21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 24
▮
കേരളീയ സമൂഹത്തിന് പ്രായമാകുന്നുവെന്നാണ് ജനസംഖ്യാകണക്കുകൾ കാണിക്കുന്നത്. 60 വയസ് കഴിഞ്ഞവർ 20.7 ശതമാനമാണ്, ദേശീയ ശരാശരി 12.9 ശതമാനവും. കേരളത്തിന്റെ സുപ്രധാന സാമൂഹിക ഘടകങ്ങളായ കുറഞ്ഞ പ്രത്യുൽപ്പാദനനിരക്കും ഒപ്പം കൂടിയ ഉയർന്ന ആയുർദൈർഘ്യവുമാണ് ഇതിനുകാരണം.
തൊഴിൽ ചെയ്യുന്ന 100 പേർക്ക് ആനുപാതികമായി പ്രായമായവരുടെ എണ്ണം - വാർദ്ധക്യ ആശ്രിതത്വ അനുപാതം - 19.6%-ൽനിന്ന് (2011) 26.1% (2021) ആയി കുത്തനെ ഉയർന്നുവെന്നും 2031 ആകുമ്പോഴേക്കും ഇത് 34.3% ആയി ഉയരുമെന്നാണ് ഒരു സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ഇതിനർത്ഥം, ഒരു ദശാബ്ദത്തിനുള്ളിൽ മൂന്നിൽ ഒരാൾ എന്ന കണക്കിൽ ഒരു മുതിർന്ന പൗരൻ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ഒരാളെ ആശ്രയിക്കേണ്ടിവരും.
ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. പ്രായമായിക്കൊണ്ടിരിക്കുന്ന സമൂഹം ആഗോള സമൂഹങ്ങളുടെ പ്രധാന പരിഗണനാവിഷയമാണ്. കേരളത്തെ ജപ്പാനുമായാണ് ഇക്കാര്യത്തിൽ താരതമ്യപ്പെടുത്തുക. യൂറോപ്പിലെ പല രാജ്യങ്ങളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. വയോജന സൗഹൃദനയങ്ങളും പ്രായോഗിക നടപടികളും ഈ രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പ്രായാധിക്യത്തെ ഒരു രോഗനിദാനപ്രശ്നമായി (pathology) അഭിസംബോധന ചെയ്യുന്നതിനുപകരം സാമൂഹികാരോഗ്യശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ, സാമൂഹികാന്തസ്സിന്റെ മാനകങ്ങളനുസരിച്ചുള്ള പരിഗണനയിലേക്ക് മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുതിർന്ന പൗരർ എന്ന നിലയ്ക്കുള്ള അവകാശാധിഷ്‌ഠിതമായ സാമൂഹികസമീപനമാണ് ഇന്ന് ജനാധിപത്യസംസ്കാരമുള്ള സമൂഹങ്ങൾ സ്വീകരിക്കുന്നത്. സാമൂഹികാന്തസ്സിനെക്കുറിച്ചുള്ള വ്യവസ്ഥാപിതവും വികസ്വരമായിക്കൊണ്ടിരിക്കുന്നതുമായ നീതിബദ്ധമായ പ്രയോഗങ്ങളാണ് വയോജന അവകാശങ്ങൾക്ക് പുതിയ മാനം നൽകുന്നത്.
60 വയസ്സ് കഴിഞ്ഞവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയാണ് പ്രായമാകുന്ന സമൂഹത്തെ (ഏജിംഗ് സൊസൈറ്റി) നിർണയിക്കുന്നത്. അതിൽ, ജനസംഖ്യയിലെ വലിയൊരു വിഭാഗം പ്രായമായവരും (65+) വളരെ പ്രായമായവരും (80+) ആയി മാറുന്നു.
വ്യക്തിഗത 'വാർദ്ധക്യ പ്രശ്‌നങ്ങൾ' - മോശം ആരോഗ്യം, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, ദാരിദ്ര്യം, തൊഴിൽശക്തിയുടെ അഭാവം, വർദ്ധിച്ചുവരുന്ന ആശ്രിതത്വ അനുപാതം- തുടങ്ങിയവയാണ് വയോജന സമൂഹങ്ങൾ പങ്കിടുന്നത്. ഇത് വളർച്ചയെ മന്ദഗതിയിലാക്കുന്നു. വർദ്ധിച്ചുവരുന്ന പെൻഷൻ, പരിചരണത്തിനും ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ ചെലവുകൾ, അനുബന്ധ ബജറ്റ് സമ്മർദ്ദങ്ങൾ എന്നിങ്ങനെ സാമൂഹിക- സമ്പത്തിക പരിഷ്കാരങ്ങളെ ഇത് മന്ദഗതിയിലാക്കുന്നു.
'സിൽവർ/ഗ്രേ" സമൂഹവും പുതുതലമുറകളും തമ്മിലുള്ള സാംസ്കാരിക ഭിന്നത സാമൂഹികമായ തലമുറസമ്മർദ്ദങ്ങൾക്കിടയാക്കുന്നു. പ്രായമാകുന്ന സമൂഹം യാഥാസ്ഥിതിക സമൂഹമാണെന്ന വിലയിരുത്തലുമുണ്ട്. മാറ്റങ്ങൾക്ക് വിഘാതമാണ് പ്രായം എന്ന മുൻധാരണ ഈ വീക്ഷണത്തെ സ്വാധീനിക്കുന്നു.

സവിശേഷമായ ഒരു സാമൂഹിക ജീവിതത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടവുമാണ് വാർദ്ധക്യം. വാർദ്ധക്യത്തിന്റെ ഗതിയിൽ സംഭവിക്കുന്ന എല്ലാ റോൾമാറ്റങ്ങളിലും, പഴയതിനെ നിലനിർത്താനുള്ള വെമ്പലുണ്ടാകും, അത് സാമൂഹിക ബന്ധങ്ങളെ സങ്കീർണമാക്കും. കുടുംബഘടനയിലെന്നപോലെ രാഷ്ട്രീയ സംഘടന മുതൽ വായനശാലാസമിതി വരെ ഈ റോൾ മാറ്റം സംഭവിക്കും. ചിലപ്പോൾ റോൾ മാറ്റത്തെ നേരിടാൻ പ്രായത്തിന്റെ ‘അനുഭവസമ്പത്ത്’ പ്രയാസമായിത്തീരുന്നു. ഒരു ന്യൂക്ലിയർ കുടുംബ പശ്ചാത്തലത്തിൽ വാർദ്ധക്യത്തിനുശേഷം റോളിലെ മാറ്റം തിരിച്ചറിയപ്പെടുന്നത് പദവി നഷ്ടപ്പെടൽ, വിലയില്ലായ്മ, ഏകാന്തത എന്നിവയുടെ അനുഭവങ്ങളിലൂടെയാകുന്നത് അന്തസ്സിനെ ബാധിക്കുന്നു.
വാർദ്ധക്യത്തിൽ ഒരാൾ അനുഭവിക്കുന്ന വൈകല്യങ്ങളും ബുദ്ധിമുട്ടുകളും പല സ്വഭാവമുള്ളവയാണ്. ചിലർക്ക് വാർദ്ധക്യം പദവിയും ജീവിതസംതൃപ്തിയും വർദ്ധിപ്പിക്കും. മറ്റു ചിലരിൽ ഇത് പ്രശ്നകരമാകാം. ഒരു വശത്ത്, വാർദ്ധക്യം വിശ്രമിക്കാനും ആസ്വദിക്കാനും ചെറുപ്പത്തിൽ ചെയ്യാനാഗ്രഹിച്ചതും എന്നാൽ ഒരിക്കലും ചെയ്യാൻ സമയമില്ലാതിരുന്നതുമായ കാര്യങ്ങൾ ചെയ്യാനും അവസരം നൽകുന്നു. മറുവശത്ത് വാർദ്ധക്യം വർദ്ധിച്ചുവരുന്ന ശാരീരിക, മാനസിക, ശാരീരിക വൈകല്യങ്ങൾക്ക് കാരണമാകുന്നു. പ്രായം കൂടുകയും ആരോഗ്യം കുറയുകയും ചെയ്യുമ്പോൾ വ്യക്തിക്ക് ശാരീരികമായും മാനസികമായും കുടുംബത്തെയോ സാമൂഹിക പിന്തുണയുള്ള ശൃംഖലയെയോ ആശ്രയിക്കേണ്ടിവരുന്നു. പ്രായമായവരെ മാന്യമായ ജീവിതം നയിക്കാൻ സഹായിക്കുന്ന സ്ഥിരവും നിയമപരവുമായ സാമൂഹിക പിന്തുണാസംവിധാനം (social support network) ആവശ്യമാണ്.
സാമ്പത്തിക ആശ്രിതത്വമാണ് മറ്റൊരു പ്രതിസന്ധി. ഇത് രണ്ട് തരത്തിലാണ് പ്രകടമാകുന്നത്.
ഒന്ന്; ഔപചാരിക മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ വിരമിക്കൽ മൂലമുണ്ടാകുന്ന സാമ്പത്തിക ആശ്രിതത്വം.
രണ്ട്; അനൗപചാരിക മേഖലയിലെ ഒരു വ്യക്തിക്ക്, ശാരീരിക- മാനസിക കഴിവുകൾ കുറഞ്ഞ് ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. വരുമാനത്തിൽ സ്വന്തമായി നിയന്ത്രണമുള്ള വയോജനങ്ങൾ കൂടുതൽ സ്വതന്ത്രരും നന്നായി പരിപാലിക്കപ്പെടുന്നവരുമായിരിക്കും.
ലിംഗഭേദത്തിന്റെ കാര്യത്തിൽ, പ്രായമായ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കുടുംബത്തെയോ സാമൂഹികസംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാർദ്ധക്യപ്രശ്നം കൂടുതലായി അനുഭവപ്പെടുന്നു. ഗ്രാമങ്ങളിലോ അർദ്ധ നഗര സാഹചര്യങ്ങളിലോ, ദാരിദ്ര്യത്തിന്റെ കാര്യത്തിൽ സാമൂഹിക സുരക്ഷ പൂർണ്ണമായും ഇല്ലാതാകുന്നു. സാമൂഹിക സുരക്ഷ വാർദ്ധക്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും വയോജനങ്ങളുടെ ആശ്രിതത്വം വർധിക്കുകയാണ്. സ്വാച്ഛന്ദ്യം നഷ്ടപ്പെടുന്നതിലേക്ക് ഇത് മാറുന്നു. വ്യക്തിയെ മൂല്യമില്ലായ്മയിലേക്കും ഏകാന്തതയിലേക്കും നയിക്കുന്നു. സാമൂഹിക പദവി നഷ്ടപ്പെടുന്ന പ്രതീതി സൃഷ്ടിക്കുന്നു. ഇത് പലതരം മാനസികാഘാതങ്ങൾക്ക് (trauma) കാരണമാകുന്നു.
ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയും അത് വയോജനങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടായേക്കാം. കോവിഡ് സമയത്ത് വയോജനങ്ങൾ വല്ലാതെ ഭീഷണി നേരിട്ടു. പ്രായമായവരെ രോഗം ഗ്രസിക്കുമെന്ന ഭീഷണിയും മരണത്തിലെ വർധനവും പകർച്ചവ്യാധിപോലെ ആശങ്ക പടർത്തിയിരുന്നു. പ്രായവുമായി ബന്ധപ്പെട്ട രോഗാവസ്ഥ, ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യം, പരിമിതമായ സാമൂഹിക പിന്തുണ, അപര്യാപ്തമായ വൈദ്യപരിചരണം, വൈകാരികമായ ഘടകങ്ങളുടെ അഭാവം എന്നിവ പ്രായമായവരെ അപകടകരമായ അവസ്ഥയിലേക്ക് തള്ളുന്നു.
സാമൂഹിക അവഗണയിൽനിന്ന് ഉടലെടുക്കുന്ന പൊതുവായ ബുദ്ധിമുട്ടുകൾ ശക്തിയില്ലായ്മ, അപകർഷതാബോധം, വിഷാദം, ഉപയോഗശൂന്യത, ഒറ്റപ്പെടൽ, കഴിവില്ലായ്മ എന്നിവയാണ്. സാമൂഹിക മുൻവിധി, പുരുഷാധിപത്യസമൂഹത്തിലെ വിധവത്വം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ, വംശീയ വേർതിരിവുകൾ തുടങ്ങിയ സാമൂഹികമായി അടിച്ചേൽപ്പിക്കപ്പെട്ട വൈകല്യങ്ങളാണ്. ഇവ വാർദ്ധക്യത്തിലെ മാനസിക ബുദ്ധിമുട്ടുകളെ ഇരട്ടിയാക്കുന്നു. വാർദ്ധക്യത്തെക്കുറിച്ചുള്ള ഭയം ഒരു ഏകീകൃത അനുഭവമല്ല. മരണഭയവും രോഗം വന്ന് ചലനരഹിതമാകുമോ എന്ന ഭയവും വാർദ്ധക്യത്തെ ഉത്കണ്ഠഭരിതമാക്കുന്നു. ആരോഗ്യം കുറയുക, മാനസികമൂർച്ചയും സ്വാതന്ത്ര്യവും നഷ്ടപ്പെടുക, വ്യക്തിയെ നിർവചിച്ച റോളുകളുടെയും ഐഡന്റിറ്റികളുടെയും ശോഷണം എന്നിവ ഭയത്തിന്റെ ആക്കം കൂട്ടുന്നു. വ്യത്യസ്തമായ ആശങ്കകളാണ് മനസ്സിനെ ഉലയ്ക്കുക. ഇത് രോഗാവസ്ഥയെ മൂർച്ഛിപ്പിക്കുന്നു. പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും വിശ്രമിക്കാനും അവസരം കൊതിക്കുന്നവർ സാമൂഹിക സുരക്ഷയുടെ അഭാവത്തിൽ, തങ്ങൾ നിഷ്‌ക്രിയരോ ഉപയോഗശൂന്യരോ ആയി അനുഭവപ്പെടുന്നത് പുതിയ ഉത്കണ്ഠകളും ഭയവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു.
ഇങ്ങനെ വ്യത്യസ്തമായ ആശങ്കകളോട് പ്രതികരിക്കുന്ന ഒരു സാമൂഹിക സുരക്ഷാസംവിധാനം ഒരുക്കുന്നതിനാണ് കഴിഞ്ഞ 25 വർഷം ലോകമാകമാനം വയോജനസൗഹൃദസമൂഹങ്ങൾ മുൻഗണന നൽകിയത്.
ജീവിതം എന്നതിന്റെ അർത്ഥമെന്താണ്? ഇതേക്കുറിച്ചുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും സാമൂഹിക ഉൽകണ്ഠയായി മാറുമ്പോൾ അസ്ഥിരത (precarity / vulnerability) സാമൂഹിക പ്രശ്നമായി കടന്നുവരുന്നു. ജൂഡിത് ബട്ലരുടെ അഭിപ്രായത്തിൽ, അസ്ഥിരത എന്നത് രാഷ്ട്രീയ പ്രേരിതമായ ഒരവസ്ഥയാണ്. അതിൽ ചില ജനവിഭാഗങ്ങൾ സാമൂഹികവും സാമ്പത്തികവുമായ പിന്തുണാശൃംഖലകളില്ലാതെ കഷ്ടപ്പെടും. ശാരീരിക പരിക്കിനും അക്രമത്തിനും മരണത്തിനും വിധേയരാകും. അനിശ്ചിതത്വവും അസ്ഥിരതയും സാമൂഹികപ്രശ്നമായി മാറുന്നത്, ക്ഷേമരാഷ്ട്രത്തിന്റെ തകർച്ചയോടെയാണ്.
രാജ്യത്തെ വയോജനസംഖ്യ ബഹുമുഖമായ അനിശ്ചിതത്വങ്ങളാണ് നേരിടുന്നത്. പലപ്പോഴും വംശീയതയുടെയും വിവേചനത്തിന്റെയും അധീശത്വം അവരുടെ ദുർബലതകൾ വർധിപ്പിക്കും. കുടിയേറ്റ സമൂഹങ്ങളിലെ വയോജനങ്ങൾ സാമൂഹിക സുരക്ഷയും പിന്തുണയും ലഭ്യമാകാതെ കൂടുതൽ ദുർബലമാകുന്നു. പിറന്നുവീണ സമൂഹങ്ങളിൽ ലഭിക്കുന്ന സാമൂഹികവും സമുദായികവുമായ പിന്തുണ കുടിയേറ്റ സമൂഹങ്ങളിൽ ഇല്ലാതാകുന്നതോടെ സാമൂഹ്യ- ആരോഗ്യ സംബന്ധിയായ വെല്ലുവിളികളാണുണ്ടാകുക.
അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം അവിടുത്തെ പൗരത്വം സ്വീകരിച്ചശേഷമുള്ള സ്ഥിരവാസമായി പരിണമിച്ചു. അനന്തരഫലമെന്നോണം നാട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാവുകയും ഇവരുടെ സംരക്ഷണചുമതല ഏറെക്കുറെ തദ്ദേശീയ സാഹചര്യങ്ങൾക്കനുസൃതമാകുകയും ചെയ്തു.
കുടിയേറ്റ തൊഴിലാളികളുടെ പ്രായം അവരുടെ ചലനാത്മകതയെ നിർണായകമായി ബാധിക്കുന്നു. പ്രായമാകുകയും വിരമിക്കൽ അടുക്കുകയും ചെയ്യുന്നത് ശാരീരികഅസ്ഥിരത അനുഭവപ്പെടുന്നതിന്റെ ഒരു ഘട്ടമാണ്. കാരണം, കുടിയേറ്റക്കാരുടെ വാർദ്ധക്യശരീരങ്ങൾ വളരെ ദുർബലവും ഉൽപാദനക്ഷമമല്ലാത്തതുമാണെന്ന് വംശീയ സ്വഭാവമുള്ള ഭരണകൂടങ്ങളും തൊഴിലുടമകളും കരുതുന്നു. അങ്ങനെ അവർ ഉത്ഭവരാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു. കുടിയേറ്റക്കാർക്ക്, തങ്ങളുടെ ദീർഘകാല അധ്വാനം നിരാകരിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. ക്ഷേമത്തിനുപകരം അരക്ഷിതാവസ്ഥയിലേക്കാണ് അവർ തള്ളപ്പെടുന്നത്. കുടിയേറിയവരെ പരിഗണിക്കാതെ ഇന്നത്തെ ഒരു ക്ഷേമസങ്കല്പവും പ്രവർത്തനസജ്ജമാവുകയില്ല.
ആഗോളവൽക്കരണവും
പ്രായാധിക്യപ്രശ്നങ്ങളും
ആഗോളവത്കരണത്തോടെ തൊഴിൽകുടിയേറ്റം വ്യാപകമായി. മിക്കവാറും രാജ്യങ്ങളുടെ ജനസംഖ്യയിൽ ഈ കുടിയേറ്റം സൃഷ്ടിച്ച മാറ്റം പ്രതിഫലിച്ചു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽനിന്ന് പ്രധാനമായും മുപ്പതു വയസ്സിൽ താഴെയുള്ള തലമുറ തൊഴിൽ തേടി അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ ഗൾഫിലേക്കോ കുടിയേറി. അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം അവിടുത്തെ പൗരത്വം സ്വീകരിച്ചശേഷമുള്ള സ്ഥിരവാസമായി പരിണമിച്ചു. അനന്തരഫലമെന്നോണം നാട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാവുകയും ഇവരുടെ സംരക്ഷണചുമതല ഏറെക്കുറെ തദ്ദേശീയ സാഹചര്യങ്ങൾക്കനുസൃതമാകുകയും ചെയ്തു.
ഈ മാറ്റത്തിന്റെ ഭാഗമായി തൊഴിലെടുക്കുന്ന, മൂലധനയുക്തിയുടെ ഭാഷ അവലംബിച്ചാൽ, ഉല്പാദനക്ഷമമായ ഒരു വിഭാഗം, ജനസംഖ്യയിൽ ഗണ്യമായി കുറഞ്ഞുവന്നു. ഇത് കേരളം മാത്രമായി നേരിടുന്ന സവിശേഷ പ്രശ്നമാകണമെന്നില്ല. പതിറ്റാണ്ടുകളായി തീവ്രമായ കുടിയേറ്റ ഘട്ടത്തിലൂടെ കടന്നുപോകുന്ന മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. യുവാക്കളാണ് ഇവിടെനിന്ന് കൂടുതലും കുടിയേറുന്നത്. ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വലിയൊരു ഭാഗം വിദേശങ്ങളിലേക്ക് കുടിയേറി. പഞ്ചാബിലെ പല വീടുകളിലും പ്രായമായവർ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിദ്യാസമ്പന്നരും വൈദഗ്ധ്യമുള്ളവരുമായ യുവാക്കളുടെ കുടിയേറ്റം പഞ്ചാബിനെ കടുത്ത 'മസ്തിഷ്ക ചോർച്ച'യിലേക്കും തള്ളിവിടുന്നുണ്ട്. ഇത് 'മാനവ മൂലധന നഷ്ടം' എന്ന പ്രശ്നത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നു. ഇത് വികസനത്തിനുവരെ തടസ്സമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുടുംബങ്ങൾ കൂടുതൽ കൂടുതൽ ദേശാന്തരങ്ങളായി മാറുമ്പോൾ, കൂടുതലാളുകൾ ഈ ദീർഘദൂര കുടുംബ- ശൃംഖലാബന്ധങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. എന്നാൽ ഇത് കുടുംബ ബന്ധങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. യാത്രയും ഗതാഗതവും മുതൽ സാമ്പത്തിക വിനിമയങ്ങൾ, മാധ്യമങ്ങൾ വരെ എവിടെ നോക്കിയാലും, സാമൂഹിക ഇടപാടുകളിൽ വർദ്ധിച്ചുവരുന്ന ആഗോളവൽക്കരണം ദൃശ്യമാണ്.
കുടിയേറ്റം വിപുലമായൊരു ഡയസ്പോറ സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു. പ്രായമായവരോടുള്ള കരുതൽ ഡയസ്പോറയുടെ ഒരു പ്രധാന ഉത്തരവാദിത്തമായി മാറുന്നു. അതേസമയം, പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക മാത്രമല്ല, സമൂഹത്തിൽ സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥയും സൃഷ്ടിക്കുന്നു. ഇതിന്റെ അനന്തരഫലം സങ്കീർണ്ണവും ബഹുമുഖമാണ്. വ്യക്തികൾ, കുടുംബങ്ങൾ, സമൂഹം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ സങ്കീർണത. പ്രായമാകുന്നവരുടെ വർദ്ധനവ് ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളുള്ള ലോകവ്യാപക പ്രതിഭാസമായി മാറിയിട്ടുണ്ട്. ഇതൊരു ആഗോള വെല്ലുവിളിയായതിനാൽ, അതിവേഗം വളരുന്ന ഈ ജനസംഖ്യാവിഭാഗത്തിന്റെ ആരോഗ്യവും ആത്യന്തികമായി ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് മുൻകരുതൽ സ്വീകരിക്കാനും കരുതലൊരുക്കാനും ആഗോളീയമായ ഉത്തരവാദിത്വനിർവഹണം അനിവാര്യമാകുന്നു.

ഡയസ്പോറ സമൂഹങ്ങൾ വയോജന സംരക്ഷത്തിനായി കൂട്ടായ പ്രവർത്തങ്ങളാണ് ഏറ്റെടുക്കുന്നത്. പ്രായമായവരെ അവരാഗ്രഹിക്കുന്നിടത്തോളം കാലം അയൽപക്കത്ത് സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്തരാക്കുന്നതിന് പ്രാദേശിക പരിസ്ഥിതിയുടെ അടിസ്ഥാനത്തിൽ വയോജനക്ഷേമ ആസൂത്രണത്തിനും പരിപാലനത്തിനും സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനുള്ള ആഗോള കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ സാമുദായിക നേതൃത്വങ്ങളായിരിക്കാം ഇത് സംഘടിപ്പിക്കപ്പെടുന്നത്. സമുദായികമായും സാമ്പത്തികമായി മേൽത്തട്ടിലുള്ള വിഭാഗത്തിലേക്കും ഇത് ചുരുക്കപ്പെടുന്നു എന്നൊരു വസ്തുതയും കൂടിയുണ്ട്. മറുവശത്ത്, സാമ്പത്തികമായി താഴെത്തട്ടിലുള്ള പ്രായമായവർ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ വാർദ്ധക്യത്തെ കൂടുതൽ ദുർബലമാക്കുന്നു.
ദീർഘായുസ്സും
പരിരക്ഷാസമ്പദ്‍വ്യവസ്ഥയും
ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നു എന്ന ചർച്ച ആശങ്കയുടെ സ്വഭാവത്തിൽ അവതരിപ്പിക്കുന്നത്, വാർധക്യത്തെക്കുറിച്ചുള്ള നെഗറ്റീവ് നറേറ്റീവിനും ഇടയാക്കുന്നുണ്ട്. വയോജനസംഖ്യയെക്കുറിച്ചുള്ള വ്യവഹാരം ജനസംഖ്യാപ്രതിസന്ധിയിൽ നിന്ന് ദീർഘായുസ്സിനെക്കുറിച്ചുള്ള (longevity) ചർച്ചയിലേക്ക് മാറേണ്ടതുണ്ട്.
ജനസംഖ്യാപരമായ ആശങ്കയിലെ ഏറ്റവും അടിസ്ഥാനപരമായ തെറ്റ് "ജനസംഖ്യാ വാർദ്ധക്യം" എന്നത് ഒരു സ്ഥിതിവിവരക്കണക്ക് നിർമ്മിതിയെക്കാൾ ഒരുതരം ജൈവ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന അനുമാനമാണ്. ജനിച്ച നിമിഷം മുതൽ മരിക്കുന്ന ദിവസം വരെ കൃത്യമായി ഒരേനിരക്കിലാണ് - പ്രതിവർഷം ഒരു വർഷം - നമുക്കെല്ലാം പ്രായമാകുന്നത്. വ്യക്തികളേക്കാൾ വേഗത്തിലോ സാവധാനത്തിലോ ജനസംഖ്യ പ്രായമാകുന്ന ഒരു ജൈവികപ്രക്രിയയുമില്ല. കാലക്രമേണ മാറുന്നത് ജനസംഖ്യയുടെ പ്രായവിതരണമാണ്. കൂട്ടങ്ങൾ കൂടുതൽ കാലം ജീവിക്കുകയും കുറച്ച് കുട്ടികൾ ജനിക്കുകയും ചെയ്യുന്നതിനാൽ ഇത് വർദ്ധിക്കുന്നു. എന്നാൽ ഈ സ്ഥിതിവിവരക്കണക്കും മാറാം.
ഏതൊരു പ്രായത്തിലും വ്യക്തികളുടെ കഴിവുകളും ആരോഗ്യവും ഉൽപ്പാദനക്ഷമതയും ആഗോളീയമായി സർവകാലങ്ങളിലും സ്ഥായിയായിരിക്കും എന്ന ധാരണ തെറ്റാണ്. ഇന്നത്തെ 65 വയസ്സുള്ള ഒരാൾ 1950- ലെ 65 വയസ്സുള്ള ആളല്ല. ഇന്നത്തെ 25 വയസ്സുള്ള ഒരാൾക്ക് 70 വർഷം മുമ്പുള്ള അതേ പ്രായത്തിലുള്ള ഒരാളുമായി സാമ്യമില്ല. ആയുർദൈർഘ്യം വർദ്ധിക്കുന്നത് പിന്നാക്കാവസ്ഥയല്ല, മറിച്ച് സാമൂഹിക- സാമ്പത്തിക പുരോഗതിയുടെ സൂചകമാണ്. വാർദ്ധക്യത്തിലെത്തുന്നത് വലിയ വൈദ്യ-സാമൂഹിക പരിചരണ ചെലവുകൊണ്ട് രാജ്യത്തിന് ഭാരമാകുന്ന രോഗബാധിതമായ ജനസംഖ്യാവസ്ഥയാണ് എന്ന അനുമാനം തിരുത്തപ്പെടേണ്ടതാണ്.
ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തോട് നാം എത്ര നന്നായി പ്രതികരിക്കുന്നു എന്നത് ജനസംഖ്യാശാസ്ത്രത്തെ ആശ്രയിച്ചല്ല, മറിച്ച് നമുക്ക് നൽകുന്ന അനുബന്ധ സാമ്പത്തിക പ്രവചനങ്ങളെ എത്രത്തോളം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അവയെ രൂപപ്പെടുത്തിയ മുൻവിധികളും രാഷ്ട്രീയവും നമ്മെ സ്വാധീനിക്കാൻ അനുവദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് വിദഗ്ദ്ധർ വാദിക്കുന്നത്. കുറഞ്ഞതും കുറഞ്ഞുവരുന്നതുമായ പ്രത്യുല്പാദനനിരക്കുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നാണ് ആശങ്കകളുണ്ടാകുന്നത്. കുറഞ്ഞ പ്രത്യുല്പാദന നിരക്ക് (ചിലപ്പോൾ ഉയർന്ന കുടിയേറ്റവുമായി സംയോജിപ്പിച്ച്) ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങളിലെ ജനസംഖ്യയിൽ കുറവുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഭാവിയിൽ കൂടുതൽ രാജ്യങ്ങളിൽ ജനസംഖ്യ കുറയാൻ കാരണമാകുമെന്ന് പ്രവചിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും, ആഗോള ജനസംഖ്യ ഇപ്പോഴും വളരുകയാണ്. നമ്മുടെ സ്വന്തം വാസഗ്രഹത്തിന് ഉടൻതന്നെ ആളുകളെ നഷ്ടപ്പെടാനുള്ള സാധ്യതയില്ല.
ജനസംഖ്യാ കൂപ്പുകുത്തലിനെക്കുറിച്ചുള്ള ആശങ്ക ഉടലെടുക്കുന്നത് ആരുടെ ജനനനിരക്ക് കുറയുന്നു എന്ന ആശങ്കയിൽ നിന്നാണ്. പ്രത്യേകിച്ച് ഉപ-ജനസംഖ്യകളിൽ പ്രത്യോല്പാദനനിരക്ക് കുറവാണ് എന്ന ആശങ്ക പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ കുറഞ്ഞ പ്രത്യുല്പാദനനിരക്ക്, ഒരു വിഭാഗം ജനസംഖ്യാഗ്രൂപ്പുകൾ ഭൂരിപക്ഷ ഉപ-ജനസംഖ്യകളെ 'മാറ്റിസ്ഥാപിക്കുമെന്ന' ഭയം വർദ്ധിപ്പിക്കാൻ ഉപയോഗിച്ചുവരുന്നു.
കുടിയേറ്റ ജനതയുടെ പ്രത്യുല്പാദനശേഷി കൂടുതലാണെന്ന പ്രചാരണം അമേരിക്കയിലും യൂറോപ്പിലും വ്യാപകമാണ്. ഇതിന്റെ ഏറ്റവും തീവ്രമായ രൂപത്തിലുള്ള വംശീയ പ്രത്യയശാസ്ത്രം അവകാശപ്പെടുന്നത്, വെളുത്ത വംശം മറ്റു വംശങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെടുമെന്ന ‘അപകടാ’വസ്ഥയാണ്. ജനസംഖ്യാ പ്രതിസന്ധിയുടെ വ്യവഹാരം വംശീയതലത്തിലേക്ക് മാറുന്നതും കാണാം. പ്രായമായവരുടെ ജനസംഖ്യവർധനവും പ്രത്യുല്പാദനനിരക്കിലെ കുറവും ജനസംഖ്യാമാറ്റങ്ങളെക്കുറിച്ചുള്ള തീവ്രദേശീയവാദവീക്ഷണത്തിന്റെ പരിസരത്ത് എങ്ങനെയാണ് ഉരുത്തിരിയുന്നതെന്ന വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്.
പ്രായമാകുന്തോറും, അവരുടെ ക്ഷേമവും സമൂഹത്തിലെ ഉൾക്കൊള്ളലും അവരുടെ മൗലികാവകാശങ്ങളുടെ ഉന്നമനത്തെയും സംരക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രായമായവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു പുതിയ യു.എൻ കൺവെൻഷനുവേണ്ടി വലിയ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പ്രായമായവർക്കായുള്ള നിർദ്ദിഷ്ട അവകാശങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച്, നിയമപരമായി ബന്ധിപ്പിക്കുന്ന ഉപാധികളുടെ രൂപത്തിൽ, പലതും നടപ്പിലാക്കപ്പെടേണ്ടതുണ്ട്. കോവിഡ് കാലത്തോടെ പ്രായാധിക്യം ഏറെ ശ്രദ്ധ നേടി, പ്രായമായവരുടെ മനുഷ്യാവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന സാഹചര്യങ്ങൾ ഉൾപ്പെടെ. പ്രായക്കൂടുതലുള്ളവരോടുള്ള മുൻവിധി, വിവേചനങ്ങൾ, സ്റ്റീരിയോടൈപ്പുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ട സാമൂഹികനിർമ്മിതിയുടെ അടിസ്ഥാനത്തിലാണ് പ്രായാധിക്യം ചർച്ച ചെയ്യപ്പെടുന്നത്. മനുഷ്യാവകാശങ്ങളുടെ കാതൽ എന്നത് മനുഷ്യാന്തസ്സ് എന്ന ആശയമാണ്. ഇത് വളരെ സൂക്ഷ്മമായ ആശയമാണ്. അത് ജൈവനൈതികതയുമായി ബന്ധപ്പെട്ട വിഷയമാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും മനുഷ്യരിൽ അന്തർലീനവുമായ വസ്തുനിഷ്ഠമായ മൂല്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഗണ്യമായ വൈകല്യമുള്ള ദുർബലവിഭാഗങ്ങൾക്കോ ആളുകൾക്കോ പ്രത്യേക സംരക്ഷണം നൽകി, വിഭവങ്ങളുടെ തുല്യമായ വിതരണവും നീതിയുക്തമായ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന തത്വമാണ് മനുഷ്യവകാശം.
വാർദ്ധക്യത്തെ മുൻനിർത്തി ഒരു വൈകല്യവ്യാധിയെന്ന നിലയ്ക്ക് ഭയം സൃഷ്ടിക്കുന്നത്, കോടിക്കണക്കിന് ഡോളറിന്റെ ആന്റി- ഏജിംഗ് വ്യവസായത്തിനാണ് ഉത്തേജനം നൽകുന്നത്.
ലോകമെമ്പാടും പ്രായാധിക്യവാദം (ageism) പ്രബലമാണ്. മിക്ക രാജ്യങ്ങളിലും, പ്രായക്കൂടുതൽ കൊണ്ടുമാത്രം ജോലി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സർക്കാർ സംവിധാനത്തിൽ പങ്കെടുക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുന്നത് സ്വീകാര്യമായി കണക്കാക്കപ്പെടുന്നു. ‘മനുഷ്യൻ’ ആയിരിക്കുക എന്നതിന്റെ അർത്ഥം അന്തസ്സോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുക എന്നതാണ്. പ്രായമായവർ ഏകീകൃത ഗ്രൂപ്പല്ല - എങ്ങനെ പ്രായമാകുന്നു എന്നതും സാമ്പത്തിക- സാമൂഹിക നിലയിലെ വ്യത്യാസങ്ങളും പ്രായവിവേചനത്തിന്റെ ഏകപക്ഷീയ സ്വഭാവത്തെ അടിവരയിടുന്നുണ്ടെങ്കിൽ പോലും വംശീയമോ ലിംഗവിവേചനപരമോ ആയ നീതിനിഷേധങ്ങൾ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.
21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി;
മറ്റ് ഭാഗങ്ങള്‍ കേള്‍ക്കാം, വായിക്കാം
പല രാജ്യങ്ങളിലും, മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതിനെക്കുറിച്ചുള്ള ചർച്ച, പ്രായമാകുന്ന ജനസംഖ്യയുടെ ‘ഭാരം’ എങ്ങനെ നേരിടും എന്നതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ, പ്രായമായവർ അവരുടെ സമൂഹങ്ങൾക്ക് നൽകുന്ന മൂല്യവും സാധ്യതയും തിരിച്ചറിഞ്ഞുകൊണ്ടല്ല. ഇത് വാർദ്ധക്യത്തെ ഒരു ഭാരമായോ സാമൂഹിക വൈകല്യമായോ ദുർബലതയായോ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിൽനിന്ന് വ്യതിരിക്തമായി മനുഷ്യാവകാശപ്രചോദിതമായ വ്യവഹാരം പ്രായകൂടുതലിനെ സജീവ അനുഭവമായാണ് (active experience) കാണുന്നത്.
സജീവമായ വാർദ്ധക്യം
ജനനനിരക്ക് കുറയുന്നതും ആയുർദൈർഘ്യം വർദ്ധിക്കുന്നതും ലോകജനസംഖ്യയുടെ തുടർച്ചയായ ‘നരയ്ക്കൽ’ (greying) വർദ്ധിപ്പിക്കും. പ്രായമാകുന്തോറും അവരുടെ കഴിവുകളും മുൻഗണനകളും അനുസരിച്ച് ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും സജീവമായ വയോജന (ACTIVE AGEING) നയങ്ങളും പരിപാടികളും ആവശ്യമാണ്. വ്യക്തികൾക്കും ജനവിഭാഗങ്ങൾക്കും ബാധകമാകുന്നതാകണം സജീവ വാർദ്ധക്യം. ശാരീരിക- സാമൂഹിക- മാനസിക ക്ഷേമത്തിനായുള്ള അവരുടെ കഴിവുകൾ തിരിച്ചറിയാനും അവരുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും കഴിവുകൾക്കും അനുസരിച്ച് സമൂഹത്തിൽ പങ്കെടുക്കാനും ഇത് ആളുകളെ അനുവദിക്കുന്നു. അതേസമയം അവർക്ക് മതിയായ സംരക്ഷണം, സുരക്ഷ, പരിചരണം എന്നിവയും നൽകപ്പെടുന്നു.
സ്വാതന്ത്ര്യം, പങ്കാളിത്തം, അന്തസ്സ്, പരിചരണം, സ്വയംനിറവേറ്റൽ എന്നീ യു.എൻ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സജീവ വാർദ്ധക്യ സമീപനം. വ്യക്തികളുടെ 'ഗുണഭോക്തൃത’ അടിസ്ഥാനമാക്കിയുള്ള സമീപനത്തിൽനിന്ന് ‘അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള’ സമീപനത്തിലേക്കുള്ള മാറ്റമാണ് പ്രധാനം. രാഷ്ട്രീയപ്രക്രിയയിലും സാമൂഹിക ജീവിതത്തിലും പ്രായമാകുന്ന ജനസംഖ്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഭരണകൂട ഉത്തരവാദിത്വത്തെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളനുസരിച്ചു രൂപീകരിക്കേണ്ടത്. വയോജന- സൗഹൃദ അന്തരീക്ഷവും തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യവും സുസ്ഥിതിവികസനത്തിന്റെ ഭാഗമായി ഉറപ്പിക്കേണ്ടതാണ്.
വാർദ്ധക്യത്തെ മുൻനിർത്തി ഒരു വൈകല്യവ്യാധിയെന്ന നിലയ്ക്ക് ഭയം സൃഷ്ടിക്കുന്നത്, കോടിക്കണക്കിന് ഡോളറിന്റെ ആന്റി- ഏജിംഗ് വ്യവസായത്തിനാണ് ഉത്തേജനം നൽകുന്നത്. വാർദ്ധക്യത്തിന്റെ ദുരന്തം നാമെല്ലാവരും വൃദ്ധരാകുകയും മരിക്കുകയും ചെയ്യും എന്നല്ല, മറിച്ച് വാർദ്ധക്യത്തെ അനാവശ്യമായും ചിലപ്പോൾ അസഹനീയമായും വേദനാജനകമായും അപമാനകരവും ആക്കി മാറ്റിയിരിക്കുന്നു എന്നതാണ്.
വാർദ്ധക്യം എപ്പോഴും ഇങ്ങനെത്തന്നെയായിരിക്കണമെന്നില്ല. എന്നാൽ, വാർദ്ധക്യത്തിലെ ഏറ്റവും സാധാരണവും വിനാശകരവുമായ അവസ്ഥകളിലൊന്നാണ് ഏകാന്തത. മനുഷ്യർ സാമൂഹിക ജീവികളാണ്. ആശയങ്ങൾ ഉത്തേജിപ്പിക്കുന്നതിനും, ചിന്തകൾ കൈമാറുന്നതിനും, ആഴത്തിലുള്ള പ്രതീക്ഷകളും ഭയങ്ങളും തുറന്നുപറയുന്നതിനും, സന്തോഷകരമായ സംഭവങ്ങൾ ആഘോഷിക്കുന്നതിനും നമുക്ക് മറ്റുള്ളവരുമായി സമ്പർക്കം ആവശ്യമാണ്. വാർദ്ധക്യത്തെക്കുറിച്ച് നമുക്ക് ഒരു പുതിയ മാതൃക ആവശ്യമാണ് - ഒരു പുതിയ ചിന്താരീതിയും പുതിയ ഭാഷയും. പരമ്പരാഗത വിരമിക്കൽ പ്രായത്തിനും കഠിനമായ ബലഹീനതയുടെ ആരംഭത്തിനും ഇടയിലുള്ള വിടവ് വർദ്ധിക്കുകയാണ്. മിക്ക ആളുകളും ഇന്ന് എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ആരോഗ്യവാന്മാരും സജീവരുമാണ്. കൂടാതെ "ലക്ഷ്യബോധമുള്ള ജീവിതം" തേടുകയും ചെയ്യുന്നു. ഫലത്തിൽ ഒരു പുതിയ ജീവിതഘട്ടം തുടങ്ങുകയാണ്. സജീവവർദ്ധക്യമെന്നാൽ ഒരു പുതിയ ജീവിത ദൈർഘ്യവുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ ജീവിതഭൂപടം കണ്ടെത്തുന്നതാണ് എന്ന് മാർക്ക് ഫ്രീഡ്മാൻ നീരിക്ഷിക്കുന്നു. ഓരോ വ്യക്തിയും അവരുടെ വ്യക്തിത്വത്തിന്റെ പുതിയൊരു ഘട്ടത്തെ സ്വയം അഭിസംബോധന ചെയ്തുകൊണ്ട് സജീവമാവുകയാണ്.
‘പ്രായമാകുന്നത് വേദനയും മരണവും മാത്രമല്ല’, ‘ഏജിംഗ് തോട്ട്ഫുള്ളി’ (Ageing Thoughtfully) എന്ന വിഷയത്തിൽ സോൾ ലെവ്‌മോറുമായുള്ള സംഭാഷണത്തിൽ മാർത്ത നസ്ബോം പറയുന്നുണ്ട്; "ഇത് വളരെക്കാലം സജീവമായി ജീവിക്കുന്ന ഒരു കാലഘട്ടമാണ്. അതിനെ ഭയപ്പെടുകയും മറച്ചുവെക്കുകയും ചെയ്യുന്നത് മോശം ആശയമാണ്. പണം, ജോലി, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിങ്ങളുടെ കുട്ടികൾക്കായി നിങ്ങൾ എങ്ങനെ കാര്യങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നിവയെക്കുറിച്ച് ചിന്തിക്കുകയും ആസൂത്രണം ചെയ്യുകയും വേണം. ഇത് നേരത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. 65 വയസ്സ് വരെ കാത്തിരുന്നാൽ, അത് വളരെ വൈകിപ്പോകും’’.
ഇന്ന് ദീർഘായുസ്സ് എവിടെയും സാധ്യമാണ്. ഉറക്കം, ഹൃദയമിടിപ്പിന്റെ വ്യതിയാനം, ഫിറ്റ്നസ്, പ്രോട്ടീൻ ഉപഭോഗം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയും അതിലേറെയും സാങ്കേതിക ഉപാധികളിലൂടെ ട്രാക്ക് ചെയ്യാൻ കഴിയും. എന്നാൽ ഇന്നത്തെ ദീർഘായുസ്സ് സംസ്കാരത്തിൽ പലതിലും വിചിത്രവും ഇടുങ്ങിയതുമായ ഒന്നുണ്ട്; വാർദ്ധക്യത്തെ ഒരു വ്യക്തിഗത എഞ്ചിനീയറിംഗ് പ്രോജക്റ്റ് പോലെ തോന്നിപ്പിക്കാൻ ഇതിന് കഴിയും: യന്ത്രത്തെ ഒപ്റ്റിമൈസ് ചെയ്യുക, ക്ഷയം വൈകിപ്പിക്കുക, ഘടികാരബദ്ധമായ എല്ലാം ക്രമീകരിക്കുക എന്നിങ്ങനെ. മനുഷ്യർ പക്ഷെ യന്ത്രങ്ങളല്ല, സാമൂഹികവും മാനസികവും അർത്ഥവത്തായതുമായ ജീവികളാണ്. പരാജയപ്പെടുമ്പോഴും ഏകാന്തത അനുഭവപ്പെടുമ്പോഴും നമ്മൾ പിൻവാങ്ങുന്നു. നമ്മുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്.
മുതലാളിത്തമാണ് വാർദ്ധക്യത്തെ ഭീകരതയായി അവതരിപ്പിക്കുന്നത്. ഉല്പാദനക്ഷമമല്ലാത്ത ശരീരം മൂലധനവ്യവസ്ഥയുടെ വളർച്ചസങ്കൽപ്പത്തിന് വിഘാതമാണ്. വാർദ്ധക്യത്തെ ആരോഗ്യ പരിപാലന വ്യവസ്ഥകളിലൂടെ ലാഭോത്പാദനത്തിനും ചൂഷണത്തിനും ഉപാധിയാക്കുകയാണ് മൂലധനക്രമം. സോഷ്യലിസ്റ്റ് പരിചരണ വ്യവസ്ഥയാണ് ആരോഗ്യകരമായ വയോജന ജീവിതത്തെ സംബന്ധിച്ച് ഏറ്റവും സൗഹാർദപരം. സജീവമായ വാർദ്ധക്യം അഭിലഷണീയമായ ജീവിതപ്രയോഗമാകുന്നു, സോഷ്യലിസ്റ്റ് ക്രമത്തിൽ.
‘അരനാഴികനേര’ത്തിൽ നിന്ന്
21-ാം നൂറ്റാണ്ടിലേക്ക്
കുഞ്ഞോനാച്ചന്റെ വാർദ്ധക്യവും ജീവിതസ്മരണകളും വർത്തമാനദുരിതങ്ങളും കറുപ്പുതീറ്റയും മതവിശ്വാസവും കുടിയേറ്റ സാമൂഹികതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച പാറപ്പുറത്തിന്റെ 'അരനാഴികനേരം’ പോലെ, വാർധക്യം എന്ന സവിശേഷാനുഭവത്തെ അനാവൃതമാക്കിയ മറ്റൊരു മലയാള ആഖ്യാനാനുഭവം ഇല്ല എന്നുപറയാം. കുഞ്ഞോനാച്ചനെ സിനിമയിൽ ആവിഷ്‌ക്കരിച്ച കൊട്ടാരക്കര ശ്രീധരൻ നായരും ദൂരദർശൻ സീരിയലിൽ ഈ കഥാപാത്രത്തെ ആവിഷ്‌ക്കരിച്ച മുരളിയും ഈ അനുഭവത്തെ കുറേകൂടി തീക്ഷ്ണമായി മലയാളിയിലേക്ക് പകർന്നു. ക്രിസ്ത്യൻ കൂട്ടുകുടുംബപശ്ചാത്തലത്തിലാണ് പാറപ്പുറത്ത് ഇതാവിഷ്‌ക്കരിക്കുന്നത്. കേരളീയസമൂഹത്തിന്റെ ആധുനികവൽക്കരണത്തിന്റെ തുടക്കഘട്ടങ്ങളാണ് നോവലിലെ കാലം. ഈ കാലത്തിന്റെ അനുഭവവിതാനങ്ങളിൽനിന്ന് ഏറെ മാറിയതാണ് 21-ാം നൂറ്റാണ്ടിൽ, പ്രായമുള്ളവരുടെ ശതമാനം വർധിക്കുന്നുവെന്ന സവിശേഷ സാമൂഹ്യമാറ്റം. പക്ഷെ ഈ മാറ്റത്തെ കേരളീയസമൂഹം അഭിമുഖീകരിക്കാൻ തുടങ്ങിയിട്ട് 25 വർഷമേ ആയിട്ടുള്ളൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 2036 ആകുമ്പോഴേക്കും സംസ്ഥാനജനസംഖ്യയുടെ 22% 60 വയസ്സിനു മുകളിലുള്ളവരായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
കുറഞ്ഞ പ്രത്യുൽപാദനക്ഷമതയും ആയുർദൈർഘ്യവർദ്ധനവും തൊണ്ണൂറുകൾ വരെ കേരള സമൂഹത്തിന്റെ നേട്ടമായാണ് കണ്ടത്. ഇക്കാലത്തുതന്നെ ചൈനയുടെ ജനസംഖ്യാ നിയന്ത്രണനയമായി ‘ഒറ്റപൈതൽ’ (ONE CHILD) എന്നത് ഏറെ അംഗീകാരമുള്ള നയമായിരുന്നു. 21-ാം നൂറ്റാണ്ട് പകുതിയോടെയാണ് ജനസംഖ്യയിലെ ജനനിരക്കിലെ കുറവ് ആപൽക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതായി ചൈന മനസ്സിലാക്കുന്നത്.

ഈ ഘട്ടത്തിൽ ജനസംഖ്യാനിയന്ത്രണത്തിന്റെ ഉപലബ്ദികളെക്കുറിച്ചും വയോജന- യുവജന അനുപാതത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളുണ്ടായി. കേരളത്തിന്റെ ജനനിരക്കിലെ കുറവും വയോജനങ്ങളുടെ ശതമാനവർധനവും ഒപ്പം കേരളത്തിൽ നിന്നുള്ള സ്ഥിരം കുടിയേറ്റവും വയോജനജനസംഖ്യയുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികളിലേക്ക് തിരിയാൻ സർക്കാരുകളെ നിർബന്ധിതമാക്കി. കേരളം അഭിമുഖീകരിച്ച രണ്ടു ദുരന്തഘട്ടങ്ങൾ- പ്രളയവും കോവിഡും- മുതിർന്ന പൗരരുടെ ഒറ്റപ്പെടലിനും അവർ കടന്നുപോകേണ്ടിവരുന്ന അരക്ഷിതാവസ്ഥയ്ക്കും പുതിയ ദൃശ്യത നൽകി.
ഇതിന്റെ തുടർച്ചയിലാണ് LDF സർക്കാർ വയോജന കമ്മീഷൻ രൂപീകരിച്ചത്. അതിനുശേഷം അധികാരത്തിൽവന്ന UDF സർക്കാർ ഇന്ത്യയിൽ തന്നെ ആദ്യമായി വയോജനക്ഷേമത്തിനായി സർക്കാർ വകുപ്പ് ആരംഭിക്കാനും തീരുമാനിച്ചു. പുതിയ വകുപ്പ് വിഭാവനം ചെയ്തതിന് അടിസ്ഥാനമായി മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞത്, മുതിർന്ന പൗരരോട് ഒരു സമൂഹത്തിന്റെ സമീപനം എപ്രകാരമാണോ, അതിന്റെ അടിസ്ഥാനത്തിലാണ് ഒരു സമൂഹത്തിന്റെ സാംസ്കാരിക നിലവാരം കണക്കാക്കുക എന്നാണ്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റേതായ ഒരു ആഗോള പരിചരണ കോഴ്സ് (care -giving course) വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. "ആദരവ്, ആരോഗ്യസംരക്ഷണം, ചലനശേഷി, സുരക്ഷ, സാമൂഹികനീതി എന്നിവ ഉൾപ്പെടുന്ന ഒരു പ്രധാന ഭരണനിർവഹണപ്രശ്നമായി വാർദ്ധക്യം മാറുന്ന ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണ്’’- വയോജനവകുപ്പ് ഉദ്ഘാടനം ചെയ്ത് വി. ഡി. സതീശൻ പറഞ്ഞു.
കേരളത്തിന്റെ കാര്യമെടുക്കുക: വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ, പലിശ തിരിച്ചടവുകൾ എന്നിവയ്ക്കാണ് പോകുന്നത്. വയോജനസംഖ്യയിൽ ഇനിയും കൂടുന്നത് ഗുരുതരമായ സാമ്പത്തിക ആശങ്ക സൃഷ്ടിച്ചേക്കാം, കാരണം സംസ്ഥാനത്തിന് ഇതിനകം ജി.എസ്.ഡി.പിയുടെ 35.5% കടബാധ്യതയുണ്ട്. അസിസ്റ്റഡ് ലിവിംഗ്, ഹോം ഹെൽത്ത് കെയർ, മൊബിലിറ്റി ഉപകരണങ്ങൾ, മുതിർന്ന പൗരർക്കുള്ള യാത്രാപാക്കേജുകൾ, സാമ്പത്തിക ആസൂത്രണവും ഇൻഷുറൻസും, പോഷകാഹാര- ക്ഷേമ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ 'സിൽവർ ഇൻഡസ്ട്രീസ്' സമ്പദ്‌വ്യവസ്ഥയിൽ പുതിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. സിൽവർ സമ്പദ്‌വ്യവസ്ഥ (silver economy) ത്വരിതപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ആശുപത്രികളിൽ എത്തിച്ചേരാൻ കഴിയാത്ത അവസ്ഥ, പൊതു സ്ഥാപനങ്ങളിൽ ഇരിപ്പിടങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത റോഡുകൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന ബാങ്കിംഗ് നടപടി, പ്രായമായവർക്ക് അനുയോജ്യമല്ലാത്ത പൊതുഗതാഗതസംവിധാനങ്ങൾ എന്നിവയെക്കുറിച്ച് മുതിർന്ന പൗരർ പലപ്പോഴും പരാതിപ്പെടുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ബി. ആർ. പി ഭാസ്‌ക്കർ ഒരു ഘട്ടത്തിൽ കേരളം വിട്ട് ചെന്നൈയിലേക്ക് പോയത്, കേരളം വയോജനസൗഹൃദമല്ല എന്ന് സൂചിപ്പിച്ചാണ്. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് വയോജനസൗഹൃദത്തെ നിർവചിക്കേണ്ടത്.
മുതിർന്നവരുടെ അവകാശങ്ങൾക്കും ആരോഗ്യത്തിനും അന്തസ്സിനും വേണ്ടി പോരാടുന്നത് സാന്ദർഭികമായ സംഗതിയല്ല, അത് സാമൂഹിക പുരോഗതിയുടെ അനിവാര്യഘടകമാണ്.
ലോ-ഫ്ലോർ ബസുകൾ, സുരക്ഷിതമായ കാൽനട ക്രോസിംഗുകൾ, പൊതുകെട്ടിടങ്ങളിൽ വീൽചെയർ പ്രവേശനം, ആശുപത്രികളിലെ മുൻഗണനാ സൗകര്യങ്ങൾ, ബാങ്കിംഗ്, സർക്കാർ ഓഫീസുകളിൽ മെച്ചപ്പെട്ട പ്രവേശനക്ഷമത എന്നിവയുൾപ്പെടെ പ്രായവുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. തദ്ദേശഭരണ സംരംഭങ്ങൾ, മെന്ററിംഗ് പ്രോഗ്രാമുകൾ, ഡിജിറ്റൽ സാക്ഷരതാ കാമ്പയിൻ എന്നിവയിലൂടെ സമൂഹത്തിന് തുടർന്നും സംഭാവന നൽകാൻ കഴിയുന്ന വിരമിച്ച പ്രൊഫഷണലുകൾ, അധ്യാപകർ, എഞ്ചിനീയർമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു "സ്‌കിൽ ബാങ്ക്" സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നു. കുടിയേറ്റവും നഗരവൽക്കരണവും കേരളത്തിലെ കുടുംബജീവിതത്തെ പുനർനിർമ്മിക്കുന്ന സമയത്ത് തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്.
ആയുർദൈർഘ്യം അഭിലഷണീയമായ അനുഭവമായി മാറണമെങ്കിൽ അസ്ഥിരത സൃഷ്ടിക്കുന്ന സാമൂഹികക്രമത്തിനുപകരം അവകാശാധിഷ്ഠിത സാമൂഹിക ക്ഷേമത്തെ ജനാനുഭവങ്ങളിൽ കൊണ്ടുവരേണ്ടതുണ്ട്. ഈ മാറ്റം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗവും, ദീർഘായുസ്സ് അനിശ്ചിതത്വത്തിലും അസമമായും വിതരണം ചെയ്യപ്പെട്ടതായിരുന്നു. ഇന്ന് നമ്മളിൽ പലർക്കും 80-കളിലും അതിനു മുകളിലും ജീവിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. വൈദ്യശാസ്ത്ര പുരോഗതി, ശുചിത്വം, വാക്സിനേഷൻ, മെച്ചപ്പെട്ട പോഷകാഹാരം എന്നിവ ജീവിതത്തിന്റെ ആകൃതിയെ മാറ്റിമറിച്ചു. ഈ അധികവർഷങ്ങൾ എന്തുചെയ്യണമെന്ന് നമ്മൾ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, ജനസംഖ്യാപരമായ ഈ മാറ്റത്തിനൊപ്പം മറ്റെന്തെല്ലാം സംഭവിച്ചിട്ടുണ്ട്?. വാർദ്ധക്യത്തെ ഒരനിവാര്യതയിൽനിന്ന് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമായി രൂപപ്പെടുത്തുന്നതിലേക്ക് സൂക്ഷ്മമായി മാറിയിരിക്കുന്നു. ചോദ്യം; ഇനി നമുക്ക് എത്ര കാലം ജീവിക്കാൻ കഴിയും എന്നതല്ല, മറിച്ച് എത്ര കാലം പ്രവർത്തനപരമായി തുടരാൻ കഴിയും എന്നതാണ്. അധ്വാനശക്തി, ഉൽപ്പാദനക്ഷമത, ലൈംഗികഭൂയിഷ്ഠത, വൈജ്ഞാനിക ജിജ്ഞാസ - എല്ലാം സംരക്ഷിക്കാനും വിപുലീകരിക്കാനും ട്രാക്ക് ചെയ്യാനും കഴിയുന്ന സംഗതികളായി മാറേണ്ടതുണ്ട്.

യന്ത്രവൽക്കരിക്കപ്പെടുകയാണ് ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും എന്ന വാദം ശരിയാണ്. അത് സാമൂഹിക പ്രക്രിയകളെ പുനർവിഭാവനം ചെയ്യാൻ പ്രേരിപ്പിക്കാം. പ്രശ്നം, പ്രൊപൈറ്ററി സാങ്കേതികവിദ്യകളും വാക്സിനേഷനും അപകടകരമാംവിധം അസമത്വത്തെ പെരുപ്പിക്കാമെന്നുള്ളതാണ്. വാർദ്ധക്യം ചിലർക്ക് അനുഗ്രഹമാവുകയും ബഹുഭൂരിപക്ഷത്തിനും ദുരിതമാവുകയും ചെയ്തേക്കാം. ഇവിടെയാണ് ക്ഷേമരാഷ്ട്രപ്രവർത്തനത്തിൽ ഊന്നിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാനാവുക.
വാർദ്ധക്യം സാർവത്രിക പ്രതിഭാസമാണ്. മുതിർന്നവരെ വിലമതിക്കുന്ന ഒരു സമൂഹം സ്വയം വിലമതിക്കുന്ന ഒരു സമൂഹമാണ്. മുതിർന്നവരുടെ അവകാശങ്ങൾക്കും ആരോഗ്യത്തിനും അന്തസ്സിനും വേണ്ടി പോരാടുന്നത് സാന്ദർഭികമായ സംഗതിയല്ല, അത് സാമൂഹിക പുരോഗതിയുടെ അനിവാര്യഘടകമാണ്. അന്തസ്സോടെ വാർദ്ധക്യം പ്രാപിക്കുന്നത് ഒരവകാശമാണ്. ഒരു ബഹുമാന്യ ഉപചാരസ്ഥാനം എന്ന നിലയിലുള്ള അംഗീകാരം നൽകലല്ല, പകരം, നാമെല്ലാവരും കൂട്ടായി സംരക്ഷിക്കേണ്ട സാമൂഹിക അവകാശമാണിത്. അതിനൊപ്പം, മൃത്യുവിനെ ധീരമായി പുൽകാനുള്ള അവകാശമായ സജീവ ദയാവധവും നിയമപരമായ അവകാശമായി പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.
(അവസാനിക്കുന്നില്ല).
