"ഈ സ്ഥലം കണ്ടിട്ട് എന്തോ ഒരു പരിചയം തോന്നുന്നു" അയാൾ മുന്നോട്ട് ആഞ്ഞ് പുറത്തേക്ക് നോക്കി.
ഈ കൂരാകൂരിരുട്ടിൽ, കോരിച്ചൊരിയുന്ന മഴയത്ത് എന്ത് മനസ്സിലാവാൻ, എന്നാലും അവൾ ചോദിച്ചു,
"മുമ്പ് വന്നിട്ടുണ്ടോ?"
"എന്റെ ഒരു സുഹൃത്തിന്റെ വീട് ഈ ഭാഗത്തെവിടെയോ ആണ്"
സുഹൃത്ത് എന്ന് കേട്ടപ്പോൾ അവൾക്ക് അത്ഭുതമായി. മൂന്ന് മാസം മുമ്പ് ആരംഭിച്ച അവരുടെ ദാമ്പത്യജീവിതത്തിൽ ആദ്യമായാണ് അയാൾ ഏതെങ്കിലും ഒരു സൗഹൃദത്തെപ്പറ്റി പറയുന്നത്. അല്ലെങ്കിൽ എന്തിനെ കുറിച്ച് പറയാനാണ് സമയം കിട്ടിയത്. കല്യാണം കഴിഞ്ഞ ഉടനെ രണ്ടുപേരും തിരക്കിലായി പോയി.
പ്രമാദമായ കേസിന്റെ നിർണ്ണായകമായ വിചാരണ നടക്കുന്ന സമയത്ത് സീനിയർ അഭിഭാഷകൻ സുകുമാരന്റെ ടീമിലെ ദി മോസ്റ്റ് പ്രോമിസിംഗ് ജൂനിയർ ലോയർ ജാനകി ആന്റണിയും, തന്റെ ആദ്യത്തെ നോവൽ പബ്ലിഷ് ചെയ്യാൻ പോകുകയായിരുന്ന കെമിക്കൽ എഞ്ചിനീയർ മനു അൻവറും ഹണിമൂണിനെ പറ്റി ചിന്തിക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല.
രണ്ടു പേർക്കും ഇഷ്ടപ്പെട്ട വീട് കിട്ടിയപ്പോൾ അത് വാങ്ങി. പിന്നെ ഒരുമിച്ച് താമസിക്കുന്നതിന് മുമ്പ് ബന്ധം നിയമവിധേയമാക്കണമെന്ന ഒറ്റ കണ്ടീഷൻ വെച്ച മനുവിന്റെ ലോക്കൽ ഗാർഡിയൻ ഡോക്ടർ ഹനീഫ് ചിദബരത്തെ നിരാശനാക്കേണ്ട, അതുകൊണ്ട് മാര്യേജ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ആഴ്ച വാദമെല്ലാം തീർന്ന് കേസ് വിധി പറയാനായി മാറ്റിവെച്ചു. മനുവിന്റെ ബുക്ക് പ്രകാശനം രണ്ടാഴ്ച മുമ്പ് ഭംഗിയായി നടക്കുകയും ചെയ്തു. ഈ വീക്കെൻഡ് നഗരത്തിന്റെ തിരക്കിൽ നിന്ന് ദൂരെയെവിടേക്കെങ്കിലും പോകാമെന്ന സജഷൻ മനുവിന്റേതായിരുന്നു. എന്നാൽ ഡെസ്റ്റിനേഷൻ താൻ തീരുമാനിക്കുമെന്നും, എത്തും വരെ ഒരു സർപ്രൈസ് ആയിരിക്കുമെന്നും ജാനകി പറഞ്ഞപ്പോൾ മനു സമ്മതിച്ചു. രണ്ടു പേരും മൊബൈൽ ഫോൺ എടുക്കരുതെന്ന നിബന്ധനയും. ഇറ്റ് ഷുഡ് ബി എ റൺ എവേ ഫ്രം ഓൾ അറ്റാച്ച്മെന്റ്സ്!
അയാളുടെ സെഡാൻ എടുക്കാമെന്ന് തീരുമാനിച്ചതാണ്. മനു ജോലി കഴിഞ്ഞ് വന്നപ്പോൾ ആറ് മണിയായി. അവൾ സാധനങ്ങൾ എടുത്ത് വെച്ച് റെഡിയാക്കി നിറുത്തിയത് അവളുടെ ഫോർ വീൽ ഡ്രൈവിലും. നഗരത്തിൽ നിന്ന് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്തുകാണും. ഒരു സൂചനയുമില്ലാതെ മഴ, ഒപ്പം കാറ്റും. വലിയ വളവ് കഴിഞ്ഞ് സ്ട്രൈറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ ഒന്ന് ആശ്വസിച്ചതാണ്. 100 മീറ്റർ പോയില്ല, കാർ ഓഫായി. കാറിലുണ്ടായിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ അറിയാവുന്ന മെക്കാനിസം അയാൾ നോക്കി. കാർ സ്റ്റാർട്ട് ആയതേയില്ല.

മഴ പിന്നെയും കൂടി. അബദ്ധവശാൽ എങ്ങാനും മൊബൈൽ എടുത്തിട്ടുണ്ടോന്ന് അയാൾ ബാഗിൽ ഒന്നും കൂടെ നോക്കി. ഈ കാലത്ത് ആരെങ്കിലും മൊബൈൽ എടുക്കാതെ ദൂരയാത്ര പോകുമോ?
"ഏത് സുഹൃത്ത് മനു?"
"വാ നമുക്കൊന്ന് നടന്ന് നോക്കാം"
"ഈ സ്ഥലം തന്നെയാണോ?" അവൾ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി.
"ആണെന്ന് ഒരു തോന്നൽ, ചിലപ്പോ Déjà vu ആവാം"
പരസ്പരം ചേർത്ത് പിടിച്ചെങ്കിലും കുടയ്ക്ക് തടയാൻ പറ്റുന്നതിനേക്കാൾ ശക്തമായിരുന്നു മഴ. ടോർച്ചിന്റെ വെളിച്ചമാണെങ്കിൽ മഴയിൽ തട്ടി പല ദിശകളിലായി തിരിഞ്ഞുപോയി. ടാറിട്ട റോഡായതുകൊണ്ട് വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയിട്ടില്ല. കുറച്ച് ദൂരം നടന്നപ്പോൾ മരങ്ങൾക്കിടയിലൂടെ ഒരു വെളിച്ചം കാണാൻ തുടങ്ങി. ക്രമേണ വലിയ ഒരു വീടിന്റെ രൂപം തെളിഞ്ഞു.
"അതായിരിക്കണം ഞാൻ പറഞ്ഞ വീട്" അയാൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി.
പഴയ മാളിക സ്റ്റൈലിൽ ഉള്ളതാണെങ്കിലും പെയിന്റ് അടിച്ച് ഭംഗി പിടിപ്പിച്ചിരിക്കുന്നു. മുൻഭാഗത്ത് മാത്രമേ ലൈറ്റുകൾ കത്തുന്നുള്ളൂ.
“എന്താണ് സുഹൃത്തിന്റെ പേര്?”
"മാത്യു"
അയാൾ കോളിങ് ബെല്ലമർത്തി.
ഉള്ളിൽ നിന്ന് ഒരു ശബ്ദവുമില്ല.
“ഇവിടെ ആരുമില്ലെന്ന് തോന്നുന്നു”
"നമുക്ക് നോക്കാം" അയാൾ ചുമരിന്റെ അറ്റത്തുള്ള ജനാല തുറക്കാൻ ശ്രമിച്ചു. എന്നിട്ട് സൈഡിലൂടെ പിൻഭാഗത്തേക്ക് നടക്കാൻ തുടങ്ങി.
"മനു അങ്ങോട്ട് പോകണ്ട, ഇരുട്ടാണ്"
അയാൾ തിരികെ വന്ന് മുന്നിലെ വാതിലിലെ താക്കോൽ പഴുതിലേക്ക് മുഖമർത്തിയതും, ഒരു വല്ലാത്ത ശബ്ദത്തോടെ വാതിൽ തുറന്നു.
വാതിലിനപ്പുറത്ത് പാന്റും ടീഷർട്ടും അതിനു മീതെ തിളങ്ങുന്ന നൈറ്റ് ഗൗണുമിട്ട ഏതാണ്ട് അവരുടെ പ്രായമുള്ള ഒരാൾ തന്റെ കനത്ത താടി തടവിക്കൊണ്ട് അവരെ നോക്കി നിൽക്കുന്നു. അയാളുടെ വലിയ കണ്ണുകൾ സ്വർണ്ണനിറമുള്ള കണ്ണട ഫ്രെയിമിലൂടെ ഒരു പ്രത്യേക കൗതുകത്തോടെ അവർക്ക് മുന്നിൽ നിറഞ്ഞു.
"ആരാണ് നിങ്ങൾ?" വീഴാതിരിക്കാൻ വാതിലിൽ പിടിച്ച പിടി മനു ഒന്നു കൂടെ മുറുക്കി.
"എന്റെ വീട്ടിൽ കയറി വന്ന് ഞാനാരാണെന്ന് ചോദിക്കുന്നു, വാട്ട് ഈസ് ദിസ്?"
"ഇത് എന്റെ ഫ്രണ്ട് മാത്യുവിന്റെ വീടാണ്"
"ഇൻ ദാറ്റ് കേസ് മാത്യു എന്റെയും സുഹൃത്താണ്"
"വേർ ഈസ് മാത്യു?" ഒട്ടും മയമില്ലാത്ത ഭാവമായിരുന്നു മനുവിന്റേത്.
"മാത്യു ഈസ് അബ്രോഡ്, തൽക്കാലം ഞാനാണ് ആക്ടിങ് ഓണർ" അയാൾക്ക് മനുവിന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തം.
"നോക്കൂ,.." അയാളെ എന്ത് വിളിക്കുമെന്ന കൺഫ്യൂഷനിൽ മനു ഒന്ന് നിറുത്തി. അയാൾ ഒരു വിചിത്ര സ്വഭാവക്കാരനാണെന്നും, ഒരു തരത്തിലും അയാളെ ദേഷ്യം പിടിപ്പിക്കരുതെന്നും മനുവിന് തോന്നി.
"ഒരു പേരിനാണെങ്കിൽ ശങ്കർ എന്ന് വിളിക്കാം" ചിരിയെ ചുണ്ടിന്റെ കോണിലേക്ക് നീക്കുന്നത് പോലെ അയാൾ നാവ് കൊണ്ട് മീശയിൽ തടവി.
"ശങ്കർ, ഞങ്ങളുടെ കാർ ബ്രേക്ക് ഡൗൺ ആയി. നിങ്ങളുടെ മൊബൈലൊന്ന് തന്നാൽ വി ക്യാൻ കാൾ സംബഡി ഫോർ ഹെൽപ്പ്"
"എനിക്ക് മൊബൈലില്ല"
"കുഡ് വി യൂസ് ലാൻഡ് ലൈൻ ?"
"ഇറ്റ് ഈസ് ഡെഡ്, ഈ കാലാവസ്ഥയിൽ സാറിനറിയാലോ നോ ഫോൺ വിൽ വർക്ക്"
വിശ്വാസം വരാത്ത ഭാവത്തിൽ മനു ആ ഹാളിന്റെ കോർണറിൽ കിടന്നിരുന്ന, ഫോണിരിക്കുന്ന കൺസോളിനടുത്തേക്ക് നടന്നു. ശങ്കറിനത് ഇഷ്ടമായില്ലെങ്കിലും അയാൾ തടഞ്ഞില്ല. മനുവിനെ അവഗണിച്ച് അയാൾ അവളെ നോക്കി,
"മേലെ റൂമിൽ ക്ലോത്‌സ് ഉണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ ഈ നനഞ്ഞ ഡ്രസ്സ് മാറ്റാം"
അവൾ മുകളിലേക്കുള്ള സ്റ്റെയർകേയ്സിലേക്ക് നടന്നു. ഒരു കൊട്ടാരത്തിന്റെ ആഡംബരമാണ് ഉള്ളിലെവിടെയും.
"ഇടത്തെ റൂം തന്നെ" താഴെ നിന്ന് ശങ്കറിന്റെ ശബ്ദം.
വലിയ റൂം. സ്ത്രീകളാരോ ഉപയോഗിക്കുന്നതാണ്. അലമാരയിൽ നിറയെ വസ്ത്രങ്ങൾ. വസ്ത്രം മാറ്റി താഴെയെത്തുമ്പോൾ മനു ശങ്കറിനൊപ്പം വിസ്കി കഴിക്കുന്നു. അവൾ ലോയറാണെന്നും, മനു എഴുത്തുകാരനാണെന്നുമൊക്കെയുള്ള പ്രാഥമിക വിവരങ്ങൾ മനു അയാളോട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു.

"മാഡം, ഐ നോ യു ലൈക് റെഡ് വൈൻ" അയാൾ നീട്ടിയ വൈൻ മേടിച്ച് അവൾ സോഫയിൽ മനുവിന്റെ അടുത്തിരുന്നു.
"അപ്പോൾ മനുവിന്റെ നോവലിന്റെ പേരെന്താ പറഞ്ഞത്?"
"അവൻ"
ശങ്കർ എണീറ്റ് നൈറ്റ് ഗൗണിന്റെ ബെൽറ്റ് അഴിച്ചു കെട്ടി ചുമരിനടുത്തേക്ക് നടന്നു. അയാൾ ഒരു റിമോട്ടർ അമർത്തുന്നതുവരെ അതൊരു ബുക്ക് ഷെൽഫാണെന്ന് തോന്നുകയേ ഇല്ലായിരുന്നു. അതിൽ നിന്ന് അയാൾ ഒരു ബുക്കെടുത്തു,
"ഈസ് ഇറ്റ് ദ വൺ ?"
"നിങ്ങൾ വായിച്ചോ?" മനുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"യെസ്'
"താങ്ക് യു" അയാളെ കുറിച്ച് അങ്ങനെയൊരു വിചാരം മനുവിന് ഇല്ലായിരുന്നു.
"എൻജിനീയറായ നിങ്ങൾ എഴുതാനുള്ള കാരണം?"
"എഴുത്ത് എനിക്കെന്നും ഒരു പാഷൻ ആയിരുന്നു."
"അതും സീരിയൽ കില്ലറിനെക്കുറിച്ച്"
"അഞ്ചു കൊലപാതകങ്ങൾ..."
"ആറ്"
"അഞ്ചാണ് പോലീസ് കണക്കിൽ, എന്നിട്ടും പിടി കൊടുക്കാതെ. ന്യൂസ്പേപ്പറിൽ ഒരു ലേഖനം വന്നത് മുതൽ ഞാൻ അയാളെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു"
"പക്ഷെ നിങ്ങൾ അയാളെ ചിത്രീകരിച്ചത് ഒട്ടും ഇമ്പ്രസ്സീവ് ആയിട്ടല്ല"
"അങ്ങനെ തോന്നാൻ?"
"നിങ്ങൾക്കറിയാമോ ഒരാൾ അക്രമിയാകുന്നതിന്റെ 40 ശതമാനം ഉത്തരവാദിത്വം അയാളുടെ ജീനുകൾക്കാണ്"
"അപ്പോഴും ശക്തമായ കാരണങ്ങൾ വേറെയുണ്ട്"
"നിങ്ങൾക്ക് എഴുതാനുള്ളതുപോലെ കൊലപാതകം അയാളുടെ അനിയന്ത്രിതമായ പാഷൻ ആയിക്കൂടെ?"
"നോക്ക് മനുഷ്യാ, അയാൾ കൊന്നിരിക്കുന്നത് എല്ലാം സ്ത്രീകളെയാണ്, അതിക്രൂരമായ രീതിയിൽ. മുറിവേൽപ്പിച്ചും, മർദ്ദിച്ചും ഇഞ്ചിഞ്ചായാണ് അയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നത്. അത് പാഷനാണെന്നാണോ നിങ്ങൾ പറയുന്നത്"
"നിങ്ങൾ ഇപ്പോഴും അയാളെന്ന് പറയുന്നു, അതൊരു പെണ്ണായിക്കൂടേ?"
അവരുടെ സംഭാഷണങ്ങൾ ജാനകി കേട്ടിരുന്നതേയുള്ളൂ. അവൾ മനുവിന്റെ നോവൽ വായിച്ചിട്ടുണ്ടായിരുന്നില്ല. പ്രസിദ്ധരായ പ്രസാധകർ അതിനായി മുന്നോട്ട് വന്നപ്പോഴും, നിരൂപകരെല്ലാം പ്രശംസിച്ചപ്പോഴും വായിക്കണമെന്ന് വിചാരിച്ചതാണ്.
കത്തിക്കയറിയ തർക്കത്തിനിടയിൽ നിന്ന് ശങ്കർ വന്ന് അവൾക്ക് വൈൻ ഒഴിച്ച് കൊടുത്തു.
അയാളുടെ കണ്ണുകൾ എന്തൊക്കൊയോ സംസാരിക്കുന്നത് പോലെ മനുവിന് തോന്നി. 'Expressive eyes, clandestine expressions'
പെട്ടെന്ന് കറന്റ് പോയി.
ശങ്കർ രണ്ട് വലിയ മെഴുകുതിരികൾ കത്തിച്ചു.
"പോരാ, എല്ലാം വേണം പ്ലീസ് " ഹാളിലുണ്ടായിരുന്ന കാൻഡിൽ ഷാൻഡ്ലിയേഴ്സ് ചൂണ്ടി അവൾ പറഞ്ഞു.
"എന്തിനാണ് ജാനകി?" മനു അവളുടെ അടുത്തേക്ക് വന്നു.
"മനുവിനറിയാലോ, എനിക്ക് ഇരുട്ടിനെ പേടിയാണെന്ന്"
മനുവിന് അതൊരു പുതിയ അറിവായിരുന്നെങ്കിലും അയാൾ ശങ്കറിനെ സഹായിച്ചു.
“നമ്മുക്ക് മെയിൻ സ്വിച്ച് ഒന്ന് നോക്കാം” കഴിഞ്ഞ ദിവസം ഓഫീസിലുണ്ടായ സംഭവമോർത്ത് മനു പറഞ്ഞു,
"ചിലപ്പോൾ മെയിൻ സ്വിച്ച് ഓഫായതോ, അല്ലെങ്കിൽ ഫ്യൂസ് പോയതോ ആവാം"
"അതെവിടെയാണെന്ന് എനിക്കറിയില്ല" ശങ്കർ തീരെ താല്പര്യം കാണിച്ചില്ല.
"നമുക്കൊന്ന് നോക്കാം?"
പെട്ടെന്ന് എന്തോ ആലോചിച്ച പോലെ ശങ്കർ എഴുന്നേറ്റു. അലമാരകളിലൊന്ന് തുറന്ന് രണ്ട് വലിയ ടോർച്ചുകളെടുത്തു.
ഉള്ളതിൽ ചെറുത് മനുവിന് കൊടുത്തു. മുറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ജാനകി മുന്നിൽ വന്നു.
"മനു, ഈ ഇരുട്ടത്ത് അതും തപ്പി പോണോ? ശങ്കർ പോയി നോക്കട്ടെ"
"ഐ വിൽ നോട്ട് ഗോ ഔട്ട് സൈഡ്, ജസ്റ്റ് ഇൻസൈഡ് ഒൺലി"
മനു മുമ്പിൽ നടന്നു. ശങ്കർ പിന്നിൽ. വാതിൽ കടക്കുമ്പോൾ ശങ്കർ അവളെ തിരിഞ്ഞു നോക്കി.
അവർ പോയപ്പോൾ അവൾ ഗ്ലാസ്സിൽ വീണ്ടും വൈൻ ഒഴിച്ചു. മേശപ്പുറത്തിരുന്നിരുന്ന മനുവിന്റെ നോവലെടുത്ത് പേജ് മറിച്ചു. ഒരു വായനക്കുള്ള മൂഡിലെന്ന മട്ടിൽ അത് താഴെ വെച്ചു. പിന്നെ വിശാലമായ ചുമരിലെ ചിത്രങ്ങൾ നോക്കി നടന്നു.
അതിലൊരു സ്ത്രീയുടെ ചിത്രത്തിലേക്ക് നോക്കി അവൾ കുറച്ച് നേരം നിന്നു. വളരെ മങ്ങി, പല ഭാഗത്തും പൂപ്പൽ പിടിച്ച അവസ്ഥയിലായിരുന്നു ചിത്രം. സ്ത്രീയുടെ മുഖം മാത്രമേ അൽപ്പമെങ്കിലും വ്യക്തമായിരുന്നുള്ളൂ. അതിനടിയിൽ എഴുതിയ പേരിന്റെ ആദ്യഭാഗം മറിയ എന്നായിരുന്നു. പേരിന്റെ രണ്ടാം ഭാഗത്തിൽ 'ആ' എന്ന അക്ഷരം മാത്രം മായാതെ കിടന്നു.
അവൾ ഫോട്ടോയിലേക്ക് നോക്കികൊണ്ടിരിക്കെ കറന്റ് വന്നു, ഫ്രെയിമിന്റെ മുകളിലുണ്ടായിരുന്ന ബൾബിൽ നിന്നുള്ള വെളിച്ചത്തിൽ ഫോട്ടോയിലെ മറിയയുടെ മുഖം ജാനകിയെ എത്തി നോക്കുന്നതുപോലെ പ്രകാശിച്ചു.
ഒഴിഞ്ഞ ഗ്ളാസ്സുമായി ജാനകി വൈൻ കുപ്പിയുടെ അടുത്തെത്തിയതേയുള്ളു, പെട്ടെന്നായിരുന്നു ഒരു ഗൺ ഷോട്ടിന്റെ ഒച്ച. വൈൻ ഗ്ലാസ് അവളുടെ കൈയിൽ നിന്ന് താഴെ വീണെങ്കിലും കട്ടിയുള്ള കാർപ്പെറ്റായതുകൊണ്ട് പൊട്ടിയില്ല, റെഡ് വൈൻ പരന്ന് കാർപെറ്റ് രക്തനിറം പുരണ്ടു.
ആദ്യം ഒന്ന് പകച്ചെങ്കിലും ജാനകി ബാർ സ്റ്റൂളിൽ ഇരുന്ന് വൈൻ കുടിക്കാൻ തുടങ്ങി. പിന്നെ എഴുന്നറ്റ് പോയി ഫോണിരിക്കുന്നതിനടുത്തുള്ള മേശ തുറന്നു. അതിലൊരു ഗൺ കിടപ്പുണ്ടായിരുന്നു. അവൾ അത് എടുത്ത് ഓവർക്കോട്ടിന്റെ ഇന്നർ പോക്കറ്റിലിട്ടു.
പെട്ടെന്നാണ് ആരോ തള്ളിയതുപോലെ വാതിൽ തുറന്നത്. മനുവിന്റെ ഉച്ചത്തിലുള്ള ശബ്ദം. അയാളുടെ മുഖം ക്രുദ്ധമായിരുന്നു. അയാൾ തറയിലൂടെ ശങ്കറിനെ വലിച്ചുകൊണ്ട് വരുന്നു. ശങ്കറിന്റെ കൈകൾ പിന്നിലേക്ക് കയറുകൊണ്ട് കെട്ടിയിരിക്കുന്നു.
"മനൂ" ജാനകി അലറുകയായിരുന്നു.

"ഇയാൾ, ഇയാളാണ് ആ സീരിയൽ കില്ലർ. അണ്ടർഗ്രൗണ്ടിൽ ഒരു സ്ത്രീയുടെ മൃതശരീരം കെട്ടിത്തൂക്കിയിരിക്കുന്നു. അതാണ് ഇയാൾ പറഞ്ഞ ആറാമത്തെ കൊല"
മനു നിന്ന് വിറക്കുന്നു.
തറയിൽ കിടന്ന ശങ്കർ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. മനു അയാളെ തള്ളിയിടാനെന്നോണം കാലുയർത്തി.
"സാർ, ഞാൻ.... ഞാനല്ല, ആ സ്ത്രീയെ കൊന്നത്. എന്നെ അഴിച്ചു വിടൂ സാർ"
"നീയല്ലെങ്കിൽ പിന്നെ ആരാണ് കൊന്നത്?"
"സാർ സാറിന്റെ ഭാര്യയോട് ചോദിക്കൂ, അവർക്കറിയാം"
മനുവിന് ദേഷ്യം അടക്കാനായില്ല. അയാളുടെ ഷൂ ശങ്കറിന്റെ കാലിലമർന്നു.
"ഞാനൊരു മാപ്പുസാക്ഷിയാണ് സാർ, സാറിന്റെ ഭാര്യയോട് ഒന്ന് സംസാരിക്കൂ. അല്ലെങ്കിൽ വേണ്ട സാർ പോലീസിനെ വിളിക്കൂ"
ഒരു നിമിഷം, മനു ജാനകിയെ നോക്കി. അവളുടെ മുഖത്ത് ഒരു വികാരവുമില്ല. അവൾ ഇതെല്ലാം കണ്ട് മരവിച്ചുപോയതാണോ?
"ജാനകീ"
"എന്താണ് ഇവിടെ സംഭവിക്കുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല മനു" അവളുടെ ശബ്ദത്തിന് വല്ലാത്ത, അതുവരെയില്ലാത്ത ഒരു മുഴക്കം.
"നമുക്ക് പോലീസിനെ വിളിക്കാം"
"അതിന് ഫോൺ എവിടെ?" അവളുടെ നോട്ടത്തിൽ ഒരു പരിഹാസമുണ്ടായിരുന്നു.
"ഞാൻ കേബിൾ ഡിസ്കണക്ട് ചെയ്തതാണ്, ഫോൺ ചെയ്യാം സാർ" ശങ്കർ കാൽ സോക്കറ്റിന് നേരെ ചൂണ്ടി.
മനു കേബിൾ ശരിയാക്കി റിസീവർ എടുത്തതും ജാനകി ബലമായി പിടിച്ച് വാങ്ങി,
"പോലീസ് വന്നാൽ നീ എന്ത് പറയും മനു?"
"നടന്നതെന്താണെന്ന്, നമുക്ക് ഒളിക്കാൻ ഒന്നുമില്ല"
"സാറിന് ഇല്ലായിരിക്കും, പക്ഷെ ജാനകിക്കുണ്ട്" ശങ്കറിന്റെ കൈകൾ കയറിനുള്ളിൽ കിടന്ന് ഞെരിഞ്ഞു.
ജാനകിയുടെ ആ പെരുമാറ്റം മനു പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് അയാൾ ശങ്കർ പറഞ്ഞത് കേട്ട് നിന്നതേയുള്ളൂ.
"സാർ ഈ വീടിന്റെ ഉടമസ്ഥൻ ആരാണെന്ന് അവളോട് ചോദിക്ക്"
"മാത്യുവിനെ നിനക്കറിയാമോ?" മനു അത് ചോദിച്ചത് പെട്ടെന്നുള്ള ഒരു റിഫ്ളക്സിലായിരുന്നു.
"നീ എന്നെയാണോ, അയാളെയാണോ വിശ്വസിക്കുന്നത്?"
"നിന്നെ തന്നെ" ആകെ കൺഫ്യൂസ്ഡ് ആയിരുന്നെങ്കിലും അവളെ പ്രകോപിക്കേണ്ടെന്ന് മനു തീരുമാനിച്ചു.
"ദെൻ ബിഹേവ് ഇൻ ദാറ്റ് വേ" ജാനകി അയാൾക്ക് നേരെ വിരൽ ചൂണ്ടി.
"ജാനകി, നീ നിയമം അറിയുന്ന ആളല്ലേ, ഹി ഈസ് ഡെയ്ഞ്ചറസ്. എത്രയും പെട്ടെന്ന് പോലീസ് എത്തുന്നതാണ് നല്ലത്"
"ഐ തിങ്ക് വി നീഡ് റ്റു ഡു മോർ ബിഫോർ കാളിങ് പോലീസ്” ജാനകി റിസീവർ ഫോണിൽ നിന്ന് മാറ്റിവെച്ചു.
"എനിക്ക് മനസ്സിലാകുന്നില്ല, നീയെന്താണ് പറയുന്നതെന്ന്" മനു ജാനകിയുടെ തോളിൽ പിടിച്ചുകുലുക്കി.
"ജാനകിയെ സാറിന് ശരിക്കറിയില്ല, സാറിനറിയാവുന്നത് അവൾ ഒരു അനാഥയാണെന്നതെന്ന് മാത്രമാണ്"
മനു ശങ്കറിനെ നോക്കി.
"അതെ സാർ യു റിയലി ഡോണ്ട് നോ ഹേർ"
ഇത്രയൊക്കെ ആയിട്ടും ഒരു പരിഭ്രമവുമില്ലാതെ വൈൻ ഗ്ളാസ്സിൽ നിന്ന് വീണ്ടുമൊരു സിപ്പെടുക്കുന്ന ജാനകി താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാണെന്ന് മനുവിന് തോന്നി.
അയാൾ ജാനകിയെ അറിയുന്നത് സുഹൃത്ത് മേഴ്സിയിൽ നിന്നായിരുന്നു. നാല് മാസം മുമ്പ്. ജനിച്ചപ്പഴേ അമ്മ മരിച്ച, അച്ഛന്റെ രണ്ടാം ഭാര്യയുടെ ക്രൂരതയിൽ ശൈശവം നഷ്ടപ്പെട്ട ജാനകി.
അച്ഛന്റെ മരണശേഷം ആ സ്ത്രീയുടെയും, അവരുടെ ആൺസുഹൃത്തിന്റെയും പീഡനത്തിൽ നിന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വർക്കേഴ്സ് അവളെ രക്ഷപ്പെടുത്തി ഷെൽട്ടർ ഹോമിലാക്കി. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ഒരജ്ഞാതൻ സ്പോൺസർ ചെയ്തു. ക്രിമിനൽ ലോയിൽ മാസ്റ്റേഴ്സ് എടുത്തു. വക്കീലെന്ന നിലയിൽ പെട്ടെന്ന് പേരെടുത്തു.
എല്ലാ എതിർപ്പുകളും മറികടന്ന് അവളെ സ്വന്തമാക്കുമ്പോൾ എല്ലാവരും അയാളോട് ചോദിച്ചത്,
"കുറച്ച് നാളത്തെ പരിചയമേയുള്ളൂ, വിവാഹം കുറച്ചുകൂടെ കഴിഞ്ഞിട്ട് പോരെ,” എന്നായിരുന്നു. എത്രയോ കാലമായി താൻ ജാനകിയെ അറിയുന്നു എന്നതൊരു അനുഭൂതിപോലെയായിരുന്നു അയാൾക്ക് ഈ നിമിഷം വരെ!
"ജാനകി പ്ലീസ് എലോ മി റ്റു കാൾ പോലീസ്" ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുമ്പോഴും പുറമേക്ക് അയാൾ ശാന്തനായിരുന്നു.
"മനു ഐ വാണ്ട് റ്റു ടോക്ക് റ്റു ഹിം എലോൺ, ക്യാൻ യു ഗോ ഔട്ട് ഫോർ എ വൈൽ?"
ജാനകിയുടെ ചോദ്യം മനുവിന് നിയന്ത്രിക്കാവുന്നതിനപ്പുറത്തതായിരുന്നു. അയാൾ അവളെ തള്ളി മാറ്റി ഫോൺ എടുത്തു. പിന്നെ കേട്ടത് രണ്ട് വെടിയൊച്ചകളായിരുന്നു. ആദ്യത്തേതിൽ മനു താഴെ വീണ് നിശ്ചലമായി, രണ്ടാമത്തേതിൽ ശങ്കറും. ഒരു മാസം കഴിഞ്ഞ് നഗരത്തിലെ റസ്റ്റോറന്റിലിരുന്ന് ജാനകി പഴയൊരു പത്രത്തിന്റെ ഫ്രന്റ് പേജ് വാർത്ത ഇങ്ങനെ വായിച്ചു,
“കൂട്ടുകാരനുമായി ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ച ഭർത്താവിനെയും, ബലാൽസംഗത്തിന് ശ്രമിച്ച അയാളുടെ കൂട്ടുകാരനെയും സ്വരക്ഷാർത്ഥം യുവതിക്ക് വെടി വെക്കേണ്ടി വന്നു. പോലീസെത്തി രക്ഷപ്പെടുത്തുമ്പോൾ ആക്രമണത്തിൽ ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ അവസ്ഥയിലായിരുന്നു സംസ്ഥാനത്തെ പ്രമുഖ ക്രിമിനൽ ലോയേഴ്സിൽ ഒരാളായ യുവതി. മരിച്ചവരിലൊരാൾ പിടി കിട്ടാത്ത സീരിയൽ കില്ലറാണെന്ന് സംശയിക്കുന്നു. പേപ്പർ മടക്കി മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഹാൻഡ് ബാഗുമെടുത്ത് നടക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് പിറുപിറുത്തു,
"ഫൂൾസ്"
Cheers!
അവലംബം: മലയാളം മൂവി ‘ഇരുൾ’ വിത്ത് ട്വിസ്റ്റ് ഇൻ ക്ലൈമാക്സ്.