2016 കാലഘട്ടം.
ഫേസ്ബുക്കിൽ എഴുത്തുകൾ വന്നുതുടങ്ങുന്നതേയുള്ളൂ. ആ സമയത്താണ് Good Evening Friday എന്ന മേൽവിലാസത്തോടെ ഞാൻ ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങുന്നത്.
അതിന് കുറച്ചുദിവസങ്ങൾക്കുമുമ്പായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ എഴുതിയ ‘സാഹിത്യത്തിലെ വിധ്വംസന പ്രക്രിയ’ എന്ന ലേഖനത്തെ വിമർശിച്ച് എം. കൃഷ്ണൻനായർ എഴുതിയ പഴയ സാഹിത്യവാരഫലത്തിലെ പാരഗ്രാഫ് ഞാൻ വായിക്കാനിടയായത്. 'ഛന്ദസ്സിൽ നിന്ന് കവിതയെ മോചിപ്പിക്കുക' എന്ന അയ്യപ്പപ്പണിക്കരുടെ നിലപാടാണ് വിമർശന ഉറയിൽ നിന്ന് കൃഷ്ണൻ നായർ വാളൂരാൻ കാരണം.
എഴുത്തെന്ന പ്രക്രിയയെ കഥ, ലേഖനം, കുറിപ്പ് എന്നിങ്ങനെയുള്ള വിഭാഗവൽക്കരണമില്ലാതെ സമീപിക്കാൻ എന്നെ പ്രേരിപ്പിച്ച നിമിഷമായിരുന്നു അത്. പല ദിക്കുകളിൽനിന്ന് മനസ്സിലേക്കെത്തിയ കാര്യങ്ങൾ പ്രധാനമായും വ്യക്തികളുടെ സ്വകാര്യത മാനിക്കുക,വസ്തുതാപരമായ നിജസ്ഥിതി ഉറപ്പു വരുത്തുക എന്നീ ഫിൽറ്ററിങ്ങിന് വിധേയമാക്കി വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
പിന്നീട് ഫേസ്ബുക്കിൽ എഴുത്തുകാരുടെ ഒരു exodus തന്നെയുണ്ടായി. നിലവാരത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുന്ന എഴുത്തുകൾ കണ്ട് എനിക്ക് ഒരു വിചാരമുണ്ടായി, "ഇത്രയും എഴുത്തുകൾക്കിടയിൽ എന്റേതും കൂടി വേണോ?"
ആ വിചാരം പങ്കുവെച്ചപ്പോൾ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, "അവരുടെ എഴുത്തുകൾ മേന്മയിൽ എത്ര ഉയരത്തിലുമാകട്ടെ, നിന്റെ തോന്നലുകൾ നിനക്ക് മാത്രമല്ലേ എഴുതാൻ പറ്റൂ?"
ആ ചോദ്യം നയിച്ചത് എഴുത്ത് തുടരുക എന്ന വീണ്ടുവിചാരത്തിലേക്കായിരുന്നു.
എഴുത്തുകൊണ്ട് എന്തുനേടി എന്നത് ഒരു ക്യാപിറ്റലിസ്റ്റിക്ക് വൈബുള്ള ചോദ്യമാണെങ്കിലും എഴുത്തിന്റെ ഗുണമോ ഗണമോ നോക്കാതെ ഒരുപാട് സൗഹൃദങ്ങൾ കിട്ടി എന്നത് സത്യമാണ്. മാത്രമല്ല, എഴുത്തിന് വളമേകാൻ വായന വന്നു. മെഡിക്കൽ സംബന്ധിയല്ലാത്ത വിഷയവഴികളിലൂടെ വായനയുടെ ചെറുദൂരങ്ങളെങ്കിലും സഞ്ചരിക്കാൻ എഴുത്ത് കാരണമായി.
കാലം പതിവുപോലെ അതിവേഗതയിലാണ് കടന്നുപോയത്. എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു 'what's on your mind' എന്ന ഫേസ്ബുക്ക് ഇടത്തിൽ Good Evening Friday പതിയാൻ തുടങ്ങിയിട്ട്. ഒരു അവകാശവാദവുമില്ലാതെ എഴുത്ത് ക്യാൻവാസ് ഒന്ന് മാറ്റുകയാണ്.
20 വർഷമെന്നത് ഒരു വലിയ കാലയളവാണ്, യൗവ്വനം അതിനിമ്നങ്ങളൊന്നുമില്ലാതെ കടന്നുപോയത് ഓസ്‌ട്രേലിയൻ നാളുകളിലൂടെയാണ്. ആ ഓസ്‌ട്രേലിയയെ കുറിച്ച് കുറച്ച് നല്ല വാക്കുകൾ പറഞ്ഞ് തുടങ്ങാം, പതിവു ശൈലിയിൽ തന്നെ.
▮
Good Evening Friday
▮
"ഞാനൊരു സംഭവത്തെ ഫിക്ഷനാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്",
എന്താണ് ആലോചിക്കുന്നത് എന്ന അയൽപക്കക്കാരൻ ചാർളി ഡോവ്സണിന്റെ ചോദ്യത്തിന് ഞാൻ നൽകിയ ഉത്തരമായിരുന്നു അത്. സ്നേഹം കൂടുമ്പോൾ ചാർളിയെന്നും, ബഹുമാനം വരുമ്പോൾ മിസ്റ്റർ ഡോവ്സൺ എന്നുമാണ് ഞാൻ മൂപ്പരെ വിളിച്ചിരുന്നത്.
ആ സന്ധ്യക്ക് ഞാൻ ബാൽക്കണിയിലിരിക്കുന്നു. ചാർളി മുറ്റത്തെ ചെടികൾ നനക്കുന്നു.
"സംഭവത്തെ അതേപോലെ പറഞ്ഞാൽ പോരെ?"
"പ്രൈവസി പ്രൊട്ടക്ഷൻ, ആളുകളെ തിരിച്ചറിയാതിരിക്കുക വല്യ ഉത്തരവാദിത്തമാണ് സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ".
"എങ്കിൽ തിരിച്ചറിഞ്ഞാൽ കുഴപ്പമില്ലാത്ത കുറച്ച് കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം".
കുറച്ചൊന്നുമല്ല, ചാർളി മൂഡിലാണെങ്കിൽ ഒരു പാട് കാര്യങ്ങൾ പറയും.
"ജോ ബൈഡൻ തന്റെ കുട്ടികൾക്ക് നല്ലൊരു പിതാവും, അമേരിക്കക്കാർക്ക് കാര്യപ്രാപ്തിയുള്ള സെനറ്ററുമായിരുന്നു. സൗത്താഫ്രിക്കയിലെ വർണ്ണവിവേചനം പോലുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാട് എടുത്തിട്ടുമുണ്ട്. അതൊക്കെ ലോകമറിയാൻ അയാൾ പ്രസിഡന്റ് ഇലക്ഷൻ ജയിക്കേണ്ടിവന്നു. തോറ്റിരുന്നെങ്കിൽ അയാൾ ഇതൊന്നും ചെയ്തില്ലെന്ന് വന്നേനെ"
"ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാത്തതുകൊണ്ടു മാത്രം താങ്കളെ ലോകമറിയാതെ പോയതുപോലെ, മിസ്റ്റർ ഡോവ്സൺ"
ഞങ്ങൾ തമ്മിലുണ്ടായ അവസാന സംഭാഷണം അതായിരുന്നു.
72 വർഷത്തെ ജീവിതത്തിൽ വായനയും, യാത്രകളുമാണ് ചാർളിയുടെ ഹൈലൈറ്റ്. മൂപ്പർ പങ്കുവെച്ചിട്ടുള്ള ചില അനുഭവങ്ങളിൽ നിന്നാണ് എന്റെ ചില 'ഗുഡ് ഇവനിംഗ് ഫ്രൈഡേയ്‌സ്' ഉരുത്തിരിഞ്ഞിട്ടുള്ളത്.
ഞാൻ താഴെയിറങ്ങി ചാർളിയുടെ ഉദ്യാനത്തിലെ സിമന്റ് ബെഞ്ചിലിരുന്നു. അഭിമുഖമായി ചാർളിയും. ചില്ലറ കുടുംബ വിശേഷങ്ങൾക്കും, നാട്ടുകാര്യങ്ങൾക്കും ശേഷം ചാർളി ചോദിച്ചു, "ഡേവിഡ് വാരെൻ എന്ന പേര് കേട്ടിട്ടുണ്ടോ പ്രസന്നൻ" (മൊബൈൽ എടുക്കാത്തതുകൊണ്ട് ഗൂഗിൾ ഒരു ഓപ്ഷൻ അല്ല)
‘ഇല്ല’.
"ഫ്ലൈറ്റിൽ ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത് അയാളാണ്"
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, കോക്ക്പിറ്റ് വോയിസ് റെക്കോർഡറും ചേർന്ന ചുവപ്പുനിറമുള്ള ബോക്സിന് എങ്ങനെ ആ പേര് കിട്ടി? ഞാനാലോചിച്ചത് അതാണ്, പറഞ്ഞത് പക്ഷേ,
"നെഗറ്റിവ് കോണോറ്റേഷനിൽ നിന്ന് കറുപ്പ് രക്ഷപ്പെട്ട അപൂർവ്വം അവസരങ്ങളിലൊന്ന്"
അങ്ങനെ തന്നെ എന്ന് തലയാട്ടി ചാർളി തോളെല്ലിന് താഴെയുള്ള സ്കാറിൽ വിരലോടിച്ചു.
"ഇതാ ഈ ചെറിയ ബോക്സ് ആണിപ്പോൾ എന്റെ ബോഡി ഗാർഡ്"
‘പേസ് മേക്കർ’
മൂന്നു കൊല്ലം മുമ്പാണ് ചാർളി ഷോപ്പിങ്ങ് മാളിൽ തല ചുറ്റി വീണത്. ആശുപത്രിയിൽ നിന്നു വന്ന ദിവസം ജാനെറ്റ് ഡോവ്സൺ പറഞ്ഞു,
"ഇതാ യന്ത്രവൽക്കരിച്ച ഹൃദയത്തിന്റെ ഉടമ"
പറയാൻ പോകുന്ന അടുത്ത കാര്യമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ ചാർളിയെ നോക്കി.
"Dr. Mark C. Lidwill ആണ് ആദ്യ പേസ് മേക്കർ നിർമ്മിച്ചത്. എഡ്ഗാർ ബൂത്ത് എന്ന ഫിസിസ്റ്റ് ആയിരുന്നു കൂട്ട്".
പണ്ട് എവിടെയോ വായിച്ച് മറന്ന ഓർമ്മയിൽ ഞാനിരുന്നു.
"പ്രസന്നൻ ഏർണെസ്റ്റ് ഹെമിങ്‌വേയുടെ ‘ദി ഓൾഡ് മാൻ ആൻഡ് ദി സീ’ വായിച്ചിട്ടുണ്ടോ?"
"വായിക്കേണ്ടതായിരുന്നു".
"അതിലെ നായകൻ ഒരു ക്യൂബൻ ഫിഷർമാൻ ആണ്. 84 ദിവസം ശ്രമിച്ചിട്ടും അയാൾക്ക് മീനൊന്നും കിട്ടിയില്ല. എൺപത്തിയഞ്ചാം ദിവസം അയാൾ മർലിൻ എന്ന വലിയ മത്സ്യത്തെ പിടിച്ചു. ആ കഥയിൽ വലിയ ജീവിതസത്യങ്ങൾ പറയാതെ പറഞ്ഞാണ് ഹെമിങ്‌വേ നോബൽ പ്രൈസ് നേടിയത്".
ഇത് എങ്ങനെ 'പേസ് മേയ്ക്കറി'ലെത്തും?
"മാർക്ക് ലിഡ്‌വിൽ മിടുക്കനായ ഡോക്ടർ മാത്രമായിരുന്നില്ല, ഒരു നല്ല മീൻ പിടുത്തക്കാരൻ കൂടിയായിരുന്നു".
"അത് ശരി"
"ഹെമിങ്‌വേ യുടെ ഫിഷർമാൻ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ചൂണ്ടയുപയോഗിച്ച് 32 കിലോ തൂക്കമുള്ള ബ്ലാക്ക് മർലിനെ പിടിച്ചത് മാർക്ക് ലിഡ്‌വിൽ ആണ്. മാർക്ക് 12 മിനിറ്റ് കൊണ്ടാണ് വിജയം കണ്ടത്. ഇൻ ദിസ് ആൾസോ ഹി ഈസ് ഫസ്റ്റ് ഇൻ ദി വേൾഡ്. ആ മീനിന്റെ സ്കെൽട്ടൺ ഇന്നും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്".
വർത്തമാനം നീണ്ടുപോയേക്കാം എന്നുകണ്ട് ജാനെറ്റ് കൊണ്ടുവന്ന മസാല ടീ ഊതി കുടിക്കുമ്പോൾ ഞാൻ ചാർളിയുടെ ഗാർഡനിങ്ങിനെ അഭിനന്ദിച്ചു. എന്തുമാത്രം പൂക്കളാണ്. വെജിറ്റബിൾ സെക്ഷനും ഹൗസ് ഫുൾ ആണ്. വലിയ റോസ് ചെടിക്ക് ചുറ്റും വെച്ചിരിക്കുന്ന ഇഷ്ടികകളിലൊന്നിൽ ഒരു ചോദ്യചിഹ്നം പോലെ പൂപ്പൽ പതിഞ്ഞുകിടക്കുന്നു. ട്രോവെൽ എടുത്ത് ഞാൻ അത് ഉരച്ചുകളഞ്ഞു.
‘Breaking the Mould?’
"അതൊരു സിനിമയുടെ പേരാണ്"
"പെനിസിലിൻ അതിലെ മെയിൻ കഥാപാത്രം"
"അലക്‌സാണ്ടർ ഫ്ലെമിംഗ് കണ്ടുപിടിച്ചെങ്കിലും അതിനെ ഒരു മരുന്നാക്കി മാറ്റിയത് ഹൗവാർഡ് ഫ്ലോറി ആണ്, സിനിമ ആ കഥ പറയുന്നു".
റോസിന്റെ ചുവട്ടിൽ അതിക്രമിച്ച് വളർന്ന ചെടിയെ പിഴുത് ബിനിലിട്ട് ചാർളി ബെഞ്ചിലിരുന്നു. മൊബൈലിൽ ഒരു ഫോട്ടോ എനിക്ക് കാണിച്ച് തന്നു. ചാർളിയുടെ ചെറുപ്പമാണെന്നുതോന്നും, "2002- ലെ ബാലീ ബോംബിങ്ങിൽ മരിച്ചു, എന്റെ സുഹൃത്തായിരുന്നു".
പിന്നത്തേത് ഒരു സ്ത്രീയുടേതായിരുന്നു.
‘ഫിയോണ വുഡ്’, പറഞ്ഞിട്ട് ചാർളി എന്നെ നോക്കി പുഞ്ചിരിച്ചു.
"എനിക്കറിയാം"
"യു ഷുഡ്"
ഫിയോണ വുഡ് ആണ് burns- നുള്ള സ്പ്രൈ-ഓൺ-സ്കിൻ എന്ന ചികിത്സാസമ്പ്രദായം തുടങ്ങിയത്. രോഗിയുടെ ആരോഗ്യമുള്ള കോശങ്ങൾ ലാബിൽ കൾച്ചർ ചെയ്തെടുത്ത് മുറിവിലേക്ക് സ്പ്രൈ ചെയ്ത് മുറിവുണക്കുന്ന രീതി. സ്കാർ വരാതെ പെട്ടെന്ന് ഹീലിംഗ് നടക്കുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. അങ്ങനെ ഗൂഗിളിന്റെ സഹായമില്ലാതെ ഞാനൊരു കാര്യമോർത്തു. ചാർളിക്ക് സമാധാനമായി. വേറെന്തോ തിരയുമ്പോഴാണ് ചാർളി അറിയാതെ ഗൂഗിൾ മാപ്പ് തുറന്നത്. അത് ക്ലോസ് ചെയ്യാതായപ്പോൾ അടുത്തത് ഏതെങ്കിലും സ്ഥലത്തെ കുറിച്ചായിരിക്കും എന്നാണ് ഞാൻ കരുതിയത്.
"Where 2 Technologies എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഗൂഗിൾ മാപ്പിന് തുടക്കമിട്ടത്. സഹോരന്മാരായ Lars and Jens Rasmussen നും കൂടെ സ്റ്റീഫൻ മായും, നോയൽഗോർഡനും".
"അത് എനിക്ക് തീരെ അറിയില്ലായിരുന്നു".
ഇതിനിടെ ചെറിയൊരു കാറ്റ് ചാർളിയുടെ സിൽക്കി വൈറ്റ് ഹെയർ മെല്ലെയൊന്ന് പൊന്തിച്ച് ഈ തലക്കകത്ത് എന്തൊക്കെയുണ്ട് എന്നുനോക്കി തലമുടി യഥാസ്ഥാനത്ത് തന്നെ ഇട്ട് ചെടികൾക്കിടയിലേക്ക് പോയി.
"ഐ വാണ്ട് ടു ആസ്ക് സംതിങ്ങ്", ജാനെറ്റ് ഒരു പേപ്പറും പിടിച്ച് വരുന്നു, "വയറിന്റെ വലതുവശത്ത് ഒരു വേദന വന്നപ്പോൾ എടുത്തതാണ്. കുഴപ്പമില്ലെന്നാണ് ക്ലിനിക്കിലെ ഡോക്ടർ പറഞ്ഞത്. പ്രസന്നൻ ഒന്ന് നോക്കിക്കേ".
അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ടാണ്.
"നല്ല കിഡ്‌നി, ഫാറ്റ് വന്നിട്ടില്ലാത്ത ലിവർ, ആൾ ഗുഡ് ജാനെറ്റ്"
Janet reassured.
"പ്രെഗ്നനന്റ് അല്ലല്ലോ അല്ലെ?" മടക്കിപ്പിടിച്ച ചുണ്ടിൽ ചിരി ഒളിപ്പിക്കുന്നു ചാർളി.
"ഡോണ്ട് ലിസൻ റ്റു ദിസ് ഓൾഡ് മാൻ", ചാർളിയുടെ തലയിൽ ഒന്ന് തട്ടി അവർ ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുക്കാൻ ക്ലോത്ത് ലൈനിനടുത്തേക്ക് നടന്നു.
കുറച്ചുനിമിഷത്തെ ആലോചനക്കുശേഷം ചാർളി,
"പ്രഗ്നൻസി പറഞ്ഞതിന് ഒരു കാരണമുണ്ട്"
"ചാർളിയാണ് പറഞ്ഞതെങ്കിൽ തീർച്ചയായും കാരണമുണ്ടാകും"
ആ പ്രോത്സാഹനം ചാർളിക്ക് ഇഷ്ടപ്പെട്ടു.
"David Errol Robinson, എന്റെ വിഭാഗക്കാരനായിരുന്നു. എഞ്ചിനീയർ. അങ്ങേരാണ് അൾട്രാസൗണ്ട് ഗർഭസ്ഥശിശുക്കളുടെ രോഗനിർണ്ണയത്തിനുതകവും വിധം പരിഷ്കരിച്ചത്".
"ഇതൊക്കെ എങ്ങനെ ഓർക്കുന്നു?"
"അത് വഴിയേ പറയാം".
ജനലിനരികിൽ ഗ്രാൻഡ്പാ എന്ന വിളി. കഷ്ടി എട്ട് വയസ്സുള്ള ഫ്രെഡ്. ചാർളിയുടെ ഗ്രാൻഡ്സൺ. അവന് വൈഫൈയുടെ പാസ്‌വേർഡ് വേണം.
"ഞാൻ ഇന്റെർനെറ്റ് കണക്ഷൻ ഒന്ന് മാറ്റി, അതിന് ശേഷം ഇന്നാ അവൻ വന്നത്. സ്റ്റുവാർട്ടും മരിയയും ഏതോ ഫങ്ക്ഷന് പോയിരിക്കുന്നു".
പാസ്‍വേഡ് പ്രോബ്ലം പരിഹരിച്ച് തിരികെ വരുമ്പോൾ പുതിയതെന്തോ മനസ്സിലുണ്ടെന്ന് ചാർളിയുടെ മുഖം കണ്ടാലറിയാമായിരുന്നു.
"ഫ്രെഡ് കാരണം രണ്ട് കാര്യങ്ങൾ കൂടെ ഓർമ്മ വന്നു".
ചോദ്യങ്ങൾ വേണ്ട എന്നർത്ഥത്തിൽ ഞാൻ ചാർളിയെ നോക്കി.
"420 മില്യൺ ആയിരുന്നു ആ പേറ്റന്റിന്റെ വില. Wireless Local Area Network ഇന്നത്തെ വൈഫൈ. 1996 ലാണ് ഇന്നത്തെ രൂപത്തിലേക്ക് വൈഫൈ വികസിച്ചത്. John O'Sullivan നും ടീമും ചേർന്ന്. ഇന്ന് ലോകത്ത് ഏകദേശം 40 ബില്യൺ ഉപകരണങ്ങൾ വൈഫൈയുമായി കണക്റ്റഡ് ആണ്".
രണ്ടാമത്തേന്താണ്?
"സ്റ്റുവാർട്ടിന്റെ ബ്രദർ ഇൻ ലോ പീറ്ററിനെ പ്രസന്നൻ കണ്ടിട്ടില്ലേ?"
"ആർട്ടിസ്റ്റല്ലേ? പെയിന്റർ"
"യെസ്. ഹി വാസ് ഡെഫ്. കഴിഞ്ഞ കൊല്ലം cochlear implant വെച്ചു. ബയോണിക് ഇയർ"
"ഗ്രഹാം ക്ലാർക്ക്, ഇ. എൻ. ടി. സ്പെഷ്യലിസ്റ്റ്. He invented the multiple-channel cochlear implant"
സംഭാഷണത്തിലേക്കുള്ള എന്റെ സംഭാവന ചാർളി ആസ്വദിച്ചു.
"ഇനി സ്‌പൈനൽ കോർഡ് ഇൻജുറി വന്ന് പാരലൈസ്ഡ് ആയവർക്കുവേണ്ടി bionic spine വരുന്നു", ഞാൻ അൽപ്പം കൂടെ കൂട്ടിച്ചേർത്തു.
"ഓഹോ, ആരാണ് അതിന്റെ പിന്നിൽ", ചാർളി മൊബൈലിൽ ടൈപ്പ് ചെയ്യാൻ റെഡിയായി.
"Tom Oxley എന്ന ന്യൂറോളജിസ്റ്റ് ആണ് ടീം ലീഡർ"
കണ്ടാൽ ഷാർജ ഷേക്ക് പോലിരിക്കുന്ന രണ്ട് ഗ്ളാസ് ജ്യൂസുമായി ജാനറ്റ് വീണ്ടും വന്നു.
"പ്രസന്നന് ഐസിടണോ?"
ഒന്ന് തണുക്കുന്നത് നല്ലതാണെന്ന മട്ടിൽ ഞാൻ തലയാട്ടി.
ഐസ് എടുക്കാൻ ജാനെറ്റ് പോയപ്പോൾ അടുത്ത സീനിലേക്ക് പറ്റിയ ഒരാശയം കിട്ടിയ സംവിധായകനെ പോലെ ചാർളിയുടെ മുഖം.
"കുറച്ച് പുറകിലോട്ട്, 1850കളിലേക്ക്. അവിടെയാണ് ജെയിംസ് ഹാരിസൺ. അയാളെ the father of refrigeration എന്ന് വിളിക്കാറുണ്ട്. ഫ്രിഡ്ജ് വരുന്നത് അയാളുടെ കണ്ടുപിടുത്തത്തിൽ നിന്നാണ്".
മഴ ഒന്ന് പൊടിഞ്ഞ് സംഭാഷണം മുടക്കേണ്ട എന്ന മട്ടിൽ കാറ്റിനൊപ്പം പോയി.
"നിങ്ങളുടെ കൂടെ ഞാനും കൂടുന്നു" ഐസും കൊണ്ട് വന്ന ജാനെറ്റ് ഞങ്ങൾക്കൊപ്പമിരുന്നു.
"ഈ ചാർളി ഒരു സംഭവമാണ് കേട്ടോ, ജാനെറ്റ്. ചാർളിപീഡിയ"
"അതിന്റെ രഹസ്യമൊന്ന് പറഞ്ഞുകൊടുത്തേ", ജാനെറ്റ് ചാർളിയെ നോക്കി തലയാട്ടി.
"ഇവൾ ഇവിടെ ചുറ്റിപ്പറ്റി നടന്നപ്പോഴേ തോന്നിയിരുന്നു ക്ലൈമാക്സ് സീനിൽ കൃത്യമായി വരുമെന്ന്?", ചാർളി നിരാശ നടിച്ചു.
"എഴുതുമ്പോൾ ഞാൻ കുറച്ച് സ്ലോ മോഷൻ ഇഫക്ട് കൊടുക്കാം ചാർളി"
"മസാല ടീയും, ജ്യൂസും വെറുതെ തന്നതല്ല, എനിക്ക് നല്ല സ്ക്രീൻ പ്രസൻസ് തന്നെ വേണം", എന്നിട്ട് ജാനറ്റ് ചാർളിയോടായി തുടർന്നു, "Reveal the truth"
"ഞങ്ങൾ, റിട്ടയേർഡ് എഞ്ചിനിയേഴ്സിന് ഒരു ക്ലബ് ഉണ്ട്. അതിന്റെ ആനുവൽ മീറ്റിംഗ് നെക്സ്റ്റ് വീക്ക്. ഒരു സ്പീച്ച് കൊടുക്കാൻ തയാറാക്കിയ മാറ്റർ ന്റെ ഒരു ബിൽഡ് അപ്പ്. അതാണ് പ്രസന്നൻ കേട്ടത്’’.
"ഇനിയുമുണ്ടോ ആളുകൾ ലിസ്റ്റിൽ?"
"ധാരാളം, ആർതർ ജെയിംസ് അർനോട്ട്, അയാൾക്കായിരുന്നു ഫസ്റ്റ് പേറ്റന്റ് ഫോർ ഇലക്ട്രിക്ക് ഡ്രിൽ ഇൻ 1889.
'The Story of the Kelly Gang' എന്ന ലോകത്തിലെ ആദ്യത്തെ ഫുൾ ലെങ്ത്ത് ഫ്യുച്ചർ ഫിലിം ഡയറക്റ്റ് ചെയ്ത ചാൾസ് ടെയ്റ്റ്, 1906 ലായിരുന്നു അത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പുതിയ മാനം നൽകിയ ഫ്രസിയർ ലെൻസ് വികസിപ്പിച്ച ജിം ഫ്രസിയർ.
Cervical cancer നെതിരെ വാക്‌സിൻ നിർമ്മിച്ച ഇയാൻ ഫ്രെയ്സർ.
പെപ്റ്റിക് അൾസറിനു കാരണം ഹെലികോബാക്ടർ ബാക്ടീരിയാണെന്ന് കണ്ടെത്തിയ ബാരി മാർഷൽ ആൻഡ് റോബിൻ വാരൻ...
അങ്ങനെ പോകുന്നു".
മൊബൈൽ നോക്കിയാണ് ചാർളി വായിച്ചത്.
ജാനെറ്റ് ചാർളിയുടെ പുറത്ത് തലോടി.
"ഈ പേരുകളൊക്ക ഒരു പ്രൈവസി പ്രോബ്ലെംസുമില്ലാതെ പ്രസന്നന് ധൈര്യമായിട്ടെഴുതാം".
"ഷുവർ, എന്താണ് സബ്ജക്ട് ഓഫ് യുവർ ടോക്ക്?"
"ലോകത്തിന് ഓസ്‌ട്രേലിയയുടെ സയന്റിഫിക് കോണ്ട്രിബൂഷൻസ്, ദ പീപ്പിൾ ബിഹൈൻഡ് ദ സീൻസ്".
ശരിയാണ്, ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്;
'With just 0.3 percent of the world’s population, Australia contributed over four percent of world research publications in 2017. Today, the country ranks tenth, globally, in terms of the overall quality and quantity of its scientific publications'
"എന്തായിരുന്നു ആ വേർഡ്?", അല്പനേരത്തെ ആലോചനക്ക് ശേഷം ജാനെറ്റിന് വാക്ക് കിട്ടി, "എയ്റോഡയനാമിക്‌സ്. പതിനായിരം വർഷങ്ങൾക്ക് മുമ്പേ ആ ടെക്നോളജിയുടെ പുരാതന രൂപം ഇവിടെയുണ്ടായിരുന്നു. യു ഗോട്ട് ഇറ്റ്, ആം ഐ റൈറ്റ് പ്രസന്നൻ?"
ചോദ്യത്തിന്റെ റീട്ടെയ്‌ലർ ഇത്തവണ ജാനെറ്റാണ്.
"ബൂമറാങ്"
"അത് കണ്ടുപിടിച്ച ആദിമമനുഷ്യരെ പറ്റിയും എഴുതണം".
"തീർച്ചയായും".
മെല്ലെമെല്ലെ പരക്കുന്ന സന്ധ്യയുടെ മഞ്ഞവെളിച്ചം പങ്കുവെച്ച് ഞങ്ങൾ തൽക്കാലം പിരിഞ്ഞു.
Cheers…