പാർട്ട് 1
അവരെന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു തന്നെയിരിക്കുകയായിരുന്നു ഞാൻ. "Courvoisier Rare two 60mls please," ഒരാളുടെ പേര് ജെ എന്നാണ്. മറ്റെയാൾ ബി ആണ്. അവരിരിക്കുന്നത് എന്റെ ക്യൂബിക്കിളിന്റെ തൊട്ടടുത്തുള്ള റോയിലാണ്. അകത്ത് വളരെ മങ്ങിയ വെളിച്ചമായതുകൊണ്ടും ക്യുബിക്കിൾ ഗ്ളാസ്സിന്റെ സവിശേഷത കൊണ്ടും അവർക്കെന്നെ കാണണമെങ്കിൽ വളരെ സൂക്ഷിച്ച് നോക്കണം. എനിക്കാണെങ്കിൽ അവരെ വ്യക്തമായി കാണാം. നന്നായി ശ്രമിച്ചാൽ കേൾക്കാം. റോയ് നിർബന്ധിച്ചതുകൊണ്ടാണ് ഞാനിവിടെ വന്നത്. എന്തായാലും എനിക്ക് ഇവിടത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടു.
വിശാലമായ ഡൈനിങ്ങ് ഏരിയ, ചിത്രപ്പണികൾ, അതീവ സ്മാർട്ടായ ജോലിക്കാർ, പിന്നെ പ്രത്യേക നിറമുള്ള മങ്ങിയ വെളിച്ചം, നേർമ്മയുള്ള സംഗീതം! റോയിയുടെ കുടുംബം ബന്ധുക്കളുടെ കൂടെ യാത്ര പോയിരിക്കുന്നു. ബിസ്സിനസ്സ് ആവശ്യങ്ങൾ കാരണം റോയ് പോയില്ല. എന്നെ വിളിച്ച് കൊണ്ടുവന്ന് ഇവിടെയെത്തിയതേയുള്ളൂ, റോയിക്ക് കാൾ വന്നു. അവന്റെ ഏതോ ഓവർസീസ് ക്ലൈൻഡ്സ് ന് ഉടനെ ഒരു ഓൺലൈൻ മീറ്റിംഗ് വേണമെന്ന്. നല്ലൊരു ഡീൽ ആയതുകൊണ്ട് വേണ്ടെന്ന് വെക്കാനും പറ്റില്ല. പെട്ടെന്ന് തിരിച്ചെത്താൻ പറ്റുമെന്ന പ്രതീക്ഷയുമായി റോയ് പോയി.
ഞാൻ ഒറ്റക്കായി. അത് നന്നായി എന്ന് തോന്നുന്നു. ഒറ്റക്കാവുമ്പോഴാണ് എന്നിലെ ക്രിയേറ്റിവിറ്റി തന്മാത്രകൾ രസതന്ത്രപരമായ ചില മാറ്റങ്ങൾക്ക് വിധേയമാകുന്നതും, എഴുതാൻ വേണ്ട കുഞ്ഞു സംയുക്തങ്ങൾ ഉണ്ടാകുന്നതും. അതിനുവേണ്ട അസംസ്കൃതവിഭവങ്ങൾ ശേഖരിക്കാൻ തുടങ്ങിയതോടെ നിരീക്ഷണം എനിക്ക് ഒരു ഹോബിയായിട്ടുണ്ട്. പെട്ടെന്ന് എന്റെ ശ്രദ്ധയെ ഒരു ചോദ്യം പിടിച്ചെടുക്കുന്നു,

"ആർ യു റോയ്‌സ് ഫ്രണ്ട്?" വെയിറ്ററസ്സ് ആമി. ഉടുപ്പിൽ ബാഡ്ജ്, സംസാരത്തിൽ ഇറ്റാലിയൻ ആക്‌സെന്റ്. "വെരി മച്ച്, നീ റോയീയെ അറിയോ?"
"ഞങ്ങൾ അയൽക്കാരാണ്, രണ്ടു വീടുകൾ വ്യത്യാസത്തിൽ"
"റോയ് മിക്കവാറും കുറച്ച് കഴിഞ്ഞാൽ വരും"
"റോയ് പറഞ്ഞിരുന്നു. ആർ യു റെഡി ടു ഓർഡർ സംതിങ് റ്റു ഡ്രിങ്ക്?"
"അത് തന്നെ മതി"
"ഏത്?"
"Courvoisier Rare"
"60 ml?"
"അല്ലെങ്കിൽ അത് വേണ്ട, Cîroc മതി വിത്ത് ലൈം, ഐസ് ആൻഡ് സോഡാ"
"Entrée?"
"Mongolian beef stir fry"
"സ്‌പൈസി?"
"ഹോട്ട്, എരിവ് കൊണ്ട് തീ പാറണം എന്നാലേ ചിന്തകൾ ഷാർപ്പ് ആവൂ."
ഒന്ന് ചിരിച്ച്, അൽപ്പം കുണുങ്ങി അവൾ പോയി. ഞാൻ വീണ്ടും വിഷ്വൽ-ഓഡിറ്ററി സാറ്റലൈറ്റുകളെ ജെ ക്കും, ബി ക്കും മുകളിലേക്ക് കൊണ്ട് വന്നു. മൊത്തത്തിൽ ഒരു ആന്റിനയായി ഞാൻ സംഭാഷണങ്ങൾ പിടിച്ചെടുത്തുകൊണ്ടിരുന്നു. പശ്ചാത്തലത്തിൽ മാറിമാറി വരുന്ന മ്യൂസിക്കിന്റെ വോള്യം വേരിയേഷനിൽ ഇടയ്ക്ക് ചില വാചകങ്ങൾ ഡ്രോപ്പ് ആവുന്നുണ്ടായിരുന്നു.
'ഒരു കഥ ഉരുത്തിരിയും' ഐ വാസ് ഒപ്റ്റിമിസ്റ്റിക്. സാങ്കേതികമായ ന്യൂനതകൾ കാരണം ജെ ആണോ ബി ആണോ പറയുന്നത് എന്നത് വേർതിരിച്ചറിയാൻ പറ്റിയില്ല. അത് ആവശ്യവുമുണ്ടായിരുന്നില്ല. അവർ പരസ്പരം സംസാരിക്കുന്നു.
"എന്റെ കൈയിൽ ലൈക്സ് പരിമിതമാണ്. വേണ്ടപ്പെട്ടവരുടെ കാര്യമാത്രപ്രസക്തമായ പോസ്റ്റുകൾക്ക് കൊടുക്കാൻ തന്നെ തികയുന്നില്ല. പിന്നെങ്ങനെ പുറത്ത് കൊടുക്കും?"
"എന്തോരം പോസ്റ്റുകളാണ് വരുന്നത്, പ്രതിഭയുള്ളത് തന്നെ ധാരാളം"
"അതുകൊണ്ടും കൂടിയാണ് ഞാൻ പറഞ്ഞത്"
"എന്ത്?"
"Likes should be conserved, ജലം പോലെ. Comments, it's standard should be preserved, കാടുകൾ പോലെ"
"നിന്റെ ഉപമ തെറ്റാണ്, നിലപാട് പാടേ conservative വും"
"ഞാനൊരു സരസ സംഭാഷണത്തിനാണ് ഇരുന്നത്. നീ സീരിയസ് ആകുന്നു"
"കലാപം ആവശ്യമായിടത്ത് സല്ലപിക്കാൻ എനിക്കാവില്ല സുഹൃത്തേ"
"സരസമായ സമീപനമാണ് സായുധസമരത്തെക്കാൾ സ്ഥായിയായ മാറ്റം സാദ്ധ്യമാക്കുന്നത്"
Citric രസം കലർന്ന Cîroc ഉം മംഗോളിയൻ എരിവും എന്റെ ശ്രവണ-മനന ശേഷിയുടെ ഗ്രാഫുയർത്തുകയാണ്.
അവർ തുടരുന്നു,
"കോളേജിൽ പഠിക്കുന്ന കാലത്ത് നീയായിരുന്നു ഗൗരവക്കാരൻ. ഒരിക്കൽ വെറോണിക്ക നിന്നോട് ചോദിച്ചു, ലക്ഷ്യത്തിന്റെ അവസാനലാപിലെത്തി നിൽക്കുമ്പോൾ തടസ്സം നിന്റെ മകനാണെങ്കിൽ നീ എന്ത് ചെയ്യുമെന്ന്. നീ പറഞ്ഞു, 'ഒരു പരിഗണനയും ആ കാര്യത്തിലുണ്ടാവില്ല' വെറോണിക്ക ചിരിച്ചു, 'നമുക്ക് കാണാം'. നീ ഓർക്കുന്നുണ്ടോ?"
"തന്നിൽ നിന്നുണ്ടാകുന്നതിനോടൊക്കെ മനുഷ്യന് തോന്നുന്ന സ്വാർത്ഥതയുണ്ടല്ലോ, അത് ഒരു പ്രശ്നമാണ്"
"വെറോണിക്ക അത് നേരത്തെ കണ്ടു"
"ദീർഘദർശനം, അതാണ് വൺ ഓഫ് ദ ഫിമെയിൽ ടാലൻ്റ്സ്. 'ഹ്രസ്വദൃഷ്ടി' ആണുങ്ങളിലാണ് കൂടുതൽ"
അതിനിടയിൽ ആമി വരുന്നു, Cîroc ന്റെ അടുത്ത ഇൻസ്റ്റാൾമെൻറ് കൊണ്ടുവരാനുള്ള സമയമായോന്നറിയാൻ.
"ഐ ആം ലൈക് നൈറ്റ് വാച്ച്മാൻ ഇൻ ദ ക്രിക്കറ്റ്, ഔട്ടാകാതെ നോക്കണം ആമി" ഞാൻ ചിരിച്ചു.
"അപ്പൊ വേണ്ടാ?" അവൾ പുഞ്ചിരിച്ചു.
"ഐ ആം ടെംമ്പ്റ്റഡ്! നാനൂറ്റി അമ്പത് ഡ്രോപ്‌സ്, അത് മതി. ദെൻ വി ക്യാൻ കാൾ ഇറ്റ് എ ഡേ"
ജെ യും ബിയും രണ്ടാം റൗണ്ടിന്റെ അവസാനപകുതിയും പിന്നിട്ടിരിക്കുന്നു.
ഇന്റർവെൽ ആയിട്ടും കഥ കാര്യമായിട്ട് മുന്നോട്ട് പോയിട്ടില്ലാത്ത സിനിമ പോലെ നീളുകയാണ് അവരുടെ സംഭാഷണം. എന്തോ ഒന്നിൽ ഡിസ്റ്റ്രാക്ടഡ് ആയി വീണ്ടും നോക്കുമ്പോൾ അവർക്കരികെ ഒരു സ്ത്രീ നിൽക്കുന്നു. ആകർഷണീമായ രൂപം, വശ്യമായ ഭാവം. രണ്ടിനും കൂടെ ഞാൻ നൂറിൽ 85 മാർക്ക് കൊടുത്തു, വയസ്സ് പക്ഷേ ഞാൻ 40ൽ കൂടുതൽ കൊടുക്കില്ല, ബെർത്ത് സർട്ടിഫിക്കറ്റ് കാണിച്ചാൽ പോലും.
"ഹലോ ബോയ്സ്, ഞാൻ ലിസ. ക്യാൻ ഐ ജോയിൻ യു?" അപ്രതീക്ഷിതമായ ചോദ്യവും, സ്റ്റൈലിഷ് ആയ നിൽപ്പും അവരെ ഒരു നിമിഷം delirious ആക്കി. പെട്ടെന്ന് തന്നെ ബാലൻസ് വീണ്ടെടുത്തു, "ഓഫ് കോഴ്സ്, മൈ പ്ലഫർ” കഥ എന്തായിരുന്നാലും ജെ ക്കും ബി ക്കും അതല്ലാതെ വേറൊരു റെസ്പോൺസും അസാദ്ധ്യമായിരുന്നു.
ഒരു വെയ്റ്ററുടെ കൈയിൽ നിന്ന് പ്ളേറ്റ് താഴെ വീണുണ്ടായ കൺഫ്യൂഷനിൽ ട്രാൻസ്മിഷൻ നിലച്ചു. ഒന്ന് രണ്ട് ഡയലോഗ്സ് പ്രക്ഷേപണം ചെയ്യാതെ പോയെന്ന് തോന്നുന്നു. അധികം കഴിയുന്നതിന് മുമ്പ് ലിങ്ക് റികണക്ടഡ്.

"സൊ പറയൂ പ്രിയരേ, ഫ്രീ ടൈമിൽ നിങ്ങൾ എന്ത് ചെയ്യുന്നു?"
"ഞങ്ങൾ ഡോക്ടർസ് ആണ്, ഇത്തരം തിരക്കുകളിലാത്തപ്പോൾ മാത്രം"
"വണ്ടർഫുൾ"
"ലിസ എന്ത് ചെയ്യുന്നു"
"നാലു കുട്ടികളുടെ അമ്മയാണ്"
"ദാറ്റ് മീൻസ് യു ആർ എ ഹൗസ് വൈഫ്?"
"നോ, എന്റെ ഹസ്ബന്റിന്റെ പേര് മാർക്ക് നെയ്തൻ എന്നാണ്"
"എങ്കിൽ Mr Nathanന് വേണ്ടി re-cheers" ബിയും ജെ യും മൂഡ് തിരിച്ചുപിടിക്കുന്നു.
"നിങ്ങടെ ചിയേഴ്സ് ഞാൻ നെയ്തന് പാസ്സ് ചെയ്തേക്കാം"
"ഫ്രീ ടൈമിൽ ലിസ ജോലിക്ക് പോകുന്നില്ല?"
"നാലുകുട്ടികളുടെ അമ്മയാകുക ഒരു ഫുൾ ടൈം ജോലിയാണ്. നിങ്ങൾ എപ്പോഴെങ്കിലും ആ ജോലി ഫുൾ ടൈമിൽ ചെയ്തിട്ടുണ്ടോ ബോയ്സ്?"
"ഇല്ല. സോറി ലിസ. ഇറ്റ്സ് മോർ ദാൻ എ ഫുൾ ടൈം ജോബ്, ബട്ട് അൺ പെയ്ഡ് ആൻഡ് അൺ റിവാർഡഡ്"
"താങ്ക് യു"
"കുട്ടികൾ ഇപ്പോൾ?"
"വിത്ത് ബേബി സിറ്റർ. ഇന്നെനിക്ക് തോന്നി, എന്തെങ്കിലും ഡിഫ്രൻഡ് ആയി ഇത്തിരി നേരം വേണമെന്ന്"
"സംടൈംസ് വി ആൾ നീഡ് എ പേഴ്സണൽ സ്പേസ്”
"ഇനി മുതൽ നിങ്ങൾ ഇത്തരം ശരികൾ മാത്രമേ പറയാവൂ ബോയ്സ്"
പിന്നത്തെ കുറച്ച് സംഭാഷണം കേൾക്കാൻ സാധിച്ചില്ല. വീണ്ടും കേട്ട് തുടങ്ങിയത്,
"ലിസ, നീ പാടുമോ?"
"പാട്ടു വേണോ?"
"ചെറുതായിട്ട് ഒന്നാവാം"
"പാടാം, അതിനു മുമ്പ്..." ലിസ ഗ്ളാസ്സിൽ നിന്ന് ഒരു സിപ്പെടുത്തു. കണ്ടിട്ട് സിംഗിൾ മാൾട്ടാണെന്ന് തോന്നുന്നു. ജെ യും ബിയും ആകാംക്ഷാഭരിതരാകുന്നു.
"നിങ്ങളോടെനിക്ക് ഒരു കാര്യം പറയാനുണ്ട്"
"പറയൂ" ബി യും ജെ യും തമ്മിൽ അല്‌പം സമയവ്യത്യാസമുണ്ടായിരുന്നു.
"ഇവിടെ ഒരാൾ നിങ്ങളുടെ, അതായത് ഇപ്പോൾ നമ്മളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ട്. ഐ മീൻ ദാറ്റ്സ് വിത്ത് സം അൺഡ്യൂ ഇൻ്ററസ്റ്റ്"
പാർട്ട് 2
നെതന്യാഹുവിന് സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടിയെന്ന് വരും. ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ ഒരു നാൾ ഭാരത് രത്ന വഴി ആദരിക്കപ്പെട്ടുവെന്നും വരാം. അതുപോലെയല്ലല്ലോ വെറും സാധാരണക്കാരനായ ഞാൻ. പിടിക്കപ്പെട്ടു എന്ന് മനസ്സിലായ നിമിഷം ഞാൻ രക്ഷപ്പെടാനുള്ള ഉപായങ്ങൾ തിരഞ്ഞു. ചെറുനാരങ്ങ അല്ലിയുടെ അവസാനതുള്ളി നീരും ഗ്ളാസ്സിലേക്ക് പകരുന്നതിൽ ഞാൻ ശ്രദ്ധിച്ചു. ഫോർക്കുകൊണ്ട് ഒരു കഷ്ണം വായിലിട്ട് മംഗോളിയൻ ബീഫ് ഫ്രൈയുടെ സ്വാദ് ആസ്വദിച്ചു. ഇടയിൽ ലോകത്തിലെ സകലമാന സമകാലീന സംഭവങ്ങളെ കുറിച്ചും ഞാൻ ആലോചിച്ചു.
എന്റെ ഭാവാഭിനയം അത്ര ശരിയായില്ലെന്ന് തൊട്ടടുത്ത നിമിഷങ്ങളിൽ എനിക്ക് മനസ്സിലായി. ബി യും, ജെ യും സീറ്റിൽ നിന്ന് എണീറ്റ് ഞാനിരിക്കുന്ന ക്യുബിക്കിളിനുള്ളിലേക്ക് നടക്കുന്നു. കായികമായൊരു സാമർത്ഥ്യം എന്നേക്കാൾ കൂടുതൽ കാണില്ലെന്ന പെട്ടെന്നുള്ളൊരു വിലയിരുത്തലിൽ ഞാൻ ആശ്വസിച്ചു. 'ഏയ് അങ്ങനെയൊക്കെ ചിന്തിക്കുന്നത് മോശമല്ലേ?' എന്നെ ഗുണദോഷിക്കുന്നു എന്റെ തന്നെ സിവിക് സെൻസ്.

ഉടനെ മനസ്സ് വളരെ സോഫ്റ്റ് ആയി, "എന്നാൽ പിന്നെ ലേഡി ഡിറ്റക്ടീവ് ലിസയും വരട്ടെ."
അവൾ പക്ഷെ അവിടെ തന്നെയിരുന്നു സിംഗിൾ മാൾട്ട് നുകർന്നു.
"മേ വി കം ഇൻ?" ബിയാണ് ചോദിച്ചത്. ജെ കണ്ണ് കൊണ്ടുള്ള കോറസ്സ് മാത്രം.
"ഏപ്രിലിനോട് ചോദിച്ചിട്ടാണോ മെയ് മാസം വരുന്നത്?" പരിഭ്രമമൊന്നുമില്ല എന്ന് കാണിക്കാനായി, കിട്ടിയ തമാശ മാറ്റമൊന്നും വരുത്താതെ ഞാൻ പറഞ്ഞു. “അതുകൊണ്ട് ധൈര്യമായി വരിക" കൂട്ടിച്ചേർത്തു.
അവർ നടന്ന് കസേരകൾക്ക് അടുത്തെത്തുന്നതുവരെയുള്ള സമയം കൊണ്ട് ഞാനവരെ വിഹഗമായ ഒരു വീക്ഷണം നടത്തി.
Ancestry.com database മനസ്സിൽ സങ്കൽപ്പിച്ച് അതിലും തിരഞ്ഞു. ബി-ക്ക് ഒരു ഈസ്റ്റേൺ യൂറോപ്യൻ ലുക്ക് ആണ്, റുമാനിയൻ ആണോ? ആണെങ്കിൽ തന്നെ ഒറിജിനൽ അല്ല. കടുത്ത മാസ്കുലിൻ മുഖഭാവങ്ങൾക്ക് ഒരു അമേരിക്കൻ സ്ത്രീ സ്പർശമേറ്റിരിക്കുന്നു. ചിലപ്പോൾ അച്ഛനായിരിക്കാം അമേരിക്കക്കാരൻ. അമ്മ ഉക്രെയിനിൽ നിന്നും ആവാം. ജെ-യെ കണ്ടാൽ മറഡോണയുടെ ചെസ്റ്റ് ഒന്നൊതുങ്ങി ഉയരം വച്ച പോലുണ്ട്, പക്ഷെ ലാറ്റിൻ അമേരിക്കനല്ല, ഏതോ വെൽഷ് ഗ്രാമത്തിൽ നിന്ന് പട്ടണത്തിലെത്തിയ പോലുണ്ട്.
"ഞാൻ ബി, ഇതെന്റെ സുഹൃത്ത് ജെ"
"പ്രസന്നൻ"
ബി എന്റെ മുന്നിലും ജെ സൈഡിലും ഇരുന്നു.
"ആർ യു എ നോവലിസ്റ്റ്?"
"John le Carré യുടെ ശിഷ്യനാണ്" ചെറുനാരകനീരിന് CÎROC ൽ ജനിച്ച ധൈര്യമാണ് സിരകളിൽ. ഉത്തരങ്ങൾ നാവിൽ ക്യൂ നിൽക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.
"എന്തെങ്കിലും പബ്ലിഷ് ചെയ്തിട്ടുണ്ടോ?"
"പരമ്പരാഗത പ്രസാധനത്തിൽ ഇല്ലേയില്ല"
"ശരിക്കും"
"ഇല്ലന്നേയ്"
"കാരണം?" ഇത്തവണ ബി യാണ് ചോദിച്ചത്. ഓവർക്കോട്ടിന്റെ സിബ്ബ് മുകളിലേക്ക് വലിച്ചിട്ട് കസേരയിലേക്ക് നന്നായി ചാരിയിരുന്ന് എന്റെ മുഖത്തേക്ക് നോക്കി.
അയാളുടെ കണ്ണിൽ എന്റെ ഉത്തരം കേൾക്കാനുള്ള ആകാംക്ഷയാണോ, അതോ വേറെന്തെങ്കിലുമാണോ?
'എന്തായാലും എനിക്കെന്ത്?' എന്ന മട്ടിൽ ഞാനും.
"കാരണം മൾട്ടിഫാക്ടോറിയൽ" എന്തിന് ഇവരോട് എന്റെ പ്രതിഭയുടെ കുറവിനെ കുറിച്ച് വിലപിക്കണം?
"ക്യാഷാണോ മെയിൻ തടസ്സം?"
ഉത്തരം പറയാൻ തുടങ്ങുമ്പോഴേക്കും വെയിട്രസ്സ് ആമി സമ്പൂർണ്ണമായ മന്ദഹാസത്തോടെ പ്രത്യക്ഷപ്പെട്ടു,
"ഹലോ ജൻ്റിൽമെൻ, ഹൗ ആർ യു ഗോയിങ്?"
"മനോഹരമായിരിക്കുന്നു നിന്റെ പരിചരണം" അത് ബി " ടെറിഫിക് ആമി" പ്രതിധ്വനി പോലെ ജെ.
"മൈ പ്ലഷർ" അത് പറയുമ്പോൾ ആമി എന്നെയും കൂടെ ഉൾപ്പെടുത്തി.
"പിന്നെ ഇത് ഞങ്ങളുടെ പുതിയ സുഹൃത്ത് പ്രസന്നൻ. പ്രസന്നന്റെ ദീർഘായുസ്സിന് വേണ്ടി ലേശം Mortlach 18 year old മൂന്ന് വീതം പോരട്ടെ, കൂടെ Lamb espetadas ഉം"
ഈ ആതിഥ്യം സ്വീകരിക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷനിലായി ഞാൻ. ഒന്നയവ് വരുത്താൻ ഞാൻ ചുറ്റും നോക്കി. ഏല്ലാ ടേബിളിലും ആളുകളുണ്ട്. വെളിച്ചം വല്ലാതെ മങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെയും വ്യക്തമായി കാണാൻ പറ്റുന്നില്ല. ലിസയെ കാണാനില്ല. ഗ്‌ളാസ്സിൽ ഇനിയും മൂന്നിലൊന്ന് ബാക്കിയുണ്ട്. പ്ളേറ്റിൽ ചിക്കൻ കബാബുമുണ്ട്. ടോയ്‌ലെറ്റിൽ പോയതായിരിക്കും.
"പ്രസന്നൻ ഇവിടെ അടുത്താണോ താമസം?"
ബി പുതിയൊരു ചാപ്റ്റർ തുറക്കുകയാണ്.
വളരെ ഈസിയായിട്ടാണ് അവർ സംസാരിച്ചത്. എന്നാലും കൃത്യമായ വിവരങ്ങളാണോ ആ സംഭാഷണങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത് എന്നെനിക്ക് തീർച്ചയില്ലായിരുന്നു. പൂർണ്ണമായും അങ്ങനെയല്ല എന്ന നിഗമനവും സാദ്ധ്യമല്ലായിരുന്നു. കാര്യങ്ങൾ തുറന്ന് പറയാൻ എനിക്ക് ഹെസിറ്റേഷൻ ഉണ്ടായിരുന്നു എന്നത് സമ്മതിച്ചേ പറ്റൂ. അവർ എന്റെയടുത്തേക്ക് വരാനുണ്ടായ സാഹചര്യവും അവരിപ്പോൾ കാണിക്കുന്ന സൗഹൃദവും തമ്മിലുള്ള മിസ്മാച്ച്; വിചാരങ്ങൾ പദപ്രശ്നം പോലെ വന്നെങ്കിലും കഥ തുടരട്ടെ എന്ന പോയിന്റിൽ ഐ ഫോക്ക്സ്ഡ് മൈ മൈൻഡ്.

സംസാരം സ്ട്രീംലൈൻ ഫ്ലോ പോലെ തുടർന്നു. അതിനിടയിൽ ആമി വിഭവങ്ങളുമായി വന്നു. Mortlach-ക്കിന്റെ രണ്ടാമത്തെ സിപ്പിനൊപ്പമാണ് പഴയ ചോദ്യം ബി ആവർത്തിച്ചത്.
"പ്രസാധനത്തിന് ക്യാഷാണോ തടസ്സം?"
"അങ്ങനെയാണെങ്കിൽ വി ക്യാൻ ഹെൽപ്പ് യു" പറഞ്ഞിട്ട് ജെ എന്നെ നോക്കുന്നു.
"തൽക്കാലം എനിക്കൊരു പബ്ലിഷർ ഉണ്ട്?"
"ഇഫ് യു ഡോണ്ട് മൈൻഡ്, പറയൂ ആരാണത്?"
"Mark Elliot Zuckerberg"
"ഹ ഹ ഹ" നീണ്ടു നിന്ന paired ചിരി. ബി യുടേതിൽ ഉക്രെയ്ൻ സ്വാധീനം പ്രകടമായിരുന്നു.
"നോക്കൂ ഞങ്ങൾ സീരിയസ്സാണ്" ചിരിയുടെ ലാസ്റ്റ് ലാപിൽ ജെ ക്ക് ഗൗരവം വന്നു.
"നിങ്ങൾ പ്രസാധകരാണോ?"
"അടിസ്ഥാനപരമായി ഞങ്ങൾ ബിസ്സിനസ്സ്കാരാണ്"
അപ്പോൾ നിങ്ങൾ ഡോക്ടേഴ്സ് ആണെന്ന് പറഞ്ഞിട്ട് എന്ന് ചോദിക്കാൻ വന്നതാണ്. ശബ്ദം പുറത്ത് വരും മുമ്പ് ഞാൻ ചോദ്യം വിഴുങ്ങി. എന്നിട്ട് ഗ്ളാസ്സിൽ നിന്ന് ഒരു സിപ്പ് എടുത്ത്, ചൂണ്ടുവിരൽ ലിപ്പിന് താഴെ ഹൊറിസോണ്ടൽ ആയി ചലിപ്പിച്ച് ആലോചിക്കുന്നതായി ഭാവിച്ചു. ഒന്നെനിക്ക് മനസ്സിലായി. സംഭാഷണങ്ങളിലും, ഫേസ്ബുക്ക് പോസ്റ്റിലും ആളുകൾ പലതും പറയും. അവ എപ്പോഴും ഒറിജിനൽ ആവണമെന്നില്ല.
"എനി കണ്ടീഷൻസ്?" പത്തോളം Best sellers എഴുതിയിട്ടുള്ള ഒരു എഴുത്തുകാരന്റെ ഭാവഹാദികളോടെ വിരൽ തുമ്പ് കൊണ്ട് ഞാൻ കണ്ണടയുടെ സ്ഥാനം കറക്ടാക്കി.
"ഒരൊറ്റ ഒന്ന് മാത്രം, നോവലിൽ നായകന്മാർ ഞങ്ങളാവണം"
ഞാൻ വെറുതെയൊന്ന് ചിരിച്ചു.
"ചിരിക്കരുത്, ഞങ്ങൾ സീരിയസ് ആണ്"
"നായകർ ആരാവണമെന്നത്..." ഞാൻ പറഞ്ഞുതീർന്നില്ല.
"ഞങ്ങൾ തീരുമാനിക്കും" ജെ മുഷ്ടി ചുരുട്ടി മേശയിലൂടെ മുന്നോട്ട് ഉരസി.
"ഓക്കേ നിർത്തി, ഞാൻ പോകുന്നു" ഞാൻ എണീറ്റു.
"ആരും എങ്ങോട്ടും പോകുന്നില്ല, പ്രസന്നൻ. സിറ്റ് ഡൗൺ". പറയുന്നതിനിടയിൽ ബി കോട്ട് ഒന്ന് വിടർത്തി കാണിച്ച് നേരെയിട്ടു.
അതിനകത്തുള്ള Beretta Pico എന്ന semi-automatic pistol ഞാൻ വ്യക്തമായി കണ്ടു.
ഹൃദയമിടിപ്പ് ആദ്യമൊന്ന് കൂടിയെങ്കിലും മനസ്സിൽ നാമ്പിട്ട ഭീതിയെ വളരാൻ അനുവദിക്കില്ലെന്ന് ഞാനുറപ്പിച്ചു. അതിനുള്ള മരുന്ന് തൽക്കാലം എന്റെ ശിരസ്സിലുണ്ട്.
"എന്താ നിങ്ങടെ ഉദ്ദേശ്യം?"
"പ്രസന്നന് ഒരു മകളുണ്ടെന്ന് ഞങ്ങൾക്കറിയാം, കുറച്ചുകാലം കൂടെ അച്ഛനെ കാണണമെന്ന് മകൾക്ക് ആഗ്രഹം കാണും. അതുകൊണ്ട് അനാവശ്യമായ സാഹസം കാണിക്കരുത്. സിറ്റ് ഡൗൺ"
ഞാനിരുന്നു.
"എനിക്ക് നിങ്ങളെ അറിയില്ല. ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല, ദെൻ?"
"കറക്ട്, ഞങ്ങൾക്ക് നിന്നോടും ഇല്ല വിരോധം. ഉള്ളത് നിന്റെ പ്രിയ സുഹൃത്ത് റോയിയോടാണ്"
"റോയ്?"
"40 മില്യൺ ഡോളറിന്റെ, ഞങ്ങൾക്ക് കിട്ടേണ്ട എക്സ്പോർട്ട് കോൺട്രാക്റ്റ് ആണ് അവൻ അതിവിദഗ്ധമായി തട്ടിയെടുത്തത്"
"അതിന് ഞാനെന്ത് പിഴച്ചു? എന്റെ തൊഴിൽ ബിസ്സിനസ്സ് അല്ല"
"നിന്റെ സുഹൃത്തിന്റേത് പക്ഷെ ബിസ്സിനസ്സ് ആണ്"
"ഞാനെന്തു ചെയ്യണം?"
"വളരെ ബുദ്ധിപരമായാണ് അവൻ കളിച്ചത്, ഇപ്പോൾ ഞങ്ങളിൽ നിന്ന് വഴുതി മാറുന്നതും. നീ അവനെ വിളിക്കണം, ആസ്ക് ഹിം റ്റു കം ഹിയർ”
"അതിന് മുമ്പ് എനിക്കൊന്ന് മൂത്രമൊഴിക്കണം"
"പ്രസന്നൻ വല്ലാതെ പേടിച്ചുപോയോ?"
"കഴിച്ചത് ആൽക്കഹോളാണ് മിസ്റ്റർ. അത് മൂത്രമുണ്ടാക്കും"
"ലുക്ക്, ഇവിടെ ഇരിക്കുന്നവരിൽ പലരും ഞങ്ങളുടെ ആളുകളാണ്. കൂടാതെ പുറത്തും, കാർ പാർക്കിലും ഉണ്ട്. അതുകൊണ്ട് അപകടകരമായതൊന്നും ബുദ്ധിയിൽ തോന്നരുത്"
ബ്ലാഡറിന്റെ ഭാരം കുറഞ്ഞപ്പോഴാണ് ചിന്തയിൽ ഒരു സ്പാർക്ക് ഉണ്ടാകുന്നത്, 'അവർ നേരത്തെ സംസാരിച്ചിരുന്നത് കോഡ് ആണ്.'
തിരിച്ചുവരുമ്പോൾ ഞാൻ ആമിയെ കണ്ടു. അവൾ പഴയ പോലെ തന്നെ ചിരിച്ചു. കാണാൻ പറ്റുന്നവരുടെ മുഖത്തൊന്നും ഒരു ഭീകരഭാവവും ഇല്ല. ഒരു കളി കളിച്ചാലോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. ഒരു തൊണ്ടയനക്കം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. കൗബോയ് സ്റ്റൈലിൽ തൊപ്പി വെച്ച ഒരുവൻ എന്നെ നോക്കി കണ്ണടക്കുന്നു.
"ഗുഡ് ബോയ്" കസേരയിൽ ഇരുന്നപ്പോൾ ബി എന്റെ തോളിൽ തട്ടി.
ഞാൻ റോയിയെ വിളിച്ചു. ഫോണെടുത്തില്ല.
"സമയമുണ്ട്, ആൻഡ് വി ആർ ഹാപ്പി റ്റു വെയ്റ്റ്"
പെട്ടെന്ന് റോയിയുടെ മെസ്സേജ്, “ഐ കാണ്ട് ടോക്ക് നൗ” അത്രയേ വായിക്കാൻ പറ്റിയുള്ളൂ. മരണത്തിന്റെ മണമടിക്കുമ്പോൾ റിഫ്ളക്സുകൾക്ക് മിന്നൽവേഗമായിരിക്കും. അവർ കാണുന്നതിന് മുമ്പ് ഞാനത് ഡിലീറ്റ് ചെയ്തു. അടുത്ത നിമിഷം ബിയും ജെ യും എണീറ്റ് പോകുന്നു.
തോളിലാരോ തൊട്ടതു പോലെ തോന്നി. നോക്കുമ്പോൾ പിന്നിൽ ലിസ.
"ഡു യു ലൈക് മി?"
"പെണ്ണുങ്ങളെ എനിക്ക് പൊതുവെ ഇഷ്ടമാണ്"
"മദ്യത്തോടൊപ്പം നീ എന്നെയും നുകരുന്നുണ്ടായിരുന്നു. ദാറ്റ്സ് വൈ ഐ ആസ്ക്ഡ്"
ഞാൻ പുരികമുയർത്തി അവളെയൊന്ന് നോക്കി. ഓവർ കോട്ടിനകത്ത് സിങ്കലെറ്റ് മാത്രമേയുള്ളൂ. വേറെയൊരവസരത്തിലായിരുന്നെങ്കിൽ ആ കാഴ്ചകൾ ഞാൻ ആസ്വദിച്ചേനെ.
മേശയിൽ കൈകുത്തി തലതാഴ്ത്തികൊണ്ടവൾ എനിക്കരികിലേക്ക് ചേർന്നുനിന്നു, "I think I owe you a kiss"
"ആവശ്യമാകുമ്പോൾ ഞാൻ ചോദിക്കാം"
എന്റെ തോളിൽ നിന്നിറങ്ങിയ അവളുടെ കൈ സ്കർട്ടിലേക്ക് നീങ്ങുന്നു. മെല്ലെ തെളിയുന്ന അവളുടെ തുടയിൽ girdle കൊണ്ടുറപ്പിച്ച Kel-Tec P-3AT പിസ്റ്റൾ. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ പിൻവാങ്ങുന്ന കൈ ബിയുടെ മുന്നിലിരുന്നിരുന്ന ഗ്ളാസ്സെടുക്കുന്നു.
"ചിയേഴ്സ് പ്രസന്നൻ"
എമർജൻസി നമ്പർ 000 വിളിക്കാനും ഞാൻ ഒരു ശ്രമം നടത്തി. മൊബൈൽ ലൊക്കേറ്റ് ചെയ്ത് പോലീസ് എത്തിയാലോ? എന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയിട്ടെന്ന പോലെ അവൾ ഫോണെടുത്തു," നൈസ് ഫോട്ടോ, ഈസ് ദിസ് യുവർ വൈഫ്?"
"ആണെങ്കിൽ?"
"ബി ഫ്രണ്ട്‌ലി മേൻ"
ജെ തിരിച്ചെത്തി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബിയും.
"ഞങ്ങൾ ഒന്നും കൂടെ ഓർഡർ ചെയ്യാൻ പോകുന്നു, യു വാണ്ട് വൺ മോർ പ്രസന്നൻ?"
"നിങ്ങൾ എന്നെ കൊല്ലാനുള്ള സാദ്ധ്യത എത്രയുണ്ട്?"
"നീയും നിന്റെ ഫ്രണ്ട് റോയിയും അബദ്ധമൊന്നും കാണിച്ചില്ലെങ്കിൽ, റോഡരികിലൂടെ നടക്കുമ്പോൾ ഒരു വണ്ടി വന്നിടിക്കാനുള്ള സാദ്ധ്യതയിൽ കൂടില്ല."
ഞാൻ കൈകൾ കോർത്തുപിടിച്ച് തള്ളവിരൽ കൊണ്ട് കൈവെള്ളയിൽ അമർത്തി.
അവരുടെ ഓർഡർ എടുത്തുപോകുമ്പോൾ ആമി ചോദിച്ചു," വാട്ട് എബൗട്ട് യു?"
"മൈ ബ്രാൻഡ് വിത്ത് ചിക്കൻ മഷ്റൂം റിസോറ്റോ"
പെട്ടെന്നാണ് ഞാനിരിക്കുന്നതിന് എതിർവശത്ത് ഒൺലി ഫോർ എമർജൻസി എന്നെഴുതിയിട്ടുള്ള വാതിൽ തുറന്ന് രണ്ട് പേർ അകത്ത് കയറുന്നത്. ഡൈനിങ്ങ് ഏരിയയുടെ നടുവിലെത്തിയപ്പോഴാണ് ആളെ മനസ്സിലായത്, റോയ്! ഒപ്പം കോട്ടിട്ട് ടൈ കെട്ടി അതിനു മേലെ കണങ്കാൽ വരെയെത്തുന്ന ഓവർകോട്ടും ധരിച്ച ആജാനുബാഹുവായ ഒരാൾ.

"സ്ലാവ്കോ" അത് പറയുമ്പോൾ ബിയും ജെ യും വിളറിയിരുന്നു.
ഒരു മേശക്കരികിൽ എത്തിയപ്പോൾ എണീക്കാൻ നോക്കിയ ഒരുത്തനെ സ്ലാവ്കോ തോളിൽ അമർത്തി ഇരുത്തി. എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അറിയാത്തവർ ഒന്നും ശ്രദ്ധിക്കാതെ സംസാരവും ഭക്ഷണവും പാനീയവും തുടർന്നു.
ക്യുബിക്കിളിനരികിലെത്തിയപ്പോൾ റോയ് എനിക്ക് നേരെ കൈ കാണിച്ചു, "കം ഓൺ പ്രസന്നൻ, ലെറ്റ് അസ് ഗോ," ബിയും ജെ യും വഴി മാറി. കുറച്ച് നടന്ന് തിരിച്ചു വന്ന് ഞാൻ അവരുടെ തോളിൽ തട്ടി, "ഓഫർ ചെയ്ത ഡ്രിങ്ക്‌സിനും, ഫുഡിനും നന്ദി. പിന്നെ ഭാവിയിൽ ഉപകരിക്കുന്ന ഒരു കാര്യം ഞാൻ പറയാം, തൃശ്ശൂർക്കാരോട് കളിക്കരുത്. ഒരു തുള്ളി ചോര കിനിയാതെ ഞങ്ങ കാര്യം സാധിച്ചു കളയും"
അടുത്തത് ലിസയാണ്.
"ഇപ്പോഴും എന്നെ ഉമ്മ വെക്കണമെന്ന് തോന്നുന്നുണ്ടോ? എനിവേ ഐ വിൽ മിസ്സ് ഇറ്റ്"
അവളുടെ മുഖത്തേക്ക് ഞാൻ പിന്നെ നോക്കിയില്ല.
അടുത്തെത്തിയപ്പോൾ ഞാൻ റോയിയോട് ചോദിച്ചു, "എന്താണിത്, ആരാണവർ?"
"ട്രംപ് മാഫിയ"
ഞാൻ പുറത്തേക്ക് നടന്നു.
"ആമി, risotto പായ്ക്ക് ചെയ്തോ. പ്രസന്നന്റെ ബില്ല് ഐ വിൽ സെറ്റിൽ റ്റുമാറോ" പിന്നിൽ റോയിയുടെ ശബ്ദം.
Cheers!!
