ചാപ്റ്റർ ഒന്ന്
കാലം 1800-കളുടെ മദ്ധ്യത്തിൽ എത്തിയിട്ടേയുള്ളൂ. വിയന്നയിലെ ഒരു ഫോറൻസിക് സർജനായിരുന്നു Jakob Kolletschka. നാല്പത്തിനാലാമത്തെ വയസ്സിൽ ജേക്കബ് മരിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷമുള്ള ഒരു ഫ്ലാഷ് ഫോർവേർഡ് സീനിൽ ജേക്കബ് പ്രസിദ്ധനാവുന്നത് ആ മരണം കൊണ്ട് മാത്രമാണ്. മരണം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഒരു സുഹൃത്തിനെ വല്ലാതെ വേദനിപ്പിച്ചു. പ്രസവവാർഡിലെ ഡോക്ടറായിരുന്നു സുഹൃത്ത്. മരണത്തിന് മുമ്പ് ജേക്കബിനുണ്ടായിരുന്ന രോഗലക്ഷണങ്ങളെ കുറിച്ച് കൂലങ്കഷമായി തന്നെ അയാൾ പഠിച്ചു. ഒപ്പം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ കാര്യങ്ങളും. പ്രസവം കഴിഞ്ഞ ഉടനെയുണ്ടാകുന്ന അസുഖം മൂലം നല്ലൊരു ശതമാനം സ്ത്രീകളും മരണപ്പെടുന്ന സമയമായിരുന്നു അത്. എന്താണ് മരണകാരണമെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജേക്കബിന്റെ മരണത്തെ കുറിച്ചുള്ള പഠനത്തിൽ അയാളെ അത്ഭുതപ്പെടുത്തിയത് പ്രസവാനന്തരം മരിച്ച സ്ത്രീകൾക്കുണ്ടായ രോഗലക്ഷണങ്ങൾക്കും പോസ്റ്റ്മോർട്ടത്തിൽ അവരുടെ അവയവങ്ങളിൽ കണ്ട കേടുപാടുകൾക്കും ജേക്കബിന്റേതിനും തമ്മിലുള്ള സാമ്യമായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യുന്ന ചെറിയ കത്തികൊണ്ട് ജേക്കബിന്റെ വിരലിലുണ്ടായ മുറിവ് മാത്രമായിരുന്നു ഏക വ്യത്യാസം.
ആ മുറിവിലൂടെ ശവശരീരത്തിൽ നിന്ന് എന്തോ ജേക്കബിന്റെ അകത്ത് കടന്നിട്ടുണ്ടെന്ന് അയാൾക്ക് തോന്നി. അയാൾ നിരീക്ഷണങ്ങൾ തുടർന്നു. അക്കാലത്ത് ഒരേ ഡോക്ടർ തന്നെയാണ് പോസ്റ്റ്മോർട്ടം മുതൽ പ്രസവമെടുക്കുന്ന ജോലി വരെ ചെയ്തിരുന്നത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് നേരെ ലേബർ റൂമിൽ പോകും. പ്രസവമെടുക്കും. അതായിരുന്നു രീതി. ആ വഴിക്കുള്ള അന്വേഷണത്തിൽ അയാൾ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർ പ്രസവമെടുത്ത സ്ത്രീകളിലാണ് മരണകാരണമാകുന്ന അസുഖം വരുന്നത്. മിഡ് വൈഫ് പ്രസവമെടുക്കുമ്പോൾ ഈ അസുഖം സ്ത്രീകൾക്കുണ്ടാകുന്നില്ല.
ലേബർ റൂമിലെ ഡോക്ടർ എന്ന നിലയിൽ അയാളൊരു നിർദ്ദേശം വെച്ചു, പ്രസവമെടുക്കുന്നതിന് മുമ്പ് കൈ കഴുകണം, ക്ലോറിൻ ലായനി ഉപയോഗിച്ച് തന്നെ. കുറെ മാസങ്ങൾ ഈ നിർദ്ദേശം പാലിക്കപ്പെട്ടു. സ്ത്രീകളുടെ മരണം 18 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറഞ്ഞു. ലൂയി പാസ്ചറും, ജോസഫ് ലിസ്റ്ററും, റോബർട്ട് കോക്കും രോഗാണുസിദ്ധാന്തം തെളിയിക്കുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുമ്പ്, സ്ത്രീകളുടെ മരണം അണുബാധ (Septicaemia) കൊണ്ടാണെന്നറിയാതെ തന്നെ, ശുചിത്വം (Hygiene) കൊണ്ട് രോഗം തടയാമെന്ന് കണ്ടെത്തിയ ആ സുഹൃത്താണ് ഡോക്ടർ Ignaz Semmelweis.

ഡോക്ടർ സമൂഹത്തിലെ അന്നത്തെ പ്രമാണിമാർക്ക് ഇഗ്‌നാസിന്റെ കണ്ടുപിടുത്തം ഇഷ്ടപ്പെട്ടില്ല. അയാളുടെ നിഗമനങ്ങൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും, തങ്ങളെ കൊണ്ട് കൈ കഴുകിപ്പിക്കാനുള്ള അധികാരമോ, വിവരമോ അയാൾക്കില്ലെന്നും അവർ അധികാരികളെ ബോദ്ധ്യപ്പെടുത്തി. കൈ കഴുകണമെന്ന നിബന്ധന ഉപേക്ഷിക്കപ്പെട്ടു. മരണനിരക്ക് കൂടി. അതിന്റെ കാരണം ഇനിയും കണ്ടത്തേണ്ടതുണ്ടെന്ന അവരുടെ നിലപാടിനായിരുന്നു സ്വീകാര്യത. ഇഗ്നാസ് ഒറ്റപ്പെട്ടു. ഡോക്ടറായി ജോലി കിട്ടാൻ തന്നെ അയാൾ ബുദ്ധിമുട്ടി. അന്നത്തെ അറിവിന്റെ പരിമിതികൾ കൊണ്ട് എങ്ങനെയെന്ന് വിശദീകരിക്കാൻ സാധിക്കാതിരിക്കുമ്പോഴും താൻ നടപ്പിലാക്കിയ പ്രവർത്തികൊണ്ട് മരണങ്ങൾ തടയപ്പെട്ടു എന്ന യാഥാർത്ഥ്യം അംഗീകരിക്കപ്പെടാതിരുന്നത് അയാളെ നിരാശനാക്കി.
ആശയവിനിമയത്തിൽ അയാൾക്കുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളും, നിരന്തരമായി നേരിട്ട് കൊണ്ടിരുന്ന നിന്ദയും അപമാനവും, തിരസ്കരണവും അയാളുടെ മാനസികനില തകരാറിലാക്കി. അന്നത്തെ ഏറ്റവും ശോചനീയമായ മാനസികരോഗചികിത്സാലയത്തിൽ അയാൾ തടവിലാക്കപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അയാളെ കാവൽക്കാർ അതിക്രൂരമായി മർദ്ദിച്ചു. ആ മുറിവുകളിൽ നിന്നുണ്ടായ അണുബാധ മൂലം നാല്പത്തിയേഴാമത്തെ വയസ്സിൽ അയാൾ മരിച്ചു. മെഡിക്കൽ അധികാരശ്രേണിയിൽ അന്ന് നിലനിന്നിരുന്ന ഫ്യൂഡൽ നിലപാടുകളുടെ ഇരയായിരുന്നു Ignaz Semmelweis.
ഇഗ്‌നാസിനെ ഇപ്പോൾ 'അമ്മമാരുടെ രക്ഷകനെന്നും (The Savior of Mothers)' 'സയൻസിന് വേണ്ടി ജീവൻ ത്യജിച്ചവനെന്നും' (A martyr of science) വിശേഷിക്കപ്പെടുന്നു. ബുഡാപെസ്റ്റിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്ക് അയാളുടെ പേരാണ്. ഹംഗറിയിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കാനായി ജൂലൈ ഒന്ന് Semmelweis Dayയായി ആഘോഷിക്കപ്പെടുന്നു.

ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധ നടപടികളിലൊന്നാണ് ഇന്ന് കൈ ശുചിത്വം (Hand Hygiene). വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO) പഠന പ്രകാരം ഹാൻഡ് ഹൈജീൻ വഴി ഹോസ്പിറ്റലിൽ നിന്നുണ്ടാകുന്ന ഇൻഫെക്ഷൻ 50 ശതമാനത്തോളം കുറയ്ക്കാമെന്നാണ്. കുട്ടികളിലെ വയറിളക്കരോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഹാൻഡ് ഹൈജീൻ തന്നെയാണ് ഏറ്റവും പ്രധാനം. ലോകത്ത് അണുബാധ തടയാൻ വേണ്ടി WHO നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് “5 Moments for Hand Hygiene”. രോഗിയെ തൊടുന്നതിനും, രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാകാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ചെയ്യുന്നതിനും മുമ്പ്, ശരീരസ്രവങ്ങളുമായി സമ്പർക്കമുണ്ടായതിന്, രോഗിയെ സ്പർശിച്ചതിന്, രോഗിയുടെ അടുത്തുള്ള വസ്തുക്കളുമായി സമ്പർക്കമുണ്ടായതിന് (രോഗിയെ സ്പർശിച്ചില്ലെങ്കിലും, ഗ്ലൗസ് ഇട്ടിട്ടുണ്ടായിരുന്നുവെങ്കിലും ) ശേഷം.., ഇതാണ് കൈ കഴുകേണ്ട അഞ്ച് പ്രധാന സമയങ്ങൾ.
ശാസ്ത്രചരിത്രത്തിന്റെ ഇരുണ്ട ഭൂതകാലത്ത് നിന്നും ഇഗ്നാസ് ഓർമ്മിക്കപ്പെടുന്നത് ആധുനിക രോഗപ്രതിരോധ മാർഗ്ഗങ്ങളുടെ ഉപജ്ഞാതാവായിട്ടാണ്. എന്നാൽ ഇന്നും 38 ശതമാനം ആരോഗ്യപ്രവർത്തകർ മാത്രമേ കൃത്യമായി ഹാൻഡ് ഹൈജീൻ പാലിക്കുന്നുള്ളൂ എന്ന് WHOകണക്കുകൾ പറയുമ്പോൾ ഇഗ്നാസ് Semmelweis കൂടുതൽ പ്രസക്തനാകുന്നു.
ചാപ്റ്റർ 2
കാലം 1800-കളിൽ തന്നെയെങ്കിലും സീനിൽ അമേരിക്കൻ സാഹിത്യലോകമാണ്. എഡിറ്റർമാരായും പത്രാധിപരായും ആണുങ്ങൾ ഏകാധിപത്യത്തോടെ വാഴുന്നു. പെണ്ണുങ്ങൾ എഴുതാവുന്നതും അവർക്ക് എഴുതാൻ സാധിക്കുന്നതും എന്ത് എന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. വൈകാരികമായ, ഗാർഹികമായ, അല്ലെങ്കിൽ സ്വന്തം സന്തോഷത്തിന് വേണ്ടിയുള്ള രചനകൾ മാത്രമാണ് സ്ത്രീകൾക്ക് എഴുതേണ്ടതുള്ളൂവെന്നും വിധിക്കപ്പെട്ടിരുന്നു. ആ ലോകത്തേക്കാണ് സമൂലമായ മാറ്റങ്ങളോടെ, പരീക്ഷണാൽമകമായ കവിതകളുമായി Emily Dickinson വരുന്നത്. നിലനിന്നിരുന്ന ചട്ടങ്ങളേയും, ചിട്ടകളേയും തകർത്ത് തരിപ്പണമാക്കിയ വരികളും ആശയങ്ങളും കണ്ട് പരമ്പരാഗത ആൺ അഗ്നിശൈലങ്ങൾ പൊട്ടിത്തെറിച്ചു.
"പ്രാസവും, പ്രയോഗങ്ങളും ഞങ്ങൾ തീരുമാനിക്കും. പ്രാചീനരീതികൾക്കൊത്ത് വരികൾ മാറ്റിയെഴുതും. മതവും, ദൈവവും അനുശാസിക്കുന്ന ആശയങ്ങളേ അനുവദിക്കൂ" സാഹിത്യത്തിലെ അന്നത്തെ സർവ്വഭൗമർ കവിതകൾ പ്രസിദ്ധീകരിക്കാൻ എമിലിക്ക് മുമ്പിൽ നിബന്ധനകളുടെ ഒരു കോട്ട തന്നെ പണിതുയർത്തി. എമിലി അക്ഷരങ്ങൾ കൊണ്ട് പ്രതിരോധിച്ചു,
'They shut me up in Prose –
As when a little Girl
They put me in the Closet –
Because they liked me 'still'
1886-ൽ എമിലി മരിച്ചു. മരിക്കും മുമ്പ് കൈകൊണ്ടെഴുതിയ കവിതകൾ ഒരു ട്രങ്കിൽ അടുക്കി വെച്ചിരുന്നു. അനുവർത്തിച്ച് പോന്ന സകലമാനസമ്പ്രദായങ്ങളെയും അട്ടിമറിക്കുന്ന മൗലികത (Radical Originality) താങ്ങാനുള്ള കരുത്ത് അന്നത്തെ സാഹിത്യ ശരീരങ്ങൾക്കില്ലായിരുന്നു. 1950-ന് ശേഷമാണ് ഒരു ഫീനിക്സ് പറവയെ പോലെ Emily Dickinson പറന്നുയരുന്നത്. കവിതകൾ തിരുത്തലുകളില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് എമിലി കാലത്തിന് നൂറ്റാണ്ടുകൾ മുമ്പേ സഞ്ചരിച്ച കവിയാണ്, പ്രോട്ടോ-മോഡേർണിസ്റ്റും ഫെമിനിസ്റ്റ് ഐക്കണും ആണ്.
ഏറെ ബഹുമാനിക്കപ്പെടുകയും, ആസ്വദിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ഗായിക ടെയ്‍ലർ സ്വിഫ്റ്റ് എമിലിയുടെ അകന്ന ബന്ധുവാണ്. സ്വിഫ്റ്റ് ഒരിക്കൽ പറയുകയുണ്ടായി, "എന്റെ വരികൾക്ക് ഒരു പഴഞ്ചൻ ലുക്ക് ഉണ്ടെങ്കിൽ, ഞാനെഴുതുന്നത് എമിലി ഡിക്കിൻസന്റെ മുതുമുതുമുത്തശ്ശിയുടെ സ്റ്റൈലിലാണ് (If my lyrics sound like a letter written by Emily Dickinson’s great‑grandmother while sewing a lace curtain, that’s me writing in the quill genre)”

ചാപ്റ്റർ 3
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്. ഡി. നേടുന്ന ആദ്യത്ത ആഫ്രിക്കൻ അമേരിക്കക്കാരനാണ് W.E.B. Du Bois. എന്നാൽ ഒരു പി.എച്ച്.ഡി കൊണ്ട് മാത്രം അടയാളപ്പെടുത്താൻ പറ്റുന്നതിനേക്കാൾ വിശാലമാണ് ഡു ബോയ്‌സിന്റെ ജീവിതം. അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ അയാൾ ജീവിതകാലം മുഴുവൻ പോരാടി. ഇന്ത്യൻ ദലിതർക്ക് അബേദ്ക്കർ എങ്ങനെയായിരുന്നോ അതുപോലെയായായിരുന്നു ഡു ബോയ്‌സ് ആഫ്രിക്കൻ-അമേരിക്കൻ ജനതക്ക്. ഡു ബോയ്‌സിന് പൊരുതേണ്ടി വന്നത് അമേരിക്കയിലെ യൂറോപ്യൻ വംശീയ വാദികളോട് മാത്രമല്ലായിരുന്നു, യൂറോപ്യൻ അധീശത്വവും സമൂഹത്തിൽ നിന്ന് തങ്ങളെ മാറ്റിനിറുത്തുന്ന നിയമങ്ങളും (Segregation) അംഗീകരിച്ചുകൊണ്ട് സാവധാനമുള്ള മാറ്റങ്ങൾ മതി എന്ന് വാദിച്ചിരുന്ന (Accommodationism) ആഫ്രിക്കക്കാരിലെ പിന്തിരിപ്പരായ പണക്കാരോടും കൂടിയായിരുന്നു.
വൻ എതിർപ്പുകളെ അതിജീവിച്ച് അയാൾ ആഫ്രിക്കക്കാർക്കായി ദേശീയതലത്തിൽ ഒരു സംഘടനയുണ്ടാക്കി. ആഫ്രിക്കക്കാരെന്ന സ്വത്വവും അമേരിക്കയിലാണ് ജീവിക്കേണ്ടതെന്ന യാഥാർഥ്യവും തമ്മിലുള്ള ആന്തരിക സംഘർഷത്തിനോട് (Double Consciousness) പൊരുത്തപ്പെട്ട് അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടി പൊരുതാൻ അവരെ സജ്ജരാക്കുക എന്നതായിരുന്നു അയാൾ ഏറ്റെടുത്ത ദൗത്യം. ബുദ്ധമതം അബേദ്കർ സ്വീകരിച്ചത് പൊളിറ്റിക്കൽ റെസിസ്റ്റൻസിന്റെ ഭാഗമായിട്ടായിരുന്നു. കമ്യൂണിസം പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗ്ഗമായിരുന്നു ഡു ബോയ്‌സിന്. കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനുമെതിരെ അമേരിക്കൻ ഭരണാധികാരികൾ ഉണ്ടാക്കിയെടുത്ത ഭീതിയുടെ കാലഘട്ടമായിരുന്നു അത്. തന്റെ ലക്ഷ്യമായ Black Reconstruction-ലേക്ക് എത്തും മുമ്പ് FBI യുടെ വേട്ടയാടലിൽ നിന്നും രക്ഷപ്പെടാൻ അയാൾക്ക് ഘാനയിൽ അഭയം തേടേണ്ടി വന്നു. മാർട്ടിൻ ലൂതർ കിംഗ് "എനിക്കൊരു സ്വപ്നമുണ്ട്' എന്ന പ്രസിദ്ധമായ പ്രസംഗം നടത്തുന്നതിന് ഒരു ദിവസം മുമ്പ്, 1963 ഓഗസ്റ്റ് 7ന് ഡു ബോയ്സ് വിട പറഞ്ഞു.
പിന്നീട്, അയാളുടെ തിയറികൾ സോഷ്യോളജിയിലും, നരവംശശാസ്ത്രത്തിലും തുടർപഠനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളായി മാറി. (Du Bois is now widely credited as the first scientific sociologist of race in America). അയാളുടെ സംഘടനപ്രവർത്തനങ്ങളാണ് പിൻതലമുറക്കാർക്ക് പൗരാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് ആത്മധൈര്യം നൽകിയത്. Pan-Africanism അയാളുടെ ആശയമായിരുന്നു. ആഫ്രിക്കക്കാരുടെ അതിജീവനസമരങ്ങളിൽ അതൊരു പ്രചോദനമായി മാറി. അയാൾ ലോകത്തെ പഠിപ്പിക്കാൻ ശ്രമിച്ചത്, വംശം ഒരു ജൈവികപ്രതിഭാസമല്ല, മറിച്ച് അത് അധികാരവും, ചരിത്രവും, പോരാട്ടങ്ങളും കൊണ്ട് രൂപപ്പെട്ട ഒരു യാതാർത്ഥ്യമാണ് ('Race is not a biological fact, but a lived reality shaped by power, history, and struggle—and that knowledge is only valuable when put in service of liberation') എന്നതാണ്.

ചാപ്റ്റർ 4
ഞാൻ പറഞ്ഞുവന്നത്, ചരിത്രം പ്രതിരോധിച്ചവരുടെയും പോരാടിയവരുടേയുമാണ്. അടൂർ ഗോപാലകൃഷ്ണൻമാർക്കും, ശ്രീകുമാരൻ തമ്പിമാർക്കും, പിന്തിരിപ്പൻ പ്രൊഡ്യൂസർമാർക്കുമെതിരെ പുഷ്പവതിയും, സാന്ദ്ര തോമസും നടത്തുന്ന പോരാട്ടത്തിന്റെ പ്രസക്തിയെന്തെന്നാൽ അവരെ പോലുള്ളവരാണ് ചരിത്രത്തിന്റെ, മനുഷ്യപരിണാമത്തിന്റെ ഗതി നിർണ്ണയിച്ചിട്ടുള്ളത് എന്നതാണ്.
Cheers!
