Good Evening Friday - 14
ആംസ്റ്റർഡാം ഡയറി- ഒന്ന്
ദേവനഹള്ളി എയർപോർട്ടിൽ നിന്ന് ലുഫ്താൻസ വിമാനം 10000 അടി മുകളിലെത്തിയപ്പോൾ വൈഫൈ വന്നു. എന്നാൽ പിന്നെ രണ്ട് റീൽസ് കാണാം എന്ന വിചാരം തളിരിടുമ്പോഴാണ് വളരെ സോഫ്റ്റായ ചോദ്യം മുന്നിൽ നിന്ന് പുഞ്ചിരിക്കുന്നത്, ‘‘കുടിക്കാൻ എന്താണ് വേണ്ടത്". അവളുടെ നെയിം ബോർഡിൽ 'Eva' എന്നെഴുതിയിരുന്നു.
‘‘എന്താണുള്ളത്?"
‘‘പലതുമുണ്ട്, കൂട്ടത്തിൽ ഞങ്ങളുടെ സ്പെഷ്യൽ Avionic aperitif ഉണ്ട്. I highly recommend".
Avionic കൊള്ളാമായിരുന്നു. രണ്ടെണ്ണം അടിച്ച് ഒരു മൂഡായിരിക്കുമ്പോഴാണ് നിഷ അടുത്ത സീറ്റിൽ നിന്ന് ചോദിക്കുന്നത്, ‘‘ആ എയർ ഹോസ്റ്റസ്സിന്റെ വള കണ്ടോ?"
‘‘വള മാത്രമേ കാണാതിരുന്നുള്ളൂ".
‘‘സ്വഭാവികം".
മൂന്നാമത്തെ ഗ്ലാസ് ഓഫർ ചെയ്യാൻ വന്നപ്പോൾ ഞാൻ ഇവയോട് ചിരിച്ചു, ‘‘ക്യാൻ ഐ ആസ്ക് എ ക്വസ്റ്റ്യൻ?"
‘‘ഒഫ് കോഴ്സ്, യു ക്യാൻ?"
‘‘നിങ്ങളുടെ വള Cartier ആണോ?’’
‘യെസ്’, ഇത്ര വില കൊടുത്ത് മേടിച്ച സംഗതി ഒരാൾ ശ്രദ്ധിച്ചു എന്നതിലുള്ള സന്തോഷം അവൾ മറച്ചുവെക്കാനേ ശ്രമിച്ചില്ല.
‘‘എയർപോർട്ട് ഡ്യൂട്ടി ഫ്രീന്നോ, അതോ..."
‘‘ഔട്ട് സൈഡ് ഷോപ്പിൽ നിന്നാണ്".
Avionic- ന്റെ കൂടെ ഒരു പാക്കറ്റ് കാഷ്യു നട്ട്സ് കൂടെ വെച്ചിട്ടാണ് അവൾ പോയത്.
‘‘നീയെന്താണ് അവളോട് ചോദിച്ചത്?"
‘‘വളയെകുറിച്ച്"
‘‘അയ്യേ, എന്തിനാണത് ചോദിക്കാൻ പോയത്?"
‘‘സ്വാഭാവികം"
‘‘എന്നാലും വേണ്ടായിരുന്നു"
‘‘ഷി വാസ് ഹാപ്പി"
Entrée-ൻ്റെ സമയമായി. ഓർഡർ എടുക്കാൻ വന്നത് ഫെന്ന എന്ന പേരുള്ള എയർ ഹോസ്റ്റസ് ആയിരുന്നു. ഇവയേക്കാൾ സീനിയറാണ്. അതിൻ്റെ ലേശം ഗൗരവമുണ്ട്. വിമാനം ജർമ്മനാണെങ്കിലും രണ്ട് പെൺമണികൾക്കും ഡച്ച് സൗകുമാര്യമായിരുന്നു.
മെനു ലിസ്റ്റിലെ സെക്കൻഡ് ഐറ്റം എനിക്കിഷ്ടപ്പെടുമെന്ന് അവൾ പറഞ്ഞു.
‘‘അതെങ്ങിനെ മനസ്സിലായി?"
"അതിൽ ഉഴുന്നുവടയുണ്ട്, പേരും, പിന്നെ ആളെയും കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നി. ദാറ്റ്സ് ഓൾ".
‘‘മലയാളം അറിയാമോ?"
‘‘ചരിത്രം അറിയാം"
‘‘അതേത് ചരിത്രം?"
‘‘നിങ്ങൾ മലയാളികളാണല്ലോ ഞങ്ങളെ തോൽപ്പിച്ചത്."
അവൾ ഉദ്ദേശിച്ചത് മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച കൊളച്ചൽ യുദ്ധമാണെന്ന് സംഭാഷണത്തിന്റെ അടുത്ത ഘട്ടത്തിൽ എനിക്ക് മനസ്സിലായി.

‘‘ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പോയപ്പോൾ ഇംഗ്ലീഷ് കമ്പനി വന്നു. ഞങ്ങൾക്ക് വല്ല്യ പ്രയോജനമൊന്നുമുണ്ടായില്ല’’.
‘‘ഞങ്ങളായിരുന്നില്ലേ ഭേദം, ഇംഗ്ളീഷുകാരേക്കാൾ…"
‘‘എന്ത് ഭേദം? നിങ്ങൾ കോളനിക്കാർ വല്ലോരടേം മുതല് കൊണ്ട് പോയി നിങ്ങടെ കാര്യം ഉഷാറാക്കി. അത് കാണാനാണല്ലോ ഞങ്ങൾ ഇപ്പൊ പോകുന്നത്’’.
‘‘അതില്ലെന്ന് ഞാൻ പറയില്ല. പക്ഷെ നിങ്ങൾ ഞങ്ങളെ ഇഷ്ടപ്പെടാൻ പോന്ന വേറെ കുറേ കാഴ്ചകളുണ്ട്. നിങ്ങൾ കേട്ടിട്ടുണ്ടാകും, 'God created the World but the Dutch created the Netherlands' എന്ന്"
ഫെന്ന പറഞ്ഞ കാഴ്ചകളുടെ കാര്യം ശരിയാണെന്ന് ആംസ്റ്റർഡാമിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി. കേരളത്തിനേക്കാൾ അൽപ്പം മാത്രം കൂടുതൽ വലിപ്പമുള്ള രാജ്യം. ആകെയുള്ള സ്ഥലത്തിന്റെ 25% കടൽനിരപ്പിൽ നിന്ന് താഴ്ന്നാണ് കിടക്കുന്നത്. 50% ഭൂഭാഗത്തിനും കടലിൽ നിന്നുള്ള ഉയരം ഒരു മീറ്റർ മാത്രം. എന്നിട്ടും കാർഷിക ഉൽപന്നങ്ങളുടെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എക്സ്പോർട്ടർ നെതർലൻഡ്സ് ആണ്.
GPS, ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതിവിദ്യകൾ ഉപയോഗിച്ച് ചെയ്യുന്ന Precision agriculture, സുതാര്യമായ മെറ്റീരിയൽസ് ഉപയോഗിച്ചുണ്ടാക്കുന്ന സ്ട്രക്ച്ചറിനുള്ളിൽ ഹ്യുമിഡിറ്റി, ലൈറ്റ്, ടെമ്പറേച്ചർ എന്നിവ സൂക്ഷ്മമായി നിയന്ത്രിച്ച് ചെയ്യുന്ന ഗ്രീൻഹൗസ് കൃഷി, പ്രത്യേകം ഡിസൈൻ ചെയ്ത കെട്ടിടങ്ങൾക്കകത്ത് മുകളിലേക്ക് വിന്യസിക്കപ്പെട്ടിട്ടുള്ള തട്ടുകളിലായി വിളവിറക്കുന്ന വെർട്ടിക്കൽ ഫാർമിംഗ്, ഇത്തരം മോഡേൺ കൃഷിരീതികളിലാണ് നെതർലാൻഡ്സിൻ്റെ മിടുക്ക്. കടൽവെള്ളം കരയിലോട്ട് കയറാതിരിക്കാൻ അവർ നിർമ്മിച്ചിട്ടുള്ള ഡെൽറ്റ പ്രൊജക്റ്റ് ആധുനിക സിവിൽ എൻജിനിയറിങ് മേഖലയിലെ അത്ഭുതങ്ങളിൽ ഒന്നാണ്.
കനാലുകളും, ഡാമുകളും, കടൽഭിത്തികളും, ഗർത്തങ്ങളും, മൺകൂനകളും ഉൾപ്പെടുന്ന കടൽപ്രതിരോധ ശൃംഖലയാണ് ഡെൽറ്റ പ്രൊജക്റ്റ്. ആംസ്റ്റർഡാം സിറ്റിയിൽ മാത്രം 165 കനാലുകളുണ്ട്. വെൽ കൺസ്ട്രക്ടഡ് ആൻഡ് മെയിൻറ്റെയിന്റ്. നെതർലൻഡ്സിന്റെ 17 ശതമാനവും കടൽ വറ്റിച്ചെടുത്ത് ഉണ്ടാക്കിയ ഭൂമിയാണ്. വലിയ പാറക്കെട്ടുകളിൽ നിന്നുണ്ടാക്കുന്ന ഭിത്തികൾ ഉപയോഗിച്ച് കടലിന്റെ ഒരു ഭാഗം വേർതിരിക്കുന്നു. പിന്നെ വെള്ളം വറ്റിച്ച് ഡ്രൈ ലാൻഡ് ആക്കുന്നു. ഉപ്പ് പ്രശ്നമല്ലാത്ത ചെടികളും പുല്ലുകളും വളർത്തുന്നു. വർഷങ്ങൾ കൊണ്ട് അത് കൃഷി ചെയ്യാവുന്നതോ കെട്ടിടങ്ങളോ റോഡുകളോ നിർമ്മിക്കാവുന്നതോ ആയ പ്രദേശമാക്കി മാറ്റുന്നു.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ Land Reclamation ചെയ്തത് നെതർലാൻഡിലാണ്. വെള്ളം പമ്പ് ചെയ്യാൻ പണ്ട് ഉപയോഗിച്ചിരുന്ന വിൻഡ് മില്ലുകൾ ഇന്ന് ടൂറിസ്റ്റുകൾക്ക് കാണാൻ വേണ്ടി സംരക്ഷിച്ച് നിർത്തിയിരിക്കുന്നു. പിന്നത്തെ കാഴ്ചകളിൽ സുന്ദരമായത് സൈക്കിളുകളാണ്. സൈക്കിളുകളുടെ കൂടി ദേശമാണ് നെതർലൻഡ്സ്. 17 മില്യൺ ആളുകളും 23 മില്യൺ സൈക്കിളുകളും. ജോലിക്ക് പോകുമ്പോൾ സൈക്കിൾ ഉപയോഗിച്ചാൽ 0.19 euro/km ടാക്സ് ഇളവ് കിട്ടുന്നു. പിന്നെ സൈക്കിളോടിക്കാൻ ഫൂട്പാത്തിനും റോഡിനുമിടയിൽ നല്ല സ്റ്റൈലൻ ട്രാക്ക്. 35,000 കിലോമീറ്റർ ട്രാക്കാണ് സൈക്കിളിനു മാത്രമായിട്ടുള്ളത്. 36 ശതമാനം 'ആളുകളുടെയും ദൈനംദിന യാത്ര സൈക്കിളിലാണ്.

രണ്ടാം ദിവസം Zaanse Schans, Marken, Edam, Volendam എന്നീ ഗ്രാമപ്രദേശങ്ങൾ കണ്ടുനടക്കുമ്പോൾ ടൂർ സംഘത്തിലുണ്ടായിരുന്ന ശെൽവം ഭാര്യയോട് പറയുന്നു, ‘അഴകാന ഇടങ്ങൾ…’
Cheers!