കോവിഡിനെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തെരുവിൽ വിതരണം ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാനെത്തിയവരുടെ നീണ്ടനിര. 2020 ജൂണിൽ ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്ന്. / Photo: Nelson Antoine, shutterstock

കോവിഡ് മഹാമാരിക്കുള്ളിലുണ്ട്​ വംശീയതയുടെ മഹാമാരികൾ

സമ്പന്ന രാജ്യങ്ങളിൽ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരേയും തൊഴിലാളികളേയും ന്യൂനപക്ഷ വംശജരേയും, കറുത്ത വർഗക്കാരെയുമായിരുന്നു- കോവിഡ്​ ബാധിതരുടെ സാമൂഹ്യസ്വഭാവം പരിശോധിക്കപ്പെടുന്നു

കോവിഡിന്റെ ആദ്യഘട്ടത്തിൽ മഹാമാരി വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒരുമിച്ചാണെന്നും (We're all in this together) ലോക മാധ്യമങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കോവിഡ് ബാധിതരുടെ സാമൂഹ്യ സ്വഭാവം പരിശോധിക്കുമ്പോൾ വ്യത്യസ്ത ചിത്രമാണ് ലഭിക്കുന്നത്. സമ്പന്ന രാജ്യങ്ങളിൽ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരേയും തൊഴിലാളികളേയും ന്യൂനപക്ഷ വംശജരേയും, കറുത്ത വർഗക്കാരെയുമായിരുന്നു. ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസസ് വിവിധ ജനവിഭാഗങ്ങളുടെ രോഗബാധയുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനസംഖ്യയിൽ 15 ശതമാനം വരുന്ന കറുത്തവർ, ഏഷ്യക്കാർ, ന്യൂനപക്ഷ വംശം (Black, Asian, Minority Ethnic: BAME) എന്നീ വിഭാഗക്കാരാണ് മരിച്ചവരിൽ 19 ശതമാനവും. വെള്ളക്കാരെക്കാൾ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരിലെ മരണനിരക്ക് ഇരട്ടിയായി കാണപ്പെട്ടു. മറ്റൊരു പഠനമനുസരിച്ച്, വെള്ളക്കാരെക്കാൾ കറുത്തവർക്ക് 71 ശതമാനവും ഏഷ്യക്കാർക്ക് 62 ശതമാനവും മരണസാധ്യത കൂടുതലാണെന്ന് വ്യക്തമായി.

ധനികരായ അമേരിക്കക്കാർ പോലും രോഗഭയം മൂലം ന്യൂയോർക്ക് പോലുള്ള നഗരങ്ങളിൽ നിന്ന്​ പ്രാന്തപ്രദേശത്തുള്ള വീടുകളിലേക്ക് താമസം മാറ്റി രക്ഷപ്പെടാൻ ശ്രമിക്കയാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഏപ്രിൽ മധ്യത്തോടെ രോഗം കൂടുതലായി കാണപ്പെടുന്നതും മരണവും കറുത്തവർ, ലാറ്റിനോസ്, തദ്ദേശീയ അമേരിക്കക്കാർ, ഏഷ്യൻ അമേരിക്കക്കാർ എന്നിവരിലാണെന്ന് വ്യക്തമായി. ചിക്കാഗോയിൽ 30 ശതമാനമുള്ള കറുത്തവരായിരുന്നു മരണത്തി​ന്റെ 68 ശതമാനവും.

കോവിഡ് മഹാമാരിയെ തുടർന്ന് പട്ടിണിയിലായ കെനിയൻ കുടുംബം / Photo: Sven Torfinn, Oxfam Novib
കോവിഡ് മഹാമാരിയെ തുടർന്ന് പട്ടിണിയിലായ കെനിയൻ കുടുംബം / Photo: Sven Torfinn, Oxfam Novib

വംശീയതയും അസമത്വവും കോവിഡ് മരണനിരക്ക് വർധിപ്പിച്ച് പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയായും (Crisis within a Crisis), മഹാമാരിക്കുള്ളിലെ മഹാമാരിയായും (Pandemic within a Pandemic) മാറിയിട്ടുണ്ടെന്നും മാധ്യമങ്ങൾ നിരീക്ഷിച്ചു. കോവിഡ് വ്യാപനത്തിലെ അസമത്വ വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ച സി.ഡി.സി (Centre for Disease Control) യിൽ നിന്ന്​ കേസ് നടത്തിയാണ് ന്യൂയോർക്ക് ടൈസ് വിവരശേഖരം നടത്തിയത്. ദി ബ്ലാക്ക് ലിവ്‌സ് മാറ്റർ (The Black Lives Matter) പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന പ്രസ്ഥാനങ്ങൾ, കോവിഡ് കാലം കൂടുതലായി വെളിപ്പെടുത്തുന്ന പൊതുജനാരോഗ്യമേഖലയിലെ സാമൂഹ്യാസമത്വങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രപരിചരണത്തിന്​ രോഗികളെ തെരഞ്ഞെടുക്കുമ്പോൾ (Triage) എല്ലാ നൈതിക, വൈദ്യശാസ്ത്ര മാനദണ്ഡങ്ങളും ലംഘിച്ച് ന്യൂനപക്ഷവിഭാഗത്തിലുള്ള അർഹരെ ഒഴിവാക്കി ധനിക വെള്ളക്കാരെ തെരഞ്ഞെടുക്കുന്ന നിരവധി സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്. സാവകാശം നടക്കുന്ന നിശബ്ദമായ വംശഹത്യയാണിതെന്നാണ് (Silent Genocide) ചില വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോവിഡ് കണക്ക്​ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന വൈറ്റ് ഹൗസ് കർമസമിതി (The White House Coronavirus Task Force) ന്യൂനപക്ഷ വിവേചനം പുറത്തുവന്ന് തുടങ്ങിയതോടെ മാധ്യമങ്ങളെ കാണുന്നത് തന്നെ നിർത്തിവച്ചിരുന്നു.

കറുത്തവരുടെ പക്കലുള്ള കൃഷിസ്ഥലങ്ങളും മറ്റും പിടിച്ചെടുത്ത് അവരെ ഒഴിവാക്കാനും അവരുടെ ഉന്മൂലനം എളുപ്പമാക്കാനും കാർഷിക- വ്യവസായ പദ്ധതികൾ സ്വന്തമാക്കാനുമുള്ള അവസരമായിട്ടാണ് ബ്രസീൽ ഭരണാധികാരികൾ കോവിഡ് ബാധയെ കണ്ടത്.

ചരിത്രപരമായി നോക്കുമ്പോൾ അമേരിക്കൻ ഇന്ത്യക്കാരായ ആദിവാസികൾ വൻ തോതിൽ വംശനാശത്തിന് വിധേയരായത് യൂറോപ്പിൽ നിന്ന്​ അധിനിവേശക്കാർ കൊണ്ടുവന്ന പകർച്ചവ്യാധി ബാധിച്ചതിനെ തുടർന്നാണ്. മസാച്ചുസെറ്റിലെത്തിയ കുടിയേറ്റക്കാർ രോഗാണുക്കളുള്ള പുതപ്പ് വിതരണം ചെയ്ത് ബോധപൂർവ്വം ആദിവാസികൾക്കിടയിൽ വസൂരി പരത്തിയതായി രേഖകളുണ്ട്. ആധുനിക കാലത്ത് അവശേഷിച്ചിട്ടുള്ള ആദിവാസികൾ കോവിഡിന്റെയും ഇരകളായി മാറി.

കോവിഡ് കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന യു.എസിലെ വൈറ്റ് ഹൗസ് കർമസമിതി ഒരു വാർത്താസമ്മേളനത്തിൽ
കോവിഡ് കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന യു.എസിലെ വൈറ്റ് ഹൗസ് കർമസമിതി ഒരു വാർത്താസമ്മേളനത്തിൽ

ന്യൂമെക്‌സിക്കോ സംസ്ഥാനത്ത് ജനസംഖ്യയിൽ 8.8% മാത്രമുള്ള ആദിവാസി അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ 60 ശതമാനവും. കാലിഫോർണിയ സർവകലാശാലയിലെ അമേരിക്കൻ ഇന്ത്യൻ സ്റ്റഡി സെന്റർ ആദിവാസി ജീവിതസാഹചര്യങ്ങളെക്കുറിച്ച് അസ്വസ്ഥജനകമായ നിരവധി വിവരങ്ങൾ വിശദമായ പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അമേരിക്കൻ ആദിവാസികൾ താമസിക്കുന്ന 71,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഏറ്റവും വലിയ പ്രദേശമായ നവജൊ നേഷനിൽ (The Navajo Nation) 40 ശതമാനം പേർക്കും കുടിവെള്ളം ലഭ്യമല്ല എന്നിരിക്കെ കോവിഡിനെ പ്രതിരോധിക്കാൻ ഇവർക്ക് എങ്ങനെ ആവർത്തിച്ച് കൈകഴുകാൻ കഴിയുമെന്ന് സർവകലാശാല പഠനത്തിൽ ചോദിക്കുന്നുണ്ട്.

അമേരിക്കയിൽ മാത്രമല്ല അടിമ വ്യാപാരത്തിലൂടെ കറുത്തവർ ഏറെയുള്ള ബ്രസീലിലും കോവിഡ് മരണനിരക്ക് വെള്ളക്കാർ, സമ്മിശ്ര വംശക്കാർ എന്നിവരേക്കാൾ കറുത്തവരിലാണ് വളരെ കൂടുതലായി കാണുന്നത്, വിശ്രുത മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച് ഗുരുതരമായ കോവിഡുമായി അഡ്മിറ്റ് ചെയ്യപ്പെടുന്ന ആഫ്രോ ബ്രസീൽകാരിൽ 55 ശതമാനം പേർ മരിക്കുമ്പോൾ വെള്ളക്കാരിൽ കേവലം 34 ശതമാനമാണ് മരിക്കുന്നത്. ബ്രസീലിൽ കോവിഡ് കൊണ്ടുവന്നത് യൂറോപ്പിൽ അവധിക്കാല ഉല്ലാസത്തിന് പോയ വെള്ളക്കാരാണ്. അവരാവട്ടെ രോഗം തങ്ങളുടെ വീടുകളിൽ ജോലിചെയ്യുന്ന കറുത്തവരിലേക്ക് പരത്തുകയും ചെയ്തു. ബ്രസീലിലെ ഫാവിയോള എന്നറിയപ്പെടുന്ന ചേരിപ്രദേശത്ത് കഴിയുന്ന 12 ദശലക്ഷം വരുന്ന കറുത്തവർ തികച്ചും ശോചനീയ ജീവിതസാഹചര്യങ്ങളിലാണ് കഴിഞ്ഞുകൂടുന്നത്.

നവജൊ നേഷൻ. അമേരിക്കൻ ആദിവാസികൾ താമസിക്കുന്ന 71,000 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശമാണ് നവജൊ നേഷൻ. 40% പേർക്കും കുടിവെള്ളം ലഭ്യമാകാത്ത ഇവിടെ കൊവിഡിനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കാൻ എങ്ങനെ കഴിയുമെന്നാണ് കാലിഫോർണിയ സർവ്വകലാശാല നടത്തിയ പഠനത്തിൽ ചോദിക്കുന്നത്.
നവജൊ നേഷൻ. അമേരിക്കൻ ആദിവാസികൾ താമസിക്കുന്ന 71,000 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശമാണ് നവജൊ നേഷൻ. 40% പേർക്കും കുടിവെള്ളം ലഭ്യമാകാത്ത ഇവിടെ കൊവിഡിനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കാൻ എങ്ങനെ കഴിയുമെന്നാണ് കാലിഫോർണിയ സർവ്വകലാശാല നടത്തിയ പഠനത്തിൽ ചോദിക്കുന്നത്.

ദീർഘകാല ലോക്ക്ഡൗണും സഞ്ചാരവിലക്കും മറ്റും മൂലം ലോക സമ്പദ്ഘടനയാകെ തകർന്നു എന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്, എന്നാൽ ശാരീരികമായുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പോലെ തന്നെ കോവിഡ് കാലം വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമ്പത്തികമായും സാമൂഹ്യമായും വ്യത്യസ്ത രീതിയിലാണ് പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി ലോകമെമ്പാടും സാമ്പത്തിക- സാമൂഹ്യ- വംശീയ- ലിംഗാസമത്വങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട് വരുന്നുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് ഓക്‌സ്​ഫാം പ്രസിദ്ധീകരിച്ച ദി ഇൻഇക്വാലിറ്റി വൈറസ് (The Inequality Virus: Oxfam International: January 25, 2021) എന്ന ആധികാരിക രേഖയാണ്. 79 രാജ്യങ്ങളിൽ നിന്നുള്ള 295 സാമ്പത്തിക വിദഗ്ധരുമായി ചർച്ചനടത്തിയും വ്യത്യസ്ത മേഖലകളെ സംബന്ധിച്ച് സർവേകൾ നടത്തിയുമാണ് ഓക്‌സ്​ഫാം റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് കാലമായ 2020 മാർച്ച് 18 മുതൽ ഡിസംബർ 31 വരെ കോടീശ്വരന്മാരുടെ സമ്പത്തിൽ അമ്പരപ്പുണ്ടാക്കുന്ന വിധം - 3.9 ട്രില്ല്യൻ ഡോളർ- വർധനയുണ്ടായി. ജി- 20 രാജ്യങ്ങൾ കോവിഡ് നിയന്ത്രണത്തിന്​ ചെലവാക്കിയ തുക ഇവരുടെ മൊത്തം സമ്പത്തായ 11.95 ട്രില്ല്യൻ ഡോളറിനൊപ്പം മാത്രമാണ്.

സാമ്പത്തികാസമത്വങ്ങൾ ശക്തിപ്രാപിക്കുന്ന ലോകസാഹചര്യത്തിലാണ് കോവിഡ് മഹാമാരി കടന്നു വന്നത്. ഒരു ശതമാനം വരുന്ന ഏറ്റവും ധനികരാണ് ലോകജനതയുടെ പകുതിയിലേറെ വരുന്നവരുടെ വരുമാനത്തിന്റെ ഇരട്ടിയിലധികം സമ്പത്ത് കൈവശമാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ 300 കോടി ജനങ്ങൾക്ക് പരിമിതമായ ആരോഗ്യ സേവനം പോലും ലഭ്യമല്ല. തൊഴിലാളികളിൽ എഴുപത്തഞ്ച് ശതമാനത്തിനും തൊഴിലില്ലായ്മ വേതനം, ചികിത്സാനുകൂല്യം തുടങ്ങിയ സാമൂഹ്യ സുരക്ഷകളൊന്നും ലഭ്യമായിരുന്നില്ല.

 ബ്രസീലിലെ ഫാവിയോള. ചേരിപ്രദേശമായ ഇവിടെ 12 ദശലക്ഷം വരുന്ന കറുത്തവർ ശോചനീയാവസ്ഥയിലാണ് കഴിയുന്നത്.
ബ്രസീലിലെ ഫാവിയോള. ചേരിപ്രദേശമായ ഇവിടെ 12 ദശലക്ഷം വരുന്ന കറുത്തവർ ശോചനീയാവസ്ഥയിലാണ് കഴിയുന്നത്.

കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാനുള്ള പ്രാപ്തി ബഹുഭൂരിപക്ഷം ജനങ്ങൾക്കുമുണ്ടായിരുന്നില്ല. കോവിഡിന്റെ തുടക്കത്തിൽ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയുടെയും മറ്റും ഫലമായി ധനികരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. എന്നാൽ ഈ തിരിച്ചടി താത്കാലികം മാത്രമായിരുന്നു. സാമ്പത്തിക മാന്ദ്യം തുടരുമ്പോൾ തന്നെ, 2020 നവംബർ ആവുമ്പോഴേക്കും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താൽ മുൻനിരയിലുള്ള 1000 മഹാകോടീശ്വരന്മാരുടെ (Billionaires) സമ്പത്ത് കോവിഡ് പൂർവകാലത്തേക്കാൾ വർധിച്ചതായി രേഖ വെളിപ്പെടുത്തുന്നു. അതേയവസരത്തിൽ 2008 ലെ സാമ്പത്തിക കുഴപ്പത്തെതുടർന്ന് പൂർവ സാമ്പത്തികാവസ്ഥയിലേക്ക് തിരികെ വരാൻ കോടീശ്വരന്മാർക്ക് അഞ്ചു വർഷം വേണ്ടിവന്നിരുന്നു.

സമ്പന്നർ കൂടുതൽ സമ്പന്നരായപ്പോൾ ദശലക്ഷക്കണക്കിനാളുകൾ തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട് ദാരിദ്ര്യവും പട്ടിണിയും മൂലം അതീവ ദുരിതം അനുഭവിക്കുകയാണ്. 2020 ൽ 200- 500 ദശലക്ഷത്തോളം പേർ ദാരിദ്ര്യത്തിലേക്ക് തള്ളി നീക്കപ്പപെട്ടതായി രേഖയിൽ വ്യക്തമാക്കുന്നു. അടുത്ത ഒരു ദശാബ്ദകാലത്തിനിടെ ഇവർക്ക് കോവിഡ് പൂർവ സ്ഥിതിയിലേക്കെത്താനാവില്ല. കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ദിനം പ്രതി 6000 പേർ പട്ടിണിമൂലം മരിക്കുന്നതായി രേഖ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതുകൊണ്ട് 180 രാജ്യങ്ങളിലായി 170 കോടി കുട്ടികളുടെ പഠനം തകരാറിലായി. എന്നാൽ വികസിത രാജ്യങ്ങളിൽ ആറാഴ്ചക്കാലം മാത്രമാണ് വിദ്യാലയങ്ങൾ പൂട്ടേണ്ടിവന്നത്, പക്ഷേ വികസ്വര രാജ്യങ്ങളിലാവട്ടെ നാലുമാസത്തോളം വിദ്യാലങ്ങളിൽ പഠനം നടന്നില്ല പല രാജ്യങ്ങളിലും ഇപ്പോഴും പൂർണമായി വിദ്യാഭ്യാസം പുനഃരാരംഭിച്ചിട്ടുമില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ അടുത്തകാലത്തുണ്ടായ വളർച്ചക്ക് വലിയ തിരിച്ചടിയാണ് കോവിഡ് മൂലം പലരാജ്യങ്ങളിലുമുണ്ടായിട്ടുള്ളത്.

സുഡാനിൽ മാസ്‌കും ഗ്ലൗസും മറ്റ് സാനിറ്ററി ഉല്പന്നങ്ങളും വിതരണം ചെയ്യുന്ന വളണ്ടിയർമാർ. / Photo: UNDP
സുഡാനിൽ മാസ്‌കും ഗ്ലൗസും മറ്റ് സാനിറ്ററി ഉല്പന്നങ്ങളും വിതരണം ചെയ്യുന്ന വളണ്ടിയർമാർ. / Photo: UNDP

തൊഴിലിന്റെയും ഉറപ്പായ വരുമാന സുരക്ഷയുടെയും പ്രാധാന്യത്തെ സംബന്ധിച്ച് കോവിഡ് കാലം ഒരിക്കൽ കൂടി നമ്മെ ജാഗ്രതപ്പെടുത്തുന്നുണ്ടെന്ന് ഓക്‌സ്‌ഫോം റിപ്പോർട്ട് പറയുന്നു. തൊഴിലവകാശങ്ങളും രോഗകാല വേതനവും തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള തൊഴിലില്ലായ്മ വേതനവും ഉറപ്പാക്കേണ്ടതുണ്ട്. സേവനമേഖലയിൽ തുച്ഛമായ വേതനത്തിൽ ജോലിനോക്കുന്ന; പ്രത്യേകിച്ച് സ്തീകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. ധനികരുടെയും വൻ കോർപ്പറേഷനുകളുടെയും മേൽ പ്രത്യക്ഷ നികുതി ചുമത്തികിട്ടുന്ന വരുമാനം ഉപയോഗിച്ചുവേണം ദരിദ്രരുടെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കരിക്കാൻ. കോവിഡ് കാലത്ത് അമിതമായി നേടിയ സമ്പത്തിന്മേൽ നികുതി ചുമത്തിയാൽ ലഭിക്കാവുന്ന 104 ബില്യൻ ഡോളർ ഉപയോഗിച്ച് തൊഴിൽ നഷ്ടപ്പെട്ടവർക്കും ദരിദ്രരാജ്യങ്ങളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കൻ കഴിയും.

പരിസ്ഥിതി തകർച്ചയും കാലാവസ്ഥവ്യതിയാനവും എറ്റവും പ്രതികൂല ആഘാതം സൃഷ്ടിക്കുന്നത് പിന്നാക്കസമൂഹങ്ങളിലാണ്. മഹാമാരികൾക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതും പരിസ്ഥിതിയിന്മേലുള്ള കൈയേറ്റങ്ങളാണ്. കോവിഡ് അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള മൂർത്തമായ നടപടികൾ ലോകരാഷ്ട്രങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പരിസ്ഥിതി നീതിക്കുവേണ്ടിയുള്ള പൊരുതലും അസമത്വത്തിനെതിരായ പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ലോകം ഒരു ചരിത്രമുഹൂർത്തത്തെയാണ് കോവിഡ് അവസാനിച്ച് തുടങ്ങുന്ന അവസരത്തിൽ അഭിമുഖീകരിക്കുന്നത്. സുസ്ഥിരമല്ലാത്ത അസമത്വം നിറഞ്ഞ നിഷ്ഠൂരവും ഹീനവുമായ കോവിഡ് പൂർവ്വകാലത്തേക്ക് ഇനി മനുഷ്യരാശി മടങ്ങിപ്പോകേണ്ടതില്ല, മനുഷ്യസമൂഹത്തിന് സഹജമായ അസാമാന്യ ബുദ്ധിവൈഭവവും നൈപുണ്യങ്ങളും പ്രയോജനപ്പെടുത്തി ഒരു ചെറു ന്യൂനപക്ഷത്തിലേക്ക് ചുരുങ്ങാതെ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന സമത്വ സമ്പദ്ഘടന (Equal Human Economy) സൃഷ്ടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വമെന്ന് ഓർമിപ്പിച്ചാണ് ഓക്‌സ് ഫോം റിപ്പോർട്ട് അവസാനിക്കുന്നത്.

കോവിഡ് കാലത്ത് സ്​ത്രീകൾ നേരിടുന്ന ദുരിതങ്ങളെ Shadow Pandemic എന്ന് വിശേഷിപ്പിക്കേണ്ട സ്ഥിതിവിശേഷം നിലനിൽക്കുന്നതായി ജന്റർ റെസ്‌പോൺസ് ട്രാക്കർ രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ലിംഗനീതി സംരക്ഷിക്കുന്നതിൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയസമീപനങ്ങൾ നിരീക്ഷിക്കുന്നതിന്​ യു.എൻ.ഡി.പി (UNDP), ഗ്ലോബൽ ജന്റർ റെസ്‌പോൺസ് ട്രാക്കർ (COVID-19 Global Gender Response Tracker) എന്നൊരു സംരഭം സംഘടിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് 206 രാജ്യങ്ങളിലെ ഭരണകൂടങ്ങൾ സ്ത്രീകളുടെ സാമ്പത്തിക- സാമൂഹ്യ സുരക്ഷ, വേതനരഹിത സേവനമടക്കമുള്ള തൊഴിലിടങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ മേഖലകൾ പരിശോധനാ വിധേയമാക്കിവരുന്നു യു.എൻ.ഡി.പിയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ സ്​ത്രീശാക്തീകരണത്തിനായുള്ള യു.എൻ വിമണും (UN Women) നയരൂപീകരണ സമിതികൾക്ക് സ്ത്രീ സൗഹൃദ കോവിഡ് പെരുമാറ്റചട്ടങ്ങൾ ആവിഷ്‌കരിക്കുന്നതിനുള്ള സാങ്കേതികവും ആശയപരവുമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. വീട്ടിലും പുറത്തും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും തൊഴിൽ മേഖലയിലെ സ്ത്രീ ചൂഷണവും കോവിഡ് കാലത്ത് വർധിക്കുകയും സ്​ത്രീകൾ നേരിടുന്ന ദുരിതങ്ങളെ Shadow Pandemic എന്ന് വിശേഷിപ്പിക്കേണ്ട സ്ഥിതിവിശേഷം നിലനിൽക്കുന്നതായും ജന്റർ റെസ്‌പോൺസ് ട്രാക്കർ പ്രസിദ്ധീകരിച്ച വസ്തുതാ താളിൽ (Fact Sheet) രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാരണം പ്രതിസന്ധിയിലായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫ്‌ളോറിഡ നാഷണലൽ ഗാർഡ്
കോവിഡ് കാരണം പ്രതിസന്ധിയിലായവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫ്‌ളോറിഡ നാഷണലൽ ഗാർഡ്

നവസാധാരണത്വം (The New Normal) എന്ന പേരിൽ മോർകോമൺ (More Common) എന്ന അന്തരാഷ്ട്ര സംരംഭം കോവിഡിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഒരേയവസരത്തിൽ പ്രതീക്ഷയും ആശങ്കയും ഉളവാക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 14,000 പേരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോവിഡ് കാലാന്തരീക്ഷത്തിൽ പസ്പരാശ്രയത്വം, അന്യോന്യ വിശ്വാസം, സാമൂഹ്യ സംസക്തി (Social Cohesion), ജനാധിപത്യബോധം, അനിശ്ചിമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തുടങ്ങിയ സങ്കല്പനങ്ങൾ, വിവിധ ജനവിഭാഗങ്ങളിൽ എന്തെല്ലാം ചിന്തകളാണുർത്തിയിട്ടുള്ളതെന്ന് പഠിക്കാനാണ് മോർകോമൺ ശ്രമിച്ചത്. വിവിധ രാജ്യങ്ങളിലുള്ളവരും വ്യത്യസ്ത ജനവിഭാഗത്തിൽ പെട്ടവരും ശുഭാപ്തി വിശ്വാസത്തോടും ആശങ്കകളോടും കൂടി സമ്മിശ്രമായിട്ടാണ് പല ആശയങ്ങളോടും പ്രതികരിച്ചത്. പാരസ്പര്യവും സമഷ്ടി ബോധവും കോവിഡ് കാലത്ത് ഏറിയിട്ടുണ്ടെന്നാണ് പൊതുവിൽ ലഭിച്ച പ്രതികരണം. ഇനിയും കോവിഡ് വ്യാപന തരംഗം സംഭവിച്ചേക്കാമെന്നും ലോക്ക്ഡൗണും രാഷ്ട്രീയാസ്ഥിരതയും സാമ്പത്തിക തകർച്ചയും ഇനിയുമുണ്ടായേക്കാമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

ഭരണകൂടങ്ങൾ ജനങ്ങളിൽ നിന്നും കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ച് വെക്കുന്നുണ്ട് എന്ന തോന്നലാണ് പലർക്കുമുള്ളത്. പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷിതത്വം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നതാണ് കോവിഡ് നൽകുന്ന സന്ദേശമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിന്റെ റിപ്പോർട്ടനുസരിച്ച് ജനസംഖ്യയിൽ 15 ശതമാനം വരുന്ന കറുത്തവർ, ഏഷ്യക്കാർ, ന്യൂനപക്ഷ വംശം എന്നീ വിഭാഗക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ 19 ശതമാനവും.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിന്റെ റിപ്പോർട്ടനുസരിച്ച് ജനസംഖ്യയിൽ 15 ശതമാനം വരുന്ന കറുത്തവർ, ഏഷ്യക്കാർ, ന്യൂനപക്ഷ വംശം എന്നീ വിഭാഗക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ 19 ശതമാനവും.

ട്രംപിന്റെ കാലത്ത് നടത്തിയ പഠനമായത് കൊണ്ടായിരിക്കണം അമേരിക്കക്കാർ ദേശീയ ഭരണകൂടത്തോട് തികഞ്ഞ അവിശ്വാസമാണ് പ്രകടിപ്പിച്ചത്. അമേരിക്കൻ ജനത ഒരുമിച്ച് നിൽക്കേണ്ട അവസരമാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. ജർമ്മൻ, നെതർലണ്ട് ജനങ്ങളാണ് സ്വന്തം സർക്കാരുകളിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചത്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും കോവിഡിനെ നേരിടുന്നതിൽ ആരോഗ്യ പ്രവർത്തകരും മുന്നണി പ്രവർത്തകരും കാട്ടിയ പ്രതിബന്ധതയേയും നിശ്ചയദാർഢ്യത്തേയും മുക്തകണ്ഡം പ്രശംസിച്ചു. ഭരണകൂടങ്ങൾ ജനങ്ങളിൽ നിന്ന്​ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ച് വെക്കുന്നുണ്ട് എന്ന തോന്നലാണ് പലർക്കുമുള്ളത്. പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷിതത്വം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നതാണ് കോവിഡ് നൽകുന്ന സന്ദേശമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

കോവിഡ് നിയന്ത്രണത്തിന്​ സ്വീകരിക്കേണ്ട പൊതുജനാരോഗ്യ പെരുമാറ്റചട്ടങ്ങൾ സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്ത് ഗൗരവമായി പരിഗണിക്കേണ്ട പല സമസ്യകളും ചില ചിന്തകർ മുന്നോട്ട് വക്കുന്നുണ്ട്. മഹാമാരികൾ തടയുന്നതിന്​ മറ്റുള്ളവരിൽ നിന്ന്​ ശരീരദൂരം പാലിക്കുകയും ക്വാറൻറയിനിലൂടെ സാമൂഹത്തിൽ നിന്ന്​ വേർപെട്ട് നിൽക്കുകയും മാസ്‌ക് ധാരണം സാർവത്രികമാക്കയും ചെയ്യേണ്ടതുണ്ട്. രോഗമുണ്ടെന്ന് സംശയിക്കുന്നവർ ടെസ്റ്റിംഗിന് വിധേയരായി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. രോഗമുണ്ടെന്ന് കണ്ടാൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യണം. സ്വാഭാവികമായും മറ്റുള്ളവരിലേക്ക് രോഗം പകർത്താനുള്ള സാധ്യതയെക്കാൾ മറ്റുള്ളവരിൽ നിന്ന്​ രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇത്തരം നടപടികൾ.
​ കോവിഡിന് പുറമേ ഇപ്പോൾ തന്നെ ഫ്‌ളു , എച്ച് 1 എൻ 1 തുടങ്ങി നിരവധി പകർച്ചവ്യാധികൾ പ്രാദേശിക രോഗങ്ങളായി (Endemic) സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കോവിഡ് കാല പെരുമാറ്റചട്ടങ്ങൾ മൂലം ഇവയുടെ വ്യാപനവും നിയന്ത്രിക്കപ്പെട്ടിരുന്നു. പാരിസ്ഥിതീയ തകർച്ചയുടെയും മറ്റും ഫലമായി കൂടുതൽ സാംക്രമിക രോഗങ്ങൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുത്ത് മറ്റുള്ളവരെ, അപരരെ (The Other) അപകടകാരികളായി (Risk Factor) കണ്ട് ഭയക്കുകയും അവരോട് അറപ്പ് തോന്നുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുമോ? സ്വരക്ഷ ലക്ഷ്യമിട്ട് മനുഷ്യർ കൂടുതൽ കൂടുതൽ വ്യക്തികേന്ദ്രീകൃതരായി (Individualistic) മാറുമോ? വംശത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും മറ്റും പേരിൽ ഇപ്പോൾതന്നെ സമൂഹത്തിൽ നിലനിൽക്കുന്ന അപരവൽക്കരണ പ്രവണതകളെ കൂടുതൽ സാമാന്യവൽക്കരിക്കുന്നതിലേക്ക് ഇതൊരു കാരണമായി മാറുമോ? ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളില്ലാത്തത് മൂലം രോഗവ്യാപന സാധ്യതയുള്ളവർ സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാരായ ചേരിനിവാസികളും ന്യൂനപക്ഷ സമൂഹങ്ങളുമായതിനാൽ അവരോടുള്ള അകൽച്ചയും അവജ്ഞയും പതിത്വവും പൊതു സമൂഹത്തിൽ വർധിക്കില്ലേ? അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ചോദ്യങ്ങൾ സാമൂഹ്യശാസ്ത്രജ്ഞർ ഉന്നയിക്കുന്നുണ്ട്.

ലോക്ക്ഡൗൺ കാലത്ത് തിരക്കൊഴിഞ്ഞ കൊൽക്കത്ത നഗരം
ലോക്ക്ഡൗൺ കാലത്ത് തിരക്കൊഴിഞ്ഞ കൊൽക്കത്ത നഗരം

ക്വാറന്റയിനും മറ്റു പെരുമാറ്റചട്ടങ്ങളും ജനങ്ങൾ പിന്തുടരുന്നെണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഡ്രോൺ പോലുള്ള സങ്കേതങ്ങളും പ്രയോജനപ്പെടുത്തി പൗരസമൂഹത്തെ അതിശക്തവും സൂക്ഷ്മവുമായി നിരീക്ഷണത്തിന് പലരാജ്യങ്ങളും വിധേയരാക്കിയിരുന്നു. പൊതു താത്പര്യ സംരക്ഷണത്തിന്​ വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടി വരുന്ന സന്ദർഭങ്ങൾ പ്രത്യേകിച്ചും പൊതുജനാരോഗ്യ മേഖലയിൽ ഉണ്ടെന്നതും ശരിതന്നെ. വ്യക്തികളുടെ അഭിപ്രായമെന്തായാലും സാമൂഹ്യ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്​ വാക്‌സിനേഷൻ നിർബന്ധിതമാക്കുന്നതും മറ്റും ഇത്തരത്തിലുള്ള പൊതുജനാരോഗ്യ തത്വങ്ങൾ പിന്തുടർന്നാണ്. എന്നാൽ കോവിഡ് കാലത്തിന് മുൻപ് തന്നെ സമഗ്രാധിപത്യ രാജ്യങ്ങളിലും ചില മുതലാളിത്ത രാജ്യങ്ങളിലും നിലനിന്നിരുന്ന പൗരവകാശങ്ങളേയും മനുഷ്യാവകാശങ്ങളെയും നിരാകരിക്കുന്ന നിരീക്ഷണ സാമൂഹ്യ വ്യവസ്ഥ (Surveillance Society) ജനാധിപത്യ രാജ്യങ്ങളിലേക്ക് കൂടി കോവിഡാനന്തര ലോകത്ത് വ്യപിപ്പിക്കുമോ എന്ന ആശങ്കയാണ് പല ചിന്തകരും മുന്നോട്ട് വക്കുന്നത്. കോവിഡ് കാലം വലിയൊരു ജനവിഭാഗത്തിൽ പ്രത്യേകിച്ച് ജനാധിപത്യ വിശ്വാസികളിൽ ഉണ്ടാക്കിയിട്ടുള്ള ഭാവികാല അനിശ്ചിതത്തെക്കുറിച്ചുള്ള ആശങ്കകൾ (Fear of Uncertainity) ഒരു തരത്തിലുള്ള അസന്നിഗ്ധതയുടേതായ അതി ഭീതി (Horror of Ambiguity) സമൂഹത്തിലാകെ പരത്തുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.

മഹാമാരികൾ പോലുള്ള വെല്ലുവിളികൾ നേരിടുമ്പോൾ വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ടുള്ള നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന ധാരണ ജനാധിപത്യരാജ്യങ്ങളിൽ പരക്കുന്നതിന് കാരണമായിട്ടുണ്ട്

കോവിഡ് കാലം ഉദാരജനാധിപത്യ വ്യവസ്ഥയുടെ അന്ത്യം കുറിക്കുമോ എന്ന ഭയപ്പെടുന്ന ചിന്തകരുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിൽ അമിതമായി ഇടപെടാതെ സംരക്ഷിക്കാനാണ് ഉദാരമുതലാളിത്ത വ്യവസ്ഥിതി ശ്രമിക്കുന്നതെന്ന് ഇവർ നിരീക്ഷിക്കുന്നു. എന്നാൽ സമഗ്രാതിപത്യ രാജ്യങ്ങളിലാവട്ടെ പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും നിരാകരിച്ചാണ് ജനജീവിതത്തിന് പൊതുവിൽ പ്രയോജനകരങ്ങളായ പല നടപടികളും സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ചൈന നടപ്പിലാക്കിയ ലോക്ക്​ഡൗൺ രോഗവ്യാപനത്തെ അതിവേഗം നിയന്ത്രിക്കുന്നതിന് കാരണമായി. ഇതിൽ നിന്നും മഹാമാരികൾ പോലുള്ള വെല്ലുവിളികൾ നേരിടുമ്പോൾ വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ടുള്ള നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന ധാരണ ജനാധിപത്യരാജ്യങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളിൽ പരക്കുന്നതിന് കാരണമായിട്ടുണ്ട്. ഉദാരജനാധിപത്യ ഭരണവ്യവസ്ഥയും സമഗ്രാധിപത്യ ഭരണകൂടങ്ങളും തമ്മിലുള്ള അതിർവരുമ്പുകൾ ഇല്ലാതാക്കുന്നതിലേക്ക് കോവീഡ് കാലത്തുയർന്ന് വന്നിട്ടുള്ള ഇത്തരം വിശ്വാസങ്ങൾ കാരണമായേക്കാം എന്ന് പല നിരീക്ഷകരും ഭയപ്പെടുന്നു.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments