Good Evening Friday- 4
ഒരു സിസ്റ്റവും പെർഫെക്റ്റ് അല്ല. പെർഫെക്ഷനിലേക്കുള്ള ശ്രമമാണ് ഒരു സംവിധാനത്തെ കാര്യക്ഷമവും ഫലപ്രദവും നവീകരണവിധേയവുമാക്കുന്നത്. മാത്രമല്ല, ചുമതലയും ഉത്തരവാദിത്തവും സമന്വയിപ്പിക്കേണ്ടതുമുണ്ട്. ഒരു കാര്യം നടപ്പിലാക്കുന്നതിന് ബാദ്ധ്യസ്ഥമാകുന്ന അവസ്ഥയാണ് ചുമതല. ആ പ്രവർത്തിയുടെ പരിണിതഫലം ഏറ്റെടുക്കുന്നതാണ് ഉത്തരവാദിത്വം. തന്റേതെന്നുള്ള തിരിച്ചറിവും പ്രതിബദ്ധതയുമാണ് ഉത്തരവാദിത്തത്തിനെ ചുമതലയിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. ഓസ്ട്രേലിയൻ ഹെൽത്ത് സിസ്റ്റത്തിന്റെ ഇതുവരെയുള്ള മേന്മക്ക് കാരണം മേൽപ്പറഞ്ഞ ഘടകങ്ങളാണ്.
“Human beings have never done everything right from the beginning; instead, they have learned from their mistakes. Corrections do not arise de novo; they result from ongoing, search, research and purposeful actions”
എന്തുകൊണ്ട് ആരോഗ്യമേഖലയിൽ അസമത്വം നിലനിൽക്കുന്നു എന്ന് പഠിക്കുകയും, പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സോഷ്യൽ മെഡിസിനും, ആരോഗ്യസംരക്ഷണസംവിധാനത്തിന്റെ പ്രവർത്തനം എല്ലാ പൗരർക്കും ഒരു പോലെ ഉപകാരപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്ന സോഷ്യലൈസ്ഡ് മെഡിസിനും തമ്മിൽ സംയോജിപ്പിക്കുന്നതിൽ ഒരു പരിധി വരെ ഓസ്ട്രേലിയൻ ഹെൽത്ത് സിസ്റ്റം വിജയിച്ചിട്ടുണ്ട്.
ആ സംവിധാനത്തിന്റെ
ചില ചെറുചിത്രങ്ങളുടെ
പശ്ചാത്തലത്തിൽ
Good Evening Friday.
ഓസ്ട്രേലിയൻ ആരോഗ്യരംഗം പാർട്ട് 1.
ഓർത്തോപീഡിക് സർജൻ ഐസക്ക് ഹോസ്പിറ്റൽ കാർപാർക്കിലേക്കുള്ള വഴിയിലൂടെ നടന്നുപോകുന്നു. എതിരെ ഐസക്കിന്റെ അയൽക്കാരനും, ഇലക്ട്രീഷ്യനുമായ ഇയാൻ വരുന്നു. ‘ഗുഡ് മോർണിംഗ്, ഹൗ ആർ യു’ എന്നീ പതിവ് ഉപചാര വാക്കുകൾക്ക് ശേഷം ഇയാൻ ലേശം ഗൗരവത്തിലാകുന്നു,
‘‘എനിക്ക് ഒരാഴ്ചയായി നടുവിനൊരു വേദന, എന്ത് ചെയ്യണം?’’
‘‘എന്തെങ്കിലും വീഴ്ചയോ, അപകടമോ കാരണമാണോ?’’
‘‘കുനിഞ്ഞ് ഒരു ബോക്സ് പൊക്കിയതാണ്’’.
‘‘വേദനയല്ലാതെ വേറെ എന്തെങ്കിലും ബുദ്ധിമുട്ട്?"
‘‘വേദന മാത്രമേയുള്ളൂ’’.
‘‘ഇയാൻ ഒരു കാര്യം ചെയ്യ്, മുൻപ് അലർജി ഒന്നുമില്ലെങ്കിൽ തൽക്കാലം പാരസെറ്റമോൾ കഴിച്ചിട്ട് എത്രയും വേഗം GP-യെ (ജനറൽ പ്രാക്ടീഷണർ / ഫാമിലി ഡോക്ടർ) കാണ്. എന്നിട്ട് ജിപി പറയുന്ന പോലെ ചെയ്യണം’’.
ഐസക്കും, ഇയാനും ഓസ്ട്രേലിയയിൽ ജനിച്ചുവളർന്നവരാണെങ്കിൽ 80 ശതമാനം സാദ്ധ്യത, ഇയാൻ ഐസക്കിന് ഒരു താങ്ക്സ് പറയുന്നതോടെ സീൻ അവിടെ തീരാനാണ്. എന്നാൽ ഇയാൻ അടുത്ത കാലത്ത് മാത്രം ഓസ്ട്രേലിയയിൽ വന്ന മലയാളിയാണെങ്കിൽ, പിറ്റേന്ന് കൂട്ടുകാരനായ സുനിലിനോട് പറയും, ‘അത് അയാള് പറയണോ, എനിക്കറിയാം ജിപിയെ കാണാൻ’.
അതിനാണ് 80 ശതമാനം സാധ്യത. ഓസ്ട്രേലിയൻ സിസ്റ്റം അറിയാത്തതുകൊണ്ടാണ്. ഇത്തരം രോഗവിവരവിനിമയത്തിന് ‘കോറിഡോർ കൺസൾട്ടേഷൻസ്’ എന്നാണ് സാങ്കേതികമായ പേര്. കോറിഡോർ കൺസൾട്ടേഷൻസിന്റെ പരിസരത്തേക്ക് പോകുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങൾ:
1. AHPRA (Australian Health Practitioner Regulation Agency)
ഡോക്ടർമാർ അടക്കമുള്ള ഹെൽത്ത് കെയർ പ്രൊഫഷണൽസിന് പ്രാക്ടീസ് ചെയ്യാനുള്ള രജിസ്ട്രേഷൻ കൊടുക്കുന്ന അതോറിറ്റി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വർഷം തോറും ഈ രജിസ്ട്രേഷൻ പുതുക്കി നൽകുന്നു. AHPRA വെബ്സൈറ്റിൽ പോയി പേര് എന്റർ ചെയ്താൽ ആ ഡോക്ടറെ കുറിച്ചുള്ള വിവരങ്ങൾ പബ്ലിക്കിന് ലഭിക്കും. ഡോക്ടറുടെ പ്രാക്ടീസിന് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ ഡോക്ടർ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികൾക്ക് വിധേയമായിട്ടുണ്ടോ എന്നിങ്ങനെയുള്ള ഇൻഫർമേഷൻ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
2. പ്രൊവൈഡർ നമ്പർ
ഗവൺമെന്റ് ഏജൻസി ഒരു ഡോക്ടർക്ക് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് കൊടുക്കുന്ന അനുമതിയുടെ തെളിവാണീ നമ്പർ. ഒന്നിലധികം സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ അത്ര നമ്പറുകൾ ഉണ്ടാകും. സാധാരണ ഓസ്ട്രേലിയയിൽ ഡോക്ടർമാർ വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്യാറില്ല, ഇനി അഥവാ ചെയ്യണമെങ്കിൽ ആ അഡ്രസ്സിൽ ഒരു പ്രൊവൈഡർ നമ്പർ ഉണ്ടാകണം. ഒരു ഡോക്ടർ തന്റെ പ്രവർത്തനമേഖലയിൽ ചെയ്യുന്ന കാര്യങ്ങൾക്ക് അക്കൗണ്ടബിലിറ്റി നൽകുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രൊവൈഡർ നമ്പർ.
3. പ്രിസ്ക്രൈബർ നമ്പർ
ഒരു ഡോക്ടർക്ക് ഒരു പ്രിസ്ക്രൈബർ നമ്പർ എന്നതാണ് ചട്ടം. ഇത് രാജ്യം മുഴുവൻ വാലിഡ് ആണ്. ചികിത്സാ സംബന്ധിയായ തീരുമാനത്തിനും, (ഉദാഹരണം മരുന്നെഴുതുക), രോഗനിർണ്ണയത്തിന് വേണ്ട ടെസ്റ്റോ, സ്കാനോ നിർദ്ദേശിക്കുന്നതിനും ഈ നമ്പർ വേണം. സൂപ്പർ മാർക്കറ്റിൽ ലഭ്യമായ പാരസെറ്റമോൾ, ബ്രൂഫൻ, വിറ്റമിൻസ്, പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടുന്ന മരുന്നുകൾ (ഓയിന്റ്മെന്റുകൾ) എന്നിവയൊഴിച്ച് ഏത് മരുന്ന് കിട്ടണമെങ്കിലും പ്രിസ്ക്രൈബർ നമ്പർ രേഖപ്പെടുത്തിയ കുറിപ്പ് ആവശ്യമാണ്. നിയമപ്രകാരം മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നത് ഗവൺമെന്റ് അംഗീകരിച്ച പാഡിൽ (മാന്വൽ/ ഇലക്ട്രോണിക്) ആയിരിക്കണം.
4. ജി.പി (General Practitioner)
എം.ബി.ബി.എസ് പാസായി ഇന്റേൺഷിപ്പ് കഴിഞ്ഞ് രജിസ്ട്രേഷൻ കിട്ടിയാലും സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ ഓസ്ട്രേലിയയിൽ പറ്റില്ല. ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടർ ആയി ജോലിചെയ്യാം, അണ്ടർ സൂപ്പർവിഷൻ. ഇന്റേൺഷിപ് കഴിഞ്ഞ് ഒന്നോ രണ്ടോ കൊല്ലത്തെ ഹോസ്പിറ്റൽ ജോബ് എക്സ്പീരിയൻസിന് ശേഷം നാലുകൊല്ലത്തെ ജനറൽ പ്രാക്ടീസ് പരിശീലനവും, പരീക്ഷകളും പാസ്സായി റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് ഫാക്കൽറ്റിയുടെ ഡിഗ്രി /ഫെല്ലോഷിപ്പ് കിട്ടുമ്പോഴാണ് ജനറൽ പ്രാക്ടീഷണർ ആകുന്നത്. എല്ലാ ആളുകൾക്കും, അത് പ്രധാനമന്ത്രി മുതൽ സാധാരണ പൗരർ വരെ എല്ലാവർക്കും ഒരു ജി.പി വേണം. ആരോഗ്യപ്രശ്നങ്ങൾക്കും, രോഗപ്രതിരോധമാർഗ്ഗങ്ങൾക്കും ആദ്യം സമീപിക്കേണ്ടത് ജി.പിയെ ആണ്. അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഹോസ്പിറ്റൽ എമെർജിസി/കാഷ്വൽറ്റിയിൽ പോകേണ്ടത്. സ്പെഷ്യലിസ്റ്റിനെ കാണണമെങ്കിൽ ജി.പിയുടെ റഫെറൽ വേണം. നേരിട്ട് സ്പെഷ്യലിസ്റ്റിനെ (ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്) കാണുക എന്നത് ഇവിടത്തെ ഒരു രീതിയല്ല.
5. പ്രൊഫഷണൽ ഇൻഡെമിനിറ്റി ഇൻഷുറൻസ്
ഡോക്ടർക്ക് തന്റെ തൊഴിൽ മേഖലയിൽ പിഴവ് സംഭവിച്ചാൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമ്പോഴും, അല്ലെങ്കിൽ തന്റെ പ്രവർത്തിയെ പ്രതിരോധിക്കാൻ നിയമസഹായം തേടുന്നതിനും ആവശ്യമായ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇൻഡെമിനിറ്റി ഇൻഷുറൻസ്. ഇൻഷുറൻസ് ഉണ്ടെങ്കിലേ AHPRA രജിസ്ട്രേഷൻ കിട്ടുകയുള്ളൂ. ഗവൺമെൻറ് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ തന്നെ നൽകുന്ന ഇൻഷുറൻസ് ഉണ്ടാകും. ഇതിന് പരിമിതികൾ ഉണ്ടാകാമെന്നുള്ളത് കൊണ്ട് വ്യക്തിപരമായ ഇൻഷുറൻസ് എല്ലാവരും എടുക്കും. ഗവൺമെന്റ് ചട്ടങ്ങളും, AHPRA നിയന്ത്രണങ്ങളും, ഇൻഷുറൻസ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുകൊണ്ടാണ് കോറിഡോർ കൺസൾട്ടേഷൻ ആവശ്യം വേണ്ട നിർദ്ദേശങ്ങളിലൊതുങ്ങുന്നത്.
Cheers…