ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം; ആത്മഹത്യാ വാദം പൊളിച്ച്​ പത്ത് വർഷത്തിന് ശേഷം സൈക്കോളജിക്കൽ റിപ്പോർട്ട്

ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടെ മരണത്തിലുള്ള ദുരൂഹതക്ക്​ അടിവരയിടുന്നതാണ്​ മെഡിക്കൽ സംഘം കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ട്​. പോണ്ടിച്ചേരിയിലെ ജിപ്‌മെർ മെഡിക്കൽ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് സൈക്കോജിക്കൽ ഓട്ടോപ്‌സി പ്രകാരം അന്വേഷണം നടത്തിയത്. തുടക്കം മുതൽ കേസ്​ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികൾ എന്തൊക്കെ വിചിത്രവാദങ്ങളാണ് നടത്തിയതെന്നും അതൊക്കെ എന്ത് മാത്രം ദുർബലമായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട് ഈ റിപ്പോർട്ട്

2010 ഫെബ്രുവരി 15 ന് പുലർച്ചെ കാസർകോട്ടെ ചെമ്പരിക്ക കടൽതീരത്ത് നിന്ന്​ ഒരു മൃതദേഹം കിട്ടി. കടലിൽ പൊങ്ങിക്കിടന്നിരുന്ന ആ ശരീരം ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-കീഴൂർ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടേതായിരുന്നു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോടു ചേർന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ അടുക്കിവച്ച നിലയിലായിരുന്നു. വീട് പുറത്തുനിന്നു താഴിട്ട് പൂട്ടിയിരുന്നു.

ഖാസി കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സമസ്തയുടെ ഉന്നത നേതാവും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ഒരാൾ ആത്മഹത്യ ചെയ്യുമോ എന്നും സാഹചര്യ തെളിവുകൾ ആത്മഹത്യയെ സാധൂകരിക്കുന്നുണ്ടോ എന്നും വ്യാപക സംശയമുയർന്നു. കൊലപാതകമെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. കാസറഗോഡിന് പ്രിയങ്കരനായിരുന്ന ഒരു സമുദായ ആചാര്യന്റെ മരണത്തിന്റെ പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരണം എന്ന ആവശ്യം ഉയർന്നു.

മരണത്തിൽ ദരൂഹത ചൂണ്ടിക്കാട്ടി വാർഡ് മെംബർ അബ്ദുൽ മജീദ് ബേക്കൽ പൊലീസിൽ പരാതി നൽകി. ഡിവൈ എസ്​.പി ഹബീബ് റഹ്‌മാന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കേസന്വേഷണത്തിൽ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങളിൽ ഗുരുതര വീഴ്ച വരുത്തുന്നുവെന്ന് കുടുംബം ആരോപിച്ചു. മൊഴി എടുക്കാൻ 12 ദിവസം കാത്തുനിന്ന പൊലീസ്​ നടപടി ആ ആരോപണം ശരിവെച്ചു.

കടപ്പുറത്തെ പാറക്കെട്ടിനുമുകളിൽ

കണ്ടെത്തിയ ഖാസിയുടെ ചെരിപ്പും

ഊന്നുവടിയും ടോർച്ചും

ഖാസിയുടെ മരണം ആത്മഹത്യയെന്ന് പത്രക്കാരോട് പറഞ്ഞ പൊലീസ്, കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനുവിട്ടു, ഒരു മാസം തികയുന്നതിനു മുമ്പേ കേസ് സി.ബി.ഐക്ക് കൈമാറി. ആത്മഹത്യയെന്ന നിഗമനത്തിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകൻ നൽകിയ ഹരജിയിൽ കോടതി സി.ബി.ഐയോട് രണ്ട് തവണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും സമർപ്പിച്ചില്ല. മൂന്നാം തവണ കോടതി ശാസിച്ചതിനെ തുടർന്ന് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. സി.ബി.ഐ കോടതിയിലും മകൻ സി.ബി.ഐക്കെതിരേ 2013ൽ പ്രൊട്ടസ്റ്റ് ഫയൽ ചെയ്തു.

ഹൈക്കോടതിയിൽ ജസ്റ്റിസ് കെമാൽ പാഷ കീഴ്​ക്കോടതിയിൽ വാദം തുടരാൻ നിർദേശിച്ച്​ റിട്ട് പെറ്റീഷൻ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ 2016ൽ സി.ബി.ഐ റിപ്പോർട്ട് തള്ളിയ കോടതി കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ച്​ തൊട്ടടുത്ത വർഷം സി.ബി.ഐ നൽകിയ രണ്ടാമത്തെ റിപ്പോർട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ൽ നിരസിച്ചു. തുടർന്ന് ശാസ്ത്രീയമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. ഖാസിയുടെ വീട്ടിലും നാട്ടിലും തെളിവെടുപ്പ് നടത്തി നീണ്ട അന്വേഷണത്തിനൊടുവിൽ, കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബർ 31ന് മെഡിക്കൽ സംഘം റിപ്പോർട്ട് സമർപ്പിച്ചു.

ചെമ്പരിക്ക കടപ്പുറത്തെ ഏറെ ദുർഘടം പിടിച്ച പാറക്കെട്ടുകൾക്കിടയിലൂടെ എഴുപത്തേഴുകാരനായ ഖാസി പരസഹായമില്ലാതെ എങ്ങനെ എത്തി എന്ന പ്രാഥമിക ചോദ്യത്തെ പോലും അവഗണിച്ച് ആത്മഹത്യ വാദമുയർത്തി, അതിൽ ഉറച്ചു നിന്ന പൊലീസ്​- സി.ബി.ഐ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് മെഡിക്കൽ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്​. പോണ്ടിച്ചേരിയിലെ ജിപ്‌മെർ മെഡിക്കൽ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് സൈക്കോജിക്കൽ ഓട്ടോപ്‌സി പ്രകാരം അന്വേഷണം നടത്തിയത്. തുടക്കം മുതൽ കേസ്​ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികൾ എന്തൊക്കെ വിചിത്രവാദങ്ങളാണ് നടത്തിയതെന്നും അതൊക്കെ എന്ത് മാത്രം ദുർബലമായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട് ഈ റിപ്പോർട്ട്.

ഖാസിയുടെ മാനസിക നില

ഖാസി മാനസികമായി വളരെ സ്‌ട്രോങ്ങായിരുന്നുവെന്നാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്. മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) യോഗത്തിലുണ്ടായ പ്രത്യേക സാഹചര്യങ്ങൾ എടുത്തുപറയുകയാണെങ്കിൽ, എത്ര പ്രകോപനമുണ്ടായാലും അദ്ദേഹം ക്ഷോഭിക്കാതെ ശാന്തമായി തീരുമാനമെടുക്കുമായിരുന്നു. പല മുതിർന്ന അംഗങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറിയപ്പോഴും ഖാസി സംയമനത്തോടെ പെരുമാറിയതിനും ഉദാഹരണങ്ങൾ നിരവധിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ പറയുന്ന മറ്റു കാര്യങ്ങൾ: കുടുംബകാര്യങ്ങളിലും അയൽവക്കത്തെ പ്രശ്‌നങ്ങളിലുമെല്ലാം അന്തിമ തീർപ്പുകൽപ്പിക്കുന്നത് ഖാസിയായിരുന്നു. ഖാസി മികച്ച നീതിബോധമുള്ളയാളായിരുന്നുവെന്നും ഏത് പ്രശ്‌നത്തിനും അദ്ദേഹത്തിന്റെ പക്കൽ പരിഹാരമുണ്ടായിരുന്നെന്നും പലരും പറഞ്ഞിട്ടുണ്ട്. ഞങ്ങളോട് സംസാരിച്ച എല്ലാവരും തന്നെ ഒരേവാക്കിൽ അംഗീകരിച്ചതാണ് ഇക്കാര്യം. ഈ കാര്യങ്ങളിലൊന്നും ഒരാൾക്കുപോലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിൽനിന്ന്​ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ ഖാസിയെന്ന വ്യക്തി മാനസികമായി നല്ല കരുത്തുള്ളയാളും ജീവശാസ്ത്രപരമായി (ബയോളജിക്കൽ വൾനറബിലിറ്റി) ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലാത്തയാളുമാണ്. ഇത്തരമൊരു വ്യക്തി ഒരു പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ സാധ്യത വളരെ കുറവാണ്.

ഖാസിയുടെ മാനസിക നിലയിൽ അവസാന കാലത്ത് എന്തെങ്കിലും മാറ്റമുണ്ടായതിന്, അതായത്, വിഷാദമോ, താൽപര്യക്കുറവോ, മുഷിപ്പോ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരാശയോ, നിസഹായതയോ പോലെയുള്ള നെഗറ്റീവ് ചിന്തകൾ പ്രകടിപ്പിച്ചതായും വിവരം ലഭിച്ചിട്ടില്ല. സാമൂഹ്യമായി ഉൾവലിയുകയോ കർത്തവ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയോ ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ഖാസിയുടെ പെരുമാറ്റത്തിൽ വിഷാദപരമായ ഘടകങ്ങൾക്ക് തെളിവില്ല.

ജീവിക്കാനുള്ള പല കാര്യങ്ങളും അദ്ദേഹത്തിലുണ്ടായിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീരുമാനങ്ങളിലായിരുന്നു ഖാസിയെന്ന് ഞങ്ങൾക്ക്(മെഡിക്കൽ സംഘം) മനസ്സിലായി. എം.ഐ.സി വിപുലീകരിക്കുന്നതിനും ഒന്നാം ബാച്ച് വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കി അവരെ പുറത്തിറക്കാനുമുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള ആഗ്രഹങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്ന് ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു.

ഒറ്റയ്ക്കിരിക്കുമ്പോഴോ, മരണവുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കുന്ന സമയത്തോ ഉറച്ച, തെറ്റായ ചിന്തകൾ പ്രകടമായിരുന്നില്ല. വൈവാഹികമോ ഗാർഹികമോ ആയ സംഘർഷങ്ങൾ അടുത്തിടെയൊന്നുമുണ്ടായിട്ടില്ല. ഖാസിയുടെ മരണത്തിനു തൊട്ടുമുമ്പത്തെ വർഷം ജീവിതത്തിലെ സുപ്രധാനമായ പരിപാടികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സെറ്റിൽമെന്റ് കുറിപ്പ്

ഖാസിയെഴുതിയതാണെന്ന് തെളിയിക്കപ്പെട്ട, എന്നാൽ ഡേറ്റ് രേഖപ്പെടുത്താത്ത സെറ്റിൽമെന്റ് കുറിപ്പ് എങ്ങനെയുണ്ടായിയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സംസാരിച്ചവരിൽ നിന്ന്​ ലഭിച്ചത്. വ്യക്തിപരമായ ബാധ്യതകളെയും സ്വത്തുവകകളെയും സംബന്ധിച്ച കാര്യങ്ങൾ ആ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യ സംബന്ധിച്ച് അസന്നിഗ്ധമായ യാതൊരു തെളിവും അതിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നില്ല. ഞങ്ങൾ സംസാരിച്ച ആരും ഖാസി ഈ കുറിപ്പ് എഴുതുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ കുറിപ്പ് എഴുതുമ്പോഴത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ സാധ്യമല്ല. എന്നിരുന്നാലും ഈ കുറിപ്പും, മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, കയ്യിലുള്ള പണം ഉപയോഗിച്ച് കാർ ലോൺ മുൻകൂറായി അടച്ചുതീർത്തതും ഒരാൾ ആത്മഹത്യയ്ക്ക് പദ്ധതിയിടുകയാണെന്ന് ചൂണ്ടിക്കാട്ടാൻ കഴിയുന്ന ഘടകങ്ങളാണ്.

ചെമ്പരിക്ക കടപ്പുറം

ഈ കുറിപ്പിനെ കുറിച്ച് ഖാസിയുടെ മകനും ഹരജിക്കാരനുമായ ഷാഫി ‘തിങ്കി’നോട്​ പറഞ്ഞത്: ‘ശരിക്കു പറഞ്ഞാൽ ഈ കേസിലെ ഏറ്റവും ശക്​തമായ തെളിവ് മുറിയിൽ നിന്ന്​ കിട്ടി എന്ന് പറയുന്ന ആ കത്താണ്. മെഡിക്കൽ എക്‌സ്‌പർട്ടും അതേ പോയിന്റിലാണ് നിൽക്കുന്നത്. തുടക്കം മുതൽ നമ്മുടെ ആവശ്യം ആ ലെറ്ററിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണം എന്നായിരുന്നു. ആരാണ് ആ ലെറ്റർ കൊടുത്തത് എന്ന് ഖാസിയുടെ സഹോദരീഭർത്താവ് പറഞ്ഞാൽ ഈ കേസ് തെളിയും. അത് പറയിപ്പിക്കണം. ലെറ്റർ ഫോക്കസ് ചെയ്ത് അന്വേഷണം നടത്തിയാൽ കൊലയാളികളെ കൃത്യമായി കണ്ടെത്താം.

ഖാസിയുടെ മകൻ മുഹമ്മദ് ഷാഫി

കാരണം ഇതിലുള്ളത് ഉപ്പയ്ക്ക് കിട്ടാനുള്ള കാശ്, കൊടുക്കാനുള്ള കാശ്, തുടങ്ങി എം.ഐ.സി സ്ഥാപനവുമായൊക്കെ ബന്ധപ്പെട്ട കണക്കുകളായിരുന്നു. അതിൽ "പൊരയുമായി ബന്ധപ്പെട്ട ഇടപാടുകൾ തീർക്കുക' എന്നൊരു വരികൂടി ഉണ്ട്. അത് പ്രധാന പോയിന്റാണ്. ആ വരി വന്നതോടു കൂടി വേറൊരാൾക്ക് കൊടുത്ത ലെറ്റർ ആയി മാറിയില്ലേ. ഇത് അവസാനം എഴുതിയ ലെറ്റർ ആണ്. ഇത് ഉപ്പാന്റെ തന്നെ കയ്യക്ഷരം ആണ്. അത് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം മരിക്കുന്നതിന് മുമ്പ് എഴുതിയ ഒരു വസിയത്ത് പോലെ വീട്ടുകാർക്ക് തോന്നാൻ വേണ്ടി എഴുതിയതാവും.’

മെഡിക്കൽ സംഘം സമർപ്പിച്ച റിപ്പോർട്ട് ഉപസംഹരിക്കുന്നതും ഈ വിൽപത്രത്തിലേക്ക് വിരൽ ചൂണ്ടിയാണ്. ‘ആത്മഹത്യ സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഒരേയൊരു ഘടകം ഖാസി സ്വയം എഴുതിയ വിൽപത്രമാണ്. ആ വിൽപ്പത്രവും അത് എങ്ങനെ വന്നുവെന്നതും കൂടുതൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്'

ഖാസിയുടെ ആരോഗ്യം

ഖാസി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന്​ ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമായതായി മെഡിക്കൽ സംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്​. ടൈപ്പ് ടു ഡയബറ്റിക്‌സ് മെലിറ്റസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ തുടങ്ങിയ പ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് മുട്ടുമടക്കി നിസ്‌കരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പരസഹായമില്ലാതെ പടികൾ കയറാനും സാധിക്കില്ല. പ്രായാധിക്യം മൂലം എല്ലുകൾക്കുണ്ടാവുന്ന പ്രശ്‌നങ്ങളുടെ സൂചനയാണിത്.

2009ന്റെ തുടക്കത്തിൽ അദ്ദേഹത്തിന് ഹെപ്പറ്റോമ ഓഫ് ലിവറും കണ്ടെത്തിയിരുന്നു. ചികിത്സിച്ചിരുന്ന ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഖാസി മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

ആരോഗ്യപ്രശ്‌നങ്ങൾ കാരണമുള്ള ഡിപ്രഷൻ ഖാസിയ്ക്ക് ഉണ്ടായിരുന്നോവെന്ന് അദ്ദേഹത്തോട് ചിലർ ചോദിച്ചിരുന്നതായും അതിന്​ അദ്ദേഹം മറുപടി പറഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്​. അദ്ദേഹവുമായി സംസാരിച്ചവർ പറയുന്നത്, ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഖാസി ഡിപ്രസ്​ഡ്​ ആവാൻ യാതൊരു സാധ്യതയുമില്ല എന്നാണ്​.

പൊട്ടലിനു കാരണമായ ഹെപ്പറ്റോമ ഓഫ് ലിവർ ഖാസിയ്ക്കുണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയയിലൂടെ അതിനെ മാനേജ് ചെയ്തിരുന്നു. തുടർന്നുള്ള അലൈൻമെന്റ് അദ്ദേഹത്തിന്റെ ശാരീരിക- മാനസിക ആരോഗ്യത്തിൽ പ്രകടമായ ഇംപാക്ടൊന്നും ഉണ്ടാക്കിയിട്ടില്ല. ഖാസി മരിക്കുന്നതിന് രണ്ടുമൂന്ന് മാസം മുമ്പ് ഡോക്ടർ അവസാനമായി കണ്ടപ്പോൾ അദ്ദേഹം ഊർജ്ജസ്വലനായിരുന്നു, സന്തോഷവാനായിരുന്നു. മാത്രമല്ല ക്യാൻസറിന്റെ സാധ്യത അദ്ദേഹത്തെ അറിയിച്ചപ്പോൾ ശാന്തനായി ഭാവവ്യത്യാസമില്ലാതെയാണ്​ അത് അദ്ദേഹം കേട്ടത്. ഇത് ഡോക്ടറെ അത്ഭുതപ്പെടുത്തി. മാനസികമായി ശക്തനായ ഒരു വ്യക്തിയെന്ന സൂചന തന്നെയാണ് ഇതെല്ലാം നൽകുന്നത്. ശാരീരികമായും മാനസികമായും അദ്ദേഹത്തെ ബാധിച്ചേക്കാവുന്ന കീമോതെറാപ്പി ഖാസിയ്ക്കു നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം ഡിപ്രഷന്​ സാധ്യതയില്ല.

ഖാസിയുടെ വിശ്വസപരമായ കാഴ്ചപ്പാട്
ചില സാഹചര്യങ്ങളിൽ മത ചിട്ടകൾ ആത്മഹത്യാ കവചമായി പ്രവർത്തിക്കാറുണ്ട്, പ്രത്യേകിച്ച് മുസ്​ലിംകളിൽ. മതചിട്ട കൃത്യമായി പിന്തുടരുന്ന ഒരാളെന്ന നിലയിൽ തന്റെ ആത്മഹത്യ എന്ത് സൂചനയാണ് നൽകുകയെന്നത് ഖാസിയ്ക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ മതപരമായ വിശ്വാസങ്ങളിലോ പ്രവർത്തനങ്ങളിലോ സാമൂഹ്യ ഇടപെടലുകളിലോ ചിന്താധാരയിലോ പുതിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പലരോടും സംസാരിച്ചപ്പോൾ മനസിലായതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

നാസർ ഫൈസി കൂടത്തായി

ഇ.കെ വിഭാഗം സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഇതു സംബന്ധിച്ച് ‘തിങ്കി’നോട്​ പറഞ്ഞത്: "വിശ്വാസപരമായി സമസ്തയുടെ വൈസ് പ്രസിഡന്റ്, കർമശാസ്ത്ര രംഗത്ത് അവഗാഹമുള്ള പണ്ഡിതൻ, അതോടൊപ്പം സൂഫീസം മേഖലയിൽ ഗ്രന്ഥങ്ങൾ പോലും രചിച്ച പണ്ഡിതൻ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസപരമായ ഉറപ്പാണ് അത് കൊലപാതകമാണെന്ന ഉറച്ച നിലപാടിലേക്ക് ആദ്യം മുതലേ പോകാൻ കാരണം. പിന്നീട് സാഹചര്യ തെളിവുകൂടി ആയപ്പോൾ അത് ഒന്നുകൂടി ബലപ്പെട്ടു'.

മരണം നടന്ന ദിവസം വാർത്താസമ്മേളനം നടത്തി ഖാസിയുടേത് കൊലപാതകമെന്ന് ആരോപിച്ച സമസ്ത നേതാവാണ് നാസർഫെെസി. അന്ന് പ്രസ്താവനയ്ക്കെതിരെ പലരും വിളിച്ച്​ തന്നെ ചോദ്യം ചെയ്തകാര്യം നാസർ ഫെെസി പറഞ്ഞിരുന്നു.

ഫോറൻസിക് വിശകലനം

നേരത്തെ പറഞ്ഞതുപോലെ ഖാസിയ്ക്ക് കാൽമുട്ടിന്റെ ജോയിന്റിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്​ റിപ്പോർട്ടിലുണ്ട്​. അതുകാരണം മുട്ടുകൾ എളുപ്പം മടക്കാൻ കഴിയില്ലായിരുന്നു. ഇതുകാരണം മുട്ടിൽ ഇരുന്ന് നിസ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള ഒരാൾക്ക് വോക്കിങ് സ്റ്റിക്കും ചെരുപ്പും കണ്ടെത്തിയ കടൽത്തീരത്തുള്ള പാറയുടെ മുകളിൽ കയറാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അഥവാ ഖാസി ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ തന്നെ ബുദ്ധിമുട്ടൊന്നുമില്ലാത്ത വഴി സ്വീകരിക്കുമായിരുന്നു. അല്ലാതെ പാറയുടെ മുകളിലേക്ക് ഏറെ ബുദ്ധിമുട്ടി കയറില്ലായിരുന്നു. മുങ്ങിമരിക്കാനാണെങ്കിൽ വീടിനു സമീപമുള്ള ബീച്ചിനെ ആശ്രയിക്കാമായിരുന്നു.

സ്ഥലം സന്ദർശിച്ചതിൽ നിന്നും സ്ഥലത്തിന്റെ ഫോട്ടോഗ്രാഫുകളിൽ നിന്നും മനസിലായത് പ്രായമുള്ള മുട്ടിനു പ്രശ്നങ്ങളുള്ള ഒരാളെ സംബന്ധിച്ച് അവിടെ നിന്ന്​ ചാടി കല്ലുകളിലൊന്നും തട്ടാതെ വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വളരെ കുറവാണ് എന്ന്​ റിപ്പോർട്ട്​ സൂചിപ്പിക്കുന്നു.

ചെമ്പരിക്ക ഖാസിയുടെ മൃതദേഹം കൊണ്ടുപോകുന്നു

‘വീടിനു പുറത്ത് കണ്ണടവയ്ക്കാതെ ഖാസിയെ കണ്ടിട്ടില്ല. ഞങ്ങൾ സംസാരിച്ച എല്ലാവരും പറഞ്ഞ കാര്യമാണിത്. പൊലീസ് രേഖകൾ പ്രകാരം 12.30 വരെ അദ്ദേഹം വീട്ടിലുണ്ട്. സ്ഥിരം കണ്ണടയെ ആശ്രയിക്കുന്ന ഒരു പ്രായം ചെന്ന വ്യക്തി രാത്രി ഒരു മണിക്ക് കണ്ണട എടുക്കാതെ വീട്ടിൽ നിന്നിറങ്ങി, അദ്ദേഹം കയറിയെന്നു പറയുന്ന പാറക്കെട്ടുകളിൽ കയറിയെങ്കിൽ വീഴാനും പരുക്കേൽക്കാനുമുള്ള സാധ്യത കൂടുതലാണ്’- റിപ്പോർട്ട്​ അടിവരയിടുന്നു.

റിപ്പോർട്ടിൽനിന്ന്​: നിലാവ് കാണാൻ അല്ലെങ്കിൽ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ നശിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയതെന്ന സാധ്യത പരിശോധിക്കാൻ ഞങ്ങൾ പലരെയും ചോദ്യം ചെയ്തിരുന്നു. ഈ സ്ഥലം ഖാസിയ്ക്ക് അത്ര പരിചയമുള്ള ഇടമല്ലെന്നും അദ്ദേഹം മുമ്പെങ്ങും നിലാവുകാണാൻ അവിടെ പോയിട്ടില്ലെന്നുമാണ് മനസിലായത്. മാസം കാണൽ പോലുള്ള കാര്യങ്ങളിൽ അദ്ദേഹത്തിനെപ്പോലുള്ള ആളുകൾ ആശ്രയിക്കാവുന്ന ഒരുപാട് സോഴ്സുകളുണ്ട്. പൊതുവെ അവർ നേരിട്ട് പ്രത്യേകിച്ച് ഈ പ്രായത്തിൽ മാസം കാണാൻ പോകാറില്ല. മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ നശിപ്പിക്കാൻ പോയതാണെങ്കിൽ കയറാൻ ബുദ്ധിമുട്ടുള്ള ആ പാറക്കൂട്ടങ്ങൾക്കുമേൽ പോകാതെ കുറേക്കൂടി സുരക്ഷിതമായ ഇടം അദ്ദേഹം കണ്ടെത്തുമായിരുന്നു. ഖാസിയുടേത് ആത്മഹത്യയാണെന്ന് വാദിക്കുന്നവരുടെ പ്രധാന പോയിൻറുകളിലൊന്നായിരുന്നു വീടു പൂട്ടി എന്തിനു പുറത്തുപോയി എന്നത്.

ഖാസിയുടെ പേരമകൻ സലീം ‘തിങ്കി’നോട്​ പറഞ്ഞത്. "മയ്യിത്ത് കട്ടിലിൽ കിടക്കുമ്പോൾ വീട് പൂട്ടിയ അവസ്ഥയിലാണ്. ആ വീട് സി.എം. ഉസ്താദ് പൂട്ടിയതാണെങ്കിൽ വിരലടയാള പരിശോധകരെ കൊണ്ടുവന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാമായിരുന്നിനില്ലേ. പിന്നെ എന്തിനാണ് ഡിവൈ എസ്​.പി ഹബീബ് റഹ്‌മാൻ പൂട്ട് പൊളിക്കാൻ നേതൃത്വം നൽകിയത്? എന്നും കടപ്പുറത്ത് എത്തുന്ന പൂഴി സംഘങ്ങളോട് അന്ന് പൊലീസ് ചെക്കിങ്ങുണ്ടെന്ന് പറഞ്ഞത് ആരായിരുന്നു? അന്ന് രാത്രി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിട്ടുണ്ടായിരുന്നു. പാതിരാ നേരത്ത് ഒരു വെളുത്ത കാർ കണ്ടവരുമുണ്ട്. ഒരലർച്ച പ്രദേശവാസികൾ കേട്ടതായി മൊഴിയും നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ചൊക്കൊ അന്വേഷണം കൃത്യമായി നടത്തിയില്ല'.

ഖാസിയുടെ പേരമകൻ സലീം

ഖാസിയുടെ ശരീരത്തിൽ മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും ഒരുവശത്തുള്ളത് മറ്റേതിനേക്കാൾ കുറച്ച് ആഴമുള്ളതാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാറയിൽ തട്ടിയതിന്റെ ഫലമായി ഇങ്ങനെ വരാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നുണ്ട്. "ഗോള ശാസ്ത്രജ്ഞനായതുകൊണ്ടും ഇസ്മിന്റെ മറ്റ് ആവശ്യങ്ങൾക്കും കടപ്പുറത്ത് എത്തിയപ്പോൾ അപകടം സംഭവിച്ചതാവാം എന്നതാണ് ചിലരുടെ സംശയം. അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണാൽ എങ്ങനെ ഈ മുറിവുകൾ സംഭവിച്ചു? കണ്ണിന്റെ മൂലയിൽ എങ്ങനെ മുറിവുണ്ടായി? വെള്ളത്തിൽ വീഴുമ്പോൾ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക? കുറ്റിക്കാട്ടിൽ വലിച്ചിചിഴച്ച് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലിൽ പറ്റിയത്? എങ്കിൽ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ കടലിനെക്കുറിച്ച് എല്ലാം മനസിലാക്കിയ ഒരാൾ രക്ഷപ്പെടുകയല്ലെ വേണ്ടത്? കടലിൽ വീണ് കഴുത്തെല്ല് പൊട്ടിയ എത്ര സംഭവമാണ് കേരളത്തിൽ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.’

‘പരീക്ഷണങ്ങൾ നടത്താൻ വീട് പൂട്ടി പാതിരാവിൽ പുറത്ത് പോവുന്ന ശീലം വല്ല്യുപ്പയ്ക്കു ഉണ്ടായിരുന്നില്ല. മാത്രമല്ല, വീട്ടിൽ പറയാതെ പുറത്ത് പോവാറുമില്ല' സലീം പറയുന്നു.

അന്വേഷണം അട്ടിമറിക്കപ്പെട്ടത്​ ഇങ്ങനെ

"തുടക്കം മുതൽ കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന്​ പത്തുവർഷമായി കേസ്​ സൂക്ഷ്​മമായി നിരീക്ഷിക്കുന്ന ഖാസിയുടെ മകൻ ഷാഫി പറയുന്നു: ‘സംഭവസ്ഥലത്തേക്ക് ഡിവൈ എസ്​.പി ഓടിയെത്തി ആദ്യം ചെയ്തത് സാഹചര്യ തെളിവ് നശിപ്പിക്കുക എന്നതായിരുന്നു. ഒരു മരണം ഉണ്ടായ സമയത്ത് സ്വാഭാവികമായും ചെയ്യേണ്ട പ്രാഥമിക നടപടിയും ഒന്നും ചെയ്തിട്ടില്ല. ചെരുപ്പ്, ഊന്നുവടി, ടോർച്ച് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നില്ല. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്നിട്ടില്ല. വിരലടയാള വിദഗ്ധർ വളരെ വൈകിയാണ് എത്തിയത്. വീട്ടുകാരുടെ മൊഴി എടുക്കാൻ വന്നത് തന്നെ 12 ദിവസങ്ങൾ കഴിഞ്ഞാണ്. പിന്നെ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ക്രൈം ഡിറ്റാച്ചമെന്റിന് വിട്ടു’

അന്വേഷണത്തിൽ വന്ന വീഴ്ച കേസിനെ അട്ടിമറിക്കാനുള്ള ബോധപൂർവ ശ്രമമായിരുന്നെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.

"കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്ന വ്യക്തി രാത്രി 3 മണി സമയത്ത് വെളുത്ത കാർ കണ്ടതായി സാക്ഷിമൊഴി നൽകിയിട്ടുണ്ട്, എന്നാൽ തുടരന്വേഷണം നടന്നില്ല, അന്നുരാത്രി ഒരാളുടെ അലർച്ച കേട്ടതായി അയൽവാസി സ്ത്രീയുടെ സാക്ഷിമൊഴിയുണ്ട്, സ്ഥിരമായി മണൽ കടത്തുന്ന കടപ്പുറത്ത് അന്ന് മാത്രം മണൽകടത്തിന് ആരും വന്നിട്ടില്ല. അന്ന് അസാധാരണമായി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചക്കപ്പെട്ടിരുന്നു. ഒരാഴ്ച്ചക്കുള്ളിൽ രണ്ട് അറസ്റ്റ് നടക്കുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് സി.ബി.ഐ ഓഫീസർ ലാസർ സ്ഥലം മാറ്റപ്പെട്ടത് ഉന്നതരുടെ ഇടപെടൽ മൂലം എന്ന് സംശയിക്കപ്പെടുന്നു'; സലീം പറയുന്നു. ‘ഉപ്പ മരിച്ച് രണ്ടാം ദിവസം ഒരാൾ വീട്ടിൽ വന്ന് ഈ കേസിന്റെ പിന്നാലെ പോവണ്ട എന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞിരുന്നു. അതേയാൾ ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തലിലും വന്ന് ഇതേ കാര്യം ആവർത്തിച്ചിരുന്നു.’

ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം പ്രകടനം

‘പിന്നിലുള്ളത് വലിയ ടീമാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരു പോലെ സ്വാധീനിക്കാൻ പറ്റുന്നയാൾ. ഏത് മുഖ്യമന്ത്രി കാസർഗോഡ് വന്നാലും അവരുടെ വീട്ടിൽ പോവാറുണ്ട്.’ നമ്മുടെ സംശയത്തെ അന്വേഷണ ഏജൻസികൾ മുഖവിലയ്‌ക്കെടുത്തില്ലെന്നും മകൻ ഷാഫി വ്യക്തമാക്കുന്നു: "2010 ഫെബ്രുവരി 15 മുതൽ ഇതിനെ കുടുംബപ്രശ്‌നമാക്കിത്തീർക്കാനാണ് ചിലർ ശ്രമിച്ചത്. സംഘടനയുടെ നേതൃത്വത്തൈ ഇത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ആരാണ് ഇതിന് പിന്നിൽ? മാത്രമല്ല അന്നു തന്നെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു, എന്നാൽ അതിന്റെ കീഴിൽ ഒരു സമരംപോലും സംഘടിപ്പിച്ചതുമില്ല. ഇത് ഉയർന്നു വരുന്ന പ്രതിഷേധത്തെ തടയിടാനുള്ള ശ്രമമായിരുന്നു. സി.എം. ഉസ്താദ് സ്ഥാപിച്ചതും മരിക്കുന്നതുവരെ പ്രസിഡന്റുമായിരുന്ന ചട്ടഞ്ചാൽ എം.ഐ.സി ഇതുവരെ ഏതെങ്കിലും തരത്തിൽ ലീഗൽ മൂവ്​‌മെന്റ് കേസിൽ നടത്തിയിട്ടുണ്ടോ? സമര രംഗത്തേക്ക് വന്നിട്ടുണ്ടോ? ഇല്ല.’

പത്തുവർഷമായി നിയമപോരാട്ടം നടത്തുന്ന ഖാസിയുടെ കുടുംബം നീതി അർഹിക്കുന്നുണ്ട്. അവരുടെ സംശയങ്ങൾ തീർക്കേണ്ട ബാധ്യത നിയമ വ്യവസ്ഥയ്ക്കുണ്ട്. മെഡിക്കൽ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ കോടതി വാദം കേൾക്കാനിരിക്കുകയാണ്. നീണ്ട പത്ത് വർഷവും അനീതിയുടെ മാത്രം തിരയടിച്ച ചെമ്പരിക്ക കടപ്പുറത്തേക്ക് ഇനിയെങ്കിലും നീതിയുടെ തിരയടിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Comments