ശൈത്യത്തിന് പൈത്യം പിടിച്ച രാത്രിയായിരുന്നു അത്. നുഴഞ്ഞിറങ്ങാനെത്തിയ മഴയെ പ്രതിരോധിക്കാനായിരിക്കണം, മഞ്ഞിൻപാളികൾ ആക്രമണസജ്ജമായത്. കാറ്റ് മഞ്ഞിൻ തുമ്പുകളെ മൂർച്ച പിടിപ്പിക്കുകയും ചെയ്തു. സൂചിമുനകളുമായി നിൽക്കുന്ന തണുപ്പിനെ ഭയന്ന് ജനലുകളെല്ലാം അടഞ്ഞുകിടന്നു. രാത്രികളിൽ സാധാരണയായിരുന്ന ചീവിടുകളുടെ മൂളൽ പോലും നിലച്ചിരിക്കുന്നു. മുറിയിൽ ഹീറ്ററിന്റെ നേരിയ ശബ്ദം മാത്രം.
ചുമരിൽ തൂങ്ങിക്കിടന്ന ഇറ്റാലിയൻ പെയിൻ്റർ Bruno Amadio-ന്റെ ചിത്രത്തിലെ കരയുന്ന കുട്ടിയാണ്, ഞാനല്ലാതെ റൂമിൽ വേറാരോ ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയത്. അതും അല്പനേരത്തേക്ക് മാത്രം. തണുപ്പ് ചുമരുകളുടെ ചെറുത്തുനിൽപ്പിനെ മറികടക്കുന്നു. ഞാൻ ഹീറ്ററിന്റെ നോബ് കൂട്ടിവച്ചു. ടേബിൾ ലാമ്പിന്റെ ചെറിയ വെട്ടത്തിൽ നിന്ന് വീണ അക്ഷരങ്ങൾ മേശപ്പുറത്തെ കടലാസിൽ ശലഭങ്ങൾ പോലെ പിടഞ്ഞു, എന്നിട്ട് അനക്കമില്ലാതെ കിടന്നു.
'They buried me in a field of barley.
Now my bones sprout with the stalks.
They eat me in bread'
'പുഴയുടെ ഒരു കരയിൽ
ദഹിപ്പിക്കപ്പെടാത്ത ചിതകളുടെ ദുർഗന്ധം,
മറുകരയിൽ മോഹിനിയാട്ടം തുടങ്ങി'
വാക്കുകളിലൂടെ വിരലുകൾ പരതി ഞാനതിന്റെ അർത്ഥം തേടി. ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കണ്ടത് അങ്ങനെയാരും എഴുതിയിട്ടില്ലെന്നാണ്. AI ചാറ്റ്ബോട്ടുകൾ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് കൊണ്ടുവന്നത്. ആലോചനകളുടെ ആഴത്തിലേക്ക് പതിവില്ലാത്തവിധം ഉച്ചത്തിൽ മെട്രോ ട്രെയിനിന്റെ സൈറൺ മുഴങ്ങുന്നു. ഇരുട്ട് കലർന്ന പുറത്തെ നിശ്ശബ്ദതയിൽ ശബ്ദം കൂടിയെന്ന് തോന്നിയതായിരിക്കാം. മഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനാൽ ശബ്ദം കൂട്ടിയതുമാകാം. ഇരുട്ടിൽ ശബ്ദത്തിന് വേഗതയും ഒച്ചയും കൂടുമോ? എന്തിന്റെയെങ്കിലും അപായസൂചന? അതും ആയിരിക്കാം.

ട്രെയിനിന്റെ ശബ്ദം അകന്നുപോയപ്പോൾ ഞാൻ വീണ്ടും കടലാസിലേക്ക് നോക്കി. ആരുടെയാണീ വാക്കുകൾ? കണ്ടുപിടിക്കണം. പെട്ടെന്നാണ് വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്. ഡോർ ബെൽ ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഇങ്ങനെ മുട്ടുന്നത്? എനിക്കിഷ്ടമല്ലാത്ത ഒരു കാര്യമാണ്. ഞാൻ മോണിറ്ററിലൂടെ നോക്കി. പരിചയമുള്ള മുഖമല്ല. ഇവിടെ ആരും നേരത്തെ ഫോൺ ചെയ്യാതെ വരുന്ന പതിവില്ല. വാതിൽ തുറക്കണോ?
"ആരാണ്", ഞാൻ ഇന്റർകോമിലൂടെ ചോദിച്ചു.
"ആത്യന്തികമായി ഞാനൊരു മനുഷ്യനാണ്. വല്ലാതെ തണുക്കുന്നുമുണ്ട്. ദയവായി അകത്ത് വരാൻ സമ്മതിക്കണം", ഫ്രഞ്ച് കലർന്ന ഇംഗ്ലീഷാണ്.
ഒരു പ്രത്യേക മുഴക്കമുള്ളതായിരുന്നു അയാളുടെ ശബ്ദം. അപേക്ഷിക്കുകയല്ല, ഒരു സഹായം ചോദിക്കുകയായിരുന്നു അയാൾ. അർദ്ധരാത്രിയോട് അടുക്കുന്ന ഈ സമയത്ത്, പരിചയമില്ലാത്ത ഒരാളെ എങ്ങനെ അകത്ത് വരാൻ അനുവദിക്കും? മാറി മറിയുന്ന ചിന്തകൾക്ക് നടുവിൽ ഏതോ ഒരു ഉൾപ്രേരണയിൽ ഞാൻ വാതിൽ തുറന്നു. ളോഹ പോലത്തെ നീളൻ കുപ്പായമിട്ട, മെലിഞ്ഞ ഒരു മനുഷ്യൻ.
"എനിക്കിത്തിരി ചൂടുവെള്ളം തരാമോ?"
വെള്ളം കുടിച്ച് ടേബിളിലേക്ക് ഗ്ലാസ് വെക്കാനായി അയാൾ നടക്കുമ്പോൾ ഞാനയാളെ അടിമുടി നോക്കിയത് ളോഹക്കുള്ളിൽ തോക്കോ മറ്റോ കരുതിയിട്ടുണ്ടോയെന്നറിയാനായിരുന്നു. പക്ഷേ ആ സൂക്ഷ്മനീരീക്ഷണത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞത് അയാളുടെ നോട്ടത്തിലും, ചലനങ്ങളിലും നിറഞ്ഞുനിന്ന എലഗൻസ് ആയിരുന്നു. ആരാണ്, എന്തിന് വന്നു എന്നൊക്കെ ചോദിക്കാനാണ് ആലോചിച്ചത്, അതല്ല പക്ഷെ ചോദ്യമായിട്ട് എന്നിൽ നിന്നു വന്നത്.
"താങ്കൾക്ക് ഡ്രസ്സ് മാറ്റണോ?"
മഞ്ഞിന്റെ വെള്ള പാടുകൾ നിറഞ്ഞ ളോഹ അയാൾ ഊരിയപ്പോൾ, 'അതിങ്ങ് തന്നോളൂ, ഹീറ്റിംഗ് റയിലിലിൽ ഇടാം' എന്ന് ഞാൻ പറഞ്ഞതും എന്റെ പെട്ടെന്നുള്ള റിയാക്ഷനായിരുന്നു.

ളോഹക്കടിയിൽ പാന്റും ഷർട്ടും, കോട്ടും ഉണ്ടായിരുന്നു. വടിവൊത്ത അയാളുടെ ശരീരം കണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളെ സൃഷ്ടിച്ചുതുടങ്ങിയോ എന്ന തോന്നൽ എന്നിൽ ഒരു ഭയമായി പരിണമിക്കാതിരുന്നത് അയാളുടെ ശബ്ദത്തിലെ സൗമ്യത കൊണ്ട് മാത്രമായിരുന്നു.
"ഞാനിവിടെ ഇരുന്നോട്ടെ"
"സോറി, ഞാൻ താങ്കളോട് ഇരിക്കാൻ പറയാൻ മറന്നുപോയി", പത്തിരുപതു കൊല്ലത്തെ ഇവിടുത്ത ജീവിതം കൊണ്ട് കിട്ടിയ ശീലം കൊണ്ടായിരിക്കാം ഞാനിങ്ങനെ പെരുമാറുന്നത്.
വീണ്ടും മെട്രോ ട്രെയിൻ പോകുന്ന ശബ്ദം. ഇത്തവണ സാധാരണ ഒച്ചയേ ഉണ്ടായിരുന്നുള്ളൂ. കാറ്റിന്റെ ഇരമ്പലാണ് കൂടുതൽ.
"കഴിഞ്ഞ ട്രെയിനിലാണ് ഞാൻ വന്നത്", അയാൾ ഗസ്റ്റ് റൂമിലെ സോഫയിലിരുന്നു.
എന്തിന് വന്നു എന്ന് ചോദിക്കാൻ തോന്നിയില്ല. എന്റെ നോട്ടം കുറച്ചുനേരം അയാളുടെ കണ്ണുകളിൽ കുടുങ്ങിക്കിടന്നു. അനുഭവങ്ങളുടെ ആഴമുള്ള കണ്ണുകൾ. മുഖത്ത് നിർവികാരതയാണോ ശാന്തതയാണോ?
"എനിക്ക് ടാക്റ്റിക്സ് അറിയില്ലായിരുന്നു. എന്നാണവർ പറയുന്നത്".
ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് എനിക്ക് തോന്നി.
"തന്ത്രങ്ങളില്ലാതെ ഇന്ന് ആർക്കും നിലനിൽപ്പില്ല. സയന്റിസ്റ്റ് ആയാലും പൊളിറ്റീഷ്യൻസ് ആയാലും ടാക്ടിക്സ് വേണം. Tacticians മാത്രമാണ് പിടിച്ചുനിൽക്കുന്നത്", അയാൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും ഞാൻ മറുപടി പറഞ്ഞു: "എന്താണീ ടാക്ടിക്സ്? കൊള്ളയടിക്കാൻ വന്നവരോട് ഞാൻ ഒത്തുതീർപ്പിന് നിന്നില്ല എന്നതാണോ?"
"നിങ്ങൾ കാവൽക്കാരനായിരുന്നോ?"
"ഞാൻ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു".
"എന്ന്?"
"നിങ്ങൾ അന്നില്ല. നിങ്ങൾ ജനിച്ചത് തന്നെ ഞാൻ മരിച്ചതിന് ശേഷമായിരിക്കും".
"അതല്ല പ്രശ്നം, താങ്കളെ ജനങ്ങൾ തിരഞ്ഞെടുത്തതാണോ, അതോ...?", മരണശേഷം എന്ന വാക്ക് എന്നെയപ്പോൾ ബാധിച്ചതേയില്ല.
"ഫോർ ദ പീപ്പിൾ ബൈ ദ പീപ്പിൾ, ഓഫ് ദ പീപ്പിൾ എന്നതിലേക്ക് വളരുകയായിരുന്നു എന്റെ രാജ്യം".
"എന്നിട്ട് എവിടെയാണ് താങ്കൾക്ക് പിഴച്ചത്?" വിജയിച്ചിരുന്നെങ്കിൽ ഇവിടെയിപ്പോ ഒരു അഭയാർത്ഥിയായി വരില്ലായിരുന്നല്ലോ, ആ അടിസ്ഥാനത്തിലായിരുന്നു എന്റെ ചോദ്യം.
"പുറത്തുള്ളവർ ശക്തരായിരുന്നു. അവർക്ക് എന്റെ രാജ്യത്തെ സ്വത്ത് വേണമായിരുന്നു. ഞാനത് സംരക്ഷിക്കാൻ ശ്രമിച്ചു", വളരെ ശാന്തമായിട്ടാണ് അയാൾ എന്നെ നോക്കിയത്.
"അപ്പോൾ അവർ നിങ്ങടെ പത്രങ്ങളും മാസികകളും വിലക്കെടുത്തിട്ടുണ്ടാവും. വാർത്തകൾ നിർമ്മിക്കപ്പെട്ടിരിക്കും. ആ ഘട്ടത്തിൽ ജനം കൺഫ്യൂസ്ഡ് ആവും. കൺഫ്യൂസ്ഡ് ആയ ജനത്തെ കൈയിലെടുക്കാൻ എളുപ്പമാണ്. പിന്നെ പട്ടാളക്കാർക്കും, പോലീസുകാർക്കും ഇഷ്ടം പോലെ പണം കൊടുത്തിരിക്കും. എല്ലാറ്റിനും മുമ്പ് അന്താരാഷ്ട്ര കച്ചോടക്കാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടാവും".
"അത് നിങ്ങൾക്ക് എങ്ങനെയറിയാം?"
"അങ്ങനെയാണ് 'For the people, by the people, of the people' മാറ്റി For the steeple, by the steeple, off the people എന്നാക്കുന്നത്. ചിലപ്പോൾ For the profit, by the puppet എന്നാവും, പക്ഷെ അവസാനിക്കുന്നത് off the people- ൽ തന്നെയായിരിക്കും".
"ശരിയാണ്, ഞാൻ പോയി, രാജാവ് തിരികെ വന്നു. പിന്നെ രാജാവിനെ മാറ്റി, ദൈവം വന്നു. ദൈവങ്ങൾ ഏകാധിപതികളാണല്ലോ?"
എനിക്ക് പെട്ടെന്ന് കടലാസിലെ വരികൾ ഓർമ്മ വന്നു. ഒരു പക്ഷെ അത് ഇയാളായിരിക്കും എഴുതിയത്. കടലാസ്സ് എടുക്കാൻ ഞാൻ മുകളിലെ റൂമിലേക്ക് പോയി.
"ഇത് എഴുതിയത് നിങ്ങളാണോ?"
ഞാൻ ഒരു നിമിഷം ഒന്നമ്പരന്നു. അയാൾ അവിടെയില്ലായിരുന്നു. ഉണങ്ങാനിട്ട അയാളുടെ ളോഹയും. പുറത്തേയ്ക്കുള്ള വാതിൽ അടഞ്ഞുതന്നെ കിടന്നു.
ഞാൻ കയ്യിലിരുന്ന കടലാസിലേക്ക് നോക്കി. പഴയ കവിതയുടെ സ്ഥാനത്ത് പുതിയ വാക്കുകൾ വന്നിരിക്കുന്നു. ആ വാക്കുകൾ ഞാൻ കൂട്ടിവായിച്ചു:
"He was one of the most significant and respected political figures in modern history. ആദർശശാലിയായിരുന്നു. ഡീപ്പിലി ഡെമോക്രാറ്റിക്. അയാളുടെ രാജ്യത്ത് ജനാധിപത്യം നിലവിൽ വന്നിരുന്നു. അയാൾ രാജ്യത്തെ പെട്രോളിയം വ്യവസായം ദേശസാൽക്കരിച്ചു. ബ്രിട്ടീഷ് കമ്പനികൾക്കുള്ള അമിതലാഭം നിലച്ചു. വിൻസ്റ്റൺ ചർച്ചിലും ഐസെൻഹൊവറും ചേർന്ന് സൈനിക-ചാരശക്തികളെ രംഗത്തിറക്കി. നീതിപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട അയാളെ പുറത്താക്കി, മരിക്കും വരെ തടവിലിട്ടു. രാജ്യം ക്രമേണ മതാധിഷ്ഠിതമായി. സ്വാതന്ത്ര്യവും സമാധാനവും ഇല്ലാതായി. ഇന്നവിടെ സമാധാനം സ്ഥാപിക്കാനെന്ന പേരിൽ അവർ വീണ്ടും ബോംബുകളിടുന്നു.
അയാളുടെ പേര് മുഹമ്മദ് മൊസാദെക്,
അയാളുടെ രാജ്യം ഇറാൻ".

വീണ്ടും വരികൾ മാറുന്നു.
‘Our gardener was old,
With trembling hands and fire in his eyes.
He sang of oil and olives,
But they sowed tanks in the orchard.
Now a peacock sits on the throne,
Wearing our dead sun as a crown.
And they drink from silver cups,
Made from our melted hopes’
ഞാൻ വാതിൽ തുറന്നു നോക്കി. കുത്തിനോവിക്കുന്ന തണുപ്പ്. വിരലുകൾ മരവിക്കുന്നു.
വാതിലുകൾ വീണ്ടും അടഞ്ഞു.
രാത്രി ഏറെ കഴിഞ്ഞിരിക്കുന്നു.
ഞാൻ ഉറങ്ങാൻ കിടന്നു. അതോ ഞാൻ ഉറങ്ങുകയായിരുന്നോ?
Cheers!