സുംബ കാലത്തെ
ഒരു uncensored വിഷ്വൽ

‘സാംസ്കാരിക കേരള’ത്തിന്റെ ഒരു വിഷ്വൽ സ്ട്രാറ്റജിയെക്കുറിച്ചാണ്. അതൊരു 3 ‘C’ strategy- ആണ്- ‘convince if possible, confuse if necessary, and corrupt if nothing else works’. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 34

രു റെസ്റ്റോറന്റിന്റെ കോർണർ ടേബിളിലാണ്. അവിടെ രണ്ടുപേർ ഇരിക്കുന്നുണ്ട്. ഒരു മീഡിയം ഷോട്ടിലാണ് അവരെ കാണുന്നത്. മേശയിൽ എവിടെയോ ഓഡിയോ എക്വിപ്മെന്റ് ഉണ്ട്. അവർ അറിയാതെ അവിടെ വച്ചതായിരിക്കണം. സംഭാഷണം വ്യക്തമായി കേൾക്കാം.

ഒരു സൗകര്യത്തിന് അവരെ X1 എന്നും X2 എന്ന് വിളിക്കാം.

X1: സാംബയായിരുന്നു വേണ്ടിയിരുന്നത്.
X2: ഇനിയിപ്പോ സുംബ വച്ച് കത്തിക്കാൻ നോക്കാം.
X1: സാംബയെന്ന് വെച്ചാണ് ചൂട്ട് കത്തിച്ചിറങ്ങിയത്.
X2: കത്തിക്കാൻ നമ്മക്ക് സുംബ ധാരാളം.
X1: ഇതിൽ ഇവിടെ ഡ്രസ് ഇടുന്നുണ്ട്.
X2: പക്ഷേ ചന്തി കുലുങ്ങുന്നുണ്ടല്ലോ?
X1: ഡ്രസ് കുറവാണെന്നതായിരുന്നു പോയിന്റ്.
X2: ഭാവിയിൽ കുറയുമെന്ന് പറയാം.
X1: ഏൽക്കുമോ?
X2: അതിനാണല്ലോ കുലുക്കം ചേർക്കുന്നത്.
X1: ഏതിന്?
X2: പെണ്ണുങ്ങൾ കുലുങ്ങരുതെന്ന് കിത്താബിൽ ഉണ്ടെന്ന് പറയാം?
X1: അങ്ങനെയുണ്ടോ?
X2: വരി ചൊല്ലി വിശദീകരിച്ചാൽ മതിയല്ലോ?
X1: ഡ്രസ് ലേശം കുറഞ്ഞിരുന്നെങ്കിൽ എളുപ്പം പിടിച്ച് കേറാമായിരുന്നു.
X2: കൂടാതെ ആണും പെണ്ണും കലരുന്നുണ്ടല്ലോ?
X1: കലരാൻ പാടില്ലെന്ന് കിത്താബിലുണ്ടോ?
X2: ധാരാളമായിട്ടുണ്ട്.
X1: പിന്നെ മറ്റോര് പിടിക്കും മുമ്പ് നമ്മൾ സംസ്കാരത്തെ പിടിക്കണം.
X2: സംസ്കാരം ഒരു പിടിവള്ളിയാണ്.
X1: പിന്നെ വിശ്വാസത്തിൽ ഊന്നണം.
X2: ക്ലിക്കാകുമോ?
X1: ഇല്ലെങ്കിൽ വൃണപ്പെടണം.
X2: വേറൊന്നിലും വീണില്ലെങ്കിലും വൃണത്തിൽ വീഴും.
X1: വൃണപ്പെടാൻ മാത്രമായിട്ട് വികാരങ്ങളുടെ ഒരു കലവറ തന്നെ നമുക്കുണ്ടല്ലോ?
X2: വൃണം നമ്മുടെ പൂഴിക്കടകനാണ്.
X1: പക്ഷേ എങ്ങനെ അങ്കത്തട്ടിലെത്തിക്കും?
X2: അന്തിചർച്ച, കേറി കിട്ടിയാൽ മതി.
X1: അവതാരകൻ കേറി ചൊറിഞ്ഞാൽ?
X2: ചൊറിയണമല്ലോ, അവരുടെ റേറ്റിങ്ങ് കൂടും.
X1: അപ്പോൾ നമ്മെ മറ്റുള്ളവർ വിളിക്കും.
X2: കറക്ട്! ചർച്ചകളിൽ നമ്മൾ നിറയും. കവിയും!
X1: വാദത്തിൽ നമ്മൾ തോറ്റെന്ന് പരക്കെ തോന്നും.
X2: പക്ഷെ നമ്മടെ അജണ്ട പയ്യെ പുകയും, പടരും.

ക്യാമറ ഇപ്പോൾ ലോങ്ങ് ഷോട്ടിൽ നിന്ന് മീഡിയം ഷോട്ടിലേക്ക് പോകുന്നത് മറ്റൊരു ടേബിളിലേക്കാണ്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. അവിടെയും രണ്ട് പേരുണ്ട്. Z1 ന്നും Z2 എന്നുമാണ് അവരെ വിളിക്കുന്നത്.

Z1: സുംബാ അവര് കൊണ്ടുപോകുമോ?
Z2: നമ്മൾ സമ്മതിക്കില്ല.
Z1: എന്ത് പറയും?
Z2: അങ്കത്തട്ടിൽ ഭരതനാട്യം, കുച്ചിപ്പുടി?
Z1: ഏൽക്കില്ല.
Z2: മുനിവര്യന്മാരെ ഇളക്കിയ ആട്ടങ്ങളാണ്.
Z1: യോഗ തന്നെ ഇറക്കാം.
Z2: ലേശം കൂടെ കടുപ്പം വേണം.
Z1: സംസ്കാര അധിനിവേശം.
Z2: അധിനിവേശം നമ്മുടെ വാക്കല്ല, പ്രവർത്തിയാണ്.
Z1: അപചയമായാലോ?
Z2: അത് മത്യാർന്നു, അവന്മാർ സംസ്‍കാരം പറയാൻ തുടങ്ങിയിട്ടുണ്ട്.
Z1: അതിനെന്താ? നമ്മൾക്ക് ആർഷം ചേർത്ത് പറയാം.
Z2: ശത്രൂവിൽ നിന്ന് ടോട്ടലി വ്യത്യസ്തമാകണം.
Z1: ആവശ്യമില്ല.
Z2: എന്ന് വെച്ചാൽ?
Z1: ആവശ്യത്തിനേ വിഭജിക്കാവൂ.
Z2: പിടികിട്ടി.
Z1: വോട്ട്, ഭരണം, ധനം, കച്ചോടങ്ങൾ വരുമ്പോ അവരെ തട്ടണം.
Z2: ജൻഡർ, അബോർഷൻ, LGBTQ വരുമ്പോൾ നമുക്ക് അവരെ വേണം.
Z1: ചർച്ചയിൽ അവർ പറയും, നമ്മൾ അതിന് മേലെ പറയും.
Z2: കേട്ടാൽ രണ്ടെന്ന് തോന്നും, ഫലം ഒന്നും.

സീനുകൾ കണ്ട് കഴിഞ്ഞപ്പോൾ ശങ്കർ മൊയ്തീനോട് ഞാൻ ചോദിച്ചു, "എന്താ ഉദ്ദേശം?"
"ചാനലിന് ഒരു സ്‌കൂപ്പ് അത്യാവശ്യം, അതിനുള്ള ഇന്ധനമാണ്. അവരെ വിളിക്കണം ചർച്ച കത്തും".
"കൊടുക്കരുത്".
"വൈ?"
"ഇവന്മാർക്ക് ഒരു വേദി കൊടുക്കരുത്, വേദി അവർക്ക് ക്യാപിറ്റൽ ആണ്".
"റേറ്റിംഗ്, വ്യൂവർഷിപ്പ്... ആരു തരും?”
"കുറച്ചു വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു സംഭവം പറയാം. അതിൽ ഞാൻ പ്രിയ എന്ന ലേഡിക്ക് കൊടുത്ത മറുപടിയാണ് നിന്നോടും പറയാനുള്ളത്. കേട്ടോ’’.

സംഭവം.

ഞാൻ ഉച്ചക്ക് ഊണും കഴിഞ്ഞ്, ഇനിയെന്ത് എന്നാലോചിരിക്കുകയാണ്. അവധി തീരാറായിരിക്കുന്നു. ഇനിയും കാര്യങ്ങൾ ചെയാനുണ്ട്‌, ആളുകളെ കാണാനുണ്ട്. ഒന്ന് കിടക്കണോ അതോ ലിസ്റ്റിലെ അടുത്ത ഐറ്റം തീർക്കണോ; ഒരു തീരുമാനത്തിലേക്ക് എത്തിയില്ല അപ്പോഴാണ് മൊബൈൽ ഫോണിലെ ലോക്കൽ നമ്പറിൽ ഒരു കാൾ വരുന്നത്,
"ഹലോ, പ്രസന്നൻ", സ്ത്രീയാണ്.
"അതെ"
"താങ്കളുടെ ഒരു ഫ്രണ്ട് റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിളിക്കുന്നത്", വശ്യമായ ശബ്ദം, ആകർഷണീയമായ ഉച്ചാരണം.
എന്നിട്ടും ഞാൻ ഗൗരവമൊന്നും തൽക്കാലം കുറച്ചില്ല, "അല്ല, ഇതാരാണ്?"
"സോറി, ഐ ഷുഡ് ഹാവ് ഇൻട്രൊഡ്യൂസ്ഡ് ഫസ്റ്റ്, എന്റെ പേര് സുനിത. കാമധേനു എന്റർപ്രൈസിൽ നിന്നാണ് വിളിക്കുന്നത്".
"കാമധേനു....?"
"We do canvassing, ഞങ്ങളുടേത് കാൻവാസിങ് സർവീസ് ആണ്".
"എന്ത് പ്രോഡക്റ്റ് ആണ്?"
"പ്രോഡക്റ്റ് അല്ല" (ചിരി)," താങ്കൾക്ക് ടീവി ചർച്ചകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോ?"
ഇല്ലെന്ന് പറഞ്ഞാൽ സംഭാഷണം ഇവിടെ അവസാനിക്കുമായിരിക്കും. എന്താണ് സംഭവമെന്നറിയണമല്ലോ.
"താൽപ്പര്യമുണ്ട്".
"ഞാൻ ഫോൺ ഞങ്ങളുടെ മാർക്കറ്റിങ് മാനേജർ പ്രിയ മേഡത്തിന് കൊടുക്കുന്നു, Madam will continue".
"ഹെല്ലോ, ഞാൻ പ്രിയ, അസ് സുനിത ടോൾഡ് ഐ ആം മാർക്കറ്റിങ് മാനേജർ", ശബ്ദത്തിന് ഓക്സ്ഫോർഡ് ടോൺ, വശ്യതക്കും കുറവില്ല.
"Okay" ഞാൻ മലയാളം ആക്‌സെന്റിൽ തന്നെയാണ് പറഞ്ഞത്.
" യു വിൽ ബി പ്രിഫേർഡ് റ്റു ബി കാൾഡ് ബൈ...?"
"പ്രസന്നൻ", കാര്യത്തിലേക്ക് വരൂ എന്ന മട്ടിലായിരുന്നു ഞാൻ.
"പ്രസന്നൻ, ടീവി ചർച്ചയിൽ താത്പര്യമുണ്ടെന്ന് പറയുമ്പോൾ..."
"താല്പര്യമേയുള്ളൂ, അതിന് വേണ്ട ചരിത്രവും..."
"ഞങ്ങളുദ്ദേശിക്കുന്ന തരം ചർച്ചകൾക്ക് ചരിത്രവും, ശാസ്ത്രവും ആവശ്യമില്ല, അഞ്ചുദിവസത്തെ പരിശീലനം മാത്രം മതി".
"പരിശീലനം?"
"Online, സൗജന്യമാണ്. തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രം".
"ഓഹോ", ഞാനുദ്ദേശിച്ചതിലും കൂടുതൽ അവിശ്വാസം പറഞ്ഞതിലുണ്ടായിരുന്നിരിക്കണം.
"പജിത് ശ്രീണിക്കർ എന്നയാളെ പ്രസന്നൻ കേട്ടിട്ടുണ്ടോ?"
"യെസ്"
"ഈ അടുത്ത കാലത്തല്ലേ, ശബരിമലയും, പൗരത്വ ബില്ലും വന്നതിന് ശേഷം?"
"ആണ്'
"ഈഹുൽ രാശ്വറിനെ?"
"കേട്ടിട്ടുണ്ട്, ഇപ്പോൾ കേൾക്കാറില്ല".
"എന്നുവെച്ചാൽ?"
"യുട്യൂബിൽ അയാളുടെ ഭാഗം വരുമ്പോൾ കഴ്സർ നീക്കിവെക്കും".
10 സെക്കൻഡ് നീണ്ട ചിരിക്ക് ശേഷം,
"കാരണം ഞാൻ പറയട്ടെ?"
"പറഞ്ഞൊ".
"സമവായം, മദ്ധ്യമാർഗ്ഗം, വിവേകാനന്ദൻ, വാവര്, പിന്നെ ചില സ്ഥിരം വെസ്റ്റേൺ പേരുകൾ. ഇതിട്ട് റീസൈക്കിൾ ചെയ്തിട്ടും അയാളെ ചാനലുകൾ ചർച്ചക്ക് വിളിക്കുന്നു".
"അവരെ നിങ്ങൾ ട്രെയിൻ ചെയ്തതാണോ?"
"അല്ലേയല്ല, പക്ഷേ അവരെപോലുള്ളവരുടെ റീച്ച് കണ്ടിട്ടാണ് we were recruited to canvass people".
"Why me, എന്തുകൊണ്ട് ഞാൻ?"
"പുതിയ, മുൻ പ്രശസ്തിയില്ലാത്ത ആളുകൾ വേണം to propagate new central government policies".
"എന്റെ രാഷ്ട്രീയം, നിലപാടുകൾ..."
"എതിരായിരിക്കണം, പക്ഷെ ഏതെങ്കിലും ഒരു കാര്യത്തിൽ പിന്തുണക്കാമല്ലോ. ഉദാഹരണത്തിന് ഓപ്പറേഷൻ ഫിന്ദൂർ, എത്രയോ ആളുകൾ സപ്പോർട്ടഡ് ദി ഗവണ്മെന്റ് അറ്റ് ലീസ്റ്റ് ഓൺ എ നാഷണലിസ്റ്റിക് വ്യൂ പോയ്ൻ്റ്".
"അതിനാണ് പരിശീലനം, അല്ലേ?"
"പരിശീലനം പ്രധാനമാണ്, നോക്കൂ '1914 ൽ, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായിരിക്കണം; പക്ഷെ ഞാനതിനെ രാമരാജ്യം എന്നേ പറയൂ' എന്ന് ഗാന്ധിജി പറഞ്ഞതായി ആർതർ ഹെൻമാന്റെ പുസ്തകത്തിലുണ്ടെന്ന് ഒരാൾ ഒരു ചർച്ചയുടെ ക്രിട്ടിക്കൽ ഘട്ടത്തിൽ അസന്ദിഗ്ധമായി പറയുന്നുവെന്നിരിക്കട്ടെ. മറ്റുള്ളവർക്കാർക്കും എതിർക്കാൻ കഴിയില്ല, കാരണം അവർ പെട്ടെന്ന് തിരയുമ്പോൾ ഹെൻമാൻ ഉണ്ട്, അയാൾ ഗാന്ധിജിയെ കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്, ഈ വാചകം ഉണ്ടോ എന്നതിൽ they can't be sure".
"എനിക്ക് താല്പര്യമില്ല".
"ആലോചിക്കൂ, you will be rewarded".
"റിവാർഡും ഉണ്ടോ?".
"ലുക്ക്, താങ്കൾ മെഡിക്കൽ ഫീൽഡിൽ ആണ്, നാളെ താങ്കളൊരു കമ്പനി തുടങ്ങിയാൽ പുതിയൊരു ഹെൽത്ത് സ്‌കീമിന്റെ കൺസൾട്ടൻസി കിട്ടാം", അവൾ പിന്നെയും ചിരിക്കുന്നു, "പിന്നെ ആദായവകുപ്പ് എല്ലാവരുടെ വരുമാനവും അന്വേഷിക്കുന്നില്ല".
"പിമ്പിങ് എന്ന വാക്കിന് to compromise one's principles, especially in promoting the interests of another, for personal gain എന്നർത്ഥം കൂടിയുണ്ട് പ്രിയ, യു ഡിസേർവ് എ ബെറ്റർ ജോബ്".

സംഭാഷണം അവിടെ നിലച്ചു.

ഏതോ ജേർണലിൽ പണ്ട് വായിച്ച ആർട്ടിക്കിളിലെ അവസാനവാചകം മുന്നിൽ തെളിഞ്ഞു; 'That's called 3C strategy, convince if possible, confuse if necessary, and corrupt if nothing else works”.

ശങ്കർ മൊയ്തീൻ എന്തായാലും അവരെ ചർച്ചക്ക് വിളിച്ചില്ല. പകരം സുംബയുടേയും സാംബയുടേയും ചരിത്രവും ഘടനയും സ്വാധീനവും അറിയാവുന്നവരെ കൊണ്ടുവന്നു. രസകര- വിജ്ഞാനദായക സംഭാഷണമായി അത് മാറി. അടുത്ത ദിവസം ശങ്കർ വന്നു. അനന്തരം എന്നെ ഒന്ന് നോക്കി.
“ജനാധിപത്യമെന്നാൽ ഇരക്കും വേട്ടക്കാരനും ഒരേ അവസരമെന്നല്ലല്ലോ”, നോട്ടത്തിൽ ആ തിരിച്ചറിവുണ്ടായിരുന്നു.

Cheers!

READ :

GOOD EVENING FRIDAY മറ്റ് ഭാഗങ്ങൾ വായിക്കാം


Summary: Dr prasanan pa column good evening friday part 34 discuss an uncensored visual from the Zumba era


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments