ആന്റണി ആൽബനീസിയ്ക്കായി
അമ്മ കരുതിവെച്ച
രാഷ്ട്രീയപാഠങ്ങൾ

‘‘ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ച്, ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം വളർന്ന്, 2022- ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായ ആന്റണി ആൽബനീസി, 2025- ൽ വീണ്ടും ചരിത്രം രചിച്ചു. ഇത്തവണ പാർട്ടിയുടെ 89 പാർലമെൻ്റ് മെമ്പർമാരിൽ വനിതകൾ 47’’- ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 26

1977- ലെ ഒരു രാത്രി.
ഒരു പതിനാലു വയസ്സുകാരനും അവന്റെ അമ്മയും അവരുടെ ഡൈനിങ്ങ് റൂമിൽ മുഖാമുഖമിരുന്നു. അത്താഴത്തിന് സമയമാകുന്നതേയുള്ളു, പിന്നെന്തിനെന്തിനാണ് അമ്മ തന്നെ വിളിച്ചതെന്ന ആകാംക്ഷയുണ്ടായിരുന്നെങ്കിലും അവൻ ചോദിച്ചില്ല. അമ്മയുടെ വിരലുകളെയെടുത്ത് തന്റെ കൈത്തലത്തിൽ വെച്ച് മെല്ലെ തലോടി. ചെറുപ്പത്തിലേ പിടിപെട്ട ആർത്രൈറ്റിസ് അമ്മയുടെ വിരലുകളെ ബാധിച്ചുതുടങ്ങിയിരുന്നു.

"വേദനയുണ്ടോ?"
"ഇപ്പോൾ അത്രയില്ല"

വീണ്ടും രണ്ടാളും നിശ്ശബ്ദരായി. ചുമരിനോട് ചേർന്നുനിൽക്കുന്ന ലൈറ്റ് തീരെ മങ്ങിയിട്ടാണെങ്കിലും റാക്കിലുള്ള പാത്രത്തിൽ തട്ടി വരുന്ന മഞ്ഞ വെളിച്ചം അമ്മയുടെ കവിളിലൂടെ താഴേക്ക് വീഴുന്നു. അവനെണീറ്റ് ആ പാത്രം നീക്കിവെച്ച് വന്നിരുന്നു.

"ഇനി എന്താണെങ്കിലും പറഞ്ഞോളൂ" എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അത് അമ്മക്ക് ഒരു സമ്മർദ്ദം ആകുമോ എന്നായിരുന്നു അവന്റെ വിഷമം. അല്ലെങ്കിൽ തന്നെ അമ്മ ഒരു പാട് കഷ്ടപ്പെടുന്നു എന്നവനറിയാം. റൂമറ്റോയിഡ് ആർത്രൈറ്റിസിന്റേത് വല്ലാത്തോരു വേദനയാണ്. അതും വെച്ചാണ് ആ വലിയ ഓഫീസുകളിൽ ക്ളീനിങ് ജോലി ചെയുന്നത്. ദിവസം ചെല്ലുന്തോറും മുട്ടിലും കഴുത്തിലുമുള്ള വേദന കൂടി വരികയാണ്. അവനും കൂടെ നിർബന്ധിച്ചിട്ടാണ് ഡിസബിലിറ്റി പെൻഷനുള്ള അപേക്ഷ കൊടുത്തത്. അതെങ്ങാനും റിജെക്ടഡ് ആയോ, അതോ വരുമാനം കുറയുമ്പോൾ അത് തന്റെ പഠനത്തെ ബാധിക്കുമോ, എന്താണ് അമ്മയെ അലട്ടുന്നത്? അതാവില്ല. ജോലിക്ക് പോകേണ്ടി വന്നാലും താൻ പഠിപ്പ് നിറുത്തില്ലെന്ന് അമ്മക്കറിയാം.
പിന്നെയെന്താണ്?
അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ വളരെ നേരെത്തെ പരിശ്രമത്തിനൊടുവിൽ അമ്മ ചോദിച്ച ചോദ്യം അവൻ കേട്ടു,
"നീ എപ്പോഴെങ്കിലും നിന്റെ അച്ഛനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?"
അവൻ പുഞ്ചിരിച്ചു,
"അതിനുള്ള ഒരവസരം അമ്മ തന്നിട്ടുണ്ടോ? യു ആർ സൊ കെയറിങ് അമ്മ".
"എന്നാലും മറ്റു കുട്ടികളുടെ.........."

"ബിലീവ് മി അമ്മ, എനിക്കങ്ങനെ ഒരു കുറവ് തോന്നിയിട്ടേ ഇല്ല. അച്ഛൻ എന്ന അനുഭവം എനിക്ക് ഇല്ലാതിരുന്നത് കൊണ്ടാകാം. പിന്നെ അമ്മയിങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ, പിന്നെങ്ങിനെ ഞാനപ്പുറത്തേക്ക് ചിന്തിക്കും?" അവൻ ചിരിച്ചുകൊണ്ട് രണ്ട് കൈകൊണ്ടും അമ്മയുടെ കവിളിൽ പിടിച്ചു. അവൻ സത്യമാണ് പറഞ്ഞത്. ഒന്നും ഒരു കുറവായി അവന് തോന്നിയിട്ടില്ല.

ഒരിക്കൽ അവനോട് അവന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ചോദിച്ചു, "നിനക്ക് സ്വന്തമായി വീടില്ല, അല്ലേ?"
"ഉണ്ടല്ലോ?"
"അത് ഗവണ്മെന്റ് തന്നതല്ലേ?"
"അതെ, വീടില്ലാത്തവർക്ക് ഗവണ്മെന്റ് സ്വന്തമായി തരുന്ന വീട്. യു നോ, ഐ ആം പ്രൗഡ് ഓഫ് ബീയിങ് പാർട്ട് ഓഫ് ദി ഗവൺമെന്റ്"

അതായിരുന്നു അവൻ. പിന്നെന്തിനാണ് ഇപ്പോൾ അമ്മ അങ്ങനെ ചോദിച്ചത്? താൻ ജനിക്കും മുമ്പേ അച്ഛൻ കാറപകടത്തിൽ മരിച്ചുവെന്നാണ് ഗ്രാൻഡ്മാ അവനോട് പറഞ്ഞിട്ടുള്ളത്. ഒരിക്കലും അച്ഛനെ പറ്റി അമ്മയോട് ചോദിക്കണമെന്ന് അവന് തോന്നിയിട്ടില്ല.

"ഇനി ഞാൻ പറയാൻ പോകുന്നത് കേൾക്കുമ്പോൾ നിനക്ക് എന്നോട് ദേഷ്യം........"

"അമ്മയോട് എനിക്ക് ദേഷ്യം തോന്നാൻ സാധ്യത തീരെ കുറവാണ്, അത് പേടിച്ചാണ് ഈ ഗൗരവമെങ്കിൽ അമ്മ യു ആർ നോട്ട് ഗോയിങ് റ്റു സക്സീഡ്. എന്നാലും പറഞ്ഞോളൂ".
താനങ്ങനെ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ ടെൻഷൻ കുറഞ്ഞുവെന്ന് അവന് തോന്നി.

ഓസ്ട്രേലിയ നിലവിൽവന്നശേഷം പാർലമെൻ്റിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ചുവരുന്ന ആദ്യത്തെ ലേബർ പാർട്ടി പ്രൈം മിനിസ്റ്റർ ആകുന്നു ആൽബനീസി.
ഓസ്ട്രേലിയ നിലവിൽവന്നശേഷം പാർലമെൻ്റിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ചുവരുന്ന ആദ്യത്തെ ലേബർ പാർട്ടി പ്രൈം മിനിസ്റ്റർ ആകുന്നു ആൽബനീസി.

"ഞാൻ നടത്തിയ നീണ്ട ഒരു കപ്പൽ യാത്രയെ കുറിച്ച് നിന്നോട് പറഞ്ഞിട്ടില്ലേ? ആ യാത്രയിൽ വെച്ചാണ് നിന്റെ അച്ഛനുമായി അടുപ്പത്തിലാവുന്നത്. ആ കപ്പലിലെ ജോലിക്കാരനായിരുന്നു".

"യു വേർ ഇൻ ലവ്?"
"യെസ്".
"എന്നിട്ട്"
"ആ യാത്രക്കുശേഷം ഞാൻ പിന്നെ കണ്ടിട്ടില്ല".
"അപ്പോൾ മരിച്ചിട്ടില്ല?"
"അറിയില്ല, ചിലപ്പോൾ ഏതോ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകാം".
"അത് സന്തോഷമുള്ള കാര്യമല്ലേ?", അവൻ അമ്മയെ കെട്ടിപിടിച്ചു.

ആ പ്രായത്തിലും അവനറിയാമായിരുന്നു, 1960- കളിൽ അവിവാഹിതമായ ഒരു സ്ത്രീ അമ്മയാകുന്നത് കുടുംബത്തിന് അപമാനമാണ്. അപഖ്യാതിയും ഒറ്റപ്പെടലും ഒഴിവാക്കാനായിരിക്കണം ഗ്രാൻഡ്മാ അച്ഛൻ മരിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞത്.

അച്ഛനെ അന്വേഷിച്ചാലോ എന്നൊരു ജിജ്ഞാസ സ്വാഭാവികമായും അവന് പലപ്പോഴുമുണ്ടായി. എന്നാൽ താൻ വിട്ടുപോകുമോ എന്ന വിഷമം അമ്മക്കുണ്ടായാലോ എന്ന് അവൻ ഭയന്നു. ക്രമേണ അച്ഛൻ എന്ന ചിന്ത അവന്റെ മനസ്സിൽ നിന്ന് പോയി. അവിടന്നങ്ങോട്ട് ഒന്നിനും നിർബന്ധിക്കാതിരുന്നിട്ടും, കൗമാരത്തിന്റെ പ്രലോഭനങ്ങൾക്കും ആകർഷണങ്ങൾക്കുമപ്പുറം അമ്മയുടെ നിശ്ശബ്ദമായ സ്വാധീനം അവനിൽ ശക്തമാവുകയിരുന്നു.

1984 ലെ ഒരു രാത്രി.
അവൻ ഡയറിയിൽ ഇങ്ങനെയെഴുതി,
"ബാല്യം അനിശ്ചിതത്വത്തിന്റേതായിരുന്നു, പട്ടണത്തിലെ ഒരു കുടുസ്സ് വീട്ടിൽ അമ്മയും മകനും മാത്രം. എന്താകുമെന്നോ, എങ്ങനെയാകുമെന്നോ അറിയാത്ത ദിനരാത്രങ്ങൾ. അമ്മയുടെ നിശ്ചയദാർഢ്യം, മകന്റെ ജീവിതം തന്റെ പോലെയാകരുത്.
നാളെ ബിരുദദാനചടങ്ങിൽ തന്റെ പേരിനൊപ്പം Bachelor of Economics എന്നെഴുതപ്പെടും. സ്റ്റേജിൽ നിന്ന് സർട്ടിഫിക്കറ്റുമായി വരുമ്പോൾ അമ്മ പറയും, ഐ ആം പ്രൗഡ് ഓഫ് യു, മൈ സൺ".

അഭിമാനം ഡിഗ്രിയിൽ മാത്രമായിരുന്നില്ല; ഫുൾ ടൈം യൂണിവേഴ്സിറ്റി പഠനത്തിനോടൊപ്പം ചെയ്ത, കിട്ടാവുന്ന എല്ലാ പാർട്ട് ടൈം ജോലികൾക്കും, മികച്ച വിദ്യാർത്ഥി സംഘടനപ്രവർത്തനങ്ങൾക്കും കൂടിയായിരുന്നു.

അന്ന് പത്ത് വനിതാ മന്ത്രിമാരുള്ള തന്റെ ക്യാബിനറ്റ് പ്രഖ്യാപിക്കുമ്പോൾ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്താളുകളിൽ അയാൾ പുതിയ ഒരു ചരിത്രം എഴുതിച്ചേർക്കുകയായിരുന്നു. 2025- ൽ അയാൾ വീണ്ടും ചരിത്രം രചിച്ചു. ഇത്തവണ പാർട്ടിയുടെ 89 പാർലമെൻ്റ് മെമ്പർമാരിൽ വനിതകൾ 47.
അന്ന് പത്ത് വനിതാ മന്ത്രിമാരുള്ള തന്റെ ക്യാബിനറ്റ് പ്രഖ്യാപിക്കുമ്പോൾ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്താളുകളിൽ അയാൾ പുതിയ ഒരു ചരിത്രം എഴുതിച്ചേർക്കുകയായിരുന്നു. 2025- ൽ അയാൾ വീണ്ടും ചരിത്രം രചിച്ചു. ഇത്തവണ പാർട്ടിയുടെ 89 പാർലമെൻ്റ് മെമ്പർമാരിൽ വനിതകൾ 47.

പിന്നീടുള്ള വർഷങ്ങൾ അയാളുടെ വ്യക്തിത്വവികാസത്തിന്റേതായിരുന്നു. മികച്ച പൊതുപ്രവർത്തകൻ എന്ന് അഭിനന്ദിക്കപ്പെടുമ്പോൾ അയാൾ പറഞ്ഞു, "It was from mom that I learned the values of social justice and fairness".

2000- ത്തിലെ വേനൽക്കാലത്താണ് അയാൾ അച്ഛനാകുന്നത്.
"ഈ അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്, പ്രത്യേകിച്ച് എനിക്ക്. പഴയ ഓർമ്മകൾ വന്ന് നിറയുകയാണ്"

അയാൾ പക്ഷേ ആ ഓർമ്മകളെ സ്വയം ചേർത്തുനിർത്തിയതേ ഉള്ളൂ. രണ്ടു വർഷങ്ങൾക്കപ്പുറം അമ്മ മരിച്ചു. അയാളുടെ ജീവിതത്തിലെ വലിയൊരു അദ്ധ്യായത്തിന്റെ അവസാനമായിരുന്നു.

അനന്തരം, വിദൂരമായ ഒരു രാജ്യത്ത് അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്ന അച്ഛനെ കണ്ടുപിടിച്ച് ആശ്ലേഷിക്കുമ്പോൾ ഏഴുവർഷം നീണ്ട അയാളുടെ നിരന്തരപരിശ്രമത്തിന്റെ സന്തോഷപൂർണ്ണമായ സമാപ്തിയും. അത് 2009- ലായിരുന്നു. അതിന് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു അയാൾ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് എം പിയുടെ ആദ്യ പ്രസംഗത്തിൽ അയാൾ പറഞ്ഞു,
“For myself, I will be satisfied if I can be remembered as someone who will stand up for the interests of my electorate, for working-class people, for the labour movement, and for our progressive advancement as a nation into the next century’’.

ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ച്, ഇടതുപക്ഷ ആശയങ്ങൾക്കൊപ്പം വളർന്ന്, 2022 ൽ ഓസ്‌ട്രേലിയയുടെ മുപ്പത്തിയൊന്നാമത്തെ പ്രധാനമന്ത്രിയായ അയാളുടെ പേര് ആന്റണി ആൽബനീസി.

ഒരിക്കലും എത്തിച്ചേരാൻ സാദ്ധ്യതയില്ലാതിരുന്ന ഉയരങ്ങളിലേക്ക് നേരും നെറിവുള്ള ചുവടുകൾ വെക്കാൻ അയാളെ പ്രാപ്തനാക്കിയ അമ്മ, മേരിയാൻ എലറി. അന്ന് പത്ത് വനിതാ മന്ത്രിമാരുള്ള തന്റെ ക്യാബിനറ്റ് പ്രഖ്യാപിക്കുമ്പോൾ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്താളുകളിൽ അയാൾ പുതിയ ഒരു ചരിത്രം എഴുതിച്ചേർക്കുകയായിരുന്നു. 2025- ൽ അയാൾ വീണ്ടും ചരിത്രം രചിച്ചു. ഇത്തവണ പാർട്ടിയുടെ 89 പാർലമെൻ്റ് മെമ്പർമാരിൽ വനിതകൾ 47.

ഓസ്ട്രേലിയ നിലവിൽവന്നശേഷം പാർലമെൻ്റിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ചുവരുന്ന ആദ്യത്തെ ലേബർ പാർട്ടി പ്രൈം മിനിസ്റ്റർ ആകുന്നു ആൽബനീസി.

Cheers!


Summary: Dr Prasannan pa writes about Australian PM Anthony Albanese and Australian cabinet in good evening friday column.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments