ജീവിക്കുന്ന ആത്മഹത്യകളായി സ്വയം മാറുന്ന നാം

കൊറോണക്ക് മതസ്വത്വം നൽകി വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാര മനസ്സിനെ നിരീക്ഷിക്കുമ്പോൾ ഒരുകാര്യം വ്യക്തമാവുന്നു: നമ്മുടെ ദുഷ്ടത ശമനമില്ലാത്ത രോഗമാണ്. ഇപ്പോൾ കൊറോണയെന്നതുപോലെ തന്നെ. ഒരു വ്യത്യാസമുണ്ട് അവ തമ്മിൽ; കൊറോണ വൈറസ് മതം- ജാതി- വംശം എന്നല്ല ഒന്നിന്റെ പേരിലും വിവേചനം കാണിക്കില്ല. അത് മതനിരപേക്ഷമാണ്. വർഗീയ വൈറസിനാകട്ടെ വൈറസിന്റെ പ്രഹരശേഷിയോടൊപ്പം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസുരഭാവം കൂടിയുണ്ട്

'വിജനമായ വീഥികൾ വീണ്ടും ജനനിബിഡമാകും. സ്‌ക്രീൻ വെളിച്ചമുള്ള കുടുസ്സുമുറികളിൽനിന്ന് ആശ്വാസത്തോടെ നാം പുറത്തിറങ്ങും. സാധാരണ സമയമെന്ന് നമുക്ക് തോന്നിയിരുന്ന ഘട്ടത്തിൽ ലോകത്തെ എങ്ങനെ നാം വിഭാവനം ചെയ്തിരുന്നോ അതിൽനിന്ന് വ്യത്യസ്തമായിരിക്കും ഇനി വരുന്ന ലോകം. സ്ഥിരതയാർന്നൊരു സന്തുലിതാവസ്ഥയിലെ ക്ഷണികമായ വ്യതിചലനമായിരിക്കില്ല അത്. ഇന്ന് നാം കടന്നുപോകുന്ന പ്രതിസന്ധി ചരിത്രത്തിലെ ഒരു പരിവർത്തനഘട്ടമാണ്'.

'ആഗോളവൽക്കരണത്തിന്റെ കൊടുമുടിക്കാലം കഴിഞ്ഞു. ആഗോള ഉൽപാദനത്തെയും ദീർഘവിദൂര വിതരണശൃംഖലകളേയും ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥ ഇതുവരെയുള്ളതുപോലെ പരസ്പരബന്ധിതമല്ലാത്ത ഒരവസ്ഥയിലേക്ക് പരിണമിക്കുകയാണ്. നിരന്തരമായ ചലനാത്മകത മുഖമുദ്രയായൊരു ജീവിതശൈലി അതിന്റെ വിരാമഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ ജീവിതങ്ങൾ ശാരീരികവും ഭൗതികവുമായി കൂടുതൽ ചുരുങ്ങുകയും മുമ്പില്ലാത്തത്ര പ്രതീതിയാഥാർത്ഥ്യത്തിലേക്ക് സംക്രമിക്കുകയും ചെയ്യും. കൂടുതൽ ശകലിതവും അതേസമയം മെച്ചപ്പെട്ട മെയ്വഴക്കമുള്ളതുമായ ഒരു ലോകമാണ് നമുക്ക് മുമ്പിൽ രൂപം പ്രാപിക്കുന്നത്'.

ബ്രിട്ടനിലെ 'ന്യൂസ്റ്റേറ്റ്മാൻ' പത്രത്തിൽ ഏപ്രിൽ ഒന്നിന് ജോൺ ഗ്രേ എഴുതിയ സുദീർഘ ലേഖനത്തിലെ ആദ്യഭാഗമാണ് മുകളിലുദ്ധരിച്ചത്. ലോകമാസകലം കൊറോണാനന്തരകാലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദചർച്ചകളും പ്രചവനങ്ങളും സജീവമാണിന്ന്. ഒരു കാര്യത്തിൽ സാമാന്യേന എല്ലാവർക്കും യോജിപ്പാണ്. സമഗ്രവും തുല്യതയില്ലാത്തതുമായ ഒരു ചരിത്രമാറ്റത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ലോകം. സീമാതീതമായ ആഗോളവൽകരണത്തിന്റെയും അതിരുകളില്ലാത്ത ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാലം കഴിഞ്ഞു. ഇവയുടെ ഗുണഭോക്താക്കൾ മാറ്റത്തെ തടുത്തുനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ ആർക്കും തടുത്തുനിർത്താനോ വേഗപ്പൂട്ടിടാനോ ആവാത്ത സംക്രമണ ഘട്ടത്തിലാണ് നാം.

രസകരമായ സംഗതി, മാറ്റത്തിന്റെ പ്രേരകശക്തി വിപ്ലവമോ യുദ്ധമോ ആശയസമരമോ ജനകീയ പ്രക്ഷോഭങ്ങളോ ഒന്നുമല്ല. അദൃശ്യമായ പ്രഹരശേഷിയുള്ള, രാജ്യ, വംശ, മത, വർഗ, ലിംഗ പ്രായ വ്യത്യാസങ്ങളെയൊന്നും തിരിച്ചറിയാനും വകവെക്കാനും കൂട്ടാക്കാത്ത ഒരു സൂക്ഷ്മജീവിയാണ് മനുഷ്യരാശിയുടെ മഹാശക്തികളെ നോക്കി കൊഞ്ഞനം കാട്ടുന്നത്, സമഗ്രമായ ചരിത്രമാറ്റത്തിന്റെ ഹേതുവാകുന്നത്. ബൃഹത്തായ സമ്പദ് വ്യവസ്ഥയും ആണവായുധങ്ങളടക്കമുള്ള സമഗ്രനശീകരണോപാധികളുമൊക്കെ സ്വന്തമായുള്ള ശക്തിരാജ്യങ്ങൾ ഒരു സൂക്ഷ്മജീവിയുടെ പ്രഹരശക്തിക്കുമുമ്പിൽ അസ്തപ്രജ്ഞരും നിസ്സഹായരുമാവുന്നത് അർത്ഥപൂർണമായൊരു നിർണായക സംഭവമാണ്.

കൊറോണക്കാലത്തെ ഓർമനഷ്ടങ്ങൾ
കൊറോണക്കാലത്ത് വീട് കൈവരിച്ച കേന്ദ്രീയസ്ഥാനം വരാനിരിക്കുന്ന അവസ്ഥയുടെ വാചാലമായ നിദർശനമാണ്. Back to basics എന്ന് വേണമെങ്കിൽ പറയാം. അസ്വാഭാവികവും പല നിലയ്ക്കും പ്രകൃതിവിരുദ്ധവുമായ വികാസപ്രക്രിയയായിരുന്നു കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ സവിശേഷത. രാജ്യാതിർത്തികളും ദൂരങ്ങളും സാംസ്‌കാരിക സ്വത്വങ്ങളുമൊക്കെ അപ്രസക്തമായ ഒരുകാലം. അങ്ങനെ ലോകത്തോളം- ചൊവ്വായാത്രാപദ്ധതിയടക്കമുള്ള സംഗതികളുടെ വെളിച്ചത്തിൽ പ്രപഞ്ചത്തോളം എന്നും പറയാം- വളർന്ന് വികസിച്ച് വലുതായ സമകാലിക മനുഷ്യൻ ഏതാനും ആഴ്ചകളായി വീടിനോളം ചുരുങ്ങിയിരിക്കുകയാണ്.

എല്ലാവരും അനൈച്ഛികമായ ഗൃഹസ്ഥാശ്രമത്തിലേക്ക് പരിണമിക്കുകയും വിശാലലോകം എം.എൻ. വിജയൻ പറഞ്ഞതുപോലെ, ശിഥിലബിംബങ്ങളായി ടെലിവിഷൻ സ്‌ക്രീനിലൂടെ വീട്ടിലേക്ക് കടന്നുവരികയും ചെയ്യുകയാണ്. ലോകവാർത്തകളാകട്ടെ രാഷ്ട്രീയത്തെക്കുറിച്ചോ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചോ സാമൂഹിക സംഭവങ്ങളെക്കുറിച്ചോ അല്ലതാനും. ഓരോ രാജ്യത്തും എത്രപേർ രോഗികളാകുന്നുവെന്നും എത്രപേർ മരിക്കുന്നുവെന്നുമാണ് പ്രഭാതം മുതൽ അർദ്ധരാത്രി വരെ നാം കേട്ടുകൊണ്ടിരിക്കുന്ന ഏകവാർത്ത.

കോഴിക്കോട് മാവൂർ റോഡ്‌
കോഴിക്കോട് മാവൂർ റോഡ്‌

വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ലഭിക്കുന്ന ശിക്ഷയും വീടുവിട്ടിറങ്ങുന്നതിലെ തിരുത്തരവാദ സമീപനവുമൊക്കെ വാർത്തകളാണിന്ന്. ശാരീരികമായി മനുഷ്യരടുത്ത് വരുന്നതുകാണുമ്പോൾ നമ്മുടെ മനസ്സുകളിൽ അപകടമണി മുഴങ്ങുന്നു. വിദേശത്തുനിന്ന് വന്നയാൾ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സന്ദർശിക്കുന്നത് ക്രിമിനൽകുറ്റമായി മാറുന്നത് എന്തുമാത്രം വിചിത്ര വിപര്യയമാണ്? ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ, നാട്ടിലെത്തിയിട്ടും ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊന്നും സന്ദർശിക്കാത്തൊരാൾ നമ്മുടെ കാഴ്ചപ്പാടിൽ അഹങ്കാരിയും മനുഷ്യപ്പറ്റില്ലാത്തവനുമായിരുന്നു. ബന്ധു-സുഹൃദ് സന്ദർശനം വഴി ഇന്നയാൾ ജനമനസ്സിൽ മനുഷ്യപ്പറ്റില്ലാത്തവനായും പൊതുജനത്തിന് സുരക്ഷാഭീഷണിയായും കുപ്രസിദ്ധി നേടുന്നു!

കൊറോണയുടെ ജൈത്രയാത്ര ആരംഭിക്കുന്നതുവരെ ജീവന്മരണപ്രശ്‌നങ്ങളായി കണ്ട് നാം ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്ന കാര്യങ്ങളൊക്കെ രണ്ട് നൂറ്റാണ്ട് മുമ്പ് നടന്ന ചരിത്രസംഭവങ്ങളെപ്പോലെ തോന്നുന്നു.

ഇതിലേറ്റവും രസകരമായ കാര്യം നാം എത്ര പെട്ടെന്ന് മൗലികമായ ജീവിതശൈലിപരിണാമങ്ങളോട് ഇണങ്ങിച്ചേരുന്നുവെന്ന വസ്തുതയാണ്. രാഷ്ട്രീയ ജാഗ്രത പുലർത്തുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ പോലും എത്ര അനായാസമായാണ് മോദിയുടെ ആജ്ഞാനുസാരികളായി പാത്രം കൊട്ടുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തത്? സ്വേച്ഛാധികാര പ്രമത്തമായ, ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള, ഒരു ഭരണകൂടം ഭീഷണമായ ഒരാരോഗ്യ വിപത്തിനെപ്പോലും അധികാര വികസനത്തിനും ദാസ്യസ്വഭാവമുള്ള പൗരന്മാരെ രൂപപ്പെടുത്തിയെടുക്കാനും തന്ത്രപൂർവ്വം ഉപയോഗിക്കുമ്പോൾ ദുരിതകാല സുജനമര്യാദയുടെ പേരിൽ നാമെല്ലാം മൗനികളാവുകയാണ്, ജീവിക്കുന്ന ആത്മഹത്യകളായി സ്വയം മാറുകയാണ്. കൊറോണയുടെ ജൈത്രയാത്ര ആരംഭിക്കുന്നതുവരെ ജീവന്മരണപ്രശ്‌നങ്ങളായി കണ്ട് നാം ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്ന കാര്യങ്ങളൊക്കെ രണ്ട് നൂറ്റാണ്ട് മുമ്പ് നടന്ന ചരിത്രസംഭവങ്ങളെപ്പോലെ തോന്നുന്നു.

സി.എ.എയ്‌ക്കെതിരെയുള്ള പ്രതിഷേധം.
സി.എ.എയ്‌ക്കെതിരെയുള്ള പ്രതിഷേധം.

പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വപട്ടികയുമൊന്നും ഇന്ന് നമ്മുടെ മനസ്സിനെ മഥിക്കുന്നതേയില്ല. ഇവയെക്കുറിച്ച് ഓരോ മണിക്കൂറിലും സാമൂഹ്യമാധ്യമങ്ങളിൽ ആഴ്ചകളോളം കലികൊണ്ടിരുന്നവരെല്ലാം- ഞാനടക്കം- ഇന്ന് കണ്ണുകൊണ്ട് കാണാനോ കാതുകൊണ്ട് കേൾക്കാനോ ആവാത്ത ഒരു സൂക്ഷ്മജീവിയുടെ ഭീതിയിൽ വിഷയദാരിദ്ര്യവും ഓർമനഷ്ടവുമനുഭവിക്കുകയാണ്. ഇത്രയേറെ സമൂലമായും മാറാൻ ആകെ വേണ്ടിവന്നത് ഏതാനും ആഴ്ചകൾ മാത്രം. അത്രയേ ഉള്ളൂ നാം എന്നതാണ് ഇതിലെ ആദ്യപാഠം.
നാമത്രയേ ഉള്ളൂ എന്ന് കുടിലമനസ്‌കരായ നമ്മുടെ ഭരണാധിപന്മാരും വർഗീയ രാഷ്ട്രീയക്കാരും കോർപറേറ്റുകളും കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നതാണ് രണ്ടാമത്തെ പാഠം. ഒരു ജനതയുടെ - അല്ല മനുഷ്യരാശിയുടെ മുഴുവൻ- ആത്യന്തിക നിസ്സഹായതയുടെ നടുവിലും വർഗീയ വിഷവ്യാപനത്തിന് നിർലജ്ജം ശ്രമിക്കുന്നു, കൊറോണക്ക് മതസ്വത്വം നൽകി വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാര മനസ്സിനെ നിരീക്ഷിക്കുമ്പോൾ ഒരുകാര്യം വ്യക്തമാവുന്നു: നമ്മുടെ ദുഷ്ടത ശമനമില്ലാത്ത രോഗമാണ്. ഇപ്പോൾ കൊറോണയെന്നത് പോലെ തന്നെ. ഒരു വ്യത്യാസമുണ്ട് അവ തമ്മിൽ. കൊറോണ വൈറസ് മതം ജാതി വംശം എന്നല്ല ഒന്നിന്റെ പേരിലും വിവേചനം കാണിക്കില്ല. അത് എല്ലാ അർത്ഥത്തിലും മതനിരപേക്ഷമാണ്. വർഗീയ വൈറസിനാകട്ടെ വൈറസിന്റെ പ്രഹരശേഷിയോടൊപ്പം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസുരഭാവം കൂടിയുണ്ട്.

ഒരു സൂക്ഷ്മജീവിയുടെ അത്യസാധാരണ വിജയം

അതവിടെ നിൽക്കട്ടെ. കൊറോണയുടെ പ്രഹരശേഷിയുടെ തോതുകൂടി പരാമർശിച്ചശേഷം കൊറോണാനന്തരകാല സാധ്യതകളിലേക്ക് പ്രവേശിക്കാം. വൻയുദ്ധങ്ങളൊഴിച്ചുനിർത്തിയാൽ ഇത്രയേറെ മനുഷ്യർ മരിച്ചൊടുങ്ങിയ അനുഭവം പാശ്ചാത്യരാജ്യങ്ങളിൽ ഇതുവരെയുണ്ടായിട്ടില്ല- വിശേഷിച്ച് ആധുനിക കാലത്ത്. പൂർവാധുനികകാലത്ത് പ്ലേഗ് പോലുള്ള മഹാമാരികൾ തീർച്ചയായും ലക്ഷോപലക്ഷം കൂട്ടമരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അമേരിക്കയുടെ കാര്യമെടുക്കുക. അമേരിക്കൻ സ്വാതന്ത്ര്യസമരം, ആഭ്യന്തരയുദ്ധം, രണ്ടുലോകമഹായുദ്ധങ്ങൾ, വിയറ്റ്‌നാം യുദ്ധം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം അമേരിക്കക്കാരുടെ ജീവനെടുത്തത് കൊറോണയാണ്. ഇറ്റലി, സ്‌പെയിൻ, ജർമ്മനി, ബ്രിട്ടൻ മുതലായ പാശ്ചാത്യരാജ്യങ്ങളിലും മരണസംഖ്യ പ്രതിദിനം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് മനുഷ്യരാശി ആർജ്ജിച്ച ഉജ്വലമായ ശാസ്ത്രനേട്ടങ്ങളെല്ലാം അദൃശ്യമായ ഒരു രോഗാണുവിന് മുമ്പിൽ നിഷ്പ്രഭമായി മാറുന്ന കാഴ്ചയാണ്.

കൊറോണക്ക് മതസ്വത്വം നൽകി വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാര മനസ്സിനെ നിരീക്ഷിക്കുമ്പോൾ ഒരുകാര്യം വ്യക്തമാവുന്നു: നമ്മുടെ ദുഷ്ടത ശമനമില്ലാത്ത രോഗമാണ്.

ശ്രദ്ധേയമായ മറ്റൊരു സംഗതി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി പാരിസ്ഥിതികനാശവും അന്തരീക്ഷമലിനീകരണവും കുറയ്ക്കാൻ എത്രയോ വ്യക്തികളും സംഘടനകളും അഹോരാത്രം പ്രചാരണ പ്രവർത്തനം നടത്തിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം വർഷങ്ങളായി ആഗോളതലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പക്ഷേ ദുരമൂത്ത വൻശക്തികളും നാനാജാതി ഭരണകൂടങ്ങളും അവരുടെ യഥാർത്ഥ യജമാനന്മാരായ കോർപറേറ്റ് ഭീമന്മാരും പരിസ്ഥിതി സംരക്ഷണത്തിനുള്ള സകല ക്രമങ്ങളേയും നിരന്തരം പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ലോകം നശിച്ചാലും തങ്ങളുടെ കൊളളലാഭം കുറയരുതെന്ന ഒറ്റവാശിയായിരുന്നു ഇതിനുപിന്നിൽ. നിഷേധകരുടെ മുൻനിരയിൽ അമേരിക്കൻ പ്രസിഡന്റുമുണ്ടായിരുന്നുവെന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല. ഇന്ത്യയിലാണെങ്കിൽ രാജ്യ തലസ്ഥാനം ലോകത്തെ ഏറ്റവും മലിനീകൃത നഗരമാണ്. മാത്രവുമല്ല, ഏറ്റവും ദുഷിച്ച അന്തരീക്ഷമുള്ള ലോകനഗരങ്ങളുടെ കരിമ്പട്ടികയിൽ ഇന്ത്യയിലെ മഹാനഗരങ്ങളെല്ലാമുണ്ട്. ഇതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സാധ്യമാവാതിരുന്നതും ദുരയുടെ സർവാധീശത്വം മൂലമാണ്.
പക്ഷേ, ഇപ്പോഴിതാ പതിറ്റാണ്ടുകളായി പരിസ്ഥിതി പ്രവർത്തകർ പരാജയപ്പെട്ടിടത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു സൂക്ഷ്മജീവി അത്യസാധാരണ വിജയം കൈവരിച്ചിരിക്കുന്നു. ജലന്ധർ നിവാസികൾ തങ്ങളുടെ മട്ടുപ്പാവുകളിൽനിന്ന് ഇരുനൂറിലധികം കിലോമീറ്ററുകളകലെയുള്ള ഹിമാലയശൃംഗങ്ങളുടെ ദർശനസുകൃതത്തിൽ ആവേശഭരിതരാവുന്നതിന്റെ വാർത്തകളാണ് കഴിഞ്ഞയാഴ്ച നാം കേട്ടത്. ജലന്ധറിലെ പ്രായമേറിയ താമസക്കാർക്ക് പോലും ഒരിക്കൽപ്പോലും കൈവന്നിട്ടില്ലാത്ത മഹാഭാഗ്യമാണ് കൊറോണ ആഴ്ചകൾക്കുള്ളിൽ സാധ്യമാക്കിയത്.

സമാന വാർത്തകൾ വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നുണ്ട്. നാം കാട് കാണാൻ പോകുന്നതുപോലെ വിനോദസഞ്ചാരികളായി നഗരങ്ങളിലേക്കെഴുന്നള്ളുന്ന വന്യമൃഗങ്ങളുടെ ചേതോഹരദൃശ്യങ്ങൾ, ജീവിതത്തിലാദ്യമായി ശുദ്ധവായു ശ്വസിക്കുന്നതിന്റെ ഹർഷം പങ്കിടുന്ന നഗരവാസികൾ- പ്രാക്തന വിശുദ്ധിയിലേക്ക് പൊടുന്നനെ സംക്രമിക്കുന്ന മഹാനദികളും പർവതങ്ങളും ഒരു ഭാഗത്ത്, കൊറോണ ലോകമനസ്സിനെ മരണഭീതിയിൽ അമ്മാനമാടുമ്പോഴും മറുഭാഗത്ത് മനുഷ്യരാശി പ്രകൃതിയോട് കാണിച്ച മഹാദ്രോഹങ്ങൾക്ക് താൽക്കാലികമായെങ്കിലും പരിഹാരമടിച്ചേൽപ്പിക്കുകയായിരുന്നു. കൊറോണ നമ്മോട് ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങ് പാതകങ്ങളാണല്ലോ നൂറ്റാണ്ടുകളായി മനുഷ്യൻ പ്രകൃതിയോട് ചെയ്തുകൊണ്ടിരിക്കുന്നത്.

ജലന്ധറിൽ നിന്നുള്ള ഹിമാലയക്കാഴ്ച
ജലന്ധറിൽ നിന്നുള്ള ഹിമാലയക്കാഴ്ച

ചുരുക്കത്തിൽ പറഞ്ഞാൽ അഭൂതപൂർവകവും ചരിത്രത്തിൽ തുല്യതയില്ലാത്തതുമായ നിർണായക ചരിത്ര സന്ധിയിലാണിന്ന് നാം. ഇതെത്രനാൾ നീളുമെന്ന് ആർക്കുമറിയില്ല. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ മാരകമല്ലെങ്കിലും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് വ്യാപനം തുടരുകയാണ്. ഇന്ത്യയിൽ രോഗികളുടെ എണ്ണം 6761 കടന്നു. ഇതരരാജ്യങ്ങളുടെ അനുഭവം 5000മോ 10,000മോ കടന്നാൽ ജ്യാമിതീയ വികാസമാണ് രോഗവ്യാപനത്തിനെന്നാണ്. ആഫ്രിക്ക ശൈത്യകാലത്തിന്റെ പടിവാതിൽക്കലാണ്.

നാം നേരിടുന്ന അജ്ഞേയശത്രു മനുഷ്യരാശിക്കായി കരുതിവെച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന കാര്യം പ്രവചനാതീതമായി തുടരുകയാണ്.

ശോചനീയമാംവിധം മോശമായ ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വ്യാപിച്ചാൽ പ്രതിസന്ധി അപ്രവചനീയമാംവിധം രൂക്ഷമാകും. ആഫ്രിക്ക ശൈത്യത്തിൽ നിന്ന് പുറത്ത് വരുമ്പോഴേക്ക് ലോകത്തിന്റെ മറുഭാഗങ്ങളിൽ തണുപ്പിന്റെ തുടക്കമാകും. നാം നേരിടുന്ന അജ്ഞേയശത്രു മനുഷ്യരാശിക്കായി കരുതിവെച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന കാര്യം പ്രവചനാതീതമായി തുടരുകയാണ്. അതിനിടെ, കൊറോണാനന്തരകാലം എന്തൊക്കെ പുതുമകളാണ് മനുഷ്യരാശിക്ക് കരുതിവച്ചിരിക്കുന്നതെന്നത് ഹ്രസ്വമായി അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ശിഷ്ടഭാഗത്ത്.
കൊറോണാനന്തര സാധ്യതകൾ
മുമ്പു സൂചിപ്പിച്ചപോലെ താരതമ്യമില്ലാത്ത മാറ്റങ്ങളുടെ പടിവാതിൽക്കലാണ് നാം. മുതലാളിത്ത വ്യവസ്ഥയുടെ അന്ത്യദശയിലാണ് ലോകമെന്ന പ്രവചനം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനമായിരിക്കും കൊറോണയുടെ മുഖ്യ സംഭാവനയെന്ന് ഉറച്ചുവിശ്വസിക്കുന്ന ഇടതുപക്ഷ ചിന്തകരുണ്ട്. അതൊരാഗ്രഹ ചിന്ത മാത്രമായിരിക്കുമെന്നാണ് തോന്നുന്നത്. മറ്റെല്ലാ സാമ്പത്തിക വ്യവസ്ഥകളിൽ നിന്നും മുതലാളിത്തത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിസ്മയകരമായ മെയ് വഴക്കമാണ്. മൗലികങ്ങളായ ചില മാറ്റങ്ങൾക്ക് മുതലാളിത്തം, വിശിഷ്യാ നവലിബറൽ മുതലാളിത്തം, വഴങ്ങേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. അത് പക്ഷേ പ്രതിരാജ്യഭിന്നമായിരിക്കാനാണ് സാധ്യത.

പൊതുവിൽ മൂന്നു കാര്യങ്ങളിൽ സമഗ്രമാറ്റം പ്രവചിക്കാനാവുമെന്ന് പറയാം. ഒന്നാമത്, ആഗോളവൽക്കരണത്തിന്റെ വ്യാപ്തിയും തോതും ഗണ്യമായി ക്ഷയിക്കും. രാജ്യാതിർത്തികളുടെ പങ്കും കമ്പോളങ്ങൾക്കുമേലുള്ള ഭരണകൂട നിയന്ത്രണവും വർധിക്കും. ഭരണകൂട മുതലാളിത്ത (State capitalism)ത്തിലേക്കുള്ള പരിവർത്തനം ലോക സമ്പദ്വ്യവസ്ഥയെ പുതിയൊരു മൗലികഘട്ടത്തിലേക്ക് സംക്രമിപ്പിക്കും. ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക ലോകരാജ്യങ്ങളിൽ പലതും സ്വീകരിക്കാൻ തുടങ്ങും.
രണ്ടാമതായി, വിനിമയമൂല്യത്തിനും ആനുഭാവിക മൂല്യത്തിനുമിടയിൽ ഒരു സന്തുലിതത്വം ആധുനിക ചരിത്രത്തിലാദ്യമായി സംഭവിക്കാൻ സാധ്യത തെളിയുന്നുണ്ട്. ഇതിലൊരൽപം വിശദീകരണമാവശ്യമാണ്. കമ്പോളങ്ങളുള്ള സമൂഹത്തിൽനിന്ന് കമ്പോള സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന്റെ കേന്ദ്രഘടകം ജീവിതത്തിലെ സകലകാര്യങ്ങൾക്കും അവയുടെ ആനുഭാവികമൂല്യം (Experiential value) നഷ്ടപ്പെടുകയും അതിന്റെ സ്ഥാനത്ത് വിനിമയമൂല്യം (Exchange value) ആധിപത്യം നേടുകയുമാണ്. നന്മകൾ, അല്ലെങ്കിൽ നല്ല കാര്യങ്ങൾ (Goods) വെറും ചരക്കായി മാറുന്ന (Commodities) പ്രക്രിയയാണിത്. ജീവിതത്തിന്റെ സമസ്ത കാര്യങ്ങളും വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തപ്പെടുന്ന ഒരവസ്ഥ.

വിനിമയമൂല്യത്തിനും ആനുഭാവിക മൂല്യത്തിനുമിടയിൽ ഒരു സന്തുലിതത്വം ആധുനിക ചരിത്രത്തിലാദ്യമായി സംഭവിക്കാൻ സാധ്യത തെളിയുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകൾ വിനിമയ മൂല്യത്തിനപ്പുറം എന്തുമാത്രം ആനുഭാവികമൂല്യം ജീവിതത്തിലെ കൊച്ചു കൊച്ചു സംഗതികൾക്ക് പോലുമുണ്ടെന്ന് ബോധ്യപ്പെടുത്തിയ കാലമായിരുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പൊതുഘടന നിലനിൽക്കുമെങ്കിലും ആനുഭാവികമൂല്യങ്ങളുടെ പ്രാധാന്യം മനുഷ്യജീവിതത്തിലേക്ക് തിരിച്ചുവരുന്നത് തീർച്ചയായും നല്ലതാണ്. ജീവിതത്തിന്റെ യന്ത്രവൽക്കരണത്തിനും വികാരവിരേചനത്തിനും അതൊരു മറുമരുന്നാകും. വിസ്താരഭയംമൂലം നീട്ടുനിന്നില്ല. ഇത് കുറേക്കൂടി വിശദീകരിക്കേണ്ട വിഷയമാണ്.

മൂന്നാമതായി, കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി ഇന്ത്യ പോലെ വൈകിമാത്രം ഉദാരവൽകരണ വിധേയമായ രാജ്യങ്ങളും അതിന് വളരെ മുമ്പുതന്നെ പ്രസ്തുത പ്രക്രിയ പൂർത്തിയാക്കിയ രാജ്യങ്ങളും അവയെ വിജയഗാഥകളാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ഉപയോഗിച്ചിരുന്നത് അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പളപളപ്പും ആഡംബരപൂർണമായ മേലാപ്പുമായിരുന്നു. പുതുതായി മധ്യവർഗത്തിലേക്ക് ജ്ഞാസ്‌നാനം ചെയ്യപ്പെട്ട വലിയൊരു വിഭാഗത്തിന്റെ ജീവിതശൈലിയിൽ വന്ന വമ്പിച്ച മാറ്റങ്ങൾ നവലിബറൽ വ്യവസ്ഥയുടെ ഗുണവശങ്ങളെ പെരുപ്പിച്ചുകാണിക്കുകയും പ്രകൃതിചൂഷണത്തേയും ഭരണകൂടങ്ങളുടെ കോർപറേറ്റ്വൽകരണത്തേയുമൊക്കെ മറച്ചുവെക്കുകയും ചെയ്തു. മധ്യവർഗമാണല്ലോ പൊതുബോധം രൂപീകരിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.

ഇതിന്റെയെല്ലാം ഫലം 1980കളുടേയും 1990കളുടേയും അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. ഇന്റർനെറ്റ് സൗകര്യങ്ങളുള്ള 1980കൾ, അല്ലെങ്കിൽ 1990കൾ.

ഈ അവസ്ഥ പൂർണമായും മാറും. വരാനുള്ള ഏതാനും മാസങ്ങളിൽ കോടാനുകോടി മധ്യവർഗ- ഉപരിമധ്യവർഗ വ്യക്തികൾ തൊഴിൽ രഹിതരാവും. കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ ഒരു കോടിയോളം ആളുകൾക്ക് അമേരിക്കയിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വാർത്ത. അതോടൊപ്പം വലിയൊരു വിഭാഗം ചെറുതും വലുതുമായ വാണിജ്യ സ്ഥാപനങ്ങളും കോർപറേറ്റുകളും കുത്തുപാളയെടുക്കും. കോടാനുകോടി വ്യക്തികളും സ്ഥാപനങ്ങളും വായ്പകൾ തിരിച്ചടക്കാനാവാതെ ഗതിമുട്ടുമ്പോൾ ബാങ്കിങ് വ്യവസ്ഥ 2008-2009ൽ കണ്ടതിനേക്കാൾ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.

ഇതിന്റെയെല്ലാം ഫലം 1980കളുടേയും 1990കളുടേയും അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായിരിക്കും. ഇന്റർനെറ്റ് സൗകര്യങ്ങളുള്ള 1980കൾ, അല്ലെങ്കിൽ 1990കൾ. ഇത്തരമൊരു മാറ്റം ലോകജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ ദുരിതക്കയത്തിലേക്കെടുത്തെറിയും. ജീവിതസൗകര്യങ്ങളിലും ശൈലിയിലുമൊക്കെ മൗലികമാറ്റം വരുത്താൻ ഓരോ സാമ്പത്തികവർഗവും നിർബന്ധിതരാവും. ഉപരിമധ്യമവർഗം മധ്യവർഗത്തിലേക്കും ഇറങ്ങിവരും. സാമ്പത്തികമായ ഈ ക്ഷയം പക്ഷേ ജീവിതത്തിന് നഷ്ടപ്പെട്ട ചെറിയ ചെറിയ ധന്യതകളെ പുനരാനയിക്കാൻ നിമിത്തമാകുമെന്നുള്ളതാണ് ഇതിലെ ഒരേയൊരു മെച്ചം.

കൊറോണാനന്തര മതം, ആത്മീയത
കൊറോണാനന്തര കാലത്തെ മതം എങ്ങനെയായിക്കും? ഇതിനുത്തരം പറയുക എളുപ്പമല്ല. അതിന് കാരണം മതം, ദേശീയത തുടങ്ങിയ സംഗതികൾ യുക്തിബോധത്തേക്കാളും പ്രാഥമിക വൈകാരികതയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. മനുഷ്യൻ അൽപമെങ്കിലും യുക്തിഭദ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണെങ്കിൽ സംഘടിത മതത്തിന്റെ സാമൂഹ്യ പ്രസക്തി ക്ഷയിക്കാനാണ് സാധ്യത. മഹാഭൂരിഭാഗം മതസംഘടനകളും ആൾദൈവങ്ങളുമൊക്കെ വൈറസിന്റെ അശ്വമേധം തുടങ്ങിയ സമയത്ത് തന്നെ ആയുധം വെച്ച് കീഴടങ്ങുകയും ശാസ്ത്രവും ഭരണകൂടവും നൽകുന്ന നിർദേശങ്ങൾക്ക് വഴിപ്പെടുകയുമാണ് ചെയ്തത്.

അത് തീർച്ചയായും സ്വാഗതാർഹമായിരുന്നു. സകലരോഗങ്ങളും പ്രാർത്ഥനയിലൂടെ മാറ്റുമെന്നവകാശപ്പെട്ടിരുന്ന ധ്യാനകേന്ദ്രങ്ങളൊന്നും കൊറോണയെ തോൽപ്പിക്കാൻ ദിവ്യാത്ഭുത പ്രദർശനങ്ങളൊന്നും നടത്തിയതായറിവില്ല. പ്രമുഖ ആൾദൈവങ്ങളാകട്ടെ, തുടക്കത്തിൽ തന്നെ തന്ത്രപൂർവം രംഗത്തുനിന്ന് നിഷ്‌ക്രമിച്ചു. ജനം ബുദ്ധി ഉപയോഗിക്കുമെങ്കിൽ - അതിനുള്ള സാധ്യത കുറവാണ്- സംഘടിതമതം അടിസ്ഥാനപരമായി അർഥശൂന്യവും അധികാര പ്രയോഗവുമാക്കി ബന്ധപ്പെട്ട ഒരു ഘടനയുടെ ചട്ടുകം മാത്രമാണെന്നും തിരിച്ചറിയാനാണ് വഴി. പക്ഷേ അക്കാര്യത്തിൽ പ്രവചനം ദുഃസാധ്യമാണ്. മതം വിസ്മയിപ്പിക്കുന്ന മെയ്വഴക്കമാണ്- മുതലാളിത്തം പോലെ തന്നെ- ചരിത്രത്തിലുടനീളം പ്രദർശിപ്പിച്ചിട്ടുള്ളത്.
അതേസമയം, ആത്മീയത അതിന്റെ പ്രാചീന വിശുദ്ധയിൽ ഒരു തിരിച്ചുവരവ് നടത്താൻ സാധ്യത തെളിയുന്നുണ്ട്. ശാസ്ത്രീയ നേട്ടങ്ങളും മനുഷ്യബുദ്ധിയുടെ അതീവ വിസ്മയകരമായ മഹാസിദ്ധികളുമൊക്കെ നമ്മുടെ കണ്ണഞ്ചിപ്പിക്കുകയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും മേലുള്ള നമ്മുടെ അധീശത്വത്തെക്കുറിച്ച് മനുഷ്യൻ ഏറ്റവും കൂടുതൽ മേനി പറയുകയും ചെയ്ത ചരിത്രഘട്ടമാണ് ആധുനിക കാലം. അങ്ങനെയുള്ള ആധുനിക കാലഘട്ടത്തിലും ചില ആത്യന്തിക നിസ്സഹായതകൾ നമ്മെ ഹതാശരും അനാഥരും അശരണരുമാക്കുമെന്ന് ഓരോ ദിവസവും നാമനുഭവിക്കുകയാണ് കൊറോണക്കാലത്ത്.

മതം വിസ്മയിപ്പിക്കുന്ന മെയ്വഴക്കമാണ്- മുതലാളിത്തം പോലെ തന്നെ- ചരിത്രത്തിലുടനീളം പ്രദർശിപ്പിച്ചിട്ടുള്ളത്.

അത്തരം ആത്യന്തിക നിസ്സഹായതിൽ മനുഷ്യമനസ്സിന് ആശ്വാസത്തിന്റെ തെളിനീരാകാൻ കഴിയുന്ന ഒരേയൊരു സംഗതി ആത്മീയതയാണ്. യുക്ത്യതീതമെങ്കിലും -അല്ലെങ്കിൽ യുക്തിരഹിതമെങ്കിലും- മഹാപ്രപഞ്ചത്തിലെ ഒരു നിസ്സാരജീവിയാണ് താനെന്ന തിരിച്ചറിവിലേക്കും അതുവഴിയുണ്ടാവുന്ന സ്വാഭാവികമായ വ്യക്തി- സമഷ്ടിവിനയത്തിനും ആത്മീയത മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ഒരു ബുദ്ധനോ ഗാന്ധിയോ സാധ്യമാവുന്നത് അത്തരം വിനയം മൂലമാണ്. മതാത്മകമായാലും അല്ലെങ്കിലും ആത്മീയതയ്ക്ക് മനുഷ്യജീവിതത്തിൽ വലിയ അർത്ഥപൂർണതയും പ്രസക്തിയുമുണ്ട്. സംഘടിത മതത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് മുക്തിനേടാനും പ്രാപഞ്ചികാവബോധം മുഖമുദ്രയായ ഒരു ആത്മീയതയിലേക്ക് സംക്രമിക്കാനും കൊറോണക്കാലം നിമിത്തമാകുമോ? കാത്തിരുന്ന് കാണുക മാത്രമേ വഴിയുള്ളൂ.
പ്രതീതിയാഥാർത്ഥ്യത്തിന്റെ ആഗോളവൽകരണം
കൊറോണാനന്തര ലോകത്തിന്റെ കേന്ദ്രബിന്ദുവാകാൻ പോകുന്ന ഘടകം നിസ്സംശയമായും പ്രതീതിയാഥാർത്ഥ്യമാണ്. (Virtual Reality) ജോൺ ഗ്രേയെ ഉദ്ധരിച്ചുകൊണ്ടാണല്ലോ ഈ ലേഖനം തുടങ്ങിയത്.
'നമ്മുടെ ജീവിതങ്ങൾ ശാരീരികവും ഭൗതികവുമായി കൂടുതൽ ചുരുങ്ങുകയും മുമ്പില്ലാത്തത്ര പ്രതീതിയാഥാർത്ഥ്യത്തിലേക്ക് സംക്രമിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ശരീരം കൊണ്ടുള്ള അടുപ്പങ്ങൾ - തെരുവിലിറങ്ങുന്നതുമുതൽ കിടപ്പറയുടെ തീവ്രസ്വകാര്യതയിൽ വരെ- അപകട സ്രോതസ്സാണെന്ന പൊതുബോധം രൂഢമൂലമാക്കുകയാണല്ലോ കൊറോണവൈറസ് കുറേ ആഴ്ചകളായി ചെയ്തുകൊണ്ടിരിക്കുന്നത്. നിരന്തരമായ യാത്രകൾ, ആകസ്മികമായ ശാരീരിക ബന്ധങ്ങൾ, മറ്റുമനുഷ്യരുമായി അകലം പാലിക്കാത്ത ഇടപഴകലുകൾ, പൊതുസ്ഥലങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കൽ- ഇതെല്ലാം വിപത് സാധ്യതകളെക്കുറിച്ചുള്ള ബോധമാണ് നമ്മിലിന്ന് സൃഷ്ടിക്കുന്നത്. പരിചിതനോ അപരിചിതനോ ആയ ഒരാൾക്ക് ഹസ്തദാനം ചെയ്യുന്നതുപോലും നൂറുവട്ടം ചിന്തിച്ച് ചെയ്യേണ്ട അപകട സാധ്യതയുള്ള ഒരു പ്രവൃത്തിയായി മാറിക്കഴിഞ്ഞു.

ഒരു മഹാചരിത്ര സന്ധിയിലെ പങ്കാളികളും ദൃക്‌സാക്ഷികളുമാണ് നാമെല്ലാം. കൊറോണക്കു മുമ്പും പിമ്പുമെന്ന് വ്യവഹരിക്കപ്പെട്ടേക്കാവുന്ന ഒരു ദശാസന്ധിയിൽ ജീവിക്കാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ കരഗതമായവർ.

സഹജീവികളുമായും വിശാലലോകവുമായും ശാരീരികമായി അകലം പാലിക്കാനുള്ള തീവ്രപരിശീലനമാണ് നാമിക്കഴിഞ്ഞ ആഴ്ചകളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നാമിതുവരെ ശീലിച്ചുപോന്ന സാമൂഹ്യ സക്രിയതയുടേയും സഹജീവികളുമായുള്ള ഇടപഴകലിന്റെയും അടിസ്ഥാനരീതികളും ഭാവങ്ങളും സമ്പൂർണമായി മാറിക്കഴിഞ്ഞു. കൊറോണക്കാലം കഴിഞ്ഞയുടനെ നാം പഴയ രീതികളിലേക്ക് അയത്‌നലളിതമായി തിരിച്ചുപോകാനുള്ള സാധ്യത ദുഷ്‌കരമാണ്. മാനസികമായ അടുപ്പങ്ങളും വൈകാരികമായ അനുഭവങ്ങളുമില്ലാതെ മനുഷ്യജീവിതം സാധ്യമല്ല. പക്ഷേ അതിനുള്ള മൂന്നുപാധിയായ ശാരീരിക സാമീപ്യം അപകടകരമായ കാര്യമാണെന്ന ബോധ്യം നമ്മുടെ തലച്ചോറിൽ ഇടംപിടിച്ചു കഴിയുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രതീതിയാഥാർത്ഥ്യം (virtual reality) വഴിയായിരിക്കും വരുംനാളുകളിൽ സഹജീവികളോടും വിശാലമായ ലോകത്തോടുമുള്ള നമ്മുടെ കൊടുക്കൽ വാങ്ങലുകൾ നടക്കുക.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ 1980കളിലേക്കോ 1990കളിലേക്കോ നാം പിൻവാങ്ങുമ്പോൾ നമ്മുടെ മാറിയ ജീവിതരീതികളിൽ നമ്മുടെ തുണയാവുക ടെക്‌നോളജി മാത്രമാവും. യഥാർത്ഥ്യവുമായുള്ള അഭിമുഖീകരണത്തെ പേടിച്ച് നാം നമ്മുടെ ചെറുവൃത്തങ്ങളിലേക്ക് ചുരുങ്ങുമ്പോൾ യാഥാർത്ഥ്യം നമ്മുടെ കമ്പ്യൂട്ടർ ഫോൺ സ്‌ക്രീനിലേക്ക് കൂടുവിട്ട് കൂട് മാറും. പ്രതീതി യാഥാർത്ഥ്യം (അതോ യാഥാർത്ഥ്യ പ്രതീതിയോ?) സുരക്ഷിതവും അതേസമയം പ്രായോഗിക സൗകര്യങ്ങളൊരുക്കുന്നതുമായ ഒരു ബദൽ അനുഭവമായി നമ്മുടെ ജീവിതത്തിൽ സ്ഥിരസാന്നിധ്യമാകും. ജോൺ ഗ്രേ ഇത് ഇങ്ങനെ വിവരിക്കുന്നു:
'നമ്മുടെ ഇന്നത്തെ പരവശതയുമായി പൊരുത്തപ്പെടാൻ സാങ്കേതികവിദ്യ നമ്മെ സഹായിക്കും. സൈബർ ലോകത്തേക്ക് നമ്മുടെ മിക്ക പ്രവൃത്തികളേയും പറച്ചുനടുകവഴി ശാരീരികമായ ചലനാത്മകത കുറക്കാനാവും. ജോലിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ, സാധാരണ ശസ്ത്രക്രിയകൾ, മറ്റു പ്രവൃത്തി കേന്ദ്രങ്ങൾ ഇവയെല്ലാം മാറും. പ്രതീതിയാഥാർത്ഥ്യത്തെ ചുറ്റിപ്പറ്റി ഈ മഹാമാരിക്കാലത്ത് നാം സൃഷ്ടിച്ചെടുത്ത കൂട്ടായ്മകൾ ആളുകളെ മുമ്പത്തേക്കാൾ പരസ്പരമറിയാൻ സഹായിച്ചു.'
'മഹാമാരി കുറയുന്നതോടെ ആഘോഷങ്ങളുണ്ടാകും. പക്ഷേ രോഗസംക്രമണത്തിന്റെ ഭീഷണി പൂർണമായും ഇല്ലാതാക്കുന്ന ഒരു ഘട്ടം ദുഃസാധ്യമാണ്. 'സെക്കന്റ് ലൈഫ്' എന്ന പുസ്തകത്തിലുള്ളതുപോലെ പല ആളുകളും ഓൺലൈൻ പരിസരങ്ങലേക്ക് ഇടംമാറും. മനുഷ്യർ പരസ്പരം കാണുകയും കച്ചവടം നടത്തുകയും തങ്ങൾ തെരഞ്ഞെടുക്കുന്ന ലോകങ്ങളിലും സംഘടനകളിലും പരസ്പരം ഇടപഴകുകയും ചെയ്യുന്ന പ്രതീതി യാഥാർത്ഥ്യത്തിന്റെ ഒരു ലോകം.

അനുരൂപീകരണത്തിന്റെ മറ്റു ചില വഴികളാകട്ടെ സദാചാരവാദികൾക്ക് അലോസരമുണ്ടാക്കും. ഓൺലൈൻ പോർണോഗ്രാഫി കത്തിപ്പടരും. ഇന്റർനെറ്റിൽ പുഷ്പിക്കുന്ന രതിബന്ധങ്ങളാകട്ടെ ശരീരങ്ങൾ നേരിട്ടൊരിക്കലും സംഗമിക്കാത്ത കാമവിനിമയങ്ങൾ മാത്രമായവശേഷിക്കും. മാംസനിബന്ധമായ സമാഗമത്തിന്റെ പ്രതീതി ജനിപ്പിക്കാൻ വർധിത യാഥാർത്ഥ്യ സാങ്കേതികവിദ്യയുടെ സഹായം തേടാം. (Augmented Reality Technology). പ്രതീതിയാഥാർത്ഥ്യലോകത്തെ രതി താമസിയാതെ സ്വാഭാവികവും സാധാരണവുമായി കണക്കാക്കപ്പെടും. ഇത് നല്ലൊരു ജീവിതത്തിലേക്കുള്ള പരിണാമമാണോ എന്നത് തീർച്ചയായും നമുക്കുയർത്താവുന്ന പ്രയോജനപ്രദമായ ഒരു ചോദ്യമല്ല. യുദ്ധത്തിനും പ്രകൃതി ദുരന്തങ്ങൾക്കും ഛിന്നഭിന്നമാക്കാവുന്ന ഒരടിത്തറയിന്മേലാണ് സൈബർലോകം കെട്ടിപ്പടുത്തിരിക്കുന്നത്. വിദൂരകാലത്ത് പ്ലേഗ് പോലുള്ള മഹാമാരികളുളവാക്കിയ ഒറ്റപ്പെടലിനെ മറികടക്കാൻ ഇന്റർനെറ്റ് നമ്മെ സഹായിക്കുന്നു. നശ്വരമായ മനുഷ്യമാംസത്തിന്റെ മൃത്യുന്മുഖാവസ്ഥയിൽനിന്ന് രക്ഷപ്പെടാനോ പുരോഗതിയുടെ വൈരുദ്ധ്യങ്ങളിൽ നിന്ന് ഒളിച്ചോടാനോ ഇന്റർനെറ്റ് നമ്മെ സഹായിക്കില്ല'.
വരുന്ന ലോകം എങ്ങനെയായാലും ഒരു കാര്യം നാമറിയുക. ഒരു മഹാചരിത്ര സന്ധിയിലെ പങ്കാളികളും ദൃക്‌സാക്ഷികളുമാണ് നാമെല്ലാം. കൊറോണക്കു മുമ്പും പിമ്പുമെന്ന് വ്യവഹരിക്കപ്പെട്ടേക്കാവുന്ന ഒരു ദശാസന്ധിയിൽ ജീവിക്കാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ കരഗതമായവർ. വിനിമയമൂല്യം ലവലേശമിലല്ലാത്ത, ആനുഭാവികമൂല്യം ധാരാളമുള്ള ഒരപൂർവാനുഭവം.


Summary: Shajahan Madambatt observes the communalism of the sangh parivar as the most dangerous virus like COVID-19.


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments