കൊറോണ കാപ്പിറ്റലിസം; കോവിഡ് 19 - കാണാപ്പുറങ്ങൾ

കൊറോണ വൈറസിന്റെയും, നവ ലിബറൽ മുതലാളിത്ത മൂലധനത്തിന്റെയും സഞ്ചാരപഥങ്ങൾ എവിടെയൊക്കെ ഒന്നിക്കുന്നു; ഒരു അന്വേഷണം

രേസമയം പരസ്പരബന്ധിതമായ രണ്ടു പ്രതിസന്ധികളുടെ നടുവിലാണ് ലോകം. ആരോഗ്യവും, സാമ്പത്തികവും. കോവിഡിനു മുമ്പും, ശേഷവുമെന്ന നിലയിൽ ചരിത്രത്തിന്റെ കാലഗണന വഴിപിരിയുന്നത്ര കഠിനമാണ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി. ലോകാവസാനത്തെപ്പറ്റി ഒരുമാതിരി മതസാഹിത്യങ്ങളിലെല്ലാം പറയുന്ന അതിശയോക്തി നിറഞ്ഞ ഭാവനകളുടെ തനിയാവർത്തനങ്ങൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ പല രൂപത്തിലും, ഭാവത്തിലും ഇതിനകം വന്നു കഴിഞ്ഞു. കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉൽപത്തിയും, ആയുസ്സിന്റെ ദൈർഘ്യവും, സഞ്ചാരപഥങ്ങളും കരതലാമലകം പോലെ വ്യക്തവുമാണ്. കോവിഡ് ബാധിച്ചു മരിച്ചവരും, മരിക്കാനിടയുള്ളവരും, രോഗം ബാധിച്ചവരും, ബാധിക്കാനിടയുള്ളവരും നിമിഷംപ്രതി പുതുക്കുന്ന 'ഡാറ്റയായി' മുന്നിൽ വന്ന് നിറയുന്നു. ഇത്രയും സുതാര്യമായ ദുരന്തത്തെ ഏതു ഭാഷയിലാവും എഴുതാനും, വായിക്കാനുമാവുക? 'കൂടുതൽ ഫാസ്റ്റാവുമ്പോൾ ലേറ്റാവുക സ്വാഭാവികമെന്ന' അരവിന്ദെന്റ ഗുരുജിയുടെ (ചെറിയ മനുഷ്യരും വലിയ ലോകവും) നർമത്തിന്റെ ബലത്തിൽ വൈറസിന്റെയും, മൂലധനത്തിന്റെയും സഞ്ചാരപഥങ്ങൾ ഒന്നിക്കുന്ന ചരിത്രത്തെപ്പറ്റിയുള്ള ഒരു വീണ്ടുവിചാരം അസ്ഥാനത്താവില്ലെന്നു തോന്നുന്നു.

ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യതകളെപ്പറ്റി ഏതാണ്ട് പ്രവചന സ്വഭാവത്തോടെ ശാസ്ത്രജ്ഞരും, അല്ലാത്തവരുമായ നിരവധി എഴുത്തുകാർ വർഷങ്ങളായി നൽകിയ മുന്നറിയിപ്പുകൾ തീർത്തും അവഗണിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇത്തരം പരിശോധന അടിയന്തരമാവുന്നു.

വേണം, രാഷ്ട്രീയ പരിശോധന

കോവിഡ്-19 ലോകമാകെ പടരുന്നതിനും മുമ്പേ മുതലാളിത്തമെന്ന മഹാമാരിക്കടിപ്പെട്ട ആഗോള സമ്പദ്വ്യവസ്ഥ ജനങ്ങളെ കൂട്ടമരണത്തിന്റെയും, അനാഥത്വത്തിന്റെയും പടിവാതിക്കലിൽ എത്തിച്ചിരുന്നു. മുതലാളിത്ത സാമ്പത്തികക്രമത്തിൽ അന്തഃസ്ഥിതമായ ഘടനപരമായ അക്രമത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദിനംപ്രതി നടക്കുന്ന ഒഴിവാക്കാനാവുന്ന കൂട്ടമരണങ്ങളും രോഗങ്ങളും, നമ്മുടെ ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നുവെന്ന തിരിച്ചറിവുപോലും ഇല്ലാത്തവിധം പ്രജ്ഞയറ്റുപോയ ഒരു പൊതുസമൂഹമാണ് ദിവസങ്ങളായി വൈറസ് ബാധയുടെയും സാമ്പത്തിക പാപ്പരത്തത്തിന്റെയും അടിയന്തര ഭീതിയിൽ ഉഴലുന്നത്.

ഇതിനകം 50,000ലേറെ പേരുടെ ജീവനെടുക്കുകയും 10 ലക്ഷത്തിലധികം പേർ രോഗബാധിതരാവുകയും ചെയ്ത കോവിഡ്-19 സമീപകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ്. കൊറോണ വൈറസിന്റെ സംഹാരത്തിൽ നിന്ന് രക്ഷനേടുന്നതിനുള്ള മാർഗങ്ങളും, നടപടികളും മറ്റെന്തിനേക്കാളും മുൻഗണനയർഹിക്കുമ്പോൾ തന്നെ ഇത്തരത്തിലുള്ള മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള കാരണങ്ങളും ഗഹനമായ പരിശോധന അർഹിക്കുന്നു. പ്രത്യേകിച്ചും, ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യതകളെപ്പറ്റി ഏതാണ്ട് പ്രവചന സ്വഭാവത്തോടെ ശാസ്ത്രജ്ഞരും, അല്ലാത്തവരുമായ നിരവധി എഴുത്തുകാർ വർഷങ്ങളായി നൽകിയ മുന്നറിയിപ്പുകൾ തീർത്തും അവഗണിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇത്തരം പരിശോധന അടിയന്തരമാവുന്നു.

ഭരണവർഗ ചൂഷണവും കുറ്റകരമായ അനാസ്ഥയും തുറന്നുകാട്ടുന്നതിലുപരി നവ-ലിബറൽ മുതലാളിത്തം അതിന്റെ ഗുണഭോക്താക്കളായ ചെറിയ ന്യൂനപക്ഷമൊഴികെയുള്ള മനുഷ്യരെയും, മറ്റു ജീവജാലങ്ങളെയും ഉന്മൂലനത്തിലേക്കു നയിക്കുന്ന, നിലനിൽപ്പിനുതന്നെ ഭീഷണിയായ ഫാസിസമായി മാറിയെന്ന തിരിച്ചറിവ് സ്വരൂപിക്കുവാനും, അതിനു പകരം വെക്കാൻ കഴിയുന്ന ബദൽ രാഷ്ട്രീയ-അധികാരസംവിധാനങ്ങളെപ്പറ്റി വിഭാവന ചെയ്യുവാനും അത്തരമൊരു വിലയിരുത്തൽ അനിവാര്യമാണ്. പക്ഷി-മൃഗാദികളിൽനിന്ന് മനുഷ്യരിലേക്കു പകരുകയും, ഗുരുതര രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്ന വൈറസുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ ബോധപൂർവമായ അവഗണനയും പാരിസ്ഥിതിക വിനാശവുമാണ് അതിൽ ഏറ്റവും പ്രധാനം.

രോഗണുക്കളുടെ തിരിച്ചുവരവ്

വൈറസുകളുടെ ഉൽപ്പത്തിയും, വ്യാപനവും പ്രപഞ്ചത്തിന്റെയും, മനുഷ്യരാശിയുടെയും ചരിത്രത്തിൽ പുതിയ കാര്യമല്ല. മനുഷ്യർക്കു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായ വൈറസുകളും, ബാക്ടീരിയകളും മഹാമാരികൾ വിതച്ചതിന്റെ ചരിത്രം ഏറെക്കുറെ പരിചിതവുമാണ്. വൈറസും, ബാക്ടീരിയുമെല്ലാം ചേർന്ന രോഗാണുക്കളുടെ ഉൽപ്പത്തിയും, ഭീഷണിയും അപഗ്രഥനവിധേയമാക്കി പ്രതിരോധം തീർത്തതിന്റെ വിസ്മയകരങ്ങളായ വിവരണങ്ങൾ മാനവിക നാഗരികതയുടെ പുരോഗതിയുടെയും ആധുനികതയുടെയും സുപ്രധാന അടയാളങ്ങളാണ്. വസൂരി, കുഷ്ഠം, പോളിയോ തുടങ്ങിയ രോഗബാധകളെ ഏറെക്കുറെ നിഷ്‌കാസനം ചെയ്യുന്നതിനും, ക്ഷയരോഗമടക്കമുളള നിരവധി പകർച്ചവ്യാധികളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും, പകർച്ചവ്യാധികളിൽ നിന്നും മുക്തി നേടാനുള്ള മനുഷ്യരുടെ കഴിവും ശേഷിയുമാണ് ആധുനികതയുടെ കാലഗണനയിലെ അതിർവരമ്പെന്ന ആശയം ഈ വിവരണങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്.
പുരോഗതിയുടെ നാൾവഴിയിലെ നാഴികക്കല്ലായി വാഴ്ത്തപ്പെടുന്ന ഈ അതിർവരമ്പുകൾ ഇല്ലാതാവുന്നതിനാണ് കുറച്ചുകാലമായി നമ്മൾ സാക്ഷ്യം വഹിക്കുന്നത്. അടിക്കടിയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളും, പകർച്ചവ്യാധികളും അതിന്റെ തെളിവാണ്. അതിലെ ഒടുവിലത്തെ സംഭവമാണ് കൊറോണ വൈറസിന്റെ വ്യാപനം. പകർച്ചവ്യാധികൾ പഴങ്കഥ ആയെന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശുഭാപ്തി വിശ്വാസത്തിനേറ്റ ആഘാതമാണ് ലോകത്തിന്റെ നല്ലൊരുഭാഗവും പൂർണമായും അടച്ചുപൂട്ടുവാൻ നിർബന്ധിതമാക്കിയ കോവിഡ്-19 ന്റെ ഇതുവരെയുള്ള തേർവാഴ്ച. സാംക്രമിക രോഗം പരത്തുന്ന വൈറസടക്കമുള്ള രോഗാണുക്കൾ കൂടുതൽ മാരകമായ പ്രഹരശേഷി കൈവരിക്കുന്നതും, അപ്രത്യക്ഷമായെന്നു കരുതിയ പല രോഗങ്ങളും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിലുള്ള മുന്നറിയിപ്പുകൾ വളരെക്കാലമായി ലഭ്യമാണ്.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ നൂതനവും, മികച്ചതുമായ ഗവേഷണ-പരീക്ഷണങ്ങളുടെ സഹായത്തോടെ രോഗാണുക്കളെ കണ്ടെത്തി പരിഹാരം കാണാനാവുമെന്ന സമീപനമാണ് മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും നയങ്ങളുടെയും ഒരു തലം. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ മികച്ച ഗവേഷണ-പരീക്ഷണങ്ങൾക്കൊപ്പം സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്നതിലൂടെ മാത്രമെ പുതുതായി ഉയിർത്തെഴുന്നേൽക്കുന്ന രോഗാണുക്കളെയും, രോഗബാധയെയും നിയന്ത്രിക്കാനാവുമെന്ന് നിഷ്‌ക്കർഷിക്കുന്ന സമീപനമാണ് രണ്ടാമത്തെ തലം. നിർഭാഗ്യവശാൽ, രണ്ടാമതുപറഞ്ഞ തലത്തിന് നയരൂപീകരണവമായി ബന്ധപ്പെട്ട മുഖ്യധാരയിൽ അർഹമായ അംഗീകാരവും സ്വീകാരത്യയും ഇപ്പോഴും ലഭ്യമല്ല.

'മുതലാളിത്തം ഇല്ലാതാവുമെന്നു വിഭാവന ചെയ്യുന്നതിനെക്കാൾ എളുപ്പം പ്രപഞ്ചം തന്നെ ഇല്ലാതാവുമെന്നു ഭാവന ചെയ്യുന്നതാണെന്ന' ഫ്രെഡ്രിക് ജെയിംസണിന്റെ നിരീക്ഷണത്തെ അന്വർത്ഥമാക്കുന്നതാണ് ഇക്കാര്യത്തിലെ മുഖ്യധാരയുടെ സമീപനം.

'മുതലാളിത്തം ഇല്ലാതാവുമെന്നു വിഭാവന ചെയ്യുന്നതിനെക്കാൾ എളുപ്പം പ്രപഞ്ചം തന്നെ ഇല്ലാതാവുമെന്നു ഭാവന ചെയ്യുന്നതാണെന്ന' ഫ്രെഡ്രിക് ജെയിംസണിന്റെ നിരീക്ഷണത്തെ അന്വർത്ഥമാക്കുന്നതാണ് ഇക്കാര്യത്തിലെ മുഖ്യധാരയുടെ സമീപനം.

അന്തരിച്ച ജീവശാസ്ത്രജ്ഞനായ റിച്ചാർഡ് ലെവിൻസ്, പരിണാമ ജീവശാസ്ത്രജ്ഞനായ റോബ് വാലസ്, എഴുത്തുകാരനായ മൈക്ക് ഡേവിസ് തുടങ്ങിയവർ രണ്ടാമതു പറഞ്ഞ സമീപനം മുന്നോട്ടുവച്ചവരിൽ പ്രമുഖരാണ്. ഹാർവാർഡ് സർവകലാശാലയിൽ ജീവശാസ്ത്ര പ്രൊഫസറായിരുന്ന ലെവിൻസ് രോഗകാരണങ്ങൾ കണ്ടെത്തുന്നതിൽ (എപിഡ്മിയോളജി) അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. 'മുതലാളിത്തം ഒരു രോഗമോ' എന്ന തലക്കെട്ടിൽ 2000-സെപ്റ്റംബറിൽ (1) അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനത്തിൽ, സാംക്രമിക രോഗങ്ങൾ അവസാനിച്ചുവെന്ന ആരോഗ്യ-ഔഷധ മേഖലകളിൽ വ്യാപൃതരായിരുന്ന പാശ്ചാത്യ ശാസ്ത്രജ്ഞരുടെ 1970കളിലെ നിഗമനം ഗുരുതര പിശകായിരുന്നുവെന്ന് കാലം തെളിയിച്ചതായി ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗണ്യമായ പുരോഗതിയുടെ ഫലമായി രോഗനിർണയത്തിനും, രോഗാണുക്കൾ തമ്മിലുള്ള അതിസൂക്ഷ്മമായ വ്യതിയാനം കണ്ടെത്തുന്നതിലും അതനുസരിച്ചുള്ള ചികിത്സാവിധി രൂപപ്പെടുത്തുന്നതിലും വലിയ നേട്ടം കൈവരിച്ചുവെങ്കിലും അതിന്റെ ഗുണം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭ്യമല്ലെന്ന വസ്തുത അവശേഷിച്ചു.

ശാസ്ത്ര-സാങ്കേതിക മേഖലയിലെ വളർച്ചയുടെ ഫലമായി ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ കൈവരിച്ച നേട്ടങ്ങൾ സമ്പന്നനും ദരിദ്രനും ഒരുപോലെ ലഭ്യമല്ല. രോഗവും, രോഗാതുരതയും, ആരോഗ്യപരിരക്ഷയും ഗവേഷണങ്ങളുടെയും, കണ്ടുപിടുത്തങ്ങളുടെയും മണ്ഡലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താവുന്ന വിഷയങ്ങളായി അതുകൊണ്ടു തന്നെ കണക്കാക്കാനാവില്ലെന്ന് ലെവിൻസ് അഭിപ്രായപ്പെടുന്നു. ഗവേഷണങ്ങളും, കണ്ടുപിടുത്തങ്ങളും അനാവശ്യമാണെന്നല്ല ഇതിന്റെ വിവക്ഷ. മറിച്ച്, അതിന്റെ ഫലങ്ങൾ സമൂഹത്തിന്റെ എല്ലാ തലത്തിലും ലഭ്യമാകണം എന്നാണ്. എയിഡ്സ് പോലുള്ള പുതിയ രോഗങ്ങൾ പരത്തുന്ന വൈറസുകളുടെ ആവിർഭാവത്തിനു പുറമെ മലേറിയ, കോളറ, ഡെങ്കി പനി, ക്ഷയം തുടങ്ങിയ പഴയരോഗങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന വസ്തുത സാംക്രമിക രോഗങ്ങളെപ്പറ്റിയുള്ള വ്യവസ്ഥാപിത ധാരണ ചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷത്തിനിടയാക്കി. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ ഈ പ്രവണത കൂടതൽ ശക്തമായി.

ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധക്കുകാരണമായ സാർസ് വൈറസ്, പക്ഷിപ്പനി, പന്നിപ്പനി, എബോള തുടങ്ങിയ പകർച്ചവ്യാധികളും, അവയുടെ വാഹകരായ രോഗാണുക്കളുടെ വ്യാപനവും ഈ പ്രവണത കൂടതൽ ശക്തമാക്കി. രോഗാണുക്കളുടെ ജനിതക സ്വീക്വൻസുകൾ മാത്രമല്ല നവ-ലിബറൽ മുതലാളിത്തത്തിന്റെ ജനിതകഘടനയെക്കറിച്ചുള്ള ധാരണയും പൊതുജനാരോഗ്യത്തിന്റെ പരിരക്ഷയുടെ കാര്യത്തിൽ അത്യന്താപേക്ഷിതമാണെന്നു തെളിയിക്കുന്നതാണ് മേൽപ്പറഞ്ഞ പകർച്ചവ്യാധികളുടെ വ്യാപനം. കോവിഡ്-19 ഒരിക്കൽകൂടി അതിന് അടിവരയിടുന്നു.

വൈറസിന്റെ താവഴികൾ

1990കളുടെ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട H5N1 പക്ഷിപ്പനിക്കു കാരണമായ വൈറസിന്റെ താവഴി (ഫൈലോജിയോഗ്രഫി) ജനിതക സ്വീക്വൻസിലൂടെ തെക്കു-കിഴക്കൻ ചൈനയിലെ ക്വാംഗ്ടോംഗ് പ്രവിശ്യയിലാണെന്ന കണ്ടെത്തലാണ് റോബ് വാലസ് എന്ന പരിണാമ ജീവശാസ്ത്രജ്ഞനെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാക്കുന്നത്. വാൾട്ടർ ഫിച്ച് എന്ന മറ്റൊരു പരിണാമ ജിവശാസ്ത്രജ്ഞനുമായി ചേർന്നായിരുന്നു വാലസിന്റെ പഠനം. ഹോങ്കോംങ്ങിൽ നിന്ന് ഒരു പുഴയുടെ അക്കരെ സ്ഥിതിചെയ്യുന്ന ക്വാംഗ്‌ടോംഗ് ആണ് H5Ns1ന്റ ഉറവിടമെന്ന കണ്ടെത്തൽ പ്രവിശ്യയിലെ ഭരണകൂടം നിരാകരിച്ചതോടെ വാലസിന്റെ കണ്ടെത്തൽ വിവാദമായി. വൈറസിന്റെ ഉറവിടം കണ്ടെത്തിയതിനെക്കാൾ വാലസിനു വിനയായത് ക്വാംഗ്‌ടോംഗിൽ വൈറസ് പ്രത്യക്ഷപ്പെടാനിടയായ കാരണങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളാണ്.

മാരക രോഗങ്ങൾക്കു കാരണമായ വൈറസുകളുടെ പ്രഭവകേന്ദ്രമായി ചൈന മാറിയതിനെപ്പറ്റിയുള്ള നിരവധി സിദ്ധാന്തങ്ങൾ ഇപ്പോൾ സുലഭമാണ്. ചൈനക്കാരുടെ ഭക്ഷണസംസ്‌കാരത്തെപ്പറ്റിയുള്ള വംശീയ അധിക്ഷേപം നിറഞ്ഞ വിലയിരുത്തൽ മുതൽ ജൈവായുദ്ധ പരീക്ഷണങ്ങളെപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തം വരെ അതിന്റെ ഭാഗമാണ്. വാലസിന്റെ അന്വേഷണം പക്ഷെ ഈ ദിശയിൽ അല്ല.

മാവോയുടെ മരണത്തിനുശേഷം ചൈനയിൽ അധികാരത്തിന്റെ തലപ്പത്ത് എത്തിയ ദെങ്ങ് സിയാവോ പിംഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങൾ പകർച്ചവ്യാധികൾക്ക് കാരണമായ രോഗാതുരതക്ക് വഴിയൊരുക്കിയതിന്റെ നാൾവഴികളിൽ ആയിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. ദെങ്ങിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ആദ്യപരീക്ഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു ഹോങ്കോങ്ങിൽ നിന്ന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ക്വാംഗ്‌ടോംഗ് പ്രവിശ്യ. 1980കൾക്കു ശേഷമുള്ള 40 വർഷത്തിനുള്ളിൽ ഇവിടെയുണ്ടായ മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. പ്രവിശ്യയിലെ സ്വതന്ത്ര വ്യാപാരമേഖലയായ ഷെൻസെൻ- 1979ൽ 3,37,000 ജനസംഖ്യയുള്ള ചെറിയ പട്ടണം- 2006ൽ 85 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന കൂറ്റൻ മെട്രോനഗരമായി വളർന്നു. സമാനമായ മറ്റു രണ്ടു സ്വതന്ത്രവ്യാപാര മേഖലകളും ക്വാംഗ്‌ടോംഗ് പ്രവിശ്യക്കു സ്വന്തമാണ്.

ഹോങ്കങ്ങിന്റെയും, തായ്വാെന്റയും തൊട്ടടുത്തുളള ചൈനയുടെ തീരപ്രദേശങ്ങളിലാണ് 1979ൽ സ്വീകരിച്ച മുതലാളിത്ത നയങ്ങൾ പ്രധാനമായും നടപ്പിലാക്കിയിരുന്നത്. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലെ ചൈനീസ് വംശജരായിരുന്നു തുടക്കത്തിൽ ഈ മേഖലകളിൽ നിക്ഷേപം നടത്തിയവരിൽ ഏറിയ കൂട്ടരും. ഹോങ്കോങ്ങിലെ ബിസിനസ്സുകാരുടെ പിന്നാമ്പുറം എന്നായിരുന്നു ക്വാംഗ്‌ടോംഗിനെ വിശേഷിപ്പിച്ചിരുന്നത്. കാർഷികോൽപ്പന്നങ്ങളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട മേഖല വലിയ തോതിൽ നിക്ഷേപങ്ങളെ ആകർഷിച്ചു. പൗൾട്രി അഥവാ ഇറച്ചിക്കോഴി, താറാവ്, മുട്ട, തുടങ്ങിയ മേഖലകളും പന്നി വളർത്തലും പുതിയനിക്ഷേപത്തിന്റെ മേഖലയായിരുന്നു. പ്രദേശത്തെ നീർത്തടങ്ങളും, കൃഷിഭൂമിയും വൻതോതിൽ ഈ ആവശ്യങ്ങൾക്ക് മാറ്റിയെടുത്തു. വൻകിട ഫാക്ടറികളുടെ മാതൃകയിലുള്ള താറാവ്, കോഴി, പന്നി ഫാമുകളുടെ ആവിർഭാവം അതിന്റെ ഭാഗമായിരുന്നു.

മാവോയുടെ മരണത്തിനുശേഷം ചൈനയിൽ അധികാരത്തിന്റെ തലപ്പത്ത് എത്തിയ ദെങ്ങ് സിയാവോ പിംഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങൾ പകർച്ചവ്യാധികൾക്ക് കാരണമായ രോഗാതുരതക്ക് വഴിയൊരുക്കിയതിന്റെ നാൾവഴികളിൽ ആയിരുന്നു അദ്ദേഹത്തിന്റെ താൽപര്യം.

ബിഗ് ഫാംസ്, ബിഗ് ഫ്ളൂ

കാർഷികോൽപ്പാദനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലങ്ങളിൽ വികേന്ദ്രീകൃതമായി നിലനിന്നിരുന്ന പൗൾട്രി, പന്നിവളർത്തൽ തുടങ്ങിയ ചെറുകിട, ഇടത്തരം സംരഭങ്ങൾ രാജ്യാന്തരതലത്തിൽ കൊടുക്കൽ-വാങ്ങൽശൃംഖലകളുള്ള വൻകിട മൂലധനത്തിന്റെ നിക്ഷേപമേഖലയായതിന്റെ തുടക്കം അമേരിക്കയിലായിരുന്നു. വില്യം ബോയിഡും, മൈക്കൽ വാട്സും തയ്യാറാക്കിയ അമേരിക്കയിലെ കോഴിവളർത്തലിന്റെ ഭൂപടചിത്രീകരണത്തിൽ 1929ൽ ശരാശരി 70കോഴികൾ വീതമുളള 300 ദശലക്ഷം കൃഷിയിടങ്ങളായിരുന്നു കാണാനാവുക. എന്നാൽ രണ്ടാംലോക യുദ്ധം അവസാനിച്ചശേഷമുള്ള കാലഘട്ടത്തിൽ ഈ ചിത്രം മാറിമറിയുന്നു. വീട്ടുവളപ്പിലെ ചെറുകിട കൃഷിയിൽ നിന്ന് കോഴി വളർത്തൽ 'ഫോർഡിസ്റ്റു' മാതൃകയിലുള്ള പൂർണമായും ഉദ്ഗ്രഥിതമായ (ഇന്റഗ്രേറ്റഡ്) 'ഫാക്ടറി ഫാമുകൾ' ആയി പരിവർത്തനപ്പെടുന്നു. പ്രധാനമായും അമേരിക്കയിലായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം.

ബിഗ് ഫാം മേക് ബിഗ് ഫ്ലൂ - മുഖചിത്രം.

ബോയിഡ്-വാട്സിന്റെ 1992ലെ ഭൂപടമനുസരിച്ച് 1929ലെ 70 കോഴികളുടെ സ്ഥാനത്ത് ശരാശരി 30,000 കോഴികളുടെ പറ്റത്തെയാണ് കാണാനാവുക. 1929ലെ ഭൂപടത്തിലെ ഒരു പുള്ളിക്കുത്ത് 50,000 കോഴികളെ പ്രതിനിധാനം ചെയ്തുവെങ്കിൽ 1992ൽ ഒരു പുള്ളിക്കുത്തിന്റെ പ്രതിനിധാനം 10 ലക്ഷം ബ്രോയിലർ കോഴികളായിരുന്നു. ടൈസൺ ഫുഡ്സ്, ഹോളി ഫാംസ്, പെർഡ്യൂ തുടങ്ങിയ കമ്പനികളാണ് കോഴിവളർത്തലിനെ ഫാക്ടറി ഫാമിന്റെ തലത്തിൽ വികസിപ്പിച്ചത്.
സമാന മാറ്റം പന്നിവളർത്തലിന്റെ കാര്യത്തിലും സംഭവിച്ചു. 1980കളിൽ ആരംഭിച്ച നവ-ലിബറൽ നയങ്ങളുടെ അടിസ്ഥാനത്തിൽ മുതലാളിത്ത ഉൽപ്പാദന-വിതരണ ബന്ധങ്ങൾ പുനക്രമീകരിച്ചതോടെ ഫാക്ടറി ഫാമുകളുടെ മാതൃക മൂന്നാം ലോക രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യയിലേക്കു വ്യാപിച്ചു. ഈ വ്യാപനത്തിന്റെ സിരാകേന്ദ്രമായി ചൈനയിലെ ക്വാംഗ്‌ടോംഗ് പ്രവിശ്യ മാറി. ഭൂമിയുടെ തുച്ഛവില, കുറഞ്ഞ കൂലി, ആരോഗ്യ-പാരിസ്ഥിതിക കാര്യങ്ങളിലെ ദുർബല നിബന്ധനകൾ, മൂലധന നിക്ഷേപത്തിനും കയറ്റുമതിക്കുമുള്ള സബ്സിഡി എന്നിവയാണ് ഈ വ്യാപനത്തിന്റെ പ്രധാന ഉത്തേജകങ്ങൾ. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ കണക്കു പ്രകാരം 1961-ൽ 9 ദശലക്ഷം ടൺ മാത്രമായിരുന്ന ആഗോള പൗൾട്രി മാംസത്തിന്റെ ഉൽപാദനം 2017ൽ 120 ദശലക്ഷം ടണ്ണായി ഉയർന്നു. ആഗോള ഉൽപാദനത്തിന്റെ 18ശതമാനം വിഹിതവുമായി അമേരിക്ക ഒന്നാം സ്ഥാനത്തും, ചൈന രണ്ടാം സ്ഥാനത്തുമാണ്.

2018ൽ 175.9 ബില്യൺ ഡോളറാണ് പൗൾട്രി മാംസമേഖയുടെ മൊത്തം മൂല്യം. 2027 ഓടെ മൂല്യം 347 ബില്യൺ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ചൈനയും ഇന്ത്യയും ഉൾപ്പെട്ട ഏഷ്യ-പസിഫിക് മേഖലയാണ് ഏറ്റവും വളർച്ച രേഖപ്പെടുത്തുന്ന പ്രദേശം. 'ഫാക്ടറി ഫാമുകൾ' എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ് മാതൃകയാണ് വൈറസുകളുടെ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള ഉൽപത്തിയുടെയും വ്യാപനത്തിന്റെയും പ്രധാന കാരണമെന്ന കണ്ടെത്തലാണ് വാലസിന്റെ പഠനത്തിന്റെ സംഭവാന. വാലസിനു മുമ്പും പല ശാസ്ത്രജ്ഞരും സമാന കണ്ടെത്തൽ നടത്തിയിട്ടുണ്ടെങ്കിലും സമഗ്രമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന പഠനമാണ് 2016ൽ പുറത്തുവന്ന വാലസിന്റെ 'ബിഗ് ഫാംസ് മേക്ക് ബിഗ് ഫ്ളൂ' എന്ന പുസ്തകം. 2009മുതൽ 'ഫാമിംഗ് പതോജൻസ്' എന്ന ബ്ലോഗിൽ എഴുതിയ ലേഖനങ്ങളും, അദ്ദേഹത്തിന്റെ മറ്റു ചില പഠനങ്ങളും ചേർന്നതാണ് ഉള്ളടക്കം. വൈറസുകളുടെ ഉൽപത്തിക്കും പെരുകലിനും ഉചിതമായ ഭൗതികസാഹചര്യം സൃഷ്ടിക്കുന്നതിൽ ഫാക്ടറി ഫാമുകളുടെ രാഷ്ട്രീയ സമ്പദ്ഘടന വഹിക്കുന്ന സവിശേഷ പങ്കിനെപ്പറ്റിയുള്ള വാലസിന്റെ വിലയിരുത്തലുകൾ ഗൗരവ പരിഗണന ആവശ്യപ്പെടുന്നു. ചൈനയിലെ പൗൾട്രിയുൽപാദനത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായി ക്വാംഗ്‌ടോംഗ് പ്രവിശ്യ വളർന്നതോടെ ചൈനയിലെ മറ്റുപ്രവിശ്യകളും സമാന സംരഭങ്ങൾക്കു തുടക്കമിട്ടു.

റോബ് വാലസ്

തെക്കു-കിഴക്കനേഷ്യൻ രാജ്യങ്ങളെ 1997ൽ ഗ്രസിച്ച സാമ്പത്തിക തകർച്ച ചൈനയെ സംബന്ധിച്ച് അനുഗ്രഹമായി. ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ മാന്ദ്യത്തിലായതോടെ ചൈന ലോകത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞ വ്യാവസായികോൽപ്പാദനത്തിന്റെ കേന്ദ്രമായി. അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വൻകിട മൂലധനം ചൈനയിലെ ഉൽപാദന മേഖലകളിലേക്ക് പ്രവഹിക്കുവാൻ തുടങ്ങി.

ഗോൾഡ്മാൻ സാക്ക്സ് പോലുള്ള വൻകിട ആഗോളനിക്ഷേപ സ്ഥാപനങ്ങൾ ചൈനയിലെ പൗൾട്രി, ഭക്ഷ്യസംസ്‌കരണ മേഖലകളിൽ ഗണ്യമായ മൂലധന നിക്ഷേപത്തിന് തയ്യാറായി. പന്നിമാംസ വ്യവസായത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ സ്മിത്ത്ഫീൽഡ്സ് ഫുഡ്സ് എന്ന അമേരിക്കൻ കമ്പനിയെ ഏറ്റെടുത്ത ഷുവാങ്ങ്ഹുയി ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് എന്ന ചൈനീസ് കമ്പനിയിൽ 60 ശതമാനം ഓഹരി സ്വന്തമാക്കിയ ഗോൾഡ്മാൻ സാക്ക്സ് 2008ൽ 300 ദശലക്ഷം ഡോളർ ചെലവഴിച്ച് ചൈനയിലെ 10 പൗൾട്രി കമ്പനികളെ ഏറ്റെടുത്തു. ജർമനിയിലെ ഡോയിഷ്ച് ബാങ്കിനും പക്ഷി-മൃഗാദികളെ അടിസ്ഥാനമാക്കിയുള്ള ചൈനയിലെ ഭക്ഷ്യസംസ്‌കരണ കമ്പനികളിൽ ഗണ്യമായ നിക്ഷേപമുണ്ട്.

'ഫാക്ടറി ഫാമുകൾ' എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ് മാതൃകയാണ് വൈറസുകളുടെ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള ഉൽപത്തിയുടെയും വ്യാപനത്തിന്റെയും പ്രധാന കാരണമെന്ന കണ്ടെത്തലാണ് വാലസിന്റെ പഠനത്തിന്റെ സംഭവാന.

കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട വുഹാൻ നഗരം സ്ഥിതി ചെയ്യുന്ന ഹുബേ പ്രവിശ്യ ദെങ്ങിന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി വികസിപ്പിച്ച തീരപ്രദേശമല്ല. ഏകദേശം ചൈനയുടെ മധ്യഭാഗത്തായി വരുന്ന പ്രവിശ്യയാണത്. തീരമേഖലകളിലെ വൻതോതിലുള്ള ഭക്ഷ്യസംസ്‌കരണ വ്യവസായുവമായി ബന്ധപ്പെട്ട വൈറസ്ബാധ ഉൾനാടൻ മേഖലകളിലേക്കു കൂടി വ്യാപിക്കുന്നുവെന്നാണ് വുഹാനിൽ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്.

രോഗത്തെ എന്തിന് നിഗൂഢമാക്കി?

ഫാക്ടറി ഫാമുകളുടെ വാസ്തുഘടനയിൽ തന്നെ രോഗാണുബാധ ഉൾച്ചേർന്നിരിക്കുന്നു. അടച്ചുകെട്ടിയ നിശ്ചിത ഇടത്തിൽ ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെ പാർപ്പിക്കുകയും, മിക്കവാറും കോൺവേയർ ബെൽറ്റ് സംവിധാനത്തിൽ ഇടതടവില്ലാതെ കശാപ്പിനും, പാക്കിംഗിനും വിധേയമാക്കുന്ന പ്രക്രിയ അണുബാധക്ക് സൗകര്യപ്രദമായ സാഹചര്യമൊരുക്കുന്നു. അണുവിമുക്ത സാഹചര്യം ഉറപ്പുവരുത്തുമെന്ന അവകാശവാദം പലപ്പോഴും ഫലപ്രദമാവില്ലെന്നും വാലസ് സമർത്ഥിക്കുന്നു. വൈറസ് വാഹകരായ വവ്വാലിനെ പോലുള്ള ജീവികളിൽ നിന്ന് ഫാക്ടറി ഫാമുകൾ വഴി മനുഷ്യരിൽ എത്തുമ്പോഴാണ് രോഗാണുക്കൾ സംഹാരശേഷി കൈവരിക്കുന്നത്.

അണുബാധയുണ്ടായി ദിവസങ്ങൾ കഴിഞ്ഞശേഷം മാത്രം രോഗലക്ഷണം പുറത്തുവരുന്നതിനാൽ അസുഖം കൂടുതൽ പേരിലേക്ക് പകർന്നശേഷമാണ് തിരിച്ചറിയാൻ കഴിയുന്നത്. സാർസ് മുതൽ കോവിഡ്-19 വരെയുള്ള രോഗബാധയുടെ കാര്യത്തിൽ ഈയൊരു ക്രമം കാണാം. മാരക വൈറസുകളുടെ ആവിർഭാവത്തിനും വ്യാപനത്തിനും വളക്കൂറുള്ള ഭൗതികസാഹചര്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സാമൂഹിക-സാമ്പത്തിക ക്രമമാണ് ഈയൊരു സ്ഥിവിശേഷത്തിന് അടിസ്ഥാനകാരണം. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞശേഷവും അതിനെ പ്രതിരോധിക്കുന്നതിൽ പുലർത്തിയ ഉദാസീനത ഈ സാമൂഹിക-സാമ്പത്തിക ക്രമത്തിന്റെ ഉപോൽപന്നമാണ്. വൈറസ് ബാധ പുറംലോകം തിരിച്ചറിഞ്ഞാൽ സംഭവിക്കുന്ന സാമ്പത്തിക-വാണിജ്യ നഷ്ടത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ രോഗബാധയെ നിഗൂഢമാക്കി പൊതിഞ്ഞുവെക്കുന്നതിനും, അതിന്റെ ഗൗരവം ലഘൂകരിച്ച് കാണിക്കുന്നതിനും ഒരോ രാജ്യത്തിനും, കമ്പനികൾക്കും പ്രേരണയാവുന്നു.

ഇതോടൊപ്പം ഭരണസംവിധാനത്തിലെ അഴിമതിയും, കാര്യക്ഷമതയില്ലായ്മയും കൂടിചേരുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാവുന്നു. ചൈന, അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, ഇറ്റലി തുടങ്ങിയ പല രാജ്യങ്ങളും കോവിഡ്-19െന്റ ആദ്യഘട്ടത്തിൽ പുലർത്തിയ അക്ഷന്ത്യവമായ ഉദാസീനത ഈയൊരു സമീപനത്തിന്റെ ഭാഗമാണ്. സാർസ്, വിവിധയിനം H1N1 പനികൾ, എബോള തുടങ്ങിയ വൈറസുരോഗബാധകളുടെ സമയത്തും ഇതേ പ്രവണത ദൃശ്യമായിരുന്നു. രോഗബാധിതരുടെ ജീവനും, പൊതുജനാരോഗ്യത്തിനും മുൻഗണന നൽകുന്നതിനുപകരം മൂലധനത്തിന്റെ സാമ്പത്തിക-വാണിജ്യ താൽപര്യങ്ങളുടെ പരിരക്ഷയാണ് ഭരണാധികാരികളുടെ മുൻഗണന പട്ടികയിൽ ഇടം ലഭിച്ചത്. സ്ഥിതിഗതി കൈവിട്ടുപോകുമെന്ന അവസ്ഥയിൽ മാത്രമാണ് ആരോഗ്യ പരിരക്ഷക്കുവേണ്ട അടിയന്തര നടപടികൾ നടപ്പിലാക്കിയിട്ടുള്ളത്. കൊറോണ വൈറസിനെ പോലെ അതിവേഗം ബഹുദൂരം ഇത്രയധികം പേരെ ഗ്രസിക്കാതിരുന്നതുമൂലം പൊതുജനാരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ അക്കാലങ്ങളിൽ സംഭവിച്ച വീഴ്ചകളും പിടിപ്പുകേടും അർഹിക്കുന്ന ഗൗരവത്തോടെ പൊതുജനസമക്ഷം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. പാളിച്ചകളും, വീഴ്ചകളും വിലയിരുത്താനുള്ള സമയം ഇതല്ലെങ്കിലും രോഗബാധയെക്കുറിച്ചുള്ള ഭരണാധികാരികളുടെയും, ചികിത്സ-ഔഷധ വ്യവസായ സമുച്ചയത്തിന്റെയും അതിഭാവുകത്വം നിറഞ്ഞ ഭാഷ്യങ്ങളെ വിമർശനബുദ്ധിയോടെ വിലയിരുത്തണമെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു.

നവ-ലിബറൽ കാലത്തെ 'യൂജെനിക്സ്'

പുരോഗതിയുടെ അളവുകോലായി കൊണ്ടാടപ്പെട്ട ആയുർദൈർഘ്യത്തെ കൊറോണ വൈറസിന്റെ മൂർദ്ധന്യത്തിൽ എത്ര പെട്ടെന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇറ്റലിയിൽ 70-80 വയസ്സു കഴിഞ്ഞവരെ ബോധപൂർവം മരിക്കാൻ വിട്ടുകൊടുക്കുന്നതിന്റെ ഭയചകിതമായ വിവരണം ലഭ്യമാണ്.

നവ-ലിബറൽ മുതലാളിത്ത കാലഘട്ടത്തിൽ സംഭവിക്കുന്ന ഏത് സാമൂഹ്യദുരന്തത്തിന്റെ കാര്യത്തിലുമെന്ന പോലെ കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരിയും ലോകത്ത് നിലനിൽക്കുന്ന വൈവിദ്ധ്യങ്ങളായ ചൂഷണങ്ങളും വിവേചനങ്ങളും, കഠിനവും അസഹ്യമാക്കുമെന്നതിൽ സംശയമില്ല. ചൂഷണത്തിന്റെയും വിവേചനത്തിന്റെയും വർഗ-ജാതി-മത-വർണ-ജെൻഡർ മുദ്രണങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

ഇന്ത്യയിലെ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ദരിദ്രജനലക്ഷങ്ങളുടെ നിസ്സഹായത അതിന്റെ ലക്ഷണയുക്തമായ തെളിവാണ്. സാമ്പത്തിക വളർച്ച, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ മാത്രമല്ല, പുരോഗതി എന്ന് പൊതുവെ വ്യവഹരിക്കുന്ന സങ്കൽപ്പനം പോലും പുനർവിചിന്തനത്തിനു വിധേയമാക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് കൊറോണ വൈറസിന്റെ വ്യാപനം വിരൽചൂണ്ടുന്നത്.
ആയുർദൈർഘ്യം ഒരു ഉദാഹരണമായെടുക്കാം. സാമ്പത്തിക വളർച്ചയുടെയും, വികസിത സമൂഹത്തിന്റെയും പ്രതീകങ്ങളിലൊന്നാണ് ആയുർദൈർഘ്യം. പുരോഗതിയുടെ അളവുകോലായി കൊണ്ടാടപ്പെട്ട ആയുർദൈർഘ്യത്തെ കൊറോണ വൈറസിന്റെ മൂർദ്ധന്യത്തിൽ എത്ര പെട്ടെന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇറ്റലിയിൽ 70-80 വയസ്സു കഴിഞ്ഞവരെ ബോധപൂർവം മരിക്കാൻ വിട്ടുകൊടുക്കുന്നതിന്റെ ഭയചകിതമായ വിവരണം ലഭ്യമാണ്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഇതേ സ്ഥിതിവിശേഷം നിലനിൽക്കുന്നു. ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്റർ ആവശ്യാനുസരണം ലഭ്യമല്ലാത്തതിന്റെ പേരിൽ നടത്തിയ നിവൃത്തികേടുകൊണ്ടുള്ള കൊലപാതകങ്ങളായി ഈ മരണങ്ങളെ വിലയിരുത്താമോ? നവ-ലിബറൽ കാലത്തെ 'യൂജെനിക്സ്' ആയി ഈ മരണങ്ങളെ കാണാനാവുമോ? ന്യുനതകളൊന്നുമില്ലാത്ത 'പെർഫക്ടായ' ജനതയുടെ സൃഷ്ടിക്കുവേണ്ടിയാണ് പഴയ ഒരു ഇരുണ്ട കാലത്തിൽ മാനസികവും, ശാരീരികവുമായ ഭിന്നശേഷിക്കാരെ തുടച്ചുനീക്കിയ 'യൂജെനികസ്' നടപ്പാക്കിയതെങ്കിൽ കൂട്ടത്തിൽ പ്രായം കുറഞ്ഞവരെ രക്ഷിക്കുകയെന്ന പ്രായോഗികതയാണ് കൊറോണക്കാലത്തെ അതിജീവനത്തിന്റെ യുക്തിയുടെ രഹസ്യം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പരിണാമത്തിന്റെ ചരിത്രത്തിലെ 'അർഹതയുള്ളവർ അതിജീവിക്കുമെന്ന' ന്യായത്തിന്റെ കാലത്തിലേക്കുള്ള മടക്കയാത്ര. വെന്റിലേറ്റർ എടുത്തു മാറ്റപ്പെട്ട ആയുർദൈർഘ്യത്തിന്റെ മടക്കയാത്രയുടെ ദൈന്യതയെ പുരോഗതിയുടെ ഏതു കള്ളിയിലാവും നമുക്കിനി പ്രതിഷ്ഠിക്കാനാവുക.

വ്യക്തികൾ തമ്മിലും, വ്യക്തികളും സമൂഹവും തമ്മിലും കൃത്യമായ അകലം പാലിക്കുവാൻ നിർബന്ധിതമായതിന്റെ വരുംകാല വിവക്ഷ എന്തെല്ലാമാണ്. മർദ്ദകയന്ത്രമെന്ന നിലയിൽ അനുദിനം കരുത്താർജ്ജിക്കുന്ന ഭരണകൂടസമുച്ചയം ഈ സവിശേഷ സാഹചര്യത്തിൽ നിന്ന് ഉൾക്കൊള്ളുന്ന അനുഭവങ്ങളെ ഏതു നിലയിലാവും പ്രയോജനപ്പെടുത്തുക? ഇതുവരെ പരിചിതമല്ലാത്ത അസാധാരണ സാമൂഹിക നിയന്ത്രണങ്ങളും അച്ചടക്കങ്ങളും നിരീക്ഷണങ്ങളും സൂക്ഷ്മതലങ്ങളിൽ നിയമാനുസൃതം നടപ്പിലാക്കുന്നതിനുള്ള പ്രവണത തള്ളിക്കളയാനാവുമോ? തെരഞ്ഞെടുപ്പുത്സവത്തിലെ കെട്ടുകാഴ്ച മാത്രമായി ജനാധിപത്യത്തെ വിഭാവന ചെയ്യുന്നവരെപ്പോലും അലോസരപ്പെടുത്തുന്ന ഈ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം പറയുക ദുഷ്‌ക്കരമാണ്. കോവിഡ്-19 ചലനരഹിതമാക്കിയ ആഗോള സമ്പദ്ഘടനയുടെ വരുംവരായ്കളെപ്പറ്റിയുള്ള അവലോകനം ഒരു പക്ഷെ ഈ ചോദ്യങ്ങളെ അഭിമുമുഖീകരിക്കുവാൻ നമ്മെ സഹായിച്ചേക്കും.

കുറിപ്പ്:
1: റിച്ചാർഡ് ലെവിൻസിന്റെ 'ഈസ് ക്യാപിറ്റലിസം എ ഡിസീസ്' (മന്ത്ലി റിവ്യൂ, സെപ്തംബർ 2000) റോബ് വാലസിന്റെ 'ബിഗ് ഫാംസ് മേക്ക്സ് ബിഗ് ഫ്ളൂ' (മന്ത്ലി റിവ്യു പ്രസ്സ് -2016), മൈക്ക് ഡേവിസിന്റെ 'ദ മോൺസ്റ്റർ
അറ്റ് ഔവർ ഡോർ' (2005) തുടങ്ങിയ കൃതികളോട് കടപ്പാട്.

Comments