തെയ്യത്തിന്റെ ഉടമ ആരാണ്?
ആരുടേതാണ് തെയ്യം?
കാവുകളിൽ നിന്ന് തെയ്യം പുറത്തേക്കിറങ്ങി തുടങ്ങിയതിനുശേഷമാണ് ഈ ചോദ്യങ്ങൾ ഉയർന്നുവന്നു തുടങ്ങിയത്. തെയ്യം കാവിനുള്ളിൽ മാത്രം കുടികൊണ്ടാൽ തെയ്യം കാവുടമകളുടേതാണ് (കാവുടമകൾ ഇന്ന് സ്വയം ക്ഷേത്ര ഉടമകളായാണ് അഭിസംബോധന ചെയ്യുന്നത്). എന്നാൽ പുറത്തേക്കിറങ്ങി നടക്കുമ്പോൾ അത് തെയ്യക്കാരുടേതു മാത്രമാകുന്നു. അപ്പോൾ കാവുടമകളും പരമ്പരാഗത കാണികൾ /ഭക്തർ ഇതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തെയ്യം പുറത്തിറങ്ങി നടക്കുന്നതിന്റെ കാരണക്കാർ തെയ്യക്കാർ മാത്രമാണെന്ന് കുറ്റപ്പെടുത്തുന്നു.
കാവുടമകൾ തെയ്യം അവതരിപ്പിക്കുനുള്ള ഭൗതിക സാഹചര്യമൊരുക്കുന്നവരാണ്. ആധുനിക അരങ്ങ് ഭാഷയിൽ പറഞ്ഞാൽ സ്റ്റേജ് മാനേജർ. ഭൂമിയും, സ്വത്തും, ആൾബലവും ആ ദേശത്തുള്ളതിനാൽ അവിടെ കെട്ടിയാടപ്പെടുന്ന തെയ്യവും അവരുടേതാണെന്ന് തോന്നുക മാത്രമാണ് ചെയ്യുന്നത്. തെയ്യത്തിന്റെ ഉറവിടകഥ ചിലപ്പോൾ ചില ജാതികളുടേതായിരിക്കും. എന്നാൽ അതിന്റെ യഥാർഥ അവതരണം തെയ്യക്കാരന്റെ മാത്രം സ്വത്താണ്. എന്നാൽ ഇത് അംഗീകരിക്കാൻ തെയ്യത്തെ കെട്ടിയാടാൻ സഹായിക്കുന്ന ജനസഞ്ചയത്തിന് മടിയാണ്. അതുകൊണ്ടാണ് തെയ്യം ആരുടെ സ്വത്താണ് എന്ന ചോദ്യം പ്രസക്തമാകുന്നത്.
ബ്രാഹ്മണർ ക്ഷേത്രം പണിത് ആത്മീയാധികാരം ഉറപ്പിച്ചപ്പോഴും തെയ്യങ്ങളുടെ ശക്തിയെ വിട്ടുപോകാൻ സാമാന്യജനം തയ്യാറായില്ല. ബഹുജനങ്ങളുടെ ആരാധന തെയ്യത്തിൽ രൂഢമൂലമായി നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
വടക്കേ മലബാറിൽ തെയ്യരൂപം വന്നിട്ടുണ്ടാവുക ഇവിടങ്ങളിൽ മനുഷ്യർ താമസിച്ച് ജീവിച്ചുതുടങ്ങിയ കാലം മുതൽക്കായിരിക്കും. വേട്ടയാടിയും അലഞ്ഞ് തിരിഞ്ഞും കഴിഞ്ഞിരുന്ന മനുഷ്യർ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കി ജീവിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മനസ്സിലുള്ള ദൈവസങ്കൽപ്പത്തെ താമസസ്ഥലത്ത് കുടിയിരുത്തി. കല്ലിലോ, വാളിലോ, മരത്തിലോ, മരത്തിന്റെ ചുവട്ടിലോ ഈ സങ്കല്പത്തെ സ്ഥിരപ്പെടുത്തി. ഈ ആരാധനാക്രമം ലോകത്ത് എവിടെയും സംഭവിക്കാവുന്നതാണ്. നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യർ കാടോടികളായി ജീവിച്ചിരുന്നപ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വന്ന തടസ്സങ്ങളെ നീക്കാൻ അവർ അനേകതരം ആരാധനകൾ നടത്തുന്ന കാര്യം ചരിത്രമാണ്. മായാവിദ്യകൾ, മന്ത്രവാദങ്ങൾ, കെട്ടിയാട്ടങ്ങൾ, പ്രേതമൊഴിപ്പിക്കൽ എന്നിവ ഇത്തരത്തിൽ രൂപപ്പെട്ട ആത്മീയവും മതപരവുമായ ആദ്യകാല ജീവിതരൂപങ്ങളാണ്.
നമ്മുടെ നാട് ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ്; റെയിൽപ്പാളങ്ങൾ, ചർച്ചുകൾ, പള്ളികൾ എന്നിവയൊക്കെ ഉണ്ടാവുന്നതിനും മുൻപ്, തെയ്യത്തിന്റെ ആദ്യരൂപങ്ങൾ ഈ ദേശത്ത് നൃത്തം വെച്ചിരിക്കാം. ഈ നൃത്തത്തിന് കാടുമായിട്ടാണ് ബന്ധം. കാരണം വനനിബിഡമായ ദേശമായിരുന്നു നമ്മൾ ഇന്ന് ജീവിക്കുന്നിടം പോലും. അതിന്റെ അവേശേഷിപ്പുകളാണ് നാമിന്ന് കാണുന്ന സർപ്പക്കാവുകൾ. ഇടനാട്ടിലും മലനാട്ടിലും തീരദേശത്തും സർപ്പക്കാവുകളുണ്ട്. സർപ്പങ്ങളുടെ വാസസ്ഥലം വനത്തിലാണ്. ‘കാവ് തീണ്ടല്ലേ മക്കളേ’ എന്നു പറയുന്നത് സർപ്പത്തെ ഒഴിപ്പിക്കരുത് എന്ന പാഠം വിനിമയം ചെയ്യാനാണ്. കാവു തീണ്ടൽ എന്നു പറഞ്ഞ് നടക്കുന്ന അനുഷ്ഠാനത്തിനും ഈയൊരു തലമുണ്ട്. കാട് വെട്ടിത്തെളിച്ച് അവിടെയുണ്ടായിരുന്ന ആരാധനാരൂപത്തെ പിഴുതെറിഞ്ഞ് പുതിയതിനെ സൃഷ്ടിക്കുന്ന പുറത്തുനിന്നുള്ള അധിനിവേശം ഈ കാവുതീണ്ടലിലുണ്ട്. തൊട്ടുകൂടായ്മയും തീണ്ടലും പോലുള്ള സാമൂഹിക വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നതും ഇത്തരത്തിലാണ്. കാവുകൾ കാലക്രമേണ ക്ഷേത്രങ്ങളായതിന്റെ ചരിത്രവഴികൾ ഇതിൽ ദർശിക്കാം.
തെയ്യത്തിൽ ജാതി കടന്നുവരുന്നത് ക്ഷേത്ര- ബ്രാഹ്മണ്യ വ്യവസ്ഥയോട് കൂടിയാവും. പ്രഥമ പ്രതിഷ്ഠക്കുചുറ്റും കാണുന്ന ആരാധനയിൽ ഉപദേവതകൾക്ക് കീഴ്നില സ്ഥാനമാണുള്ളത്. എന്നാൽ തെയ്യങ്ങളിൽ വലുതും ചെറുതുമില്ല. തെയ്യത്തിൽ ഈ വലിപ്പച്ചെറുപ്പം കടന്നുവരുന്നത് നമ്പൂതിരിമാരുടെ പൗരോഹിത്യത്തെ മറ്റെല്ലാറ്റിനും മേലെയായി അവതരിപ്പിക്കുന്നതു കൊണ്ടാണ്.
കാട്ടിലെ ജീവിതം മലദൈവങ്ങളെ ഉണ്ടാക്കി, അതുകൊണ്ട് വിശുദ്ധവനങ്ങൾ ഉണ്ടായി. മലയിൽ താമസിക്കുന്നവർ മലയരും, പുഴയിലും അരുവിയിലും വസ്ത്രങ്ങൾ അലക്കുന്നവരും മനുഷ്യ ശരീരത്തിന് വർണ്ണങ്ങൾ നൽകുന്നവരും വണ്ണാൻമാരുമായി. മന്ത്രവാദം, വൈദ്യം എന്നീ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നവർ വേലൻമാരായി. കാട്ടിലെ ഔഷധച്ചെടികളും അടിക്കാടുകളും മനുഷ്യരുടെ ആവാസവ്യവസ്ഥയും ഉപജീവനമാർഗ്ഗവുമായി. പ്രകൃതിയിൽ ചാലിച്ച ജീവിതം നയിച്ച മനുഷ്യർ പ്രകൃതിയെ ദൈവമായി ആരാധിച്ചു. ഈ ആരാധനയാണ് പിന്നീട് തെയ്യമായി ഇന്ന് നാം കാണുന്ന രൂപത്തിലും ഭാവത്തിലും കലാശിച്ചിരിക്കുന്നത്.
ദൈവം പ്രത്യക്ഷപ്പെട്ടാൽ പിന്നെ അതിന് അനേകം പരികർമ്മികൾ ഉണ്ടായിവരും. മറ്റ് അനേകം തൊഴിൽക്കൂട്ടങ്ങൾ ദൈവത്തിന് ആവശ്യമായ കാര്യങ്ങൾ പ്രദാനം ചെയ്യാൻ ഉടലെടുത്തു. കള്ള്, തേങ്ങ, കുരുത്തോല, വാള്, വിളക്കുകൾ, സ്വർണ്ണാഭരണം, ചിട്ടപ്പെടുത്തൽ, അകമ്പടി സേവകർ, സംരക്ഷകർ എന്നിങ്ങനെ നാനാ തൊഴിൽക്കൂട്ടങ്ങൾ നമ്മുടെ ജീവിതത്തെ ദൈവത്തിന്റ നാമത്തിൽ ക്രമപ്പെടുത്തി. നെല്ലുൽപ്പാദനം പ്രധാന കൃഷിരൂപമായി മാറിയപ്പോൾ തെയ്യങ്ങൾ വയലിലേക്കിറങ്ങി. വയലിൽ തെയ്യങ്ങൾ കെട്ടിയാടുന്നത് ഉർവരതയിലൂടെ അഭിവൃദ്ധി ഉണ്ടാക്കാൻ വേണ്ടിയാണ്. എവിടെയാണോ മനുഷ്യർക്ക് അഭിവൃദ്ധി വേണ്ടത് അവിടേക്ക് തെയ്യങ്ങളും ചലിച്ചു. അത് കാവിൽ, വയലിൽ, കടലിൽ, കായലിൽ, ജോലിയിടങ്ങളിൽ എന്നിങ്ങനെ വ്യാപിച്ചു. റെയിൽവേ പണിക്ക് തൊഴിൽക്കൂട്ടങ്ങൾ അവിടങ്ങളിലേക്ക് നീങ്ങിയപ്പോൾ തെയ്യങ്ങൾ അവിടേയ്ക്കും പോയിരുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ മാറ്റങ്ങൾക്കും അനുസൃതമായി അവ പാകപ്പെടുന്നത് നമുക്ക് കാണാൻ കഴിയും.
ക്ഷേത്രസംസ്കാരത്തിൻെറ ഭൂമികയിലേക്ക് തെയ്യം വരുന്നതുവഴി, ക്ഷേത്രം തെയ്യത്തിന്റെ സ്വതന്ത്ര നടത്തിപ്പിന് തടയിടുന്നതായി കാണാം. എട്ടാം നൂറ്റാണ്ടിനുശേഷം ക്ഷേത്രത്തിൽ കുടിയേറിയ ബ്രാഹ്മണർ കേരളക്കരയിൽ ക്ഷേത്രങ്ങൾ പണിയുകയും അതിനോട് ചേർന്ന് അവരുടെ ഗ്രാമങ്ങൾ പണിയുകയും ചെയ്തു. വടക്കേ അറ്റത്ത് പയ്യന്നൂരും തളിപ്പറമ്പും തൃച്ചമ്പരവും കഴിഞ്ഞ് ശിവപുരവും തൃശ്ശിവപേരൂരും ഏറ്റുമാനൂരും കുമാരപുരവും കഴിഞ്ഞിങ്ങനെ ബ്രാഹ്മണർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം വലിയ തലയെടുപ്പോടെയുള്ള അമ്പലങ്ങൾ കാണാം. തെയ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരാധനാരീതികളാണ് ക്ഷേത്രങ്ങളുടേത്. തെയ്യപ്പറമ്പുകൾക്ക് ചുറ്റുമതിലില്ല. എന്നാൽ അമ്പലത്തിനുണ്ട്. തെയ്യത്തിന് വിഗ്രഹമില്ല, എന്നാൽ അമ്പലത്തിലുണ്ട്. അമ്പലത്തിനുള്ളിൽ വിവിധ പണികളിലേർപ്പെട്ടിരിക്കുന്ന ജാതികളുണ്ട്. എന്നാൽ, തെയ്യത്തിൽ ജാതി കടന്നുവരുന്നത് ക്ഷേത്ര-ബ്രാഹ്മണ്യ വ്യവസ്ഥയോട് കൂടിയാവും. പ്രഥമ പ്രതിഷ്ഠക്കുചുറ്റും കാണുന്ന ആരാധന ക്ഷേത്രത്തിൽ കാണാം. അതിൽ ഉപദേവതകൾക്ക് കീഴ്നില സ്ഥാനമാണുള്ളത്. എന്നാൽ തെയ്യങ്ങളിൽ വലുതും ചെറുതുമില്ല. തെയ്യത്തിൽ ഈ വലിപ്പച്ചെറുപ്പം കടന്നുവരുന്നത് നമ്പൂതിരിമാരുടെ പൗരോഹിത്യത്തെ മറ്റെല്ലാറ്റിനും മേലെയായി അവതരിപ്പിക്കുന്നതു കൊണ്ടാണ്. ക്ഷേത്ര രീതികളിൽ ചിട്ടപ്പെടുത്തിയ തന്ത്രസമുച്ചയ പാഠ ഇതിഹാസങ്ങൾ ഉണ്ട്. തെയ്യത്തിൽ തലമുറകളായി കൈമാറിവന്ന വാമൊഴി വഴക്കങ്ങളാണുള്ളത്. അമ്പലം എഴുത്തുരൂപങ്ങളിൽ അകപ്പെട്ടിരിക്കുന്നു. അതിന് ലിഖിത രൂപകങ്ങളുണ്ട്. തെയ്യത്തിന് എഴുത്തുവഴികളില്ല. മറിച്ച്, വരകളും കുറികളുമുണ്ട്. എഴുത്ത് സംസ്കാരം എഴുത്തില്ലാത്ത സംസ്കാരത്തിനുമേൽ അധീശത്വം നേടിയെടുക്കുമെന്നത് ചരിത്രസത്യമാണ്. ബൈബിളിന്റെ വ്യാപനം ഇത്തരത്തിൽ മനസ്സിലാക്കാവുന്നതാണ്.
തെയ്യക്കാവുകളിൽ തെയ്യം തുടങ്ങുന്നതിന് മുന്നേ പയ്യന്നൂർ അമ്പലത്തിലെ വിളക്കിന്റെ തിരിയിൽനിന്നും തീ തെയ്യക്കാവിൽ കൊണ്ടുവരണമെന്ന തരത്തിൽ അനുഷ്ഠാനബന്ധങ്ങൾ ഉണ്ടായിവരുന്നത് ഈ അമ്പല അധീശത്വത്തിന്റെ ഭാഗമാണ്.
ബ്രാഹ്മണർ ക്ഷേത്രം പണിത് ആത്മീയാധികാരം ഉറപ്പിച്ചപ്പോഴും തെയ്യങ്ങളുടെ ശക്തിയെ വിട്ടുപോകാൻ സാമാന്യജനം തയ്യാറായില്ല. ബഹുജനങ്ങളുടെ ആരാധന തെയ്യത്തിൽ രൂഢമൂലമായി നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ബ്രഹ്മണരും അവർ വിധേയപ്പെടുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്ന മറ്റ് അമ്പലവാസി ജാതികളുടെയും മാത്രം കേന്ദ്രമായി ക്ഷേത്രങ്ങൾ മാറി. ഈ അവസരത്തിലായിരിക്കണം ക്ഷേത്രവും തെയ്യക്കാവുകളും തമ്മിലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമം ഉണ്ടാവുന്നത്. തെയ്യക്കാവുകളിൽ തെയ്യം തുടങ്ങുന്നതിന് മുന്നേ പയ്യന്നൂർ അമ്പലത്തിലെ വിളക്കിന്റെ തിരിയിൽനിന്നും തീ തെയ്യക്കാവിൽ കൊണ്ടുവരണമെന്ന തരത്തിൽ അനുഷ്ഠാനബന്ധങ്ങൾ ഉണ്ടായിവരുന്നത് ഈ അമ്പല അധീശത്വത്തിന്റെ ഭാഗമാണ്. വേദിക്ക് അനുഷ്ഠാനം പുലർത്തുന്ന തെയ്യങ്ങൾ അമ്പലങ്ങളുടെ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്ക് മുന്നിൽ ചെന്ന് കൂടിക്കാഴ്ച നടത്തുന്ന ആചാരവും ബ്രാഹ്മണ്യത്തിന്റെ അധീശത്വത്തെ ജനങ്ങളിലേയ്ക്ക് പടുത്തുയർത്താൻ വേണ്ടിയായിരിക്കും. നിങ്ങളുടെ തെയ്യത്തേക്കാളും ഞങ്ങളുടെ പ്രതിഷ്ഠകൾക്ക് ശക്തിയുണ്ടെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങായിട്ടായിരിക്കണം ഇത്തരം താണുവഴക്കങ്ങൾ തെയ്യത്തിലൂടെ നടപ്പിലാക്കിയത്. എഴുതപ്പെട്ട സംസ്കൃതപദങ്ങൾക്ക് ശക്തി കൂടുകയും എഴുത്തുരൂപമില്ലാത്ത തെയ്യങ്ങൾക്ക് അതിന് വിധേയപ്പെടേണ്ടിവരുന്നതും ഈ സാമൂഹികമാറ്റത്തിലൂടെ വന്നതായിരിക്കും.
വടക്കെ മലബാറിലെ രാജവംശങ്ങളും തെയ്യത്തിനെ അവരുടേതാക്കാൻ ശ്രമിച്ചു. തെയ്യത്തിന് ചിത്രപീഠം നൽകി ആരാധിച്ച കോലത്തിരി രാജാവ് തെയ്യത്തിന്റെ ആരൂഡമാക്കി കോലത്തിരിയെ മാറ്റിത്തീർത്തു. അനുഗ്രഹാശിസ്സുകൾ ലഭിച്ച തെയ്യക്കാരെ തിരഞ്ഞുപിടിച്ച് പട്ടുംവളയും നൽകി ആദരിച്ചു. ഈ രീതികൾ അവരുടെ അധികാരവാളിന്റെ കീഴിലാക്കാനുള്ള തന്ത്രവുമായിരുന്നു. അല്ലെങ്കിൽ തെയ്യവും ബ്രാഹ്മണ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നിരിക്കെ എന്തിനായിരിക്കും ഇത്തരത്തിലുള്ള അനുഷ്ഠാന കണ്ണിചേർക്കൽ ഇവർ നടത്തിയത്?
തെയ്യത്തെ ബ്രാഹ്മണരുടെ കീഴിൽ കൊണ്ടുവരാനുള്ള മറ്റൊരു തന്ത്രമായിരുന്നു. തെയ്യക്കാവിന്റെ അടുത്തായി ഒരു ക്ഷേത്രവും പണിയുക എന്നത്. ഉദാഹരണത്തിന്, തിരുവാർക്കാട്ട് ഭഗവതിയുടെ കെട്ടിക്കോലമുള്ള കാവിന്റെ അടുത്തായി ഭഗവതിയുടെ ബ്രാഹ്മണ പ്രതിഷ്ഠയുള്ള ക്ഷേത്രവും പണിയുക എന്ന തന്ത്രം. ‘അത് തന്നെയാണിത്. ഇത് തന്നെയാണത്’ എന്നിങ്ങനെയുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയെടുത്ത് തെയ്യത്തെ ബ്രാഹ്മണ്യപ്രതിഷ്ഠയുടെ കാൽക്കീഴിൽ കൊണ്ടുവരാനുള്ള തന്ത്രം. ഈ തന്ത്രം കാര്യമായി ഫലിച്ചു. അതുകൊണ്ടാണ് തെയ്യത്തിനുള്ളിൽ ബ്രാഹ്മണ്യത്തിന് എളുപ്പം കടന്നുവരാൻ ഇന്നും കഴിയുന്നത്. സംസ്കൃതവൽക്കരണം കാര്യമായി നടക്കുന്നിടമായി ഇന്ന് തെയ്യക്കാവുകൾ മാറി. കീഴാള ജാതി ഉടമസ്ഥതയിലുള്ള കാവിൽ ശുദ്ധികലശവും പുനഃപ്രതിഷ്ഠയും സ്വർണപ്രശ്നവും നടത്താൻ ലക്ഷങ്ങൾ ചെലവഴിച്ച് ബ്രാഹ്മണ പൂജാരിമാരെ ആനയിച്ച് കൊണ്ടുവരുന്നതുവഴി കീഴാള ജാതിക്കാവുകൾക്ക് മേലാളസ്വഭാവം കൈവരുന്നുണ്ടെന്ന ബോധം ഒരു അധമബോധമാണെങ്കിലും അതിന് സാമൂഹിക മൂലധനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന സാമൂഹിക സ്ഥിതി നിലവിലുണ്ടെന്ന തിരിച്ചറിവ് ഇവർക്കുണ്ട്.
തെയ്യം ബ്രാഹ്മണരുടേതായിരുന്നില്ല. പക്ഷെ അവർക്കും അതിൻമേൽ ഒരവകാശം വേണമെന്ന തോന്നലിലാണ് അവർ തെയ്യത്തിന്റെ അനുഷ്ഠാന ഉള്ളടക്കത്തിൽ കയറിക്കൂടിയത്. ജ്യോതിഷം പോലുള്ള പ്രക്രിയകളിലൂടെ അവർ തെയ്യത്തെ അവരുടേതാക്കാൻ ശ്രമിച്ചു. ജ്യോതിഷിക്ക് തെയ്യവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരേക്കാൾ, തെയ്യത്തെക്കുറിച്ച് പറയാൻ ആധികാരികത നൽകി. അങ്ങിനെ തെയ്യം ആരാണ് കെട്ടേണ്ടതെന്ന് തീരുമാനിക്കുന്നത് പലപ്പോഴം ജ്യോതിഷവഴിയിലൂടെ ബ്രാഹ്മണരും അതിൽ കാണിച്ചിരുന്ന കാവുടമകളുമായിത്തീർന്നു.
തെയ്യത്തിന്റെ
മദ്ധ്യകാലവൽക്കരണം
രാജവംശകാലം, നാടുവാഴി-ജാതി ജന്മിത്ത കാലത്തെയാണ് നാം മദ്ധ്യകാലസ്വരൂപമായി മനസ്സിലാക്കുന്നത്. നാടുവാഴികളും തെയ്യത്തിൻമേൽ അവകാശം സ്ഥാപിക്കാൻ പലതരം മിത്തുകൾ /ഐതിഹ്യങ്ങൾ നിർമ്മിച്ചുകൊണ്ട് അവരുടെ അവകാശത്തെ ന്യായീകരിച്ചു. ചില തെയ്യങ്ങൾ നാടുവാഴിയുടെ അകമ്പടിമാരായും കളരിദൈവങ്ങളായും അവരുടെതന്നെ പിൻതലമുറയിലെ കാരണവരായും വ്യാഖ്യാനിച്ചു. അത്തരത്തിലുള്ള പുതിയ തെയ്യങ്ങളെ ഈ കാലത്ത് പുതുതായി ഉണ്ടാക്കിയിട്ടുമുണ്ട്. തെയ്യക്കാവുകളുടെ നടത്തിപ്പ് ജാതി- നാടുവാഴി തറവാടുകൾ ഏറ്റെടുത്തു. അവിടങ്ങളിൽ തെയ്യം കെട്ടുന്നവർക്ക് ചില പ്രത്യേക ബഹുമതികൾ ലഭിക്കുന്നതായി ദേശത്ത് പ്രചരിപ്പിച്ചു. അങ്ങനെ നായർ- നമ്പൂതിരി തറവാടുകളിലെ തെയ്യങ്ങൾ വിശിഷ്ട കോലങ്ങളായി മാറി. അവിടുത്തെ തെയ്യക്കോലത്തിനും അനുഷ്ഠാനത്തിനും മേൽക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഇന്നും ചില കാവുകളിൽ തെയ്യം അരങ്ങത്ത് വന്നാൽ ചില നാടുവാഴി തറവാടുകളിൽ ചെന്ന് മുഖംകാണിക്കുന്ന ചടങ്ങുണ്ട്. എന്നാൽ നാടുവാഴി തറവാടുകളിൽ കെട്ടിയാടപ്പെടുന്ന തെയ്യങ്ങൾ തൊട്ടടുത്ത മറ്റ് കാവുകളിൽ പോകാറില്ല. തെയ്യം ഇത്തരത്തിൽ മേൽകീഴ് ബന്ധങ്ങളെ പരിപാലിക്കാനുള്ള ഒരുപകരണമായി നാടുവാഴി തറവാട്ടുകാർ മാറ്റിയെടുത്തിട്ടുണ്ട്. മധ്യകാല സമൂഹത്തിലായിരിക്കണം ജാതി സമൂഹം ഇത്രമേൽ ശക്തമായി വളർന്നിട്ടുണ്ടാവുക. അനേകം ജാതികൾ, അവരുടെ കുലത്തൊഴിലുകൾ, അവകാശങ്ങൾ, ശ്രേണീബന്ധങ്ങൾ എന്നിവ സജീവമായി തെയ്യസംസ്കാരത്തിൽ നാം ഇന്ന് കാണുന്നത് പോലെ ശക്തമായി വേരോടിയത് രാജവംശ - നാടുവാഴി -ജന്മി കാലത്തിലാണ്.
തറവാടോ കഴകപ്പുരയോ കാവോ ക്ഷേത്രമോ ഇല്ലെങ്കിലും തെയ്യത്തിന് സ്വന്തമായി നിൽക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ഇന്നത്തെ തെയ്യത്തിന്റെ ഉടമസ്ഥാവകാശം തെയ്യം കെട്ടുകയും തെയ്യത്തിന്റെ അണിയലങ്ങൾ ഉണ്ടാക്കുകയും ചെണ്ടകൊട്ടുകയും ചെയ്യുന്ന മനുഷ്യരുടേതാണ്.
തെയ്യങ്ങൾക്കനുസരിച്ച് ജാതികളും ജാതികൾക്കനുസരിച്ച് തെയ്യങ്ങളും അതിന്റെ കോലം സ്വീകരിച്ചു. ഓരോ ജാതിവിഭാഗങ്ങളും തെയ്യത്തിന്റെ അനുഷ്ഠാനത്തിൽ കൂട്ടിയിണക്കി ഓരോ ജാതിക്കും ചെറുജന്മാവകാശം നൽകി. ജന്മം നമ്പൂതിരിക്കാണ്. എന്നാൽ ചെറുജന്മങ്ങൾ മറ്റ് ചെറു ജാതിവിഭാഗങ്ങളാണ്. ബഹുഭൂരിപക്ഷം വരുന്ന കീഴാള സമഹൂത്തെ ചെറിയ ജാതികളായി തിരിക്കുന്നത് ഈ ജനതയെ ന്യൂനപക്ഷങ്ങളായി തരംതിരിക്കാനാണ്. അങ്ങിനെ വരുമ്പോൾ തിയ്യനും വാണിയനും ഒരിക്കലും ഒന്നിക്കില്ല. വാണിയനും മണിയാണിയും ഒന്നിക്കില്ല. മണിയാണിയും കൊല്ലനും തട്ടാനും വണ്ണാനും മലയനും ഒന്നിക്കില്ല. മറിച്ച് അവർ പരസ്പരം ശത്രുക്കളെപ്പോലെ ജീവിക്കും. ബഹുജനങ്ങളെ ഛിന്നഭിന്നമാക്കാൻ വേണ്ടിയാണ് ബ്രാഹ്മണർ ജാതിയെന്ന ദുർഭൂതത്തെ കൊണ്ടുവരുന്നത്. ഇങ്ങനെ വിഭജിക്കപ്പെട്ട മനുഷ്യർ തെയ്യത്തിന് മുകളിൽ ചെറിയ അവകാശങ്ങൾ നേടിയെടുത്തു. കുരുത്തോലയും കള്ളും തിയ്യന്റെ ചെറുജന്മാവകാശമായി. കൊല്ലൻ വാള് നിർമ്മിക്കണം. തട്ടാൻ സ്വർണ്ണശില്പങ്ങൾ പ്രദാനം ചെയ്യണം. വാണിയൻ വെളിച്ചെണ്ണ എത്തിക്കണം. വണ്ണാനും മലയനും തെയ്യത്തെ ശരീരത്തിൽ വഹിക്കണം. ചെണ്ടകൊട്ടുന്നതും തോറ്റം ചൊല്ലുന്നതും ജാതി ചെറുജന്മങ്ങളായി മാറി. തെയ്യത്തിന്റെ അവകാശങ്ങൾ അങ്ങിനെ വിവിധ ജാതികളായി മാറി. അതുകൊണ്ട് തെയ്യം കെട്ടുന്ന ഈ വർത്തമാനകാലത്തും തെയ്യത്തിലൂടെ ഒരു മധ്യകാല സ്വരൂപവാഴ്ചയെ നാം കെട്ടിയാടുന്നുണ്ട്. ജാതികളുടെ കടമകളും വിധേയപ്പെടലും ജാതിതിരിച്ചുള്ള ഇരിപ്പിടങ്ങളും മേലാളനും കീഴാളനും ഈ പ്രത്യേക സമയത്ത് ഉണ്ടായിവരുന്നുണ്ട്. മനുഷ്യർ അത് അതായിട്ടുതന്നെ അനുഭവിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഈ സമൂഹത്തിൽ തെയ്യത്തിന്റെ ഉടമസ്ഥർ അധികാരവാളുമായി എത്തിയ ചില തറവാടുകളായിരുന്നു.
സ്വാതന്ത്ര്യാനന്തരകാലത്തെ തെയ്യം
ഇന്ത്യ സ്വതന്ത്രമായതിനുശേഷം തെയ്യത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ലെങ്കിലും കാലക്രമത്തിൽ നാമെല്ലാവരും പൗരന്മാരും പൗരകളുമായി മാറിയപ്പോൾ വ്യക്തികൾക്ക് ചില അവകാശങ്ങൾ ലഭിച്ചുതുടങ്ങി. പുറമേയുള്ള ദേശത്തിലേക്ക് പോകാനും വിദ്യാഭ്യാസം നടത്തുവാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക് കഴിഞ്ഞു. ദേശ ഗ്രാമങ്ങൾക്കപ്പുറം പുതിയ ദേശങ്ങളും രാജ്യങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി. അത് നമ്മുടെ ഓരോരുത്തരുടെയും ആത്മനിഷ്ഠതയിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഈ മാറ്റം തെയ്യത്തിലും പ്രതിഫലിക്കും. തെയ്യം കെട്ടുന്നവർ മറ്റ് ദേശങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവരാണെങ്കിൽ, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരും ഒപ്പം മറ്റ് തൊഴിലുകൾ ചെയ്യുന്നവരുമാണെങ്കിൽ ആ പ്രക്രിയയിൽ അവരുടെ ആത്മനിഷ്ഠാബോധവും മാറും. ഇതുപോലെ തെയ്യം കെട്ടിക്കാനായി ശ്രമിക്കുന്ന കാവുടമകളുടെയും ആത്മനിഷ്ഠത മാറും. അവ ആധുനിക പൗരരായും ഭരണകർത്താക്കളായും പുതിയ തൊഴിലുകളിൽ ഏർപ്പെടുന്നവരായും മാറും. തെയ്യം നിർമ്മിച്ചെടുത്ത ചെറുജന്മാവകാശിയുടെ ആത്മനിഷ്ഠാബോധം ഇല്ലാതാവുകയും പുതിയ കർത്തവ്യമുള്ള ആധുനിക മനുഷ്യരായി അവർ മാറുകയും ചെയ്യുന്നു. അവരോടൊപ്പം പ്രകൃതിയും ദേശവുമെല്ലാം മാറുന്നു. ഇതിൽ നിന്ന് ആർക്കും മാറിനിൽക്കാൻ സാധിക്കില്ല. അങ്ങിനെ വരുമ്പോൾ തെയ്യവും മാറുന്നു. തറവാടോ കഴകപ്പുരയോ കാവോ ക്ഷേത്രമോ ഇല്ലെങ്കിലും തെയ്യത്തിന് സ്വന്തമായി നിൽക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ഇന്നത്തെ തെയ്യത്തിന്റെ ഉടമസ്ഥാവകാശം തെയ്യം കെട്ടുകയും തെയ്യത്തിന്റെ അണിയലങ്ങൾ ഉണ്ടാക്കുകയും ചെണ്ടകൊട്ടുകയും ചെയ്യുന്ന മനുഷ്യരുടേതാണ്. തെയ്യം ഉടലിനുള്ളിൽ വഹിക്കുന്ന ഉടലിന്റെ സ്വത്താണ്. അതിൽ ആചാരങ്ങളില്ല. തെയ്യം തെയ്യക്കാരൻേറതു മാത്രമാണ്. അതിന് വിലയിടാൻ മറ്റാർക്കും അവകാശമില്ല.