേഷൻ കമ്മറ്റിയാക്കുന്നു. ശരിക്കത് പിരിച്ചു വിടലല്ല. അതിൻ്റെയൊരു രൂപം മാറ്റൽ മാത്രമായിരുന്നു. ഔപചാരികമായി നോക്കിയാൽ സെൻട്രൽ കമ്മറ്റി പിരിച്ചുവിട്ടു. എന്നിട്ട് കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. അതാണ് റിപ്പോർട്ട് ചെയ്യപ്പെടേണ്ടത്. പക്ഷേ, ഞാൻ പാർട്ടി പിരിച്ചു വിട്ടു എന്നാണ് പത്രത്തിൽ വന്നത്. മാതൃഭൂമിയിലെ രാജഗോപാലാണ് പറ്റിച്ചത്. രാജഗോപാലിന് പാർട്ടികത്തെ മാറ്റങ്ങളെക്കുറിച്ചൊരു സ്കൂപ്പ് ന്യൂസ് വേണം. സിവിക് ചന്ദ്രൻ ചില സൂചനകൾ കൊടുത്തിരുന്നു. ഇവർ രണ്ടു പേരും കൂടി എന്നെ കാണാൻ വന്നു. മറ്റുള്ളവർക്കാർക്കും കിട്ടാത്ത ന്യൂസായി കൊടുക്കണം, ന്യൂസിൻ്റെ ശക്തി വർദ്ധിക്കാനായിട്ട്. ഞാൻ രാജിവെച്ചു എന്ന് പറയുന്നതിനു പകരം 'കെ.വേണു പാർട്ടി പിരിച്ചുവിട്ടു' എന്ന് രാജഗോപാൽ റിപ്പോർട്ട് ചെയ്തു. അങ്ങനെയാണ് ആ പാപഭാരം എൻ്റെ തലയിൽ വന്നത്.


Summary: How communist parties can become democratic political organizations, K Venu in conversation with MG Sasi. Interview series continues.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments