‘പുലി വരുന്നേ, പുലി’ മുതൽ Clickbait വരെ; ഡിജിറ്റൽ യുഗത്തിലെ വ്യാജനിലവിളികളും കുട്ടികളും

“വിശ്വസനീയമായ വിവരത്തെ തിരിച്ചറിയാനും, തെളിവ് പരിശോധിക്കാനും, സംശയിക്കേണ്ടിടത്ത് സംശയിക്കാനും, വിശ്വസിക്കേണ്ടിടത്ത് യുക്തിപൂർവം വിശ്വസിക്കാനും കുട്ടികളെ പഠിപ്പിക്കണം. വ്യാജനിലവിളികളെ തടയുക എന്നതുമാത്രമാണോ നമ്മുടെ ലക്ഷ്യം?അതോ യഥാർത്ഥ നിലവിളി ഉയരുമ്പോൾ അത് തിരിച്ചറിയാൻ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണോ? ഡിജിറ്റൽ യുഗത്തിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രധാനപ്പെട്ടത്.” - ഡിജിറ്റൽ കാലത്ത് വ്യാജപ്രചാരണങ്ങളിൽ വീഴാത്ത ഒരു സമൂഹം ഉണ്ടാവേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയാണ് ഡോ. പ്രബീഷ് എം.

“കള്ളം പറഞ്ഞാൽ ഒടുവിൽ ആരും വിശ്വസിക്കില്ല.” ‘പുലി വരുന്നേ, പുലി’ എന്ന പ്രസിദ്ധമായ ഈസോപ്പിന്റെ കഥ തലമുറകളായി കൈമാറുന്നതിന്റെ പ്രധാന കാരണം അതിലെ ലളിതമായ ധാർമ്മിക സന്ദേശമാണ്. ആവർത്തിച്ച് പുലി വന്നുവെന്ന് വിളിച്ചുപറഞ്ഞ ആട്ടിടയൻ ബാലൻ, ഒടുവിൽ യഥാർത്ഥത്തിൽ പുലി വന്നപ്പോഴും ഗ്രാമവാസികളുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ സഹായം ലഭിക്കാതെ പോകുന്നു. കഥയുടെ പരമ്പരാഗത പാഠം വ്യക്തമാണ്: കള്ളം പറയരുത്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹിക, മനഃശാസ്ത്ര, ഡിജിറ്റൽ യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ ഈ കഥയെ വീണ്ടും വായിക്കുമ്പോൾ അതിന്റെ അർത്ഥം അവിടെ അവസാനിക്കുന്നില്ല. ഒരു കുട്ടി എന്തുകൊണ്ടാണ് ആവർത്തിച്ച് വ്യാജനിലവിളി ഉയർത്തുന്നത്? അതിലും പ്രധാനമായി, ഒരു സമൂഹം നിരന്തരം വ്യാജനിലവിളികൾ കേട്ടുകൊണ്ടിരിക്കുമ്പോൾ യഥാർത്ഥ നിലവിളി ഉയർന്നാൽ എന്ത് സംഭവിക്കും? ഇവിടെയാണ് പഴയൊരു ബാലകഥ ഡിജിറ്റൽ യുഗത്തിന്റെ ഗൗരവമുള്ള ഒരു സാമൂഹിക രൂപകമായി മാറുന്നത്.

കള്ളം പറയുന്ന കുട്ടിക്കപ്പുറം

കുട്ടിയുടെ തെറ്റായ പ്രവൃത്തിയെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ തെറ്റായ പ്രവൃത്തിയെ മനസ്സിലാക്കാൻ ശ്രമിക്കാം. ‘പുലി വരുന്നേ, പുലി’യിലെ ബാലൻ കുന്നിൻമുകളിൽ ഒറ്റയ്ക്ക് ആടുകളെ മേയ്ക്കുകയാണ്. ആദ്യമായി അവൻ “പുലി വരുന്നേ” എന്ന് നിലവിളിക്കുമ്പോൾ ഗ്രാമവാസികൾ ഓടിയെത്തുന്നു. അവന് ലഭിച്ച ആ ശ്രദ്ധയും സാമൂഹിക പ്രതികരണവും പിന്നീട് അതേ പെരുമാറ്റം ആവർത്തിക്കുന്നതിന് ഒരു പ്രേരണയായിരുന്നിരിക്കാം. കുട്ടികളുടെ പെരുമാറ്റത്തെ വെറും “നല്ലത്–ചീത്തത്” എന്ന രണ്ടുതട്ടിൽ മാത്രം കാണുന്നത് പലപ്പോഴും അതിന് പിന്നിലെ കാരണങ്ങളെ മറച്ചുവയ്ക്കും. ശ്രദ്ധ നേടാനുള്ള ആഗ്രഹം, ഏകാന്തത, വിനോദം, കൂട്ടുകാരുടെ പ്രതികരണം, അംഗീകാരം നേടാനുള്ള ശ്രമം തുടങ്ങിയ പല ഘടകങ്ങളും ചില പെരുമാറ്റങ്ങൾക്ക് പിന്നിൽ ഉണ്ടാകാം.

Self-Determination Theory മനുഷ്യന്റെ motivation-നെ വിശദീകരിക്കുമ്പോൾ autonomy, competence, relatedness എന്നീ അടിസ്ഥാന മാനസിക ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ആവശ്യം, തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നുവെന്ന അനുഭവം, സ്വന്തം പ്രവർത്തനങ്ങളിൽ ഒരു സ്വാതന്ത്ര്യബോധം എന്നിവ മനുഷ്യരുടെ പ്രേരണയെ സ്വാധീനിക്കാം. അതിനാൽ ‘പുലി വരുന്നേ, പുലി’യിലെ ബാലന്റെ പെരുമാറ്റത്തെ ഈ സാധ്യതകളുടെ വെളിച്ചത്തിൽ വായിക്കാം. എന്നാൽ ഇത് കഥയിലെ ബാലന്റെ യഥാർത്ഥ Motivation ഇതുതന്നെയായിരുന്നു എന്ന അവകാശവാദമല്ല. കഥ അത് വ്യക്തമാക്കുന്നില്ല. മറിച്ച്, ഒരു കുട്ടിയുടെ തെറ്റായ പെരുമാറ്റത്തെ മനസ്സിലാക്കുമ്പോൾ അതിന് പിന്നിലെ സാധ്യതാപരമായ കാരണങ്ങളെ കൂടി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. കുട്ടിയുടെ തെറ്റിനെ അംഗീകരിക്കുകയല്ല ലക്ഷ്യം. ഉത്തരവാദിത്തത്തോടൊപ്പം മനസ്സിലാക്കലും വേണം.

‘പുലി വരുന്നേ, പുലി’ എന്ന കഥയിലെ ഏറ്റവും ശക്തമായ സാമൂഹിക പാഠം കുട്ടിയുടെ കള്ളമല്ല; വിശ്വാസത്തിന്റെ ക്രമേണയുള്ള തകർച്ചയാണ്.
‘പുലി വരുന്നേ, പുലി’ എന്ന കഥയിലെ ഏറ്റവും ശക്തമായ സാമൂഹിക പാഠം കുട്ടിയുടെ കള്ളമല്ല; വിശ്വാസത്തിന്റെ ക്രമേണയുള്ള തകർച്ചയാണ്.

ഒരു കുട്ടിയുടെ കള്ളം എങ്ങനെ ഒരു സമൂഹത്തിൻെറ പ്രശ്നമാകുന്നു?

‘പുലി വരുന്നേ, പുലി’ എന്ന കഥയിലെ ഏറ്റവും ശക്തമായ സാമൂഹിക പാഠം കുട്ടിയുടെ കള്ളമല്ല; വിശ്വാസത്തിന്റെ ക്രമേണയുള്ള തകർച്ചയാണ്. ആദ്യത്തെ വ്യാജ അലാറത്തിന് ഗ്രാമവാസികൾ പ്രതികരിക്കുന്നു. രണ്ടാമതും മൂന്നാമതും അതേ അനുഭവം ആവർത്തിക്കുമ്പോൾ അവരുടെ പ്രതികരണരീതി മാറുന്നു. ഒടുവിൽ യഥാർത്ഥ അപകടം സംഭവിച്ചപ്പോഴും മുൻ അനുഭവമാണ് അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു പ്രധാന കാര്യമാണ്. ആദ്യത്തെ കള്ളം ഒരു വ്യക്തിയുടെ പ്രവൃത്തിയാണ്. എന്നാൽ അതിന്റെ ആവർത്തനം ഒരു സമൂഹത്തിന്റെ പ്രതികരണരീതിയെ മാറ്റുന്നു. ഇതാണ് ഈ കഥയെ ഇന്നത്തെ ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണി. തെറ്റായ വിവരങ്ങൾ ഒരിക്കൽ പ്രചരിക്കുന്നത് ഒരു പ്രശ്നമാണ്. എന്നാൽ തെറ്റായ വിവരങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അതിനേക്കാൾ വലിയ മറ്റൊരു പ്രശ്നം ഉണ്ടാകാം. യഥാർത്ഥ വിവരങ്ങളോടുള്ള വിശ്വാസം പോലും ദുർബലമാകാം. തുടർച്ചയായ വ്യാജ മുന്നറിയിപ്പുകൾ ആളുകളുടെ പ്രതികരണശേഷിയെ കുറയ്ക്കുന്ന പ്രതിഭാസത്തെ ചില സാഹചര്യങ്ങളിൽ alarm fatigue എന്ന ആശയത്തിലൂടെ വിശദീകരിക്കാറുണ്ട്. ഒരേ തരത്തിലുള്ള മുന്നറിയിപ്പുകൾ നിരന്തരം ലഭിക്കുമ്പോൾ ഓരോ പുതിയ മുന്നറിയിപ്പിനോടും ഒരേ തീവ്രതയിൽ പ്രതികരിക്കാൻ ആളുകൾക്ക് കഴിയണമെന്നില്ല. ‘പുലി വരുന്നേ, പുലി’യിലെ ഗ്രാമവാസികൾക്ക് സംഭവിച്ചതിനെ ഈ പശ്ചാത്തലത്തിൽ വായിക്കാം. അവരുടെ പ്രശ്നം അവർക്ക് പുലിയെ തിരിച്ചറിയാൻ കഴിയാത്തതല്ല. അവർക്ക് ലഭിച്ച മുൻ അനുഭവങ്ങളാണ് പുതിയ നിലവിളിയുടെ വിശ്വാസ്യതയെ ബാധിച്ചത്. ഇന്നത്തെ ഡിജിറ്റൽ സമൂഹത്തിലും സമാനമായ ഒരു അവസ്ഥ ഉണ്ടാകാം.

കുന്നിൻമുകളിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക്

ഒരു കുട്ടിയുടെ ‘പുലി വരുന്നേ’ എന്ന നിലവിളിക്ക് ഗ്രാമവാസികൾ ഓടിയെത്തിയതുപോലെ, ഇന്നത്തെ സോഷ്യൽ മീഡിയയിലെ Sensational Content-ലേക്ക് കോടിക്കണക്കിന് ആളുകളുടെ ശ്രദ്ധ തിരിയുന്നു. വാർത്തകൾ, short videos, forwarded messages, advertisements, sensational posts - എല്ലാം ഒരേ ഡിജിറ്റൽ വിവരപരിസരത്തിലാണ് നമ്മിലേക്ക് എത്തുന്നത്. ഇവയിൽ ചിലത് തെറ്റായിരിക്കും. ചിലത് ഭാഗികമായി ശരിയായിരിക്കും. ചിലത് യഥാർത്ഥ വിവരത്തെ സന്ദർഭത്തിൽ നിന്ന് വേർതിരിച്ചെടുത്തതായിരിക്കും. ചിലത് മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതുമായിരിക്കും. ഇവിടെ പ്രശ്നം ഓരോ തെറ്റായ സന്ദേശവും മാത്രമല്ല. തെറ്റായ സന്ദേശങ്ങളുടെ അമിതമായ ആവർത്തനം സത്യമായ സന്ദേശങ്ങളോടുള്ള വിശ്വാസത്തെയും ബാധിക്കാം. ഒരു വ്യക്തിയെയോ ഒരു സ്ഥാപനത്തെയോ ഒരു മാധ്യമത്തെയോ നിരന്തരം വിശ്വസിക്കാനാകാത്തവരായി അനുഭവപ്പെട്ടാൽ, പിന്നീട് അവർ നൽകുന്ന ശരിയായ വിവരങ്ങളും സംശയത്തോടെ കാണപ്പെടാം. അങ്ങനെ മുൻ അനുഭവം പുതിയ വിവരത്തെ വിലയിരുത്തുന്ന രീതിയെ സ്വാധീനിക്കുന്നു. അവസാനം സമൂഹം “എന്താണ് സത്യം?” എന്ന ചോദ്യത്തിൽ നിന്ന് “ഒന്നും വിശ്വസിക്കാനാവില്ല” എന്ന നിലപാടിലേക്കുപോലും നീങ്ങാം. അതാണ് misinformation-ന്റെ ഏറ്റവും അപകടകരമായ സാമൂഹിക ഫലങ്ങളിലൊന്ന്. കാരണം misinformation-ന്റെ അപകടം ആളുകളെ ഒരു പ്രത്യേക കള്ളം വിശ്വസിപ്പിക്കുന്നതിൽ മാത്രം അല്ല; ചില സാഹചര്യങ്ങളിൽ സത്യത്തോടുള്ള പൊതുവിശ്വാസം തന്നെ ദുർബലപ്പെടുത്തുന്നതിലും അത് നിലനിൽക്കുന്നു.

ഒരു പഴയ കഥയുടെ പുതിയ സമവാക്യം

‘പുലി വരുന്നേ, പുലി’യിലെ കുട്ടിയുടെ നിലവിളിയും ഇന്നത്തെ clickbait സംസ്കാരവും ഒന്നുതന്നെയാണെന്ന് പറയാനാവില്ല. രണ്ടിനും പിന്നിലെ സാഹചര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും വ്യത്യസ്തമാണ്. എന്നാൽ അവയ്ക്കിടയിൽ ഒരു ശ്രദ്ധേയമായ ഘടനാപരമായ സാമ്യം കാണാം:

വ്യാജസൂചന → ശ്രദ്ധ → ആവർത്തനം → വിശ്വാസത്തകർച്ച → യഥാർത്ഥ സൂചന അവഗണിക്കൽ

ഇതാണ് പഴയ കഥയെ ഡിജിറ്റൽ സമൂഹത്തിന്റെ ശക്തമായ ഒരു രൂപകമാക്കി മാറ്റുന്നത്. കുട്ടി ഗ്രാമവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നിലവിളിച്ചു. ഡിജിറ്റൽ ലോകത്ത് ശ്രദ്ധ തന്നെയാണ് വലിയൊരു വിഭവം. കൂടുതൽ clicks, views, shares, comments എന്നിവ നേടുന്ന ഉള്ളടക്കത്തിന് കൂടുതൽ visibility ലഭിക്കുന്ന ഒരു അന്തരീക്ഷമാണ് പല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സൃഷ്ടിക്കുന്നത്. ഞെട്ടിക്കുന്ന തലക്കെട്ടുകൾ, അതിശയോക്തിപരമായ അവകാശവാദങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന thumbnails, ശക്തമായ വികാരപ്രതികരണം സൃഷ്ടിക്കുന്ന ഉള്ളടക്കം എന്നിവ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയും.

അങ്ങനെ:

ഞെട്ടിക്കുക → ശ്രദ്ധ നേടുക → പ്രതികരണം സൃഷ്ടിക്കുക → വീണ്ടും പ്രചരിക്കുക എന്ന ചക്രം രൂപപ്പെടാം.

വ്യത്യാസം ഇത്രമാത്രം: കഥയിൽ നിലവിളി ഒരു കുന്നിൻമുകളിൽ നിന്നായിരുന്നു. ഇന്ന് അത് algorithm നിയന്ത്രിക്കുന്ന ഡിജിറ്റൽ ശൃംഖലകളിലൂടെ വളരെ വേഗത്തിൽ വ്യാപിക്കാം.

Fake News എന്നതിലപ്പുറം

ഡിജിറ്റൽ ലോകത്തെ തെറ്റായ വിവരങ്ങളെല്ലാം ഒരേ സ്വഭാവമുള്ളവയല്ല. Wardle-യും Derakhshan-ഉും മുന്നോട്ടുവച്ച Information Disorder എന്ന ചട്ടക്കൂട് തെറ്റായ വിവരങ്ങളെ അവയുടെ ഉദ്ദേശ്യവും ഉപയോഗരീതിയും അനുസരിച്ച് വ്യത്യസ്തമായി കാണാൻ സഹായിക്കുന്നു. തെറ്റായ വിവരം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടാം; ചിലപ്പോൾ തെറ്റായ വിവരം മനഃപൂർവം ദോഷം ചെയ്യാനായി സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യാം. യഥാർത്ഥ വിവരങ്ങൾ പോലും ദോഷകരമായ രീതിയിൽ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളെയും ഈ ചട്ടക്കൂട് പരിഗണിക്കുന്നു. ‘പുലി വരുന്നേ, പുലി’യിലെ കുട്ടിയുടെ വ്യാജനിലവിളിയെ നേരിട്ട് ഒരു digital disinformation campaign എന്ന് വിളിക്കാനാവില്ല. കഥയിലെ കുട്ടി ഒരു ഡിജിറ്റൽ പ്രചാരണത്തിന്റെ ഭാഗമല്ല. എന്നാൽ വ്യാജ സന്ദേശം ആവർത്തിക്കപ്പെടുമ്പോൾ അത് സ്വീകരിക്കുന്ന സമൂഹത്തിന്റെ വിശ്വാസഘടന എങ്ങനെ മാറുന്നു എന്ന അടിസ്ഥാന പ്രശ്നത്തിൽ ഈ കഥയും contemporary information disorder-ഉം തമ്മിൽ ശക്തമായ സാമ്യമുണ്ട്.

 തെറ്റായ വിവരം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടാം; ചിലപ്പോൾ തെറ്റായ വിവരം മനഃപൂർവം ദോഷം ചെയ്യാനായി സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യാം.
തെറ്റായ വിവരം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടാം; ചിലപ്പോൾ തെറ്റായ വിവരം മനഃപൂർവം ദോഷം ചെയ്യാനായി സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യാം.

ഡിജിറ്റൽ ലോകത്തിലെ പുതിയ ഗ്രാമവാസികൾ

‘പുലി വരുന്നേ, പുലി’യിലെ ഗ്രാമവാസികൾക്ക് ഓരോ നിലവിളിയും കേട്ട് പ്രതികരിക്കേണ്ടി വന്നതുപോലെ, ഇന്നത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഓരോ ദിവസവും നൂറുകണക്കിന് വിവരസന്ദേശങ്ങളാണ് ലഭിക്കുന്നത്. ഓരോ സന്ദേശവും പരിശോധിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഒരു സന്ദേശത്തിന്റെ സത്യാവസ്ഥയെക്കാൾ അതിന്റെ അവതരണശൈലി പലപ്പോഴും നമ്മുടെ ശ്രദ്ധയെ സ്വാധീനിച്ചേക്കാം.

വലിയ അക്ഷരങ്ങൾ…

ഞെട്ടിക്കുന്ന തലക്കെട്ട്….

വികാരനിർഭരമായ ചിത്രം…

“ഇത് ഉടൻ എല്ലാവർക്കും അയയ്ക്കൂ.”

“ഇപ്പോൾ തന്നെ അറിയുക.”

“ഇത് മാധ്യമങ്ങൾ നിങ്ങളിൽ നിന്ന് മറച്ചുവെക്കുന്നു.”

ഇത്തരം അവതരണരീതികൾ ഒരു സന്ദേശത്തിന്റെ ഉള്ളടക്കത്തേക്കാൾ നമ്മുടെ വികാരപ്രതികരണത്തെ മുൻനിർത്താൻ ഇടയാക്കാം. ഇവിടെയാണ് മാധ്യമസാക്ഷരതയുടെ പ്രസക്തി. വിവരം ലഭിക്കുക എന്നത് മാത്രം സാക്ഷരതയല്ല. വിവരത്തെ വിലയിരുത്താനുള്ള കഴിവും സാക്ഷരതയുടെ ഭാഗമാണ്.

ശിക്ഷയിലൂടെ സത്യസന്ധത പഠിപ്പിക്കാമോ?

‘പുലി വരുന്നേ, പുലി’ കുട്ടികൾക്ക് പഠിപ്പിക്കുമ്പോൾ സാധാരണയായി പറയുന്നത്:

“കള്ളം പറഞ്ഞാൽ അവസാനം ആരും നിന്നെ വിശ്വസിക്കില്ല.” ഇത് തെറ്റായ സന്ദേശമല്ല. പക്ഷേ അത് മാത്രം മതിയാകില്ല. കുട്ടി കള്ളം പറഞ്ഞാൽ ശിക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തേക്കാൾ, കുട്ടി അങ്ങനെ പെരുമാറുന്ന സാഹചര്യം എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ശ്രദ്ധ നേടാനുള്ള ശ്രമമാണോ?

ഭയമാണോ?

കൂട്ടുകാരുടെ സമ്മർദ്ദമാണോ?

പരാജയപ്പെടുമെന്ന ആശങ്കയാണോ?

പ്രതികരണം ലഭിക്കാനുള്ള ആഗ്രഹമാണോ?

അതോ വെറും വിനോദമോ?

ഒരു തെറ്റായ പ്രവൃത്തിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ശിക്ഷ മാത്രം നൽകുന്നത് പെരുമാറ്റത്തിന്റെ പിന്നിലെ കാരണത്തെ പരിഹരിക്കണമെന്നില്ല. അതുകൊണ്ട് കുട്ടികളോട് “കള്ളം പറയരുത്” എന്ന് പറയുന്നതിനൊപ്പം മറ്റൊരു ചോദ്യം കൂടി ചോദിക്കാം:

“നീ അങ്ങനെ ചെയ്തത് എന്തുകൊണ്ടാണ്?”

ഇത് തെറ്റിനെ ന്യായീകരിക്കാനുള്ള ചോദ്യം അല്ല. തെറ്റിൽ നിന്ന് പഠിക്കാനുള്ള ചോദ്യം ആണ്.

“നീ കള്ളം പറഞ്ഞാൽ ശിക്ഷിക്കും” എന്ന സന്ദേശത്തിൽ നിന്ന് “നിന്റെ പ്രവൃത്തി മറ്റുള്ളവരെ എങ്ങനെ ബാധിക്കും?” എന്ന ചോദ്യത്തിലേക്ക് കുട്ടിയെ കൊണ്ടുവരുമ്പോഴാണ് ധാർമ്മികബോധം കൂടുതൽ ആഴപ്പെടുന്നത്.

“നീ ഒരു സുഹൃത്തിന്റെ സ്ഥാനത്തായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?”

“നിന്നെ ആരും വിശ്വസിക്കാതായാൽ എങ്ങനെയിരിക്കും?”

“നിന്റെ വാക്ക് സത്യമായിരിക്കുമ്പോഴും ആരും വിശ്വസിക്കാത്ത സാഹചര്യം എങ്ങനെയായിരിക്കും?”

ഇത്തരം ചോദ്യങ്ങൾ കുട്ടിയെ മറ്റുള്ളവരുടെ കാഴ്ചപ്പാടിലേക്ക് നയിക്കുന്നു. Accountability-യും empathy-യും ഒരുമിച്ച് വേണം.

വിദ്യാഭ്യാസം എന്താണ് ചെയ്യേണ്ടത്?

ഇവിടെയാണ് ‘പുലി വരുന്നേ, പുലി’ എന്ന കഥ classroom pedagogy-യുമായി ബന്ധപ്പെടുന്നത്.

കുട്ടിയുടെ തെറ്റായ പെരുമാറ്റത്തെ ഉടൻ “പ്രശ്നക്കാരൻ” എന്ന label-ലേക്ക് മാറ്റുന്നതിനുപകരം, അധ്യാപകർ ആ പെരുമാറ്റത്തിന് പിന്നിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. അതോടൊപ്പം കുട്ടിയെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കുകയും അരുത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അനുസരണയുള്ള കുട്ടികളെ മാത്രം സൃഷ്ടിക്കുക എന്നതല്ല. ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന, തെളിവ് പരിശോധിക്കുന്ന, ഉത്തരവാദിത്തത്തോടെ തീരുമാനമെടുക്കുന്ന വ്യക്തികളെ വളർത്തുക എന്നതും അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ Social and Emotional Learning-നും Media Literacy-ക്കും ഇന്നത്തെ വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യമുണ്ട്.

കുട്ടി കള്ളം പറഞ്ഞാൽ ശിക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തേക്കാൾ, കുട്ടി അങ്ങനെ പെരുമാറുന്ന സാഹചര്യം എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്.
കുട്ടി കള്ളം പറഞ്ഞാൽ ശിക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തേക്കാൾ, കുട്ടി അങ്ങനെ പെരുമാറുന്ന സാഹചര്യം എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഒരു വാർത്ത കണ്ടാൽ ഉടൻ share ചെയ്യാതെ കുട്ടി ചോദിക്കണം:

ആരാണ് ഇത് പ്രസിദ്ധീകരിച്ചത്?

ഇതിന്റെ ഉറവിടവും തെളിവും എന്താണ്?

മറ്റൊരു വിശ്വസനീയമായ ഉറവിടം ഇത് സ്ഥിരീകരിക്കുന്നുണ്ടോ?

ഇത്തരം ചോദ്യങ്ങൾ കുട്ടികളെ എല്ലാം സംശയിക്കുന്നവരാക്കാനല്ല.

എല്ലാം വിശ്വസിക്കരുത് എന്നതുപോലെ തന്നെ ഒന്നും വിശ്വസിക്കരുത് എന്ന നിലപാടും അപകടകരമാണ്. വിദ്യാഭ്യാസം കുട്ടികളെ സംശയിക്കേണ്ടിടത്ത് സംശയിക്കാനും, തെളിവ് പരിശോധിക്കേണ്ടിടത്ത് പരിശോധിക്കാനും, വിശ്വസിക്കേണ്ടിടത്ത് യുക്തിപൂർവം വിശ്വസിക്കാനും പഠിപ്പിക്കണം. അങ്ങനെ നോക്കുമ്പോൾ ‘പുലി വരുന്നേ, പുലി’ ഇന്ന് honesty-യുടെ പാഠം മാത്രമല്ല. അത് critical thinking-ന്റെയും media literacy-യുടെയും trust-ന്റെയും പാഠം കൂടിയാണ്.

ആരാണ് യഥാർത്ഥത്തിൽ പുലി?

‘പുലി വരുന്നേ, പുലി’ എന്ന കഥയെ വീണ്ടും വായിക്കുമ്പോൾ ഒരൊറ്റ കുറ്റക്കാരനെ കണ്ടെത്തുക എളുപ്പമാണ്:

കള്ളം പറഞ്ഞ കുട്ടി.

പക്ഷേ അതേ കഥയെ ഡിജിറ്റൽ യുഗത്തിലേക്ക് കൊണ്ടുവരുമ്പോൾ ചോദ്യം കൂടുതൽ സങ്കീർണ്ണമാകുന്നു. വ്യാജവിവരം സൃഷ്ടിക്കുന്ന വ്യക്തി ഉത്തരവാദിയാണ്. അത് പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. അതിന് അമിതമായ visibility നൽകുന്ന സംവിധാനങ്ങളെയും പരിശോധിക്കണം. അതേസമയം, എല്ലാം fake ആണെന്ന് കരുതി യഥാർത്ഥ മുന്നറിയിപ്പുകളെയും അവഗണിക്കുന്ന സമൂഹത്തിന്റെ മനോഭാവവും പ്രശ്നമാണ്. എന്നാൽ ഇവരുടെയെല്ലാം ഉത്തരവാദിത്തത്തിന്റെ സ്വഭാവവും തോതും ഒരുപോലെയല്ല. അതുകൊണ്ട് പ്രശ്നം “ആരാണ് കള്ളം പറഞ്ഞത്?” എന്നതിൽ മാത്രം ഒതുങ്ങുന്നില്ല.

വിദ്യാഭ്യാസം കുട്ടികളെ സംശയിക്കേണ്ടിടത്ത് സംശയിക്കാനും, തെളിവ് പരിശോധിക്കേണ്ടിടത്ത് പരിശോധിക്കാനും, വിശ്വസിക്കേണ്ടിടത്ത് യുക്തിപൂർവം വിശ്വസിക്കാനും പഠിപ്പിക്കണം.
വിദ്യാഭ്യാസം കുട്ടികളെ സംശയിക്കേണ്ടിടത്ത് സംശയിക്കാനും, തെളിവ് പരിശോധിക്കേണ്ടിടത്ത് പരിശോധിക്കാനും, വിശ്വസിക്കേണ്ടിടത്ത് യുക്തിപൂർവം വിശ്വസിക്കാനും പഠിപ്പിക്കണം.

കൂടുതൽ പ്രധാനപ്പെട്ട ചോദ്യം, ഒരു സമൂഹം സത്യത്തെയും അസത്യത്തെയും എങ്ങനെ തിരിച്ചറിയുന്നു, എന്നതാണ്. ‘പുലി വരുന്നേ, പുലി’യിലെ കുട്ടിയുടെ നിലവിളി ഒരു കുന്നിൻമുകളിൽ മുഴങ്ങി. ഇന്ന് അതേ നിലവിളി ഒരു smartphone screen-ലൂടെ കോടിക്കണക്കിന് ആളുകളിലേക്ക് എത്താം. വ്യത്യാസം സാങ്കേതികവിദ്യയുടേതാണ്. പക്ഷേ അടിസ്ഥാന പ്രശ്നം ഒന്നാണ് - വിശ്വാസം. വ്യാജനിലവിളികൾ ആവർത്തിക്കുമ്പോൾ വിശ്വാസം തകരുന്നു. വിശ്വാസം തകരുമ്പോൾ യഥാർത്ഥ നിലവിളിക്കും പ്രതികരണം കുറയുന്നു. അതുകൊണ്ട് misinformation-നെ നേരിടാനുള്ള വിദ്യാഭ്യാസം “കള്ളവാർത്ത തിരിച്ചറിയുക” എന്നതിൽ മാത്രം അവസാനിക്കരുത്. വിശ്വസനീയമായ വിവരത്തെ തിരിച്ചറിയാനും, തെളിവ് പരിശോധിക്കാനും, സംശയിക്കേണ്ടിടത്ത് സംശയിക്കാനും, വിശ്വസിക്കേണ്ടിടത്ത് യുക്തിപൂർവം വിശ്വസിക്കാനും കുട്ടികളെ പഠിപ്പിക്കണം. വ്യാജനിലവിളികളെ തടയുക എന്നതുമാത്രമാണോ നമ്മുടെ ലക്ഷ്യം?അതോ യഥാർത്ഥ നിലവിളി ഉയരുമ്പോൾ അത് തിരിച്ചറിയാൻ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണോ? ഡിജിറ്റൽ യുഗത്തിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രധാനപ്പെട്ടത്. പുലി വന്നോ എന്നത് മാത്രം ചോദിക്കേണ്ട കാലമല്ലിത്. ആരാണ് നിലവിളിക്കുന്നത്, എന്തുകൊണ്ടാണ് നിലവിളിക്കുന്നത്, അത് എങ്ങനെ പരിശോധിക്കണം, എപ്പോൾ വിശ്വസിക്കണം എന്നിവ പഠിക്കേണ്ട കാലമാണിത്.


Summary: Dr. Prabeesh M. explains why building a society that can critically assess information and avoid falling for misinformation is essential in the digital age.


ഡോ. പ്രബീഷ് എം.

ലക്ചറർ, ‘ഡയറ്റ്’, കോഴിക്കോട്. Teacher professional development, Academic monitoring, Educational technology integration, Classroom assessment and Curriculum implementation എന്നീ മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കുന്നു.

Comments