ഭിന്നശേഷി സൗഹൃദലോകം എന്ന ആശയത്തിന്റെ പ്രചാരണത്തിന് ജീവിതം മാറ്റിവെച്ച, ഭിന്നശേഷി അവകാശ പ്രസ്ഥാനങ്ങളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന, 2023 മാർച്ച് നാലിന് അന്തരിച്ച ജൂഡി ഹ്യൂമാൻ പറഞ്ഞ ഒരു വാചകമുണ്ട്:
"Disability only becomes a tragedy for me when society fails to provide the things we need to lead our lives–job opportunities or barrier-free buildings, for example. It is not a tragedy to me that I'm living in a wheelchair."
തങ്ങൾക്കുകൂടി സൗഹൃദപ്പെട്ട സംവിധാനമൊരുക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നിടത്ത് മാത്രമേ പരിമിതികൾ ദുരന്തമായിത്തീരുകയുള്ളൂ എന്ന്.
ഭിന്നശേഷി മനുഷ്യരുടെ അവകാശങ്ങളും അന്തസ്സാർന്ന ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1992 മുതൽ ഐക്യരാഷ്ട്ര സഭ ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത്. ഭിന്നശേഷിത്വത്തിന്റെ പേരിൽ യാതൊരു വിവേചനവും ഉണ്ടാവാത്തവിധം സാമൂഹ്യ ബോധവൽക്കരണം സാധ്യമാക്കുക എന്നതാണ് ഭിന്നശേഷി ദിനാചരണത്തിന്റെ എക്കാലത്തെയും പ്രധാനലക്ഷ്യം.

വൈവിധ്യമാർന്ന ജീവിതമേഖലയിൽ ഭിന്നശേഷിമനുഷ്യരുടെ നേതൃത്വം ഉറപ്പാക്കുക, സാമൂഹ്യവ്യവഹാരങ്ങളിൽ ഇൻക്ളൂഷൻ സാധ്യമാക്കുക, പൊതുതീരുമാനങ്ങളെടുക്കേണ്ട സന്ദർഭങ്ങളിൽ ഭിന്നശേഷി മനുഷ്യരുടെ വാക്കുകൾക്ക് വിലയുണ്ടാവുക, വെല്ലുവിളി നേരിടുന്നവർക്ക് സവിശേഷമായും ലഭിക്കേണ്ട മനുഷ്യാവകാശങ്ങളെക്കുറിച്ച് സാമൂഹ്യ ബോധവൽക്കരണം ശക്തമാക്കുക, വെല്ലുവിളികളെ അതിജീവിച്ചും പരിമിതികളോട് പടവെട്ടിയും നേടിയ വിജയങ്ങളെ ആഘോഷിക്കുകയും മാതൃകാപരമായി ദൃശ്യത നൽകുകയും ചെയ്യുക മുതലായ കർമപദ്ധതികളും ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിട്ടുണ്ട്.
2007 ഒക്ടോബർ ഒന്നിനാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭാ കൺവെൻഷനിൽ ഒപ്പുവെച്ചത്. അതോടെ ഇന്ത്യയിലും കൺവെൻഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും വ്യവസ്ഥകളും പാലിക്കാനുള്ള നടപടികളുണ്ടായി. ഈ മേഖലയിലുണ്ടായ വളർച്ചയുടെ പരിണിതഫലമായാണ് 2016- ലെ സവിശേഷ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരുടെ അവകാശനിയമം (Rights of Persons with Disabilities Act 2016 ) ഇന്ത്യൻ പാർലമെന്റ് പാസാക്കുന്നത്. സാമൂഹ്യക്ഷേമത്തിലോ കാരുണ്യത്തിലോ ഊന്നിയുള്ള നടപടികൾ എന്ന നിലയിൽ നിന്ന്, മനുഷ്യാവകാശത്തിന്റെ അന്തസ്സാർന്ന പ്രയോഗം എന്ന തലത്തിലേക്ക് വെല്ലുവിളി നേരിടുന്നവർക്ക് അർഹതപ്പെട്ട പരിഗണനകൾ ഉറപ്പാക്കപ്പെട്ടത് ഈ നിയമത്തിലൂടെയാണ്.
സാമൂഹ്യമായ വിവേചനമില്ലായ്മ, സമ്പൂർണമായും ഉൾച്ചേർന്ന സാമൂഹ്യാവസ്ഥകൾ മുതലായ ആശയങ്ങൾ നിയമങ്ങളായി വന്നു എന്നത് ചെറിയ കാര്യമായിരുന്നില്ല. വ്യക്തിപരമായ പരിമിതികൾ എന്നത് വൈവിധ്യമാർന്ന മനുഷ്യാവസ്ഥകളുടെ പരിഛേദം മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ അംഗീകരിക്കാനും വളർച്ചയെ ബഹുമാനിക്കാനും നിയമം അനുശാസിച്ചു. രണ്ട് പതിറ്റാണ്ടിനിടയിൽ മനുഷ്യസമൂഹമാർജിച്ച തിരിച്ചറിവിന്റെ നിദർശനമായിരുന്നു PWD Act 1995 ൽ നിന്ന് RPWD Act 2016 ലേക്കുള്ള വളർച്ച.

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെ കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 14, 15 (1), 15(2) പ്രകാരം മതം, ജാതി, ലിംഗം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലാത്തതാണ്. തുല്യപദവി, തുല്യവേതനം, തുല്യപങ്കാളിത്തം എന്നിവ ഭരണഘടനയും ഉറപ്പുനൽകുന്നുണ്ട്. ഭരണഘടനയും നിയമങ്ങളുമെല്ലാം നിലനിൽക്കുമ്പോഴും സമത്വബോധമെന്ന ലക്ഷ്യത്തിലേക്ക് ഇനിയുമൊരുപാട് സഞ്ചരിക്കാനുണ്ട് എന്നതാണ് വാസ്തവം. കേരളവുമായി തട്ടിച്ചു നോക്കിയാൽ ഏതാണ്ട് അമ്പതാണ്ട് പിന്നിലാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളുടെയും അവസ്ഥ എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
ഭിന്നശേഷിസൗഹൃദ കേരളം
ഭിന്നശേഷിസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ, കേരളത്തിന് എത്രമാത്രം മുന്നേറാൻ സാധിച്ചിട്ടുണ്ട് എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. 2016- ൽ അധികാരമേറ്റ എൽ.ഡി.എഫ് സർക്കാർ ആദ്യമേ നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന്, ഭിന്നശേഷി സൗഹൃദസംസ്ഥാനമെന്ന ആശയത്തെ പ്രയോഗവൽക്കരിക്കുന്നതിനെ കുറിച്ചായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യനീതി വകുപ്പും നിരവധി പദ്ധതികളും പരിപാടികളുമാണ് നടപ്പിലാക്കിവരുന്നത്. വിദ്യാഭ്യാസവകുപ്പിനുവേണ്ടി എസ്.എസ്.കെയും ആരോഗ്യ വകുപ്പുമൊക്കെ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണ്. മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെങ്കിലും ഇതര സാമൂഹിക വികസന സൂചികയിലെന്ന പോലെ അടയാളപ്പെടാൻ ഇനിയും മുന്നോട്ടു പോകാനുണ്ട് എന്നതാണ് നേര്.
ഭൂരിപക്ഷഹിതത്തിൽ ലോകത്തെ രൂപകൽപന ചെയ്യുകയും, ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളി നേരിടുന്ന മനുഷ്യർക്ക് ജീവിക്കാൻ പ്രയാസമുള്ളതാക്കുകയും ചെയ്തശേഷം, ആ തെറ്റിനെ ന്യായീകരിക്കാൻ ലോകം അവർക്ക് നൽകിയ വിശേഷണപദമാണ് ഡിസേബിൾഡ് എന്നത്. മലയാളത്തിലേക്ക് വന്നപ്പോഴാകട്ടെ, കഴിവില്ലായ്മ എന്ന അവസ്ഥയും കടന്ന് വികലമായ അവസ്ഥയിലുള്ളവർ എന്ന വിഷലിപ്തമായ പ്രയോഗമായി അത് മാറി. ഇക്കാര്യത്തിലും ഒരു തിരുത്തൽ നയം രൂപപ്പടുത്തി എന്നതും എടുത്തു പറയേണ്ടതുണ്ട്.

വികലാംഗരിൽനിന്ന് ഭിന്നശേഷിക്കാരിലേക്കും വെല്ലുവിളികൾ നേരിടുന്ന മനുഷ്യരിലേക്കുമുള്ള മാറ്റം കേവലമായ ഭാഷാവ്യതിയാനം മാത്രമല്ല എന്നാണ് പറഞ്ഞുവന്നത്. Differently abled എന്നതിൽ നിന്നു പോലും ലോകം മുന്നോട്ടുപോയിട്ടുണ്ട്. വെല്ലുവിളി നേരിടുന്നവർ (Persons with Physically or Mentally Challenged), പ്രത്യേക പരിഗണന അർഹിക്കുന്നവർ (Persons with special needs) അവകാശങ്ങൾക്ക് കൂടുതൽ അർഹരായവർ (Persons with deserving more rights) എന്നിങ്ങനെ പരിമിതികൾക്കല്ല, വ്യക്തിക്ക് ഊന്നൽ നൽകുന്ന ഭാഷാവിശേഷണങ്ങളിലുണ്ടാവുന്ന മാറ്റം ഒരു ജനതയുടെ സാംസ്കാരിക പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്.
ദേശീയതലത്തിൽ ഉപയോഗിക്കുന്ന ‘ദിവ്യാംഗൻ’ എന്ന വാക്ക് യഥാർത്ഥത്തിൽ ഭിന്നശേഷിയുള്ളവരെ സാമാന്യ മനുഷ്യരിൽനിന്ന് വേർപെടുത്തുന്ന വിശേഷണമാണ്. എല്ലാവരും ഉൾച്ചേരുന്ന മനുഷ്യസമൂഹം എന്ന വിശാലവീക്ഷണം ആ വാക്ക് മുന്നോട്ടു വെക്കുന്നില്ല. അതുകൊണ്ടുതന്നെ ദിവ്യാംഗൻ എന്ന നിന്ദാസ്തുതിയേക്കാൾ ഉയർന്നുനിൽക്കുന്നത് അവകാശങ്ങൾക്കർഹരായവർ എന്ന വിശേഷണം തന്നെയാണ്. ഫ്രഞ്ച് മാർക്സിസ്റ്റ് ദാർശനികനായ ലൂയി അൽത്യുസറിന്റെ "ഭാഷ നിങ്ങളെ വെളിപ്പെടുത്തുക തന്നെ ചെയ്യും" എന്ന വാചകത്തിന്റെ രാഷ്ട്രീയാർത്ഥമാണ് ഇവിടെ വെളിവാകുന്നത്.
ഗുരുതരമായ ജീവിതയാഥാർത്ഥ്യത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സമൂഹമനോഭാവത്തിലെ തടസ്സങ്ങളാണ് (Attitudinal Barriers). വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കൺവെൻഷൻ ‘ഡിസെബിലിറ്റി'യ്ക്ക് നൽകുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ‘‘ഭൗതിക സൗകര്യങ്ങളുടെയും മനോഭാവങ്ങളുടെയും തടസ്സങ്ങൾ കാരണം പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന ജീവിതാവസ്ഥയ്ക്ക് നൽകാവുന്ന വിശേഷണമാണ് ഡിസെബിലിറ്റി’’ എന്നാണ് യു.എൻ പ്രഖ്യാപിക്കുന്നത്.

ഇത്തരമൊരു നിരീക്ഷണത്തെ സാധൂകരിക്കുന്ന കാഴ്ചപ്പാടുകളും സമീപനവുമാണ് ഭിന്നശേഷിക്കാർക്കുനേരെ കേരളസമൂഹം പോലും വെച്ചുപുലർത്തുന്നത്. അവർ പഠിക്കാൻ കഴിയാത്തവരാണ്, അഭിപ്രായമില്ലാത്തവരാണ്, കുടുംബജീവിതം നയിക്കാൻ പ്രാപ്തിയില്ലാത്തവരാണ്, തുല്യനീതിക്ക് അവകാശമില്ലാത്തവരാണ് തുടങ്ങി സ്വന്തം വീട്ടുകാർ വരെ വെച്ചുപുലർത്തുന്ന അബദ്ധധാരണകൾ നിരവധിയാണ്. സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകൾ കാരണം ഒരു വിഭാഗം മനുഷ്യർ നേരിടേണ്ടിവരുന്ന അപമാനവും അവസരനഷ്ടവും നീതിനിഷേധവും അനവധിയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നഷ്ടപ്പെടുന്ന ബാല്യകൗതുകങ്ങളും പെൺകുട്ടികൾ വിശിഷ്യാ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണവും അതിക്രമവുമെല്ലാം ഈ കാഴ്ചപ്പാടിന്റെ തുടർച്ചകൾ തന്നെയാണ്.
തുല്യതയ്ക്കും അന്തസ്സിനും കോട്ടം തട്ടാതെ ജീവിക്കാനുള്ള അവസരം എല്ലാവർക്കും ഉറപ്പുവരുത്തുന്നതിന് പുതിയകാല നിയമങ്ങളെല്ലാം ഒരേപോലെ നിലകൊള്ളുമ്പോഴും ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന മനുഷ്യർ രണ്ടാംകിട പൗരരായി ജീവിക്കേണ്ടിവരുന്ന സാഹചര്യം പൂർണമായും ഇല്ലാതായിട്ടില്ല എന്നാണ് പറഞ്ഞുവരുന്നത്. വിശ്വാസങ്ങൾ, മുൻധാരണകൾ തുടങ്ങി പല കാര്യങ്ങളിലുമുള്ള പ്രതിലോമകരമായ കാഴ്ചപ്പാടുകളാണ് ദയനീയമായ ഈ സ്ഥിതിവിശേഷത്തിനുള്ള യഥാർത്ഥ കാരണം. നേതൃസ്ഥാനങ്ങളിലെ സാന്നിധ്യമുറപ്പിക്കൽ, തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തമുറപ്പിക്കൽ മുതലായ കാര്യങ്ങൾ ഐക്യരാഷ്ട്രസഭാ മുദ്രാവാക്യങ്ങളായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഭൗതിക സൗകര്യങ്ങളിലെ അപര്യാപ്തതകളും അവകാശ തുല്യതയ്ക്ക് തടസ്സം നിൽക്കുന്ന വസ്തുതകളാണ്. പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാകണമെന്നാണ് നയവും നിയമവുമെങ്കിലും ഇപ്പോഴുമത് പൂർണ്ണമായിട്ടില്ല. മുടങ്ങാതെ ലഭിക്കേണ്ട തെറാപ്പികളും മറ്റ് ചികിത്സകളും എളുപ്പത്തിൽ ലഭ്യമാകുന്നില്ല. കിടപ്പിലുള്ളവരെ പരിചരിക്കാനുള്ള സംവിധാനങ്ങൾ ഇനിയും വിപുലപ്പെടേണ്ടതുണ്ട്. അർഹമായ തൊഴിൽ സംവരണങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് . വൈവിധ്യവും സങ്കീർണവുമായ അവസ്ഥാവിശേഷം പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, ചിലർക്കെങ്കിലും അവമതിയും അപമാനവും ഏൽക്കേണ്ടിവരുന്നുണ്ട്.എഴുതിയാൽ തീരാത്തത്രയും ഗുരുതരമായ ജീവിതാവസ്ഥകളിലൂടെയാണ് ഭിന്നശേഷിക്കാരിൽ പലരും ഓരോ ദിവസവും തള്ളിനീക്കുന്നത്.

ഭൗതികമായ അസൗകര്യങ്ങളും അസമത്വങ്ങളുമെല്ലാം പരിഹരിക്കപ്പെടണമെങ്കിൽ, പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആദ്യം മാറ്റമുണ്ടാവണം. പരിമിതികളുടെ പേരിൽ, ഒരാൾക്കും ഒരുതരത്തിലുമുള്ള മാർജിനലൈസേഷനും സംഭവിക്കാൻ പാടില്ല എന്നതാണ് പരിഷ്കൃത സമൂഹത്തിനുണ്ടായിരിക്കേണ്ട കാഴ്ചപ്പാട്. അരികുവൽക്കരണത്തെ സാംസ്കാരികാവബോധം കൊണ്ട് പ്രതിരോധിക്കുക എന്നത് പ്രധാനമാണ്.
ലോകത്തു നിലനിൽക്കുന്ന അസമത്വങ്ങളെ സാധൂകരിക്കുകയല്ല, നിരാകരിക്കുകയും സമത്വാവബോധം വികസിപ്പിക്കുകയുമാണ് ഓരോ മനുഷ്യരും ഏറ്റെടുക്കേണ്ട രാഷ്ട്രീയദൗത്യം.
സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പരിഹരിക്കാവുന്ന നിരവധി പ്രശ്നങ്ങളാണ് ഭിന്നശേഷിക്കാർ ഇപ്പോഴും അനുഭവിച്ച് വരുന്നത്. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ സാധിച്ചാൽ ഭിന്നശേഷിക്കാരുടെ മുഖ്യധാരാവത്കരണം (Mainstreaming) വലിയൊരളവിൽ സാധ്യമാകും എന്നതാണ് യാഥാർത്ഥ്യം. ഈ ലക്ഷ്യത്തോടെയുള്ള അനവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിവരുന്നു എന്നത് ശുഭോദർക്കമാണ്.
"Fostering disability - inclusive societies for advancing social progress" എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ മുദ്രാവാക്യം. നീതി ഉറപ്പാക്കുന്ന, ഉൾച്ചേർന്ന സ്വഭാവമുള്ള, തുല്യതയാർന്ന ഒരു ലോകസൃഷ്ടി സാധ്യമാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഫോക്കസ് പോയന്റ്. ലോകപുരോഗതിയിൽ ഭിന്നശേഷിക്കാരായ മനുഷ്യരുടെ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന ഐക്യരാഷ്ടസഭാ സമിതിയുടെ ആഹ്വാനത്തെ ഉൾക്കൊള്ളാനും നടപ്പിലാക്കാനും സാമൂഹ്യ സംവിധാനങ്ങൾ എത്രമേൽ സജ്ജമാണ് എന്ന ഗൗരവമായ ചോദ്യം കൂടി ഈ വർഷത്തെ മുദ്രാവാക്യം ഉയർത്തുന്നുണ്ട്.
