യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തലുകൾ ശരിയായ പരിഹാരങ്ങളിലെത്താൻ നമ്മളെ സഹായിക്കും. നമ്മുടെ കുട്ടികളുടെ കാര്യത്തിൽ അത് വിട്ടുവീഴ്ചയില്ലാത്ത ആവശ്യമാണ്. വരുംകാലത്തിന്റെ അനിവാര്യതയുമാണ്. ഇപ്പോൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകൾ, കൊലപാതകങ്ങൾ എല്ലാം, യുവതലമുറ, അല്ലെങ്കിൽ കുട്ടികൾ മുഴുവൻ പ്രശ്നക്കാരാണെന്നും പ്രശ്നം മുഴുവൻ കുട്ടികളുടെ മാത്രമാണെന്നുമുള്ള വിലയിരുത്തലുകളിൽ എത്തുന്നതായി പൊതുവായി കാണുന്നുണ്ട്.
കുട്ടികളുടെ പ്രശ്നം, അവരെ നേരെയാക്കേണ്ട വിഷയം, നിയമം ശക്തിപ്പെടുത്തിയാൽ ശരിയാവുന്ന വിഷയം, ചൂരൽ കൊടുത്താൽ നേരെയാക്കാവുന്ന വിഷയം- ഇങ്ങനെ ഒറ്റമൂലികളൊന്നും ഈ വിഷയത്തെ സമഗ്രമായി അഡ്രസ് ചെയ്യുന്നില്ല. പകരം രക്ഷിതാക്കൾ, അധ്യാപകർ, നിയമപാലകർ, മാനസികാരോഗ്യവിദഗ്ധർ, പൊതുസമൂഹം എന്നീ നിലകളിലൊക്കെ നമ്മളെന്തു ചെയ്യുകയായിരുന്നു? ഇനി എന്തൊക്കെ ചെയ്യാം? ഈ ചോദ്യങ്ങളെ സ്വയം വിമർശനാത്മകമായി സമീപിച്ച്, യോജിക്കാവുന്ന മേഖലകളിൽ യോജിച്ച്, പരസ്പരം പഴിചാരി നേരം കളയാതെ, എന്നാൽ വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് സ്വീകരിച്ച് മുന്നോട്ട് പോവാനുള്ള വൈകാരിക വിവേകം പൊതുസമൂഹത്തിലുണ്ടാകേണ്ടതുണ്ട്.

‘നമ്മൾ എല്ലാം വാങ്ങിക്കൊടുത്ത് ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തി വഴിതെറ്റിപ്പോയ ഒരു തലമുറ’ എന്ന വേർഷൻ നോക്കാം.
ശരിയാണ്, ഒരുപക്ഷേ വാങ്ങുന്നതിന്റെ പിന്നിലെ അധ്വാനമറിയാതെ വളർത്തിയതിന്റെ പ്രശ്നങ്ങളുണ്ടാവാം. പക്ഷേ ഒരു സ്ട്രസ്സുമില്ലാതെ വളർന്ന തലമുറയാണോ ഇവർ? അല്ല. 80 കിഡ്‌സും 90 കിഡ്‌സും ഒരിക്കലും അഭിമുഖീകരിക്കാത്ത സാഹചര്യങ്ങളിലൂടെ കടന്നുവന്ന തലമുറയാണിവരുടേത്. പ്രളയങ്ങൾ, കോവിഡ് ഇതെല്ലാം അവര്‍ നേരിട്ടു. അതേ ഈ പ്രശ്നങ്ങൾ മുതിർന്നവരും നേരിട്ടു. തീർച്ചയായും അവരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടാവാം. പക്ഷേ വ്യക്തിത്വ- സാമൂഹിക വികാസത്തിന്റെ പലപല ഘട്ടങ്ങളിലെത്തിനിൽക്കുന്ന ഈ കുട്ടികളെ ഇതൊക്കെ എങ്ങനെയൊക്കെ എത്രയധികം ബാധിച്ചിട്ടുണ്ടാകാം? അതേക്കുറിച്ച് പ്രത്യക്ഷത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രളയം, കോവിഡ്...
ഒന്നോർത്തുനോക്കൂ
കുഞ്ഞുങ്ങളേയും മുതിർന്നവരേയും സംരക്ഷിക്കുക എന്ന നിലയിൽ ഏറ്റവും ഒറ്റപ്പെടുത്തപ്പെട്ടവരാണ് ഇപ്പോഴത്തെ കുട്ടികൾ. ചുറ്റുമുള്ളവരോട് അകലം സൂക്ഷിക്കുക എന്ന് നിരന്തരം നമുക്ക് അവരോട് പറയേണ്ട സാഹചര്യമുണ്ടായിരുന്നു. കളിയിടങ്ങളും കൂട്ടുകാരും ഒരു സുപ്രഭാതത്തിൽ അവരിൽനിന്നകന്നുപോയി. പ്രിയപ്പെട്ടവരുടെ വേർപാട്, തനിക്കും ചുറ്റുമുള്ളവർക്കും അസുഖം വരുമോയെന്ന അരക്ഷിതാവസ്ഥ. ഇതെല്ലാം ദീർഘകാലമായി എന്ത് സ്വാധീനമായിരിക്കും കുട്ടികളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാക്കിയിരിക്കുക. (ഈ അനിശ്ചിതാവസ്ഥ, നേരിട്ടനുഭവിച്ച കുട്ടിക്കുമാത്രമേ ഉണ്ടാകൂ എന്നില്ല. നേരിട്ടനുഭവിച്ചവർക്ക് മാത്രമല്ല, കണ്ടിരുന്നവർക്കും ഉണ്ടാകാം.)
അതായത്, നമ്മളിപ്പോൾ പ്രശ്നക്കാരെന്നുപറഞ്ഞ് നിലവിളിക്കുന്ന തലമുറ വിജ്ഞാന വിസ്ഫോടനം വിരൽത്തുമ്പിലുള്ളവരെങ്കിലും നിരന്തരം ദുരന്തങ്ങളെ കണ്ടവരാണ്. മാറിയ കാലാവസ്ഥയുടെ പ്രശ്നങ്ങളെയും ആഗോള മുതലാളിത്തം സൃഷ്ടിക്കുന്ന കമ്പോളവൽക്കരണ കാലത്തെ ഒരുപാട് പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ട തലമുറയാണ്. അതുകൊണ്ടുതന്നെ മാനസികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് ഇനി മാറ്റിവെക്കാൻ സമയമില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല.

നമുക്കതിനുള്ള മാർഗ്ഗങ്ങൾ പഠിച്ചേ തീരൂ. അത് പത്താം ക്ലാസ് പരീക്ഷയുടെ ഒരാഴ്ച മുൻപ് മോട്ടിവേഷൻ ക്ലാസ് കൊടുക്കുന്ന പോലെയല്ല. ദീർഘകാലം നീണ്ടുനിൽക്കുന്നതും ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതു മുതൽ തുടങ്ങേണ്ടതും വിവിധ സിസ്റ്റങ്ങൾ ഉൾപ്പെടേണ്ടതും സാമൂഹ്യ ഉത്തരവാദിത്വമായി മാറേണ്ടതുമാണ്.
എങ്ങനെയാവും അവരുടെ ലോകം ഇൻസ്റ്റഗ്രാം റീലുകളിലും സ്നാപ് ചാറ്റിലും അവിടെയുള്ള ഗ്യാങ്ങുകളിലും അപരലോകങ്ങൾ സൃഷ്ടിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്ത് സന്തോഷം കണ്ടെത്താൻ തുടങ്ങിയത്? നമ്മൾ അപ്പോൾ എവിടായിരുന്നു എന്ന ചോദ്യം നമ്മൾ അവരവരോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
പാരന്റിംഗ് ഒട്ടും എളുപ്പമല്ല. മാത്രമല്ല സാങ്കേതികമായി GEN C-യുടെ ഒപ്പം പിടിച്ചു നിന്നാലേ ഇവരുടെ മാനസിക ലോകത്തിന്റെ ഒരു ചിത്രം ശരിക്കും വ്യക്തമാവൂ. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധികൾ, സാമൂഹ്യ സാഹചര്യങ്ങൾ- രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിൽ കടന്നുപോവുന്ന മനുഷ്യർക്ക് അത് അത്ര എളുപ്പമല്ല. എങ്കിലും ഒന്ന് മനസ്സുവെച്ചാൽ, കുട്ടി നടക്കാൻ പഠിക്കുന്നതുപോലെ പാരന്റിംഗിൽ വരുന്ന തെറ്റുകൾ മനസ്സിലാക്കിയാൽ കുറെ മാറ്റം വരും. രക്ഷിതാക്കൾക്ക് പാരന്റിംഗിനെ കുറിച്ചുള്ള അവബോധമുണ്ടാക്കാനുള്ള നടപടികൾ വേണം.
ഒരു കുഞ്ഞിന്റ ശാരീരിക- മാനസിക വളർച്ചയെ ചുറ്റുമുള്ള പരിസ്ഥിതിയും സ്ട്രസ്സും അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ മുതൽ സ്വാധീനിക്കുന്നു. അമ്മയുടെ സന്തോഷം എത്ര പ്രാധാന്യമുള്ളതാണ് എന്ന് ഗർഭിണികൾക്ക് ക്ലാസ്സെടുക്കുമ്പോൾ പറയേണ്ടിവരാറുണ്ട്. പക്ഷേ ആ നിമിഷം തന്നെ അമ്മ സന്തോഷവതിയായിരിക്കാൻ അമ്മ മാത്രം വിചാരിച്ചാൽ പോരാ എന്ന സാമൂഹ്യ യാഥാർത്ഥ്യം കൂടിയുണ്ട്. കുട്ടിക്കാലത്ത് ബ്രയിൻ അത്രയും വേഗം ചുറ്റുപാടുകളോട് പ്രതികരിച്ച് അതിവേഗം വികസിച്ചുകൊണ്ടിരിക്കും. ‘ന്യൂറോ പ്ലാസ്റ്റിസിറ്റി’ എന്ന മസ്തിഷ്കത്തിന്റെ ശേഷി ഏറ്റവും പ്രകടമാകുന്ന കാലമാണിത്. അതുകൊണ്ടുതന്നെ കുട്ടിക്ക് കിട്ടുന്ന അനുഭവങ്ങള്‍, തുറവികള്‍ എന്നിവ പ്രധാന്യമുള്ളതാണ്.

പലപ്പോഴും ഇപ്പോൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനും അവരെ അടക്കിയിരുത്താനും മൊബൈൽ ഫോൺ അവർക്ക് നൽകാറുണ്ട്. കുഞ്ഞിനോട് മിണ്ടിക്കൊണ്ട് ഭക്ഷണം കൊടുക്കാനോ അവരുടെ ഭാവനാലോകത്തിനൊപ്പം സഞ്ചരിക്കാനോ പലർക്കും നേരമില്ല. മാത്രമല്ല കുഞ്ഞുങ്ങൾ കേൾക്കുന്നതിനെക്കാൾ കാണുന്നതാണ് മാതൃകയാക്കുക. ഉദാഹരണത്തിന്, നമ്മളൊരാളോട് മനോഹരമായി സംസാരിച്ച്, അവർ പോയിക്കഴിഞ്ഞാൽ അവരെ കുറ്റം പറയുന്നത് കാണുന്ന കുട്ടിയുടെ മനസ്സിൽ ഒരു ‘വിശ്വാസ്യതാ പ്രശ്നം’ (ട്രസ്റ്റ് ഇഷ്യൂ) ഉണ്ടാക്കും. ഇതേപോലെ ജനാധിപത്യപരമായ കാഴ്ചപ്പാടുകൾ, ചുറ്റുമുള്ളവരെ കേൾക്കാനുള്ള സഹിഷ്ണുത, പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയെല്ലാം കുട്ടികൾ ആദ്യം പഠിക്കുന്നത് വീടുകളിൽനിന്നാണ്.
കുട്ടികൾ അവരുടെ പ്രശ്നങ്ങൾ രക്ഷിതാക്കളോട് പറയണമെങ്കിൽ, താൻ പറഞ്ഞാൽ ഇവർക്കിത് മനസ്സിലാക്കാൻ കഴിയുമെന്നും അവർ അത് പരിഹരിക്കുമെന്നും കുട്ടിക്കുതന്നെ തോന്നലുണ്ടാവണം. രക്ഷിതാക്കളെക്കാൾ വൈകാരികസ്ഥിരത കാണിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. ചില രക്ഷിതാക്കള്‍ കുട്ടികളെ കുറ്റപ്പെടുത്തി വരാറുണ്ട്. പ്രശ്നം വിശകലനം ചെയ്യുമ്പോൾ ഇവരുടെ കുട്ടികൾ ഇത്രയെങ്കിലും ബാലൻസ്ഡാണല്ലോ എന്നും തോന്നിയിട്ടുണ്ട്. അതായത്, എല്ലാം കുട്ടികളുടെ തലയ്ക്കിടും മുൻപ് നമ്മൾ കൊട്ടിയടച്ചുവെച്ചിരിക്കുന്ന കുടുംബങ്ങളെ ഒന്നു കൂടി ഒന്നു എടുത്തുനോക്കണം, എന്തൊക്കെ കുഴപ്പങ്ങളുണ്ട് എന്ന്.
എത്ര വീടുകളുടെ ഉള്ളിൽ, ജനാധിപത്യപരവും സമാധാനപരവുമായ അന്തരീക്ഷമുണ്ട്? കുടുംബങ്ങളിലുള്ള എല്ലാ പ്രശ്നങ്ങളുടേയും ആദ്യ ഇരകള്‍ കുട്ടികളാണ്. ചിലയിടങ്ങളിൽ രക്ഷിതാക്കള്‍അവരവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നത് കുട്ടികളിലാണ്. കുടുംബത്തെ ബാധിക്കുന്ന സാമ്പത്തിക അസ്ഥിരത മുതൽ കുടുംബ പ്രശ്നങ്ങൾ വരെ ഏറ്റവും ബാധിക്കുക കുട്ടികളെയാണ്. എന്നാലോ യാതൊരു അധികാരങ്ങളും പ്രത്യക്ഷത്തിൽ ഇല്ലാത്ത കുട്ടികളുടെ ആദ്യ ആശ്രയ സ്ഥാനം വീടും രക്ഷിതാക്കളും ആണ്.

ഫുൾടൈം മൊബൈൽ കഥകൾ, കളികൾ കണ്ടു ശീലിച്ച കുട്ടി അക്ഷരങ്ങളും കഥകളും പാട്ടുകളും നേരിട്ടു കേൾക്കാൻ തുടങ്ങുന്നിടം സ്കൂളാണ്. ഒരു കുഞ്ഞ് കുഞ്ഞായി എത്തുന്ന കാലം മുതൽ കൗമാരം വരെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടം. അതായത് സ്കൂളാണ് പിന്നെ ആദ്യത്തെ വീട്. വീട്ടിൽ നിന്ന് കുട്ടിക്ക് നേരിടുന്ന എല്ലാ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെയും ഇല്ലായ്മകളെയും പരിഹരിക്കാൻ കഴിയുന്ന സാമൂഹ്യ സംവിധാനങ്ങളുള്ള ഒരു ഇടമായി സ്ക്കൂളുകൾക്ക് മാറാൻ കഴിയേണ്ടതുണ്ട്.
ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാവുകയും കുട്ടിയിൽ നിന്ന് മുതിർന്നവർ എന്ന സ്വത്ത്വത്തിലേക്കുള്ള യാത്ര ഏറ്റവും സംഘര്‍ഷം നിറഞ്ഞതും ഇമോഷണൽ റഷുകളുടെയും ഹോർമോണൽ ചേഞ്ചുകളുടെയും കാലം ആണ് കൗമാരം. സോഷ്യൽ ക്യൂസിനെറ്റവും കൂടുതൽ തെറ്റിദ്ധരിക്കും. അപകടങ്ങളെ നോക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സ്വാഭാവികമായ കാലം. ഇത്രയും കാലം ഏറ്റവും കൂടുതൽ നേരം കുട്ടി ചിലവഴിക്കുന്ന കുട്ടികളുടെ വികാസത്തിന് വേണ്ട സർഗ്ഗാത്‌മകമായ കൂട്ടി വെക്കലുകൾ സാധ്യമാകുന്ന ഇടം സ്കൂൾ തന്നെയാണ്. മറ്റുള്ളവരെ ബുള്ളിചെയ്യുന്നത് ശരിയല്ല, അപരനോടുള്ള കരുണ, സഹിഷ്ണുത ഇതെല്ലാം പിന്നീട് കുട്ടികൾ പഠിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. അതിനനുയോജ്യമായ പാഠ ഭാഗങ്ങൾ പ്രവർത്തനങ്ങൾ പ്രധാന്യമുള്ളതാണ്. എല്ലാത്തിലുമുപരി കുട്ടികൾ കാണുന്നതാണ് മാതൃക ആക്കുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി പെരുമാറുന്ന, അധ്യാപകർ സ്ക്കൂളിൽ കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ സഹായിക്കേണ്ട പ്രധാന ആളുകൾതന്നെയാണ്.
ഞാൻ എന്റെ പോർഷൻ തീർത്തു ഇനിപ്പോ എനിക്ക് ഒന്നും ചെയ്യാനില്ല എന്നതിൽ ഒന്നും തീരുന്നില്ല. അതിന് പല പല കാര്യങ്ങളുടേയും പൊളിറ്റിക്കൽ കറക്ട്നെസ്സ് മനസ്സിലാക്കാൻ ശ്രമിക്കുന്ന, പൊതു ബോധമുള്ള, മെച്ചപ്പെട്ട ഇമോഷണൽ ഇന്റലിജൻസ് ഉള്ള അധ്യാപകർ വേണം. ഉദാഹരണത്തിന് ഒരു കുട്ടി മറ്റൊരു കുട്ടിയെ തടിയാ എന്ന് വിളിക്കുന്ന കേട്ടാൽ അതിൽ തെറ്റ് തോന്നാത്ത, ഒരു അധ്യാപകന് ബുള്ളിയിംഗ് ശരിയല്ല എന്ന് എങ്ങനെ പറഞ്ഞു കൊടുക്കാനാവും. മാത്രമല്ല വിജ്ഞാനം വിരൽ തുമ്പിലുള്ളവരും ചില കാര്യങ്ങളിൽ നമ്മളെക്കാൾ വിവരം ഈ കുട്ടികൾക്ക് ഉണ്ടാവാം എന്ന ഒരു ബോധം ഉള്ളിൽ ഉണ്ടായിരിക്കുന്നതിൽ ഒരു ഈഗോയും വിചാരിക്കണ്ട. അതായത് അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു പിടിച്ചാലേ സ്ക്കൂൾ അന്തരീക്ഷത്തെപോസിറ്റീവ് ആക്കാൻ കഴിയൂ.

പിന്നെ ഒരധ്യാപകൻ നമ്മുടെ കുട്ടിയെ പറ്റി ഒരു പരാതി പറഞ്ഞാൽ രക്ഷിതാക്കൾക്ക് മുൻവിധി ഇല്ലാതെ അതിനെ പരിശോധിക്കാൻ കഴിയണം.
അതായത് കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന മട്ടിൽ എന്റെ കുട്ടി തെറ്റൊന്നും ചെയ്യില്ലായെന്ന് പറഞ്ഞ് അധ്യാപകൻ തെറ്റുകാരൻ എന്ന നിലയിൽ ആവരുത്.. മറിച്ചും ആകരുത് കാരണം അധ്യാപകൻ അയാളുടേതായ തെറ്റിദ്ധാരണ പുറത്ത് കുട്ടിയെ പറ്റി പരാതി പറഞ്ഞതും ആവാം. കുട്ടി തെറ്റു ചെയ്തിട്ടുണ്ടാവണമെന്നില്ല. അതും ശ്രദ്ധിക്കണം. എടുത്തു ചാടി പ്രതികരിക്കാതെ മുൻവിധികളില്ലാതെ വിഷയത്തെ സമീപിക്കാൻ രക്ഷിതാക്കൾക്കും കഴിയണം. അതു പോലെ തന്നെയാണ് കുട്ടികൾ തമ്മിലുള്ള പ്രശ്നങ്ങളിലും ഇടപെടേണ്ടത്. 'അടുത്തിടെ നടന്ന കുട്ടിസംഘർഷങ്ങളിലെല്ലാം കാണുന്ന കാര്യം ഒറ്റ ദിവസം ഉണ്ടാകുന്ന കാര്യമല്ല. നീണ്ട കാലങ്ങളിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വൈരാഗ്യങ്ങളായി മാറുന്നതും പിന്നീടതു കണക്കു തീർക്കലിന്റെ സ്വഭാവത്തിലേക്ക് മാറുന്നതുമാണ്. അതായത് ഇതിനിടയിൽ അധ്യാപകർ രക്ഷിതാക്കൾ സ്ക്കൂൾ കൗൺസിലേഴ്സ് ഇവർക്ക്, കൃത്യമായി ഇടപെടാൻ കഴിയേണ്ടതുണ്ട്.
കുട്ടികൾ തമ്മിലുളള പ്രശ്നങ്ങൾ മുന്നിൽ വരുമ്പോൾ, പ്രശ്നം ഇവിടെ തീർന്നു നിങ്ങൾ കൈ കൊടുത്തു പിരിയൂ എന്ന കേവലതകൾക്കപ്പുറം പ്രശ്നത്തെ മനസ്സിലാക്കുന്നതിലുള്ള പരാജയം ഒരു വിഷയം തന്നെയാണ്. അതായത് ലഹരി ആണോഏതെങ്കിലും കുട്ടികളുടെ ബിഹേവിയറൽ ഇഷ്യൂസ് ആണോ, കോൺഡക്ട് ഡിസോർഡറിന്റെ വക്കിൽ നിക്കുന്ന ആരെങ്കിലുമിടയിൽ ഉണ്ടോ, കുട്ടികളില്‍ മാനിപുലേഷൻസ് ഉണ്ടോ എന്നിങ്ങനെ മാടമ്പിള്ളിയിലെ യഥാർത്ഥ പ്രശ്നം എന്താണെന്ന് കണ്ടുപിടിച്ചാലേ, സംഘർഷങ്ങൾ മാറ്റി കുട്ടികളെ സൗഹ്യദത്തിലാക്കാൻപറ്റൂ.

ഇത്രയുമൊക്കെ സമയംകണ്ടെത്താൻ നമുക്കുണ്ടോ? സത്യത്തിൽ ഇല്ല പക്ഷേ കണ്ടെത്തിയാൽ മാത്രമേ , പരിഹാരം കാണാൻ പറ്റൂ എന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. കുട്ടികൾ കുട്ടികളാണ് എന്നതിനാൽ, കുട്ടികൾക്ക് ചിലപ്പോൾ ഉപദേശവും മോട്ടിവേഷനും പ്രോത്സാഹനവും ഒക്കെ ആവശ്യമായി വരും. ശിക്ഷയും ശിക്ഷണവും ഒക്കെ കുട്ടിയുടെ മേൽ നോവിച്ചാലേ പറ്റൂ എന്ന ധാരണപാടില്ല. കുട്ടികളിൽ ചിലർ കൂടുതൽ കൂട്ടായിരിക്കും അത് സംഘങ്ങളുണ്ടാക്കും. ഇത് ഇപ്പോഴുഉള്ള കാര്യമല്ല. കുട്ടികൾ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. നമുക്ക് എല്ലാരും അടുത്ത സുഹൃത്തുക്കളാണോ അല്ല. നമുക്ക് രണ്ടു പേരെ നിർബന്ധിപ്പിച്ച് സുഹൃത്തുക്കളാക്കാൻ പറ്റുമോ? ഇല്ല.
പക്ഷേ, ഈ കൂട്ടുകെട്ടുകള്‍ എന്തിന്റെ പേരിലാണ് എന്നത് തിരഞ്ഞെടുക്കാൻ അപരനെ ഉപദ്രവിക്കാതിരിക്കാൻ പരസ്പരം സഹിഷ്ണുത പുലർത്താൻ എന്നതിൽ ശ്രദ്ധ പുലർത്താനേ കഴിയൂ. അത്തരമൊരു ബോധം കുട്ടികളിൽ എങ്ങനെയാണ് വളരുക? അത് ഇമോഷണൽ ഇന്റലിജൻസിനൊപ്പം സോഷ്യൽ ഇന്റലിജൻസും ഡെവലപ്പ് ചെയ്താലേ പറ്റൂ. ഒരാൾക്ക് തന്റെ വികാരങ്ങളെയും അപരന്റെ വികാരങ്ങളെയും മനസ്സിലാക്കാനും മാനേജ് ചെയ്യാനും അതിനനുസരിച്ച് സ്വന്തം സ്വഭാവങ്ങളും പ്രവൃത്തികളും ക്രോഡീകരിക്കാനുമുള്ള ശേഷിയെ ആശ്രയിച്ചിരിക്കുന്നതാണ് ഇമോഷണൽ ഇന്റലിജൻസ്. ഒരു തരത്തിൽ പറഞ്ഞാൽ ഇമോഷണൽ ഇന്റലിജൻസിന്റെ നീട്ടെഴുത്താണ് സോഷ്യൽ ഇന്റലിജൻസ്. ചുറ്റുമുള്ളവരെയും സാഹചര്യങ്ങളെയും മനസ്സിലാക്കി സാമൂഹിക ഇടപെടലുകൾ നടത്താനും ബന്ധങ്ങൾ മാനേജ് ചെയ്യാനും സഹായിക്കുന്നതാണ് സോഷ്യൽ ഇന്റലിജൻസ്. അതായത്, സമൂഹവുമായുള്ള നിരന്തര ഇന്ററാക്ഷൻസിൽ നിന്നാണ് അത് ഡെവലപ്പ് ചെയ്യുന്നത്.
സ്ക്കൂളുകളിൽ സംഘടനാ രാഷ്ട്രീയം നിരോധിച്ചിട്ടുണ്ട്. പക്ഷേ ലോകമെമ്പാടും ഉള്ള കാര്യങ്ങളെ മനസ്സിലാക്കാൻ ഉള്ള പൊളിറ്റിക്കൽ സാക്ഷരത കുട്ടികൾക്ക് ആവശ്യമാണ് അത് അവരിൽ സാമൂഹ്യ ബോധം വളർത്താൻ ഉതകും. ബന്ധങ്ങൾ ഉണ്ടാക്കാൻ ബന്ധങ്ങളെ നിലനിർത്താൻ, ശരിയല്ലാത്ത ബന്ധങ്ങളിൽ നിന്ന് വിടുതൽ നേടാൻ, നമുക്ക് വരുന്ന അനുഭവങ്ങൾ നെഗറ്റീവ് ആണെങ്കിൽ അതിൽ തളരാതെ മുന്നോട്ട് പോകാൻ, വേണ്ട ഇടങ്ങളിൽ പ്രതികരിക്കാൻ, മറ്റുള്ളവരോട് കരുണ കാണിക്കാൻ ഒക്കെ മാത്രമല്ല നമ്മുടെ സഹായ മനസ്ഥിതിയെ എംപതിയെ മാനിപുലേറ്റ് ചെയ്യുന്നത് മനസ്സിലാക്കാൻ... ഇങ്ങനെ പലതിനും നമ്മളെ തയ്യാറാക്കുന്നത് ഇമോഷണൽ \ സോഷ്യൽ ഇന്റലിജൻസ് കൂടിയാണ്.

അതായത് ലോകം മുഴുവൻ നന്മമരങ്ങളാണെന്ന മിഥ്യാധാരണയിൽ അവനവന്റെ കരുണയും സഹിഷ്ണുതയുമൊക്കെ മറ്റുള്ളവർക്ക് നനഞ്ഞിടം കുഴിക്കാനുള്ള സാഹചര്യമുണ്ടാക്കുന്ന അവസ്ഥയിലും കുഞ്ഞുങ്ങളെ എത്തിക്കരുത്. വീട്ടിൽ എല്ലാരും പൊന്നുപോലെ കൊണ്ടു നടക്കുന്ന, ഏതാവശ്യവും ലഭ്യമാകുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച് പുറമെയുള്ള എല്ലാവരും അതെ പോലെ നമ്മളെ സ്വീകരിക്കുമെന്ന ധാരണ ഉണ്ടാവാം. അതിന് വിപരീതമായ സംഭവങ്ങൾ അവരെ സ്ട്രസ്സിൽ വീഴ്ത്തും. ജീവിതത്തിൽ നമ്മളെ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ ഇഷ്ടപ്പെടണമെന്നില്ല ഇനി നമ്മൾ കൂട്ടുകാരാവുമ്പോൾ തന്നെ മറ്റേ ആൾക്ക് താത്പ്പര്യമില്ലെങ്കിൽ അതിൽ നിന്ന് പിന്മാറാം. ഇത് വിഷമമുണ്ടാകും അത് നാച്ചുറൽ റെസ്പോൺസാണ്. പക്ഷേ അതിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ പറ്റിയില്ലെങ്കിലാണ് ആസിഡ് ഒഴിക്കൽ മുതലായ അഗ്രസ്സീവ് പ്രതികാരങ്ങൾക്കിലേക്ക് പോവുക.
കുഞ്ഞുങ്ങളുടെ ഡെവലപ്പ്മെന്റിൽ ആദ്യം മുതൽ അവരുടെ റീസണിംഗ്, ലോജിക്ക് എന്നിവയിൽ മാത്രമല്ല സർവതോൻമുഖമായ ശാരീരിക മാനസിക വളർച്ചയിൽ ശ്രദ്ധിക്കണം. അതിനനുസരിച്ച കരിക്കുലം, കളിയിടങ്ങൾ എന്നിവ വേണം. കളിയിടങ്ങള്‍, കളികള്‍ ഒരു കുട്ടി വിജയിക്കുക മാത്രമല്ല, തോൽക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കുന്ന, കളികളിൽ നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്ന് പഠിക്കുന്ന ഇടമാണ്.
വിദ്യാലയങ്ങളിൽ കലാപഠന ക്ലാസ്സുകൾ വേണം. പൈസ കൊടുത്തു പലർക്കും അഭ്യസനം കീറാമുട്ടിയാണ്. കലാഭ്യസനം, ആസ്വാദനം ഇവ കുഞ്ഞുങ്ങളുടെ മനസ്സിന് ടോണിക്ക് പോലെയാണ്. അതുപോലെ അടച്ചു പൂട്ടി വെച്ച സ്ക്കൂൾ ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ കുട്ടികളിലെത്തട്ടെ. വായനാദിനാചരണങ്ങളിൽ ഒതുങ്ങാതെ കുട്ടികളിലെ വായനയിലേക്ക് നയിക്കാൻ സ്കൂളുകളിൽ വായനാമുറി ഉണ്ടാവുന്നത് നന്നായിരിക്കും. അവിടെ ആനുകാലികങ്ങൾ, എളുപ്പം വായിക്കാവുന്ന പുസ്തകങ്ങൾ ഇവ സെലക്ട് ചെയ്തു വെക്കണം. അവിടെ നിന്ന് വായനയിൽ താല്‍പര്യമുണ്ടാവും. പിന്നീട് കുട്ടിക്ക് സ്വന്തം സ്ക്കൂൾ ലൈബ്രറിയിൽ പോയി ചോദിച്ചു പുസ്തകം വാങ്ങാനുള്ള വായനാ ലഹരി കിട്ടാൻ സാധ്യതയുണ്ട്.
അതുപോലെ തന്നെ എല്ലാ കുട്ടികളും ഒരു വട്ടമെങ്കിലും തിയേറ്റർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കണം.. തിയറ്റർ കരിക്കുലത്തിന്റെ ഭാഗമാവണം . മനസ്സും ശരീരവും തമ്മിൽ ഉള്ള നിയന്ത്രണം, കൂട്ടു ചേർന്ന ഉത്തരവാദിത്വ പ്രവർത്തനങ്ങൾ, പരസ്പരം അഭിപ്രായങ്ങൾ, തുറന്നു പറയുക പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള സഹിഷ്ണുത ഇതെല്ലാം കുട്ടികളിൽ വളർത്താൻ തിയേറ്ററിന് കഴിയും. എട്ടാം ക്ലാസ്സുമുതൽ എല്ലാ വിദ്യാർത്ഥികൾക്കും കൗമാരത്തിലെ ശാരീരിക മാനസിക മാറ്റങ്ങളെക്കുറിച്ചും റിലേഷൻഷിപ്പുകളുടെ പ്രത്യേകതകളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കരിക്കുലത്തിൽ ഉൾപ്പെടുത്തിയ ബോധവൽക്കരണ ക്ലാസ്സുകൾ വേണം. ടെൻഷൻസ് പരാജയങ്ങൾ, റിലേഷൻഷിപ്പ് ഇഷ്യൂസ്, കുടുംബ പ്രശ്നങ്ങൾ, സ്ക്കൂളിലെ പ്രശ്നങ്ങൾ ഇതെല്ലാം സാധാരണ ദൈനംദിന ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിൽ ബാധിക്കുന്നുവെങ്കിൽ മെന്റൽ ഹെൽത്ത് പ്രൊഫഷണൽസിന്റെ സഹായം തേടുന്നതിൽ ഒരു സാമൂഹ്യ സ്റ്റിഗ്മയും വേണ്ട എന്ന അവബോധം, അതിന് എന്താണ് ചെയ്യേണ്ടത് എന്ന അറിവ് ഇതെല്ലാം കൗമാര ക്ലാസ്സുകളിലൂടെ വിനിമയം ചെയ്യാൻ കഴിയണം.

ഇത് ടോക്സിക് ആയ മറ്റ് പരിഹാരങ്ങളിലേക്ക് കുട്ടികൾ ആകൃഷ്ടരാവുന്നത് തടയും. പാലിയേറ്റീവ് കെയർ തുടങ്ങിയ പ്രവർത്തനങ്ങൾ, കൃഷി തുടങ്ങിയവയില്‍ കുട്ടികളെ ഉൾപ്പെടുത്തുക ഇവ കുട്ടിയ്ക്ക് പരാജയങ്ങളെ സ്വീകരിക്കാനും ക്ഷമ ഉണ്ടാവാനും സഹായിക്കും. പ്രശ്നക്കാരായ കുട്ടികളെ ആദ്യം മുതൽ കണ്ടെത്തി മാനസികാരോഗ്യ വിദഗ്ദരുടെ സേവനം ഉറപ്പു വരുത്തൽ പ്രധാന്യമുള്ള കാര്യമാണ്. വീടുകളിൽ നിന്നും സ്ക്കൂളുകളിൽ നിന്നുമുണ്ടാവുന്ന വൈകാരിക പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കെൽപ്പുള്ള മാനസികാരോഗ്യ വിദഗ്ധർ ആവശ്യമാണ്. പ്രശ്നങ്ങളെ കൂടുതൽ വഷളക്കാതെ കുട്ടികളെ മാനേജ്ചെയ്യാനുള്ള സ്കിൽ, പ്രൊഫഷണൽ എക്സലൻസ് ഉള്ളവരെ മാത്രമേ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുത്താവൂ.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
പല തലത്തിൽ വേണം, ലഹരി സോഴ്സ് തടയുന്നതിനൊപ്പം ലഹരി ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ചുള്ള മാസ്സ് പ്രചരണം നിരന്തരം വേണം. കുട്ടികൾ വ്യത്യസ്ത ബുദ്ധിശക്തി ഉള്ളവരാണ്. അത് മനസ്സിലാക്കി ഒരേ ആലയിൽ കെട്ടാതെ വ്യത്യസ്ത കഴിവുകളെ പരിപോഷിക്കാനുള്ള സാഹചര്യം ഒന്നാം ക്ലാസ്സു മുതൽ തന്നെ വേണം. ഇങ്ങനെ പലവിധ പ്രവർത്തനങ്ങളെ വിദഗ്ധനേതൃത്വത്തിൽ കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ഇതിനെല്ലാം ചുക്കാൻ പിടിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. ഉയർന്ന സാമൂഹ്യബോധവും ഇമോഷണൽ ഇന്റലിജൻസുമുള്ള അധ്യാപകരും രക്ഷിതാക്കളും മാനസിക ആരോഗ്യ പ്രവർത്തകരും നിയമപാലകരും ഇത്തരമൊരു പ്രവർത്തനത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്ന് മനസ്സിലാക്കി ഒരുമിച്ച് പ്രവർത്തിച്ചാൽ ആസന്നമായ എല്ലാ പ്രതിസന്ധികളിലും മാനസികാരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും.