21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 17
▮
"We are in a world where fringe is no longer the fringe"
- Louis Theroux
(documentary filmmaker)
ഓൺലൈൻ മാധ്യമങ്ങളെക്കുറിച്ചുള്ള ആലോചനകളിലും ആകുലതകളിലും ആകാംക്ഷകളിലും മിക്കപ്പോഴും ഗൗരവമായ പരിഗണന കിട്ടാതെ പോകുന്ന ഒരു സവിശേഷത, സൈബർ ഉപസംസ്കാരങ്ങൾ (cyber subcultures) സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന ഹിംസയുടെ ചിതറിത്തെറിച്ചുള്ള കേന്ദ്രീകരണത്തെക്കുറിച്ചുള്ള (dispersed concentration) വിമർശനാത്മകമായ വിശകലനമാണ്.
സോഷ്യൽ മീഡിയയുടെ അപസ്ഥലീകൃതമായ (de-territorial) വിസ്തൃതി പരിഗണിക്കുമ്പോൾ, സൈബർ ഉപസംസ്കാരങ്ങളുടെ പ്രവർത്തനങ്ങൾ പല സമയ- കാലങ്ങളിലായി ഇടറിയും ചിതറിയും കിടക്കുന്നതാണ്. എന്നാൽ അധികാര പ്രയോഗത്തിന്റെയും ഹിംസാത്മകമായ അനുഷ്ഠാനപ്രവർത്തനങ്ങളുടെ വ്യാപ്തിയിൽ അത് കേന്ദ്രീകൃതവുമാണ്.
ഇത് ഏറ്റവും പ്രകടമാകുന്നത് ആഗോള സൈബർ ഉപസംസ്കാരങ്ങളിൽ ഏറ്റവും വികാരതീവ്രത പ്രസരിപ്പിക്കുന്ന ആൺമണ്ഡല (Manosphere) ഉപസംസ്കാരങ്ങളിലാണ്. ലൂയി തെറുവിന്റെ (Louis Theroux) നെറ്റ്ഫിക്സ് ഡോക്യുമെൻറ്ററി Inside Manosphere, അമേരിക്കൻ ആൺമണ്ഡല ഉപസംസ്കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണെങ്കിലും ഇതിൽ ആവിഷ്കൃതമായ ആണത്തപ്രതിഭാസം ആഗോളമാണ്, മലയാളത്തിന്റെ സൈബർ ഇടങ്ങളിൽ ഇത് ഭിന്നഭാവങ്ങളിലൂടെയാണ് പ്രകടിപ്പിക്കപ്പെടുന്നത്. പാർട്ടിരാഷ്ട്രീയത്തിന്റെ സൈബർ പോരാളികളായി അണിനിരക്കുന്ന അമേച്വറുകൾ മുതൽ പ്രഫഷണലുകൾ വരെ ഈ ആൺമണ്ഡലമീമുകളുടെ ആവർത്തനക്രിയയാകുന്നു.
21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി ; മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം
ലൂയിസ് തെറോയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററി "Louis Theroux: Inside the Manosphere", സൈബർ ഉനപസംസ്കാരമായ ആൺമണ്ഡലത്തിന്റെ ഉള്ളടക്കനിർമാതാക്കളുടെ സ്ത്രീവിരുദ്ധതയേയും ആക്രമണോത്സുകമായ വികാരാവിഷ്ക്കാരങ്ങളെയും അതിനു പിന്നിലെ ചേതോവികാരങ്ങളെയും അവരുമായി നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയും വ്യക്തിഗതമായ സമ്പർക്കത്തിലൂടെയും അനാവരണം ചെയ്യുന്നു. ഒപ്പം, അവരുടെ അനുചരവൃന്ദങ്ങളുടെ മാനസിക അടിമത്വത്തെയും കാണിച്ചുതരുന്നു.
സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ അൽഗോരിതങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രോത്സാഹിപ്പിക്കുകയും അതിശയോക്തിപരമാക്കുകയും വൈറലാക്കുകയും ചെയ്യുമ്പോൾ അത് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു. അനന്തരഫലമെന്നോണം മനോഭാവങ്ങളെയും പെരുമാറ്റങ്ങളെയും വ്യക്തിബന്ധങ്ങളെയും ബാധിക്കാനും തുടങ്ങുന്നു.
ലൂയി തെറോവിന്റെ ഇൻസൈഡ് ദി മാനോസ്ഫിയർ എന്ന ഡോക്യുമെന്ററി "അഡോൾസെൻസ്" (Adolescence) എന്ന വെബ്സീരിസിന്റെ തുടർച്ചയായി കാണാം. പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ആളുകൾ കണ്ട ലിമിറ്റഡ് സീരീസുകളിൽ ഒന്നായ "അഡോൾസെൻസ്" സൈബർ ആൺമണ്ഡലത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഓൺലൈൻ സ്ത്രീവിരുദ്ധതയിലേക്കും തുടർന്ന് സഹപാഠിയായ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്കു അറസ്റ്റിലേക്കും ഒറ്റപ്പെടലിലേക്കും നീങ്ങുന്ന പതിനാലു വയസ്സുകാരന്റെ കഥ പറയുന്നു.
സ്ത്രീവിരുദ്ധതയും ആണുങ്ങളിൽ അക്രമവാസനയും വളർത്തുന്ന ഓൺലൈൻ സ്വാധീനത്തിന്റെ ഭീഷണസാന്നിധ്യത്തെക്കുറിച്ച് വെളിപാട് തരുന്നതായിരുന്നു അഡോൾസെൻസ്. ഈ ആൺമണ്ഡലത്തിന്റെ ഉള്ളടക്ക നിർമാതാക്കളുടെയും ഇൻഫ്ലൂവൻസർമാരുടെയും (influencers) സ്വകാര്യ ലോകമാണ് ലൂയി തെറോ പുതിയ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.

ആൺഅധീശത്വം പുതിയ കാര്യമല്ല. അതിനെതിരെ ഉയർന്ന ചോദ്യങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ ഒരു പ്രതിഫലനവും സൃഷ്ടിച്ചിരുന്നില്ല, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകം വരെയെങ്കിലും. ഇതു പറയുമ്പോൾ ഫെമിനിസ്റ്റ് ആക്ടിവിസവും സൈദ്ധാന്തിക അന്വേഷണങ്ങളും ഫലവത്തായിരുന്നില്ല എന്നല്ല. തീർച്ചയായും സാംസ്കാരികനിർമ്മിതികളായ ലിംഗവേർതിരിവുകളുടെയും വിവേചനങ്ങളുടെയും ആൺകോയ്മാമാതൃകകളെ ഫെമിനിസ്റ്റ് അന്വേഷണങ്ങൾ തകിടംമറിക്കുകയും അതുവരെയുണ്ടായിരുന്ന സാമൂഹിക ഭാവുകത്വത്തെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമെന്ന നിലയിൽ ചരിത്രപരമായ പുതിയ കുതിപ്പുകൾ സംഗതമാക്കി. മുഖ്യധാരാ സംസ്കാരം, എങ്കിലും, മാറാൻ വിസമ്മതിച്ചു.
ഇതിൽ വലിയ മാറ്റം സംഭവിക്കുന്നത് ഈ പുതിയ നൂറ്റാണ്ടിലാണ്. അതിനുമുമ്പുള്ള അന്വേഷണങ്ങളുടെയും ആക്ടിവിസത്തിന്റെയും തുടർച്ചയാണെങ്കിലും മില്ലെനിയലിനുശേഷമുള്ള തലമുറ വ്യക്തിബന്ധങ്ങളെ പുതിയ നിലയിൽ കാണാൻ തുടങ്ങുന്നതോടെ സമൂഹത്തിന്റെ സൂക്ഷ്മ തലങ്ങളിൽ മാറ്റങ്ങൾ പ്രതിഫലിക്കാൻ തുടങ്ങി. ഇത് ആഗോളീയ പ്രവണതയാണ്. ഈ പ്രവണത ഇന്ത്യയിലും കേരളത്തിലും അലയടിക്കുന്നു.
സൂക്ഷ്മതല സമൂഹമാറ്റങ്ങൾക്ക് വലിയ പ്രേരകമായത് മുഖ്യമായും സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവൃതമായ ലോകമാണ്. സംവേദനത്തിനും സ്വകാര്യ അനുഭവങ്ങളുടെ പങ്കുവെയ്ക്കലിനും അപരിചിതരെ പരിചയപ്പെടാനും ഒരേ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ അപരിചിതരുമായി കൂട്ടുകൂടാനും സമൂഹമാധ്യമങ്ങളുടെ തുറസ്സ് യുവസമൂഹത്തിന് പ്രചോദനകരമായി. ശ്രേണീരഹിതമായ, ഇന്ത്യൻ സന്ദർഭത്തിൽ പറയുകയാണെങ്കിൽ, അച്ചടി ബ്രഹ്‌മണ്യത്തിന്റെ ലക്ഷ്മണരേഖകളില്ലാതെ, സാമൂഹ്യഒത്തുചേരലിനും അഭിപ്രായം പങ്കുവെക്കാനും ഇവ വേദിയായി. ആത്മപ്രകാശനങ്ങൾക്ക് അറുതിയും അറപ്പും ഇല്ലാതെയാവുകയും ചെയ്തു. കൂടുതലും ആത്മാനുഭവങ്ങളുടെ പങ്കുവെയ്ക്കലാണുണ്ടായത്.
Automated Autobiography എന്ന നിലയിലാണ് പിന്നീടുള്ള വികാസം. നിരവധി വിമർശനങ്ങളുണ്ട് സമൂഹമാധ്യമങ്ങളെക്കുറിച്ച്: വികാരങ്ങളെ മുതലെടുക്കുന്നു, ആശയവിനിമയത്തെ വാണിജ്യവൽക്കരിക്കുന്നു, സ്വയം മാർക്കറ്റിംഗും സ്വയംനിരീക്ഷണവും നടത്തുന്നു, നാർസിസിസത്തിൽ അഭിരമിക്കൽ, നിസ്സാരത, സമയം പാഴാക്കൽ എന്നിങ്ങനെ. എങ്കിലും, നവമാധ്യമങ്ങളുടെ കാര്യത്തിൽ, ജനാധിപത്യബോധമുള്ള വിമർശകർ സമൂഹമാധ്യമത്തെ പഴയ ശീലങ്ങളുടെ അടിസ്ഥാനത്തിൽ ഇത്ര വേഗത്തിൽ അപലപിക്കാനുള്ള പ്രേരണയെ ചെറുക്കുന്നു.

അതിനു പ്രധാന കാരണം, വരേണ്യ നിയന്ത്രണത്തിലുണ്ടായിരുന്ന മാധ്യമങ്ങളിൽ ഇടം നിഷേധിക്കപ്പെട്ട ബഹുജനം തങ്ങൾക്ക് ലഭിച്ച സംവേദനതുറസ്സിനെ ആവേശത്തോടെ സ്വീകരിക്കുകയാണ് ചെയ്തതെന്ന യാഥാർഥ്യമാണ്, ഇത് ജനാധിപത്യത്തിന് അനുകൂലമാണ്. സമൂഹ മാധ്യമങ്ങളുടെ പ്രതിലോമപ്രവണതകളെ വിമർശനാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും നവമാധ്യമം തുറന്നുതന്ന സംവേദന സാധ്യത അംഗീരികരിച്ചേ പറ്റൂ.
മലയാളത്തിലെ ഫിക്ഷൻ ചരിത്രത്തിൽ ശില്പപരമായും പ്രതിപാദനത്തിലും രാഷ്ട്രീയ ഭാവനയിലും വലിയ വ്യതിയാനം സാധ്യമാക്കിയ ആർ. രാജശ്രീയുടെ ആദ്യ നോവൽ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത" - സമൂഹമാധ്യമത്തിന്റെ സ്വതന്ത്രലോകത്തിലാണ് ആദ്യം പ്രകാശിതമായത്. മലയാള ഭാഷാ അധ്യാപികയായ ആർ. രാജശ്രീയുടെ മലയാള സിനിമയിലെ നായികാസങ്കല്പത്തെക്കുറിച്ചുള്ള പഠനം ഇതിനു മുമ്പേ വന്നതാണ്. എന്നാൽ, അർഹിക്കുന്ന ശ്രദ്ധ കിട്ടിയത് സമൂഹമാധ്യമത്തിൽ നോവൽ പ്രസിദ്ധീകരിച്ച ശേഷമാണെന്നു തോന്നുന്നു. ആർ. രാജശ്രീ ഓൺലൈനിൽ നിന്നാണ് അച്ചടിയുടെ ഖണ്ഡശ്ശഃ ലോകത്തിലേക്ക് തിരികെ മടങ്ങുന്നത്.
ഓൺലൈൻ മാധ്യമങ്ങൾ പല തലമുറകളിപ്പെടുന്ന സ്ത്രീകൾക്ക് ദൃശ്യത നൽകി. തൊണ്ണൂറുകൾ പിന്നിടുന്നതോടെ തന്നെ വസ്ത്രധാരണം അടക്കമുള്ള സ്വയം ആവിഷ്ക്കാരത്തിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. നവമാധ്യമങ്ങൾ ഈ മാറ്റങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകി, സാമൂഹ്യമായ ഇടപഴകലുകൾക്ക് അവസരവും നൽകി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുന്നതിനും ഫെമിനിസ്റ്റ് സൗഹാർദ്ദശൃംഖലകളിൽ കണ്ണിചേരുന്നതിനും സാധ്യതയൊരുക്കി. ട്രാൻസ് അവകാശങ്ങളും പ്രൈഡ് (pride) ഒത്തുചേരലുകളും സമൂഹമാധ്യമങ്ങളിലൂടെ സാധ്യമായി.
ഇതിനെതിരായ ആക്രമണങ്ങൾ യാഥാസ്ഥിതികവും പുരുഷമേധാവിത്വപരമായ തിരിച്ചടികൾക്കും സമൂഹമാധ്യമങ്ങളുടെ വലതുപക്ഷ ഏറ്റെടുക്കലിനും കാരണമായി. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തികളെ ആക്രമിക്കാൻ പല മുഖംമൂടികളും അണിഞ്ഞാണ് ആൺഒത്തുചേരലുകളുണ്ടായത്. ചിതറിയ രീതികളിലാണെങ്കിലും ആൺമണ്ഡലത്തിന്റെ ഉപസംസ്കാരരൂപീകരണത്തിലേക്കാണ് ഇത് നയിച്ചത്. ചിതറിനിൽക്കുമ്പോഴും കേന്ദ്രീകൃതമായ സ്വഭാവമുണ്ടായിരുന്നു സ്ത്രീവിരുദ്ധതയുടെ ആശയങ്ങൾക്കും അതിന്റെ പ്രസരണത്തിനും.

മാനോസ്ഫിയർ:
ആൺമണ്ഡലം
2009- ൽ ഓൺലൈനിൽ ആരംഭിച്ച ‘ദി മാനോസ്ഫിയർ' എന്ന ബ്ലോഗിൽ നിന്നാണ് ഈ പദത്തിന്റെ യഥാർഥ ഉത്ഭവം. 2013-ൽ പോൺ മാർക്കറ്ററായ (porn marketer) ഇയാൻ അയൺവുഡ് തന്റെ 'ദി മാനോസ്ഫിയർ: എ ന്യൂ ഹോപ്പ് ഫോർ മാസ്കുലിനിറ്റി" എന്ന പുസ്തകത്തിലൂടെ ഈ പ്രയോഗം പോപ്പുലറാക്കി. അതിനുശേഷം നിരവധി പുരുഷാവകാശ പ്രവർത്തകരും ഓൺലൈൻ ആൺസമൂഹങ്ങളും ഈ പദത്തെ തങ്ങളുടെ ആശയലോകത്തെ ആൺ അഹന്തയെ (Masculine Pride) രേഖപ്പെടുത്തുന്ന പദമായി ഉപയോഗിക്കാൻ തുടങ്ങി. പുരുഷന്മാർ സമൂഹത്തിൽ വിവേചനം നേരിടുന്നുവെന്ന് വാദിക്കുന്ന പുരുഷാവകാശപ്രവർത്തകരും ഒപ്പം, വ്യത്യസ്തവും എന്നാൽ പരസ്പരം ആശയപരമായി ബന്ധപ്പെട്ടിരിക്കുന്നവരുമായ വ്യക്തികളും സംഘങ്ങളും ഉൾപ്പെടുന്നതാണ് "മാനോസ്ഫിയർ" എന്ന ആൺമണ്ഡലം.
യു എൻ വുമൺ എന്ന സൈറ്റ് ‘മാനോസ്ഫിയർ’ എന്നതിന്റെ അർഥം മാനുസ്ഫിയർ ഗ്ലോസ്സറിയിൽ നൽകിയിട്ടുണ്ട്. മാനോസ്ഫിയറിൽ ഏറ്റവും ആദരിക്കുന്നവർ ആൽഫാആണുങ്ങളാണ് (alpha males). ശ്രേണീബദ്ധമായ ഒരു ഘടനയാണ് മാനോസ്ഫിയർ അംഗീകരിക്കുന്നത്. അതനുസരിച്ച്, ആധിപത്യം പുലർത്തുന്ന പുരുഷനെയാണ് ആൽഫ പുരുഷൻ എന്നു വിളിക്കുന്നത്. ജീവശാസ്ത്രജ്ഞനായ ഡേവിഡ് മെക്ക്, ചെന്നായക്കൂട്ടങ്ങളെ നയിക്കുന്ന ആൺ ചെന്നായകളുടെ സ്വഭാവം വിശദീകരിക്കാനാണ് ആദ്യമായി ഈ സംജ്ഞ ഉപയോഗിക്കുന്നത്. മാനോസ്ഫിയറിലെ പുരുഷന്മാർക്ക് ആൽഫ ആകുക എന്നതാണ് ഏറ്റവും അഭിലഷണീയമായ ശ്രേഷ്ഠത. ആധിപത്യം സ്വഭാവം പ്രകടിപ്പിക്കുന്ന ആൽഫാആണുങ്ങൾക്ക് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പങ്കാളിയെ തിരഞ്ഞെടുക്കാനും അവരുടെ മേൽ നിയന്ത്രണമേർപ്പെടുത്താനുള്ള അവകാശമുണ്ടെന്നുള്ളതാണ്.
ബീറ്റാ പുരുഷന്മാർ (beta males) ഇതിന്റെ വിപരീതമാണ്: ശാരീരികമായും മാനസികമായും ദുർബലർ, ലൈംഗികമായി ആകർഷകമല്ലാത്തവർ, ഭീരുക്കൾ, വിധേയത്വമുള്ളവർ, സൗമ്യർ, "യഥാർത്ഥ" പുരുഷത്വം കൈവരിക്കാൻ ആവശ്യമായ ഗുണങ്ങൾ ഇല്ലാത്തവർ.
കീഴപ്പെടുത്തി ജീവിക്കുക എന്നതാണ് മാനോസ്ഫിയറിലെ പ്രമാണം. മാത്രമല്ല, സ്വതന്ത്രരായ സ്ത്രീകൾ സാംസ്കാരികമായ വ്യതിയാനം സംഭവിച്ചവരായാണ് മാനോസ്ഫിയർ അഥവാ ആൺമണ്ഡലഅംഗങ്ങൾ കാണുന്നത്.
ലൂയി തെറോവിന്റെ ഡോക്യുമെന്ററിയിൽ, ഇവർ പങ്കുവെയ്ക്കുന്ന ആശയകാപ്സ്യൂളിനെ "റെഡ് പിൽ" (Red Pill) എന്നാണ് വിളിക്കുന്നത്. 'മാട്രിക്സ്' എന്ന സിനിമയിൽ നിന്നാണ് ഈ ആശയം ഉറവെടുക്കുന്നത്. സിനിമയിലെ നായകനായ നിയോയ്ക്ക് (Neo) രണ്ട് ഗുളികകൾ നൽകുന്നു, നീലയും ചുവപ്പും. ഏതും തിരഞ്ഞെടുക്കാം. നീല കഴിച്ചാൽ അയാൾക്ക് അറിയാവുന്ന ലോകത്ത് തുടരാൻ കഴിയും. പക്ഷെ, മനുഷ്യരാശിയെ നിയന്ത്രിക്കുന്ന സചേതനയന്ത്രങ്ങളുടെ പ്രതീതിലോകത്തിലാണ് അയാൾ അപ്പോൾ അകപ്പെടുന്നത്. എന്നാൽ, ചുവന്ന ഗുളിക കഴിച്ചാൽ അയാൾക്ക് ബോധോദയം ഉണ്ടാകുന്നു. യഥാർഥ ലോകത്തെ കാണാൻ കഴിയുന്നു.

സ്ത്രീകൾ നിയന്ത്രിക്കുന്ന ലോകത്തിന്റെ യാഥാർഥ്യമാണ് ചുവന്ന ഗുളിക കഴിച്ചാൽ ആൺമണ്ഡലത്തിലെ ആണുങ്ങൾക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുക. മാനോസ്ഫിയറിന്റെ ഹൃദയകേന്ദ്രത്തിലെ ആശയമാണിത്. പുരുഷ അവകാശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സ്ത്രീകളെ കീഴപ്പെടുത്തുക. പുരുഷന്മാരെ രഹസ്യമായി അടിച്ചമർത്തുന്ന സ്ത്രീശക്തികളെക്കുറിച്ച് ബോധവാന്മാരാക്കും എന്നതാണ് ചുവന്ന ഗുളിക കഴിച്ചാൽ ലഭിക്കുന്ന "യാഥാർഥ്യബോധം". 'റെഡ് പിൽ' ഒരു പ്രത്യയശാസ്ത്രമാണ്- സ്ത്രീവിരുദ്ധ വിശ്വാസങ്ങളുടെ. തീവ്രമായ സ്ത്രീവിരുദ്ധതയാണ് ഇതിന്റെ കേന്ദ്രബിന്ദു. പുരുഷാധീശത്വമാണ് ഇത് ആത്യന്തികമായി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്. വലതുപക്ഷ തീവ്രപ്രത്യയശാസ്ത്രത്തിന്റെ ചേരുവയിൽ നിർമിതമായ പുരുഷാധീശത്വം പുരുഷന്മാരെ ഒരേസമയം സ്ത്രീകളുടെ ആധിപത്യത്തിന്റെ ഇരയായും അതിന്റെ നിഗ്രഹകരായും കാണുന്നു. തീവ്രവലതുപക്ഷത്തിന്റെ പൊതുവായ പ്രത്യയശാസ്ത്രവീക്ഷണം, തങ്ങൾ വംശീയമായ ഇരകളാണെന്നു സ്ഥാപിക്കലും അതിനെതിരായ ഹിംസാത്മകമായ പ്രതികാരവുമാണ്. പുരുഷാധിപത്യത്തെ നീതിമത്കരിക്കുന്നു, മാനോസ്ഫിയർ പുരുഷാധീശത്വം.
ഡിജിറ്റൽ റാഡിക്കൽവൽക്കരണത്തിലൂടെയാണ് ഈ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. പക്ഷെ, ഇതേ ആശയത്തിന്റെ വകഭേദങ്ങൾ "പോരാളി" സൈബർ ഉപസംസ്കാരങ്ങളിലും കാണാം. പ്രൊഫൈൽ ചിത്രം മുതൽ ഹിംസാത്മകമായ ആണത്തത്തെയും പ്രതികരണരീതികളെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുകൂല സൈബർ ഗ്രൂപ്പുകൾ ആഘോഷിക്കുന്നത്. മാനോസ്ഫിയറിന്റെ ആശയങ്ങളും പെരുമാറ്റരീതികളും സൈബർ ഉപസംസ്കരണങ്ങളിൽ ചിതറികിടക്കുകയാണ്. നിർഭയത്വം, നിയന്ത്രണവിധേയമായ ധാർഷ്ട്യം, വൈകാരിക സംഭവങ്ങളോടുള്ള നിസ്സംഗത, ശത്രുവിനെ സന്ദർഭമേതുമാകട്ടെ ആക്രമണോത്സുകമായി വിശേഷിപ്പിക്കുക-ഇതൊക്കെ മാനോസ്ഫിയർ ഭാഷണങ്ങളുടെ പൊതു ട്രെൻഡാണ്.
രാഷ്ട്രീയ നേതൃത്വത്തോടുള്ള അതിരുകടന്ന ആരാധനാമനോഭാവവും ഭക്തിയും ആൺമണ്ഡലലോകത്തിന്റെ ആരാധനാക്രമത്തിന്റെ രീതിയാണ്. അതായത്, രാഷ്ട്രീയ നേതാവിനെ ആൽഫാ പുരുഷസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആരാധനയാണ് ഇതിന്റെ പ്രത്യക്ഷത്തിലുള്ള സ്വഭാവം. ആൺമണ്ഡലം ഒരു അദൃശ്യ ഘടനയുടെ ഇരയായാണ് തങ്ങളെ സ്വയം ചിത്രീകരിക്കുന്നത്. ആണുങ്ങൾ അനുഭവിക്കുന്ന കഷ്ടതകളും അവഗണനകളും അംഗീകരിക്കാത്തതും മനസ്സിക്കാത്തതുമായ സ്ത്രീകൾ ആധിപത്യം ചെലുത്തുന്ന സമൂഹത്തോടുള്ള ധിക്കാരപരമായ സമീപനമാണ് പുരുഷന്റെ പരാതിയായി ഉയരുന്നത് (Male Complaint).
ഫിലിപ്പ് റോത്തിന്റെ പോർട്ട്നോയിയുടെ പരാതി (Portnoy's Complaint) എന്ന നോവൽ ഓർമപ്പെടുത്തയും, ഈ വിദ്വേഷക പരാതി സംസ്കാരം. ജൂതജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോ ഇറോട്ടിസിസത്തെയും (auto- eroticism) ഭിന്നപുരുഷത്വത്തെയും (hetero masculinity) ഈ നോവൽ പ്രതിപാദിക്കുന്നു. പുരുഷത്വത്തിന്റെ സന്ദിഗ്‌ധതകളെയാണ് നോവൽ അനാവരണം ചെയ്യുന്നത്. വിമർശനാത്മകമാണ് പ്രതിപാദനത്തിന്റെ സ്വഭാവം. എന്നാൽ സൈബർ ആൺമണ്ഡലം സാമൂഹികമായ പ്രതിസന്ധിയെയാണ് കാണിച്ചുതരുന്നത്.

പ്രത്യയശാസ്ത്രപരമായി ഉത്തേജിപ്പിക്കുന്ന റെഡ് പിൽ പോലെ, MGTOW -Men Go Their Own Way, പിക്ക്- അപ്പ് ആർട്ടിസ്റ്റുകൾ എന്നിങ്ങനെയുള്ള ചില വിശിഷ്ടാർഥപദങ്ങൾ മാനോസ്ഫിയർ മുന്നോട്ടുവെയ്ക്കുന്നു. മാനോസ്ഫിയർ വ്യവഹാരത്തിലെ പ്രധാന പരികർമികളാണ് ‘പിക്ക്-അപ്പ് ആർട്ടിസ്റ്റുകൾ’ (PUA-കൾ). സ്ത്രീകളെ വശീകരിക്കാൻ മാത്രമല്ല, തന്ത്രപരമായി ആധിപത്യം സ്ഥാപിക്കാനുള്ള സൂത്രങ്ങളും അവർ വാഗ്ദാനം ചെയ്യുന്നു. മാനസിക സമ്മർദ്ദങ്ങളിലൂടെയും, ഒറ്റപ്പെടുത്തലിലൂടെയും മയക്കുവിദ്യകളിലൂടെയുമാണ് കീഴപ്പെടുത്താനുള്ള കെണികൾ ഒരുക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനം, ആത്മതലത്തിൽ അനേകം പിളർപ്പുകൾ അനുഭവപ്പെടുന്ന നവലിബറൽ ആണത്തമാണ്. പുരുഷന്മാരുടെ പരമ്പരാഗത അവകാശങ്ങളെ ഇല്ലാതാക്കിയെന്ന തരത്തിലുള്ള, പുരുഷത്വത്തിനു നേരെയുള്ള ഭീഷണിയായാണ് സ്ത്രീകളുടെ അവകാശങ്ങളെ മാനോസ്ഫിയർ മനസ്സിലാക്കുന്നത്. പുരുഷന്റെ അവകാശം ജൈവികവും മതപരവുമെന്നു വിവക്ഷിക്കുന്ന ആൺമണ്ഡലം സ്ത്രീകളുടെ അവകാശം പ്രകൃതിവിരുദ്ധമായ കൃത്രിമനിർമിതികളാണെന്നു കാണുന്നു.
തീവ്ര സ്ത്രീവിരുദ്ധ ഉള്ളടക്കവും
വലതു പോപ്പുലിസവും
തീവ്ര ആണത്ത പ്രകടനങ്ങൾ വലതുപക്ഷ ആൾക്കൂട്ടങ്ങളുടെ പെരുമാറ്റത്തിന് മുഖ്യപ്രചോദനമാണ്. ആൾക്കൂട്ട ആക്രമണങ്ങൾ മെബൈൽ ക്യാമറയിൽ പകർത്തി 'ഇൻസ്റ്റ' തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ആണത്തത്തിന്റെ വിസ്ഫോടന പ്രകടനം എന്ന നിലയക്ക് കൂടിയാണ്. ധീരതയുടെയും ഒരുമയുടെയും ആരാധനസ്നേഹത്തിന്റെയും പ്രകടനമായാണ് ആൾക്കൂട്ട അക്രമത്തെ തീവ്രവലതുപക്ഷ സംഘങ്ങൾ സ്വയം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്. പരമ്പരാഗത മൂല്യങ്ങളുടെ സംരക്ഷണമാണ് തീവ്ര വലതുപക്ഷ ആൾക്കൂട്ടങ്ങൾ തങ്ങൾക്ക് സമൂഹത്തിനോടും ആചാരവിശ്വാസങ്ങളോടും മതത്തിനോടും രാഷ്ട്രത്തോടുമുള്ള കടമയായി പ്രദർശിപ്പിക്കുന്നത്. തീവ്രമായ ശാരീരിക പ്രകടനങ്ങളും ആക്രോശങ്ങളും ആധിപത്യ പ്രവണതകളും പ്രദർശനാത്മകതയുമാണ് പ്രകടിതമാകുന്നത്.
തീവ്രവലതുപക്ഷം ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനായി പ്രദർശനാത്മകഹിംസയിൽ പങ്കാളികളാകുന്നത് ആന്തരികമായി അവർ അനുഭവിക്കുന്ന തീവ്രപ്രതിസന്ധിയുടെ പ്രതികരണം എന്ന നിലയ്ക്കാണ്. തീവ്രവലതുപക്ഷരാഷ്ട്രീയത്തിന്റെ കേന്ദ്രാശയങ്ങളിലൊന്ന് രാഷ്ട്രത്തിന്റെയും മതത്തിന്റെയും പാരമ്പര്യം ആക്രമിക്കപ്പെടുന്നു എന്നതാണ്. കുടിയേറ്റ ജനതയും കുടിയേറിയ ആശയങ്ങളും തീവ്രവലതുപക്ഷ ചരിത്രബോധം വിഭാവനം ചെയ്യുന്ന പൗരാണികതയെ കളങ്കപ്പെടുത്തി എന്നതാണ്. പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കുന്ന സ്ത്രീകൾ വിശ്വാസബദ്ധമായ സാമൂഹ്യക്രമത്തെ അട്ടിമറിക്കുന്നവരാണ്, തീവ്രവലതുപക്ഷ വീക്ഷണത്തിൽ. ഇത് ആണത്തസംസ്കാരത്തെ നാശോന്മുഖമാക്കുന്നു. ഇതിന്റെ അനന്തരഫലമായി രാഷ്ട്രത്തിന്റെ പൗരുഷം ഛേദിക്കപ്പെടുന്നു. സ്ത്രീവാദത്തെയും സ്ത്രീകളുടെയും കീഴാള സമൂഹങ്ങളുടെയും അവകാശങ്ങളെയും തീവ്രവലതുപക്ഷം കാണുന്നത്, രാഷ്ട്രത്തിന്റെ ഉഗ്രപ്രതാപത്തിനും ധീരത പോലുള്ള സനാതനമൂല്യങ്ങൾക്കുമെതിരെയുള്ള യുദ്ധമായാണ്. മഹാത്മാഗാന്ധിയെ തീവ്രവലതുപക്ഷം ഏറ്റവും വെറുപ്പോടെ കാണുന്നതിനൊരു കാരണം, രാഷ്ട്രത്തിന്റെ വിമോചനസമരത്തെ അഹിംസപോലുള്ള ആശയങ്ങൾ കൊണ്ട് സ്ത്രൈണവൽക്കരിച്ചുവെന്നതാണ്. പുരുഷവീര്യത്തിന്റെ ആഖ്യാനതലത്തിൽ നിന്നുകൊണ്ടുള്ള പോരാളികളായ സ്ത്രീകളെ തീവ്രവലതുപക്ഷം അംഗീകരിക്കുന്നത്, അവർ പാരമ്പര്യസംരക്ഷകർ എന്ന നിലയ്ക്കുള്ള വലതുബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

ആണത്തത്തിന്റെ പ്രതിസന്ധി ആത്മാവിൽ വഹിക്കുന്നവരാണ് മാനോസ്ഫിയർ അംഗങ്ങൾ. ഇന്ത്യയുടെ സന്ദർഭത്തിൽ, മാനോസ്ഫിയർ ‘മനുസ്ഫിയറാ’കുന്നു (Manusphere). തീവ്രവലതുപക്ഷ സ്വഭാവത്തിന്റെ തലത്തിലുള്ള പ്രതികരണങ്ങൾ ആഭിചാരസ്വഭാവമുള്ളതാണ് ആൺമണ്ഡലത്തിൽ. സ്ത്രീകളെ വസ്തുവൽക്കരിക്കുകയും ട്രാൻസ്മനുഷ്യരെ അപമാനവീകരിക്കുകയും ചെയ്യുക ആൺമണ്ഡലത്തിന്റെ ആഭിചാരക്രിയകളിലൊന്നാണ്. വ്യവസ്ഥാപിത കുടുബസങ്കല്പങ്ങളും പാരമ്പര്യമൂല്യസംരക്ഷണവും അതിനു പര്യാപ്‌തമായ വിദ്യാഭ്യാസ ബോധനരീതിയുമാണ് തീവ്രവലതുപക്ഷ ആണത്ത പ്രതിസന്ധിയുടെ പരിഹാരമായി നിർദേശിക്കപ്പെടുന്നത്.
വലതുപക്ഷ നേതാക്കളും അല്ലെങ്കിൽ വലതുമനോഭാവമുള്ള നേതാക്കളും ആണത്തത്തെ തങ്ങളുടെ രാഷ്ട്രീയബിംബവൽക്കരണത്തിന് ഉപയോഗപ്പെടുത്താറുണ്ട്. ഡോണൾഡ് ട്രംപ് പരസ്യമായി സ്ത്രീ -ട്രാൻസ് വിരുദ്ധത പ്രകടിപ്പിക്കുന്നു. എന്നാൽ, സ്ത്രീകളോട് അനുഭാവം പ്രകടിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വം സ്വന്തം നെഞ്ചളവിനെക്കുറിച്ചും ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെയുള്ള നടത്തത്തിനെ കുറിച്ചും സിനിമയിലെ നായകനെപോലെ വാചാലരാകുന്നത്, അത്തരം ദൃശ്യാഖ്യാനം ആണത്ത ബിംബവൽക്കരണത്തിന് അനുയോജ്യമാകുന്നതിനാലാണ്. ആണത്തത്തെ ഒരു ദൃശ്യാനുഭവമായി പ്രദർശിപ്പിക്കുന്നത്, തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയ ആവിഷ്‌ക്കാര ശൈലിയിൽ പരമപ്രധാനമാണ്.
ആൺആൾക്കൂട്ടം ഒരൊറ്റപ്പെട്ട വലതുപക്ഷ വ്യക്തിയുടെ ആന്തരികതലത്തിലല്ല പ്രവർത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ തീവ്ര ആശയങ്ങളുടെ പ്രചാരണത്തിലും സ്ത്രീകളെ ആക്രമിക്കാൻ കാണിക്കുന്ന ഉത്സാഹങ്ങളിലും സംഘംചേർന്നുള്ള ബുള്ളിയിങ്ങിലും ആണത്ത പ്രകടനം മുഖ്യ ഘടകമാണ്. പുരുഷാധീശത്വ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്നത് പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന പുരുഷന്മാരാണ്. സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധികളും തീവ്ര ആക്രമോൽസുകതയുടെ പ്രകടനത്തിന് കാരണമാകാറുണ്ട്. അതിജീവിക്കാൻ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങൾ, ജോലിയുടെ അസ്ഥിരത, ഉപജീവനത്തിനായുള്ള ക്ലേശങ്ങൾ, ക്ഷേമത്തിന്റെയും സുരക്ഷയുടെയും നഷ്ടം, സാമൂഹിക- രാഷ്ട്രീയ അടിച്ചമർത്തൽ, ജാതിയുടെയും മതത്തിന്റെയും പാരമ്പരാഗത അപ്രമാദിത്വം സങ്കോചിക്കുന്നതിനെക്കുറിച്ചുള്ള വേവലാതികൾ, തൊഴിലാളികൾക്കിടയിലെ സാമ്പത്തിക പരാധീനതകൾ, മാറുന്ന തൊഴിൽ സാഹചര്യങ്ങളിലെ സമ്മർദ്ദം - ഇങ്ങനെ വ്യത്യസ്തമായ നിത്യ ജീവിതസംഘർഷങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങൾ ആണത്തപ്രതിസന്ധിക്ക് നിദാനമാകുന്നു.
ഇതിന്റെ രാഷ്ട്രീയ ഉറവിടങ്ങളെക്കുറിച്ച് തെരയാനോ മനസ്സിലാക്കാനോ ധൈഷണികമായി സാധിക്കാത്തതിനാൽ തീവ്രവലതുപക്ഷ രാഷ്ട്രീയം പരിഹാരമായി നിർദേശിക്കുന്ന അപരവിദ്വേഷത്തിന്റെ ഫാഷിസ്റ്റ് പ്രവണത ആൺമണ്ഡലങ്ങളുടെ ആശയരൂപീകരണത്തിൽ പ്രധാന സ്വാധീനമാകുന്നു. തീവ്രവലതുപക്ഷ സംഘടനകൾ സ്ത്രീകളെ സംഘടനാംഗത്വത്തിൽ നിന്ന് മാറ്റിനിർത്തുന്നു. നാരീപൂജ നടത്തുമ്പോഴും സ്ത്രീനേതൃത്വത്തെ അംഗീകരിക്കാതിരിക്കുന്നു. വനിതാ രാഷ്ട്രീയനേതാക്കളെ അഭിമുഖീകരിക്കാൻ തീവ്രവലതുപക്ഷസംഘടനകളും രാഷ്ട്രീയ നേതൃത്വവും വിമുഖരാണ്. ഹിലരി ക്ലിന്റനോടുള്ള ട്രംപിന്റെ സമീപനം ഇതിന്റെ ദൃഷ്ടാന്തമാണ്. ഏതു രാജ്യത്തിലും ഇതു തന്നെയാകും യാഥാർഥ്യം. തീവ്രവലതുപക്ഷ രാഷ്ട്രീയ നേതൃത്വം ഏറ്റവും വെല്ലുവിളിക്കപ്പെടുന്നത് സ്ത്രീകൾ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ നയിക്കുമ്പോഴാണ്. വളരെ പെട്ടെന്ന് തീവ്രവലതുപക്ഷം അഭിമുഖീകരണക്ഷമത നഷ്ടപ്പെട്ട് നിസ്സഹായരാവുന്നു, അവരുടെ ബിംബങ്ങൾ ഉടയുന്നു. ഇതിനു കാരണമാകുന്നത് ആണത്തത്തിന്റേതല്ലാത്ത ഒരു പദസഞ്ചയം (vocabulary) തീവ്രവലതുപക്ഷത്തിനില്ല എന്നതാണ്.

വിദ്വേഷ ഭാഷണത്തിന്റെ മൂശയിൽ രൂപപ്പെടുത്തിയതാണ് സ്ത്രീവിരുദ്ധദ്വേഷ ഭാഷണവും. ആണമണ്ഡലങ്ങൾ രൂപപ്പെടുത്തിയ ഹിംസാത്മകമായ ഭാഷണശൈലിയുണ്ട് അതിനുചേരുന്ന Algospeak- കളുണ്ട്. സമൂഹ്യമാധ്യമത്തിലെ ആണത്ത വൈറൽതാരം ആൻഡ്രൂ ടേറ്റ് മുതൽ മലയാള ആണമണ്ഡലത്തിലെ കീരീടം വെക്കാത്ത ആൺപ്രജാപതികൾ വരെയുള്ളവർ സ്ത്രീവിരുദ്ധമായ അതിക്രമത്തിന്റെ ഭാഷ ഉപയോഗിക്കുന്നവരാണ്. പ്രദർശനാത്മകമായ ക്ഷോഭം പകർത്തിവെച്ചിരിക്കുന്ന ഇവരുടെ വാമൊഴികൾ അക്രമ സംസ്കാരത്തെയാണ് വഴക്കിയെടുക്കുന്നത്.
ആൺവാമൊഴിവഴക്കം സമൂഹമാധ്യമശൃംഖലകളിലെ വലതുപക്ഷവൽക്കരിക്കപ്പെട്ട വ്യവഹാരങ്ങളിലെല്ലാം ഒരേപോലെ പ്രയോഗിക്കുന്നതാണ്. പ്രത്യക്ഷത്തിൽ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി സ്വയം അവതരിക്കുന്നവർ വലതുപക്ഷവൽക്കരിക്കപ്പെട്ട ഈ വിദ്വേഷവ്യവഹാരം ആക്രമണോൽസുകതയിലൂടെ പ്രകടിപ്പിക്കുന്നത് കേരളത്തിൻെറ ആണ്‍മണ്ഡലപ്രതികരണങ്ങളുടെ സവിശേഷതയായിരിക്കണം.
ഇത് ഏറ്റവും ദൃശ്യമായത് കേരളത്തിൽ ആശ വർക്കർമാരുടെ സമരകാലത്താണ്. സ്ത്രീതൊഴിലാളികളെ അധിക്ഷേപിക്കുന്ന ഭാഷണത്തെ വ്യവസ്ഥാപിത ഭരണവർഗ ഇടതുപക്ഷം പിന്തുണച്ചിരുന്നുവെന്നത് ഇടതുപക്ഷ ചരിത്രത്തിലെ മാറാകളങ്കമായി അവശേഷിക്കും.
വിദ്വേഷജനകവും സ്ത്രീവിരുദ്ധവുമായ ഭാഷണങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമല്ല മുഖ്യധാരാപ്രചാരണരീതികളിലൂടെയും പ്രചരിച്ചു. വ്യക്തിഗത പക്ഷപാതങ്ങളുടെയും ഗുണഭോക്തൃതാല്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ദ്വേഷഭാഷണത്തെ എതിർക്കാത്ത പുകൾപെറ്റ ഇടതു- സിവിൽ സമൂഹ സൈദ്ധാന്തികരും ആക്ടിവിസ്റ്റുകളും അടിസ്ഥാനജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീതൊഴിലാളികളുടെ അവകാശസമരത്തെ വഞ്ചനാപരായ നിസ്സംഗതയോടെ നേരിട്ടത് ഒരു ന്യായീകരണം കൊണ്ടും മായ്ച്ചുകളയാനാവില്ല.
സമൂഹമാധ്യമങ്ങൾ സജീവമായതിനുശേഷമുള്ള അനുഭവമാണെങ്കിൽ, കേരളത്തിൽ സ്ത്രീസമരങ്ങളോടുള്ള ആൺമണ്ഡല പ്രതികരണങ്ങൾക്ക് ഒരു നൈരന്തര്യമുണ്ട്. ഈ ആൺമണ്ഡല പ്രതികരണങ്ങളെ രൂപപ്പെടുത്തിയത് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഗുണഭോക്തൃ സംഘങ്ങളാണ്. തൊണ്ണൂറുകളുടെ അവസാനം കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന പി. ഇ. ഉഷയുടെ അവകാശസമരത്തോടും രണ്ടായിരത്തിൽ മൂന്നാറിൽ പൊമ്പിളെ ഒരുമൈ നടത്തിയ സമരത്തോടും ആശാ സമരത്തിനോടുമുള്ള വിദ്വേഷ പ്രതികരണങ്ങളിൽ ഒരു നൈരന്തര്യം ദൃശ്യമാണ്: ആൺകോയ്മാബോധത്തിൽ നിന്ന് തരിമ്പും മാറാൻ വിസമ്മതിക്കുന്ന പ്രതിലോമതയുടെ നൈരന്തര്യം.

റെഡ് പിൽ സംസ്കാരം
(Red Pill Culture)
നെറ്റ്ഫ്ലിക്സിന്റെ "അഡോൾസെൻസ്" സീരിസ് പ്രതിപാദിക്കുന്നത് "ഇൻസെൽ" സൈബർ വ്യവഹാരങ്ങളെക്കുറിച്ചാണ്. ഇൻസെൽ -INCEL- Involuntary Celibate എന്നാൽ അനിച്ഛാപൂർവം ലൈംഗികബന്ധങ്ങളിൽ നിന്ന് മാറിനിക്കേണ്ടവർ. ലൈംഗികാനുഭവങ്ങളുടെ അഭാവത്തിൽ നിരാശനായ ഒരു പുരുഷനെയാണ് ഇൻസെൽ വിവരിക്കുന്നത്. തിരസ്കൃതന്റെ മനോഭാവം. സ്ത്രീ വിദ്വേഷവും അതിക്രമവാസനയും ആൺമണ്ഡലങ്ങളിൽ തീവ്രമായി പ്രകടിപ്പിക്കുന്നത്, മിക്കവാറും കൗമാരക്കാരായ ആൺകുട്ടികളാണ്. അവരാണ് ആൺമണ്ഡലത്തിന്റെ ഇരകൾ. ലൈംഗിക ഉണർവുകൾ കൗമാര ഘട്ടത്തിലുണ്ടാക്കുന്ന സന്ദിഗ്ദ്ധതകളും ലൈംഗികതയെക്കുറിച്ചുള്ള ആത്മസംശയങ്ങളുമാണ് ആൺമണ്ഡലത്തിലേക്ക് അവരെ ആകർഷിക്കുന്നത്. വാസ്തവത്തിൽ, ഇത് പുതിയ കാര്യമല്ല. സാമൂഹ്യമായ അഭിരുചികളും വീക്ഷങ്ങളുമൊക്കെ മാറിയിട്ടുണ്ടാകാം, എങ്കിലും എല്ലാ തലമുറകളിലും പെടുന്ന ആൺകുട്ടികളും പെൺകുട്ടികളും കൗമാരത്തിൽ ലൈംഗികസന്ദിഗ്ധമായ വികാരവിചാരങ്ങളിലൂടെ കടന്നുപോകാതിരിന്നിട്ടില്ല.
എതിർലിംഗത്തെക്കുറിച്ചു ലൈംഗികാഭിരുചികളുടെ അടിസ്ഥാനത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സൗഹൃദ കൂട്ടായ്മകളിൽ പല ആകാംക്ഷകളും പങ്കുവെയ്ക്കപ്പെടാറുണ്ട്. എന്നാൽ, ഇൻസെൽ സൈബർ ഉപസംസ്കാരം ഇത് വിദ്വേഷജനകമായ സാമൂഹ്യ പ്രത്യശാസ്ത്രമായി വികസിപ്പിച്ചിരിക്കുന്നു. അതിന് വലതുരക്ഷരാഷ്ട്രീയത്തിന്റെ പിൻബലവുമുണ്ട്. സാമൂഹ്യവിരുദ്ധവും ഹിംസാത്മകവുമായ സാധ്യതകളിലേക്ക് ഇത് നയിക്കാം.
കടുത്ത ലഹരിയുടെയും ഡാർക്ക് വെബിന്റെയും ലോകങ്ങളിൽ വ്യാപരിക്കാനും ഇൻസെൽ സൈബർ ഉപസംസ്കാരം പ്രേരണയാകുന്നു. ഇത് വിദ്വേഷത്തിന്റെ സംസ്കാരത്തെ പുനരുല്പാദിപ്പിക്കാൻ കെല്പുള്ളതാണ്. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ സൈബർ ഉപസംസ്കാരങ്ങളിലൂടെ വ്യാപൃതമായ ഹിംസാത്മക വാസനകളാണ് ഇപ്പോഴത്തെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് ഊർജ്ജമായിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ സ്ത്രീവിരുദ്ധമായ വിദ്വേഷ സംസ്കാരത്തിൽ നിന്ന് 'റെഡ് പിൽ', ആൺമണ്ഡല സംസ്കാരത്തെ വേർതിരിക്കുന്നു. ആൺമണ്ഡല സൈബർ ഉപസംസ്കാരത്തിന്റെ ഉള്ളടക്ക നിർമാണവും ഇതിനെ വൈറലാക്കുന്ന സോഷ്യൽ മീഡിയ ടെക് കമ്പനികളുടെ അൽഗോരിതവും പ്രതിലോമകരമായ ഡാറ്റാ സംസാരത്തെ പരിപോഷിപ്പിക്കുന്നതാണ്.
സാമ്പത്തികമായി വൻ ലാഭകരമാണ് നിയന്ത്രണമില്ലാത്ത വിദ്വേഷപ്രചാരണത്തിന്റെ അൽഗോരിത സംസ്കാരം. ലൂയി തെറോവിന്റെ "Inside Manosphere" സ്ത്രീവിരുദ്ധ തീവ്രആണത്ത ഉള്ളടക്ക നിർമാതാക്കളുടെ സ്വകാര്യലോകത്തിലേക്ക് കടന്നുചെന്നുള്ള അന്വേഷണത്തിലൂടെ ചുരുളഴിക്കുന്നത്, തീവ്ര ഉള്ളടക്കനിർമാണത്തിന്റെ നാനാവശങ്ങളെക്കുറിച്ചാണ്.
ലൂയി തെറോവിന്റെ വിവരണങ്ങൾ "ഇൻസെൽ / മാനോസ്ഫിയർ" ലോകത്തിന്റെ "റെഡ് പിൽ" (Red Pill) പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതകളെ കാണിച്ചുതരുന്നു. ലൂയി തെറോവിന്റെ വിവരണങ്ങൾ തീവ്ര ആണത്തലോകത്തെ ബാധിച്ചിട്ടുള്ള അഗാധസാമൂഹിക വിഭ്രാന്തിയെ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. ആൽഫ മേധാവിത്വത്തെക്കുറിച്ചുള്ള ഡാർവിനിയൻ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റെഡ് പിൽ എന്നാണ് ലൂയി തെറോ പറയുന്നത്. ദൂരവ്യാപകമായ സാമൂഹിക പുനരുദ്ധാരണത്തെ അടിസ്ഥാനമാക്കിയുള്ള ഈ പ്രത്യയശാസ്ത്രം വേരൂന്നിനിൽക്കുന്നത് സാമൂഹ്യമായ ട്രോമയിലാണ് (trauma).

തീവ്ര പുരുഷാഭിലാഷങ്ങൾ വെറുപ്പിനെ പ്രലോഭനീയമായ പ്രതികരണമാക്കി പരിവർത്തിപ്പിക്കുന്നു. ഓൺലൈൻ അനുഭവങ്ങളിൽ മുഗ്ദ്ധമായ ഒരു കൗമാര- യുവ സംസ്കാരത്തിന്റെ രൂപീകരണത്തിൽ 'റെഡ് പിൽ' ആഘാതകരമായ സ്വാധീനമാകുന്നു. പുരുഷത്വത്തിന്റെ പഴയ അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന പുതുലോകസാഹചാര്യത്തിൽ തിരിച്ചടിയുടെ ഒരു ഭാഷണരീതിയാണ് ആൺമണ്ഡല ഉള്ളടക്കനിർമാതാക്കൾ അവലംബിക്കുന്നത്. ലൂയി തെറോ വിവരിക്കുന്നതുപോലെ, ഈ ഉള്ളടക്ക നിർമാതാക്കൾ തങ്ങളുടെ അനുയായിവൃന്ദത്തിന് ഒരു അൽഗോരിതമിക് കാരാഗാരം (algorithmic prison) നിർമിച്ചിരിക്കുകയാണ്. സമ്പത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മായികലോകത്തിൽ അകപ്പെട്ട ഇവർ വിശ്വാസപരമായ മൂർച്ചയോടെയാണ് മാനോസ്ഫിയർ ആഭിചാരങ്ങളിൽ പങ്കെടുക്കുന്നത്. യഥാർത്ഥത്തിൽ അൽഗോരിതം തടവറകളിൽ അകപ്പെട്ടവരെ ചൂഷണം ചെയ്തു സമ്പത്തു കുന്നുകൂട്ടുന്നവരാണ് 'റെഡ് പിൽ' ഉള്ളടക്ക നിർമാതാക്കൾ.
മലയാളത്തിന്റെ സൈബർ ഉപസംസ്കാരത്തിൽ മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങളിലും തീവ്ര ആണത്ത ആശയങ്ങൾ സ്വാധീനം ചെലുത്തുന്നു. ക്വട്ടേഷൻ സ്ത്രീപീഡനത്തിന്റെ ന്യായീകരണമായും വനിതാ കുറ്റവാളികൾക്ക് വധശിക്ഷ നൽകാനുള്ള കോടതി ഉത്തരവുകളെ ആഘോഷിച്ചും അതിജീവിതകളെ അധിക്ഷേപിച്ചും തീവ്ര ആണത്തം ഘോഷമാക്കപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളും ഈ തീവ്ര ആശയ പ്രചാരണങ്ങളിൽ ബോധപൂർവ പങ്കാളികളാണ്. ജനാധിപത്യത്തിൽ ഫാഷിസത്തിനു മുറിയുണ്ടോ എന്ന ചോദ്യം പോലെ പ്രാധാന്യമുള്ളതാണ് മാധ്യമങ്ങളിൽ തീവ്ര ആണത്തക്കാർക്കും ആൺത്തങ്ങൾക്കും ഇടമുണ്ടോ എന്നുള്ളത്.
(അവസാനിക്കുന്നില്ല).
