സത്യത്തിൽ മഹാബലിയോട് പ്രത്യേകിച്ച് ഒരു മമതയും എനിക്കുണ്ടായിരുന്നില്ല.
'മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ’
എന്നത് പ്രാസമൊപ്പിച്ച്, ഈണമിട്ട് എഴുതിയ പാട്ടെന്നതിനപ്പുറം സമത്വസുന്ദരപ്രതീക്ഷകളൊന്നും കുട്ടിക്കാലത്തുപോലും എനിക്കുണ്ടായിട്ടില്ല. (സുഹൃത്ത് ജോയിയുടെ കൂടെ സിൽക്ക് സ്മിതേടെ 'തമ്പിക്കൊരു പാട്ട്' എന്ന സിനിമക്ക് ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ ഞാൻ പോലും അറിയാതെ പാടിപ്പോയിട്ടുണ്ട്, 'തമ്പിക്കൊരു പാട്ട്, ചെമ്പനീർ മൊട്ട്'; പ്രാസത്തിന്റെ കാര്യം അങ്ങനെയാണ് ചിലപ്പോൾ ആദ്യേ വരും, അല്ലെങ്കിൽ അന്ത്യത്തിലാകും)
പക്ഷേ ഈയിടെയായിട്ട് മാവേലിയിൽ ഒരു revised enthusiasm. മഹിഷാസുരനെ നായകനാക്കി (ആക്കേണ്ട കാര്യമില്ല, മൂപ്പരാണ് നായകൻ) ഞാൻ ഒരു നോവലെഴുതി തുടങ്ങിയിരുന്നു. അന്താരാഷ്ട്രനിലവാരം കിട്ടാൻ ഇംഗ്ലീഷിലാണ് ആരംഭിച്ചത്. മലയാളം തന്നെ കഷ്ടി, പിന്നെങ്ങനെ ഇംഗ്ലീഷ് പുഷ്ടിപ്പെടും എന്ന വീണ്ടുവിചാരത്തിൽ Australian Writers' Centre- ൽ ട്യൂഷൻ പോകാൻ തുടങ്ങിയിരിക്കുന്ന ഇടവേളയിലാണ് മാവേലിചിന്തകൾ ഘനീഭവിക്കുന്നതും, പിന്നെ പെയ്തിറങ്ങുന്നതും.
മുന്നേ കേട്ട കഥ അടിമുടി തെറ്റായിരുന്നുവെന്ന് മനസ്സിലായി. മാവേലിയോട് എനിക്കുണ്ടായിരുന്ന ഒരഭിപ്രായവ്യത്യാസം, രാജ്യമെടുത്ത് സ്വന്തം ഇഷ്ടപ്രകാരം ദാനം നൽകി എന്നതിലായിരുന്നു. അത് അങ്ങനെ തന്നെയാണോ എന്ന സംശയമാണ് എന്നെ ഒരു പൗരാണിക ഉത്ഖനനം (mythological excavation) നടത്താൻ പ്രേരിപ്പിച്ചത്. യഥാർത്ഥകഥ ഏതു കാലത്തും ആർക്കും പറയാവുന്നതാണ്. പക്ഷേ ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ക്വട്ടേഷൻ എപ്പോൾ വേണമെങ്കിലും കിട്ടാം, ആയതിനാൽ ജാഗ്രത കലശലായി വേണം, ആഖ്യാനത്തിലും വ്യഖ്യാനത്തിലും.
മഹാബലി ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്, അല്ലാതെ വായിൽ Rhodium സ്പൂൺ ആയിട്ടല്ല (2025- ൽ ഒരു കിലോ Rhodium- ത്തിൻ്റെ വില 229,900 അമേരിക്കൻ ഡോളർ, സ്വർണ്ണത്തിന് 116,400 ഡോളറേ ഉള്ളൂ. Californium-252 ഒരു ഗ്രാമിന് 27 മില്യൺ ആണെന്ന് പറയപ്പെടുന്നു. റേഡിയോ ആക്റ്റീവ് ആയതിനാൽ ആഭരണത്തിന് തികയില്ല. അല്ലെങ്കിൽ നാട്ടുകാർ അത് മേടിച്ച് കഴുത്തിലിട്ടേനെ). വിരോചനാണ് അച്ഛൻ, പക്ഷെ അദ്ദേഹം ചില്ലറ വിറക് വെട്ടിയാണ് ഉപജീവനം നടത്തിയിരുന്നത്. അല്ലാതെ രാസാവ് ഒന്നും ആയിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ബലിയും കുടുംബവും ജീവിച്ചിരുന്നത്. എന്ത് ത്യാഗം സഹിച്ചും വിദ്യാഭ്യാസം നേടണം, അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോട് സന്ധി ചെയാൻ അവർ തയ്യാറല്ലായിരുന്നു.

ഹൈസ്ക്കൂളിൽ എത്തിയപ്പോൾ മുതൽ ബലി ആ ദേശത്തെ മുതിർന്നവരെയും സ്ക്കൂളിൽ പോകാൻ സാധിക്കാത്തവരെയും വായിക്കാനും എഴുതാനും പഠിപ്പിക്കാൻ തുടങ്ങി. മാത്രമല്ല ഒരു ലൈബ്രറി തുടങ്ങുവാനും ബലിയുടെ പ്രയത്നങ്ങൾ കൊണ്ട് സാധിച്ചു. ബലിയുടെ നേതൃത്വ പാടവവും, അക്കാദമിക് ബ്രില്ല്യൻസും ആളുകളെ ആകർഷിക്കാൻ തുടങ്ങി. കോളേജ് യൂണിയൻ ചെയർമാൻ ആയതോടെ ബലിയുടെ രാഷ്ട്രീയജീവിതം ആരംഭിച്ചു.
ബലിക്ക് മുപ്പത് വയസ്സുള്ളപ്പോഴാണ് അന്നത്തെ രാജാവ് മരിക്കുന്നത്. ഒരു ഭരണത്തുടർച്ച പ്രതിസന്ധിയിലായി രാജ്യം. അത് ജനാധിപത്യത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു. അങ്ങനെ ലോകത്തെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട രാജാവായി ബലി (പിൽക്കാലത്ത് ബാലറ്റിലൂടെ കമ്യൂണിസം ഭരണത്തിൽ വരുന്നതിന് അത് പ്രചോദനമായി).
കിടിലൻ ഭരണം.
ദാരിദ്രനിർമ്മാർജ്ജനം, പരിസ്ഥിതി സംരക്ഷണം, യൂണിവേഴ്സൽ ഹെൽത്ത് കെയർ ആൻഡ് എഡ്യൂക്കേഷൻ, കാർഷികവികസനം, പാർപ്പിടം, പൊതുഗതാഗതം, എന്നുവേണ്ട ഡിജിറ്റലൈസേഷൻ, വ്യവസായവൽക്കരണം, അധികാരവികേന്ദ്രികരണം എന്നിവയിൽ വരെ പൊതുജനപങ്കാളിത്തത്തോടെ അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. സമൂഹത്തിൽ ഡാർക്ക് സീനുകൾ ക്രമേണ വിരളമായി. ആളുകൾ അക്ഷരമറിയാനും വായിക്കാനും തുടങ്ങിയ അന്നുമുതൽ ബലി ചിലരുടെ നോട്ടപ്പുള്ളിയായി.
ആരാണീ ചിലർ?
ഭൂമിയുടെ തൊട്ടടുത്ത് അന്നുണ്ടായിരുന്ന ഹെവൻ ഗ്രഹത്തിലെ അന്തേവാസികൾ aliens, ദേവൻസ്. രണ്ടണയുടെ വിവരമില്ലാത്ത, തിന്നും കുടിച്ചും, രമിച്ചും നടക്കുന്ന യുവൻ ഗണേശൻസ്. അവരുടെ നേതാവായിരുന്നു ഉഡായിപ്പുകളുടെ ഉസ്താദ്, ഹെവനംകാട്ടെ വിഷ്ണു. ആളുകൾ വായിക്കുന്നതും വിവരമുണ്ടാക്കുന്നതൊന്നും അവർക്ക് പിടിക്കില്ല. യൂണിവേഴ്സിറ്റികൾ എന്ന് കേട്ടാലേ ആ വർഗ്ഗത്തിന് അലർജിയാണ്. മഷിനോട്ടവും ആസനസേവയുമാണ് ഇഷ്ടകലകൾ. രമിച്ചു മടുക്കുമ്പോൾ ഒരു രസത്തിന് ഭീകരപ്രവർത്തനം നടത്താനുള്ള ഒരിടമായി തങ്ങൾ കണ്ടുവെച്ചിരുന്ന സ്ഥലമാണ് മെച്ചപ്പെട്ട ജീവിതനിലവാരം നേടി കൈവിട്ടുപോകുന്നതെന്ന് വിഷ്ണുവിന്റെ ഓമനയായ ഹെവൻബോയ് ഇന്ദ്രൻസിന് രഹസ്യാനേഷണ ഏജൻസികളിൽ നിന്ന് വിവരം കിട്ടുന്നു. ഹെവൻ ശോകമഹാസമുദ്രമായി പരിണമിക്കുന്നതു കണ്ട് വിഷ്ണുവിന്റെ കുബുദ്ധി പണിയെടുക്കാൻ തുടങ്ങി. ഉടനെ അയൽഗ്രഹത്തിൽ പോയി സാങ്കേതികവിദ്യയും വലിപ്പം കൂട്ടാനും കുറക്കാനുമുള്ള സോഫ്റ്റ്‌വെയറും മോഷ്ടിച്ചു. എന്നിട്ട് വാമനനൻ എന്ന ചെപ്പടിവിദ്യക്കാരനിൽ നിക്ഷേപിച്ച് റോബോട്ടാക്കി മാറ്റി ബലിക്ക് നേരെ വിക്ഷേപിക്കാൻ റെഡിയാക്കി.
കോളാബോറേഷനിൽ സ്റ്റാർട്ട്- അപ്പ് തുടങ്ങനാണെന്ന ഭാവേനെ മുപ്പത് ഏക്കർ സ്ഥലത്തിനായിട്ടാണ് റോബോട്ടിന്റെ വരവെന്ന വിവരം കൃത്യസമയത്ത് ബലിക്ക് കിട്ടി. ഇ- മെയിൽ, വാട്ട്സാപ്പ് മെസ്സേജ് എന്നിവ വഴി ഉടനെ തന്നെ ഇൻഫർമേഷൻ ജനങ്ങളിലേക്ക് എത്തിച്ചു.
വിത്തിൻ ട്വൻറിഫോർ അവേഴ്സ് ഇലക്ട്രോണിക് ഹിതപരിശോധന നടത്തുകയും ചെയ്തു. മുപ്പതിൽ ഒതുങ്ങുമെങ്കിൽ സ്ഥലം ഉപാധികൾക്ക് വിധേയമായി കൊടുക്കാനും, അതല്ല മറ്റേതെങ്കിലും ഡാവാണെങ്കിൽ ജനസംരക്ഷണത്തിന് വേണ്ടി എന്ത് നടപടികൾ വേണമെങ്കിലും എടുക്കാനും ബലിക്ക് ജനം സമ്മതം നൽകി.

തട്ടിപ്പിനുള്ള സാദ്ധ്യത മുന്നിൽകണ്ട് ആകാശത്ത് വെച്ചാണ് business summit നടത്തിയത്. ഉച്ചകോടിക്കിടയിൽ വലിപ്പം കൂട്ടാനുള്ള റോബോട്ടിന്റെ റീബൂട്ട് പ്രോഗ്രാം സെൻസ് ചെയ്തതും മിസൈൽ- റോബോട്ട്- റഡാർ സംയുക്ത ഷീൽഡ് വിടർത്താൻ ബലി ഉത്തരവ് നൽകി. മാത്രമല്ല സ്‌ക്രീനിൽ virtual world തെളിയുകയും, അതിന്റെ ഇലെക്ട്രോമാഗ്നെറ്റിക് രശ്മികളടിച്ച് പ്രോഗ്രാം താറുമാറായ റോബോട്ട് പ്രവർത്തനരഹിതമാവുകയും വാമൻസ് കടലിൽ തലകുത്തി വീണ് സ്രാവിന് ഭക്ഷണമാകുകയും ചെയ്തു. നാണക്കേട് മറയ്ക്കാൻ വീണത് ബലിയാണെന്ന് വിഷ്ണു മരോനമ പത്രമോഫീസിൽ വിളിച്ച് പറഞ്ഞു. അന്നേ മനുഷ്യവിരുദ്ധരായ മരോനമ അത് ബ്രേക്കിംഗ് ന്യൂസായി വലിയ തലക്കെട്ടിൽ കൊടുക്കുകയും, അടുത്ത ദിവസം വളരെ ചെറിയ ഒരു കോളത്തിൽ തിരുത്തുകയും ചെയ്തു. നേരിയ ഒരു കൺഫ്യൂഷൻ ആദ്യം ഉണ്ടായെങ്കിലും വാമനൻ 'ഓഫാ'യത് ജനങ്ങൾ 'ഓണാ'യി ആഘോഷിക്കാൻ തുടങ്ങി എന്നതാണ് കഥയുടെ സാരാംശം.
വിഷ്ണു- വാമനൻ കള്ളക്കഥ നിലംപരിശാക്കിയ ഈ സായംകാലത്ത് എല്ലാവർക്കും post onam wishes, ഓണാനന്തരാശംസകൾ!
Cheers…
