ഡോ. എ.കെ. ജയശ്രി / Photo: Agasthya Surya

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത

ലൈംഗിക തൊഴിലാളികളുടെ തലയിൽ വെക്കരുത്

ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം വന്നിരുന്നു. ഇതിന് അനുകൂലമായും എതിരായും ഒരുപാട് വാദങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിയെങ്കിലും അതോടൊപ്പം തന്നെ ബ്രോത്തലുകൾ നടത്തുന്നത് കുറ്റകരമാണെന്നും വിധിയിൽ പറയുന്നുണ്ട്. 1990കളുടെ അവസാനകാലത്ത് കേരളത്തിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവർക്കിടയിൽ ബോധവത്കരണം നടത്തുകയുമൊക്കെ ചെയ്തിട്ടുള്ള ആളുകളിൽ പ്രധാനിയായ ഡോ. എ.കെ. ജയശ്രീയുമായുള്ള അഭിമുഖം.

മനില സി. മോഹൻ: സുപ്രീംകോടതി വിധി ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കാം. ലൈംഗികത്തൊഴിലാളികളെ കുറ്റക്കാരായി കണക്കാക്കരുത്, മോശമായി പെരുമാറരുത്, അന്തസ്സായി ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യരെയും പോലെ നിയമപരമായി തന്നെ ലൈംഗികത്തൊഴിലാളികൾക്കും ഉണ്ട് തുടങ്ങിയ കാര്യങ്ങൾ കോടതിവിധിയിൽ പറയുന്നുണ്ട്. ബ്രോത്തലുകളിൽ സെക്സ് വർക്കേഴ്സിനൊപ്പം താമസിക്കുന്ന കുട്ടികളെ മാറ്റിക്കൊണ്ടുപോകരുത്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം തുടങ്ങി ഒട്ടേറെ പുരോഗമനപരമായിട്ടുള്ള നിർദേശങ്ങൾ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതേസമയം, അത് വിമർശിക്കപ്പെടുന്നുമുണ്ട്. തൊഴിൽ സാഹചര്യം, തൊഴിലിനുള്ള ഇടമില്ലാതെ എങ്ങനെയാണ് തൊഴിൽ മാത്രം നിയമവിധേയമാക്കുന്നത് എന്നുള്ള ആർഗ്യുമെന്റ്സും വരുന്നുണ്ട്. കേരളത്തിൽ ഇതിന്റെ തുടക്കക്കാരിൽ ഒരാളെന്ന രീതിയിൽ ഡോക്ടർ എങ്ങനെയാണ് ഈ വിധിയെ കാണുന്നത്?

ഡോ. എ.കെ. ജയശ്രി: വിധി വലിയ സന്തോഷമുണ്ടാക്കി. ലൈംഗികത്തൊഴിൽ എന്ന വാക്ക് തന്നെ സമൂഹത്തിൽ വലിയ ഒരു മാറ്റമാണ്. പലരും വളരെ ടെക്നിക്കലായാണ് അതിനെ സമീപിക്കുന്നത്. അത് തൊഴിലാണോ, അതെങ്ങനെയാണ് തൊഴിലാകുന്നത് എന്നൊക്കെ പറയുമ്പോൾ, അവരെ എന്താണ് നമ്മൾ വിളിച്ചുകൊണ്ടിരുന്നത് എന്നതും ഓർക്കണം. വളരെ അപമാനകരമായിട്ടുള്ള വാക്കുകൾ ഉപയോഗിച്ചിട്ടാണ് ഈ മനുഷ്യരെ വിളിക്കുന്നത്. ഇപ്പോഴും സ്ത്രീകളെ അപമാനിക്കണമെങ്കിൽ അത്തരം വാക്കുകളാണല്ലോ ഉപയോഗിക്കുന്നത്. അതിനെക്കുറിച്ച് ആരും ചിന്തിക്കുന്നേയില്ല. അവരെ എങ്ങനെയാണ് നമ്മൾ അഭിസംബോധന ചെയ്യുന്നത്. അവർ ഇത്തരത്തിൽ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ട് കഴിയുന്നവരാണ്. ആരും അവരുമായി ബന്ധപ്പെടുന്നില്ല, ഇടപെടുന്നില്ല. അങ്ങനെയല്ലല്ലോ. നമ്മുടെ മുന്നിൽ ഒരാൾ വരുമ്പോൾ അവരെ നമ്മൾ അന്തസ്സോടെയല്ലേ കാണാൻ പാടുള്ളൂ. അവർ മനുഷ്യരാണല്ലോ. അങ്ങനെയൊരു തലം അതിനുണ്ട്. പക്ഷെ അതേപോലെ തന്നെ ഈ തൊഴിൽ, തൊഴിൽ അവകാശങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നൊക്കെ പറയുന്നതും വളരെ പ്രധാനപ്പെട്ടതാണ്.

Illustration : ruralindiaonline.org

1990കളിലാണ് ഇന്ത്യയിൽ ഇതിനെ ഒരു പുതിയ അവബോധത്തോടുകൂടി കാണാൻ തുടങ്ങിയത്. പണ്ടുമുതലേ ലൈംഗികത്തൊഴിലാളികളുടെ യൂണിയനുകളൊക്കെയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് അവർ കൊണ്ടുവന്നിട്ടുള്ള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ലൈംഗികത്തൊഴിലാളികളുടെ പരിശോധനകൾ നടത്തി കാർഡുകൾ കൊടുക്കുന്ന രീതിയുണ്ടായിരുന്നു. അങ്ങനെയൊക്കെ വരുമ്പോൾ അത് ശരീരത്തിനുമേലുള്ള കടന്നുകയറ്റമായാണ് ലൈംഗികത്തൊഴിലാളികൾ കണ്ടിരുന്നത്. കൽക്കട്ടയിലുള്ള സെക്സ് വർക്കേഴ്സ് അന്ന് തന്നെ അതിനെതിരെ പ്രതിഷേധിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള കൂട്ടായ പ്രതിഷേധങ്ങൾ അവർ അന്നും ചെയ്തിരുന്നു. പക്ഷെ 90കളാകുമ്പോൾ എച്ച്.ഐ.വി.യുമായി ബന്ധപ്പെട്ടിട്ടാണ് കുറച്ചുകൂടി ലൈംഗികത്തൊഴിലാളികളെ മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ കാണാതെ നമ്മൾ എങ്ങനെയാണ് ഈ കാര്യങ്ങൾ പറയുന്നതെന്നുള്ള, നമ്മുടെയുള്ളിലുള്ള സംഘർഷത്തിൽ നിന്നാണ് അവരുടെ അവകാശങ്ങൾക്കുവേണ്ടി സംഘടിക്കണമെന്ന തോന്നലുണ്ടായത്.

ആദ്യകാലത്ത് ഇവർ എയ്ഡ്സ് പരത്തുമെന്നൊക്കെ പറഞ്ഞുള്ള ഭയപ്പെടുത്തലുണ്ടായിരുന്നെങ്കിലും പണ്ടുകാലത്തെ പബ്ലിക് ഹെൽത്തിൽ നിന്ന് വളരെ വ്യത്യസ്തമായാണ് എയ്ഡ്സ് പ്രോഗ്രാമിൽ സ്ത്രീകളെ ഉൾപ്പെടുത്തിയത്. സെക്സ് വർക്കേഴ്സിന്റെ പങ്കാളിത്തമില്ലാതെ എയ്ഡ്‌സ് ബോധവത്കരണം വിജയിക്കുകയില്ല എന്നുള്ളത് മനസ്സിലായി. അങ്ങനെ പൊതുവെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായിട്ടുള്ള കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ അപ്പോൾ പോലും, പൊതുസമൂഹത്തെ രക്ഷിക്കാൻ വേണ്ടിയാണെങ്കിലും പൊതുസമൂഹത്തിലേക്ക് വരാതെ രഹസ്യമായി കാര്യങ്ങൾ ചെയ്യുകയും എന്നാൽ നിയമപരമായ കാര്യങ്ങളിൽ പഴയതുപോലെ തന്നെ തുടരുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. എല്ലാവരും വിചാരിക്കുന്നു ഇവർ കുറ്റക്കാരാണെന്ന്. മോശമായ കാര്യങ്ങൾ ചെയ്യുന്നു, അസാന്മാർഗികമായ കാര്യങ്ങൾ ചെയ്യുന്നു എന്നൊക്കെയാണല്ലോ പറയുന്നത്. വ്യഭിചാരം ഒരു കുറ്റമാണ് എന്ന തരത്തിലൊക്കെയാണ് അപ്പോഴും കാണുന്നത്. അങ്ങനെയൊരു ഡബിൾസ്റ്റാൻഡ് ആണ്. അവരെക്കൊണ്ട് ഒരു വശത്തുകൂടി ആരോഗ്യ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുക, മറുവശത്ത് അവർക്ക് യാതൊരു പരിരക്ഷയും കൊടുക്കാതിരിക്കുക. അങ്ങനെയുള്ള സമയത്താണ് നമ്മൾ ഈയൊരു കോൺഫ്ളിക്റ്റ് അനുഭവിക്കുന്നത്. എയ്ഡ്സ് നിവാരണ പരിപാടികളിൽ നമ്മൾ ഇവർക്ക് സേഫ് സെക്സ് പഠിപ്പിച്ചുകൊടുക്കുകയും ഉറകൾ വിതരണം ചെയ്യാൻ അവരെ ഏൽപ്പിക്കുകയുമൊക്കെ ചെയ്യുകയാണ്. അതേസമയം, ഈ സ്ത്രീകൾ സെന്ററുകളിൽ വരുന്ന സമയത്ത് അവരുടെ ശരീരമാകെ മുറിവുകളൊക്കെയായിട്ടാണ് വരുന്നത്. ക്ലയന്റ്സൊക്കെ അവരെ സിഗററ്റുകൊണ്ട് കുത്തി പൊള്ളിക്കും എന്നൊക്കെയുള്ള കഥകളാണ് നമ്മൾ കേൾക്കുന്നത്. അങ്ങനെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടാകുമായിരിക്കാം. എന്നാൽ ക്ലയന്റ്സല്ല ഇവിടെ ആക്രമിക്കുന്നത്. നാട്ടുകാരും, അവർക്ക് ചുറ്റുമുള്ളവരുമാണ്. തെരുവിലാണെങ്കിൽ ഗുണ്ടകളുടെ ആക്രമണം. എല്ലാ ദിവസവും പൊലീസ് പിടിക്കുകയും പലതരത്തിൽ ശാരീരികമായി തന്നെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലാണുള്ളത്. അവരുടെ മനുഷ്യാവകാശങ്ങൾ കാണാതെ നമ്മൾ എങ്ങനെയാണ് ഈ കാര്യങ്ങൾ പറയുന്നതെന്നുള്ള നമ്മുടെയുള്ളിലുള്ള സംഘർഷത്തിൽ നിന്നാണ് അവരുടെ അവകാശങ്ങൾക്കുവേണ്ടി സംഘടിക്കണമെന്ന തോന്നലുണ്ടായത്.

ചിത്രീകരണം : കെ.പി മുരളീധരൻ

ഇത് ശരിക്കും അന്ന് തുടങ്ങിയത് എയ്ഡ്സ് കൺട്രോളിനായി, സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണല്ലോ. ആ സമയത്ത് ഡോക്ടറുടെയും മൈത്രേയന്റെയുമൊക്കെ മനസ്സിൽ ഈ തൊഴിലിനെപ്പറ്റിയുള്ള ധാരണ എങ്ങനെയായിരുന്നു? ഇടപെട്ട് തുടങ്ങിയപ്പോഴാണോ അതോ അതിനുമുമ്പേ തന്നെ ഇതിനകത്തൊരു ക്ലാരിറ്റി ഉണ്ടായിരുന്നോ?

ഇല്ല, ഒട്ടുമില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, കേരളത്തിൽ അന്ന് എല്ലാവരും വിചാരിച്ചിരുന്നത്, ഇവിടെ ലൈംഗികത്തൊഴിൽ ഇല്ല എന്നൊക്കെയായിരുന്നു. നമ്മൾ കാണുന്നില്ലല്ലോ. മറ്റു സ്ഥലങ്ങളിലെപ്പോലെ ബ്രോത്തലോ റെഡ് സ്ട്രീറ്റോ ഇവിടെ ഇല്ലാത്തതുകൊണ്ട് ഇവിടെ ഇതൊന്നും ഇല്ല എന്നാണ് വിചാരിച്ചിരുന്നത്. പിന്നെ അവിടവിടെയെങ്ങാനും ചില സ്ത്രീകൾ നിൽക്കുന്നത് കാണും. പക്ഷെ എയ്ഡ്സ് കൺട്രോളിന്റെ പ്രവർത്തനങ്ങൾ വന്നപ്പോൾ ഉണ്ട് എന്ന് മനസ്സിലായി. ആദ്യമൊക്കെ അവരെ ജയിലിൽ പോയാണ് കണ്ടിരുന്നത്. കുറ്റമൊന്നും ചെയ്യാതെ തന്നെ അവർ ജയിലിലാകുന്നു എന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴും അങ്ങനെയാണെന്നാണ് അവിടെ പോകുന്നവർ പറയുന്നത്. ജയിലിൽ കൺവിക്റ്റഡായി കിടക്കുന്ന സ്ത്രീകൾ കൂടുതൽ പേരും ലൈംഗികത്തൊഴിലാളികളാണ്. പക്ഷെ അവർ എന്ത് കുറ്റമാണ് ചെയ്യുന്നതെന്നുള്ളത് ഇപ്പോഴും അറിയില്ല. ഇപ്പോൾ കോടതിവിധി വന്നു ലൈംഗികത്തൊഴിൽ കുറ്റമല്ല എന്നൊക്കെ പറയുമ്പോഴും പണ്ടും ഇവർ എന്ത് കുറ്റമാണ് ചെയ്തിരിക്കുന്നത്? ഇവർ എന്ത് കുറ്റമാണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല. പക്ഷെ അവരെ കുറ്റവാളികളായിട്ട് കാണുകയാണ്.

ഒരു റേപ്പുണ്ടായാൽ നമ്മളത് വലിയ കാര്യമായിട്ടാണല്ലോ കാണുന്നത്. അപ്പോൾ ദിവസവും പലതരം പീഡനങ്ങൾക്ക് വിധേയരാകുന്ന, ഒരുതരത്തിലുമുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടാത്ത ആളുകൾ വരുമ്പോൾ അതിന് തന്നേയേ മുൻഗണന കൊടുക്കാൻ പറ്റുകയുള്ളൂ.

എയ്ഡ്സിനെക്കാളുമൊക്കെ പ്രധാനം അവരുടെ ജീവിതം തന്നെയാണ്. ജീവൻ അപകടത്തിലായിട്ടാണ് അവർ ഓരോ ദിവസവും തെരുവിൽ സർവൈവ് ചെയ്യുന്നത്. അതിനെക്കാൾ വലുതൊന്നുമല്ലല്ലോ എയ്ഡ്സ് എന്ന് പറയുന്നത്. അപ്പോൾ നമ്മളും അതിലേക്ക് മാറുകയാണ്. അങ്ങനെയുള്ള ധാരണ അപ്പോഴാണ് ഉണ്ടാവുന്നത്. എല്ലാ ദിവസവും പീഡനം അനുഭവിച്ച്, മനുഷ്യാവകാശം ലംഘിക്കപ്പെട്ട് ആളുകൾ വരുമ്പോൾ. അത് പറയാതിരിക്കാൻ നിവർത്തിയില്ല. അതിനുമുമ്പ് നമ്മൾ സ്ത്രീപ്രശ്നങ്ങളിലൊക്കെ ഇടപെടുമ്പോൾ എപ്പോഴെങ്കിലും ഒരു റേപ്പുണ്ടായാൽ നമ്മളത് വലിയ കാര്യമായിട്ടാണല്ലോ കാണുന്നത്. അപ്പോൾ എല്ലാ ദിവസവും പലതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്ന, ഒരുതരത്തിലുമുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടാത്ത ആളുകൾ വരുമ്പോൾ അതിന് തന്നേയേ മുൻഗണന കൊടുക്കാൻ പറ്റുകയുള്ളൂ. ബാക്കിയുള്ള ആളുകൾ എത്ര പ്രിവിലേജ്ഡ് ആണ്. നമ്മൾ പരാതികൾ കൊടുക്കുക എന്നതാണ് ആദ്യകാലത്ത് ചെയ്തിരുന്നത്.

മൈത്രേയനും ജയശ്രീയും

ലൈംഗിക തൊഴിലാളികളും വിചാരിക്കുന്നത്, ഇത് മോശമായ കാര്യമാണെന്നാണ്. കാരണം, ബാക്കിയുള്ളവർ നമ്മളോട് ഇടപെടുന്നതിനനുസരിച്ചാണല്ലോ നമ്മുടെ ഐഡന്റിറ്റി അല്ലെങ്കിൽ ആത്മവിശ്വാസം ഒക്കെ രൂപപ്പെടുന്നത്. എല്ലാവരും അങ്ങനെ കാണുന്നതുകൊണ്ട്, മുന്നിൽ വന്നുനിന്ന് തൊഴിലിനെക്കുറിച്ച് പറയാൻ മടിയുള്ളവരാണ് കൂടുതലും. എന്നാൽ വളരെ കുറച്ചുപേർ അതിന് തയ്യാറായി ആദ്യം തന്നെ വന്നിട്ടുണ്ട്. പക്ഷെ എല്ലാവർക്കും അങ്ങനെ വരാൻ പറ്റില്ല. ഒരുപക്ഷെ തൊഴിലിനെക്കുറിച്ച് വീട്ടിൽ അറിയുന്നുണ്ടാവില്ല, കുട്ടികൾ അറിയുന്നുണ്ടാവില്ല. എല്ലാ ദിവസവും എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടാകും. ചിലപ്പോൾ പല അക്രമങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നായിരിക്കും. അപ്പോൾ നമ്മൾ ദിവസവും പരാതികൾ എഴുതി പൊലീസ് സ്റ്റേഷൻ മുതൽ കളക്ടർമാർക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും വരെ കൊടുത്തുകൊണ്ടേയിരിക്കുകയായിരുന്നു. കോടതികളിൽ മിക്കപ്പോഴും കള്ളക്കേസുകളായിരിക്കും. ഇപ്പോൾ നിലവിൽ ഇവർക്കെതിരെ പ്രയോഗിക്കുന്നത് ഐ.ടി.പി.എ. (Immoral Traffic Prevention Act) ആണ്. അത് ശരിക്കും ട്രാഫിക്കിങ് തടയാനുള്ള നിയമമാണ്. അവിടെയാണ് ഇപ്പോൾ ഈ കോടതിവിധിയിൽ ഒരു ടേണിങ് വരുന്നത്. അതിൽ പറയുന്നുണ്ട് സ്വമേധയാ സെക്സ് വർക്ക് ചെയ്യുന്നവർ എന്ന്. പക്ഷെ അങ്ങനെയൊരു ആശയം അക്കാലത്തില്ല. ഇപ്പോഴും അതങ്ങനെ വരുന്നേയുള്ളൂ. ഇപ്പോഴും കൺഫ്യൂസിങ്ങായിട്ടാണ് എല്ലാവരും അത് പറയുന്നത്. ട്രാഫിക്കിങ്ങും സെക്സ് വർക്കും ഒന്നാണ് എന്നുള്ള രീതിയിലാണ് പറയുന്നത്. രണ്ടും റിലേറ്റഡാണ്. തീർച്ചയായും കുറച്ചാളുകൾ ട്രാഫിക്ക്ഡായിട്ടായിരിക്കും വരുന്നത്. പക്ഷെ എല്ലാവരും ട്രാഫിക്കിങ്ങിന്റെ ഇരകളായിട്ടല്ല വരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ അങ്ങനെയായിരുന്നില്ല. നമ്മൾ ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ കുറച്ചുപേർ മാത്രമേ ട്രാഫിക്കിങ്ങിന് വിധേയമായിട്ട് വരുന്നുള്ളൂ. ബാക്കിയുള്ളവർ സാഹചര്യങ്ങൾ കൊണ്ട് അതിലേക്ക് എത്തപ്പെടുന്നവരാണ്. അവർക്ക് അവയ് ലബിൾ ആയിട്ടുള്ള ചോയ്സിൽ അവർ എടുക്കുന്നതാണ്.

കൽക്കട്ടയിൽ പതിനായിരക്കണക്കിന് സ്ത്രീകൾ ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണ്. അവർ പണ്ടുമുതലേ കുറച്ച് സംഘടിതരാണ്. കുറച്ചുകൂടി ആത്മവിശ്വാസമുള്ളവരാണ്. അവിടത്തെ ബ്രോതലുകൾ വ്യത്യസ്തമാണ്.

ഇവർക്കെതിരായ പല കേസുകളും കള്ളക്കേസുകളാണ്. ഒരു സ്ത്രീ വസ്ത്രമില്ലാതെ ഇരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഓരോന്ന് എഴുതിവെക്കുകയാണ്. പബ്ലിക് നൂയിസൻസ്, കേരള പൊലീസ് ആക്ട് പ്രകാരം എന്നൊക്കെ. എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടക്കുകയാണെങ്കിൽ, കൊലപാതകം അടക്കമുള്ളവയിൽ ഇവരുടെ പേരെഴുതിവെക്കും. ശരിക്കുള്ള ക്രിമനലുകളെ പിടിക്കാൻ പറ്റാത്തപ്പോൾ ഇവരുടെ പേരായിരിക്കും അതിൽ വരുന്നത്. പക്ഷെ അതിൽ നിന്നൊക്കെ എങ്ങനെയാണ് അവർ പുറത്തുവരിക എന്നുള്ളത് ഭയങ്കര പ്രശ്നമാണ്. പരാതികൾ കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെ ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് അവർ പരസ്യമായി ഒരു മീറ്റിങ്ങൊക്കെ വിളിച്ച, മാധ്യമങ്ങൾക്കു മുന്നിൽ അവരുടേതായിട്ടുള്ള വാക്കുകളിൽ വിഷയം പറയാം എന്ന് തീരുമാനിച്ചത്. അതാണ് വലിയ ഒരു മാറ്റമുണ്ടാക്കിയത്. അതിന്റെ തിരിച്ചടിയും ആ സമയത്ത് ഉണ്ടായിരുന്നു. വലിയ ഒരു സമ്മേളനമാണ് 1999-ൽ വിളിച്ചത്. അതിൽ സ്ത്രീകളാണ് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരുമൊക്കെ കേൾവിക്കാരായിരുന്നു. അവർ പറഞ്ഞ കാര്യങ്ങളൊക്കെ റെക്കോർഡ് ചെയ്യപ്പെടുകയും മാധ്യമങ്ങളിലൊക്കെ വരികയും ചെയ്തു. പെട്ടെന്ന് ഒരു തിരിച്ചടിയുണ്ടായി.

തിരിച്ചടി എന്ന് ഉദ്ദേശിച്ചത് എന്താണ്?

ഇവർ ഏറ്റവും ചൂഷിതരായതുകൊണ്ട് ഇവരെ ഉപജീവിച്ച്​ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. പിമ്പുകളെന്ന് പറയാം. അല്ലെങ്കിൽ മറ്റു പലതരത്തിലുമുള്ള ആൾക്കാരുമുണ്ട്. സമ്മേളനത്തിനായി കേരളത്തിന്റെ പല ഭാഗത്തുനിന്ന് വന്ന ലൈംഗിക തൊഴിലാളികൾ തിരിച്ചുപോകുമ്പോൾ, അവരുടെ സ്ഥലത്തു പോയി ഇറങ്ങുമ്പോൾ ഇത്തരം ആൾക്കാരെല്ലാം കൂടി വളഞ്ഞുവെച്ച് ഉപദ്രവിക്കുകയൊക്കെ ചെയ്തു. ഐഡന്റിറ്റി വെളിപ്പെടുത്തി എന്നതുമാത്രമല്ല, അവരങ്ങനെ ചെയ്യാൻ പാടുണ്ടോ എന്നുള്ളതായിരുന്നു. അവർ "കുറ്റം' ചെയ്യുന്നവരാണല്ലോ, അപ്പോൾ അവർക്കങ്ങനെ സംഘടിക്കാൻ പാടുണ്ടോ. ചിലർ ചോദിക്കുമല്ലോ, കള്ളൻമാർക്ക് സംഘടിക്കാൻ പറ്റുമോയെന്ന്. അവിടെ പക്ഷേ മോഷണം എന്ന ഒരു കുറ്റമുണ്ട്. മറിച്ച് ഇവരെന്ത് കുറ്റമാണ് ചെയ്യുന്നത്. ആരാണ് പരാതി കൊടുക്കുന്നത്. എന്നാലും ഇവരിങ്ങനെ ചെയ്യാൻ പാടില്ല, അത് മുളയിലേ നുള്ളുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്. പൊലീസ് തന്നെ അവരെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി. അവരെക്കൊണ്ട് ജീവിക്കുന്ന ആളുകൾ ഉപദ്രവിക്കാൻ തുടങ്ങി. അങ്ങനെയൊക്കെയുണ്ടായി. പക്ഷെ അതിലൊന്നും പുറകോട്ടുപോയില്ല. വീണ്ടും അവർ മുന്നോട്ടുതന്നെ പോയി. പലതരത്തിൽ പല സ്ഥലങ്ങളിൽ അവർ സംഘടിക്കാൻ തുടങ്ങി. മാധ്യമങ്ങൾ നല്ല പോലെ പിന്തുണച്ചു. അത് പറയാതിരിക്കാൻ പറ്റില്ല.

ഒരു സംഭവം പറയാം. തിരുവനന്തപുരത്ത് ഒരു ദിവസം രാത്രി 11, 12 മണിയ്ക്ക് സ്ത്രീകൾ നമ്മളെ വിളിക്കുകയാണ്. അവിടെ കുറേപ്പേർ ഇവരെ വളഞ്ഞുവെച്ച് ആക്രമിക്കുകയാണ്. നമ്മൾ ഉടൻ ചാനലുകളെയൊക്കെ അറിയിച്ചു. ചാനലുകളിലുള്ളവരൊക്കെ വന്ന് അവിടെ നിൽക്കുമ്പോൾ അവർക്ക് പിന്നെ അധികം ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ, വനിതാ കമ്മീഷൻ ചെയർപേഴ്സണായിരുന്ന സുഗതകുമാരി ടീച്ചറെ അറിയിച്ചു. രാഷ്ട്രീയപ്രവർത്തകരെയൊക്കെ അറിയിച്ചു. എല്ലാവരെയും പെട്ടെന്ന് അറിയിച്ച് നമ്മൾ അവിടെ ചെന്നപ്പോഴേക്കും, ചാനലുകളൊക്കെയുള്ളതുകൊണ്ട് ഇവർ രക്ഷപ്പെട്ടു എന്നു പറയാം. പിന്നെ അവരെയെല്ലാം സുഗതകുമാരി ടീച്ചർ തന്നെ പൊലീസിനെ അറിയിച്ച് പൊലീസ്​ വാഹനത്തിൽ സുരക്ഷിത സ്ഥലത്തേക്കെത്തിച്ചു. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ആ സമയത്തുണ്ടായി. തിരിച്ചടിപോലെ തന്നെയുണ്ടായി. എന്നാലും ക്രമേണ മാറ്റം സംഭവിച്ചു. പിന്നീട് മറ്റു വാക്കുകൾ ഉപയോഗിക്കാനൊക്കെ എല്ലാവർക്കും മടിയായി. ഇത് തൊഴിലാണോ എന്ന് ചോദിക്കുമ്പോൾ തന്നെ എല്ലാവരും ലൈംഗിക തൊഴിലാളികൾ എന്നു തന്നെ പറയാൻ തുടങ്ങി.

സെക്സ് വർക്കേഴ്സ്, പ്രൊഫഷൻ എന്നൊക്കെ ഇപ്പോൾ പറയുമ്പോൾ അതിനുപിന്നിൽ ഒരു ഹിസ്റ്ററിയുണ്ടല്ലോ? ഇങ്ങനെ ആദ്യം പ്രയോഗിച്ച ആൾക്കാരൊക്കെയുണ്ടാകും. സെക്സ് വർക്ക് ആണ് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ച ആൾക്കാർ.

അത് ശരിക്കും കൽക്കട്ടയിലെ സംഘടനയാണ്. അവിടത്തെ ചരിത്രം തന്നെ വേറെയാണ്. കൽക്കട്ടയിൽ പതിനായിരക്കണക്കിന് സ്ത്രീകൾ ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണ്. നേരത്തെ പറഞ്ഞതുപോലെ അവർ പണ്ടുമുതലേ കുറച്ച് സംഘടിതരാണ്. കുറച്ചുകൂടി ആത്മവിശ്വാസമുള്ളവരാണ്. അവിടത്തെ ബ്രോതലുകൾ വ്യത്യസ്തമാണ്. സാധാരണ ബ്രോതൽ സങ്കൽപം കുട്ടികളെയെല്ലാം ട്രാഫിക്കിങ് ചെയ്ത് കൊണ്ടുവന്ന് അവരെയിങ്ങനെ അടിച്ചമർത്തി ചെയ്യുന്നതാണ് എന്നാണല്ലോ? അങ്ങനെയുള്ളത് തീർച്ചയായും ഉണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നൊക്കെ അങ്ങനെ കൊണ്ടുവരുന്നുണ്ട്. മുംബൈയിലും ഡൽഹിയിലുമൊക്കെയാണ് അത് കൂടുതൽ. പക്ഷെ കൽക്കട്ടയിൽ കുറച്ച് വ്യത്യാസമാണ്. സോനാഗച്ചിയിൽ ട്രഡീഷണലായി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവർക്ക് കൂടുതൽ ആത്മവിശ്വാസമൊക്കെയുണ്ട്. അതൊരു പ്രൊഫഷനായിട്ടാണ് അവർ കാണുന്നത്. കുട്ടികൾക്കും പ്രശ്നമില്ല.
അവിടെ പ്രശ്നങ്ങളില്ലെന്നല്ല. എന്നാൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ്. കുട്ടികളൊക്കെ തന്നെ അവരുടെ കൂടെയാണ്. അപ്പോൾ അവർക്കും അറിയാമല്ലോ. രഹസ്യമയിട്ടൊന്നുമല്ല. കേരളത്തിലാണ് അതിൽ ഏറ്റവും മോശം സ്ഥിതി. വളരെ രഹസ്യമായിട്ടുള്ള രീതിയിൽ ചെയ്യേണ്ടിവരുന്നത് കേരളത്തിലാണ്. കൽക്കട്ടയും കേരളവും രണ്ട് എക്സ്ട്രീമാണ്. 1997-ൽ കൽക്കട്ടയിലാണ് ലോകത്ത് തന്നെ ആദ്യമായി സെക്സ് വർക്കേഴ്സ് സമ്മേളനം വിളിച്ചത്. "സെക്സ് വർക്ക് ഈസ് വർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി മുന്നോട്ടുവച്ചത് അവരാണ്. അതൊരു തൊഴിലാണ് എന്ന കാര്യം അവർ വളരെ കൃത്യമായി അന്ന് പറഞ്ഞിട്ടുണ്ട്. അവർ മുന്നോട്ടുവെച്ചിരുന്ന കാര്യങ്ങളാണ് ഒരുപക്ഷെ സുപ്രീംകോടതി ഇപ്പോൾ പറയുന്നത്. എന്നുവെച്ചാൽ ഞങ്ങൾ ചെയ്യുന്നത് ഒരു സേവനമാണ്.

‘ദുർബാറി’ന്റെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ നടന്ന ലൈംഗിക തൊഴിലാളികളുടെ റാലി

രണ്ട് തരത്തിൽ തൊഴിലുണ്ട്. പ്രൊഡക്ടീവായിട്ടുള്ളതും സർവീസ്​ എന്ന നിലയ്​ക്കും. "ഞങ്ങൾ ചെയ്യുന്നത് സർവീസാണ്. സർവീസ് സെക്ടറിലെ ആളുകൾക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും നമുക്ക് വേണം', ഇത് തൊഴിലാണ് എന്ന തരത്തിൽ തന്നെയാണ് അവരന്ന് പറഞ്ഞിരുന്നത്. അതിനോട് എല്ലാവരും യോജിച്ചിരുന്നില്ല. അങ്ങനെയല്ലാതെ പറഞ്ഞിട്ടുള്ള സംഘടനകളുമുണ്ട്. മറ്റു തൊഴിലുകൾ തന്ന് ഞങ്ങളെ ഇതിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരുണ്ടായിരുന്നു. പലതരം വ്യവഹാരങ്ങൾ നടന്നുവന്നു. എല്ലാവരും പീഡനത്തിൽ നിന്ന് മോചനം വേണം, മനുഷ്യരായി കണക്കാക്കണം എന്നതായിരുന്നു ആവശ്യം. ഭരണഘടനയിൽ തന്നെയുള്ളതാണല്ലോ അന്തസ്സായി ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നത്. ആ കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

തിരുവനന്തപുരം കോവളത്തെ ഒരു അനുഭവം ഡോക്ടർ എഴുതിയിട്ടുണ്ട് എഴുകോൺ എന്ന ആത്മകഥയിൽ. 90കളിലെ കാര്യമാണ്. അത് വായിക്കുമ്പോൾ മനസ്സിലാകുന്നത് പൊതുവെ സെക്സ് വർക്കേഴ്സ് എന്ന് പറയുമ്പോൾ സ്ത്രീകളാണ് എന്നുള്ള തോന്നലാണ് മൊത്തത്തിലുള്ളത്. അന്ന് ഒറ്റ സ്ത്രീകളെ കണ്ടുകിട്ടിയില്ല, അമ്പതോളം ആൺകുട്ടികളെയാണ് സെക്സ് വർക്ക് ചെയ്യുന്നതായി കണ്ടെത്തിയതെന്ന് എഴുതിയിട്ടുണ്ട്. അതിനകത്ത് ഒരു വൈരുദ്ധ്യമുണ്ടല്ലോ. പൊതുസമൂഹത്തിന് മനസ്സിലാക്കാൻ പറ്റാത്ത എന്നാൽ അതിനകത്ത് അന്തർലീനമായിരിക്കുന്ന ഒരു വൈരുദ്ധ്യമുണ്ട്. അതെങ്ങനെയാണ് തിരിച്ചറിഞ്ഞത്. സ്ത്രീകൾ മാത്രമല്ല, ആൺകുട്ടികൾ ഉൾപ്പെടെ ഇതിനകത്ത് ഭീകരമായിട്ട് ഉണ്ട് എന്നുള്ളത്?

നേരിട്ടുള്ള അനുഭവത്തിൽ നിന്നുതന്നെയാണ് അത് മനസ്സിലായത്. എല്ലാവരും പറയുന്നത് കോവളത്താണ് ഏറ്റവും കൂടുതൽ ഈ തൊഴിൽ നടക്കുന്നതെന്നാണ്. അതുകൊണ്ടാണ് നമ്മളവിടെ പോയത്. അവിടെ, സാധാരണയുള്ള ലൈംഗിക തൊഴിലാളി സ്ത്രീകളല്ല ഉള്ളത്. അവിടെ അന്ന് ഞാൻ തമാശയ്ക്ക് പറയുമായിരുന്നു, കൂടുതൽ പണം കിട്ടുന്ന ഏത് സ്ഥലത്തും പുരുഷൻമാർ പോയി ആധിപത്യമുണ്ടാക്കുമെന്ന്, സെക്സ് വർക്കാണെങ്കിലും. കുറച്ച് കൂലി കിട്ടുന്ന ജോലികളൊക്കെ സ്ത്രീകൾക്കായിരിക്കും. അത് വളരെ കൃത്യമായി നമുക്ക് കാണാം. തിരുവനന്തപുരത്ത് മറ്റു സ്ഥലങ്ങളിൽ നിൽക്കുന്ന സ്ത്രീകൾക്ക് കുറച്ച് പണമേ കിട്ടൂ. കോവളത്താണെങ്കിൽ വിദേശികൾ വരുന്നത് കാരണം ഡോളറിലൊക്കെ പണം കിട്ടും. ലൈംഗിക തൊഴിലാളി സ്ത്രീകൾക്കും അവിടെ സ്‌കോപ്പില്ല. പുരുഷൻമാർ പാർട്ട് ടൈം ആയിട്ടൊക്കെയായിരിക്കും ചെയ്യുന്നത്. കുട്ടികളും അതുപോലെ തന്നെ കുടുംബത്തിലേക്ക് വരുമാനമുണ്ടാക്കാനുള്ള രീതിയിൽ തന്നെയാണ് അത് കാണുന്നത്. വിദേശികളൊക്കെ കൂടുതൽ വരുന്ന സമയത്താണിത്. അത് ഇങ്ങനെ ഒരു വൈരുദ്ധ്യമായി നമ്മൾ മനസ്സിലാക്കിയതാണ്.

ഐ.ടി.പി.എ. യുടെ പേര് തന്നെ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് എന്നാണ്. എന്തിനാണ് ഇമ്മോറൽ?. ട്രാഫിക്കിങ് എന്നുപറഞ്ഞാൽ ഇമ്മോറൽ അല്ലേ. പക്ഷെ അത് എടുത്തുപറയുകയാണ്. ഇവിടെ ഇമ്മോറൽ എന്നതിന് ലൈംഗിക സദാചാരം എന്ന ഒരർഥമാണ്.

ആത്മകഥയിൽ, കുടുംബം എന്ന സ്ട്രക്ചറിനെ മറ്റൊരു രീതിയിൽ കാണാൻ പറ്റി എന്ന് ഡോക്ടർ എഴുതിയിട്ടുണ്ടായിരുന്നു. അത് ഈ അർഥത്തിലാണ്. സ്ത്രീകൾ വീട്ടിലുള്ള പുരുഷൻമാർക്ക് പാചകം ചെയ്തുകൊടുക്കുന്നു, തുണി അലക്കിക്കൊടുക്കുന്നു, അവർക്ക് വേണ്ട സൗകര്യങ്ങൾ കൊടുക്കുന്നു. ഒപ്പം തന്നെ ലൈംഗികതയും കൊടുക്കുന്നു. ഇപ്പുറത്ത് ലൈംഗികത്തൊഴിലാളികൾ ലൈംഗികത മാത്രം വിറ്റിട്ട് പൈസ മേടിക്കുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകൾ കുടുംബമുള്ള, ഭാര്യമാരായിട്ടുള്ളവർ തന്നെയാണ്. സ്ത്രീകൾ എല്ലാം കൊടുക്കുകയാണ്. ആണുങ്ങൾ ലൈംഗിത ഉൾപ്പെടെ എല്ലാം റിസീവ് ചെയ്യാൻ നിൽക്കുകയാണ്. തിരിച്ച് അട്രോസിറ്റീസെല്ലാം സ്ത്രീകളുടെ മേലെ നടത്തുന്നു. ഇതിനകത്ത് സങ്കീർണ്ണതയും വൈരുദ്ധ്യവുമുണ്ട്. ലൈംഗികതയും കുടുംബവും ലൈംഗിക തൊഴിലും ഇവ മൂന്നും എങ്ങനെയാണ് ബന്ധപ്പെടുന്നത്. അല്ലെങ്കിൽ വിരുദ്ധമായി നിൽക്കുന്നത്?

സർവീസ്, കെയർ മേഖലകളിൽ എപ്പോഴും സ്ത്രീകളാണല്ലോ കൂടുതൽ ജോലി ചെയ്യുന്നത്. തൊഴിലുകളിലെ ജെൻഡർ ഡിവിഷൻ പറയുമ്പോൾ പറയുന്നതാണിത്. സർവീസ് കൊടുക്കാൻ കഴിവുള്ളത് സ്ത്രീകൾക്കാണെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പുരുഷൻമാർക്ക് അതിന്റെ സ്‌കില്ലില്ല എന്നും. സ്‌കില്ലില്ലെങ്കിൽ പഠിക്കണമെന്നാണ് നമ്മൾ പറയുന്നത്. നഴ്‌സിങ് മേഖല തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. കുറച്ച് പുരുഷൻമാർ ഇപ്പോൾ അതിലുണ്ട്. പക്ഷെ ഇപ്പോഴും സ്ത്രീകളാണ് കൂടുതൽ. സാലറി ഒരുപോലെയൊക്കെ കിട്ടുന്ന മേഖലയാണ് നഴ്സിങ്. പക്ഷെ അങ്ങനെയല്ലാത്ത വോളന്ററി സർവീസൊക്കെ നോക്കിയാൽ പാലിയേറ്റീവ് കെയർ, അംഗൻവാടി, ആശാവർക്കർ തുടങ്ങി ഏത് മേഖലയിലായാലും കുറച്ച് ശമ്പളം കിട്ടുന്നവരും കൂടുതൽ സർവീസ് ചെയ്യുന്നവരും സ്ത്രീകളാണ്. ഫാമിലിയുടെ ഒരു എക്സ്റ്റൻഷനായിട്ടാണ് ഈ ജോലികളും വരുന്നത്. വീടിനകത്തും കെയർ കൊടുക്കുന്നത് സ്ത്രീകളാണല്ലോ. സെക്ഷ്വൽ സർവീസിന്റെ കാര്യത്തിലും അങ്ങനെയാണ്. വീട്ടിലാണെങ്കിൽ ആ സർവീസ് "കൊടുക്കുക' എന്നുള്ളതാണ്. ആ ഒരു ജെൻഡർ ഡിവിഷനുണ്ടല്ലോ, അത് തന്നെയാണ് സെക്സ് വർക്കിലുമുള്ളത്.

കൊൽക്കത്തയിൽ നടന്ന സെക്​സ്​ വർക്കർ ഫ്രീഡം ഫെസ്​റ്റിവൽ (2012)

പക്ഷെ എന്തുകൊണ്ടാണ് സ്ത്രീകൾക്കത് ഉള്ളിലേക്ക് നോക്കിക്കാണാൻ കഴിയാത്തതെന്ന് എനിക്കറിയില്ല. ഇതേ കാര്യമാണല്ലോ പുരുഷൻമാർക്കുവേണ്ടി സ്ത്രീകൾ കുടുംബത്തിലും ചെയ്യുന്നത് ഒരർഥത്തിൽ. കുടുംബത്തിൽ ഇതിന് മാന്യതയുണ്ട് എന്നുള്ളതാണ്. ഇപ്പോഴൊക്കെ മോണോഗമസ് ആയതുകൊണ്ട് ഒരു പുരുഷൻ മാത്രമായിരിക്കാം. പണ്ടൊന്നും അങ്ങനെയല്ല. ഒരു കുടുംബത്തിലെ തന്നെ പല സഹോദരൻമാർക്കും കൂടി ഒരു സ്ത്രീ എന്നൊക്കെയുണ്ടായിരുന്നു. എങ്ങനെയായാലും സ്ത്രീകൾ ഈ സർവീസ് കൊടുക്കാനുള്ളവരാണ്. ലൈംഗികതയിലും അതുപോലെ തന്നെയാണ്. പക്ഷെ തൊഴിലെന്ന് പറയുമ്പോൾ ഇതിൽ ചെറിയൊരു വ്യത്യാസം വരുന്നുണ്ട്. തൊഴിലെന്ന് പറയുമ്പോൾ അവിടെ നെഗോഷ്യേറ്റ് ചെയ്ത് പൈസ വാങ്ങുകയാണ്. മിക്കവാറും എല്ലാവർക്കും യോജിക്കാൻ പറ്റാത്ത കാര്യമാണെങ്കിലും, ആ ഒരു ആംഗിളിൽ നോക്കിക്കഴിഞ്ഞാൽ നമ്മൾ ചെയ്യുന്ന സേവനത്തിന് മര്യാദയ്ക്ക് കൂലി തരൂ എന്ന് പറയുന്നു. പക്ഷെ അവിടെ എക്സ്പ്ലോയിറ്റേഷൻ നിൽക്കുന്നുണ്ട്. എക്സ്പ്ലോയിറ്റേഷൻ നിൽക്കുന്നതിന് കാരണം ഇത് അണ്ടർ ഗ്രൗണ്ടിലാണ്, അധോലോകത്താണ് നടക്കുന്നത് എന്നുള്ളതാണ്. അതുകൊണ്ടാണ് ഇത് നിയമവിരുദ്ധമാകുന്നത്. അവിടെയാണ് നമ്മൾ ഇത് കുറ്റവിമുക്തമാകണം എന്ന് പറയുന്നത്. നിയമവിധേയം എന്ന് പറയുന്നതിനേക്കാൾ കുറ്റവിമുക്തമാക്കുക (decriminalisation) എന്നുള്ളതിലാണ് ഈ വിധിയും കാണാൻ പറ്റുന്നത്. നമ്മൾ ആവശ്യപ്പെട്ടിരുന്നതും അതായിരുന്നു. പത്തിരുപത്തഞ്ച് കൊല്ലമായി നമ്മൾ ആവശ്യപ്പെടുന്നത് കുറ്റവിമുക്തമാക്കുക എന്ന കാര്യമാണ്. ഇപ്പോൾ കുറ്റമാണോ എന്ന് ചോദിച്ചാൽ, ഇത് വളരെ അവ്യക്തമായാണ് നിയമങ്ങളിലൊക്കെ നിർത്തിയിരിക്കുന്നത്.

ലൈംഗികതൊഴിൽ കുറ്റവിമുക്തമാക്കുമ്പോഴുണ്ടാകുന്ന പ്രധാന കാര്യം, ഇതിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറ്റക്കാരാക്കാൻ പറ്റില്ല എന്നതാണ്. അതാണ് അതിൽ പ്രധാനം.

ഐ.ടി.പി.എ. യുടെ പേര് തന്നെ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് എന്നാണ്. എന്തിനാണ് ഇമ്മോറൽ. ട്രാഫിക്കിങ് എന്ന് പറഞ്ഞാൽ ഇമ്മോറൽ അല്ലേ. പക്ഷെ അത് എടുത്തുപറയുകയാണ്. ഇവിടെ ഇമ്മോറൽ എന്നതിന് ലൈംഗിക സദാചാരം എന്ന ഒരർഥമാണ്. അതിന്റെ ആമുഖമൊക്കെ വായിച്ചാൽ അത് മനസ്സിലാകും. സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നത് പഴയ ഒരു ആശയമാണല്ലോ. അവർ അതിലേക്ക് പെട്ടുപോകുന്നു എന്ന രീതിയിലാണ് കാണുന്നത്. അങ്ങനെയല്ലല്ലോ കാണേണ്ടത്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ അവർക്ക് തുല്യമായ അവകാശമുണ്ട്. അന്തസ്സായി ജീവിക്കണം എന്നൊക്കെയുള്ള കാര്യമാണല്ലോ പറയേണ്ടത്. പക്ഷെ അങ്ങനെയല്ല പറഞ്ഞത്. സ്ത്രീകളെ രക്ഷിക്കേണ്ടതാണ്. അവർ ഇതിലേക്ക് പെട്ടുപോകുന്നു എന്ന് ആമുഖത്തിൽ പറയുന്നു. പിന്നെ അതിന്റെ ഓരോ ക്ലോസും നോക്കുമ്പോൾ, ബ്രോതൽ നടത്താൻ പാടില്ല അതൊരു കുറ്റമാണ്. അത് ഒന്ന്, രണ്ട് സെക്ഷനൊക്കെയാണ്. പിന്നെ സെക്ഷൻ ഏഴിൽ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ക്ലയന്റിനെ വിളിക്കാൻ പാടില്ലെന്ന് പറയുന്നു. എട്ടാമത്തെ ക്ലോസിൽ പൊതുസ്ഥലത്ത് സെക്സ് വർക്ക് ചെയ്യാൻ പാടില്ലെന്ന് പറയുന്നു. പക്ഷെ ഇതിലൊന്നും എന്താണ് പബ്ലിക് പ്ലേസ് എന്ന് ഡിഫൈൻ ചെയ്യുന്നില്ല. പബ്ലിക് പ്ലേസിൽ പബ്ലിക്കായി​ട്ടൊന്നും ആരും ഒന്നും ചെയ്യുന്നില്ലല്ലോ. എന്താണ് പബ്ലിക് പ്ലേസെന്ന് പറയുന്നത്. അത് ഓരോരുത്തർക്ക് ഇഷ്ടമുള്ളതുപോലെ ഡിഫൈൻ ചെയ്യാം. അപ്പോൾ ഇത് വെച്ച് ഈ സ്ത്രീകളെ തന്നെയാണ് എപ്പോഴും പിടിക്കാൻ പറ്റുന്നത്. ക്ലയന്റ്സിനെ പിടിച്ചാലും അവർ പൈസ കൊടുത്തിട്ടൊക്കെ ഇറങ്ങിപ്പോരുമായിരിക്കും. പക്ഷെ ജയിലിലാകുന്നത് സ്ത്രീകളാണ്. പബ്ലിക് പ്ലേസിൽ സോളിസിറ്റിങ് പാടില്ലെന്ന് പറയുമ്പോൾ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലത്ത് സ്ത്രീകൾ ചിലപ്പോൾ തെരുവിലൊക്കെ നിന്ന് ചില സിഗ്‌നലൊക്കെ കൊടുത്തിട്ടാണ് ക്ലയന്റ്സിന് അവർ സെക്സ് വർക്കിനുള്ള ആൾക്കാരാണെന്ന് മനസ്സിലാകുന്നത്. നിയമവിധേയമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ചെയ്യാനുള്ള സാഹചര്യം വേണം.

‘നാരീസക്ഷം’ പ്രവർത്തകർ

ബ്രോതലുകൾ നടത്തുന്നത് കുറ്റകരമാണെന്ന് പറയുമ്പോൾ അതിലൊരു പ്രശ്നമില്ലേ? തൊഴിലിടമായി വീടുകളെ പരിവർത്തനം ചെയ്യാമോ?

ബ്രോതൽ നടത്തുന്നത് ആരാണെന്ന പ്രശ്നമുണ്ട്. മറ്റുള്ളവരെ നിർബന്ധിച്ച് കൊണ്ടുവന്ന് ഇത് ചെയ്യിക്കുന്ന ഇടമാണ് ബ്രോതൽ എന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധം തന്നെയാകണം. എന്നുവച്ചാൽ ട്രാഫിക്കിങ്ങാണല്ലോ അവിടെ നടക്കുന്നത്. ഇതിനൊക്കെ കൃത്യമായ ഡെഫിനിഷൻ വെച്ച് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മനസ്സിലാകാത്തതുകൊണ്ടൊന്നുമല്ലല്ലോ ഇത് ചെയ്യുന്നത്. പവറിന്റെ പ്രശ്നമാണ്. അല്ലെങ്കിൽ ബ്രോതൽ നടത്തുന്ന എത്ര ആൾക്കാരെ ഇതിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമായിരിക്കും ബ്രോതൽ നടത്തുന്ന ആൾക്കാരെ കുറ്റക്കാരാക്കുന്നത്. അബ്രോതലുകളിലുള്ളവരിൽ തന്നെ പുതിയതായിട്ടൊക്കെ വന്ന, പലപ്പോഴും വിക്ടിമായിട്ടോ ട്രാഫിക്ക്ഡായിട്ടോ കൊണ്ടുവന്നിട്ടുള്ള സ്ത്രീകളെയാണ് വീണ്ടും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. ബ്രോതലുകൾ നിലനിർത്തേണ്ടതിന്റെ ആവശ്യം വേറെയാണ്. അതിനെ നമ്മൾ അങ്ങനെ തന്നെ തിരിച്ച് കാണണം എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷെ എല്ലാ ബ്രോതലുകളും അങ്ങനെയല്ല.

ആന്ധ്രയിൽ ഞാൻ കുറേ നാൾ ജോലി ചെയ്തപ്പോൾ മനസ്സിലായി അവിടെ ബ്രോതൽ എന്നൊക്കെ പറഞ്ഞ് കാണാൻ പോകുമ്പോൾ വളരെ വ്യത്യാസമാണ്. നമ്മൾ സങ്കൽപിക്കുന്ന പോലെയേ അല്ല. പല തരത്തിലുള്ളതുണ്ട്. ട്രഡീഷണനായിട്ടുള്ളവരുണ്ട്. കലാവന്തലു എന്ന സമുദായമൊക്കെ ട്രഡീഷണലായിട്ട് ചെയ്യുന്നവരാണ്. അവർ വളരെ ഉയർന്ന ജാതിയാണ്. രാജാക്കൻമാർക്കും അതുപോലെയുള്ള ആളുകൾക്കും സെർവ് ചെയ്യുന്നവരാണ്. അങ്ങനെ ഒരുപാട് ലെയേഴ്സിലുള്ള ആൾക്കാരുണ്ട്. സാധാരണ അവിടത്തെ ബ്രോതൽ എന്ന് പറയുന്നത് വീടുകളായിരിക്കും. വാടകയ്ക്കെടുത്തതായിരിക്കും. അതിൽ ഒരു സ്ത്രീ, അല്ലെങ്കിൽ രണ്ടുമൂന്ന് സ്ത്രീകൾ ചേർന്ന് ചെയ്ത് തുടങ്ങുന്നതായിരിക്കും. വേറെ സത്രീകൾ വന്ന് ഇതിന്റെ കൂടെ ചേരും. അങ്ങനെയുള്ള സ്ഥലത്തെ പവർ റിലേഷൻ എന്നൊക്കെ പറഞ്ഞാൽ വളരെ വ്യത്യാസമാണ്. അവിടെ വളരെ ചെറുപ്പത്തിൽ ഒരു കുട്ടിയെങ്ങാനും പെട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് പ്രശ്നമുണ്ടായിരിക്കും. പക്ഷെ നമ്മൾ ഈ കാണുന്ന വലിയ ബ്രോതൽ സിസ്റ്റം, വലിയ അധികാരമുള്ള ആളുകൾ നടത്തുന്നതുമായി അതിന് ഒരു ബന്ധവുമില്ല. ഇതൊക്കെ പ്രധാനമാണ്.

സെക്‌സ് വർക്കഴ്‌സ് തന്നെ ഇപ്പോൾ ഒരുപാട് കാറ്റഗറിയിൽ പെടുന്നവരുണ്ട്. ഭയങ്കര ഹയർക്ലാസിലെ സ്ത്രീകൾ തൊട്ട് അഞ്ചു പത്തു രൂപയ്ക്ക് തെരുവിൽ ജോലി ചെയ്യുന്നവരുമുണ്ട്. ഇതിനിടയിലും വ്യത്യസ്തമായ പല തലങ്ങളുമുണ്ട്.

ലൈംഗികതൊഴിൽ കുറ്റവിമുക്തമാക്കുമ്പോഴുണ്ടാകുന്ന പ്രധാന കാര്യം ഇതിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറ്റക്കാരാക്കാൻ പറ്റില്ല എന്നതാണ്. അതാണ് അതിൽ പ്രധാനം. അവർക്ക് എവിടെ തൊഴിലിടം എന്ന് ചോദിച്ചാൽ അതൊരു പ്രോസസിൽ വരുമെന്നാണ് തോന്നുന്നത്. ഇത് കുറ്റവിമുക്തമാക്കിയാലും ഇവർക്ക് സുരക്ഷിതമായ ഇടം എന്നുള്ളത് വളരെ പ്രധാനമാണ്. അവർക്ക് സുരക്ഷിതമായ ഇടം ഉണ്ടാകണമെങ്കിൽ ഇത് കുറ്റവിമുക്തമാകണം. ബ്രോതലുകളിൽ ട്രാഫിക്കിങ് ചെയ്ത് കൊണ്ടുവന്നാൽ അത് കുറ്റം തന്നെയാണ്. അതങ്ങനെ വേർതിരിച്ച് കാണുക എന്നുള്ളതേയുള്ളൂ. ഇതിൽ കുട്ടികളുടെ കാര്യം പറയുന്നുണ്ടല്ലോ. കുട്ടികളുടെ കാര്യം പറയാൻ കാരണമെന്താണെന്ന് വെച്ചാൽ, പലയിടത്തും കുട്ടികളെ അവരുടെ അമ്മമാരിൽ നിന്ന് മാറ്റിക്കൊണ്ടുപോയി വേറെ എവിടെയെങ്കിലുമാക്കുന്നു. നമ്മുടെ ഇവിടെയും ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സുഗതകുമാരി ടീച്ചർ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നപ്പോൾ കുറച്ച് കുട്ടികളെ കൊണ്ടുപോയിട്ടുണ്ട്. പക്ഷെ അമ്മമാർക്ക് അത് ഭയങ്കര വിഷമമാണ്. മാറ്റിക്കൊണ്ടുപോകുന്നു എന്ന് മാത്രമല്ല, അവരെ പിന്നെ കാണാൻ അനുവദിക്കുന്നില്ല. അമ്മമാരുടെ അവകാശമുണ്ടല്ലോ. അമ്മമാർക്ക് അവരുടെ കുട്ടികളെ കാണാനുള്ള അവകാശമുണ്ടല്ലോ. അതുകൊണ്ടുതന്നെ ഞങ്ങൾ പിന്നീട് സെക്സ് വർക്കേഴ്സിന്റെ കുട്ടികൾക്കുവേണ്ടി ചില്ല എന്നുപറഞ്ഞ ഒരു സ്ഥാപനം നടത്തിയിരുന്നു. അവിടെ ആദ്യത്തെ കണ്ടീഷൻ എന്ന് പറയുന്നത് അമ്മമാർക്ക് എപ്പോൾ വേണമെങ്കിലും വരാം എന്നതായിരുന്നു. അമ്മമാരെ കുട്ടികളെ കാണാൻ അനുവദിക്കാതിരിക്കുന്നത് ഏറ്റവും വലിയ ക്രൂരതയല്ലേ. അവർ ശരിക്കും ജോലി ചെയ്യുന്നത് തന്നെ കുട്ടികൾക്ക് വേണ്ടിയിട്ടാണ്. അവർ ഇത്രയും പാടുപെടുന്നത് അവരുടെ കുട്ടികൾക്ക് വേണ്ടിയിട്ടാണെന്നുള്ളതാണ്.

അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടോ. ഇത് തെറ്റായൊരു പ്രൊഫഷനാണ്, ചെയ്യുന്നത് തെറ്റാണ്, എന്ന ഒരു പൊതുബോധം നിലനിൽക്കുന്ന ഒരു സമൂഹത്തിനകത്ത്, ഈ കുട്ടികൾക്ക് അമ്മമാരോടുള്ള, അവർ ചെയ്യുന്ന ജോലി ഇതാണെന്ന് അറിയുന്ന സമയത്ത്, മാനസികാവസ്ഥയും, അവർക്ക് അവരോടുള്ള മനോഭാവവും എന്തായിരിക്കും?

ശരിക്കും പറഞ്ഞാൽ ഈ പൊതുസമൂഹമാണ് അവരുടെ മനോഭാവം രൂപപ്പെടുത്തുന്നത്. കൊൽക്കത്തയിൽ ഇവരുടെ സംഘടനയുടെ നേതാക്കന്മാരായിട്ടൊക്കെ വരുന്നത് സ്വന്തം മക്കൾ തന്നെയാണ്. അങ്ങനെ വേറൊരു രീതിയിലവർ കാണുന്നില്ല. പക്ഷെ കേരളത്തിലങ്ങനെയല്ല. ഞാൻ കുറേ പേരുമായി സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, കേരളത്തിൽ ആൺകുട്ടികൾ, കുറച്ച് പ്രശ്‌നങ്ങളൊക്കെ അവരനുഭവിക്കുന്നുണ്ട്. അവർ പുറത്തിറങ്ങുമ്പാേൾ ആളുകൾ കളിയാക്കുമല്ലോ. അതാണല്ലോ ഏറ്റവും വലിയ തെറിയായി നമ്മുടെ ആളുകൾ പറയുന്നത്, നിന്റമ്മ. അമ്മ എന്ന് പറഞ്ഞ് തെറിവിളിക്കുന്നത് തന്നെ അങ്ങനെയാണല്ലോ. വെറുതേ ഒരാളെ തെറി വിളിക്കുന്നതു പോലും ഇത് പറഞ്ഞിട്ടാണല്ലോ. സ്വഭാവികമായും അപ്പോളവർക്ക് വിഷമമുണ്ടാകും. പക്ഷെ പെൺകുട്ടികൾ അമ്മമാരെ കുറച്ചുകൂടെ മനസ്സിലാക്കും. അത് പൊതുവെ അങ്ങനെ തന്നെയാണ്. അമ്മമാരുടെ വിഷമങ്ങൾ വലുതാവുമ്പോൾ അവർക്ക് കൂടുതലായി മനസ്സിലാവും. പൊതുവേ പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും അടുപ്പം എന്നൊക്കെ പറയാറുണ്ട്. പക്ഷെ വലുതാവുമ്പോൾ കൂടുതൽ ഐഡന്റിഫൈ ചെയ്യുന്നത് പെൺകുട്ടികളാണ്. പക്ഷെ ആൺകുട്ടികൾക്കും കുറച്ചു കഴിയുമ്പോൾ കാര്യങ്ങൾ മനസ്സിലാകും.

ബാംഗ്ലൂരിലെ പൊലീസ് അതിക്രമത്തിനെതിരെ നടന്ന ലൈംഗിക തൊഴിലാളികളുടെ പ്രതിഷേധം

ഇതിനകത്തൊരു ക്ലാസ് ഡിഫറൻസ് ഉണ്ടല്ലോ. അതായത് ഫിലിം ഇൻഡസ്ട്രി പോലുള്ള ഒരു സ്ഥലത്ത് നടക്കുന്ന സെക്‌സ്‌വർക്ക് എന്ന് പറയുന്നതും, ഏറ്റവും താഴെത്തട്ടിൽ റയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് വർക്കും തമ്മിലുള്ള ഒരന്തരമുണ്ടല്ലോ. വൻകിട ഹോട്ടലുകളിൽ ഒരു റെയ്ഡ് നടക്കില്ല. മറിച്ച് താഴെക്കിടയിലുള്ള ഒരു ഹോട്ടലിൽ നടക്കും. ഇതു തമ്മിലുള്ള അന്തരം, ഇവർ നേരിടുന്ന ആക്രമണം,.. എല്ലാ തൊഴിൽ മേഖലയിലും എന്നപോലെയുള്ള ഒരു ക്ലാസ് ഡിഫറൻസ് ഇതിനകത്തും കേരളത്തിലൊക്കെ നിലനിൽക്കുന്നില്ലേ?

തീർച്ചയായും അതെ. മറ്റുള്ള മേഖലയിലെന്ന പോലെ പാവപ്പെട്ടയാൾക്കാർക്കു മുകളിലാണല്ലോ എല്ലാവരും കുതിരകയറുക. അതങ്ങനെത്തന്നെയാണ്. അതേസമയം തന്നെ വേറൊരു കാര്യമുണ്ട്, എത്ര ഉയർന്ന നിലയിലുള്ള സ്ത്രീയാണെങ്കിലും അവരേയും ഈ ‘ചാരിത്ര്യവും' വെച്ചാണല്ലോ അളക്കുന്നത് എന്ന പ്രശ്‌നമുണ്ട്. പക്ഷെ അവർക്ക് പലയിടത്തും രഹസ്യമായി ഇതൊക്കെ ചെയ്യാനുള്ള അവസരങ്ങളുണ്ട് എന്നുള്ള വ്യത്യാസം മാത്രമേ ഉള്ളുവെന്നാണ് കരുതുന്നത്. വീണ്ടും കുലീനയായ കുലസ്ത്രീയും വ്യഭിചാരിണി ആയിട്ടുമുള്ള സ്ത്രീയും എന്നുള്ള ഒരു ലേബൽ കിട്ടിക്കഴിഞ്ഞാൽ അത് ആത്മഹത്യയിലൊക്കെ കലാശിക്കാറില്ലേ. എത്ര ഉന്നതനിലവാരത്തിൽ കഴിയുന്ന സ്ത്രീകൾ പോലും ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാൽ വേറൊരു തരത്തിൽ നോക്കുമ്പോൾ ഈ തെരുവിലുള്ള ആക്രമണം പോലെയുള്ള കാര്യങ്ങളൊന്നും അവർക്ക് നേരിടേണ്ടി വരുന്നില്ല. വളരെ സ്‌പെസിഫിക്കായിട്ടുള്ള പ്രശ്‌നങ്ങളാണ് ഓരോ മേഖലിയിലുമുള്ള സ്ത്രീകൾ അനുഭവിക്കുന്നത്. ബാറുകളിൽ ഡാൻസ് ചെയ്യുന്ന സ്ത്രീകൾക്ക് വേറെ പ്രശ്‌നങ്ങളായിരിക്കും. സെക്‌സ് വർക്കഴ്‌സ് തന്നെ ഇപ്പോൾ ഒരുപാട് കാറ്റഗറിയിൽ പെടുന്നവരുണ്ട്. ഭയങ്കര ഹയർക്ലാസിലെ സ്ത്രീകൾ തൊട്ട് അഞ്ചു പത്തു രൂപയ്ക്ക് തെരുവിൽ ജോലി ചെയ്യുന്നവരുമുണ്ട്. ഇതിനിടയിലും വ്യത്യസ്തമായ പല തലങ്ങളുമുണ്ട്. ട്രഡീഷനൽ ആയി തൊഴിൽ ചെയ്യുന്ന സ്ഥലങ്ങളിൽ, ഇത്തരം സ്റ്റിഗ്മ കേരളത്തെക്കാൾ കുറവാണ്.

ഇതിനെയൊരു തൊഴിൽ ആയി ഡിഫൈൻ ചെയ്യുമ്പോൾ, ശരീരമാണല്ലോ ടൂൾ. അതിനെ എങ്ങനെയാണ് പ്രിപയർ ചെയ്യണ്ടതെന്ന സംഭവമുണ്ട്. ശരീരത്തിന്റെ ആവശ്യം എന്ന രീതിയിൽ നമുക്കതിനെ സമീപിക്കാം, ചോദനകൾ/ ആഗ്രഹങ്ങൾ എന്ന രീതിയിൽ അതിനെ സമീപിക്കാം. അങ്ങനെയുള്ള ഒരു ആക്ടിനെ ഒരു തൊഴിലായി ഡിഫൈൻ ചെയ്യുന്ന സമയത്ത് അതിന് ശരീരം പ്രിപയേഡ് ആകുമോയെന്നതാണ്. വ്യക്തിപരമായി ആലോചിക്കുമ്പോൾ തോന്നുന്ന സംശയമാണ്. എങ്ങനെയാണ് പ്രണയത്തിന്റെ അംശമില്ലാതെ ലൈംഗികത സാധ്യമാകുക എന്നൊക്കെയുള്ള പേഴ്‌സണൽ തോന്നലുകളുണ്ടല്ലോ. അങ്ങനെയാണോ യഥാർത്ഥത്തിൽ?

ഒന്നാമത്തെ കാര്യം, ശരീരം മാത്രമായി നില്ക്കുന്നില്ല. ഏതു കാര്യത്തിലുമെന്ന പോലെയാണത്. ഏതു തൊഴിലിലും മനുഷ്യർക്ക് ശരീരവും മനസ്സും വൈകാരികതയും എല്ലാം ചേർന്നുതന്നെയാണുള്ളത്. വളരെ മെക്കാനിക്കലായ ചില ജോലികളിൽ അത് അത്ര വരില്ലായിരിക്കുമെങ്കിലും. എന്റെ തന്നെ അനുഭവത്തിൽ, ഞാൻ കൗൺസിലിങ്ങ് ചെയ്യുന്ന സമയത്ത്, നമ്മൾ കൗൺസിലിങ്ങ് ചെയ്യാനിരിക്കുമ്പോ നമ്മൾ അത്ര കംഫർട്ടബിളല്ല, നമുക്ക് ഉള്ളിൽ മറ്റു പല വൈകാരിക പ്രശ്‌നങ്ങളുമുണ്ടെങ്കിൽ നമുക്കത് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഏത് ജോലി ചെയ്യുമ്പോഴും അതുണ്ട്. അത് നമ്മൾ അങ്ങനെ കാണാത്തത് കൊണ്ടാണ്. ഒരു ഹ്യൂമൻ ഇന്റാക്ഷനുള്ള ഏത് ജോലിയും, നമ്മൾ പേപറിൽ മാത്രമോ, കമ്പ്യൂട്ടറിൽ മാത്രമോ വർക്ക് ചെയ്യുമ്പോ കുറച്ച് ഡിഫറന്റ് ആയിരിക്കും. നഴ്‌സിങ്ങ് ആയിക്കൊള്ളട്ടെ, ടീച്ചിങ്ങ് ആവട്ടെ,... ഒരു ടീച്ചർ വളരെ ഡിസ്റ്റേർബ്ഡ് ആയി വന്ന് കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുന്നത്?. ഇതിലെല്ലാം ഈ വശമുണ്ട്. നമ്മൾ വിചാരിക്കുന്നത് പോലെ സെക്‌സ് വർക്ക് എന്നു പറയുന്നത് ശരീരം കൊടുക്കുക മാത്രമല്ല. നളിനിജമീലയുടെ പുസ്തകത്തിൽ ഒക്കെ അത് പറയുന്നുണ്ട്. നമ്മൾ ചിലപ്പോൾ അവർക്ക് വളരെ വൈകാരികമായ കാര്യങ്ങൾ ഷെയർ ചെയ്യാൻ വരുന്ന ക്ലൈയന്റസുണ്ട്. ചില ക്ലൈയന്റ്‌സിന് പ്രത്യേകം ഒരു സ്ത്രീയോടുള്ള താല്പര്യമായിരിക്കും. അവർ കുറേ നാളത്തേക്ക് ആ ബന്ധം നിലനിർത്തുന്നുണ്ടാവും. പുരുഷൻമാർ ക്ലൈയന്റ്‌സ് ആണെങ്കിലും അവരെപ്പഴും സെക്ഷ്വൽ ആക്ടിന് വേണ്ടി ഇരിക്കുന്നവരൊന്നുമല്ല. അതൊരു റിലേഷൻഷിപ്പാണ്. അതിനകത്ത് സർവീസ് പലതരത്തിലാണുള്ളത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിലും എങ്ങനെയാണ്, സ്ത്രീകളുടെ ശരീരം എപ്പോഴും തയ്യാറായിരിക്കുമോ. എനിക്ക് തോന്നുന്നത് അത് കൂടുതൽ ബാധകമാകുന്നത് മാരിറ്റൽ സ്‌പേസിനകത്താണ് എന്നാണ്. ഇവർക്ക് കുറച്ചു കൂടെ സ്വാതന്ത്ര്യമുണ്ട്. വേണ്ടെന്ന് പറയാം. എപ്പോഴും ഇല്ലായിരിക്കാം, ബ്രോതൽസിലൊക്കെ അതിന്റെ ലിമിറ്റേഷൻസ് ഉണ്ടാവും. പക്ഷെ നമ്മൊളിരിക്കലും അത് ചിന്തിക്കുന്നില്ലെന്നതാണ്. തൊഴിലായതുകൊണ്ടുതന്നെ വേണ്ടെന്നും വെയ്ക്കാം. അല്ലാത്ത റിലേഷൻസിൽ സ്ത്രീകളെപ്പോഴും റെഡിയാണോ? തിരിച്ചും ഉണ്ടാവാം.

ലൈഫിന്റെ എക്‌സ്പീരിയൻസിൽ നിന്ന്, പ്രത്യേകിച്ച് ഇത്രയും ബുദ്ധിമുട്ടുള്ള മേഖയിൽ ജോലി ചെയ്യുമ്പോൾ, അവരൊരുപാട് സ്‌കില്ല് ഡെവലപ് ചെയ്യും. മനുഷ്യരെ മനസ്സിലാക്കുന്നതിലൊക്കെത്തന്നെ സ്‌കിൽ വേണം

ചില സമയത്ത് പുരുഷന്മാരുടെ അടുത്ത് ഡിമാന്റുകൾ ഉണ്ടാവാം. വളരെ വ്യത്യസ്തമാണ് ലൈംഗിക താല്പര്യം എന്നു പറയുന്നത്. പിന്നെ രസകരമായ മറ്റു പല കാര്യങ്ങളുമുണ്ട്. ഈ സ്ത്രീകൾ, അവരെന്താ നോക്കുന്നത്, അവർ പണമാണ് നോക്കുന്നത്, അല്ലേ? അവർ ജീവിക്കാൻ വേണ്ടി ചെയ്യുന്ന കാര്യമാണ്. അപ്പോൾ പലപ്പോഴും ചില സ്ത്രീകളെങ്കിലും സെക്‌സ് കൊടുക്കാതെ എങ്ങനെ പൈസ വാങ്ങിക്കാം എന്നാലോചിക്കുമല്ലോ, അല്ലേ. അങ്ങനെ ആലോചിക്കുമ്പോൾ അത് മോറലാണോ ഇമ്മോറലാണോ. നമ്മളീ മൊറാലിറ്റി പറയുമ്പോൾ എപ്പോഴും ഇത് സ്ത്രീയുടെ ശരീരത്തിൽ തൊട്ടാൽ ഇമ്മോറൽ എന്ന തരത്തിലാണ്. പക്ഷെ അവര് പൈസ മേടിച്ചിട്ട് അത് കൊടുക്കാതിരിക്കുമ്പോളോ. അങ്ങനെയും ഉണ്ട്. അവർ പലതരത്തിൽ സർവൈവ് ചെയ്യാൻ ശീലിച്ചുവന്നിട്ടുണ്ടാകും. അതിനുള്ള പ്രിപറേഷൻസ് പലതരത്തിൽ നടത്തിയിട്ടുണ്ടാകും. ലൈഫിന്റെ എക്‌സ്പീരിയൻസിൽ നിന്ന്, പ്രത്യേകിച്ച് ഇത്രയും ബുദ്ധിമുട്ടുള്ള മേഖയിൽ ജോലി ചെയ്യുമ്പോൾ, അവരൊരുപാട് സ്‌കില്ല് ഡെവലപ് ചെയ്യുകയും ചെയ്യും. മനുഷ്യരെ മനസ്സിലാക്കുന്നതിലൊക്കെത്തന്നെ സ്‌കിൽ വേണം. ആദ്യം വരുന്ന ആളുകൾക്കൊക്കെ ഭയങ്കര ഡിഫികൽട്ടായിരിക്കും. ആദ്യം വരുന്ന സ്ത്രീകൾ ഒരുപാട് ഗ്യാങ്ങ് റേപിനൊക്കെ വിധേയരാവുകയൊക്കെ ചെയ്‌തേക്കാം. അത് കഴിഞ്ഞവർ പഠിക്കും, എങ്ങനെയാണ് ആളുകളെ മനസ്സിലാക്കുന്നത്, ഏത് സ്ഥലത്ത് പോയാലാണ് കൂടുതൽ സേഫാകുന്നത് എന്നൊക്കെയുള്ളത്. മനുഷ്യർ അവരുടെ സ്‌കിൽ ഡെവലപ് ചെയ്യുമല്ലോ. അതിന്റേതായ സ്‌കിൽസ് അവരുണ്ടാക്കും.

സെക്‌സ് വർക്കഴ്‌സ് നേരിടുന്ന സെക്ഷ്വൽ അബ്യൂസ്, അതിനെ മനസ്സിലാക്കൽ കുറച്ച് കോംപ്ലക്‌സാണ്. പൊലീസ് സംവിധാനത്തിനാണെങ്കിലും, ചികിത്സ തേടി വരുന്ന ഒരവസരത്തിലാണെങ്കിലുമൊക്കെ ഇവരിതിന് വിധിക്കപ്പെട്ടവരാണെന്നോ, ഇവർക്കെതിരെ എന്ത് സെക്ഷ്വൽ അട്ട്രോസിറ്റി എന്നോ, അവർക്ക് എന്താണ് അബ്യൂസ് നേരിടാനുള്ളതെന്നോ ഉള്ള ഒരു സദാചാരത്തോന്നൽ. നിയമത്തിൽ പക്ഷെ ഇത് കൃത്യമായി പറയുന്നുണ്ട്, സെക്ഷ്വൽ അബ്യൂസ് നേരിടുന്ന സെക്‌സ് വർക്കേഴ്‌സിനെ ആ രീതിയിൽ തന്നെ പരിഗണിക്കണമെന്ന്. അത്തരത്തിലുള്ള അനുഭവങ്ങളുണ്ടോ.. അവർ മെഡിക്കൽ സെർവീസ് ആവശ്യപ്പെടുമ്പോൾ എങ്ങനെയാണ് നമ്മുടെ ഒരു റിയാക്ഷൻ?

ഇതും ഒരുപാട് കാലമായി ഇവരാവശ്യപ്പെടുന്ന ഒരു കാര്യമാണ്. റേപ്പിന്റെ നിയമത്തിൽ തന്നെ അങ്ങനെ ആയിരുന്നല്ലോ. ഏത് സ്ത്രീകളുടെ കാര്യത്തിലാണെങ്കിലും ടൂ ഫിംഗർ ടെസ്റ്റ് ഒക്കെ ഉണ്ടായിരുന്നു. ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്ന പ്രയോഗം തന്നെയുണ്ട്. വേശ്യകൾക്ക് എന്താണ് ചാരിത്ര്യം എന്ന തരത്തിലാണ്. ചാരിത്ര്യമല്ലല്ലോ പ്രധാനം. നമ്മളെ സംബന്ധിച്ച്, ആ ഒരു വാക്കു തന്നെ ഡിക്ഷനറിയിൽ നിന്നെടുത്ത് കളയേണ്ടതാണ്. ശരീരത്തിന്റെ മുകളിലുള്ള അക്രമണം, അല്ലെങ്കിൽ കടന്നു കയറ്റം എന്ന രീതിയിലാണല്ലോ കാണേണ്ടത്. എല്ലാ മനുഷ്യരും ഒരു പോലല്ലേ. ഏത് മനുഷ്യന്റെ ശരീരത്തിലും അക്രമം നടത്തുക എന്നത് അത് മാനസികമാണെങ്കിലും,... ഒരു വ്യത്യാസവുമില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ തന്നെയല്ലേ അത്. നമ്മുടെ നിയമങ്ങളെല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നത് അങ്ങേയറ്റം പാട്രിയാർക്കലായിട്ടുള്ള പഴയ സങ്കൽപങ്ങൾ, മനുസ്മൃതി തൊട്ടുള്ള അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിവെച്ചിരിക്കുന്നു. സ്വാഭാവികമായും നിയമങ്ങളിൽ മാറ്റം വന്നാലും അത് പ്രയോഗത്തിൽ വരുത്താനുള്ള വൈമുഖ്യം നിലനിൽക്കുന്നുണ്ട്.. സ്ത്രീധനം ഒക്കെ ഇപ്പോഴും നടക്കുന്ന ഒരു സ്ഥലത്ത് ഇതിൽ എന്ത് വ്യത്യാസമാണുണ്ടാകുക. പ്രയോഗികമായി നടപ്പാക്കാനൊക്കെ ഇനിയും ബുദ്ധിമുട്ടുണ്ടാകും. ഉള്ളിൽ എങ്ങനെയാണിരിക്കുന്നത്. ഇവർക്ക് എന്താണ് പ്രശ്‌നം എന്നുള്ളതല്ലേ.

മീറ്റൂ പരാതികളൊക്കെ ഉയർന്നു വരുമ്പോഴും ഇതു തന്നെയല്ലേ ചോദിക്കുന്നത്. ഇവർ നേരത്തെ ഇതിന് സമ്മതിച്ചതാണ്. പിന്നെന്താ ഇപ്പോൾ പ്രശ്‌നം. എന്നു പറഞ്ഞാൽ ഒരിക്കൽ സമ്മതിച്ചാൽ പിന്നെ എപ്പഴും അങ്ങനെതന്നെയാണോ. അവർക്കിഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുത്ത് സെക്‌സ് വർക് ചെയ്യുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയല്ലാത്ത സെക്ഷ്വൽ ഇന്ററാക്ഷൻ നടത്തുന്നുണ്ടെങ്കിൽ പിന്നെയെല്ലാവർക്കും അതാകാം എന്നാണോ. ആ രീതിയിലാണ് കാണുന്നത് നമ്മുടെ സമൂഹം. പലരും ചോദിക്കും, അവന്റെ കൂടെ പറ്റും, പിന്നെ എന്തു കൊണ്ടാണ് നമ്മുടെ കൂടെ പറ്റാത്തത്. അവിടെ അടിസ്ഥാനപരമായിട്ടുള്ള കാര്യം, നമ്മുടെ അവകാശങ്ങളെക്കുറിച്ച് തുല്യതയെക്കുറിച്ചുള്ള ബോധ്യം തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സംഘടനകൾ ഇതാവശ്യപ്പെട്ടിട്ടുള്ളതും. അതിനെക്കുറിച്ചൊക്കെ അവെയർനസ് ഉള്ള ജഡ്ജിമാർ വരുമ്പോഴാണ് ഇങ്ങനെയുള്ള വിധികളുണ്ടാവുന്നത്. മെഡിക്കൽ സ്ഥാപനങ്ങളിലും ഇതു പോലെതന്നെയാണ്. ലൈംഗിക തൊഴിലാളികൾ മാത്രമല്ല, ഏത് റേപ് കേസ് വന്നാലും. ഇപ്പോഴൊക്കെ മാറ്റമുണ്ട്. പണ്ടാണെങ്കിൽ റേപ് കേസൊക്കെ വരുമ്പോൾ മെഡിക്കൽ മേഖലയിലുള്ളവരുടെ സമീപനം പരിതാപകരമായിരുന്നു. റെക്കോർഡ്‌സൊന്നും പ്രോപർ ആയി ഡോക്യുമെൻറ്​ ചെയ്യില്ല, പിന്നെ പെരുമാറ്റം. എന്തിനേറെ, പ്രസവത്തിനും അബോർഷനുമൊക്കെ പോകുമ്പോഴും അങ്ങനെയുള്ള പെരുമാറ്റങ്ങളുണ്ടാവാറുണ്ട്. ഞാനൊക്കെ ഫെമിനിസ്റ്റ് മൂവ്‌മെന്റിൽ വരാനുള്ള ഒരു പ്രേരണ അതാണ്. കേരളത്തിൽ മെഡിക്കൽ സ്റ്റോറുകളിലൊക്കെ പോയി ഇവർ മരുന്നു വാങ്ങുന്നുണ്ടാവും. അല്ലാതെ പ്രോപറായ ഹെൽത്ത് സിസ്റ്റത്തെ അപ്രോച്ച് ചെയ്യാനിവർ മടിക്കും. അതെന്താണ് കാരണമെന്ന് ചോദിക്കുമ്പോൾ അവർ പറയും, ഞങ്ങളെ ഇങ്ങനെ മോശമായി കാണുന്നു, ഞങ്ങളവിടെ പോകില്ല. ഇപ്പോൾ മാറ്റങ്ങൾ വന്നിരിക്കാം. നമ്മൾ നേരിട്ടിട്ടുള്ള പ്രധാന പ്രയാസം അതായിരുന്നു. ആശുപത്രികളിൽ ഇവരെ കൊണ്ടുവന്ന് പ്രോപർ ആയ ചികിത്സ എങ്ങനെയാണ് കൊടുക്കുക എന്നത്. ക്ലിനിക്കുകളൊക്കെ നമ്മൾ തന്നെ നടത്താറുണ്ടായിരുന്നു. രാത്രിയാണെങ്കിൽ പോലും നമ്മൾ ക്ലിനിക്കുകൾ നടത്തും. രാത്രിയിൽ അവരുള്ള സ്ഥലത്ത് പോയിട്ട് ക്ലിനിക്കുകൾ നടത്താറുണ്ടായിരുന്നു.

ആദ്യകാലത്തൊക്കെ ഹോമോസെക്ഷ്വൽ ആളുകളാണ് എച്ച്‌.ഐ.വി. പരത്തുന്നത്, അല്ലെങ്കിൽ സെക്‌സ് വർക്കേഴ്‌സ് ആണ് എച്ച്‌.ഐ.വി. പരത്തുന്നത് എന്ന ധാരണയായിരുന്നു. ആ ധാരണയൊക്കെ മാറ്റാനായി ഒരുപാട് പരിശീലനങ്ങളൊക്കെ നടത്തിയിട്ടുണ്ട്.

മെഡിക്കലിനു വേണ്ടി ഹോസ്പിറ്റലിൽ പോയ അനുഭവത്തെക്കുറിച്ച് സർവൈവറായ ഒരു പെൺകുട്ടി ഈയടുത്ത കാലത്ത് സംസാരിച്ചിരുന്നു. ഡോക്ടേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം. കോടതി വിധികൊണ്ട് അത്തരത്തിലുള്ള മാറ്റങ്ങളൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ടോ. സെക്‌സ് വർക്കേഴ്‌സിന്റെ കാര്യം മാത്രമല്ല ചോദിക്കുന്നത്..

അബോർഷന് പോകുന്ന സ്ത്രീകളോട് ചോദിച്ചു നോക്കൂ അവരുടെ അനുഭവം എന്താണെന്ന്. ഒരു കോടതി വിധികൊണ്ടു മാത്രം മാറില്ല. പക്ഷെ അത് ഇൻഫിൽട്രേറ്റ് ചെയ്ത് വരുന്നുണ്ടാകും. ഈ അവയർനസ് പ്രോഗ്രാം ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ട്രെയ്‌നിങ്ങുകളിൽ ഇൻക്ലൂഡ് ചെയ്യണം. എച്ച്‌.ഐ.വി. വന്നപ്പോൾ വലിയൊരു മാറ്റമുണ്ടായി. ഈ പ്രൊഫഷനിലുള്ള കുറച്ചു പേരെങ്കിലും മാറി. എച്ച്. ഐ. വി. ട്രെയ്‌നിങ്ങിന് നമ്മൾ പ്രധാനമായും പറയുന്ന കാര്യം നോൺ ജഡ്ജ്‌മെന്റൽ ആകണം എന്നാണ്. എച്ച്‌.ഐ.വി. വന്നൊരാളെ മോശമായി കാണാൻ പാടില്ല. ആദ്യകാലത്തൊക്കെ ഹോമോസെക്ഷ്വൽ ആളുകളാണ് എച്ച്‌.ഐ.വി. പരത്തുന്നത്, അല്ലെങ്കിൽ സെക്‌സ് വർക്കേഴ്‌സ് ആണ് എച്ച്‌.ഐ.വി. പരത്തുന്നത് എന്ന ധാരണയായിരുന്നു. ആ ധാരണയൊക്കെ മാറ്റാനായി ഒരുപാട് പരിശീലനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അങ്ങനെ കുറേ മാറ്റം, കുറച്ചുപേർക്ക് കുറേ മാറ്റമുണ്ടായിട്ടുണ്ട്. അതിങ്ങനെ പലതലത്തിൽ വരണമെന്നാണെനിക്ക്. അബോർഷന്റെ കാര്യത്തിലൊക്കെ ഒരുപാട് അവയർനെസ്സ് ഇനിയും നടക്കാനുണ്ട്.

ഇപ്പോവും പേടിയാണാളുകൾക്ക്, എവിടെ പോണം. ഒരു അേബാർഷൻ ചെയ്യണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണം, എവിടെ പോകണം, ആരുടെ അടുത്ത് പോണം എന്ന ഭയങ്കര ഭയത്തിലാണ് പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ നിൽക്കുന്നത്.

പേടിയല്ല. എവിടെയും സ്ഥലമില്ല എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. വളരെ അടിയന്തരമായി കേരളത്തിൽ മാറ്റേണ്ട ഒരു കാര്യമാണത്. ഇതെല്ലാം തമ്മിൽ റിലേറ്റഡാണ്. ഇതെല്ലാം മൊറാലിറ്റിയും സെക്ഷ്വാലിറ്റിയും ആയി ബന്ധപ്പെട്ടു വരുന്ന കാര്യങ്ങളാണ്. എനിക്ക് എപ്പോഴും ഒരു പ്രതീക്ഷ പുതിയ തലമുറ മാറുന്നു എന്നതിലാണ്.

എച്ച്‌.ഐ.വി. ക്യാമ്പയ്‌നിങ്ങിലൂടെയാണ് ഡോക്ടറൊക്കെ ഈ മേഖലയിലേക്ക് പ്രത്യക്ഷത്തിൽ വരുന്നത്? ആ ഒരു ക്യാമ്പയ്ൻ ആഗോളതലത്തിൽ വിജയിച്ച ഒരു ക്യാമ്പയ്ൻ ആണന്ന് പറയാൻ പറ്റും. ഇപ്പോ എച്ച്‌.ഐ.വി. കേസുകൾ കുറയുകയും, പുതിയ മരുന്നുകൾ കണ്ടെത്തുകയും ചെയ്യുന്നു. ആ ഒരു ക്യാമ്പയ്ൻ കൊണ്ടുണ്ടായ സാമൂഹിക മാറ്റം എന്താണ്?

ഞാൻ ശരിക്കും എച്ച്‌.ഐ.വി. കൊണ്ടു മാത്രമല്ല, നമ്മുടെ ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇതിലേക്കെത്തുന്നത്. ഈ പറഞ്ഞതിൽ ചില പ്രധാന കാര്യങ്ങളുണ്ട്. എച്ച്. ഐ. വി. മെഡിക്കൽ പ്രൊഫഷനെ റെവല്യൂഷനൈസ് ചെയ്തു എന്നൊക്കെ നമ്മൾ പറയാറുണ്ട്. അതിലൊരുപാട് കാര്യങ്ങളുണ്ട്. ഹ്യൂമൻ റൈറ്റ്‌സുമായുള്ള ബന്ധമാണൊന്ന്. മനുഷ്യാവകാശങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെയൊക്കെ കാണാൻ തുടങ്ങി. പ്രത്യേകിച്ച് പബ്ലിക് ഹെൽത്ത് എത്തിക്‌സിൽ. ആദ്യകാലത്ത് ബ്രിട്ടിഷുകാരൊക്കെ ഇവിടെ വരുന്ന സമയത്ത്, പ്രോസ്റ്റിസ്​റ്റ്യൂട്ട് വേണം അന്നവർക്ക്, പ്രത്യേകിച്ച് ആർമികളുള്ള സ്ഥലത്തൊക്കെ അങ്ങനെയാണ്. പക്ഷെ അവർ ക്ലീൻ ആയിരിക്കണം. അവരു വഴി രോഗങ്ങൾ പകാൻ പാടില്ല. പക്ഷെ ഈ മനുഷ്യരെ മനുഷ്യരായി കാണില്ല. അവരുടെ മനുഷ്യാവകാശങ്ങളൊന്നും പരിഗണിക്കുന്നില്ല എന്നതാണ്. അതൊക്കെ മാറി, മൊത്തത്തിൽ തന്നെ ലോകത്ത് ഹ്യൂമൻ റൈറ്റ്‌സിനെക്കുറിച്ചുള്ള ഡിസ്‌കോഴ്‌സുകൾ നടന്നതു കൊണ്ടായിരിക്കുമത്.

പാരൻറ്​ ആകുന്നതിന് എന്തു പരിശീലനമാണ് ലഭിക്കുന്നത്. കല്ല്യാണം കഴിപ്പിച്ചു വിടുന്നു, സെക്‌സിൽ യാതൊരു പരിശീലനവും ലഭിക്കാതെത്തന്നെ. അതിനൊക്കെ ലൈംഗിക തൊഴിലാളികളെ റിസോഴ്‌സ് പേഴ്‌സണ് ആയി വിളിക്കാവുന്നതാണ്.

തുടക്കത്തിൽ മനുഷ്യവിരുദ്ധമായ കാര്യങ്ങളുണ്ടായിരുന്നു പക്ഷെ, പിന്നീടത് മാറി. റൈറ്റ്‌സ് ബേസ്ഡ് ആയി തന്നെയാണ് ആഗോളതലത്തിൽ തന്നെ അങ്ങനെയുള്ള ക്യാമ്പയ്‌നുകൾ വന്നത്. പിന്നെ പാർടിസിപേറ്ററി അപ്രോച്ച് വന്നു. സെക്‌സ് വർക്കേഴ്‌സിനേയും എൽ.ജി.ബി.ടി.ക്യു.ഐ. വിഭാഗത്തിൽ പെടുന്ന ആൾക്കാരെയുമൊക്കെ പങ്കെടുപ്പിച്ചു കൊണ്ടുള്ള, അല്ലെങ്കിൽ അവരുടെ നേതൃത്വത്തിലുള്ള പരിപാടികൾ. ഇപ്പഴും അവരുടെ സംഘടനകളൊക്കെത്തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നത്. മാത്രമല്ല എച്ച്‌.ഐ.വി. വന്നിട്ടുള്ള ആൾക്കാരുടെ തന്നെ സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ, അതിൽ ഹൈലി എഡ്യുകേറ്റട് ആയിട്ടുള്ള ആൾകാരൊക്കെ ഉണ്ടാവും. അല്ലാത്തവരും ഉണ്ടാവും, അവരിത് കൂടുതൽ പഠിക്കുന്നുണ്ട്. എച്ച്‌.ഐ.വി. ഒരുപാട് കാലം ജീവിക്കാൻ പറ്റുന്ന ഒരസുഖമാണല്ലോ. അതിന്റെ ഒരു അഡ്വാന്റേജ് ഉണ്ട്. കുറേകാലം കൊണ്ട് അവർക്കും ഇതിനെക്കുറിച്ച് നല്ലപോലെ പഠിക്കാൻ പറ്റുന്നു, മരുന്നു കണ്ടുപിടിച്ചു. നമ്മൾ പലപ്പോഴും പേഷ്യന്റ്‌സ് ഗ്രൂപ്പ് എന്നൊക്കെ പറയാറുണ്ടെങ്കിലും, പ്രാക്ടികൽ ആയിട്ടൊരു ഗ്രൂപ് ഡെവലപ് ചെയ്തത് എച്ച്‌.ഐ.വി. പോസിറ്റീവ് ആയിട്ടുള്ള ആൾക്കാരാണ്. അതുമായി ബന്ധപ്പെട്ട് ഹൈറിസ്‌കിൽ വരുന്ന എല്ലാവർക്കും തന്നെ കുറച്ചെങ്കിലും സ്‌പേസുണ്ടായി. അതുകൊണ്ട് മാത്രം എന്ന് നമുക്ക് പറയാൻ പറ്റില്ല. പക്ഷെ അതിൽ ഒരുപാട് പോസിറ്റീവ് ആയ ഇതു പോലുള്ള കാര്യങ്ങളുണ്ടായി. പ്രത്യേകിച്ച് എത്തിക്‌സും ഹ്യൂമൻ റൈറ്റ്‌സുമായി ബന്ധപ്പെട്ട അവബോധം മെഡിക്കൽ ഫീൽഡിൽ കൊണ്ടുവന്നു.

ഇന്റർസെക്ഷനലായിട്ടുള്ള അപ്രോച്ചാണ് വേറൊന്ന്. അതിൽ ഡോക്ടർമാർ മാത്രം പോരായെന്നുള്ള കാഴ്ചപ്പാട് വന്നു. മരുന്നില്ലാത്ത സമയത്ത്, പ്രിവൻഷൻ ആണല്ലോ പ്രധാനം. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് ഇതിൽ വലിയ റോളൊന്നുമില്ല എന്നതായിരുന്നു ആദ്യത്തെ അനുഭവം, സോഷ്യോളജിസ്റ്റുകൾ, ലോയേഴ്‌സ്, ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റുകൾ ഇതുപോലെയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പുകൾ, അങ്ങനെ എല്ലാവരുടെയും കൂടെ ഒരുമിച്ചുള്ള ഒരു എഫേർട്ട്. അങ്ങനെയൊക്കെയുള്ള കൺസെപ്ച്വലായിട്ടുള്ള ചിലമാറ്റങ്ങൾ മെഡിക്കൽ ഫീൽഡിൽ കൊണ്ടുവരാൻ എച്ച്.ഐ.വിക്ക് കഴിഞ്ഞു.

ഇതൊരു തൊഴിലായി നമ്മൾ കാണുന്ന സമയത്ത്, മൈത്രേയൻ കഴിഞ്ഞ ദിവസം ഒരു ഇന്റവ്യൂവിനകത്ത് പറഞ്ഞിരുന്നു, അതിന്റെ ഒരു പരിശീലനം എന്നുള്ള രീതിയിൽ, അതിന്റെ അക്കാദമി രൂപീകരിക്കുന്ന കാര്യം. അതായത് ഒരു തൊഴിലാകുമ്പോൾ തൊഴിൽ പരിശീലനം ഉറപ്പായും അപ്പുറത്ത് നൽകേണ്ടി വരും. തൊഴിലവകാശങ്ങൾ കൃത്യമായി ഡിഫൈൻ ചെയ്യണ്ടി വരും. അത്തരത്തിലുള്ള കോംപ്ലിക്കേഷൻസ് ഇതികത്ത് വരില്ലേ. പ്രത്യേകിച്ച് സെക്‌സ് വർക്ക് ആ രീതിയിൽ നിയമപരമായി തന്നെ നമ്മൾ അംഗീകരിക്കുന്ന സമയത്ത് എങ്ങനെയാണ് അതിനകത്തുള്ള പരിശീലനം? എങ്ങനെയാണതിനെ അക്കാദമിക്കലായി സമീപിക്കുക. അങ്ങനെ ആലോചിക്കുമ്പോൾ എന്താണ് തോന്നുന്നത്?

ഇപ്പോൾ തന്നെ ഒരുപാട് തൊഴിലുകളിൽ ഈ പ്രശ്‌നമുണ്ട്. പക്ഷെ അതൊന്നും നമ്മൾ എടുത്ത് കാണുന്നില്ല എന്നതാണ്. ഹോം നേഴ്‌സസ്, ഒരു ട്രെയ്‌നിങ്ങും ഇല്ലാതെയാണ് ഹോം നേഴ്‌സസിനെ പ്രൊവൈഡ് ചെയ്‌തോണ്ടിരിക്കുന്നത്. ഡൊമസ്റ്റിക് വർക്ക്. എല്ലാം പോട്ടെ, പാരൻറ്​ ആകുന്നതിന് എന്തു പരിശീലനമാണ് ലഭിക്കുന്നത്. കല്ല്യാണം കഴിപ്പിച്ചു വിടുന്നു, സെക്‌സിൽ യാതൊരു പരിശീലനവും ലഭിക്കാതെത്തന്നെ. അതിനൊക്കെ ലൈംഗിക തൊഴിലാളികളെ റിസോഴ്‌സ് പേഴ്‌സണ് ആയി വിളിക്കാവുന്നതാണ്. ചില സ്ഥലങ്ങളിലതുണ്ട്. പുരുഷന്മാർ വിവാഹത്തിന് മുമ്പ് സെക്ഷ്വൽ പരിശീലനത്തിന് വേണ്ടി സെക്‌സ് വർക്കേസിന്റടുത്ത് പോകാറുണ്ട്.

നാരീസക്ഷവുമായി ചേർന്ന് ICRW നടത്തിയ Participatory Learning and Action Study-യിൽ തങ്ങളുടെ ശരീരത്തിലെ ആനന്ദത്തിന്റേയും, വേദനയുടേയും, അധികാരത്തിന്റേയും സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന ലെെംഗിക തൊഴിലാളികൾ / Photo: ICRW Project Report

ഇവിടെയൊക്കെ പ്രീമാരിറ്റൽ കോഴ്‌സ് പള്ളിയിലച്ചന്മാരാണ് നടത്തുന്നത്

അതെ. ഒരു എക്‌സ്പീരിയൻസും ഇല്ലാത്ത ആൾക്കാരാണ് നടത്തുന്നത്. അത് വളരെ കഷ്ടമാണ്. ഇതിൽ മാത്രമുള്ള ഒരു കാര്യമല്ലിത്. അൺ ഓർഗനൈസ്ഡ് സെക്ടറിലുള്ള പല തൊഴിലിലും ഇതുതന്നെയാണ് സ്ഥിതി. പിന്നീട് നമ്മൾ പരിശീലിപ്പിക്കാൻ ആലോചിക്കുന്നു. ഇപ്പോൾ തന്നെ ഹോം നേഴ്‌സുമാരെ ട്രെയ്ൻ ചെയ്യാൻ ആലോചിക്കുന്നു, തെങ്ങു കയറ്റത്തിന് സ്ത്രീകളെ പരിശീലിപ്പിക്കുന്നു, അങ്ങനെ പണ്ട് നമ്മൾ ട്രഡീഷനലായിട്ട് വലിയ പരിശീലനമൊന്നും ഇല്ലാതിരുന്ന കാര്യങ്ങളിൽ നമ്മൾ ഇപ്പോൾ പരിശീലനം കൊണ്ടുവരുന്നുണ്ട്. പേരന്റിങ്ങിന് വേണം, സെക്ഷ്വൽ എഡ്യുകേഷൻ വേണം, അതുപോലെ കുക്കിങ്ങ്. കുക്കിങ്ങിന് കോഴ്‌സുകളുണ്ട്. പക്ഷെ അതു പഠിച്ചിട്ടല്ലല്ലോ എല്ലാവരും കുക്ക് ചെയ്യുന്നത്. കല്ല്യാണത്തിന് മുൻപെ പെൺകുട്ടികൾക്ക് അമ്മമാർ നല്കുന്ന കോഴ്‌സാണ് ഇപ്പോഴുള്ളത്. എല്ലാം വരുന്ന കൂട്ടത്തിൽ ഇതും വരുന്നു. അതൊരു വലിയ വിഷയമായി എനിക്ക് തോന്നുന്നില്ല. ഡോക്ടർ ജാന ഉള്ള സമയത്ത്, അവർ സീരിയസ് ആയിട്ട് ആലോചിച്ചിരുന്നു, ഒരു യൂണിവേഴ്‌സിറ്റി തുടങ്ങുന്നതിനെക്കുറിച്ച്. അവിടെ അത്രയും സെക്‌സ് വർക്കേഴ്‌സുണ്ട്. അത്രയും ഡൈവേഴ്‌സ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നു. അവർ സ്‌കൂളുകൾ നടത്തുന്നു. ദുർബാർ മഹിളാ സമന്വയ് കമ്മിറ്റി എന്ന് പറയുന്ന അവരുടെ സംഘടനയുടെ പ്രവർത്തനങ്ങൾ ഒരുപാടുണ്ട്. അന്ന് തന്നെ കോടിക്കണക്കിന് ടേണോവറുള്ള പലതരം ബിസിനസ്സുകളാണവർ ചെയ്യുന്നത്. സാരിയുണ്ടാക്കുന്നു, പെയ്ന്റിങ്ങ് ചെയ്യുന്നു, ആർക്കിടെക്ചർ, ഇങ്ങനെ ഡൈവേഴ്‌സ് ആയിട്ടുള്ള പണികളവർ ചെയ്യുന്നുണ്ട്. ആൾടർനേറ്റ് എംപ്ലോയ്‌മെന്റിനുള്ള കാര്യങ്ങളൊക്ക അവർ ഡെവലപ് ചെയ്യും. കാരണം, ഇതിൽ നിന്ന് റിട്ടയർ ചെയ്യുന്നവർക്ക് വർക്ക് ചെയ്യാനായി, അല്ലെങ്കിൽ ഇതിൽ താല്പര്യമില്ലാത്ത ആളുകൾക്ക് മാറാനായി, ട്രാഫിക്കിങ്ങ് വിക്ടിംസ് ആയിട്ടുള്ള ചിലർക്ക് ഇത് തുടരണമെന്നുണ്ടാകും, ചിലർക്ക് മാറണമെന്നുണ്ടാകും. അങ്ങനെ മാറുന്നവർക്കുള്ള തൊഴിൽസ്ഥാപനങ്ങൾ ഇവർ നടത്തുന്നുണ്ട്. ഇവരുടെ കലാവിഭാഗമുണ്ട്. അവർക്ക് നൃത്തവും, പാട്ടുമൊക്കെ ഡെവലപ് ചെയ്യുന്ന സെക്ഷനുണ്ട്. സ്‌കൂളുകൾ നടത്തുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. അതുകൊണ്ട് തീർച്ചയായും ഒരു യൂണിവേഴ്‌സിറ്റി ഇതിനായി തുടങ്ങിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. ഇത് പുതിയൊരു കാര്യമല്ല. അതൊരു പ്രോസസ് ആണ്. അതിൽ വരേണ്ട കാര്യമമാണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ ഫീൽഡിലും അത് വരണമെന്നാണ്.

അന്തസ്സോടു കൂടി സ്ത്രീകൾ ജീവിക്കണം എന്ന് നമ്മൾ താല്പര്യപ്പെടുന്നതാണ് ഫെമിനിസം. നമുക്കുതന്നെ മനുഷ്യരായിട്ട് ജീവിക്കണം, അന്തസ്സോടെ ജീവിക്കണം എന്ന് നമ്മൾ വിചാരിക്കുന്നുണ്ടെങ്കിൽ, അതിന് വേണ്ടി സംസാരിക്കുന്നതാണ് ഫെമിനിസം. അതില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല.

ഒരു ഫെമിനിസ്റ്റ് ആയിരിക്കുക എന്നത് എത്രത്തോളം പ്രധാനമാണ്, എല്ലാ മനുഷ്യരിലും. ഡോക്ടറുടെ കാര്യം തന്നെ നോക്കുന്ന സമയത്ത്, ഡോക്ടർ ഇടപെട്ടിട്ടുള്ള മേഖലകളിൽ മുഴുവൻ ഇത്രയ്ക്ക്, സ്ഥൈര്യത്തോടും കൃത്യമായ വിഷനോടു കൂടിയും നില്ക്കാൻ പറ്റുന്നതിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഫെമിനിസം ആണ്. എല്ലാ മനുഷ്യരും ഫെമിനിസ്റ്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

നമ്മൾ വരുന്നത് നമ്മുടെ സർവൈവലുമായി ബന്ധപ്പെട്ടാണ്. നമുക്ക് ജീവിക്കണമെങ്കിൽ, അന്തസ്സോടെ ജീവിക്കണമെങ്കിൽ ഫെമിനിസ്റ്റായേ പറ്റൂ. കല്ല്യാണം കഴിക്കുന്നതു വരെ ഒ.കെ, അന്തസ്സോടെ ജീവിക്കുമായിരിക്കാം, എനിക്ക് തോന്നുന്നു.

ഈയിടെ ഞാനെവിടെയോ വായിച്ചു, അമ്മയും അച്ഛനും പെൺകുട്ടികൾ കിടന്നുറങ്ങുന്ന മുറിയിൽ, അവളെ പോയി നോക്കി, പുതപ്പൊക്കെയിട്ട് കരുതലോടുകൂടി, അങ്ങനെ ലാളിച്ച് വളർത്തുന്നതാണല്ലോ, പ്രത്യേകിച്ച് കേരളത്തിലൊക്കെ. പക്ഷെ കല്ല്യാണം കഴിഞ്ഞ് ഒരു ദിവസത്തോടു കൂടി എല്ലാം തീർന്നു. നിങ്ങൾ പോയി എല്ലാ സർവീസും, നേരത്തെ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യുക എന്നതാണ്, നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും. ചെയ്യാത്തവരുണ്ടായിരിക്കാം, പക്ഷെ അത് രക്ഷപ്പെടലാണ്, അതൊരു അവകാശമൊന്നുമല്ല. ചെയ്‌തോണം എന്നുള്ളതാണ് നമ്മുടെ norm. അങ്ങനെ ചെയ്തു കൊടുക്കാൻ പറ്റുമോ നമുക്ക്? എനിക്കതിന് പറ്റില്ല. അപ്പോൾ നമ്മൾ അതിനുള്ള വർത്തമാനം പറയേണ്ടിവരും. അതിന് സംസാരിക്കുന്നതാണ് ഫെമിനിസം. എന്തുകൊണ്ട് നമ്മൾ ഇതൊന്നും ചെയ്യുന്നില്ല എന്നു പറയുന്നതാണ് ഫെമിനിസം. അന്തസ്സോടു കൂടി സ്ത്രീകൾ ജീവിക്കണം എന്ന് നമ്മൾ താല്പര്യപ്പെടുന്നതാണ്. നമുക്കുതന്നെ മനുഷ്യരായിട്ട് ജീവിക്കണം, അന്തസ്സോടെ ജീവിക്കണം എന്ന് നമ്മൾ വിചാരിക്കുന്നുണ്ടെങ്കിൽ, അതിന് വേണ്ടി സംസാരിക്കുന്നതാണ് ഫെമിനിസം. അതില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല.

നിലനില്ക്കുന്ന സിസ്റ്റങ്ങൾ മുഴുവൻ, കൃത്യമായി പറഞ്ഞാൽ, ഭരണകൂടങ്ങൾ, പൊലീസ് സംവിധാനം, മെഡിക്കൽ രംഗം, അധ്യാപക സമൂഹം, ഇവർക്കെല്ലാം നഷ്ടപ്പെടുന്നത് ഈയൊരു ഫെമിനിസ്റ്റ് അവബോധമാണ് എന്ന് തോന്നാറുണ്ട്.

അവർക്ക് വേറെ പലതും നഷ്ടപ്പെടും, അവബോധമുണ്ടായാൽ. പ്രിവിലേജ് കിട്ടിക്കൊണ്ടിരിക്കുന്ന ആൾക്കാർ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രിവിലേജ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ലല്ലോ. നമ്മൾ ജോലിക്ക് നിർത്തുന്ന ആൾക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കേണ്ടന്നായിരിക്കും നമ്മൾ വിചാരിക്കുന്നത്. നമ്മൾ അവരെ എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്നുണ്ടല്ലോ. അവർ വന്ന് കുറേ ജോലിയൊക്കെ നമുക്ക് ചെയ്തു തരുന്നു, നമുക്ക് നല്ല പ്രിവിലേജുണ്ട്, അവർക്ക് ശമ്പളം കൂട്ടിക്കൊടുക്കണം, മിനിമം വേജ് ഇത്ര കൊടുക്കണം എന്നു പറയുമ്പോൾ നമുക്കുള്ളിലൊരു വിഷമം ആണ്. അങ്ങനെ വരാൻ പാടില്ല. നമുക്കുമുള്ള പ്രിവിലേജുകൾ നഷ്ടപ്പെടുമ്പോഴുള്ള വിഷമം നമുക്കറിയാമല്ലോ. അതുപോലെയായിരിക്കും പുരുഷന്മാരും, അവർക്കുള്ള പ്രിവിലേജ് നഷ്ടപ്പെടാതിരിക്കാനവർ നോക്കും. അവർക്ക് ഫെമിനിസ്റ്റ് ആകാതിരിക്കുന്നതാണ് ലാഭം. എന്തുകൊണ്ട് കുറച്ചു പേരെങ്കിലും ആകുന്നു എന്നാലോചിക്കുമ്പോൾ എനിക്കു തോന്നുന്നത്, ലോകം മാറുന്നതിനനുസരിച്ച് നമ്മളും മാറുന്നതാണ് ബുദ്ധി. ബുദ്ധികൂടുതലുള്ളവർ മാറുമെന്ന് എനിക്ക് തോന്നുന്നു. അത്രയും ബുദ്ധിയില്ലാത്തവർ നമുക്ക് നഷ്ടം വരുമല്ലോയെന്ന് മാത്രം ചിന്തിക്കും. അതൊരു knee-jerk response പോലെയാണ്. കുറച്ച് ചിന്തിച്ച് കഴിഞ്ഞാൽ ഓ.കെ., ലോകം മാറുന്നതിനനുസരിച്ച് നമ്മളും മാറണമെന്ന ബുദ്ധിയുണ്ടാകും.

സെക്‌സ് വർക്കേഴ്‌സിന്റെ കാര്യം ഞാനൊരുപാട് കാലമായി പറയുന്ന വിഷയമാണ്. അതിൽ ഫെമിനിസ്റ്റുകളിൽ നിന്നുതന്നെ ഒരുപാട് എതിർപ്പുകളുണ്ടായിട്ടുണ്ട്, ഒരു വിഭാഗം ഫെമിനിസ്റ്റുകളിൽ നിന്ന്. ഒരു വിഭാഗം ഫെമിനിസ്റ്റുകൾ സപ്പോർട്ടിങ്ങുമാണ്. എതിർക്കുന്ന ഫെമിനിസ്റ്റുകളെല്ലാം, അല്ലെങ്കിൽ അല്ലാത്തവരും, എല്ലാവരും പറയുന്നത്, ഇത് സെക്‌സിന്റെ വിഷയമാണ് എന്നാണ്. സെക്‌സിന്റെയും സെക്ഷ്വൽ മൊറാലിറ്റിയുടേയും വിഷയമാണ്. പക്ഷെ ഞാൻ പറയുന്നത് അതിന്റെ ബാധ്യത സെക്‌സ് വർക്കേഴ്‌സിന്റെ മുകളിൽ വെക്കുന്നത് ക്രൂരതയാണെന്നാണ്. അത് സിസ്റ്റമിക് ആയിട്ടുള്ള ഒരു പ്രശ്‌നമാണല്ലോ. നമ്മളുടെ സമൂഹത്തിന്റെ പൊതുവായിട്ടുള്ള ഒരു പ്രശ്‌നമാണല്ലോ, ഈ സെക്ഷ്വൽ ആയിട്ടുള്ള എല്ലാ വിഷയങ്ങളും, അതിന്റെ മൊറാലിറ്റി ആവട്ടെ, സ്റ്റിഗ്മ ആവട്ടെ, എക്‌സ്‌പ്ലോയിറ്റേഷൻ ആവട്ടെ, ജെൻഡർ ഇഷ്യു ആവട്ടെ, എല്ലാം ഈ സമൂഹത്തിന്റെ പ്രശ്‌നമാണ്. പക്ഷെ, ഇവരുടെ കാര്യം വരുമ്പോൾ അവരുടെ കൺസേൺ അവരുടെ ജീവിതമാർഗമാണ്. അതിൽ നിന്ന് വഴിതെറ്റിപോവുകയാണ് ഡിസ്‌കഷൻ. അത് വീണ്ടും അവരോട് കാണിക്കുന്ന ക്രൂരതയാണ്. സെക്‌സ് എൻജോയ് ചെയ്യാൻ വേണ്ടി വരുന്നവരൊന്നുമല്ല ഭൂരിപക്ഷം പേരും. അവർ ഉപജീവനത്തിനായി വരുന്നവരാണ്. ഭൂരിപക്ഷമെന്നേ ഞാൻ പറയുള്ളൂ, എല്ലാവരുമെന്ന് പറയില്ല. ചിലർ പറയും, ഒരു സ്ത്രീയും സ്വന്ത്രമായി തീരുമാനിച്ചിട്ടിതിലേക്ക് പോകില്ലെന്ന്. ഇതിനോടും എനിക്ക് യോജിപ്പില്ല. സ്വന്തമായിട്ട് തീരുമാനിച്ച് പോകുന്ന ഒരുപാട് പേരെ എനിക്ക് പേഴ്‌സണലായിട്ട് തന്നെ അറിയാം. നമ്മുടെ നാട്ടിലുമുണ്ട്. മറ്റു രാജ്യങ്ങളിലാണെങ്കിൽ, എന്റെ ഒരു സെക്‌സ് വർക്കർ സുഹൃത്തുണ്ട്. അവർ പറയുന്നത്, ഒരു രാജ്യത്ത് പോയാൽ അവിടത്തെ പുരുഷന്മാരെ അറിയുക എന്ന താല്പര്യം തന്നെയുണ്ടെന്നതാണ്. പിഎച്ച്ഡി ഒക്കെ എടുത്തിട്ടുള്ള, കോളേജിലൊക്കെ പഠിപ്പിക്കാൻ യോഗ്യയുള്ള ആളാണ്, അത് ചെയ്യുന്നയാളുമാണ്. പക്ഷെ, അവര് പണ്ട് സെക്‌സ് വർക്ക് ചെയ്തിരുന്നു. പുതിയൊരു സ്ഥലത്ത് പോകുമ്പോൾ പ്ലഷറിന് വേണ്ടി തന്നെ, അല്ലെങ്കിൽ അവിടെയുള്ള ആളുകളെ അറിയാൻ വേണ്ടി.. അതുകൊണ്ട് ഒരു സ്ത്രീയും ഇത് ചെയ്യില്ല എന്ന് പറയുന്നതിൽ കാര്യമില്ല. നമ്മുടെ നാട്ടിലും, പല സ്ത്രീകളും ഒരു റിവഞ്ച് എന്നുള്ള രീതിയിൽ ചെയ്തിട്ടുള്ള പലരേയും എനിക്കറിയാം. സ്വന്തം ഫാമിലി മെമ്പേഴ്‌സ് അബ്യൂസ് ചെയ്തിട്ടുള്ള ആൾക്കാർ, ഭർത്താക്കന്മാർ തന്നെ സെക്‌സ് വർക്കിന് ഫോഴ്‌സ് ചെയ്തവർ. എല്ലാം നമുക്ക് ജനറലൈസ് ചെയ്യാൻ പറ്റില്ല. അത് കൊണ്ട് അങ്ങനെയുള്ളവരാണിവർ എന്നൊന്നും പറയാൻ പറ്റില്ല. വളരെ വ്യത്യസ്തമായ കാരണങ്ങളാണ് ആളുകൾക്കുള്ളത്. കൂടുതൽ പേരും ഉപജീവനമാർഗം എന്നുള്ള രീതിയിലാണ് നമ്മുടെ നാട്ടിലൊക്കെ ഇതിൽ വരുന്നത്. അങ്ങനെ വരുന്നവരുടെ മേലേക്ക് സമൂഹത്തിന്റെ സെക്‌സിന്റെ ബാധ്യത മുഴുവനും വെക്കുക, അതാണ് ചെയ്തു വരുന്നത്. അതുകൊണ്ടാണ് അവർക്ക് വിരുദ്ധമായ നിയമങ്ങളും ഉണ്ടായിരിക്കുന്നത്. അതു കൊണ്ടാണ് ഇത് കുറ്റവിമുക്തമാക്കണം, ആ ബാധ്യത അവരുടെ തലയിൽ വെച്ചു കൊടുക്കരുത്. അത് പൊതുസമൂഹം ഏറ്റെടുക്കണ്ട കാര്യമാണ് എന്നു പറയുന്നത്.

സ്ത്രീകൾക്ക് വ്യത്യസ്ത പ്രശ്‌നങ്ങളാണുള്ളത്. ഉദാഹരണത്തിന് ഡബ്ല്യു.സി.സി.യുടെ കാര്യമെടുക്കാം. അത് സിനിമ മേഖലയിൽ നിന്ന് തന്നെ വരണം. ദലിത് സ്ത്രീകളുടെ പോരാട്ടം, അത് അവിടെ നിന്ന് തന്നെ വരണം.

90-കളിൽ ഡോക്ടറുടെ ഒക്കെ നേതൃത്വത്തിൽ ഉണ്ടായിട്ടുള്ള മൂവ്‌മെന്റുകളുണ്ടല്ലോ. ഒരുപാട് ഫെമിനിസ്റ്റുകൾ തെരുവിലിറങ്ങിത്തന്നെ സമരങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ നടത്തിയിട്ടുള്ള ഒരു കാലമുണ്ടായിരുന്നു. പക്ഷെ ആ കാലത്ത് നിന്ന് ഇന്ന് നമ്മളെത്തി നോക്കുന്ന സമയത്ത് അത്തരത്തിലുള്ള മൂവ്‌മെന്റസോ, സമരങ്ങളോ, പ്രക്ഷോഭങ്ങളോ... ഒരുപക്ഷെ സോഷ്യൽ മീഡിയ ഒക്കെ വന്നതിന് ശേഷം അതിനകത്തെ എഴുത്തു മാത്രമായി സമരമാർഗങ്ങൾ മാറുകയോ, ഒക്കെ ചെയ്യുന്നുണ്ട്. ആ ഒരു മുന്നേറ്റത്തിന്റെ ഭാഗമായൊരാളെന്ന രീതിയിൽ ഇപ്പോഴത്തെ കാലത്തിനെ ആ ഒരു പേഴ്സ്‌പെക്ടീവിൽ എങ്ങനെയാണ് കാണുന്നത്?

അങ്ങനെ തന്നെ ഇപ്പോഴും തുടരണം എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. അതിന് അതിന്റേതായ ചില ത്രില്ലും, ഇംപാക്ടും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതാ കാലത്തിന്റെ പ്രത്യേകത കൂടിയായിരുന്നു. ആദ്യ കാലത്ത് ഞങ്ങൾ ഫെമിനിസ്റ്റ് മൂവ്‌മെന്റ് നടത്തുന്ന സമയത്ത്, നമ്മൾ തന്നെ പോസ്റ്റർ ഒട്ടിക്കലൊക്കെ ചെയ്തിരുന്നു. മതിലിന് മുകളിലൊക്കെ കയറി പോസ്റ്റർ ഒട്ടിക്കുമ്പോൾ നമുക്കും ഒരു ത്രില്ലുണ്ട്, അത് സമൂഹത്തിൽ മൊത്തത്തിൽ ഉണ്ടാക്കുന്ന ഒരു ഇംപാക്ട് ഉണ്ട്. ഇപ്പോളത് ഒരു പുതുമയൊന്നുമല്ല. ആദ്യം നമ്മൾ മാനുഷി, പ്രചോദന, ബോധന എന്നിങ്ങനെയുള്ള ഓട്ടണോമസ് ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ തുടങ്ങുന്ന സമയത്ത്, ആദ്യത്തെ ഒരു കൊല്ലം തന്നെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്‌തെന്നാണ് നമുക്ക് തോന്നുന്നത്. പക്ഷെ ഇപ്പഴത്തെ കാലത്ത് നമുക്ക് വേറെ രീതിയിലും ആക്ടിവിസം സാധ്യമാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയ്‌ക്കൊക്കെ ഒരുപാട് ഇംപാക്ട് ഉണ്ടാക്കാൻ പറ്റും. നാളെ നമുക്കൊരു പരിപാടി നടത്തണമെങ്കിൽ ഇന്ന് രാത്രി പ്ലാൻ ചെയ്യാൻ കഴിയും. മാത്രമല്ല, ഇപ്പോൾ ഡൈവേഴ്‌സ് ആയ ലൊക്കേഷനുകളിൽ നിന്ന് ഇതുണ്ടാവുന്നുണ്ട്. പലരും ചോദിക്കും ഫെമിനിസ്റ്റ് മൂവ്‌മെന്റ് ഇപ്പോളെന്താ ഇല്ലാത്തതെന്ന്. അങ്ങനെ ഒരൊറ്റ മൂവ്‌മെന്റായി നിൽക്കേണ്ട ആവശ്യമില്ല. അത് ശരിയുമല്ല. സ്ത്രീകൾക്ക് വ്യത്യസ്ത പ്രശ്‌നങ്ങളാണുള്ളത്. ഉദാഹരണത്തിന് ഡബ്ല്യു.സി.സി.യുടെ കാര്യമെടുക്കാം. അത് സിനിമ മേഖലയിൽ നിന്ന് തന്നെ വരണം. ദലിത് സ്ത്രീകളുടെ പോരാട്ടം, അത് അവിടെ നിന്ന് തന്നെ വരണം. അതേസമയം എല്ലാവരും തമ്മിൽ എവിടെയോ ഒരു സോളിഡാരിറ്റി ഉണ്ടാവുകയും ചെയ്യും. അതൊക്കെ ആയിക്കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. കേരത്തിൽ പ്രത്യേകിച്ച്, മൂവ്‌മെന്റ് ഇല്ലെന്ന് ഞാൻ വിചാരിക്കുന്നില്ല. ഡൈവേഴ്‌സിഫൈഡ് ആയിട്ട് ഉണ്ടെന്നാണ് വിചാരിക്കുന്നത്. സെക്ഷ്വാലിറ്റിയുടെ മേഖലയിലൊക്കെ പുതിയ കുട്ടികളിലാണ് പ്രതീക്ഷ. അവർ തുടങ്ങുന്നതു തന്നെ നമുക്ക് ചിന്തിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ നിന്നാണ്. ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുന്നത് അവരിൽ നിന്നാണ്.

ഈ പറയുന്ന മൊറാലിറ്റിയൊന്നും അവരെ ബാധിക്കുന്നില്ല?

ഒരു വിഭാഗമാണത്. അല്ലാത്തവരുമുണ്ട്. വളരെ കണ്‌സർവേറ്റീവ് ആയിട്ടുള്ള ആളുകളുമുണ്ട്. ആ ഒരു പോളറൈസേഷനുണ്ട്. പക്ഷെ, ഒരുപാട് പേരും വളരെ അഡ്വാൻസ്ഡ് ആയി, കാര്യങ്ങൾ തുടങ്ങുന്നത് തന്നെ ആ ഒരു സ്ഥലത്ത് നിന്നാണ്. അവരോട് കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments