Good Evening Friday - 13
എഴുന്നേൽക്കുന്നതിന് തൊട്ടുമുമ്പാണ് ഞാൻ ഇന്ന് സ്വപ്നം കണ്ടത്. വളരെ അപൂർവ്വമായിട്ടേ സ്വപ്നം അത്രയും വൈകാറുള്ളൂ.
സ്വപ്നം കാണാത്ത ഒരു ഉറക്കവും എന്റെ ഓർമ്മയിലില്ല. പകലെന്നോ, രാത്രിയെന്നോ, എന്തിന് ഇരുന്നൊന്ന് മയങ്ങിയാൽ പോലും ഞാൻ സ്വപ്നം കാണും. യാഥാർഥ്യത്തിൽ നിന്ന് നാനോവ്യത്യാസം പോലുമില്ലാത്തിടത്ത് നിന്ന് തുടങ്ങി, ആക്ഷൻ, ഹൊറർ, റൊമാൻസ്, ത്രില്ലർ, ഇറോട്ടിക് അങ്ങനെയെല്ലാ Genre-ലും പെട്ട എത്രയെത്ര കിനാവുകൾ.
സ്വപ്നത്തിൽ കേട്ട കാര്യങ്ങളും, കണ്ട രംഗങ്ങളും എഴുതിവെക്കാൻ പറ്റിയ ഭാഷയും പ്രതിഭയും സ്വൽപ്പം കുറഞ്ഞുപോയതുകൊണ്ട് മാത്രം ലോകത്തിന് നഷ്ടപ്പെട്ട എണ്ണം പറഞ്ഞ ഒരു സാഹിത്യകാരനാണ് ഞാൻ.
എന്നോ എവിടെയോ നടക്കുന്ന നിർണായകമായ ഫൈനൽ പരീക്ഷയുടെ തലേന്ന് ടെക്സ്റ്റ് ബുക്ക്സ് പോലും കൈയിലില്ലെന്ന് കണ്ട് തൃശ്ശൂരിലെ കറന്റ് ബുക്ക്സ്റ്റാളിന് മുമ്പിൽ ക്യൂ നിൽക്കുന്ന ഞാൻ. ഒരുപാട് സമയത്തിന് നേരം മുന്നിലെത്തി പുസ്തകങ്ങളുടെ പേര് പറയാൻ നോക്കുമ്പോഴേക്കും ക്യൂ വീണ്ടും നീളുന്നു, ഞാൻ പിന്നിലാകുന്നു.
പലയാവർത്തിക്ക് ശേഷം മുന്നിലെത്തിയപ്പോൾ സമയം കഴിഞ്ഞെന്ന് പറഞ്ഞ് കടയടക്കുന്നു. പരീക്ഷ പോയി, ഭാവി പോയി എന്ന് ഇരുളടഞ്ഞ് ഞാൻ നിൽക്കുമ്പോൾ ആ ട്രാജിക് സീനിന് തിരശ്ശീല വീഴും. ഒന്നുകിൽ ഞെട്ടിയെണീറ്റ് സ്വപ്നമാണെന്ന് തിരിച്ചറിയും, അല്ലെങ്കിൽ അടുത്ത സീനിലോട്ട് പോകും.
നടന്ന് നടന്ന് ചെല്ലുമ്പോൾ റോഡ് പെട്ടെന്ന് ഒരു മഹാസമുദ്രത്തിൽ അവസാനിക്കുന്നു. പിന്നിലോട്ട് നടക്കാൻ നോക്കുമ്പോൾ വന്ന വഴിയും ക്രമേണ ഇല്ലാതാകുന്നു. എത്രയോ തവണ ലോങ്ങ് ഷോട്ടിൽ ഞാൻ വെള്ളത്തിന് നടുവിൽ നിന്നിരിക്കുന്നു.
കുറച്ചുകാലം മുമ്പ് ഞാൻ എത്തിപ്പെട്ടത് വളരെ സങ്കീർണ്ണമായ ഒരു തെരുവിൽ. ഇരുട്ടാണ്, നേർരേഖയിൽ നീണ്ടുകിടക്കുന്ന നേരിയ വെളിച്ചം. റോബോട്ട് പോലെയുള്ള ഒരു രൂപം എന്റെ കൂടെയുണ്ട്.
"വല്ലാത്ത മണം" ഞാൻ പറഞ്ഞുതീർന്നില്ല, എന്റെ ചെവിയുടെ തൊട്ടുപിന്നിൽ നിന്നൊരു ശബ്ദം, "It's ammonia, don't worry, you have the system attached to convert it to oxygen"
തൊട്ടു നോക്കിയപ്പോൾ തൊലിക്കടിയിൽ ഉറപ്പിച്ചിട്ടുള്ള ഒരു ബട്ടൺ പോലൊന്നിൽ നിന്നാണ് ശബ്ദം വരുന്നത്. പെട്ടെന്നാണ് ഈജിപ്ഷ്യൻ പിരമിഡ് ഷെയ്പ്പിലുള്ള ഒരു വണ്ടി വന്നു മുമ്പിൽ നിന്നത്. ഉള്ളിൽ കയറി അതിനുള്ളിലെ രൂപങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കുമ്പോൾ ശബ്ദം വീണ്ടും, "നമ്മൾ ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലെ Xanadu പ്രദേശത്തേക്ക് പോകുന്നു"

Habitable exoplanets വീണ്ടും വായിച്ച് കിടന്നുറങ്ങിയ മറ്റൊരു രാത്രിയിലാണ് ഞാൻ Proxima Centauri b യിലേക്ക് പോകുന്ന പേടകത്തിലെ VIP സീറ്റിലിരുന്നത്.
കോണകമുടുത്ത് കാവി പുതച്ചൊരാൾ തൊട്ടടുത്ത്. ളോഹയും വലിയ മണികളുള്ള മാലയും കഴുത്തിലിട്ട വേറെയൊരാൾ അപ്പുറത്ത്. മൂന്നാമത്തെ ആൾക്ക് മീശയില്ല, കനത്ത താടിയും തൊപ്പിയുമുണ്ട്. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു, "ഭൂമിയിൽ പണിത് പണിത് അവിടം കുളമാക്കി, ഇനി ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുയാണോ പന്ന........" പൂർത്തിയാക്കും മുമ്പ് സീൻ കട്ടായി പോയി.
ഇന്ന് സ്വപ്നം വൈകിയെന്ന് പറഞ്ഞല്ലോ, കാരണമുണ്ട്. ഇന്നലെ ഒരു ഹൗസ് വാമിങ് ഡിന്നർ ഉണ്ടായിരുന്നു. അവിടെ വെച്ചാണ്, പുരാണങ്ങളിൽ നിന്ന് ഇന്റർനെറ്റ് ചുരണ്ടിയെടുക്കുകയും, ജ്യോതിഷമാണ് ഒന്നാം നമ്പർ സയൻസ് എന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കണമെന്ന് വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ രാജ്യത്തിന്റെ മന്ത്രിയായതിൽ അർമാദിക്കുന്ന കുറച്ച് നോൺ റസിഡന്റ് മലയാളി നാഷണലിസ്റ്റുകളുടെ ഇടയിൽ പെട്ടത്.
തലക്കകത്ത് വൈറ്റ് മാറ്റർ മാത്രമുള്ളവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് റോയ് എനിക്ക് ശക്തമായ സിഗ്നൽ തന്നു. ഞാൻ അതിലും ശക്തമായ ഡിപ്ലോമാറ്റിക് മൗനം പാലിച്ചു. തീരെ പറ്റാതായപ്പോൾ "പ്രോസസ്സിംഗ് ആമാശയത്തിൽ, ന്യുറോണുകൾ വെറും സംപ്രേക്ഷണചിവീടുകൾ' എന്ന ഇംഗ്ലീഷ് പാട്ട് റോയിയുടെ ചെവിയിൽ പാടി.
'Gonzalez Byass Lepanto PX' എന്ന സ്പാനിഷ് എയർ ഫോഴ്സ് ഡിവിഷനാണ് ആ കാവിവ്യൂഹത്തിൽ നിന്ന് ഞങ്ങളെ റെസ്ക്യൂ ചെയ്തത്. പിന്നെ Beatles-ന്റെ റിവൊല്യൂഷൻ സോങ്ങും പാടി വീട്ടിലെത്തിയപ്പോൾ നേരം വൈകി. എന്തായാലും സംഭവം സ്വപ്നത്തിൽ പ്രതിഫലിച്ചു.
ഞാൻ ഒരു വലിയ മലയുടെ മുകളിൽ നിൽക്കുന്നു. താഴെ രണ്ടു വലിയ മുട്ടകൾ. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് ഒന്നാമത്തെ മുട്ട പൊട്ടിച്ചു, കാലുകളില്ലാത്ത ഒരു രൂപം പുറത്ത് വന്ന് ആ സ്ത്രീയെ കുറെ ചീത്ത വിളിച്ചു. എങ്ങോട്ടോ പോയി. രണ്ടാമത്തെ മുട്ട പൊട്ടിയപ്പോൾ ദിനോസറിന്റെ വലിപ്പമുള്ള ഒരു പക്ഷി പുറത്ത് വരികയും ആ സ്ത്രീയെ പൊക്കിയെടുത്ത് കുറെ നേരം ഡാൻസ് കളിക്കുകയും ചെയ്തു. ഞാൻ എന്താണ് നടക്കുന്നതെന്ന് കൂലങ്കുഷമായി നോക്കിയപ്പോഴേക്കും നേരം വെളുത്തു.
തലേരാത്രിയിലെ പുരാണസംഭാഷണം മാത്രമല്ല, ഈ സ്വപ്നത്തിന് ആധാരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ കശ്യപൻ എന്ന മിത്തോളജിക്കൽ കഥാപാത്രത്തെ പറ്റി വായിച്ചിരുന്നു. കശ്യപൻ അന്നത്തെ വീര്യം കൂടിയ ഋഷിയാണ്. സപ്തർഷികളിൽ ഓർത്തഡോക്സ് വിഭാഗക്കാരനായതുകൊണ്ട് കല്യാണം കഴിക്കാൻ തടസ്സമുണ്ടായിരുന്നില്ല.

കിട്ടിയ ചാൻസിന് മൂപ്പര് മൂത്താശാരിയായ ബ്രഹ്മാവിന്റെ മകൻ ദക്ഷന്റെ പതിമൂന്ന് പെൺമക്കളെ ഒറ്റയടിക്ക് മാരീഡ്. അതിലൊരുവളായ വിനത ഒരു രാത്രി കശ്യപനുമായി 'അവളുടെ രാവുകൾ' എന്ന സിനിമ കണ്ട് പിറ്റേ ദിവസം ഇട്ട മുട്ടകളാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്.
അഞ്ഞൂറ് കൊല്ലം കാത്തിരുന്നിട്ടും വിരിയാതായപ്പോഴാണ് വിനത മുട്ടയൊന്ന് തട്ടി നോക്കിയത്. പ്രിമെച്യുർ ബെർത്ത് ആയതുകൊണ്ട് പുറത്തുവന്ന അരുണൻ എന്ന കഥാപാത്രത്തിന് കാല് വളരാതെ പോയി. ക്ഷമയില്ലാത്തതുകൊണ്ടല്ലേ തനിക്കീ ഗതി വന്നത് എന്ന് പറഞ്ഞാണ് അരുണൻ അമ്മയോട് കലിപ്പായത്. എന്നാലും വലുതായപ്പോൾ മൂത്താശാരിയുടെ ശുപാർശയിൽ സൂര്യന്റെ ഡ്രൈവറായി ജോലി കിട്ടി. വാല്മീകി രാമായണത്തിൽ നല്ലൊരു റോൾ അഭിനയിച്ച ജടായു അരുണന്റെ തനയനാണ്.
രണ്ടാമത്തെ മുട്ട കാലമെത്തി വിരിഞ്ഞപ്പോഴാണ് ഗരുഡൻ ഉണ്ടാകുന്നത്. പുള്ളിയുടെ നിതാന്തശത്രുക്കളായിരുന്നു പാമ്പുകൾ. അതിന് കാരണം വല്യമ്മടെ മക്കളെല്ലാം നാഗരാജാക്കന്മാരുടെ റോളിലാണ് അഭിനയിച്ചിരുന്നത്. അന്ന് വാവ സുരേഷ് ഇല്ലാതിരുന്നതുകൊണ്ട് പാമ്പിനെ കണ്ടാൽ ദേവൻസ് ഇങ്ങേരുടെ വാട്ടസ്ആപ്പിലേക്കാണ് മെസ്സേജ് ചെയ്തിരുന്നത്.
ഇടയ്ക്ക് ചങ്ങാതി സുപ്രീം ലീഡർ വിഷ്ണു ആശാന്റെ Uber ആയി പോകുമായിരുന്നു. മൂപ്പർക്ക് അങ്ങ് ഇന്തോനേഷ്യയിലും തായ്ലാന്റിലും എന്തിന് മംഗോളിയയിൽ പോലും ഉണ്ടായിരുന്നു സ്വാധീനം. ഇന്ന് ഗരുഡ് എന്ന് ഗൂഗിളടിച്ചാൽ ഇന്തോനേഷ്യയുടെ എയർലൈൻന്റെ പേരാണെന്ന് പറയും.
സ്വപ്നാനന്തരം പൗരാണികമായ ജനനപ്രക്രിയയിൽ എനിക്ക് ചടുലമായൊരു കൗതുകം കൈവന്നു. ആ ഗവേഷണത്തിൽ എന്നെ ഹഢാദാകർഷിച്ചത് ഹനുമാന്റെ ഉത്ഭവമായിരുന്നു.
ഹനുമാന്റെ അമ്മ അഞ്ജന കുട്ടികളുണ്ടാകാൻ ലെയ്റ്റാവുന്നതു കണ്ടു പരിഭ്രമിച്ച് ഒരു അപ്പോയിന്റ്‌മെന്റിന് വേണ്ടി ശിവന് ഒരു വീഡിയോ കോൾ ചെയ്തു. അക്കാലത്ത് അതിന് തപസ്സ് ചെയുക എന്നാണ് പറഞ്ഞിരുന്നത്.
കൃത്യം ഇതേ സമയത്താണ് ഒരു പട്ടാളഅട്ടിമറിയിൽ അയോധ്യയിലെ ഭരണം പിടിച്ചെടുത്ത കിംഗ് ദശരഥ് തന്റെ മൂന്ന് ഭാര്യമാർക്കും പുത്രന്മാർ മാത്രം ജനിക്കാൻ വേണ്ടി പുത്രകാമേഷ്ടി മിസൈൽ പരീക്ഷിക്കുന്നത്.
മിസൈൽ തട്ടിയതും ആകാശത്ത് നിന്നും ഡിവൈൻ പുഡ്ഡിംഗ് താഴോട്ട് വന്നു. അത് മൂന്നാക്കി നാലുനേരം സേവിച്ചാണ് യഥാക്രമം രാമൻ, ലക്ഷ്മണൻ, ഭരതൻ എന്നിവരുണ്ടാകുന്നത്. ഈ പുഡ്ഡിംഗ് താഴോട്ട് വരുന്ന സമയത്ത് കൃത്രിമമായി ഒരു ന്യൂനമർദ്ദം സൃഷ്ടിച്ച്, അതിലൊരു ചെറിയ കഷണം പുഡ്ഡിംഗ് അടർത്തി മാറ്റി വായു ദൈവൻ അഞ്ജനക്ക് കൊടുത്തു. അവരത് കഴിക്കുകയും സഡൻലി ഗർഭിണിയാകുകയും ചെയ്തു. അങ്ങനെയാണ് ഹനുമാൻ ഭൂജാതനാകുന്നത്.
വായു ആൾ രസികനായിരുന്നു. പുള്ളി ഏതാണ്ടിതേ സൂത്രം കുന്തിയുടെ അടുത്തും പ്രയോഗിച്ചു. തത്ഫലമായാണ് ഭീമനുണ്ടായത്. സൊ ദേ വെർ ഹാഫ് ബ്രദേഴ്സ്. പക്ഷെ അതവർക്ക് മനസ്സിലാകാൻ കുഞ്ചൻ നമ്പ്യാർ പദ്യമെഴുതുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
"നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ ! നീയങ്ങു മാറിക്കിട ശഠാ !
ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നി -
നക്കെടാ ! തോന്നുവാനെന്തെടാ സംഗതി?.
ആ കലപിലയുടെ ബാക്കി രണ്ടാമൂഴം സിനിമയാകുമ്പോൾ കാണാം.
ഹനുമാനെ കുറിച്ച് വേറൊരു കിസ്മത്ത് ഉണ്ട്. അത് പറയാം. മൂപ്പര് ഒരു ഹൈ വോൾട്ടേജ് ബ്രഹ്മചാരിയായിരുന്നു. എന്നിട്ടും ചങ്ങാതിക്ക് മകരധ്വജൻ എന്നൊരു മകനുണ്ടായി. അതും പരമരസകരമാണ്.
ലങ്കാദഹനം കഥകളിയും കഴിഞ്ഞ് മടങ്ങി വരുമ്പോൾ വാലിലിട്ട ചായം കഴുകിക്കളയാനാണ് അദ്ദേഹം കടലിലിറങ്ങിയത്. ആ സമയത്ത് മൂപ്പരുടെ ഒരു തുള്ളി വിയർപ്പ് കടലിൽ വീഴുകയും, ഒരു മത്സ്യം അത് വിഴുങ്ങുകയും ചെയ്തു. 'വിയർപ്പോണ്ട് മാത്രം തുടിക്കുന്ന ജീവന്റെ തന്ത്രികൾ ചിലതുണ്ട്' എന്ന ഗാനം പാടിയതും മകരധ്വജൻ മൽസ്യമനസ്സിൽ വളരാൻ തുടങ്ങിയിരുന്നു.

തുടർന്നുള്ള കഥ പഴയ ഹിന്ദി സിനിമ പോലെയാണ്. പൂർണ്ണ ഗർഭിണിയായ മൽസ്യം പിടിക്കപ്പെട്ട് മന്നൻ ഓഫ് പാതാള മഹിരാവണന്റെ കിച്ചണിൽ എത്തുന്നു. അവിടെ വച്ച് സിസേറിയൻ ചെയ്ത് മകരധ്വജനെ പുറത്തെടുക്കുന്നു. ജന്മനാ സിക്സ് പാക്കായ ധ്വജനെ മഹി തന്റെ ചീഫ് ഓഫ് സെക്യൂരിറ്റി സ്റ്റാഫ് ആക്കുന്നു.
ഒരുദിവസം ചുമ്മാ മഹി രാമനെയും ലക്ഷ്മണനെയും തട്ടി കൊണ്ട് വരുന്നു. God ലെവലിലുള്ള റാമിനെ എങ്ങനെ മഹി പുഷ്പം പോലെ അബ്ഡക്ട് ചെയ്തു എന്ന ചോദ്യം തീരെ സബ്സ്റ്റാൻഡേർഡ് ആണ്. അർഹിക്കുന്ന സ്മൈലിയോടെ ബ്ലോക്ക് ആക്കുന്നു.
ആരെയെങ്കിലും ഒന്ന് രക്ഷിക്കാൻ കിട്ടാതെ ബോറടിച്ചിരുന്ന ഹനുമാൻ തന്റെ ലേറ്റസ്റ്റ് ടെസ്ല (Tesla) കാറെടുക്കുന്നു. പാതാളത്തിലേക്ക് കുതിക്കുന്നു.
ഗെയ്റ്റിൽ വച്ച് ധ്വജൻ അച്ഛാ എന്ന് വിളിക്കുന്നു. ഹനുമാൻ ഞെട്ടുന്നു, "ബ്രഹ്മത്തെ ചാരി നിൽക്കുകയല്ലാതെ, ഒന്ന് കിടന്നിട്ട് പോലുമില്ലാത്ത എനിക്ക് സന്താനമോ?"
ധ്വജൻ തന്റെ വിയർപ്പ് മണപ്പിച്ച് കൊടുക്കുന്നു. ഹനുമാൻ എല്ലാം ഫ്ളാഷ് ബാക്കിൽ കാണുന്നു.
അച്ഛാ-മഹാ വിളികളുയരുന്നു. പക്ഷെ ധർമ്മം പുലരണം.
"മഹിയെ രക്ഷിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്, പി-താവേ" എന്നും പറഞ്ഞ് മകൻ AK 47 എടുക്കുന്നു. അച്ഛൻ കൺവെൻഷനൽ ഗദയും. പക്ഷെ ഗദയിൽ ചൈനീസ് ചിപ്പ് ഉണ്ടായിരുന്നു. AK 47 ഫ്ലാറ്റ്.
പിന്നെ പുരാണങ്ങളിൽ സാധാരണ ചെയുന്നത് പോലെ ഹനുമാൻ മഹിയെ കൊല്ലുന്നു. പേടിച്ച് വിറങ്ങലിച്ചുപോയ റാം-ലക്ഷമൺസിനെ വാലിൽ കയറ്റി പുറത്തുകൊണ്ടുവരുന്നു. ദൈവപട്ടം തിരിച്ചുകിട്ടിയ റാം ഹനുമാന്റെ ശുപാർശയനുസരിച്ച് മകരധ്വജനെ പാതാളത്തിന്റെ രാജാവാക്കി അപ്പോയ്ന്റ്മെന്റ് ഓർഡർ 3D പ്രിന്ററിൽ അടിച്ചുകൊടുക്കുന്നു.
അവിടം കംപ്ലീറ്റ് ഏകാധിപത്യമായിരുന്നല്ലോ. Dynastyയും nepotismവും മാത്രം വിളയുന്ന കാലം.
ഈ ഹനുമാനുമായി ഞാനൊന്ന് മുട്ടിയിട്ടുണ്ട്. സ്വപ്നത്തിലല്ല. രാത്രിവെളിച്ചത്തിൽ റിയലിസ്റ്റിക്കായി.
ആ ട്രൂ സ്റ്റോറി ആസ് ഫോളോസ്...
3rd ഇയർ MBBS കാലം. കോളേജ് യൂത്ത് ഫെസ്റ്റിവൽ. ഏതെങ്കിലും ഒരിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന് എനിക്കൊരു മോഹം.
കഥയെഴുതാം, കവിത ഒന്ന് ശ്രമിച്ചാൽ വരും. പക്ഷെ കാര്യമില്ല. എ.കെ. രവീന്ദ്രനുണ്ട്, അവനന്ന് കഥയും കവിതയും നന്നായി വരും. അവനെ മറികടന്നൊരു ഫസ്റ്റ് നടക്കില്ല.
അങ്ങനെ മത്സരിക്കാൻ പറ്റിയ ഐറ്റം നോക്കി നടക്കുമ്പോഴാണ് ജാഫർ 'തേടിയ മുഖം കണ്ണിൽ പറ്റി' എന്ന കണക്ക് എന്നെ നോക്കുന്നത്.
"ഒരു ഏകാംഗ നാടകമുണ്ട് (മലയാളത്തിൽ പറഞ്ഞാൽ ഫാൻസി ഡ്രസ്സ്), നിനക്ക് പറ്റിയ വേഷമാണ്"
"അല്ല സ്ക്രിപ്റ്റ് അറിയാതെ....." ഒരു സിനിമയും ഇല്ലെങ്കിലും ഗൗരവം വിടാത്ത ഒരു പുതുമുഖനടന്റെ ഭാവമായിരുന്നു എനിക്ക്.
"നിനക്ക് പറ്റില്ലെങ്കിൽ വേറെ ആളുണ്ട്"
അത് ജാഫർ കൈയ്യിന്ന് ഇട്ടതാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ആ വേഷം കെട്ടിയാൽ കോളേജ് ലൈഫ്സ്പാൻ മൊത്തം ആ കഥാപാത്രത്തിന്റെ പേര് ഇരട്ടപ്പേരായി വീഴും എന്നതുകൊണ്ടാണ് സമീപിച്ചവർ മൊത്തം പിന്മാറിയത്.
"എന്നാലും എനിക്കൊന്ന് തയാറെടുക്കണ്ടേ?"
ജാഫർ അയഞ്ഞു. കഥ പറഞ്ഞു.
യുദ്ധം നടക്കുന്ന സമയത്ത് വെറുതെ മുട്ടാൻ ചെന്ന ലക്ഷ്മണന്റെ ഫ്യൂസ് ഒരിക്കൽ രാവണന്റെ മകൻ ഇന്ദ്രജിത്ത് ഊരി. ലക്ഷ്മണൻ ICU-വിൽ വെന്റിലേറ്ററിലുമായി. ബ്ലഡ് പ്രെഷറും ബോധവും താഴോട്ട് പോയ്കൊണ്ടിരിക്കുന്നു. അന്ന് അഡ്രിനാലിനും ഡോപാമിനും ഒന്നുമില്ലല്ലോ. ആകെ ICUവിലുള്ളത് ആവണക്കെണ്ണയാണ്. അതിൽ മാറാവുന്ന കണ്ടീഷനല്ല.
സിസോറിയസ്സ് മന്ത്രിജിർ എന്ന ആടലോടകം വേണം. അത് മരുത്വാമലയിലേ ഉള്ളൂ. കേട്ട ഹാഫ് കേൾക്കാത്ത ഹാഫ് ഹനുമാൻ ഹെലികോപ്റ്റർ (എന്ന് വച്ചാൽ tail, വാല്) സ്റ്റാർട്ടാക്കി. ധൃതിയിൽ കോണ്ടാക്ട് ലെൻസ് വെയ്ക്കാൻ മറന്നുപോയതുകൊണ്ട് ആടലോടകം കാണാൻ പറ്റിയതേയില്ല. 7066 മീറ്റർ ഉയരമുള്ള മരുത്വാമല, നസീർ പൂവെടുത്ത് ഷീലക്ക് കൊടുക്കുന്നതിനേക്കാൾ ലാഘവത്തോടെ കൈയിലെടുത്ത് ഹനുമാൻ ICU വിലെത്തി.
ഇതിൽ, മലയുമായി ഹനുമാൻ പറക്കുന്ന സീനാണ് ഞാൻ അഭിനയിക്കേണ്ടത്.
"നീ മല പിടിച്ച് സ്ട്രെച്ചറിൽ കിടക്കും, ഞങ്ങൾ ഒരറ്റത്ത് നിന്ന് സ്ട്രെച്ചർ വലിക്കും. അതിന്റെ ഉയരത്തിൽ സ്റ്റേജിന് മുമ്പിൽ കർട്ടൻ വെച്ച് മറയ്ക്കും. രാത്രിയായത് കൊണ്ട് ലൈറ്റ് അറേഞ്ച്മെന്റ് കൂടി വന്നാൽ നീ ആകാശത്ത് പറക്കുന്ന പോലെ കാണാനിരിക്കുന്നവർക്ക് തോന്നും. ഫസ്റ്റ് നിനക്കൊറൊപ്പ്"
ഞാൻ ഇഛിച്ചതും ജാഫർ മോഹിപ്പതും ഒരേ സീൻ.
"നീയാകുമ്പോൾ മീശ വടിച്ചാൽ മതി, മെയ്ക്കപ്പിന്റെ ആവശ്യം വരില്ല" എന്ന് ഇതിനിടയിൽ ഒരു യുവൻ ഗണേശൻ പറഞ്ഞു. അവൻ വലിയ നിലയാണിപ്പോൾ, അത് കൊണ്ട് പേര് പറയുന്നില്ല.
വേഷം ഞാൻ കെട്ടി. ഫസ്റ്റ് പ്രൈസ് ഈസിയായിട്ട് ഇങ്ങോട്ട് പോന്നു. കുറച്ച് നാളത്തേക്ക് കലാബോധരഹിതരായ ചിലർ എന്നെ ഹനുമാനെന്ന് വിളിച്ചു. ഞാനത് ഒരു Artsman സ്പിരിറ്റിലങ്ങെടുത്തു.
പുരാണം പറഞ്ഞാൽ തീരില്ല. സന്ധ്യയിൽ ഊഷ്മാവ് താഴുന്നു. ഇനിയും തുടർന്നാൽ വെള്ളിയാഴ്ചത്തെ ബീഫ് ഫ്രൈ തണുത്ത് പോകും. എന്നെ കാത്തിരിക്കുന്ന Talisker Maritime Edition പിണങ്ങും.
Cheers!