പ്രധാനമന്ത്രിക്കുള്ള നിവേദനം
വിഷയം: ഗൾഫിൽ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളെ മുൻഗണന ക്രമത്തിൽ തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച്
സർ,
ഇന്ത്യയിലെ തെക്കെ അറ്റത്തെ സ്റ്റേറ്റായ കേരളം Covid19 ബാധയെ തുടർന്ന് വലിയ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേന്മയും ഉയർന്ന സാക്ഷരതയും ശുചിത്വത്തെ കുറിച്ചുള്ള ഉയർന്ന ബോധവും പ്രകടിപ്പിക്കുന്ന ജനങ്ങൾ എന്ന നിലയിൽ കോവിഡ് മരണ നിരക്ക് വലിയ തോതിൽ കുറക്കാനായ ഒരു പ്രദേശവുമാണിത്. 0.6% മാത്രമാണ് കേരളത്തിലെ കോ വിഡ് മരണനിരക്ക്.
സംസ്ഥാനത്ത് കോവിഡ് ബാധയും മരണവും നിയന്ത്രണ വിധേയമാക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചുവെങ്കിലും 3. 32 കോടി ജനസംഖ്യയുള്ള ഈ സംസ്ഥാനത്തിലെ 60 ലക്ഷത്തോളം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണിയിൽ കഴിയുന്നുവെന്നതും നിരവധി പേർ വിദേശ രാജ്യങ്ങളിൽ കോവിഡ് മരണത്തിനിരയാകുന്നുവെന്നതും വലിയ ആശങ്കയാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലാണ് 25 ലക്ഷത്തോളം കേരളീയർ ഉപജീവനാർഥം പ്രവാസികളായി കഴിയുന്നത് "ഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമാണ്'. കൊവിഡ് 19 ബാധക്കെതിരെ വ്യക്തിപരമായ അകലം പാലിക്കാൻ പോലും പറ്റാത്ത താമസ ഇടങ്ങളിലാണ് മിക്കവരും കഴിയുന്നത്.
അതത് ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകൾ അവരുടെ ക്ഷേമത്തിനും രോഗബാധ തടയുന്നതിനും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, സ്ഥിരമായി മരുന്നുപയോഗിക്കുന്ന രോഗികൾ, കേരളത്തിൽ തുടർ ചികിത്സ ആവശ്യമുള്ളവർ, വിസ കലാവധി കഴിഞ്ഞവർ, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് വരുമാനമില്ലാതെ കുടുങ്ങിക്കിടക്കുന്നവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങൾ പ്രത്യേകമായ പ്രയാസങ്ങൾ അനുഭവിക്കുകയാണ്.
ഇവരെ മുൻഗണനാക്രമത്തിൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ Lock down period ൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ ഗവർമെന്റുകളുമായി കൂടിയാലോചിച്ച് പ്രത്യേക വിമാന സർവീസ് ഏർപ്പാടാക്കണമെന്ന് കേരള സർക്കാരും ഗൾഫിലെ വിവിധ പ്രവാസി സംഘടനകളും കേരളീയർ മൊത്തവും കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ കേന്ദ്ര ഗവ. ഇപ്പോഴും അനുകൂലമായ നിലയിൽ പ്രതികരിച്ചിട്ടില്ല.
മിക്കവാറും ഏഷ്യൻ രാജ്യങ്ങൾ അവരുടെ പൗരരെ മുൻഗണനാക്രമത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
താഴെ പറയുന്ന വിഭാഗത്തിൽ പെട്ട കേരളീയരെ മുൻഗണന ക്രമത്തിൽ കേരളത്തിൽ തിരിച്ചെത്തിക്കുകയാണെങ്കിൽ അവരെ ക്വാറന്റൈനിൽ പാർപ്പിക്കാനും അവരിലാരെങ്കിലും രോഗബാധിതരാവുകയാണെങ്കിൽ ചികിത്സിക്കാനും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും കേരളത്തിൽ നടത്തിയിട്ടുണ്ടെന്ന് കേരള സർക്കാർ പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
1 - ഒരു സുരക്ഷയും ഉറപ്പിക്കാനാകാത്ത വിധം ഒരു മുറി നിരവധി പേർ പങ്കിട്ട് ലേബർ ക്യാമ്പുകളിൽ പട്ടിണിയടക്കം നേരിടുന്ന തൊഴിലാളികൾ
2 - മറ്റു രോഗങ്ങൾ നേരിടുകയും ചികിത്സയും മരുന്നും കിട്ടാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും വുദ്ധരും ഗർഭിണികളും
3 - തൊഴിൽ തേടി വിസിറ്റിംഗ് വിസയിൽ വന്ന് കാലാവധി കഴിഞ്ഞ് പ്രയാസങ്ങൾ നേരിടുന്നവർ
4 - വിസ കാലാവധി കഴിഞ്ഞ് വരുമാനമില്ലാത്തവർ
ഇവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികൾ കേന്ദ്ര ഗവർമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ WHO-യുടേയും United Nations Organisation-ന്റെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അഭ്യർഥിക്കുന്നു.
(ഈ നിവേദനം കേരളത്തിലെ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ഒപ്പു ശേഖരണത്തിനായി അയച്ചിരിക്കുകയാണ്.)