കേരളത്തിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളും അതിൽ ആരോപണവിധേയരാകുന്നവരുടെ പ്രായവിവരങ്ങളും, നമുക്കിടയിൽ പടർത്തുന്ന പരിഭ്രാന്തി ഒട്ടൊന്നുമല്ല. മലയാളം വാർത്താ മാധ്യമങ്ങൾക്കിടയിലെ TRP യുദ്ധങ്ങളുടെ കഥ പുത്തരിയല്ലാത്തതു കൊണ്ടും, കൊടുമ്പിരിക്കൊള്ളുന്ന ഈ പോരാട്ടത്തിൽ, ഏറ്റവും ഫലം കൊയ്യുന്ന വിത്ത്, കുറ്റകൃത്യവാർത്തകളാണെന്ന പൊതുവിജ്ഞാനമുള്ളതുകൊണ്ടും, ക്രൈം റിപ്പോർട്ടിങ്ങിനിടയിൽ ന്യൂസ് റൂമിലും പുറത്തുമായി നടക്കുന്ന മാധ്യമധർമ്മത്തിന്റെ പരസ്യലംഘനം വലിയ അത്ഭുതമല്ല എന്നു പറയാം.
അതേസമയം ഭയം കലർന്ന ഒരു കൗതുകം തോന്നിയതാകട്ടെ, വാർത്തകളോടുള്ള മലയാളികളുടെ പ്രതികരണങ്ങൾ കണ്ടപ്പോഴാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി, നമ്മുടെ വാർത്താചാനലുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ക്രൈം ന്യൂസുകൾക്കടിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന പുതുതലമുറയുടെ അക്രമാസക്തതയെ കുറിച്ചുള്ള ചില ആവലാതികമന്റുകൾ, ഒരു കളക്റ്റീവ് രോഷവും വെപ്രാളവുമായി രൂപാന്തരം പ്രാപിക്കുന്ന പ്രതിഭാസം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
2018 തൊട്ടുള്ള ഏഴുവർഷത്തിനിടയിൽ, പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളും മഹാമാരിയും കുട്ടികളിലും ചെറുപ്പക്കാരിലും ഉണ്ടാക്കിയ മാനസികാരോഗ്യവ്യഥകൾ സർക്കാരോ മറ്റു സംഘടനകളോ അഡ്രസ് ചെയ്തു കണ്ടിട്ടില്ല.
‘Folk Devils and Moral Panics’ എന്ന പുസ്തകത്തിലൂടെ, പ്രശസ്ത സോഷ്യോളജിസ്റ്റ് സ്റ്റാൻലി കോഹെനാണ് Moral panic (സദാചാര വെപ്രാളം) എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. 1960-കളുടെ പകുതിയിൽ, ബ്രിട്ടനിലെ ചെറുപ്പക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉപസംസ്കാരമായ (sub culture) Mods and rockers- ന്റെ വസ്ത്രധാരണ രീതികളും അവരുടെ സംഗീതാഭിരുചികളും പൊതുജനങ്ങളിലുണ്ടാക്കിയ വ്യാകുലതകളെക്കുറിച്ച് സംസാരിക്കാനാണ് കോഹെൻ ഈ വാക്കുപയോഗിക്കുന്നത്. ഒരു വ്യക്തിയോ പ്രത്യേക ജനവിഭാഗമോ ഒരു പ്രസ്ഥാനമോ, ഇതൊന്നുമല്ലെങ്കിൽ ഒരു സംഭവമോ, തങ്ങളുടെ സമൂഹത്തിനുണ്ടാക്കാനിടയുള്ള വിപത്തുകളെയും വിള്ളലുകളെയും കുറിച്ച്, ജനങ്ങൾക്കിടയിൽ പരക്കുന്ന ഭയത്തെയൊ, പരിഭ്രാന്തിയെയൊ ആണ് moral panic എന്ന പ്രയോഗം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. 1660- കളിലെ സേലം വിച്ച് ട്രയലുകൾ തൊട്ട്, മഴവിൽ അജണ്ടയെ പ്രതിയുള്ള തീവ്ര വലതുപക്ഷ വ്യാകുലതകൾ വരെ പരിശോധിച്ചാൽ ലോകചരിത്രത്തിലെ അത്യപൂർവ പ്രതിഭാസമൊന്നുമല്ല ഇതെന്ന് എളുപ്പം മനസ്സിലാക്കാം. ഒറ്റപ്പെട്ട സംഭവങ്ങളെ സെൻസേഷനലൈസ് ചെയ്യുന്ന മാധ്യമറിപ്പോർട്ടുകൾ ആളിക്കത്തിക്കുന്ന ഇത്തരം വ്യാകുലതകൾ പലപ്പോഴും, ഭൂരിപക്ഷചിന്തയുടെ ചട്ടക്കൂടുകൾ ഭേദിക്കാൻ ശ്രമിക്കുന്ന വ്യക്തികളേയും കമ്മ്യൂണിറ്റികളേയും പറ്റി മുൻധാരണകൾ പടർത്തുകയും, ഇവർക്കെതിരെയുള്ള ഹേറ്റ് ക്രൈമുകൾക്ക് കാരണമാകുകയും ചെയ്യുന്നു.

വെഞ്ഞാറമൂടും താമരശ്ശേരിയിലും നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വലിയ ഒരു ഭയം, കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം അഴിച്ചുവിടുന്ന അക്രമങ്ങളെ പ്രതിയാണ്. സിന്തറ്റിക് ഡ്രഗ്ഗുകൾ ഉൾപ്പെടെ, പലതരം ലഹരിവസ്തുക്കളുടെ വൻതോതിലുള്ള വില്പനയും ഉപയോഗവും നടക്കുന്ന ഈ കാലത്ത്, ഇത്തരമൊരാശങ്ക അസ്ഥാനത്തുള്ളതാണെന്നും, യാതൊരു വിധത്തിലുള്ള മുൻകരുതലുകൾ ആവശ്യമില്ലെന്നും നിസ്സംശയം പറയാൻ ബുദ്ധിമുട്ടാണ്.
അതേസമയം, ലഹരിവസ്തുക്കളുടെ ക്രമാതീതമായ ഉപയോഗത്തെ നമ്മുടെ നാട്ടിലെ കൊലപാതകങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന യാതോരുവിധ കണക്കുകളോ പഠനങ്ങളോ ഇതുവരെ ലഭ്യമല്ല എന്നതാണ് വാസ്തവം. ഇതു തന്നെയാണ് സിനിമകളിലെ വയലൻസും, നാട്ടിലെ കൊലപാതകങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥയും. ഇവ തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്നത് ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു വാദത്തിന്, ‘തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലെന്താണ്, നാട്ടുകാരൊക്കെ ഒന്ന് ജാഗരൂകരാകുന്നത് നല്ലതല്ലേ, അതിനു പഠനങ്ങൾ വരുവോളം കാത്തിരിക്കണമോ’ എന്ന മറുചോദ്യം ചോദിക്കാവുന്നതേയുള്ളൂ. ശരിയാണ്, തെളിയിക്കപ്പെട്ടില്ലെങ്കിലും ഭരണകൂടത്തിന്റെയും നീതിപാലകരുടേയും ശ്രദ്ധ അർഹിക്കുന്ന വിഷയം തന്നെയാണിത്.
ഇപ്പോൾ കേരളത്തിൽ ന്യൂ ജെൻ കുഞ്ഞുങ്ങളെ കുറിച്ച് പടർന്നുപിടിക്കുന്ന സദാചാര വ്യാകുലതയുടെ, ഏറ്റവും പ്രെഡിക്റ്റബിളായ അനന്തരഫലം, നമ്മുടെ ചെറുപ്പക്കാരോടും കുഞ്ഞുങ്ങളോടും, മാതാപിതാക്കളും അധ്യാപകരും കൂടുതൽ കടുപ്പക്കാരാകുമെന്നതാണ്. അവർക്കുചുറ്റുമുള്ള സദാചാരത്തിന്റെ കുടുക്ക് ഒന്നുകൂടെ മുറുക്കപ്പെടും
എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്നുവരുന്ന കുറ്റകൃത്യങ്ങളെ പറ്റിയുള്ള ചർച്ചകളിൽ, ഭയപ്പെടുത്തുന്ന ഒരു അലസത കൂടിയുണ്ടെന്നുള്ളതാണ് സത്യം. പലപ്പോഴും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും സിനിമകളിലെ വയലൻസിനെ കുറിച്ചുമുള്ള വ്യാകുലതകളിൽ കുടുങ്ങിക്കിടന്ന് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന മറ്റനേകം ദൈനംദിന ഘടകങ്ങളെ സൗകര്യപൂർവ്വം അവഗണിക്കുകയല്ലേ നാം ചെയ്യുന്നത്? വ്യക്തികൾ എന്ന നിലക്കും സമൂഹം എന്ന നിലക്കും, നമുക്കോരോരുത്തർക്കും നേരിട്ട് പങ്കുള്ള കാര്യങ്ങളെ മാറ്റിനിർത്തി, മോറൽ സുപ്പീരിയോരിറ്റിയുടെ ഭാഷയിൽ നടത്തുന്ന ചർച്ചകൾ, ദുരന്തങ്ങളെ ഒരു മീഡിയാ ഇവന്റ് ആക്കുന്ന വാർത്താചാനലുകളുടെ മത്സരറിപ്പോർട്ടിങ്ങിന്റെ എക്സ്റ്റൻഷനുകൾ മാത്രമാക്കി ഒതുക്കിനിർത്തുകയാണ് ചെയ്യുന്നത്. അതിനാൽ, നാട്ടിലെ അക്രമസംഭവങ്ങളോടുള്ള മലയാളികളുടെ ഏകപക്ഷീയമായ ചർച്ചകൾ കാണാത്ത ചില വസ്തുതകൾ കാണാൻ നാം ശ്രമിക്കേണ്ടതുണ്ട്.

2018 തൊട്ടുള്ള ഏഴുവർഷത്തിനിടയിൽ, പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളും കോവിഡും നിപ്പയും പോലുള്ള പകർച്ചവ്യാധികളും നേരിടേണ്ടി വന്ന സംസ്ഥാനമാണ് കേരളം. ഈ സംഭവങ്ങൾ കുട്ടികളിലും ചെറുപ്പക്കാരിലും ഉണ്ടാക്കിയിരിക്കുന്ന മാനസികാരോഗ്യവ്യഥകൾ സർക്കാരോ മറ്റു സംഘടനകളോ അഡ്രസ് ചെയ്തു കണ്ടിട്ടില്ല. ഈ വർഷാരംഭം തൊട്ട് മാധ്യമങ്ങൾ ആഘോഷിച്ച പല അക്രമസംഭവങ്ങളിലും കുറ്റാരോപിതരായവരുടെ മാനസികനിലയെ കുറിച്ചുള്ള ആശങ്കകൾ, ഇവരുമായി നേരിട്ട് ഇടപഴകിയ അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവെച്ചതായി കണ്ടു. പുരുഷന്മാരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള തുറന്ന സംസാരങ്ങളുടെ അഭാവം, ഇവിടെ അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണ്. കേരളത്തിന്റെ ഇപ്പോഴുള്ള ലിംഗാധികാരശ്രേണിയുടെ ഘടനപ്രകാരം, ലഹരിയിലേക്കും അക്രമത്തിലേക്കും എളുപ്പം വഴിതെറ്റിവീഴുവാനുള്ള സാഹചര്യങ്ങൾ പുരുഷന്മാർക്ക് കൂടുതലാണ്. ഇതോടൊപ്പം, ദിനംപ്രതി, വ്യക്തികേന്ദ്രീകൃതവും ധ്രുവീകൃതവുമാകുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന വിഷാദവും ഉത്കണ്ഠയും നേരിടാൻ സർക്കാരോ സാമൂഹികക്ഷേമ വകുപ്പോ സജ്ജമാണോ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചുറ്റുമുള്ളവർ അനുഭവിക്കുന്ന മാനസികവ്യഥകൾ മനസ്സിലാക്കുവാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുവാനുമുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കേണ്ടതും വളരെ പ്രധാനമാണ്.
കുട്ടികൾ ഇന്റിമേറ്റ് രംഗങ്ങൾ കാണുന്നതിൽ വ്യാകുലതപ്പെടുന്ന ഇന്ത്യൻ മാതാപിതാക്കൾ, എന്തുകൊണ്ട് അവർ വയലൻസ് കോൺസ്യും ചെയ്യുമ്പോൾ വേവലാതിപ്പെടുന്നില്ല?
ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു ഘടകം, കോവിഡിനുശേഷം നാമെല്ലാം ജീവിക്കുന്ന നമ്മുടെ ഡിജിറ്റൽ ജീവിതങ്ങളാണ്. ഇൻഫർമേഷൻ വിപ്ലവത്തിന്റെ കാലത്ത് പിറന്നുവീണ, മീഡിയേറ്റഡായൊരു ചുറ്റുപാടിൽ, ഒരു മനുഷ്യന് ആവശ്യമായതിലും എത്രയോ ഇരട്ടി വിവരശകലങ്ങൾ അറിഞ്ഞും അറിയാതെയും ഒപ്പിയെടുത്ത് വളരുന്നവരാണ് ജെൻ-സി, ജെൻ-ആൽഫ കുട്ടികൾ. പലപ്പോഴും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക്, ഇവർ കോൺസ്യും ചെയ്യുന്ന മീഡിയകളുടെ നേച്ചറോ ഉള്ളടക്കമോ അറിയില്ലെന്നതാണ് സത്യം. ഈയടുത്ത കാലത്ത്, കേവലം പത്ത് വയസുള്ള ഒരു കുട്ടി, സ്‌ക്വിഡ് ഗെയിം എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ അക്രമരംഗങ്ങൾ അഭിനയിച്ചു കാണിക്കുന്നത് കണ്ട് ഞെട്ടിയിട്ടുണ്ട്. 15 വയസിനു മുകളിലുള്ളവർക്ക് എന്ന്, മേക്കഴ്സ് തന്നെ പറയുന്ന ഈ സീരിസ്, നമ്മുടെ കുട്ടികൾ കണ്ട് പ്രചോദിതരാകുന്നുണ്ടെങ്കിൽ, പ്രതിസ്ഥാനത്ത് നിൽക്കുന്നത്, തങ്ങളുടെ കുട്ടികൾ കോൺസ്യും ചെയ്യുന്ന മീഡിയയെ പറ്റി യാതൊന്നും ചിന്തിക്കാതെ, അവരെ ഡിസ്ട്രാക്ട് ചെയ്യാനായി ഫോൺ നൽകുന്ന മാതാപിതാക്കൾ തന്നെയാണ്. കുട്ടികൾ ഇന്റിമേറ്റ് രംഗങ്ങൾ കാണുന്നതിൽ വ്യാകുലതപ്പെടുന്ന ഇന്ത്യൻ മാതാപിതാക്കൾ, എന്തുകൊണ്ട് അവർ വയലൻസ് കോൺസ്യും ചെയ്യുമ്പോൾ വേവലാതിപ്പെടുന്നില്ല? വയലൻസുള്ള സിനിമകളെ കാടടച്ചു വിമർശിക്കുന്നവരും അവ നിരോധിക്കണമെന്ന് പറയുന്നവരും, ഓഡിയൻസ് എന്ന നിലക്കുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി ഒഴിയുന്നതെന്താണ്?

ഇപ്പോൾ കേരളത്തിൽ ന്യൂ ജെൻ കുഞ്ഞുങ്ങളെ കുറിച്ച് പടർന്നുപിടിക്കുന്ന ഈ സദാചാര വ്യാകുലതയുടെ, ഏറ്റവും പ്രെഡിക്റ്റബിൾ ആയിട്ടുള്ള അനന്തരഫലം, നമ്മുടെ ചെറുപ്പക്കാരോടും കുഞ്ഞുങ്ങളോടും, മാതാപിതാക്കളും അധ്യാപകരും കൂടുതൽ കടുപ്പക്കാരാകുമെന്നതാണ്. അവർക്കുചുറ്റുമുള്ള സദാചാരത്തിന്റെ കുടുക്ക് ഒന്നുകൂടെ മുറുക്കപ്പെടും. മോറാലിറ്റിയുടെ സ്വയംനിർമിത സിംഹാസനങ്ങളിലിരുന്ന്, ഈ പ്രായത്തിൽ തങ്ങൾ കളിച്ച കളികൾ മറന്ന്, ഈ കുട്ടികളെ നമ്മുടെ മുതിർന്നവർ ജഡ്ജ് ചെയ്യും. അവരുടെ സകല നീക്കങ്ങൾക്കും മുകളിൽ, ഇപ്പോഴുള്ളത് പോരാഞ്ഞ്, കൂടുതൽ കണ്ണുകൾ അടുക്കിവെക്കും. അവരെ ശ്വാസം മുട്ടിക്കും. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുഞ്ഞുങ്ങളോട്, ശത്രുക്കളെ പോലെ പെരുമാറുന്ന അധ്യാപകരെ കണ്ടിട്ടുണ്ട്. സ്വന്തം പ്രായത്തിന്റെ മുതിർച്ച മറന്ന്, അവരോട് പോരുകൾ തുടങ്ങിവെക്കുന്നവരുണ്ട്. മാധ്യമ വാർത്തകൾ കണ്ട്, തങ്ങളുടെ കുഞ്ഞുങ്ങൾ വഴിതെറ്റാതിരിക്കാൻ കടുത്ത അച്ചടക്കനടപടികൾ സ്വീകരിക്കുന്ന അച്ഛനമ്മമാരും അവരുടെ ചൊല്പടിക്കുകീഴിൽ ശ്വാസം മുട്ടുന്ന കുട്ടികളുമുണ്ട്. അതേസമയം, കലുഷിതമായ ഗാർഹികാന്തരീക്ഷങ്ങളിൽ പെട്ട് മനസ്സിന്റെ താളം തെറ്റുന്ന കുഞ്ഞുങ്ങളുമുണ്ട്. സിനിമകളിലോ സീരീസുകളിലോ കാണുന്നതിനേക്കാൾ വയലൻസ്, സ്വന്തം വീടുകളിൽ കാണുന്നവരുണ്ട്. മിണ്ടാനും പറയാനും ബന്ധങ്ങളില്ലാത്തവരുണ്ട്.
തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും, സ്വത്വത്തെ കുറിച്ചും ബോധമുള്ള ഒരു തലമുറയെ, അടിച്ചും ചീത്തവിളിച്ചും നന്നാക്കാമെന്ന ചിന്ത ഗുണം ചെയ്യില്ലെന്നുമാത്രമല്ല, ഒട്ടേറെ ദോഷങ്ങൾക്ക് വഴി വെക്കുകയും ചെയ്യും. എമ്പതിയും പരസ്പര ബഹുമാനവും പോലുള്ള മൂല്യങ്ങൾ, അധ്യാപകരും മാതാപിതാക്കളും തങ്ങളുടെ ജീവിതത്തിൽ പാലിച്ച് മാതൃകയായാലേ കുട്ടികൾ അത് കണ്ട് പഠിക്കൂ. ജീവിതത്തിൽ, ഈ വിധത്തിലുള്ള യാതൊരു മൂല്യങ്ങളും കാഴ്ചവെക്കാത്തവർ, യൂട്യൂബ് വാർത്തകൾക്കുകീഴിൽ കമന്റിട്ട് ഒരു തലമുറയെ തന്നെ വില്ലന്മാരാക്കുന്നത്, പ്രശ്നത്തിന് ക്രിയാത്മകമായ ഒരു പരിഹാരമാകുന്നില്ല.
വ്യക്തികളുടെയും കാലഘട്ടങ്ങളുടെയും വൈവിധ്യമോ സാമൂഹിക- സാംസ്‌കാരിക ചുറ്റുപാടുകളോ കാണാതെ, വാർത്താമാധ്യമങ്ങളും, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരും നടത്തുന്ന, ഏകമുഖമുള്ള വ്യാകുലപ്പെടലുകളും സദാചാര വെപ്രാളങ്ങളും ഒരു തലമുറയെ പറ്റി മുൻധാരണകൾ സൃഷ്ടിക്കുന്നു. അവരെ സമൂഹം സംശയത്തിന്റെ കണ്ണുകളോടെ നോക്കാനാരംഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ആധി കയറിയ, കുട്ടികളെ അലിവോടെ ചേർത്തു നിർത്താത്ത ഒരു സമൂഹം തന്നെയാണ്, കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളേയും മുതിർന്നവരേയും പിന്നീട് നയിക്കുക.