പ്രതി- സംസ്കാരം
ഒരു തന്ത വൈബാണോ?

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ 19-ാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 19

20-ാം നൂറ്റാണ്ടിന്റെ അറുപതുകളിൽ ഉയർന്നുവന്നതുപോലെ ഒരു പ്രതിസംസ്കാര പ്രസ്ഥാനം (countercultural) സമീപകാലങ്ങളിൽ ഉയർന്നുവരുന്നുണ്ടോ? മുഖ്യധാരാ ജീവിതരീതികൾക്കെതിരായ ജീവിതശൈലീകലാപമാണ് പ്രതിസംസ്കാരത്തിന്റെ സവിശേഷത. ജീവിതശൈലിയുടെ ഉപരിതലത്തിൽ മാത്രം പ്രകടമാകുന്നതാണോ പ്രതിസംസ്കാരം?.

പ്രതിസംസ്കാരം ഭാവുകത്വപരമായ ആന്ദോളനമാണ്. അത് സാംസ്കാരിക അനുഭവങ്ങളെ മുഴുവൻ പരിവർത്തിപ്പിക്കുന്നു. പ്രകടനാത്മകത അതിന്റെ മുഖ്യഘടകമാണെങ്കിൽപോലും അത് ആഴത്തിൽ വേരു പടർത്തുന്നു. സാംസ്കാരിക മണ്ഡലത്തിലാകെ നിഷേധത്തിന്റെ അലകൾ പടരുന്നു. കവിതയിൽ, ചിത്രകലയിൽ, നാട്യകലകളിൽ, സാംസ്കാരിക വിനിമയങ്ങളിൽ. നിഷേധം ജീവിതശൈലിയാകുന്നു, പ്രതിസംസ്കാരത്തിൽ. നിഷേധം പുതിയ ഭാവുകത്വത്തിനും പിറവി നൽകുന്നു.

വാസ്തവത്തിൽ, നിഷേധികൾ തങ്ങളെ മനസ്സിലാക്കാൻ ഒരിക്കലും ആവശ്യപ്പെടാറില്ല. മനസ്സിലാക്കൽ നിഷേധത്തെ സൗകര്യപൂർവം ഏറ്റെടുക്കലാണെന്നും നിഷേധികൾക്കറിയാം. സമൂഹത്തിന്റെ നടപ്പുരീതികളോടുള്ള വിരക്തിയും വിരക്തിയേക്കാളുപരിയായ ആശാഭംഗവും മടുപ്പും പുതിയൊന്നിനെ തേടാനുള്ള തീവ്രമായ ഇച്ഛയുമാണ് പ്രതിസംസ്കാരം പ്രകടമാകുന്നത്. വീടുകളിലും കലാശാലകളിലും നിഷേധത്തിന്റെ കലാപക്കൊടിയുയർത്തുന്നു.

ഇങ്ങനെയുള്ള നിഷേധത്തിന്റെ ഭാവുകത്വമായിരുന്നു 20-ാം നൂറ്റാണ്ടിലെ പ്രതിസംസ്കാരമെങ്കിൽ അത്തരത്തിൽ പ്രകടമാകുന്ന നിഷേധമല്ല സമകാലത്തിലെ പ്രതിസംസ്കാരം. അത് കൂടുതൽ ബഹുസ്വരമാണ്. ഏകതാനമായ ഒരു മുഖവും ഇന്നത്തെ പ്രതിസംസ്കാരത്തിന്റെ നിഷേധത്തിനില്ല. എന്നാൽ, രാഷ്ട്രീയമായും സാമൂഹികമായും സൂക്ഷ്മതലസ്പര്ശിയാണ് ഡിജിറ്റൽ കാലത്തെ നിഷേധവും പ്രതിസംസ്കാരവും. മുതലാളിത്തത്തെയും വർണ്ണാധികാരത്തെയും രാഷ്ട്രീയമായി തന്നെ നേരിടേണ്ടതാണെന്ന ബോധ്യമാണ് പുതുകാലത്തെ പ്രതിസംസ്കാരത്തിനുള്ളത്. ഡിജിറ്റലിൽ രൂപപ്പെടുന്ന പ്രതിസംസ്കാരത്തിന്റെ സവിശേഷതകളെ പ്രത്യേകമായി വിലയിരുത്തുന്നത് "തന്തവൈബാ"ണെന്നാണ് പുതുതലമുറ വിശേഷിപ്പിക്കുക. വൈവിധ്യമാർന്നതാണ് ഡിജിറ്റൽ പ്രതിസംസ്കാരങ്ങൾ. അത് ജീവിതത്തിന്റെ പല അനുഭവതലങ്ങളെയും സ്പർശിക്കുന്നുണ്ട്.

1960-കളിൽ നിഷേധത്തിന്റെ പ്രതിസംസ്കാരത്തിൽ മത നിരാസവും പ്രത്യയശാസ്ത്രനിരാസവുമുണ്ടായിരുന്നെങ്കിൽ സമകാലിക പ്രതിസംസ്കാരം മതനിരാസമല്ല. മതത്തെയും പ്രതിസംസ്കാരത്തെയും മുതലാളിത്തപരമായ വംശീയ വ്യവസ്ഥകൾക്കെതിരായ വിമർശനാത്മകമായ വ്യവഹാരമായാണ് കാണുന്നത്. ഡിജിറ്റൽ പ്രതിസംസ്കാരം നിഷേധത്തിന്റെ നിഷേധവുമാകുന്നു. അതിനൊരു അർക്കമെഡീസ് പോയിന്റില്ല. നിഷേധമായി കൊണ്ടാടിയതും നിഷേധിക്കപ്പെടുന്നു. മുതിർന്ന തലമുറക്ക് ഇതൊരു അയഞ്ഞുകുഴഞ്ഞ ഒന്നായി അനുഭവപ്പെടുന്നത്, അത് ഒരു വീക്ഷണത്തിലേക്ക് അല്ലെങ്കിൽ ഒരു നിലപാടിലേക്ക് പിടിതരുന്നില്ല എന്നതുകൊണ്ടാണ്. 

ഇന്റർനെറ്റിന്റെ ലോകത്തിൽ പ്രതിസംസ്കാരം ആദ്യം പ്രത്യക്ഷമായത് ഹാക്കേഴ്‌സായാണ് (hackers). അവർ പ്രധാനമായും സോഫ്റ്റ്‌വെയർ കുത്തകവൽക്കരണത്തെ എതിർത്തവരാണ്.
ഇന്റർനെറ്റിന്റെ ലോകത്തിൽ പ്രതിസംസ്കാരം ആദ്യം പ്രത്യക്ഷമായത് ഹാക്കേഴ്‌സായാണ് (hackers). അവർ പ്രധാനമായും സോഫ്റ്റ്‌വെയർ കുത്തകവൽക്കരണത്തെ എതിർത്തവരാണ്.

ഇന്റർനെറ്റിന്റെ ലോകത്തിൽ പ്രതിസംസ്കാരം ആദ്യം പ്രത്യക്ഷമായത് ഹാക്കേഴ്‌സായാണ് (hackers). അവർ പ്രധാനമായും സോഫ്റ്റ്‌വെയർ കുത്തകവൽക്കരണത്തെ എതിർത്തവരാണ്. മുതലാളിത്ത ലാഭേച്ഛയുടെ മൂല്യബോധത്തെയാണ് ഹാക്കർമാർ ആദ്യം നിഷേധിച്ചത്. 60- 70 കളിൽ ഹിപ്പി പ്രതിസംസ്കാരവുമായി അതിനു ചില സാദൃശ്യങ്ങളുണ്ടായിരുന്നു. ഹാക്കർ സംസ്കാരം  എൺപതുകളിൽ ഉയർന്നുവന്നത് കമ്പ്യൂട്ടർ സയൻസ് പഠന ഡിപ്പാർട്ടുമെന്റിലെ പ്രതിസംസ്കാരത്തോട് ആഭിമുഖ്യം പുലർത്തിയവരിൽ നിന്നാണ്.

വിയറ്റ്നാം യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ അലയൊലികൾ അടങ്ങിയിരുന്നെങ്കിലും കുത്തകകളോടുള്ള പ്രതിഷേധം അലയടിച്ചിരുന്നു. സോഫ്റ്റ് വെയർ ബഹുരാഷ്ട്രകുത്തകകൾ സ്ഥാപിതമാകുന്നത് മുൻകൂട്ടി കണ്ടിരുന്നെന്ന പോലെ ഐ ബി എം മെയിൻഫ്രെയിം സാങ്കേതികവിദ്യയിൽ പരീക്ഷണങ്ങൾ നടത്തുന്ന കമ്പ്യൂട്ടർ ഹാക്കർമാർ പ്രവർത്തനനിരതരായിരുന്നു. ഇവരെ സംബന്ധിച്ച് കംപ്യൂട്ടറിന്റെ ലോകത്താണ് അവർ പരിപൂർണമായും വ്യാപാരിച്ചിരുന്നത്.

നേർഡുകൾ (nerd) എന്ന് വിളിക്കുന്നവരുടെ പ്രവർത്തനമണ്ഡലത്തിലാണ് ഹാക്കർമാരുടെ പ്രതിസംസ്കാരം ഒരു ഘടകമായി വർത്തിച്ചിരുന്നത്. സൈബർ സംസ്കാരത്തിലെ നേർഡുകളുടെ ഒരു പ്രധാന പ്രവണത, ഹിപ്പികളോടും അവരുടെ ജീവിതശൈലിയോടും ചിന്തയോടും കടപ്പെട്ടിരിക്കുന്നു എന്നതാണ്. മറ്റൊരു പ്രധാന പ്രവണത, പ്രകടമായ തന്മയെ നിഷേധിക്കുന്ന അനോണിമിറ്റിയാണ്, അഥവാ അജ്ഞാതത്വമാണ്. 

സാങ്കേതികവിദ്യയുടെ കേന്ദ്രീകരണത്തിലുള്ള അവിശ്വാസം പ്രതിസംസ്കാരതിന്റെ വിചാരങ്ങളിൽ അന്തർഹിതമാണ്. സമൂഹങ്ങളുടെ ഭാവിക്കും ജനങ്ങളുടെ ക്ഷേമത്തിനും മാത്രമല്ല, വ്യക്തിപരമായ സ്ഥിരീകരണത്തിനും വികേന്ദ്രീകൃതമായ അധികാരത്തിനും അനുഗുണമായ സാങ്കേതികവിദ്യ എന്ന നിലയിൽ കംപ്യൂട്ടർ ശൃംഖലാ ഉപാധിയിലേക്കുള്ള പ്രവേശനം പരിധിയില്ലാത്തതും പൂർണ്ണവുമാകണമെന്ന് അവർ ആഗ്രഹിച്ചു. ഒരു സ്ഥാപനശക്തിയുടെയോ യാഥാസ്ഥിതികവും വ്യാപകവുമായ ഒരു കോർപ്പറേഷന്റെ  നിയന്ത്രണത്തിലോ കീഴപ്പെടുന്ന ഇന്റർനെറ്റ് സംസ്കാരം പ്രതിവിപ്ലവകരമാണെന്നു വാദിച്ച സ്വത​ന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം സൈബർ പ്രതിസംസ്കാരത്തിന്റെ ആദ്യ പ്രതിസ്ഫുരണമാണ്. കമ്പ്യൂട്ടേഷണൽ വിഭവങ്ങൾ, കഴിവുകൾ, അറിവ് എന്നിവയുടെ ലഭ്യതയും വ്യാപനവും സമഗ്രാധികാരാധിപത്യത്തിൽ നിന്ന്  ലോകത്തെ മോചിപ്പിക്കാൻ പറ്റുന്നതാണെന്ന ബോധ്യം ഇവരെ വിമോചക സാങ്കേതികജ്ഞാനികളാക്കി (Liberation technologists). എഡ്വേർഡ് സ്നോഡനെ ഈ വിമോചന വാഞ്ഛയുടെ ഭാഗമായി കാണേണ്ടതാണ്.

ആന്റി- സർവൈലൻസ് പ്രവർത്തന ശൃംഖല ലോകത്തിലെ പ്രതിസംസ്കാരമാണ്. അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളിൽ അത് സാമൂഹിക വിമോചനത്തിന്റെ മഹത്തായ ദർശനമായിരുന്നില്ല എന്നത് യാഥാർഥ്യമാണ്. അരാജകസ്വഭാവമാണ് പ്രകടിപ്പിച്ചത്. എന്നാൽ രാഷ്ട്രീയ വിമോചന പദ്ധതിയുടെ പല ഇന്റർമീഡിയറ്റ് പോയിന്റുകളിലും പ്രതിസംസ്കാരത്തിന്റെ ദർശനം പൊരുത്തപ്പെട്ടു. വാസ്തവത്തിൽ, കമ്പ്യൂട്ടറുകൾക്ക് യഥാർത്ഥത്തിൽ വിമോചനത്തിന്റെ ഉപകരണമായി മാറാൻ കഴിയുമെന്ന് കരുതിയ വലിയ കാഴ്ചപ്പാട് ഇതിലുള്ളടങ്ങിയിട്ടുണ്ട്. പുതിയ അനുഭവങ്ങൾക്കായി ദാഹിക്കുന്ന മനസ്സുകളെ പോഷിപ്പിക്കുന്നതും ഒരു ഉത്സുക ശാസ്ത്ര ഫിക്ഷൻ വായനക്കാരെന്ന നിലയിൽ, സ്വതന്ത്ര സാങ്കേതികപ്രവർത്തകർ ലാഭക്കൊതിപൂണ്ട കോർപറേറ്റുകളുടെ അടിമയായ ബുദ്ധിമാന്മാരായ യന്ത്രങ്ങളുടെ വലിയ സാധ്യതയെ പ്രതിരോധിക്കുകയുമായിരുന്നു ഹാക്കർ പ്രതിസംസ്കാരം. മേതിലിന്റെ എഴുത്തുകളിലെന്ന പോലെ വളരെ സൂക്ഷ്മമായ വിധ്വംസകതയാണ് സൈബർ പ്രതിസംസ്കാരം. ഏതെങ്കിലും പാർശ്വവീക്ഷണത്തിനു പിടിത്തരാനുള്ള മേതിലിന്റെ എഴുത്തിന്റെ വിസ്സമ്മതം സ്വതന്ത്രസാങ്കേതിക പ്രതിസംസ്കാരവും പ്രകടിപ്പിച്ചു. 

മുഖ്യധാരാമാനദണ്ഡങ്ങളെയും മൂല്യങ്ങളെയും മനഃപൂർവ്വം എതിർക്കുന്ന ഉപസംസ്കാരങ്ങളെ സൂചിപ്പിക്കാൻ പ്രതിസംസ്കാരം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ബദൽ സംസ്കാരമല്ല. ബദൽ മറ്റൊന്നിനെ വിഭാവനം ചെയ്യുന്നു. അതിനു ശാസ്ത്രസാഹിത്യപരിഷത്തിന്റെ വളന്ററി രാഷ്ട്രീയത്തിന്റെ സ്വഭാവമാണുള്ളത്. ശങ്കരാടിയുടെ കുമാരപിള്ള സാറിന്റെ താത്വിക വിശകലനത്തിൽ റാഡിക്കലായ ഒരു മാറ്റമല്ല, റിഫോമിസ്റ്റായ മാറ്റമാണ് പാരിഷത്തിക ബദൽ. പ്രതിസംസ്കാരം ബദലിൽ നിന്ന് അകലം പാലിക്കുന്നു. ശരീര സൗന്ദര്യശാസ്ത്രം, സാംസ്കാരിക ഉൽപാദനത്തിന്റെ സാമ്പത്തികശാസ്ത്രം, ലൈംഗികത (മറ്റ് കാര്യങ്ങൾക്കൊപ്പം) എന്നിവയുടെ ആധിപത്യ മാതൃകകളെ ബോധപൂർവ്വം വെല്ലുവിളിക്കുന്ന പ്രതിസംസ്കാരം, മുഖ്യധാരാ മാനദണ്ഡങ്ങൾക്ക് എതിരായിരിക്കുന്നു.

ഡിജിറ്റൽ കേന്ദ്രീകൃതമായ വ്യാവസായികലോകത്ത് വളരെ കുറച്ച് പ്രതി-സംസ്‌കാര പ്രസ്ഥാനങ്ങൾ മാത്രമേ ഉയർന്നുവന്നിട്ടുള്ളൂ. ആഗോളതലത്തിൽ പോലും, ഒരു പ്രതി- സംസ്‌കാര കൂട്ടായ്മയ്ക്കുള്ള ഒരു സൈറ്റായി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏകീകൃതമായി പ്രകടമായിട്ടില്ല. അതായത്, 1960-കളിലെ പ്രതി-സംസ്കാരം പോലെ ഏകീകൃതമായ ഒരുതലത്തിലേക്ക് പ്രകടമാകാൻ ശൃംഖലാസംസ്കാരത്തിൽ സാധ്യമല്ല. സൈബർ പ്രതിസംസ്കാരം കൂടുതൽ ചിതറിയതാണ്. 

പ്രതിരോധ പ്രസ്ഥാനങ്ങൾ ആഗോള ശ്രദ്ധ നേടുന്നതിനുള്ള ഒരു പ്രായോഗിക വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഡിജിറ്റൽ മണ്ഡല ആവിഷ്ക്കാരങ്ങളിൽ പ്രതി- സംസ്കാരവും പ്രതി-പൊതുമണ്ഡലവും (counter publics) സംയോജിതമാകുന്നു. പ്രതി- സംസ്കാരത്തെപ്പോലെ അത് വരേണ്യവും മുതലാളിത്തപരവുമായ മുഖ്യധാരാസംസ്കാരത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം മുഖ്യധാരയാൽ  അദൃശ്യമാക്കപ്പെട്ട പ്രതി- പൊതുസമൂഹങ്ങളെ (counter publics) ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. സാംസ്കാരിക അപരവൽക്കരണത്തിനെതിരെയുള്ള ചെറുത്തുനില്പുമാകുന്നു ഇത്. 

ഭൗതിക (physical) പൊതുമണ്ഡലത്തിൽ പ്രചരിക്കുന്ന വംശീയവൽക്കരിക്കപ്പെട്ട  വിഭജനപരവും വർണ്ണാന്ധതയുമുള്ള മിത്തോടോപ്പിയകളും (mythotopia) ഡിജിറ്റൽ മണ്ഡലത്തിലേക്ക് പരകായപ്രവേശം നടത്തിയിരിക്കുന്ന പ്രതി-സംസ്കാരവുമുണ്ട്. പ്രതി-സംസ്കാരം ശാശ്വതമായി സാമൂഹിക നീതിപരമാകണമെന്നില്ല. ഡിജിറ്റൽ വംശീയതയും വർണാന്ധതയും ലിംഗപരമായ അധീശത്വവീക്ഷണങ്ങളും സൈബർ ചുരങ്ങളിൽ സങ്കേതങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മുമ്പ്, ഈ പരമ്പരയിൽ ചർച്ച ചെയ്ത 'മനോസ്ഫിയർ', 'ഇൻസെൽ' സൈബർ ഉപസംസ്കാരം ഇതിനെ പ്രതിനിധാനം ചെയ്യുന്നു. പ്രാകൃതമെന്നോ കാലഹരണപ്പെട്ടതോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ എന്നു വിലയിരുത്തുന്നതിനേക്കാൾ 'മനോസ്ഫിയർ' വെർച്വൽ സ്വത്വത്തിന്റെ പ്രകടനങ്ങളെ ഹൈടെക് സമൂഹത്തിന്റെയോ പുതുസ്വത്വകൂട്ടായ്‌മയുടെയോ രൂപീകരണമായി സമീപിക്കുന്ന നിയോക്രിട്ടിക്കൽ വ്യവഹാരങ്ങളൾ ഡിജിറ്റൽ മണ്ഡലങ്ങളിൽ പ്രതിപൊതുമണ്ഡലങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുകയാണ്. ഡിജിറ്റൽ മണ്ഡലങ്ങളിൽ പ്രതിസംസ്കാരങ്ങൾ പ്രതിപൊതുമണ്ഡലത്തിനും പ്രതിബോധത്തിനും സ്വേച്ഛയാ പടരാനുള്ള പ്രതിരോധാത്മക ഇടങ്ങളുമാണ്. 

പ്രേംനസീർ നായകനായ "പോസ്റ്റ്മാനെ കാണാനില്ല" (1972) എന്ന സിനിമയിലെ ‘ഹിപ്പികളുടെ നഗരം, ലഹരിക്കുപ്പികളുടെ നഗരം’ എന്ന പാട്ട് ഓർക്കുക.
പ്രേംനസീർ നായകനായ "പോസ്റ്റ്മാനെ കാണാനില്ല" (1972) എന്ന സിനിമയിലെ ‘ഹിപ്പികളുടെ നഗരം, ലഹരിക്കുപ്പികളുടെ നഗരം’ എന്ന പാട്ട് ഓർക്കുക.

പ്രതിസംസകാരത്തെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് മാത്രമായി കണ്ടാൽ അത് വളരെ ലഘൂകരിച്ച വീക്ഷണമാകും. പ്രേംനസീർ നായകനായ "പോസ്റ്റ്മാനെ കാണാനില്ല" (1972) എന്ന സിനിമയിലെ ‘ഹിപ്പികളുടെ നഗരം, ലഹരിക്കുപ്പികളുടെ നഗരം’ എന്ന പാട്ട് ഓർക്കുക. വരേണ്യവും അധീശത്വപരവുമായ സംസ്കാരത്തെ ചെറുക്കുന്നതിനുപിന്നിലെ പ്രചോദനം ഈ ലഘൂകരണം കാണാതെ പോകുന്നു. മുടി നീട്ടിവളർത്തിയും താടി വടിക്കാതെയും നീളൻ കുർത്ത ധരിച്ച ഹിപ്പികൾ പോപ്പുലർ പ്രതിപാദനങ്ങളിൽ പരിഹാസ്യകഥാപാത്രങ്ങളായി. അവർ അവരുടെ നിഷേധത്തിലൂടെ പ്രകടിപ്പിച്ചിരുന്ന നടപ്പ് സാമൂഹ്യക്രമത്തോടുള്ള അസംതൃപ്തിയും അവർ രൂപപ്പെടുത്തുന്ന പുതിയ ഭാവുകത്വവും ഈ പോപ്പുലർ പ്രതിപാദനങ്ങളിൽ രേഖപ്പെടുത്താതെ പോയി.

പ്രതി-സംസ്കാരത്തിന്റെ ഭിന്നധാരകളാണ് ആധുനികതതയെ രൂപപ്പെടുത്തിയത്. പ്രതി-സംസ്കാരത്തെ കടന്നാക്രമിച്ചത് യാഥാസ്ഥിതികാരേക്കാൾ  'പുരോഗമനവാദി'കളായിരുന്നു. പുരോഗമനവാദികളുടെ ചുളുങ്ങിയ റിയലിസത്തിന് പ്രതി-സംസ്കാരത്തിൽ അലയടിച്ചിരുന്ന അസംതൃപ്തി മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നു. അത്രതന്നെ തീവ്രമായവിധമല്ലെങ്കിലും ഒരു ഏകീകൃത സ്വഭാവമില്ലാത്ത ഡിജിറ്റൽ കേന്ദ്രിതമായ പ്രതി-സംസ്കാരത്തെ മനസ്സിലാക്കാനുള്ള ശേഷിക്കുറവ് ഇന്നും പ്രകടമാണ്. എന്നാൽ, നവമാധ്യമത്തിന്റെ നിലവാരതകർച്ചയെക്കുറിച്ചു ഖേദപ്പെടുന്നവർക്ക് "പുരോഗമനവാദി"കളുടെ സത്യസന്ധതയുമില്ല. കാരണം അവർ ആശ്രയിക്കുന്നതും നവമാധ്യമങ്ങളെയാണ്. അത്തരക്കാരുടെ ഡിജിറ്റൽ മാധ്യമ ആക്ഷേപങ്ങൾ, കഴിഞ്ഞ നൂറ്റാണ്ടു തലമുറയുടെ സംവേദനശേഷീസങ്കോചം അതിരുകടന്ന ആകുലതയായി വീണ്ടും ഡിജിറ്റൽ പൂർവ ലോകത്തിന്റെ ക്രമാധികാരം നവസംവേദനങ്ങളുടെ മേൽ പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഡിജിറ്റൽ പ്രതി-സംസ്കാരം ഒരു ഫാഷൻ സ്റ്റേറ്റ്മെന്റല്ല. അത് കൃത്യമായും വേർതിരിച്ച് പ്രകടനപരമാക്കാൻ പാകത്തിൽ ഒന്നും പ്രദര്ശിപ്പിക്കുന്നുമില്ല. അതേസമയം,  ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളിൽ മാറ്റമുണ്ടാക്കുന്നു. ഉയർന്ന പരിസ്ഥിതിബോധം പ്രകടിപ്പിക്കുന്നു. അതേസമയം ടെക്നോളോജിയുടെ കാര്യത്തിൽ ബ്രാൻഡുകളുടെ ഉപഭോക്താക്കളുമാണ്. നിർമിതിബുദ്ധിയെ പ്രവർത്തിപ്പിക്കുന്ന വൻകിട സർവർ ഫാമുകളുടെ ഇന്ധനആവശ്യത്തിനുപയോഗിക്കുന്ന ജലവിഭവത്തെയും ചൂഷണത്തെയും കുറിച്ച് വാചാലരാകുന്നു. അതേസമയം, അൽഗോരിതം നിർണയിക്കുന്ന ഡിജിറ്റൽ മാധ്യമലോകത്തിലാണ് അവരുടെ ആത്മഭൂമിക. പരസ്പര വൈരുധ്യങ്ങളാണ് തന്തബോധ്യങ്ങളിൽ തെളിയുന്നത് എന്നതും യാഥാര്ഥ്യമാണ്.  

പ്രതി- സംസ്കാരം പ്രതി- പൊതുമണ്ഡലങ്ങളിലൂടെ രാഷ്ട്രീയ പ്രതികരണമായി മാറുന്നതാണ് 21-ാം നൂറ്റാണ്ടിന്റെ കാലയളവിൽ യുവാക്കളുടെ വിർച്വലും ഭൗതികവുമായ ഇടപെടലുകളിൽ കാണുന്ന കാതലായ മാറ്റം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാ തലമുറകളിൽപ്പെട്ടവരും ഉണ്ടായിരുന്നുവെങ്കിലും യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഷിഫാ ഹൈദർ തുടങ്ങിയ യുവാക്കളെയാണ് കലാപത്തിനാഹ്വാനം നൽകി എന്നാരോപിച്ച് UAPA വകുപ്പുകൾ ചുമത്തി കേന്ദ്ര സർക്കാർ ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുന്നത്.

21-ാം നൂറ്റാണ്ടിൽ പല രാജ്യങ്ങളിലും യുവതയുടെ പ്രക്ഷോഭം നടന്നിട്ടുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് ഇന്ത്യൻ കാമ്പസുകളിൽ വിദ്യാർത്ഥിപ്രക്ഷോഭം ശക്തമായി. മോദി സർക്കാരിനെതിരെ ആദ്യഘട്ടത്തിൽ സമരം ചെയ്തത് വിദ്യാർത്ഥികളാണ്. മാധ്യമ പ്രവർത്തക നിഖില ഹെൻറി യുവാക്കളുടെ ഈ ഘട്ടത്തിലെ പ്രക്ഷോഭത്തെ ഡോക്യൂമെന്റ് ചെയ്തിട്ടുണ്ട്- Youth Quake എന്ന പുസ്തകത്തിൽ. തീർച്ചയായും യുവാക്കളുടെ തന്നെ നേതൃത്വത്തിൽ ചരിത്രത്തിൽ നടന്ന പ്രക്ഷോഭങ്ങളായും അവരിൽ നുരഞ്ഞു പൊന്തുന്ന അസ്വസ്ഥയുമായും ഇത് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വർഗസമരത്തേക്കാൾ പ്രാചീനമാകും യുവാക്കളുടെ വിക്ഷുബധതകൾ സൃഷ്ടിച്ച വിപ്ലവമുന്നേറ്റങ്ങൾ. 

യുവാക്കൾ സജീവ സാന്നിധ്യമാകാത്ത ഒരു വിപ്ലവ മുന്നേറ്റവും ലോകത്തുണ്ടായിട്ടില്ല. അത്തരം മുന്നേറ്റങ്ങളിലും പ്രതി-സംസ്കാരത്തിന്റെതായ ഒരു തലവും ഉണ്ടായിരിക്കണം. സമീപകാലത്തു കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റർ (BLM). ആധിപത്യപരമായ ആഖ്യാനങ്ങളെ പുതിയ രീതികളിൽ BLM ചെറുത്തു. കറുപ്പു സമൂഹങ്ങളുടെ ഐഡന്റിറ്റികളെയും ആവശ്യങ്ങളെയും സ്ഥിരീകരിക്കുന്ന അറിവും പ്രതി-പ്രഭാഷണങ്ങളും ഈ പ്രസ്ഥാനം വർദ്ധിപ്പിക്കുന്നു.  പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ കേന്ദ്രീകരിക്കുന്ന BLM പ്രസ്ഥാനത്തെ നാൻസി ഫ്രേസർ നിർവചിച്ചിരിക്കുന്നത് ‘കീഴാള എതിർ പൊതുജനം’ (subaltern counter publics) എന്നാണ്. BLM പ്രതിഷേധക്കാർ പോലീസിന്റെ കണ്ണുകളിലേക്ക് ഒരു പതർച്ചയും കൂടാതെ നോക്കുന്ന ചിത്രം വൈറലാണ്. ഈ ധീരമായ  നോട്ടം പോലീസിന്റെ ഭീഷണിക്ക് നിഷ്ക്രിയമായി വഴങ്ങാനുള്ള വിസമ്മതത്തെ ഉദാഹരണമാക്കുന്നു.

വിഷ്വൽ കൾച്ചർ സൈദ്ധാന്തികനായ നിക്കോളാസ് മിർസോഫ് ഇതിനെ വിശേഷിപ്പിക്കുന്നത്, "see what there is to see, to be vulnerable, but not be traumatized." എന്നാണ്. പോലീസുമായി കണ്ണിൽ നോക്കുന്നത് ചരിത്രപരമായി കറുത്തവർഗ്ഗക്കാർക്ക് മാരക ഭീഷണി ഉയർത്തുന്നുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ ഈ സ്ഥിരമായ നോട്ടത്തിന് പ്രതീകാത്മക ശക്തിയുണ്ട്. സമകാലികമായ പ്രതിരോധാത്മക പ്രതി-സംസ്കാരത്തിന്റെ തീക്ഷ്ണമുഹൂർത്തത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. ശ്വേതാധികാര പൊലീസിന്റെ കണ്ണിനുനേരെ കണ്ണിമയ്ക്കാതെ നോക്കുന്ന നോട്ടം സകല പാരമ്പര്യ അധികാരക്രമങ്ങളെയും ഇടറിവീഴ്ത്തുന്നതാണ്. 

കൂറയെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടി എന്ന പാരഡി രാഷ്ട്രീയ പാർട്ടി, അസംബന്ധ നർമ്മത്തെ പ്രതിഷേധമാക്കി മാറ്റി ഇന്ത്യയിലെ സോഷ്യൽ മീഡിയയെ ക്ഷുബ്ധമാക്കി.
കൂറയെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടി എന്ന പാരഡി രാഷ്ട്രീയ പാർട്ടി, അസംബന്ധ നർമ്മത്തെ പ്രതിഷേധമാക്കി മാറ്റി ഇന്ത്യയിലെ സോഷ്യൽ മീഡിയയെ ക്ഷുബ്ധമാക്കി.

കൂറയെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടി എന്ന പാരഡി രാഷ്ട്രീയ പാർട്ടി, അസംബന്ധ നർമ്മത്തെ പ്രതിഷേധമാക്കി മാറ്റി ഇന്ത്യയിലെ സോഷ്യൽ മീഡിയയെ ക്ഷുബ്ധമാക്കി. അഴിമതി, തൊഴിലില്ലായ്മ, രാഷ്ട്രീയ അപര്യാപ്തത എന്നിവയെ പരിഹസിക്കുന്ന മീമുകളും ഹ്രസ്വ വീഡിയോകളും സോഷ്യൽ മീഡിയ സൈറ്റുകളിൽ നിറഞ്ഞു. കഠിന സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവിന് പേരുകേട്ട കോക്ക്രോച്ചിനെ - സഹിഷ്ണുതയുടെ പ്രതീകമായി തന്റെ തന്നെ തന്മമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ അവതരിപ്പിക്കുന്നു. 

പ്രതി-സംസ്കാരത്തിന്റെ പ്രതീകാത്മകത കൂറയിൽ പ്രകടമാണ്. വിമതരാഷ്ട്രീയത്തിന്റെ ചുമർ ഗ്രാഫിറ്റിയെ ഇതോർമിപ്പിക്കുന്നു.  അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതൽ കൂടുതൽ നിയന്ത്രിക്കുകയും രാഷ്ട്രീയ വിയോജിപ്പുകൾക്കെതിരെ നടപടിയെടുക്കുകയും ഇന്റർനെറ്റ് അടച്ചുപൂട്ടൽ നടപ്പിലാക്കുകയും ചെയ്തതോടെ, ഗ്രാഫിറ്റി പ്രതിഷേധത്തിനുള്ള ഒരു നിർണായക ഉപാധിയായി മാറിയിട്ടുണ്ട്, സമകാലിക വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ. വിദ്യാർത്ഥികൾക്ക് ദൃശ്യവും, എളുപ്പം ആക്സസ് ചെയ്യാവുന്നതും, സെൻസർ ചെയ്യാൻ പ്രയാസകരവുമായ രീതിയിൽ അവരുടെ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഇത് അനുവദിച്ചു. പൊതുമതിലുകൾ ചെറുത്തുനിൽപ്പിന്റെ ക്യാൻവാസുകളായി. അവിടെ യുവാക്കൾ അവരുടെ പരാതികളും അഭിലാഷങ്ങളും വരച്ചു. ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇത് വ്യാപകമായിരുന്നു.

പ്രതി-സംസ്കാരം പോലെ തന്നെ അധികാരത്തെ വിളറിപ്പിടിപ്പിക്കുന്നതാണ് പ്രതി-ഉപാധികളും (counter -devices/techniques). പ്രതി-ഉപാധികൾ പ്രക്ഷോഭത്തെ ഊർജ്ജവൽക്കരിക്കുന്നു. യുവാക്കൾ ഭരണകൂടത്തിന് നിന്ദ്യരാകുന്നു. അവർ വേട്ടയാടപ്പെടുന്നു. കർഷക പ്രക്ഷോഭ സമയത്ത് അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാലാവസ്ഥാനീതിക്കായുള്ള ആഗോള പ്രസ്ഥാനമായ ‘ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചറി’ന്റെ ഇന്ത്യാ ചാപ്റ്റർ സ്ഥാപകാംഗവും ആക്ടിവിസ്റ്റുമായ 22 കാരി ദിഷ രവിയെ ജയിലിടച്ചത്, സമരത്തിനുള്ള ടൂൾ കിറ്റ് എന്ന പ്രതി- ഉപാധി വിതരണം ചെയ്തുവെന്ന ‘കുറ്റ’ത്തിനാണ്.

എന്തായിരുന്നു ടൂൾ കിറ്റ്? തുപ്പാക്കിയോ കോടാലിയോ ഭ്രൂണങ്ങളെ ചൂഴ്ന്നെടുക്കുന്ന ശൂലമോ ആയിരുന്നില്ല. അഹിംസാപൂർവം സമരം സംഘടിപ്പിക്കാനുള്ള വിവരങ്ങളുടെ ഒരു ക്രമം-അതാണ് ടൂൾ കിറ്റ്. കർഷകസമരത്തെ പിന്തുണച്ചതിനായിരുന്നു അറസ്റ്റ്.

പരമ്പരാഗത രാഷ്ട്രീയത്തിൽനിന്ന് വ്യതിരിക്തമായ ഒരു പുതിയ ഭാഷയിലൂടെയാണ് രാഷ്ട്രീയം ആവിഷ്‌ക്കരിക്കുന്നത് (new idiom of protest). തന്മ (identity) തന്നെയാണ് സമരമുഖമായി മാറുന്നത്. തന്മയിൽനിന്ന് വേറിട്ടൊരു രാഷ്ട്രീയ ആവിഷ്ക്കാരമില്ല. നടപ്പുരീതികളിൽ നിന്നുമുള്ള വ്യതിചലനമാകുന്നതിനാലാണ് ഇത് പ്രതി-സംസ്കാരമാകുന്നത്. 

ആഗോളതലത്തിൽ ആവിഷ്‌കൃതമാകുന്ന നവരാഷ്‌ടീയ ഭാവുകത്വവും അതിന്റെ ഭിന്നമായ പ്രതിനിധാനങ്ങളും ഇത്രയും ആഗോളീകൃതമായ കേരളത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല എന്ന യാഥാർഥ്യവുമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക സമൂഹം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഭാവനലോകത്തിൽ വ്യവഹരിക്കുന്ന വ്യക്തികളുടെയോ അല്ലെങ്കിൽ വ്യക്തികൂട്ടങ്ങളുടെയോ കൈകളിലാണ്. അവരുടെ ചിന്തകളിലെയും എഴുത്തുകളിലെയും പ്രതികരണങ്ങളിലെയും ഗ്രന്ഥസൂചികകൾ സമീപകാലങ്ങളിൽ പ്രസിദ്ധീകരിച്ചവയുടേതാണെങ്കിലും മനസ്സ് പോയകാലങ്ങളുടെ രാഷ്ട്രീയ -സാംസ്കാരിക യുദ്ധക്കളങ്ങളിൽ തന്നെയാണ് വ്യാപരിക്കുന്നത്. മെഗലോമാനിയാക് ആവേശത്തോടെയാണ് സംവാദങ്ങളെ പഴയ ആശയവാദങ്ങളുടെ ശ്രേണിയിലേക്ക് അവർ  പിടിച്ചെടുക്കുക.

ഇതിലും പരിതാപകരമാണ് രാഷ്ട്രീയസമൂഹത്തിന്റെ സ്ഥിതി. അധികാരം വിട്ടൊഴിയാൻ മടിക്കുന്നുവെന്നു മാത്രമല്ല, ഒരു പുതിയ പ്രതീക്ഷയെ പോലും തനിക്ക് വിധേയമോ തന്റെ വിചാരഗതിക്ക് സദൃശമോ അല്ലെങ്കിൽ അവർ വളരാൻ അനുവദിക്കില്ല. ആഗോള രാഷ്ട്രീയത്തിലെ പുതുചലനങ്ങൾ തത്സമയം കേരളത്തിൽ പ്രതികരണമുണ്ടാക്കാറുണ്ടെങ്കിലും അതിന്റെ ഭാവപ്പകർച്ചകൾ നമ്മുടെ പതിവ് അനുഭവങ്ങളെ തെറ്റിക്കുന്നതാണെങ്കിൽ അതിനെ പിഴുതെറിയുക എന്ന സർവാധീശത്വ (megalomaniac) പ്രമാണമാണ് രാഷ്ട്രീയ -സാംസ്കാരിക മണ്ഡലത്തിലെ പൊതുപ്രവണത.

കേരളത്തിലെ വിദ്യാർത്ഥി -യുവജന രാഷ്ട്രീയം അതാതു സംഘടനകളുടെ മുതിർന്ന നേതാക്കളുടെ അനുകരണാനുഷ്ടാനം മാത്രമാണ് -ഭാഷയിൽ, വേഷത്തിൽ, പെരുമാറ്റത്തിൽ. അനുകരണമാണ് ഏറ്റവും നല്ല സ്തുതി എന്നതിനാൽ രാഷ്ട്രീയ ഉയർച്ചയുടെ പ്രായോഗികത മുൻനിർത്തി ഇത് അവലംബിത മാർഗമാകുന്നു. അനുകരണപ്രിയത രാഷ്ട്രീയത്തെയും സംസ്കാരത്തെയും മുരടിപ്പിച്ചിട്ടുണ്ട്. 

അനുകരണാത്മകമായ ശൈലികൾ ഉള്ളടക്കശൂന്യമാണെന്ന തിരിച്ചറിവ് മലയാളികളായ യുവാക്കൾക്കുണ്ട്. അതുകൊണ്ട് രാഷ്ട്രീയം പുതുതലമുറയിൽപ്പെട്ടവർക്ക് ആകർഷകമായ ഒരു പ്രവർത്തനമണ്ഡലമല്ല. അവർ ഈ ഭൂഭാഗം തന്നെ വിട്ടുപോകുന്നതിലും ഈ അന്തസ്സാരശൂന്യമായ രാഷ്ട്രീയ- സാംസ്കാരിക ജീവിതം കാരണമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിച്ചാൽ തിരിച്ചറിയാവുന്ന വസ്‌തുത, അനുകരണം മുഖ്യധാരയുടെ സ്വഭാവമാണെങ്കിലും വിദ്യാർത്ഥി സമൂഹം മൊത്തമായി അത് പിന്തുടരുന്നില്ല. വരേണ്യവും അനുകരണാത്മകവുമായ സംസ്കാരത്തിനെതിരെ പരസ്യ സ്റ്റേറ്റ്മെന്റ് എന്ന നിലയിൽ നിഷേധാത്മകത പ്രകടമാക്കാതെ തന്നെ മുഖ്യധാരാ രാഷ്ട്രീയസംസ്കാരം കേരളത്തിലെ യുവതലമുറ നിരാകരിച്ചിട്ടുണ്ട്.

അഹിംസാപൂർവം സമരം സംഘടിപ്പിക്കാനുള്ള വിവരങ്ങളുടെ ഒരു ക്രമം-അതാണ് ടൂൾ കിറ്റ്. കർഷകസമരത്തെ പിന്തുണച്ചതിനായിരുന്നു അറസ്റ്റ്.
അഹിംസാപൂർവം സമരം സംഘടിപ്പിക്കാനുള്ള വിവരങ്ങളുടെ ഒരു ക്രമം-അതാണ് ടൂൾ കിറ്റ്. കർഷകസമരത്തെ പിന്തുണച്ചതിനായിരുന്നു അറസ്റ്റ്.

ലിംഗ-വർണ്ണ വിവേചനങ്ങളെ അരക്കെട്ടുറപ്പിക്കുന്ന നാട്യങ്ങളെ (performative) നിഷേധിക്കുന്ന ഒരു തലമുറ മലയാളിസമൂഹത്തിൽ സന്നിഹിതമാണ്. ഇവർ നിശ്ശബ്ദമായി പ്രവർത്തിക്കുന്നു. അവരുടെ സൂക്ഷ്മവിപ്ലവങ്ങൾ സമൂഹത്തിൽ പരിവർത്തനങ്ങൾ വരുത്തുന്നു. പഴയ വേലിക്കെട്ടുകൾ തകർക്കപ്പെടുന്നു. കേരളം ആദർശവൽക്കരിച്ച എഴുപതുകളിലെ തലമുറകളെക്കാൾ ഗാഢമായാണ് ഇവർ സാമൂഹിക അനുഭവങ്ങളിൽ മാറ്റം സാധ്യമാക്കുന്നത്. അതിന് ഘോരവും ഇതിഹാസപരവുമായ പ്രകടനാത്മകത ഉണ്ടാകണമെന്നില്ല.

നവമാധ്യമങ്ങളിൽ അവരുടെ സാന്നിധ്യം കാണാം. അവർ ഡിജിറ്റൽ ലോകത്തിനുവേണ്ടി പൊതുജീവിതത്തെ മാറ്റിനിർത്തിയവരുമല്ല. പാരമ്പരാഗത രാഷ്ട്രീയ സംഘാടനത്തോട് ബോധപൂർവമായ വിച്ഛേദം അവർ നടത്തുന്നുമില്ല. ഏറെക്കുറെ യുക്തിഭദ്രമായ രീതിയിൽ അവർ സംഘാടനത്തിന്റെ ഏതു മാതൃകയും സ്വീകരിക്കുന്നു. പ്രതി-സംസ്കാര പ്രകടനാത്മകതയിലൂടെ സമൂഹത്തെ വെല്ലുവിളിക്കുന്നത്തിനു പകരമാകാം നിശ്ശബ്ദ നിഷേധങ്ങളിലൂടെയും നിരാകരണത്തിലൂടെയും അവർ സാമൂഹികവും ജനാധിപത്യപരവുമായ ഉൾക്കൊള്ളലിനെയും നവപ്രതിനിധ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത്.

സംഗീതത്തിൽ, സാമൂഹ്യമാധ്യമ ആശയസംവേദനങ്ങളിൽ, സൂക്ഷ്മ ജീവിതബന്ധങ്ങളിൽ, സാമൂഹിക നവീകരണങ്ങളിൽ, നൂതനസംരഭകത്വങ്ങളിൽ എല്ലാം ഈ മാറ്റത്തിന്റെ അലയൊലി കേൾക്കാം. ഇതിനെ പ്രതി-സംസ്കാരം എന്നു വിളിക്കുന്നത് ഇതിന്റെ നൂതനത്വത്തെ നിഷേധിക്കുന്നതാണ് എന്നായിരിക്കും പുതുതലമുറ പറയുക. പ്രതി- സംസ്കാരം അങ്ങനെ ഒരു 'തന്തവൈബ്യൻ' അളവുകോലുമാകുന്നു.

Comments