ഡൽഹിയിൽ നിന്ന് ടി.വി ഷാമിലിന്റെ റിപ്പോർട്ട്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തലസ്ഥാന നഗരമായ ഡൽഹിയിൽ നിന്ന് നൂറു കണക്കിന് കിലോമീറ്റർ ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് കുട്ടികളേയും കൂട്ടി നടന്ന് പോകാനിറങ്ങിയ മനുഷ്യരെ നമ്മൾ കണ്ടതാണ്. പോകാനാവാതെ തെരുവുകളിൽ ശേഷിച്ച ആയിരങ്ങൾ ഡൽഹിയിൽ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടപ്പുണ്ട്.
രാപ്പകൽ അധ്വാനത്തിന് 20 രൂപ ദിവസക്കൂലിയുള്ള ബിഹാറിൽ നിന്നും, മനുഷ്യരെക്കാൾ പശുവിന് പ്രിവില്ലേജുള്ള ഉത്തർ പ്രദേശിൽ നിന്നും ഉപജീവനത്തിനായി നാടുപേക്ഷിച്ചു വന്നവരാണ് അതിൽ ഭൂരിപക്ഷവും . പട്ടിണി മാത്രം പകരം തന്ന കൃഷിയിടങ്ങൾ ഉപേക്ഷിച്ചു വന്ന കർഷകർ. ദിവസക്കൂലിക്കാർ
രാജ്യം അടച്ചിടുമ്പോൾ തെരുവിലെ ഈ മനുഷ്യർക്ക് എന്ത് സംഭവിക്കും എന്നത് ഒരിക്കൽ പോലും ഭരണകൂടത്തിന്റെ പരിഗണനാ വിഷയമായില്ല. ഇവരുടെ വിശപ്പ് ഒരിക്കലും ഭരണ നേതൃത്വത്തിലുള്ളവരെ അസ്വസ്ഥരാക്കിയില്ല. കയ്യകലത്തിൽ ഇത്രനാൾ ഉണ്ടായിട്ടും കാണാതിരുന്നവരോടാണ് ഭരണകൂടം ഒരു മീറ്റർ അകലം പാലിക്കണമെന്നും സാമൂഹിക ഐക്യം വേണമെന്നും പറയുന്നത്. ഇന്നേവരെ കൂടെനിന്നിട്ടില്ലാത്ത ഭരണകൂടങ്ങൾക്ക് ഒപ്പം തന്നെയാണ് കൊടും പട്ടിണിക്ക് മുന്നിലും അവർ പ്രതീക്ഷയോടെ നിൽക്കുന്നത്.
സൈക്കിൾ റിക്ഷ ഓടിക്കുന്നവരും പച്ചക്കറി വിൽക്കുന്നവരും തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇവർക്കു കിട്ടുന്ന പൈസ കൊണ്ട് ആഹാരം കഴിക്കാമെന്ന് കരുതി വീടുകളിൽ കാത്തിരിക്കുന്നവർ വേറെയുമുണ്ട്.
നിങ്ങൾ എവിടെയാണോ അവിടെത്തന്നെ നിൽക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് വിളക്കു കത്തിച്ചും മണിയടിച്ചും അഭിനന്ദനം അറിയിക്കണമെന്നും എന്റർടെയിൻമെന്റിനായി രാമായണം സീരിയൽ കാണാമെന്നും പറയുന്ന ഭരിക്കുന്നവരോട് തലസ്ഥാന നഗരിയിലെ തെരുവിൽ നിന്ന് ദാരിദ്ര്യം കൊണ്ട് വളഞ്ഞ ശരീരവും പേറി തൊഴിലാളികൾ ഞങ്ങൾക്ക് വിശക്കുന്നു എന്ന് പറയുന്നുണ്ട്. വിശപ്പിനേക്കാൾ വലിയ വേദനയില്ലെന്നും.