ഡോ. കെ.പി. അരവിന്ദൻ

സംവാദത്തിലെ ഒളിയജണ്ടകൾ

സംവാദങ്ങളിലെ ജനാധിപത്യം, സയൻസിന്റെ ചിന്താരീതി, മോഡേൺ മെഡിസിനും മറ്റു ചികിത്സാരീതികളും, സംവാദത്തിന്റെ ഹൈജാക്കിങ് തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാട് വിശദമാക്കുന്നു

സംവാദ ഇടങ്ങൾ വിപുലീകൃതമായതുകൊണ്ടുമാത്രം അത് കൂടുതൽ ജനാധിപത്യപരമാവണമെന്നില്ല. സമൂഹത്തിലെ എല്ലാ ഏറ്റക്കുറച്ചിലുകളും ഇവിടെയും പ്രതിഫലിക്കും. കൂടുതൽ ഉച്ചത്തിൽ സംസാരിക്കാൻ കഴിവുള്ളവർ, ഭാഷ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ളവർ, കൂടുതൽ അനുയായികൾ ഉള്ളവർ എന്നിവർക്കെല്ലാം ഈ വേദികളിൽ മേൽക്കോയ്മ നേടാൻ എളുപ്പമാണ്.

ഇടതുപക്ഷ- യുക്തിവാദ- പരിസ്ഥിതിവാദ- മതേതരവാദ- ലേബലുകൾ ഒക്കെ ഫാസിസ്റ്റ് അജൻഡകൾ ഒളിച്ചുകടത്താൻ ഉപയോഗിക്കപ്പെടുന്നുണ്ട്.

കാര്യമാത്ര പ്രസക്തിയുള്ള അഭിപ്രായങ്ങൾ മുങ്ങിപ്പോവുന്നത് പല കാരണങ്ങളാലാണ്. രാഷ്ട്രീയമോ മതപരമോ രണ്ടും ചേർന്നതോ ആയ സംഘടനകളുടെ ആൾക്കാർ വെട്ടുകിളികളെപ്പോലെ കൂട്ടംചേർന്ന് വ്യക്തികളെ ആക്രമിക്കുന്നത്, തിരിച്ച് അത്തരം കൂട്ടായ്മകളിലുള്ളവർ ആരും എന്തു പറഞ്ഞാലും അവർക്ക് സൈബർ ബുള്ളി, ന്യായീകരണ തൊഴിലാളി മുതലായ ലേബലുകൾ ചാർത്തിക്കൊടുത്ത് അവരെ ഒഴിവാക്കുന്നത്, അസഭ്യമായ ഭാഷയും തെറിയും കൊണ്ട് വ്യക്തികളെ പിന്തിരിപ്പിക്കുന്നത്, പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനെ ഒരു ഫെറ്റിഷ് ആക്കി മാറ്റി അപ്രിയമായ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുന്നത് എന്നതൊക്കെ പലപ്പോഴായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനു കാരണമാവാറുണ്ട്.

സയൻസിനേയും സമൂഹ യഥാർത്ഥ്യങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന ഒരു ബാലൻസ്ഡ് രീതിയാണ് നമുക്ക് ആവശ്യം. Photo : Unsplash

ഇതിനുപുറമേ അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള നിയന്ത്രണങ്ങളും, പണം കൊടുത്ത് പരസ്യ ഏജൻസികളേയും മറ്റും ഉപയോഗിച്ച് അഭിപ്രായരൂപീകരണം സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഒക്കെ ചേർന്നാൽ സ്ഥിതിഗതികൾ ഒട്ടും തന്നെ ആശാവഹമല്ല. പരമ്പരാഗത ഇടതുരാഷ്ട്രീയം വഴി ദുർബലരുടെ ശബ്ദം പുറത്തുകേൾക്കുന്നതുപോലും മുക്കിക്കളയുന്ന ‘അപശബ്ദങ്ങളായി' സോഷ്യൽ മീഡിയയിലെ സംവാദങ്ങൾ മാറുന്നോ എന്നാണെന്റെ സംശയം.

സയൻസ് എന്ന സംവാദ വിഷയവും മലയാളിയും

സയൻസിന്റെ ചിന്താരീതി ഉപയോഗിച്ച് കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്നവർ കേരളത്തിൽ കുറവാണ്. മാത്രമല്ല, ഇതെന്തോ രണ്ടാംതരം ഏർപ്പാടാണെന്ന് വിശ്വസിപ്പിക്കുന്ന ബുദ്ധിജീവികളും നമ്മുടെ നാട്ടിൽ ഏറെയുണ്ട്. വിഷയാധിഷ്ഠിത അറിവുകൾ (domain knowledge) സ്വായത്തമാക്കാത്ത ഉത്തരാധുനികരുടെ സ്വാധീനം പൊതുരംഗത്തും മാധ്യമങ്ങളിലും കൂടുതലാണ്. ഇതിനുള്ള പ്രതികരണമായി ശാസ്ത്രമാത്ര വാദവും (Scientism) വളർന്നുവരുന്നു. ചില യുക്തിവാദി ഗ്രൂപ്പുകളിലാണ് ഇത് അധികമുള്ളത്. സയൻസിനേയും സമൂഹ യഥാർത്ഥ്യങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന ഒരു ബാലൻസ്ഡ് രീതിയാണ് നമുക്ക് ആവശ്യം. ശാസ്ത്രസാഹിത്യ പരിഷത്തും സയൻസ് കൈകാര്യം ചെയ്യുന്ന അക്കാദമിക ഗ്രൂപ്പുകളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഈ രീതി പിന്തുടരണം.

കറ കളഞ്ഞ പത്തരമാറ്റ് പുരോഗമനത്തിലൊന്നും എനിക്കിപ്പോൾ താൽപര്യമില്ല. എന്നെ സംബന്ധിച്ച് ഫാസിസത്തെ ചെറുക്കുകയെന്നതാണ് ഇന്നത്തെ സർവപ്രധാനമായ പുരോഗമന നിലപാട്.

മോഡേൺ മെഡിസിൻ, ഹോമിയോപ്പതി, ആയുർവേദം

മോഡേൺ മെഡിസിനും ഹോമിയോപ്പതിയും ആയുർവേദവും തമ്മിൽ ഒരു സംവാദത്തിന് പ്രസക്തി ഉള്ളതായി തോന്നുന്നില്ല. അങ്ങനെ സംവദിച്ച് പരിഹരിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഇവ തമ്മിലില്ല. ഓരോന്നിനും അതിന്റേതായ പ്രശ്‌നങ്ങളാണുള്ളത്. അവയോരോന്നിനും അവരവരുടെ ഉള്ളിൽ തന്നെയാണ് പരിഹാരം തേടേണ്ടത്. ആധുനിക വൈദ്യത്തിന്റെ പ്രധാന പ്രശ്‌നം അതിന്റെ വ്യാപാരവൽക്കരണത്തിന്റേയും സ്വകാര്യവൽക്കരണത്തിന്റേയും ഫലമായുള്ളവയാണ്. ഇതു കാരണം അതിന്റെ ഗുണങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്നില്ല. ആയുർവേദം നേരിടുന്നത് നവീകരണത്തിന്റെ അഭാവം കാരണമുള്ള പ്രശ്‌നങ്ങളാണ്. ത്രിദോഷ സിദ്ധാന്തം പോലുള്ള ജ്ഞാനാടിത്തറ വെച്ച് അതിനു പുരോഗമിക്കാനാവില്ല. രോഗസിദ്ധാന്തങ്ങൾ ആധുനികവൽക്കരിച്ചുവേണം അതിന്റെ നവീകരണം നടക്കാൻ. ഇത്തരമൊരു പരിവർത്തനത്തിലൂടെ ഇന്നത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായ chronic inflammatory disease പോലുള്ള മേഖലകളിൽ ആധുനിക സയൻസിന്റെ ടൂൾസ് ഉപയോഗിച്ചുള്ള ഗവേഷണങ്ങൾക്ക് പല സാധ്യതകളും തുറന്നു കിട്ടും. അതുവഴി ആധുനിക വൈദ്യത്തിനും ആയുർവേദത്തിനും തമ്മിലുള്ള convergence സാധ്യമാവും. ഹോമിയോപ്പതിയുടെ പ്രധാന പ്രശ്‌നം അതിന്റെ പ്രമാണങ്ങൾ പലതും സയൻസിന്റെ യുക്തിക്കു നിരക്കുന്നതല്ല എന്നതാണ്. അടിമുടി സിദ്ധാന്തങ്ങൾ മാറ്റാതെ അതിനൊരു നവീകരണ സാധ്യത ഞാൻ കാണുന്നില്ല.

സയൻസിന്റെ ചിന്താരീതി ഉപയോഗിച്ച് കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്നവർ കേരളത്തിൽ കുറവാണ്. മാത്രമല്ല, ഇതെന്തോ രണ്ടാംതരം ഏർപ്പാടാണെന്ന് വിശ്വസിപ്പിക്കുന്ന ബുദ്ധിജീവികളും നമ്മുടെ നാട്ടിൽ ഏറെയുണ്ട്. Photo : Unsplash

ഹൈജാക്ക് ചെയ്യപ്പെടുന്ന സംവാദം

എന്താണ് പുരോഗമനം എന്നും ആരാണ് പുരോഗമനക്കാർ എന്നും സ്ഥിരം തർക്കമുള്ള കാര്യങ്ങളാണ്. കറ കളഞ്ഞ പത്തരമാറ്റ് പുരോഗമനത്തിലൊന്നും എനിക്കിപ്പോൾ താൽപര്യമില്ല. എന്നെ സംബന്ധിച്ച് ഫാസിസത്തെ ചെറുക്കുകയെന്നതാണ് ഇന്നത്തെ സർവപ്രധാനമായ പുരോഗമന നിലപാട്. ഇന്ത്യയിൽ ഇന്ന് ഭരണം കൈയാളുന്നവരെ സ്വഭാവികമായി വളരാൻ വിട്ടാൽ അതൊരു ഹൈന്ദവ ഫാസിസ്റ്റ് സ്റ്റേറ്റ് ആയി മാറാൻ അധിക കാലം വേണ്ടിവരില്ല. അവരുടെ അടിത്തറയായ ആശയങ്ങളെ ഓരോന്നിനേയും എതിർത്തു തോൽപ്പിക്കുന്നത് ആരാണോ അവരുടെ കൂടെ നിൽക്കുകയും മറിച്ച് ആ ആശയങ്ങളെ പലവിധത്തിൽ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് എതിർക്കുകയെന്നതുമാണ് പുരോഗമനമായി ഞാൻ കാണുന്നത്. ഇടതുപക്ഷ- യുക്തിവാദ- പരിസ്ഥിതിവാദ- മതേതരവാദ- ലേബലുകൾ ഒക്കെ ഫാസിസ്റ്റ് അജൻഡകൾ ഒളിച്ചുകടത്താൻ ഉപയോഗിക്കപ്പെടുന്നുണ്ട്. സവർക്കറെയും ഗോഡ്‌സെയേയും അനുഭാവപൂർവ്വം വീക്ഷിക്കുന്ന യുക്തിവാദവും തൊഴിലാളിയേയും കർഷകനേയും ആദിവാസിക്കെതിരാക്കി ചിത്രീകരിച്ച് തമ്മിലടിപ്പിക്കുന്ന കപട പരിസ്ഥിതി വാദവും പ്രതിലോമകരം തന്നെയാണ്. മത അജണ്ടകളാൽ നയിക്കപ്പെടുന്ന മതേതരത്വവും മുഖ്യധാരാ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്ന ‘ഇടതു' സൈദ്ധാന്തികരും അറിഞ്ഞോ അറിയാതെയോ ഫാസിസ്റ്റുകളെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ കുറവുകളുണ്ടെങ്കിലും കർഷകരും തൊഴിലാളികളും പങ്കാളികളായുള്ള ഇടത് - സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനങ്ങളുടെ കൂടെ നിൽക്കുകയാണ് സുരക്ഷിതം എന്നാണ് ഇന്ന് ഞാൻ കരുതുന്നത്.

പരിഷത്ത്​ എന്ന സംവാദ പ്ലാറ്റ്​ഫോം

ഒറ്റ അജൻഡക്കാരെ തൃപ്തിപ്പെടുത്താൻ കഴിയാത്തതാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പരിമിതി. അതു കാരണം യുക്തിവാദികൾക്ക് പരിഷത്തിന് യുക്തിവാദം പോരാ എന്നു തോന്നും. പരിസ്ഥിതി വാദികൾക്ക് തോന്നും, പരിഷത്തിന്റെ പല നിലപാടുകളും ദുർബലമാണെന്ന്. തൊഴിലാളി യൂണിയനുകൾക്ക് ചിലപ്പോൾ പരിഷത്തിന്റെ അഭിപ്രായങ്ങൾ അപസ്വരങ്ങളായി തോന്നിയേക്കാം. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും നിരന്തരം ഇവരോടെല്ലാം സംസാരിച്ചു കൊണ്ടിരിക്കുക എന്നത് പരിഷത്തിനെ സംബന്ധിച്ച് പ്രധാനമാണ്.
യുവാക്കളുടേയും, സ്ത്രീകളുടേയും, ദളിത്- ആദിവാസി വിഭാഗങ്ങളുടേയുമൊക്കെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയെന്നതാണ് മറ്റൊരു വെല്ലുവിളി. സമഗ്രമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ഇതു കൂടിയേ കഴിയൂ. ഏറ്റെടുക്കുന്ന പല കാര്യങ്ങൾ ചെയ്യാൻ മുഴുവൻ സമയ പ്രവർത്തകർ വേണമെന്നിരിക്കെ സന്നദ്ധപ്രവർത്തനം കൊണ്ടുമാത്രം അതു ചെയ്യാൻ ശ്രമിക്കുന്നതിന്റെ കുറവുകളും സംഘടനയ്ക്കുണ്ട്.
ആധുനിക ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ചുള്ള സംവാദ സാധ്യതകളുടെ രംഗത്ത് വൈകിയാണ് പരിഷത്ത് എത്തുന്നത്. എന്നാൽ ലൂക്ക, സയൻസ് കേരള, ക്യാപ്‌സൂൾ തുടങ്ങിയ അനുബന്ധ സംരംഭങ്ങൾ വഴി അടുത്ത കാലത്ത് ഒരു സാന്നിദ്ധ്യം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. ▮


ഡോ. കെ.പി. അരവിന്ദൻ

പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി ഡിപ്പാർട്ടുമെൻറ്​ മേധാവിയും പ്രൊഫസറുമായിരുന്നു. കോഴിക്കോട്​ ജില്ലാ കോ ഓപ്പറേറ്റീവ്​ ഹോസ്​പിറ്റലിൽ സീനിയർ കൺസൽട്ടൻറ്​ പാത്തോളജിസ്​റ്റ്​. നിരവധി ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Comments