കേൾവി പരിമിതിക്കാരോട് ഓൺലൈൻ ക്രൂരത; നിരോധിച്ചിട്ടും ലാഭം കൊയ്യുന്ന ശ്രവണ സഹായി കച്ചവടം

ഇന്ത്യയിൽ ഓൺലൈനിൽ വിൽപന നിരോധിക്കപ്പെട്ടിട്ടും ആമസോണും ഫ്ലിപ്കാർട്ടും അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകളിലെല്ലാം ശ്രവണ സഹായികൾ സുലഭമായി ലഭിക്കുന്നുണ്ട്. കേൾവി പരിമിതികളുള്ളവരോട് ഇത് ചെയ്യുന്ന ക്രൂരത ചെറുതല്ല. നിയന്ത്രണങ്ങളെ ഈ വിധത്തിൽ കാറ്റിൽ പറത്താൻ അനുമതി നൽകിയത് ആരാണ്? അന്വേഷണം.

ന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളായ Amazon.in-ലെയും Flipkart.com-ലെയും രണ്ട് വിൽപ്പന പരസ്യങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് താഴെ കൊടുത്തിരിക്കുന്നത് - വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണസഹായികൾ. ആമസോണിൽ അവരുടെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലി’ന്റെ ഭാഗമായി വിലയിൽ ഇളവുമുണ്ട്. തൊട്ടുമുൻപുള്ള മാസം ആമസോണിൽ നിന്ന് ഇത് വാങ്ങിയത് 300-ൽ അധികം ആളുകളാണെന്ന് പ്രൊഡക്ടിൻെറ താഴെ നൽകിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ട് സെയിൽ എന്ന് പ്രദർശിപ്പിച്ചാണ് ശ്രവണസഹായികൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. 4999 രൂപ വിലവരുന്ന ഉപകരണം നിങ്ങൾക്ക് വിലയിളവിലൂടെ 1828 രൂപയ്ക്ക് കിട്ടും. ‘Beurer hearing amplifier HA20 Behind ear hearing aid’ എന്ന പ്രൊഡക്ടിന്റെ റിവ്യൂ സെക്ഷനിൽ അത് വാങ്ങിയ 370-ഓളം ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. ശ്രവണസഹായിയെന്ന് കാണിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന മിക്ക പ്രൊഡക്ടുകളുടെയും റിവ്യൂ സെക്ഷനിൽ അത് വാങ്ങി ഉപയോഗിച്ച നിരവധി ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം കൊടുത്തിരിക്കുന്ന കണക്കുകൾ ശരിയാണെങ്കിൽ ഇന്ത്യയിൽ ഓൺലൈനിലൂടെ ശ്രവണസഹായികൾ വാങ്ങുന്നവരുടെ എണ്ണം ധാരാളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

Amazon.inൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണസഹായികൾ
Amazon.inൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണസഹായികൾ
Flipkart.comൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണസഹായികൾ
Flipkart.comൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണസഹായികൾ

ഓൺലൈനിൽ ശ്രവണസഹായികൾ വിൽപനയ്ക്ക് വെക്കുകയും, ധാരാളം പേർ അത് വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നതും ശരിയാണ്. എന്നാൽ ഇതിൽ വലിയൊരു നിയമവിരുദ്ധതയുണ്ട്. ശ്രവണ സഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ച രാജ്യമാണ് ഇന്ത്യ. ഭിന്നശേഷിക്കാർക്കുള്ള ചീഫ് കമ്മീഷണർ (Chief commisioner for persons with disabilities) കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇന്ത്യയിൽ ശ്രവണ സഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ച് ഉത്തരവിറക്കിയത്. ഇ കൊമേഴ്സ് സൈറ്റായ ഇന്ത്യാ മാർട്ടിനെതിരേ(India Mart), ഇന്ത്യൻ സ്പീച്ച് ലാങ്ങ്വേജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ (The Indian Speech and Hearing Association) സമർപ്പിച്ച കേസിലായിരുന്നു കമ്മീഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ്. ഉത്തരവ് പ്രകാരം ശ്രവണസഹായികളുടെ ഏത് തരത്തിലുള്ള ഓൺലൈൻ വിൽപ്പനയ്ക്കും ഇന്ത്യയിൽ വിലക്കുണ്ട്.

ശ്രവണസഹായികളുടെ ഓൺലൈനിലുള്ള വിൽപ്പന അടുത്ത മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കണം എന്നായിരുന്നു ചീഫ് കമ്മീഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ്. ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്ന് ശ്രവണസഹായികളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് വന്ന കേസിൽ പ്രതിസ്ഥാനത്ത് ഇന്ത്യാ മാർട്ട് ആയിരുന്നെങ്കിലും, എല്ലാ ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്നും ശ്രവണസഹായികളുടെ ഓൺലൈൻ വിൽപ്പനയും പരസ്യവും നീക്കം ചെയ്യണമെന്നായിരുന്നു നിർദ്ദേശം വന്നത്. ഈ നിർദ്ദേശത്തിനും ഉത്തരവിനും ഒു വിലയുമില്ല എന്ന് തെളിയിച്ച് കൊണ്ടാണ് ഇന്ത്യയിലെ മിക്ക ഇ കൊമേഴ്സ് സൈറ്റുകളും ഇപ്പോഴും ശ്രവണസഹായികൾ ഓൺലൈനിൽ വിൽക്കുന്നത്.

‘Beurer hearing amplifier HA20 Behind ear hearing aid’ എന്ന പ്രൊഡക്ടിന്റെ റിവ്യൂ സെക്ഷനിൽ അത് വാങ്ങിയ 370ഓളം ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
‘Beurer hearing amplifier HA20 Behind ear hearing aid’ എന്ന പ്രൊഡക്ടിന്റെ റിവ്യൂ സെക്ഷനിൽ അത് വാങ്ങിയ 370ഓളം ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

“ശ്രവണസഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരേ ഇ കൊമേഴ്സ് സൈറ്റായ ഇന്ത്യാ മാർട്ട് മറ്റൊരു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ചീഫ് കമ്മീഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ് അതേപടി നടപ്പിൽ വരുത്താനായിരുന്നു ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നൽകിയ നിർദേശം. ഉത്തരവ് നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള കാലതാമസം നേരിടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഈ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല,” ഇന്ത്യൻ സ്പീച്ച് ലാംഗ്വേജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ (ഐ.എസ്.എച്ച്.എ) കേരള ജനറൽ സെക്രട്ടറി പി.എം ജാബിർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. “ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് സൈറ്റുകൾക്ക് ചീഫ് കമ്മീഷണറുടെ ഉത്തരവ് സംബന്ധിച്ച്, ഇന്ത്യൻ സ്പീച്ച് ലാംഗ്വേജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു, എന്നാൽ ആമസോണിന്റെയോ മറ്റ് ഇ കൊമേഴ്സ് സൈറ്റുകളുടെയോ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങൾ ഒന്നുമുണ്ടായിട്ടില്ല” - ജാബിർ വ്യക്തമാക്കി. ശ്രവണ സഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഐ.എസ്.എച്ച്.എ നേരത്തെ തന്നെ രംഗത്തുണ്ട്. ശ്രവണ സഹായി ഒരു മെഡിക്കൽ ഡിവൈസ് ആണെന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് പോലെ ആയിരിക്കരുതെന്നുമാണ് സംഘടനയുടെ നിലപാട്.

പി.എം ജാബിർ
പി.എം ജാബിർ

ഓൺലൈൻ വിൽപ്പന തട്ടിപ്പ്

കേൾവി പരിശോധനകൾക്ക് ശേഷം വിദഗ്ധരായ ഓഡിയോളജിസ്റ്റുകളുടെ നിർദേശപ്രകാരമാണ് ഓഡിയോളജി ക്ലിനിക്കുകൾ ശ്രവണ സഹായികൾ നൽകുന്നത്. കേൾവി പരിമിതി നേരിടുന്ന ഓരോ വ്യക്തിക്കും കേൾവിയുടെ തീവ്രത വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്തി ഓരോരുത്തർക്കും അനുയോജ്യമായ തരത്തിൽ പ്രോഗ്രാം ചെയ്താണ് ഓഡിയോളജി ക്ലിനിക്കുകൾ ശ്രവണ സഹായികൾ നൽകുക. അതായത് 50% മാത്രം കേൾവിശക്തിയുള്ള ഒരാളുടെ ശ്രവണ സഹായി പ്രോഗ്രാം ചെയ്യുന്നത് 50 ശതമാനം കൂടി കേൾക്കാൻ കഴിയുന്ന തരത്തിലായിരിക്കും. 50 ശതമാനം കേൾവിക്കുറവുള്ള രോഗിക്ക് 90 ശതമാനം കേൾവിക്കുറവുള്ള രോഗി ഉപയോഗിക്കേണ്ടുന്ന ശ്രവണ സഹായി നൽകിയാൽ കൂടുതൽ തീവ്രമായ ശബ്ദം ചെവിയിലെത്തുകയും ഞരമ്പുകൾ ക്ഷയിക്കുകയും ചെയ്യും. ഇത് അയാളുടെ കേൾവിശക്തി വീണ്ടും ക്ഷയിക്കാൻ കാരണമാവുകയാണ് ചെയ്യുക.

“കേൾവി പരിശോധനയ്ക്ക് ശേഷമാണ് രോഗിക്ക് ശ്രവണസഹായി വേണോ വേണ്ടയോ എന്ന് ഓഡിയോളജിസ്റ്റ് തീരുമാനിക്കുന്നത്. ഇത് ഓരോ പ്രായത്തിലുള്ള ഗ്രൂപ്പുകൾക്കും വ്യത്യസ്തമാണ്. പ്രധാനമായും മൂന്ന് രീതിയിലാണ് കേൾവിക്കുറവ് ഉണ്ടാവുക. ഇൻഫെക്ഷൻ മൂലം, ചെവിയുടെ പാടയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും കേൾവിക്കുറവും അനുഭവപ്പെടുന്നവർ. ഞരമ്പ് സംബന്ധമായ ബുദ്ധിമുട്ടുകളും അതുമൂലം ഉണ്ടാകുന്ന കേൾവിക്കുറവും അനുഭവപ്പെടുന്നവർ. ഇത് രണ്ടും, ഒരുമിച്ച് സംഭവിക്കുകയും കേൾവിക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നവർ. ഇതിൽ ഏത് കാരണത്താലാണ് രോഗിക്ക് കേൾവിക്കുറവ് ഉണ്ടായിട്ടുള്ളത് എന്ന് കണ്ടെത്തിയാണ് ശരിയായ ശ്രവണ സഹായികൾ തീരുമാനിക്കുന്നത്. ഇതിൽ തന്നെ ഇൻഫെക്ഷൻ മൂലമാണ് കേൾവിക്കുറവ് അനുഭവപ്പെടുന്നതെങ്കിൽ മെഡിസിൻ നിർദേശിക്കുകയാണ് ആദ്യം ചെയ്യുക. ആവശ്യമെങ്കിൽ ശസ്ത്രക്രിയ ചെയ്യാനും നിർദേശിക്കാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും 30-35 ശതമാനത്തിന് മുകളിൽ കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ശ്രവണ സഹായി സജസ്റ്റ് ചെയ്യുന്നു,” കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രവണ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്കിലെ ഓഡിയോളജിസ്റ്റ് ശ്രീനന്ദ എം.എസ് ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു: “30-35 ശതമാനത്തിന് മുകളിൽ കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനയ്ക്ക് ശേഷം ശരിയായ ശ്രവണ സഹായി തീരുമാനിക്കും. മിനിമൽ, മൈൽഡ്, പ്രൊഫൗണ്ട് എന്നിങ്ങനെയാണ് ഹിയറിംഗ് ലെവൽ. 90 ശതമാനത്തിന് മുകളിൽ കേൾവിക്കുറവ് ഉള്ളവരാണ് പ്രൊഫൗണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്നത്. 35 ശതമാനത്തിന് മുകളിൽ കേൾവിക്കുറവ് അനുഭവപ്പെടുന്നവർക്ക് ആദ്യം ട്രയൽ നൽകുകയാണ് ചെയ്യുന്നത്. പിന്നീടാണ് ഏത് തീവ്രതയിൽ ശബദം കേൾക്കാൻ കഴിയുന്ന ശ്രവണ സഹായി വേണമെന്ന് തീരുമാനിക്കുന്നത്’’, അവർ വ്യക്തമാക്കി.

ശ്രവണസഹായികളുടെ ഓൺലൈനിലുള്ള വിൽപ്പന അടുത്ത മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കണം എന്നായിരുന്നു ചീഫ് കമ്മീഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ്.
ശ്രവണസഹായികളുടെ ഓൺലൈനിലുള്ള വിൽപ്പന അടുത്ത മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കണം എന്നായിരുന്നു ചീഫ് കമ്മീഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ്.

എന്നാൽ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ശ്രവണ സഹായികളുടെ കാര്യം ഇങ്ങെനയല്ല. ഒരു വ്യക്തിക്ക് മെച്ചപ്പെട്ട ശ്രവണ സഹായി നൽകുന്നതിന് ഓഡിയോളജിസ്റ്റുകൾ അഞ്ച് നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട് എന്നാണ് ചട്ടം.

  1. ശബ്ദനിയന്ത്രണമുള്ള മുറിയിൽ നിന്ന് (Sound treated room) കേൾവി പരിശോധന നടത്തണം.

  2. വിവിധതരം ശ്രവണ സഹായികൾ വെച്ച് പരിശോധന (Hearing aid verification) നടത്തിയതിന് ശേഷം മാത്രമേ അനുയോജ്യമായവ ഉപയോഗത്തിനായി നൽകാവൂ.

  3. ശ്രവണ സഹായിളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിരിക്കണം.

  4. ശ്രവണ സഹായികൾ ഫിറ്റ് ചെയ്യുന്നത് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI- Government of India) രജിസ്‌ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആണെന്ന് ഉറപ്പുനരുത്തുക.

  5. രോഗിക്ക് (രോഗിയുടെ കൂടെയുള്ളവർക്കും) ശ്രവണ സഹായികൾ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും എവിടെ നിന്നാണ് സർവീസ് ലഭിക്കുകയെന്നുമുള്ള വിവരങ്ങൾ അറിയിച്ചിരിക്കണം.

300ഉം 400ഉം രൂപ മുതൽ തുടങ്ങുന്ന, ഗുണനിലവാരം കുറഞ്ഞ ശ്രവണ സഹായികൾ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് സൈറ്റുകളിലൽ പോലും ലഭ്യമാണ്.
300ഉം 400ഉം രൂപ മുതൽ തുടങ്ങുന്ന, ഗുണനിലവാരം കുറഞ്ഞ ശ്രവണ സഹായികൾ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് സൈറ്റുകളിലൽ പോലും ലഭ്യമാണ്.

എന്നാൽ, ഓൺലൈനിൽശ്രവണ സഹായികൾ വാങ്ങുമ്പോൾ ഈ നിർദേശങ്ങളെല്ലാം ലംഘിക്കപ്പെടുകയാണ്. എന്നു മാത്രമല്ല ഓൺലൈനിൽ വിൽക്കപ്പെടുന്ന ശ്രവണ സഹായികൾ പ്രോഗ്രാം ചെയ്തിരിക്കുന്നത് എങ്ങനെയെന്നും വ്യക്തമല്ല. ഓരോരുത്തർക്കും അവരവരുടെ കേൾവിക്കുറവിന് അനുസരിച്ചാണ് ശ്രവണ സഹായികൾ പ്രോഗ്രാം ചെയ്യേണ്ടത് എന്നിരിക്കെയാണ് ഇത്. കുട്ടികൾക്കാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കുട്ടിയുടെ മസ്തിഷ്ക വളർച്ച ആദ്യത്തെ അഞ്ചുവർഷം വരെയാണ്. ജനിക്കുമ്പോൾ തന്നെ കേൾവിക്കുറവുള്ള ഒരു കുട്ടിക്ക് കേൾവി പരിശോധനകൾക്ക് ശേഷം കൃത്യമായ ശ്രവണ സഹായി നൽകി കേൾവിക്കുറവ് പരിഹരിച്ചില്ലെങ്കിൽ വളരുമ്പോൾ കുട്ടിയുടെ സംസാരശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും. ശ്രവണ സഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിക്കപ്പെടണം എന്ന് ഇന്ത്യൻ സ്പീച്ച് ലാങ്ങ്വേജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ ഉൾപ്പടെ ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയുമാണ്.

പരിശോധനയില്ലാത്ത വിൽപ്പന,
ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ

യോഗ്യരായ ഓഡിയോളജിസ്റ്റുകളുടെയോ ഇ.എൻ.ടി വിദഗ്ധരുടെയോ മേൽനോട്ടമില്ലാതെയാണ് ഓൺലൈനിൽ വിൽക്കപ്പെടുന്ന ശ്രവണ സഹായികൾ ആവശ്യക്കാരിലേക്ക് എത്തുന്നത് എന്നത് ഗുരുതര പ്രശ്നമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വാങ്ങുന്നത് പോലെ, ശ്രവണ സഹായികളും ആർക്കും ഓൺലൈനിൽ നിന്ന് വാങ്ങി ഉപയോഗിക്കാമെന്നാണ് രോഗികളിൽ തന്നെ പലരും കരുതുന്നത്. ഇ-കൊമേഴ്സ് സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലക്കുറവും ഓഫർ നിരക്കുകളുമെല്ലാം ഇത് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട്. ആമസോണും ഫ്ലിപ്പ്കാർട്ടും ഉൾപ്പടെയുള്ള ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്ന് 300ഉം 400ഉം രൂപ മുതൽ ശ്രവണ സഹായികൾ വാങ്ങാൻ കഴിയും. അതേ സമയം ഓഡിയോളജി ക്ലിനിക്കുകളിൽ നിന്നും ലഭിക്കുന്ന ശ്രവണ സഹായികളിൽ മിക്കവയുടെയും വില തുടങ്ങുന്നത് തന്നെ പതിനായിരം രൂപയിലോ അതിന് മുകളിലോ ആണ് എന്നതാണ് ഓൺലൈൻ വിൽപ്പനക്കാർക്ക് തുണയാകുന്നത്.

'രണ്ട് രീതിയിലുള്ള ശ്രവണ സഹായികളാണ് ക്ലിനിക്കുകളിൽ നിന്ന് നൽകുക. അനലോഗും ഡിജിറ്റലും. 9000 രൂപ മുതൽ പതിനായിരവും പന്ത്രണ്ടായിരവും രൂപ വരെയുള്ള ശ്രവണ സഹായികൾ നൽകിവരുന്നുണ്ട്. പരിശോധനകൾക്ക് ശേഷം രോഗിയുടെ ആവശ്യമനുസരിച്ചാണ് ശ്രവണ സഹായികളുടെ വലിപ്പം നിശ്ചയിക്കുന്നത്. 19000 രൂപ മുതൽ വില തുടങ്ങുന്ന അഡ്വാൻസ്ഡ് ശ്രവണ സഹായികളും വിപണിയിൽ ലഭ്യമാണ്. ആറുമുതൽ എട്ടുലക്ഷം രൂപ വരുന്ന കൂടുതൽ മികച്ചവയുമുണ്ട്. ആ സ്ഥാനത്താണ് ഇ കൊമേഴ്‌സ് സൈറ്റുകളിൽ 400 രൂപ മുതൽ ശ്രവണ സഹായികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. എന്നുമാത്രമല്ല ഓൺലൈനിൽ വാങ്ങുന്നവയ്ക്ക് വാറണ്ടിയും ഉണ്ടാവുകയില്ല. അതേസമയം ക്ലിനിക്കുകളിൽ നിന്ന് വാങ്ങുന്ന ശ്രവണ സഹായിൾക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ വാറണ്ടി ലഭ്യമാണ്. ഈ കാലയളവിലാണ് ശ്രവണ സഹായികളുടെ സർവീസ് നടത്തേണ്ടത്. എന്നാൽ ഓൺലൈനിൽ വാങ്ങുന്ന ശ്രവണ സഹായികൾക്ക് വാറണ്ടി ലഭ്യമല്ലാത്തതുകൊണ്ട് തന്നെ ഇവയ്ക്ക് സർവീസും ലഭ്യമാകില്ല.' ഓഡിയോളജിസ്റ്റ് ശ്രീനന്ദ എം.എസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അഡ്വ. മഞ്ചേരി സുന്ദർരാജ്
അഡ്വ. മഞ്ചേരി സുന്ദർരാജ്

ശ്രവണ സഹായികളുടെ ഉയർന്ന വില, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളെ ഓൺലൈൻ ശ്രവണ സഹായികൾ വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. കൃത്യമായ പരിശോധനകൾ ഇല്ലാതെ ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് ശേഷിക്കുന്ന കേൾവിയെക്കൂടി ബാധിക്കുമെന്ന കാര്യം അറിയാതെയാണ് രോഗികളിൽ പലരും ഇത് വാങ്ങി ഉപയോഗിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരിശോധന കൂടാതെ ശ്രവണ സഹായികൾ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള രോഗിയുടെ അജ്ഞത മുതലെടുക്കുകയാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള ഇ കൊമേഴ്‌സ് സൈറ്റുകൾ ചെയ്യുന്നത്.

ശ്രവണ സഹായികളുടെ ഓൺലൈൻ വിൽപ്പന നിരോധിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. അംഗീകൃത ഓഡിയോളജിസ്റ്റുകളുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഇവ വിൽക്കുന്നത് കുറ്റകരമാണ് എന്നറിഞ്ഞിട്ടും ഇത് വിൽക്കപ്പെടുന്നത് ആശങ്കാജനകമാണ്. മനുഷ്യാവകാശ ലംഘനമാണ്. കേൾവി പരമിതരായവരുടെ ക്ഷേമത്തിന് തുരങ്കം വെക്കുകയാണ് ഇത്. അതുകൊണ്ട് തന്നെ ഓൺലൈൻ വിൽപ്പന നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊള്ളണം’ - മലബാർ ഡെഫ് അസോസിയേഷൻ ചീഫ് പാട്രൺ അഡ്വ. മഞ്ചേരി സുന്ദർരാജ് (Adv. Manjeri Sundar Raj) ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

സർക്കാർ പദ്ധതികൾ

പൊതുവിപണിയിലെ ശ്രവണ സഹായികളുടെ ഉയർന്ന വില പരിഗണിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കേൾവി പരിമിതരായ കുട്ടികൾക്കും പ്രായമായവർക്കുമായി സംസ്ഥാന സർക്കാർ സൗജന്യ കേൾവി പരിശോധനാ ക്യാമ്പുകളും ഉപകരണങ്ങളുടെ സൗജന്യ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. മുൻപ്, വിതരണം ചെയ്ത ശ്രവണ സഹായിൾക്ക് ആവശ്യസമയത്ത് സർവീസ് ലഭിക്കുന്നില്ലെന്നും ഉപയോഗിക്കേണ്ട രീതി രോഗികളെ അറിയിക്കാതെ നേരിട്ട് ഏൽപ്പിക്കുന്നുവെന്നും പരാതികൾ വന്നിരുന്നു. ഈ പരാതികൾ പരിഹരിച്ച് സർക്കാർ പദ്ധതികൾ മുന്നോട്ട് പോവുകയാണ്. കേരള വികലാംഗ ക്ഷേമ കോർപ്പറേഷൻ, കേന്ദ്രസർക്കാരിന്റെ കോമ്പോസിറ്റ് റീജ്യണൽ സെന്റർ എന്നിവ വഴി കേൾവി പരമിതരായവർക്ക് സൗജന്യം ശ്രവണ സഹായികൾ നൽകി വരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് കെൽട്രോൺ നിർമ്മിക്കുന്ന ശ്രവണ സഹായികളും സർക്കാർ നൽകുന്നുണ്ട്.

ജനിക്കുമ്പോൾ തന്നെ കേൾവിക്കുറവുള്ള ഒരു കുട്ടിക്ക് കേൾവി പരിശോധനകൾക്ക് ശേഷം കൃത്യമായ ശ്രവണ സഹായി നൽകി കേൾവിക്കുറവ് പരിഹരിച്ചില്ലെങ്കിൽ വളരുമ്പോൾ കുട്ടിയുടെ സംസാരശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും. Photo / Linkedin
ജനിക്കുമ്പോൾ തന്നെ കേൾവിക്കുറവുള്ള ഒരു കുട്ടിക്ക് കേൾവി പരിശോധനകൾക്ക് ശേഷം കൃത്യമായ ശ്രവണ സഹായി നൽകി കേൾവിക്കുറവ് പരിഹരിച്ചില്ലെങ്കിൽ വളരുമ്പോൾ കുട്ടിയുടെ സംസാരശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും. Photo / Linkedin

കേൾവി പരിമിതി നേരിടുന്ന അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയും രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഓഡിയോ വെർബൽ തെറാപ്പിയും ലഭ്യമാക്കുന്ന ശ്രുതിതരംഗം പദ്ധതി, സ്വന്തം നിലയിൽ സർജറി നടത്തിയ 25 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി പ്രൊസസ്സർ അപ്ഗ്രേഡ് ചെയ്ത് നൽകുന്ന ധ്വനി പദ്ധതി എന്നിവ സാമൂഹ്യ സുരക്ഷാ മിഷൻ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. ശ്രുതിതരംഗം പദ്ധതി പ്രകാരം 2021-22 വർഷം കേൾവി പരിമിതരായ 96 പേർക്കും 2022-23 വർഷത്തിൽ 84 പേർക്കും സർജറി നടത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ധ്വനി പദ്ധതി പ്രാകരം, 2021-22 വർഷം 37 പേർക്കും 2022-23 വർഷം 30 പേർക്കും സ്പീച്ച് പ്രൊസസർ അപ്‌ഗ്രേഡ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കേൾവിക്കുറവ് നേരത്തെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നവജാതശിശുക്കളുടെ കേൾവി പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2021-22 വർഷത്തിലും 2022-23 വർഷത്തിലുമായി 1,96,133 ശിശുക്കളുടെ സ്ക്രീനിംഗ് നടത്തുകയും ഇവരിൽ 13,102 ശിശുക്കളെ കൂടുതൽ പരിശോധനക്കായി ദേശീയ ആരോഗ്യം ദൗത്യത്തിന്റെ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഇ.എൻ.ടി വിഭാഗം തുടങ്ങിയിടങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കെ.ജെ മാക്സി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നൽകിയ മറുപടിലാണ് ഈ കണക്ക്.

ഡോ.ആർ.ബിന്ദു
ഡോ.ആർ.ബിന്ദു

കേൾവി പരിമിതിയുണ്ട് എന്ന് സ്ഥിരീകരിക്കുന്നതിനും കേൾവിക്കുറവിന്റെ തോത് കണ്ടെത്തുന്നതിനുമുള്ള BERA (Brainstem evoked response audiometry) പരിശോധന നടത്തുന്നതിന് BERA മെഷീൻ കാതോരം പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും നൽകിയിട്ടുണ്ട്. ഇതിലൂടെ, 2021-22ലും 2022-23ലുമായി 1100 പേരുടെ പരിശോധനകൾ പൂർതിതിയാക്കുകയും ചെയ്തു എന്നാണ് കണക്കുകൾ. കൂടാതെ പരിശോധനയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ വേണ്ടിവരുന്ന കുട്ടികൾക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്റെ ശ്രുതിതരംഗം പദ്ധതിയിൽ പ്രകാരം സർജറി നടത്തി വരുന്നു. ഈ കുട്ടികൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷന് ശേഷം സംസാര, ഭാഷാ ശേഷി കൈവരിക്കുന്നതിനുള്ള പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പി നൽകുന്നതിനുള്ള ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ എൻ ടി വിഭാഗത്തിലും ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലും (National institue of physical medicene and rehabilitation) സ്ഥാപിച്ചിട്ടുണ്ട്.

സർക്കാർ തലത്തിൽ പദ്ധതികൾ ഉള്ളപ്പോഴും ആമസോണും ഫ്ലിപ്പ്കാർട്ടും ഉൾപ്പടെയുള്ള മുൻനിര ഇ കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ശ്രവണ സഹായികൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. രോഗികളിൽ തന്നെ പലർക്കും, വിവിധതരം ശ്രവണ സഹായികളുടെ ഗുണനിലവാരത്തെക്കുറിച്ചോ, അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചോ മതിയായ ധാരണയില്ലെന്നതാണ് കാരണം. ഇത്തരം ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്ന് വാങ്ങിയ ശ്രവണ സഹായികൾ ഉപയോഗിച്ച് കേൾവിക്ക് തകരാറ് ഉണ്ടായ സംഭവങ്ങൾ ഇന്ത്യയിൽ തന്നെ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പി.എം ജാബിർ ട്രൂകോപ്പിതിങ്കിനോട് പഞ്ഞു. “കേരളത്തിൽ ഇത്തരം കേസുകൾ കുറവാണെങ്കിലും ഓൺലൈനിൽ നിന്ന് ശ്രവണ സഹായികൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. കേൾവി പരിമിതി കണ്ടെത്തിയ കുട്ടിക്കു വേണ്ടി അച്ഛനമ്മമാർ തന്നെ ഓൺലൈനിൽ നിന്ന് ശ്രവണ സഹായികൾ വാങ്ങുന്ന സംഭവങ്ങൾ ഉത്തരേന്ത്യയിലും മറ്റുമുണ്ട്” - അദ്ദേഹം പറഞ്ഞു.

പൊതുബോധവും ശ്രവണസഹായികളും

കാഴ്ച്ച പരിമിതിയുള്ള ഒരാൾ കണ്ണട ഉപയോഗിക്കുന്നത് പോലെയല്ല, കേൾവി പരിമിതി അനുഭവിക്കുന്ന ഒരാൾ ശ്രവണ സഹായി ഉപയോഗിക്കുന്നതിനെ നമ്മുടെ പൊതുബോധം വിലയിരുത്തുന്നത്. ലോകത്തെവിടെയും കാഴ്ച്ച പരിമിതിയുള്ള ഒരാൾ കണ്ണട ഉപയോഗിക്കുന്നതിന് മടി കാണിക്കാറില്ലെങ്കിലും കേൾവി ശക്തി കുറഞ്ഞ ഒരാൾ ശ്രവണ സഹായി ഉപയോഗിക്കുന്നതിന് പലപ്പോഴും വിമുഖത കാണിക്കാറുണ്ട്. നമ്മുടെ രാജ്യത്തും ഇതേ സ്ഥിതിയുണ്ട്.

ദൃശ്യപരത കുറഞ്ഞ, തീരെ ചെറിയ ശ്രവണ സഹായികൾ മിക്കപ്പോഴും കൂടുതൽ ഗുണനിലവാരമുള്ളതായിരിക്കുമെങ്കിലും വില കൂടിയവയുമായിരിക്കും.
ദൃശ്യപരത കുറഞ്ഞ, തീരെ ചെറിയ ശ്രവണ സഹായികൾ മിക്കപ്പോഴും കൂടുതൽ ഗുണനിലവാരമുള്ളതായിരിക്കുമെങ്കിലും വില കൂടിയവയുമായിരിക്കും.

കണ്ണടയെ പലപ്പോഴും ഒരു ഫാഷൻ എലമെന്റ് ആയാണ് ലോകത്തെവിടെയും ആളുകൾ കാണുന്നത്. അതേ സമയം ശ്രവണ സഹായികളെയും, ശ്രവണ സഹായികൾ ഉപയോഗിക്കുന്നവരെയും വൈകല്യമുള്ളവരായി കാണുന്നതാണ് നമ്മുടെ പൊതുബോധം.

ദൃശ്യപരത കുറഞ്ഞ, പുറമേ കാണാത്ത ശ്രവണ സഹായികൾ വാങ്ങാൻ ആളുകൾ ആഗ്രഹിക്കുന്നതിൻ്റെ പ്രധാന കാരണം ഇതാണ്. എന്നാൽ, തീരെ ചെറിയ, ദൃശ്യപരത കുറഞ്ഞ ശ്രവണ സഹായികൾ മിക്കപ്പോഴും കൂടുതൽ ഗുണനിലവാരമുള്ളതായിരിക്കുമെങ്കിലും വില കൂടിയവയുമായിരിക്കും. ഇതിൽത്തന്നെ ലക്ഷങ്ങൾ വിലവരുന്ന ശ്രവണ സഹായികൾ പോലും ഉണ്ട്. ഇത്, ശ്രവണ സഹായികൾ ആവശ്യമുള്ള സാധാരണക്കാരെ പോലും ശ്രവണ സഹായികൾ വാങ്ങുന്നതിൽ നിന്നും അത് ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.

മുകളിൽ സൂചിപ്പിച്ച, കേൾവിക്കുറവുള്ളവർക്ക് സർക്കാർ തലത്തിൽ വിതരണം ചെയ്യുന്ന ശ്രവണ സഹായികളും പുറമേ കാണുന്നവയും ദൃശ്യപരത ഉള്ളവയുമായവയാണ്. ഇത്, ദൃശ്യപരതയില്ലാത്ത, വിലകുറഞ്ഞ, ഗുണനിലവാരമില്ലാത്ത ശ്രവണ സഹായികൾ ഓൺലൈനിൽ നിന്ന് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. മറ്റ് സൈറ്റുകളിൽ പോലും ഇത്തരം, വിലകുറഞ്ഞ, മികച്ചതെന്ന് അവകാശപ്പെടുന്ന ശ്രവണ സഹായികളുടെ പരസ്യം കാണാം.

ഇതുമായി ചേർത്ത് വായിക്കേണ്ടതാണ് അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന കേൾവി പരിമിതികൾ മൂലമുള്ള സാമൂഹിക പ്രത്യാഘാതങ്ങൾ. ഒറ്റപ്പെടൽ, ഏകാന്തത, സംസാര വൈകല്യങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങൾ ശരിയായി അഭിസംബോധന ചെയ്യപ്പെടാത്ത കേൾവിക്കുറവ് മൂല മുണ്ടാകുന്നു എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ വിലയിരുത്തൽ

എന്തുപറയുന്നു WHO?

2050ഓടെ ലോകത്താകെ, കേൾവിക്കുറവുള്ള 200 കോടി ആളുകൾ ഉണ്ടാകുമെന്നാണ് WHO- യുടെ വിലയിരുത്തൽ. ഭാവിയിൽ, ലോകത്താകെ 100 കോടിയിലധികം കുട്ടികൾ പൂർണമായോ ഭാഗികമായോ കേൾവി പരിമിതരായിത്തീരുമെന്നും WHO വിലയിരുത്തുന്നു.

കൂടാതെ, ലോകത്താകെ 400 കോടിയോളം ആളുകൾ ശ്രവണ സഹായികൾ ആവശ്യമുള്ളവരാണെന്നാണ് യു എന്നിന്റെ വിലയിരുത്തൽ. എന്നാൽ ലോകത്താകെ 17 ശതമാനം ആളുകൾക്ക് മാത്രമാണ് ശ്രവണസഹായികൾ ഉപയോഗിക്കാൻ കഴിയുന്നത്. ബാക്കിയുള്ള 83 ശതമാനം ആളുകളും ശ്രവണ സഹായികളോ മറ്റ് ശ്രവണ ഉപകരണങ്ങളോ ഉപയോഗിക്കാൻ കഴിയാത്തവരാണെന്നും യു എന്നിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അഭിസംബോധന ചെയ്യപ്പെടാത്ത കേൾവി പരിമിതികൾ ഒരു ആഗോള പൊതുജനാരോഗ്യ വെല്ലുവിളിയാണെന്നും യു എൻ വിലയിരുത്തുന്നു. എല്ലാത്തരത്തിലുമുള്ള കേൾവിക്കുറവുള്ളവരെയും പരിഗണിച്ചുകൊണ്ട് 2030ഓടെ ലോകത്തെല്ലായിടത്തും കേൾവി പരിചരണ പരിപാടികൾ വിപുലമാക്കുന്നതിന് യു എൻ ആലോചിക്കുന്നുണ്ട്.

ശരിയായി അഭിസംബോധന ചെയ്യപ്പെടുകയാണെങ്കിൽ കേൾവി പരിമിതരായവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുക തന്നെ ചെയ്യും. ശ്രവണസഹായികളുടെ ഓൺലൈൻ വിൽപ്പന തട്ടിപ്പുകളിൽ നിന്നുൾപ്പടെ കേൾവി പരിമിതരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.

Comments