ഡോ. അംബേദ്കറുടെ മഹദ് സത്യഗ്രഹവും
ഇപ്പോഴും തുടരുന്ന ‘ജാതി ഇന്ത്യ’യും

1927 മാർച്ച് 20 ന് ഡോ. ബി.ആർ. അംബേദ്‌കർ ദലിത് ജനങ്ങളെ സംഘടിപ്പിച്ച് മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടത്തിയ സത്യാഗ്രഹത്തിന്റെ ഓർമയ്ക്കാണ് Social Empowerment Day ആചരിക്കുന്നത്. ജാതി ഇന്നും ഒരു വലിയ പ്രശ്നമായി നിലനിൽക്കുന്ന ഇന്ത്യയിൽ ഈ ദിനാചരണത്തിന് പ്രസക്തിയു​ണ്ടെന്ന് പ്രഭിജിത്ത് കെ. എഴുതുന്നു.

2003-ലാണ് ഇന്ത്യൻ സാമൂഹിക നീതി മന്ത്രാലയം മാർച്ച് 20 സാമൂഹിക ശാക്തീകരണ ദിനമായി (Social Empowerment Day) ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 1927 മാർച്ച് 20 ന് ഡോ. ഭീംറാവു അംബേദ്‌കർ ദലിത് ജനങ്ങളെ സംഘടിപ്പിച്ച് മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടത്തിയ സത്യാഗ്രഹത്തിന്റെ ഓർമയ്ക്കാണ് ഈ ദിനാചരണം.

ഇന്ത്യയിൽ വേരാഴ്ന്നുനിൽക്കുന്ന ജാതി വ്യവസ്ഥയെയെയും, അതിന്റെ നിയമങ്ങളെയും വെല്ലുവിളിച്ച്, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും അതിനായി പോരാടാനും, ഒപ്പം, പുരുഷാധിത്യ വ്യവസ്ഥക്കിരയായ സ്ത്രീകളെ വിമോചിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു മഹദ് സത്യഗ്രഹം (Mahad Satyagraha). മനുസ്മൃതി അഗ്നിക്കിരയാക്കി തുടങ്ങിയ ഈ ​പ്രക്ഷോഭം ഇന്ത്യയിലെ സാമൂഹിക വിപ്ലവ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമായിരുന്നു.

ജാതി ഒരു സവിശേഷ യാഥാർഥ്യമായി നിലനിൽക്കുന്ന ഇന്ത്യയിൽ, മനുസ്മൃതി നിയമങ്ങൾ പുനരാവിഷ്കരിക്കാൻ ശ്രമം നടക്കുമ്പോൾ, മഹദ് സത്യഗ്രഹത്തിനും സാമൂഹിക ശാക്തികരണ ദിനത്തിനും ഏറെ പ്രസക്തിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ, ഏറ്റവും മികച്ച ലിഖിത ഭരണഘടന നിർമിച്ചു നൽകുന്നതിൽ പരമപ്രധാനമായ പങ്കുവെച്ച ഡോ.ബി.ആർ. അംബേദ്കറുടെ പേര്, മുദ്രാവാക്യമായി മുഴങ്ങുന്നത് , പാർലമെന്റിൽ ഏതോ വലിയ വിപത്തിനെന്നപോലെ അവതരിപ്പിച്ച ആഭ്യന്തര മന്ത്രിയുള്ള ഈ കാലത്ത് അംബേദ്‌കറെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ഉയർത്തിക്കാട്ടേണ്ടത് അത്യാവശ്യമാണ്.

പോരാട്ട സംഘടനയുമായി
ഡോ. അംബേദ്കർ

ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ യാഥാർഥ്യങ്ങളെ ഏറെ ഗഹനമായ പഠനത്തിന് വിധേയമാക്കിയ വ്യക്തിയാണ് ഡോ. അംബേദ്‌കർ. അതുകൊണ്ടു തന്നെ അതിന്റെ നശീകരണത്തിന് തന്നാലാവും വിധം എല്ലാ മാർഗങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 1924 മാർച്ചിൽ ബഹിഷ്കൃത ഹിതകാരിണി സഭക്ക് രൂപം നൽകിയത്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശത്തിന് പോരാടുക, അതോടൊപ്പം വിദ്യഭ്യാസത്തിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും അവരെ ശാക്തീകരിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. ഏറെ പ്രശസ്തമായ ‘EDUCATE, AGITATE, ORGANIZE’ ആയിരുന്നു സംഘടനയുടെ മുദ്രവാക്യം. അംബേദ്‌കർക്കൊപ്പം സി.എച്ച്. സെതല്വധ്, മേയർ നസീം എന്നിവരും സംഘടനയുടെ നെടുംതൂണായി വർത്തിച്ചു. ജാതിവിരുധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച സഭ തൊട്ടുകൂടായ്‌മയെ നിയമപരമായി തന്നെ നിരോധിക്കണമെന്നും പൊതുസ്ഥലങ്ങൾ എല്ലാവർക്കും തുറന്നു കൊടുക്കണമെന്നും ശക്തമായി വാദിച്ചു.

1923 -ലാണ് സാമൂഹിക പരിഷ്കർത്താവായ എസ്.കെ ഭോലെ, പൊതുഫണ്ട് ഉപയോഗിച്ചു നിർമിച്ച വിദ്യാലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, പ്രത്യേകിച്ച് കുടിവെള്ള ആവശ്യത്തിനായുള്ള കുളങ്ങളും മറ്റു സൗകര്യങ്ങളും തൊട്ടുകൂടാത്തവർക്കും ഉപയോഗിക്കാൻ തുറന്നു കൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഈയൊരു പ്രമേയം ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗീകരിക്കുകയും നിയമം പാസാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മഹദ് കൗൺസിൽ ഈ നിയമം നടപ്പിലാക്കാനും തീരുമാനിച്ചു. എന്നാൽ പ്രബലരായ ജാതി ഹിന്ദുക്കളുടെ തുടർച്ചയായുള്ള സമ്മർദ്ദം മൂലം ഈ നിയമം നടപ്പിലാക്കാൻ കൗൺസിലിന് സാധിക്കുന്നില്ല.

എന്നാൽ ഈ നിയമം ദലിതുകൾക്കും മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവസ്ഥ സാധ്യമാക്കും എന്നുകണ്ട അംബേദ്കർ മഹദിലെ കുടിവെള്ളം ദലിതുകൾക്കും ലഭ്യമാകുന്നതിനും നിയമത്തിന്റെ നടത്തിപ്പിനും വേണ്ടി സത്യാഗ്രഹം ആസൂത്രണം ചെയ്തു. മഹദ് മുനിസിപ്പാലിറ്റി പ്രസിഡന്റും സാമൂഹിക പരിഷ്കർത്താവുമായ സുരേന്ദ്ര നാഥ് ടിപ്‌സിന്റെ പൂർണ പിന്തുണയോടെയാണ് അംബേദ്കർ സത്യാഗ്രഹം എന്ന ആശയം തയ്യാറാക്കിയത്. 5000- ത്തോളം ദലിതുകളെ സംഘടിപ്പിച്ച് മഹദിലെ ചാവ്ദർ കുളത്തിലേക്ക് മാർച്ച് ചെയ്യുകയും ജാതിഹിന്ദുക്കളെ സാക്ഷിയാക്കി കുളത്തിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു.

1927 മാർച്ച് 20 ന് ഡോ. ഭീംറാവു അംബേദ്‌കർ ദലിത് ജനങ്ങളെ സംഘടിപ്പിച്ച് മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടത്തിയ സത്യാഗ്രഹത്തിന്റെ ഓർമയ്ക്കാണ് Social Empowerment Day ആചരിക്കുന്നത്.  /Representative image
1927 മാർച്ച് 20 ന് ഡോ. ഭീംറാവു അംബേദ്‌കർ ദലിത് ജനങ്ങളെ സംഘടിപ്പിച്ച് മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി നടത്തിയ സത്യാഗ്രഹത്തിന്റെ ഓർമയ്ക്കാണ് Social Empowerment Day ആചരിക്കുന്നത്. /Representative image

സത്യാഗ്രഹത്തിൽ സ്ത്രീപ്രതിനിധ്യം ഉറപ്പാക്കിയ അംബേദ്കർ, സ്ത്രീകളോട് എല്ലാവിധ പ്രാകൃത ജാതി ആചാരങ്ങളെ നിരാകരിക്കാൻ ആഹ്വാനം ചെയ്തു. സാരി ധരിക്കാൻ അനുവാദമില്ലാതിരുന്ന ദലിത് സ്ത്രീകളോട് ഉയർന്ന ജാതിക്കാർ ധരിക്കുന്നതുപോലെ തന്നെ വസ്ത്രം ധരിക്കാനും ആഹ്വാനം ചെയ്തു. എട്ടു മാസങ്ങൾക്കപ്പുറം ഡിസംബറിൽ വീണ്ടുമൊരു സമ്മേളനം മഹദിൽ തന്നെ അംബേദ്കർ തീരുമാനിച്ചെങ്കിലും ചില നിയമ പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ, 1927 ഡിസംബർ 25 ന് ജാതി വ്യവസ്ഥയുടെ അടിസ്ഥാനരേഖയായ, ‘‘മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുള്ള സാമൂഹിക അനീതിയുടെ ഏതൊരു സംഭവവും മനുവിന്റെ നിയമത്തിനു മുന്നിൽ നിറംമങ്ങിപ്പോകും’’ എന്ന് അംബേദ്കർ വിശേഷിപ്പിച്ച, മനുസ്മൃതി പ്രതിഷേധ സ്ഥലത്ത് അഗ്നിക്കിരയാക്കി, ഹിന്ദു മതത്തിലെ പുത്തൻ പരിഷ്കരണത്തിന് അംബേദ്കർ ആഹ്വാനം ചെയ്തു. ഇങ്ങനെ നീണ്ട സമരങ്ങളുടെ ഫലമായി 1937- ൽ ചാവ്ധർ കുളം ദലിതർക്കും തുറന്നുകൊടുക്കാൻ കോടതി വിധിച്ചു.

സാമൂഹിക വിപ്ലവത്തിനുള്ള ആഹ്വാനം

‘‘വെള്ളം കുടിക്കാനല്ല നാം ചാവ്ദർ കുളത്തിലേക്ക് പോകുന്നത്. ജാതിയിൽ താഴ്ന്നവരെ വെള്ളമെടുക്കാൻ അനുവദിച്ചാൽ സമന്മാരായായി അംഗീകരിക്കലാകുമോ എന്നു ഭയക്കുന്ന ചിലരുണ്ട്. അവരെ പോലെ നാമും സമന്മാരാണെന്ന സന്ദേശം ശക്തിപ്പെടുത്താൻ മാത്രമാണ്. സമത്വ പ്രഖ്യാപനത്തിനാണ് ഈ സമ്മേളനം വിളിച്ചു കൂട്ടിയത്’’- സത്യഗ്രഹവേദിയിൽ ഡോ. അംബേദ്കർ പ്രഖ്യാപിച്ചു.

‘സമത്വം’ എന്ന സങ്കല്പത്തിനും അതിന്റെ നിയമപരവും പ്രായോഗികവുമായ നടത്തിപ്പിനുമായി ജീവിതം സമർപ്പിക്കുകയായിരുന്നു ഡോ. അംബേദ്കർ. താൻ അധിവസിക്കുന്ന സമൂഹത്തിലെ മനുഷ്യരായി പിറന്ന എല്ലാവർക്കും ആ പരിഗണന നൽകാതെ, അവരെ പല തട്ടുകളിലായി, ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് മേലെയാക്കി, അധീശത്വ- അടിമ ശൃംഖലകളാക്കി മാറ്റുന്ന അനീതിയെ അദ്ദേഹം കൃത്യമായി മനസ്സിലാക്കി. ജനിച്ച നാൾ മുതൽ ജാതി സൃഷ്‌ടിച്ച അസമത്വത്തിന്റെ ഇരകളിലൊരാളായതുകൊണ്ടാണ് അംബേദ്കറിന് ഈ തിരിച്ചറിവുണ്ടായത്.

സുബേധാറായിരുന്ന തന്റെ അച്ഛൻ രാംജി സക്പാലിനെ കാണാൻ പോകുമ്പോൾ റെയിൽവേ സ്റ്റേഷനിൽ, ‘മഹർ’ ജാതിക്കാരനാണ് എന്നറിഞ്ഞ് കാളവണ്ടിക്കാർ വാഹനത്തിൽ കയറ്റാൻ വിസമ്മതിച്ചപ്പോഴും, സ്കൂളിൽ മറ്റു കുട്ടികൾക്കൊപ്പം ഇരിക്കാനനുവദിക്കാത്തതിനാൽ സ്വന്തമായി കൊണ്ടുവന്ന ചാക്കിൽ നിലത്തിരുന്ന് പഠിക്കേണ്ടിവന്നപ്പോഴും താഴ്ന്ന ജാതിക്കാരനായതിനാൽ തല ചായ്ക്കാൻ ഒരിടം കിട്ടാതെ വന്നപ്പോഴും അംബേദ്കർ ജാതി എന്ന ഭീമാകാര യാഥാർഥ്യത്തെ കൂടുതലായി മനസിലാക്കുകയായിരുന്നു.

ഇന്ത്യയിൽ ജാതി സൃഷ്‌ടിച്ച വലിയ യാഥാർഥ്യങ്ങളിലൊന്നാണ് അസമത്വം. ബ്രാഹ്മണർ തങ്ങൾക്ക് തുല്യരായി ക്ഷത്രിയരെ പരിഗണിച്ചിരുന്നില്ല, ക്ഷത്രിയർ വൈശ്യരോട് അതിന്റെ കൂടിയ അളവിൽ വിവേചനവും അധികാരവും പ്രകടമാക്കി, ഇങ്ങനെ ഒരു വിഭാഗത്തിനുമേലെ ആധിപത്യം സ്ഥാപിച്ച്, തങ്ങൾ മുകളിൽ നിന്ന് നേരിടുന്ന വിവേചനത്തെ അതേപടി താഴെത്തട്ടിലേക്ക് പകരാൻ ഈ ഘടന ശ്രദ്ധിച്ചുപോന്നു. ഈ ശ്രേണീവ്യവസ്ഥ അതിന്റെ താഴെ തട്ടിലുള്ള വർഗത്തെ എന്നും ദുർബലപ്പെടുത്തി നിർത്തി. അതുമൂലമാണ് ഇന്ത്യയിൽ സാമൂഹിക വിപ്ലവം അല്ലെങ്കിൽ പരിഷ്കരണം നടക്കാതെ പോകുന്നതെന്ന് അംബേദ്കർ മനസ്സിലാക്കി. അതുകൊണ്ടാണ് ദുർബല ജനതയെ ശാക്തീകരിച്ചുകൊണ്ടുള്ള സാമൂഹിക പരിഷ്കരണത്തിന് അംബേദ്കർ എഴുതുകയും പ്രവർത്തിക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെയാണ് സവർണശക്തികളുടെ ശക്തമായ വെല്ലുവിളി മറികടന്ന്, 5000- ത്തോളം ദലുതുകളെയും കൂട്ടി, സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി ഒരു സത്യാഗഹത്തിന് മുന്നിട്ടിറങ്ങിയത്.

മഹദ് സത്യാഗ്രത്തിലൂടെ അംബേദ്കർ തുടക്കമിട്ടത് വലിയൊരു സാമൂഹിക വിപ്ലവത്തിനാണ്. ജാതിയെ അതിന്റെ ഇരകളെ മുന്നിൽനിർത്തി തന്നെ ചോദ്യം ചെയ്യാൻ അംബേദ്കറിന് സാധിച്ചു. കാരണം അന്നത്തെ ഇന്ത്യയിൽ പലരും രാഷ്ട്രീയ പരിഷ്കരണത്തിനാണ് വാദിച്ചിരുന്നത്. എന്നാൽ, രാഷ്ട്രീയ പരിഷ്കരണത്തിന് മുന്നോടിയായി സംഭവിക്കേണ്ട സാമൂഹിക പരിഷകരണത്തിന്റെ പ്രാധാന്യമാണ് അംബേദ്കർ ഇത്തരമൊരു സമരത്തിലൂടെ മുന്നോട്ടുവച്ചത്. അതിന്റെ വ്യക്തമായ കാരണങ്ങളും, ചരിത്രപരമായ ദൃഷ്ടാന്തങ്ങൾ വെച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സാമൂഹികവും മതപരവുമായ വിപ്ലവങ്ങൾക്കു ശേഷമാണ് രാഷ്ട്രീയ വിപ്ലവങ്ങൾ സംഭവിച്ചത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലൂതർ ആരംഭിച്ച മതപരിഷ്കരണവും ഇംഗ്ലണ്ടിലെ പ്യൂരറ്റിനിസവും മറ്റു ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ജാതി’യെ ഇന്ത്യയുടെ നിലനിൽപ്പിന്റെ വൻ വിപത്തായി മനസിലാക്കിയ അംബേദ്കർ, സോഷ്യലിസ്റ്റുകളോട്, ഇന്ത്യയിലെ സാമൂഹിക പരിഷ്കരണത്തിന് ജാതി പ്രധാന പ്രശ്നമായി കണക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്. ‘ജാതി’യെ അവഗണിച്ചു മുന്നോട്ടുപോയാൽ എത്ര വികസന പ്രവർത്തനങ്ങൾ നടത്തിയാലും, ജാതി ഭീമാകര ജന്തുവായി കുറുകെയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. ഈ നിരീക്ഷണം എത്ര കൃത്യമായ ഒന്നാണെന്ന് ഇന്നും ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമം കാണുമ്പോൾ മനസിലാക്കാം.

ഇപ്പോൾ ഡോ. ബി.ആർ. അംബേദ്‌കറെ സ്വന്തമാക്കാൻ മത്സരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിനുപുറകിൽ രാഷ്ട്രീയലാഭം മാത്രമാണുള്ളത്. അംബേദ്കർ പ്രതിനിധാനം ചെയ്ത വിഭാഗങ്ങൾ ഇന്നും അനുഭവിക്കുന്ന സാമൂഹിക- സാമ്പത്തിക- സാംസ്കാരിക- രാഷ്ട്രീയ വിവേചനങ്ങൾ ഇല്ലാതായാൽ മാത്രമേ അംബേദ്‌കറുടെ മുദ്രാവാക്യങ്ങൾക്ക് അർത്ഥപൂർണ്ണത ലഭിക്കൂ എന്ന തിരിച്ചറിവാണ് ഈ രാഷ്ട്രീയപാർട്ടികൾക്കുണ്ടാകേണ്ടത്, അ​പ്പോൾ മാത്രമേ, പുതിയൊരു സാമൂഹ്യ മാറ്റത്തിന് വഴിയൊരുങ്ങുകയുള്ളൂ.

Comments