ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളേയും കോവിഡ് ഗൗരവമായി ബാധിച്ചു. എന്നാൽ, ഒരോ വിഭാഗം ആളുകളിലും പ്രത്യാഘാതം വ്യത്യസ്തമായിരുന്നു. സ്ത്രീകളിലും, കുടിയേറ്റക്കാരിലും, ഭിന്നശേഷിക്കാരിലും കോവിഡ് സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് ഒരു വിശകലനം
വരും ദശാബ്ദങ്ങളിൽ ഘടനാപരമായ ഒരു വ്യതിയാനത്തിന് ആഗോള ജനസംഖ്യ തയ്യാറെടുത്തിട്ടുണ്ടോ? ജനസംഖ്യാ ശാസ്ത്രജ്ഞർക്കും സാമൂഹ്യ നയവിദഗ്ധർക്കുമിടയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കാം ഒരുപക്ഷെ ഇത്; കോവിഡിന്റെയും ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ തങ്ങളുടെ ജനസംഖ്യ/ കുടുംബാസൂത്രണ നയം പുനഃപരിശോധിക്കാൻ ആരംഭിച്ചതിന്റേയും പശ്ചാത്തലത്തിൽ പ്രത്യേകിച്ച്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെങ്കിലും (ഒന്നര വർഷം കൊണ്ട് 40 ലക്ഷത്തിലേറെ മരണം), ആരോഗ്യപരിപാലന രംഗത്തെ വർധിത ഇടപെടൽ കൊണ്ടും ഊർജിത വാക്‌സിൻ വിതരണം വഴിയും മരണനിരക്ക് കുറക്കാൻ സാധിക്കും. എന്നിരുന്നാലും, പല രാജ്യങ്ങളിലായി കോവിഡിന്റെ പുതിയ വകഭേദങ്ങൾ രോഗവ്യാപനത്തിന് കാരണമാകുന്നെന്ന റിപ്പോർട്ടുകൾ വാക്‌സിന്റെ പരിമിതികളെ കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആശങ്ക സൃഷ്ടിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യ ചൈനയുടേതാണെങ്കിലും (141 കോടി), കഴിഞ്ഞ ദശാബ്ദത്തിലെ രാജ്യത്തെ ശരാശരി വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് 0.53 ശതമാനം മാത്രമാണ്.
മഹാമാരിയുടെ സാമൂഹികവും ആരോഗ്യപരവുമായ സുരക്ഷാ ചെലവുകൾ ഡെമോഗ്രാഫിക് വേരിയബിളുകളെ സംബന്ധിച്ച പുനഃപരിശോധനയ്ക്ക് രാജ്യങ്ങളെ നിർബന്ധിക്കുമ്പോഴും, ചൈനയുടെ ജനസംഖ്യാ നയം കിഴക്കേഷ്യൻ രാജ്യങ്ങളിലെ പുതിയതരം പ്രവണതകളെ സൂചിപ്പിക്കുന്നു. 55 രാജ്യങ്ങളിൽ 2050-ഓടെ ജനസംഖ്യയിൽ കുറവുണ്ടാകുമെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് അടുത്ത മൂന്നു പതിറ്റാണ്ടുകളിൽ ചൈനയുടെ ജനസംഖ്യയിൽ 31.4 ദശലക്ഷത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. ഇത്തരം സൂചനകൾ തങ്ങളുടെ കുടുംബാസൂത്രണ നയത്തിൽ ഔദ്യോഗികമായി തന്നെ മാറ്റം വരുത്താൻ ചൈനയെ പ്രേരിപ്പിച്ചു. നിലവിൽ ചെെനയിൽ ഒരാൾക്ക് മൂന്നു കുട്ടികൾ വരെയാവാം.
പ്രായമാകുന്ന ജനസംഖ്യ ഉൾപ്പടെ, രാജ്യത്തെ ജനസംഖ്യയുടെ ഘടനാപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനാണ് ഈ നയവ്യതിയാനത്തിലൂടെ ചൈന ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യ ചൈനയുടേതാണെങ്കിലും (141 കോടി), കഴിഞ്ഞ ദശാബ്ദത്തിലെ രാജ്യത്തെ ശരാശരി വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് 0.53 ശതമാനം മാത്രമാണ്. ഒന്നിലധികം കുട്ടികളുള്ളവർക്ക് സബ്‌സിഡി വാഗ്ദാനം ചെയ്യുന്നതുൾപ്പടെ, ജനനത്തെ പ്രോത്സാഹിപ്പിക്കുന്ന ജനസംഖ്യാ നയം വേണമെന്നാണ് വിദഗ്ധരുടെ .
കുഞ്ഞ് വേണോ വേണ്ടയോ?
2020-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം, ‘സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും അവകാശവും സംരക്ഷിക്കുക’ എന്നതായിരുന്നുവെങ്കിൽ ഈ വർഷം അത് മഹാമാരിയുമായി ബന്ധപ്പെട്ടായിരുന്നു: ‘‘അവകാശങ്ങളും തിരഞ്ഞെടുക്കലുകളുമാണ് കുഞ്ഞ് വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം: എല്ലാ ആളുകളുടെയും പ്രത്യുത്പാദന ആരോഗ്യത്തിനും അവകാശങ്ങൾക്കും മുൻഗണന നൽകുന്നതാണ് പ്രത്യുത്പാദന നിരക്കിൽ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം.’’
കോവിഡ് കാലത്ത് 12 ദശലക്ഷം സ്ത്രീകൾക്ക് കുടുംബാസൂത്രണ സേവനങ്ങളുടെ ലഭ്യതക്കുറവുണ്ടായെന്ന് യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട് പറയുന്നു
ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കു പുറമെ, ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്ന എന്ന ഉദ്ദേശ്യത്തോടെ 1989-ലാണ് യുണൈറ്റഡ് നാഷൻസ് ഡെവലപ്‌മെൻറ് പ്രോഗ്രാം ജൂലൈ 11ന് ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങിയത്. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങൾ, തദ്ദേശീയ ജനവിഭാഗങ്ങളും, അഭയാർത്ഥികളും, ഭിന്നശേഷിക്കാരും, വയോധികരും നേരിടുന്ന പ്രതിസന്ധികൾ, എന്നിവയാണ് ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ.
1971- 87 കാലഘട്ടത്തിൽ ലോക ബാങ്കിൽ ജനസംഖ്യാശാസ്ത്രജ്ഞനായും, തിരുവനന്തപുരം സി.ഡി.എസിൽ ഹോണററി പ്രഫസറായും പ്രവർത്തിച്ച മലയാളി സ്‌കോളർ കെ.സി. സക്കറിയ ആണ് 1987ൽ ജനസംഖ്യാ ദിനം എന്ന ആശയം മുന്നോട്ടു വെച്ചത്. അന്ന് ലോക ജനസംഖ്യ 500 കോടി ആയിരുന്നു. ആഗോള ജനസംഖ്യ 100 കോടിയിലെത്താൻ ആയിരക്കണക്കിന് വർഷങ്ങളെടുത്തപ്പോൾ, പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ കൊണ്ടത് ഏഴിരട്ടിയിലധികമായി. പത്തു വർഷങ്ങൾക്കു മുൻപ് അത് 700 കോടിയും (2011), നിലവിൽ 790 കോടിയുമാണ്. 2030 ഓടെ ജനസംഖ്യ 850 കോടിയും, 2050-ഓടെ ഏകദേശം 1000 കോടിയും ആയി വർധിക്കുമെന്നാണ് സൂചന.
മാറുന്ന പ്രത്യുൽപാദന ശേഷി, ആയുർദൈർഘ്യം, പ്രത്യുൽപാദന പ്രായത്തിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിൽ വന്ന വർധനവ്, നഗരവത്കരണം, വർധിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര- അന്താരാഷ്ട്ര പലായനങ്ങൾ എന്നിവയാണ് നാടകീയമായ ജനസംഖ്യാ വർധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് യു.എൻ. പോപ്പുലേഷൻ ഏജൻസികൾ പറയുന്നു. ആഗോള തലത്തിൽ പ്രത്യുൽപാദന നിരക്ക് ഒരാൾക്ക് 2.5 കുട്ടികൾ എന്ന നിലയിലേക്ക് കുറയുകയും, 1990കളിൽ 64.6 വർഷമായിരുന്ന ശരാശരി ആയുർദൈർഘ്യം 2019ൽ 72.6 വർഷമായി വർധിക്കുകയും ചെയ്തു. ഗ്രാമ- നഗര അടിസ്ഥാനത്തിലും ജനസംഖ്യയിൽ നാടകീയ മാറ്റങ്ങളുണ്ടായി. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ കൂടുതൽ ആളുകൾ താമസിക്കുന്ന പ്രവണത കണ്ടത് 2007 മുതലാണ്. 2050-ഓടെ ലോക ജനസംഖ്യയുടെ 66 ശതമാനവും നഗരങ്ങളിൽ താമസിക്കുന്നവരായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ പരിപാലനം, താമസം, വെള്ളം, ഭക്ഷണം, ഊർജ്ജം, തൊഴിൽ, വരുമാനം, ദാരിദ്ര്യം, സാമൂഹിക സുരക്ഷ മുതലായ കാര്യങ്ങളെ ഇത്തരം പ്രവണതകൾ വലിയ രീതിയിൽ സ്വാധീനിക്കും.
പ്രത്യുൽപാദന നിരക്കിനെ കോവിഡ് എത്തരത്തിൽ ബാധിച്ചു എന്നതിനെ കുറിച്ച് പൂർണമായ ചിത്രം ലഭ്യമല്ലെങ്കിലും, പുതിയ പ്രവണതകൾ ബേബി ബൂമിനെ, അതായത്, ജനസംഖ്യയിലുണ്ടാവുന്ന അഭൂതപൂർവ വർധനവിനെ കുറിച്ചും ‘ബേബി ബസ്റ്റി’നെ കുറിച്ചും ആശങ്ക നിരത്തുന്നുണ്ട്.
സ്ത്രീകൾക്ക് പ്രജനന തെരഞ്ഞെടുപ്പ് അസാധ്യമാകുന്നു
ലോകത്താകമാനമുള്ള ജനങ്ങളെ മഹാമാരി ദുരിതത്തിലാഴ്ത്തുന്ന നിർണായക വേളയിലാണ് 2021 ലെ ലോക ജനസംഖ്യാ ദിനം ആചരിച്ചത്. വാക്‌സിൻ ദൗർലഭ്യം കാരണം പല രാജ്യങ്ങളും ഇന്നും "കോവിഡിനെതിരെയുള്ള യുദ്ധ’ത്തിലാണ്. ലൈംഗിക, പ്രജനനാരോഗ്യത്തേയും കോവിഡ് ബാധിച്ചെന്ന് യു.എൻ. ഏജൻസികൾ പറയുന്നു. കോവിഡ് കാലത്ത് 12 ദശലക്ഷം സ്ത്രീകൾക്ക് കുടുംബാസൂത്രണ സേവനങ്ങളുടെ ലഭ്യതക്കുറവുണ്ടായെന്ന് യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട് ചെയ്യുന്നു. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ലിംഗപരമായ അസമത്വങ്ങളും, ആക്രമണങ്ങളും വർധിച്ചെന്നും യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട് പറയുന്നു.
അവരുടെ റിപ്പോർട്ട് പ്രകാരം, വലിയൊരു ശതമാനം സ്ത്രീകളും തൊഴിൽ മേഖലയിൽ നിന്ന് മാറി നിന്നു, പൊതുവിൽ വലിയൊരു വിഭാഗം സ്ത്രീകളും ചെയ്തിരുന്ന കുറഞ്ഞ വരുമാനമുള്ള ജോലികൾ ഇല്ലാതാവുകയോ, കുട്ടികളുടെ പഠനത്തിന്റെ മേൽനോട്ടവും പ്രായമായവരുടെ ശുശ്രൂഷയുടെ ഉത്തരവാദിത്തവും സ്ത്രീകൾ ഏറ്റെടുക്കേണ്ടതോ ആയി വന്നു. ദീർഘ കാലയളവിലേക്ക് അവരുടെ സാമ്പത്തിക സ്ഥിരത തകർക്കാൻ പോന്നതാണിത്. പ്രത്യുൽപാദന നിരക്കിനെ കോവിഡ് എത്തരത്തിൽ ബാധിച്ചു എന്നതിനെ കുറിച്ച് പൂർണമായ ചിത്രം ലഭ്യമല്ലെങ്കിലും, ‘പുതിയ പ്രവണതകൾ ബേബി ബൂമിനെ, അതായത്, ജനസംഖ്യയിലുണ്ടാവുന്ന അഭൂതപൂർവ വർധനവിനെ കുറിച്ചും ‘ബേബി ബസ്റ്റി’നെ കുറിച്ചും ആശങ്ക നിരത്തുന്നുണ്ട്.'
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സംവിധാനങ്ങൾ തടസപ്പെടുന്നതും, ആരോഗ്യ പരിപാലന സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സ്ത്രീകളുടെ തീരുമാനത്തെ നിരുത്സാഹപ്പെടുത്തുന്ന ലിംഗപരമായ വിവേചനങ്ങളും കാരണം സ്ത്രീകൾക്ക് അവരുടെ ലൈംഗിക, പ്രജനന അവകാശങ്ങളും തെരഞ്ഞെടുപ്പുകളും പ്രാവർത്തികമാക്കാൻ കഴിയാതെ പോകുന്നു.
മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടമായത്. കോവിഡ് വ്യാപന നിയന്ത്രണ നടപടികൾ സ്ത്രീകളുടെ അസന്തുലിതമായ തൊഴിൽ നഷ്ടത്തിനും, അവരുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കുന്നതിനും കാരണമായി. ഫുഡ് സർവീസ്, റീ ടെയിൽ മേഖല, വിനോദം തുടങ്ങി സ്ത്രീകൾക്ക് ഏറ്റവും പ്രാതിനിധ്യമുണ്ടായിരുന്ന മേഖലകളെയാണ് കോവിഡ് സാരമായി ബാധിച്ചത്. ഉദാഹരണത്തിന്, തൊഴിലാളികളായ 40 ശതമാനം സ്ത്രീകളും- അതായത് 510 ദശലക്ഷം പേർ- ജോലി ചെയ്തിരുന്നത് കോവിഡ് രൂക്ഷമായി ബാധിച്ച തൊഴിൽ മേഖലകളിലാണ്. പുരുഷ തൊഴിലാളികളിൽ 36.6 ശതമാനം ആളുകൾ മാത്രമാണ് ഇത്തരം മേഖലകളിൽ തൊഴിലെടുത്തിരുന്നത്. 58 ശതമാനത്തോളം സ്ത്രീ തൊഴിലാളികളും അനൗപചാരിക തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ്. മഹാമാരിയുടെ ആദ്യ മാസങ്ങളിൽ തന്നെ, ലഭ്യമായ കണക്കനുസരിച്ച്, ആഗോള തലത്തിൽ അനൗപചാരിക തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിരുന്നവരുടെ വരുമാനത്തിൽ 60 ശതമാനത്തോളം കുറവുണ്ടായി.
കേരളത്തിൽ തിരിച്ചെത്തിയത് 12 ലക്ഷം ഗൾഫ് പ്രവാസികൾ
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു വിഭാഗമാണ് കുടിയേറ്റ തൊഴിലാളികളുടേത്. തുച്ഛവരുമാനക്കാരായ കുടിയേറ്റക്കാരുടെ സാഹചര്യം പരിതാപകരമാണ്. തങ്ങളുടെ സേവനം നിർണായകമായ ആരോഗ്യ രംഗം പോലുള്ള മേഖലകളിലാണ് വലിയൊരു വിഭാഗം കുടിയേറ്റ തൊഴിലാളികളും ജോലി ചെയ്യുന്നത്. ലഭ്യമായ ഡാറ്റയനുസരിച്ച്, 2021 ന്റെ ആദ്യ പാദത്തിൽ, ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത 20 രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് ആകെയുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരിലെ 31 ശതമാനം പേരും. 2019ൽ ആഗോള തലത്തിൽ, വിദേശങ്ങളിൽനിന്ന് അതാതുരാജ്യങ്ങളിലേക്ക് അയച്ചുകിട്ടിയ തുകയുടെ 37 ശതമാനം ഇക്കൂട്ടർ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയച്ച പണമാണ്.
12 ലക്ഷത്തോളം ഗൾഫ് പ്രവാസികളാണ് മഹാമാരിക്കിടയിൽ കേരളത്തിൽ മാത്രം തിരിച്ചെത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും ജോലി നഷ്ടപ്പെടുകയും തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലെ അതിർത്തി നിയന്ത്രണങ്ങൾ കുടിയേറ്റക്കാരുടെ സഞ്ചാരത്തേയും, മനുഷ്യാവകാശ സംഘടനകളുടെ പ്രവർത്തനത്തേയും ബാധിച്ചു. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം, മഹാമാരിയുടെ ആരംഭം മുതലുള്ള ആദ്യത്തെ ഒരു വർഷത്തിനിടക്ക് 105,000 യാത്രാ നിയന്ത്രണങ്ങളാണ് ആഗോള തലത്തിൽ ഏർപ്പെടുത്തിയത്. 2020ന്റെ ആദ്യ പകുതിയിൽ തന്നെ OECD രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷനിൽ 46 ശതമാനം കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
ജി.സി.സി. രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. 12 ലക്ഷത്തോളം ഗൾഫ് പ്രവാസികളാണ് മഹാമാരിക്കിടയിൽ കേരളത്തിൽ മാത്രം തിരിച്ചെത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും ജോലി നഷ്ടപ്പെടുകയും തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമാണ്. ഉദാഹരണത്തിന്, 200 ദശക്ഷം കുടിയേറ്റ തൊഴിലാളികളെ കോവിഡ് ദോഷകരമായി ബാധിച്ചു (ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 60 കോടിയോളം വരും, ഇവരിൽ 14 കോടി ആളുകളെ ‘highly vulnerable' വിഭാഗമായി കണക്കാക്കപ്പെടുന്നു). അതിർത്തി അടച്ചിടൽ, റീ സെറ്റിൽമെൻറ് താൽക്കാലികമായി നിർത്തിവെച്ചത് എന്നിങ്ങനെയുള്ള യാത്രാ നിയന്ത്രണങ്ങളും ഡീ പോർട്ടേഷനും നിരവധി ആളുകളെ ഒറ്റപ്പെടുത്തുകയോ, ആളുകൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക അഭയകേന്ദ്രങ്ങളിലോ എത്തിച്ചു. ഈ അരക്ഷിതാവസ്ഥകൾക്കിടയിലും, കോവിഡ് ലക്ഷണങ്ങൾ കാണിച്ച നിരവധി കുടിയേറ്റക്കാർക്ക് ആരോഗ്യ സേവനങ്ങൾ നിഷേധിക്കപ്പെടുകയുമുണ്ടായി.
അഭയാർത്ഥികളും കുടിയേറ്റക്കാരും സാധാരണ, ആരോഗ്യ സേവനങ്ങൾ, താമസം, വെള്ളം, ശുചിത്വം തുടങ്ങി അടിസ്ഥാന സേവനങ്ങൾ ലഭ്യമല്ലാത്ത തീവ്രമായ സാഹചര്യങ്ങളിലാണ് താമസിച്ച് തൊഴിലെടുക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയരക്ടർ ഡോ. ട്രെഡോസ് അഥനോം ഗബ്രിയേസസ് പറയുന്നു. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രാജ്യങ്ങളിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങൾ അടിയന്തരമായി നീക്കേണ്ടതുണ്ടെന്നും, ദേശീയ ആരോഗ്യ നയരൂപീകരണത്തിൽ ഇവരേയും ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
നിലവിൽ 28.1 കോടി അന്താരാഷ്ട്ര കുടിയേറ്റക്കാരുണ്ട്, 2.6 കോടി പേർ അഭയാർത്ഥികളാണ്. 2020 വരെയുള്ള കണക്കനസുരിച്ച് എട്ടുകോടി ആളുകൾ ഉന്മൂലന ഭീഷണി, സംഘർഷം, തുടങ്ങിയ കാരണങ്ങളാൽ പാലായനം ചെയ്യാൻ നിർബന്ധിതരായവരാണ്. വർധിച്ചു കൊണ്ടിരിക്കുന്ന അസമത്വം, ബന്ധനക്ഷമത ജനസംഖ്യാ വർധനവ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങൾ മുൻനിർത്തി ഈ പ്രവണത തുടരുമെന്ന് യു.എൻ. നിരീക്ഷിക്കുന്നു. അടിയന്തര സാഹചര്യങ്ങളിലെ കേവല പ്രതികരണ നടപടികളിലേക്ക് ചുരുങ്ങാതെ, കുടിയേറ്റക്കാരെ ദേശീയ ആരോഗ്യ നയരൂപീകരണത്തിൽ അവിഭാജ്യ ഘടകമായി കണക്കാക്കണമെന്ന ആവശ്യം ജനസംഖ്യാപരമായ ഇത്തരം ഘടകങ്ങൾ മുൻനിർത്തി യു.എൻ. ഉന്നയിക്കുന്നുണ്ട്.
ലോകജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളേയും കോവിഡ് ഗൗരവമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഒരോ വിഭാഗം ആളുകളിലും കോവിഡിന്റെ പ്രത്യാഘാതം വ്യത്യസ്തമായിരുന്നു.
ഭിന്നശേഷിക്കാരും കോവിഡും
മൂന്നു കാരണങ്ങളാൽ ഭിന്നശേഷിക്കാരെ കോവിഡ് വ്യത്യസ്തമായി ബാധിച്ചെന്ന്ലോകാരോഗ്യ സംഘടന പറയുന്നു; രോഗം ഉയർത്തുന്ന വെല്ലുവിളി, ആരോഗ്യ സേവനങ്ങളുടെ അഭാവം, മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന സാമൂഹിക പ്രതിബന്ധങ്ങൾ എന്നിവയാണവ. ലോകത്താകെ നൂറു കോടിയിലധികം ഭിന്നശേഷിക്കാരുണ്ടെന്നും, ഈ വിഭാഗത്തിനു കീഴിലെ ആളുകളുടെ എണ്ണം ദ്രുതഗതിയിൽ വർധിക്കുകയാണെന്നും യു.എൻ. പറയുന്നു. ജനസംഖ്യാപരമായ പ്രവണതകളും തീരാവ്യാധികളിലുണ്ടായ വർധനവും മറ്റുമാണിതിന് കാരണം. ഭിന്നശേഷിക്കാരെ ക്രമാതീതമായാണ് കോവിഡ്-19 ബാധിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു:
‘‘ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ള ആരോഗ്യപരിപാലന സംവിധാനം നിലവിലുണ്ടെങ്കിൽ അത് ഗുണമേന്മയില്ലാത്തതും, വിഭവ പരിമിതിയുള്ളതുമാണെന്ന് ഈ സന്ദർഭം നമ്മെ ഓർമിപ്പിക്കുന്നു. പ്രാഥമികാരോഗ്യശുശ്രൂഷയിൽ ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് പുനരധിവാസ ഇടപെടലുകളിൽ''.
പ്രായം, ഇല്ലായ്മ, ഒന്നിലധികം രോഗങ്ങൾ, എന്നിവ കോവിഡ് തീവ്രമാക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ലാൻസെറ്റ് പഠനം അടിവരയിടുന്നുണ്ട്.
ലോകജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളേയും കോവിഡ് ഗൗരവമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഒരോ വിഭാഗം ആളുകളിലും കോവിഡിന്റെ പ്രത്യാഘാതം വ്യത്യസ്തമായിരുന്നു. വംശം, വർഗം, വരുമാനം തുടങ്ങിയനവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നു. അടിയന്തര ആഭ്യന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമായത്രത്തോളം വലുതാണ് സ്ത്രീകളിലും, കുടിയേറ്റക്കാരിലും, ഭിന്നശേഷിക്കാരിലും കോവിഡ് സൃഷ്ടിച്ച ആഘാതം. ▮