മനുഷ്യ- പ്രകൃതി പാരസ്പര്യത്തിലൂടെ മനുഷ്യർ നടത്തിയ ഇടപെടലുകളുടെയും ഭാവനാസൃഷ്ടികളുടെയും പൂർത്തീകരണമായാണ് ചിത്രരചനയുപ്പെടെയുള്ള കലാരൂപങ്ങളെ മനസിലാക്കേണ്ടത്. ഭൂപ്രകൃതി (landscape), വ്യക്തികളുടെ ഉപജീവനത്തിനപ്പുറം മാനസിക വ്യവഹാരങ്ങളെ സ്വാധീനിക്കുന്നതായി മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മനുഷ്യ ജീവിതങ്ങളുടെ നിലനിൽപ്പിനെ സാധ്യമാക്കുന്നതിൽ ആവാസവ്യവസ്ഥകൾ നൽകിവരുന്ന സംഭാവനകളും, അതോടൊപ്പം പ്രകൃതിയുടെ രോഗാതുരതകൾ മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങളും നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പ്രകൃതി, മനുഷ്യർക്ക് അപരമായി നിലകൊള്ളുന്ന പ്രതിഭാസമല്ലെന്നും മജ്ജയും മാംസവും കണക്കെ വിഭജനസാധ്യമല്ലാത്തതാണെന്നും ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭൂപ്രകൃതി സങ്കൽപ്പത്തിന്റെ വേരുകൾ തേടിയുള്ള യാത്രയ്ക്ക് മനുഷ്യകുലത്തോളം പഴക്കമുണ്ട് എന്നതിന്റെ നേർക്കാഴ്ചകളാണ് അവരുടെ ഇടങ്ങളിൽ അവർ പകർത്തിയ ശിലാ ചിത്രങ്ങൾ. മനുഷ്യവർഗത്തിന്റെ വികാസ പരിണാമങ്ങളിൽ, അവരുടെ പരിസരങ്ങളോടുള്ള സമീപനങ്ങളിൽ വന്ന വ്യത്യാസമാണ് ഗുഹാചിത്രങ്ങളിൽ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ പ്രതിനിധീകരിക്കുന്നതായ ഭൂപ്രകൃതിയുടെ നിർവ്വചനങ്ങളെ വരെ മനസിലാക്കേണ്ടത്.
യൂറോപ്യൻ പ്രവിശ്യകളായ ഇബേറിയൻ പെനിൻസുലയുടെ വനാന്തരങ്ങളിൽ താമസിച്ചിരുന്ന ആദിമ ഗോത്രസമൂഹങ്ങൾ വരച്ച 64,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളാണ്, ഇന്നുവരെ കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ ഭൂപ്രകൃതിയുടെ പ്രതിനിധീകരണങ്ങൾ.
മനുഷ്യൻ ദൈനംദിന ജീവിതത്തിൽ നടത്തുന്ന അതിജീവന ഇടപെടലുകൾ എന്താവണം, എങ്ങനെയാവണം, എപ്പോഴാവണം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനുഷ്യന് പ്രകൃതി ഒരുകാലത്ത് നൽകിയെങ്കിൽ ഇന്ന് മനുഷ്യ- പ്രകൃതി ബന്ധത്തിനു സാമ്പത്തിക- രാഷ്ട്രീയ മാനം കൂടി വന്നുചേർന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഭൂപ്രകൃതി ഇന്ന് കേവല പ്രകൃതിസങ്കൽപ്പത്തിൽ നിന്ന് അകന്നുമാറി മനുഷ്യന്റെ വികസന സാധ്യതകളേയും മാനസിക വ്യവഹാരങ്ങളെയും നിർണ്ണയിക്കുന്ന തലത്തിലേക്ക് പരിവർത്തനപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഭൂപ്രകൃതി എന്ന സങ്കൽപ്പം എപ്പോൾ, എവിടെ, എങ്ങനെ, ആര് ആദ്യം അവതരിപ്പിച്ചു എന്നത് ഗൗരവമേറിയ ഗവേഷണ ചോദ്യമായി മാറിക്കഴിഞ്ഞു. അതോടൊപ്പം പാശ്ചാത്യ- പൗരസ്ത്യ ദേശങ്ങളിൽ പരാമർശിക്കുന്ന ഭൂപ്രകൃതി സങ്കൽപ്പത്തിന്റെ അറിവ് നിർമ്മിതിയിൽ അവർ കൈക്കൊണ്ട തത്വശാസ്ത്ര സമീപനങ്ങളുടെ ചുരുളുകളും അഴിക്കേണ്ടതുണ്ട്.
ഭൂപ്രകൃതിയുടെ (landscape) പദോല്പത്തി ശാസ്ത്രത്തെയും, ആദ്യമായി ഭൂപ്രകൃതി എന്ന പദത്തെ പരാമർശിച്ച ഭാഷാസമൂഹങ്ങളെയും പരിചയപ്പെട്ടുകൊണ്ട് തുടങ്ങാം. ഇംഗ്ലീഷ് ഭാഷയെ മുൻനിർത്തിക്കൊണ്ടുള്ള വിശദീകരണത്തിൽ 1598 മുതൽ 36,969-മത്തെ വാക്കായും, മനുഷ്യർ തന്റെ അതിജീവനത്തിനായി പാകപ്പെടുത്തിയെടുത്ത ഭൂഭാഗം എന്ന അർത്ഥത്തെ ഉൾക്കൊണ്ടും ഇംഗ്ലീഷ് ഭാഷാ നിഘണ്ടുവിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. landscape (land+scape) ജർമ്മൻ, ഡച്ച്, ഫ്രഞ്ച്, തുടങ്ങിയ ഭാഷകളിൽ മനുഷ്യ ആവാസസ്ഥാനം എന്ന അർത്ഥം വരുന്ന പദമായി ഒമ്പതാം നൂറ്റാണ്ടു മുതൽ ഉപയോഗിച്ചുവരുന്നതായി ഭാഷാഗവേഷകർ അഭിപ്രായപ്പെടുന്നു.

ഒരുപക്ഷെ മലയാളഭാഷ Landscape എന്ന ഇംഗ്ലീഷ് പദത്തെ ഭൂപ്രകൃതി എന്ന തരത്തിലാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ഈ വാക്കിന് മനുഷ്യന്റെ ആവാസസ്ഥാനം, അതിജീവന ഇടം എന്ന അർത്ഥം ഉൾക്കൊള്ളുന്നുണ്ടോ എന്നത് സംശയമാണ്. പക്ഷെ ബി.സി. 1000 മുതൽ തമിഴ് ഭാഷയിൽ ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞർ നൽകിവരുന്ന ഭൂപ്രകൃതി വിശദീകരണത്തിനു സമാനമായ ചില പരാമർശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ ‘തിണ’ എന്ന വാക്കിലൂടെ ഭൂപ്രകൃതിയെ അവതരിപ്പിച്ചത് ഗവേഷകരെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. ഹാൻ കാലഘട്ടത്തിലും (ബി.സി. 206- 100 എ.ഡി) ചൈനീസ് രചനകളിലും പ്രകൃതിദൃശ്യങ്ങളെ / ഭൂപ്രകൃതിയെ പ്രതിനിധീകരിക്കുന്ന പദമായ 'shan shi' എന്ന പദം ഉപയോഗിച്ചതായി ഭാഷാഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇങ്ങനെ വിവിധ ദേശക്കാർ ഭൂപ്രകൃതിയെ വർത്തമാനകാല അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചുവെങ്കിലും, പൊതുവിൽ ഭൂപ്രകൃതി എന്ന പദത്തിന്റെ ശാസ്ത്രീയ വിശദീകരണങ്ങളിൽ യൂറോകേന്ദ്രീകൃതവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയോടുള്ള ചായ്‌വുമാണ് ആധുനിക സമൂഹത്തിൽ കാണാൻ കഴിയുക. ചരിത്രത്തിന്റെ പുനർവായന സാധ്യമാകാതെ യാഥാർത്ഥ്യം അകലെയാണെന്നിരിക്കെ ഭൂപ്രകൃതിയുടെ സങ്കല്പവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന വായനകൾക്ക് അപനിർമ്മിതി നിർബന്ധമാണ്.
Epistemology-യുടെ
രീതിശാസ്ത്രം
തത്വശാസ്ത്ര വിഷയത്തിൽ മനുഷ്യസമൂഹങ്ങളുടെ അറിവ് നിർമ്മാണ പ്രക്രിയയെ സൂചിപ്പിക്കുന്ന പദമായാണ് Epistemology-യെ ഉപയോഗിച്ചുവരുന്നത്. ഗ്രീക്ക് പദങ്ങളായ episteme, Ology എന്നീ വാക്കുകളിൽ നിന്നാണ് വിജ്ഞാനശാസ്ത്രം എന്ന അർത്ഥം വരുന്ന Epistemology എന്ന ഇംഗ്ലീഷ് പദമുണ്ടായത്. നിലനിൽക്കുന്നതും പ്രചരിക്കുന്നതുമായ അറിവുകളുടെ (തനിമയെ) ശാസ്ത്രീയതയെ അന്വേഷിക്കുന്ന ശാസ്ത്രം എന്ന നിലയിൽ കേവല വചനപ്രഘോഷണങ്ങളെയും, വിശ്വാസരീതികളെയും നിരാകരിച്ച് അറിവ് നിർമ്മാണത്തിന് ആവശ്യമായി വേണ്ട രീതികളെ അവതരിപ്പിക്കുന്നു. Epistemology-യുടെ വിശകലനം ഗവേഷകരെ ‘അറിവ് നിത്യ സത്യമാണെന്ന’ പുരാതന ധാരകളെ പ്രശ്നവൽക്കരിക്കുന്നതിനുള്ള ശേഷി നൽകുന്നുണ്ട്. കൂടാതെ സമൂഹത്തിന്റെ ചിന്താഗതിയിലെ വ്യത്യാസങ്ങൾ അറിവിന്റെ നിർവചനങ്ങളിലും സാമൂഹിക ക്രമങ്ങളിലും, ദൈനംദിന ജീവിതാവസ്ഥകളിലും, എങ്ങനെ മാറ്റങ്ങൾ ഉളവാക്കുന്നുണ്ട് എന്ന് മനസിലാക്കാനും വിജ്ഞാനശാസ്ത്ര ഗവേഷകരെ സഹായിക്കുന്നു.
വിജ്ഞാനശാസ്ത്രം അറിവ് നിർമ്മിക്കുന്ന രീതിശാസ്ത്രങ്ങളിലേക്ക് വഴിതെളിയിക്കുന്ന തത്വശാസ്ത്ര മേഖലയുടെ ഒരു പ്രധാന ശാഖ ആണെങ്കിൽക്കൂടി വിവിധ സംസ്കാരങ്ങൾ വ്യത്യസ്ത സമീപനങ്ങൾ അവലംബിക്കുന്നതായി കാണാം. ഉദാഹരണമായി, തത്വചിന്തകർ ഭാരതീയ ചിന്താധാരകളെ പ്രധാനമായും എട്ടായിട്ടാണ് പരാമർശിക്കുന്നത്. ഈ തത്വചിന്താധാരകൾ തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്, ഉപയോഗപ്പെടുത്തുന്ന Epistemology- യുടെ രീതിശാസ്ത്ര വ്യതിയാനങ്ങളാണ്. സാംഖ്യത്തിൽ നിന്ന് യോഗയിലേക്കും ആസ്തികരിൽ നിന്ന് നാസ്തികരിലേക്കുള്ള പരിവർത്തനം നിർമ്മിക്കപ്പെടുന്ന അറിവിന്റെ രീതിശാസ്ത്രത്തിലെ വ്യത്യാസമാണ് എന്നുള്ളതാണ് സത്യം.
ഭാരതത്തിൽ പ്രത്യേകിച്ച് പ്രാചീന അറിവുകളുടെ നിർമ്മിതിക്കുവേണ്ടി പണ്ഡിതർ 5 പ്രമാണങ്ങളെ (Epistemology) പരിചയപ്പെടുത്തുന്നുണ്ട്: perception, inference, testimony, comparison, pre-supposition intuition. ഇവ യഥാർത്ഥത്തിൽ അറിവ് നിർമ്മിക്കുന്നതിനും അഥവാ വിവരങ്ങൾ അറിയുന്നതിനുള്ള മനുഷ്യർക്കുള്ള അടിസ്ഥാന വഴികളായിരുന്നു. പുരാതന ഭാരതീയ സാഹിത്യകാരരും ഇതിനു സമാനമായ അറിവ് നിർമ്മാണ വഴികളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, തമിഴകത്തെ സംഘകാലകൃതികൾ നൽകുന്ന അറിവുകൾ പോലും ഇന്ദ്രിയഗോചരവും, അനുഭവയോഗ്യവും, യുക്തിവിചാര-വ്യവഹാര രീതിയിൽ തന്നെയാണ് നിർമ്മിക്കപ്പെട്ടതെന്നും മനസ്സിലാക്കാൻ കഴിയും.

അതുപോലെ യൂറോപ്യൻ ജനതയുടെ അറിവു നിർമ്മാണത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകരായ തെയിൽസ്, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരിൽനിന്ന് ആധുനിക ചിന്തകരായ ദക്കാർത്ത, കാന്റെ, ദരിത, ജോൺ ഡീവി, ജോൺ ലോക്ക് തുടങ്ങിയവരിലേക്ക് യൂറോപ്യൻ സമൂഹം എത്തിനിൽക്കുമ്പോൾ, തിരിച്ചറിയേണ്ട വസ്തുത, അറിവിന്റെയും കാഴ്ചപ്പാടുകളുടെയും വ്യത്യാസം അടിസ്ഥാന പരമായി (Ontology-യിലും) Epistemological ആയിരുന്നു എന്ന് മാത്രമാണ്.
നവോത്ഥാന കാലഘട്ടത്തിൽ (AD 1600) പ്രത്യേകിച്ച് യൂറോപ്പിൽ ഉയർന്നുവന്ന പ്രത്യയശാസ്ത്രവാദങ്ങളാണ് യഥാർത്ഥത്തിൽ ആധുനിക സമൂഹത്തിന് ശാസ്ത്ര- സാങ്കേതിക പരിവർത്തനങ്ങളും മനുഷ്യകന്ദ്രീകൃത കാഴ്ചപ്പാടും നൽകിയത് (Rationalism, empiricism, Critique, Theory of Knowledge, Intuitionalism, Hermeneutics, Phenomenology). ഈ വാദമുഖങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന Ontology-യും അടിസ്ഥാന അന്വേഷണങ്ങളും ഒന്നുതന്നെ ആയിരുന്നെങ്കിലും ഓരോ അറിവും നിർമ്മിക്കപ്പെടുന്ന രീതികൾ- അതായത് Epistemology- വ്യത്യസ്തമായിരുന്നു എന്നതാണ് സത്യം. ഉദാഹരണമായി landscape എന്ന ഒരേ പദം തന്നെ നവോത്ഥാന കാലഘട്ടത്തിലും അതിനുമുമ്പുള്ള പുരാതന നാഗരിക സമൂഹങ്ങളിലും വർത്തമാനകാലഘട്ടത്തിലും ഉപയോഗിക്കപ്പെടുന്ന രീതികളിലും പ്രതിനിധീകരണങ്ങളിലും വ്യത്യസ്തത പുലർത്തുന്നതായി കാണാം.
Epistemology-യിലൂടെ landscape എന്ന അറിവിന്റെ നിർമ്മാണ രീതികളെ അറിയാനും ഏതുതരത്തിലുള്ള (Epistemology) അറിവ് നിർമ്മാണ വഴികൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ landscape നിർവ്വചനങ്ങൾ സാധ്യമായത് എന്ന് പരിശോധിക്കാനുള്ള ശ്രമങ്ങളാണിവിടെ. അതായത് രണ്ടുദേശങ്ങളിൽ അതായത് യൂറോപ്യൻ വൻകരയിലും തമിഴകത്തും ചർച്ചചെയ്യപ്പെടുന്ന landscape സങ്കല്പത്തിന്റെ അറിവ് നിർമ്മാണ രീതിയിലെ സമാനതകളെയും, വ്യത്യാസങ്ങളെയും പരിചയപ്പെടുത്തുക.
പാശ്ചാത്യരുടെ
ഭൂപ്രകൃതി കാഴ്ചപ്പാടുകൾ
Landscape-കളെ കുറിച്ചുള്ള സാമാന്യബോധവും അവയിൽനിന്ന് ഉയർന്നുവന്ന സാമൂഹ്യ നിർമിതികൾക്കും മനുഷ്യചരിത്രത്തിന്റെ പഴക്കമുണ്ട്. ഒരുപക്ഷേ നമ്മുടെ വിചാര രീതികളിലും മനുഷ്യ കേന്ദ്രീകൃത ബോധങ്ങളിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപാടുകളെ രണ്ട് ദ്വന്ദങ്ങളായി നിർത്തിക്കൊണ്ടുള്ള നിർവചനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ ഉപഭോഗവസ്തു എന്ന രീതിയിലുള്ള പ്രകൃതിയുടെ വിശദീകരണങ്ങളിൽപോലും വിഭജനസാധ്യമല്ലാത്ത ജൈവരൂപമായാണ് മനുഷ്യനും പ്രകൃതിയും നിലനിൽക്കുന്നത്. അതായത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ശിലകളായി നിലകൊള്ളുന്ന പരിസരങ്ങൾ എന്ന ബോധം തന്നെയാണ് അവരിൽ landscape-ന്റെ cognitive image-കൾ സൃഷ്ടിച്ചത്. ദേശകാല വ്യത്യാസങ്ങൾക്കനുസരിച്ച് landscape-ന്റെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ വന്നിരിക്കാം എങ്കിലും പ്രാചീന രൂപത്തിന്റെ അതേ അവസ്ഥയിൽ തന്നെ മനുഷ്യനിൽ ഇപ്പോഴും ഇടപെടുന്നുണ്ട് എന്നതാണ് സത്യം.
Landscape-മായി ബന്ധപ്പെട്ട ആശയനിർമ്മിതിയുടെ തുടക്കം (മനുഷ്യ- പ്രകൃതി ഇടപാടുകൾ) മനുഷ്യന്റെ ഇന്ദ്രിയഗോചരമായ സാധ്യതകളെ, പ്രത്യേകിച്ച് കാഴ്ചയെ മുൻനിർത്തിക്കൊണ്ടായിരുന്നു. ആദിമ സമൂഹം ബാക്കിവെച്ചതായ ഗുഹാചിത്രങ്ങൾ അവരുടെ പരിസരകാഴ്ചകളുടെ പ്രതിനിധീകരണങ്ങളും അതിജീവന പ്രതികരണങ്ങളും ആയിരുന്നു. പുരാതന നാഗരികത സമൂഹങ്ങളുടെ തിരുശേഷിപ്പുകളായി കരുതാവുന്ന ഇതിഹാസങ്ങളിലുടനീളം മനുഷ്യരുടെ പ്രകൃതിയെ അഥവാ അവരുടെ ജീവിത പരിസരങ്ങളെ അതിന്റെ നൈനികതയിൽ നിന്നുതന്നെ കാണാൻ കഴിയും. ഈ പരിസരബോധം അവരിൽ നിർമിക്കപ്പെട്ടതിന്റെ ശാസ്ത്രത്തെ പരിശോധിച്ചാൽ ഇന്ദ്രിയങ്ങളുടെ (കണ്ണ്, ചെവി, മൂക്ക്, ത്വക്ക്) പ്രതിഫലനങ്ങൾ വഴിയുണ്ടായ പ്രതീകബോധങ്ങളാണ് മനുഷ്യനിൽ പ്രകൃതിബോധം സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം. ഒരുപക്ഷേ പാശ്ചാത്യ സമൂഹങ്ങൾ 15-ാം നൂറ്റാണ്ട് വരെയുള്ള landscape വിശദീകരണങ്ങളിൽ കേവലം ഭൂപ്രകൃതിയുടെ കാഴ്ച എന്ന നിർവചനത്തിൽ തന്നെ നിലകൊള്ളുന്നതായും കാണാൻ കഴിയും. നവോത്ഥാന കാലഘട്ടം മുതൽ landscape എന്ന പദം ലളിത അർത്ഥതലത്തിൽ മനുഷ്യന്റെ ആവാസ മേഖലയെന്നും മനുഷ്യനിർമ്മിത വാസസ്ഥലങ്ങൾ എന്നുമുള്ള നിലയിൽ നിന്നു മാറി, landscaping or way of viewing (കാഴ്ചപ്പാട്, കാണുന്ന രീതി) എന്ന രീതിയിൽ പരിവർത്തനപ്പെട്ടതായി കാണാൻ സാധിക്കും.

മനുഷ്യകേന്ദ്രീകൃതവും പുരോഗമനപരവുമായ ചിന്തകളാൽ സമൂഹം നയിക്കപ്പെട്ടിരുന്ന നവോത്ഥാനകാലത്ത് യൂറോപ്പ്യൻ ചിത്രകലയുടെ കുലപതികളായ പിക്കാസോ, ഡാവിഞ്ചി തുടങ്ങിയവർ landscape എന്ന പദത്തെ നാമത്തിൽ (noun) നിന്ന് ക്രിയയാക്കി (verb) ക്കൊണ്ടാണ് ഉപയോഗപ്പെടുത്തിയത് എന്ന് മനസ്സിലാക്കിയിട്ടുള്ളതാണ്. സമൂഹത്തിന്റെ പ്രതിനിധീകരിക്കലും കാഴ്ചപ്പാടുകളും നിർമ്മിക്കുന്നതിനുള്ള ഉപാധികൾ (mean) എന്ന നിലയിൽ landscape എന്ന ഇംഗ്ലീഷ് പദം ഈ കാലത്ത് ഇംഗ്ലീഷ് ഭാഷകളിൽ ഉപയോഗിക്കപ്പെടുത്തി വന്നു.
18-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ August Comte-യുടെയും ജോൺ ലോക്കിന്റെയും Positivism, Empiricism തുടങ്ങിയ പുതിയ അറിവ് നിർമ്മാണ രീതികളും അവയുടെ ഗവേഷണ രീതിശാസ്ത്രങ്ങളും (methodology) അക്കാദമിക വിഷയങ്ങളിൽ വലിയ ചലനങ്ങൾ വരുത്തിയതായി വിലയിരുത്തിയതാണ്.
Landscape എന്ന സങ്കൽപം Cosmos എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ആധുനിക ഭൂമിശാസ്ത്ര പിതാവും ആയിട്ടുള്ള Humboldt, തന്റെ ഭൂമിശാസ്ത്ര രചനകളിലൂടെ പരിചയപ്പെടുത്തിയത് കൃത്യമായി അളന്ന് തിട്ടപ്പെടുത്താനും ഭൂപ്രകൃതിയെ തരംതിരിക്കാനും പ്രത്യേകകൾക്കനുസരിച്ച് വിശദീകരിക്കാനും സാധിക്കുന്ന ഭൗതികവസ്തു (Physical Entity) എന്ന രീതിയിലായിരുന്നു. തുടർന്ന് കാൾ ഒ സോറിനെ പോലുള്ള ഭൗമശാസ്ത്രജ്ഞർ landscape-നെ cultural എന്നും natural എന്നും തരംതിരിച്ചതായുള്ള വിശദീകരണങ്ങൾ ഓരോ landscape നിർമ്മിതിയുടെയും കാര്യകാരണങ്ങളെ വിശദീകരിക്കുന്നതിലും, സവിശേഷതകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിലേക്കും നയിച്ചതായി കാണാൻ കഴിയും. W.G. Hawkins ഉൾപ്പെടെയുള്ള ചരിത്രഗവേഷകർ ചരിത്രപരമായി നിലനിന്ന സാമൂഹ്യ- രാഷ്ട്രീയ വ്യവസ്ഥകൾ ഓരോ landscape-നെയും അതിൽ നിലകൊള്ളുന്ന മനുഷ്യാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട് എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും 1950-കൾ മുതൽ നേതൃത്വം നൽകിയതായി കാണാൻ കഴിയും.

അങ്ങനെ ഉള്ളടക്കം വികസിച്ചുകൊണ്ടിരിക്കുന്നതായ landscape പഠനങ്ങളുടെ Epistemology-യിൽ വന്ന മാറ്റത്തെയും ഓരോ നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. മനുഷ്യമനസ്സിലേക്ക് ഈ ആശയം പൂർണമായ തോതിൽ കുടിയേറിയത് മുതൽ മനുഷ്യ- പ്രകൃതിയെ വിശദീകരിച്ചതും നോക്കിക്കാണുന്നതും ദ്വന്ദവാദരീതിയിലാണെന്ന് വിലയിരുത്തേണ്ടതായി വരും. വിഷയവും വിഷയിയും തമ്മിലുള്ളതായ ബന്ധത്തിൽ, അതായത് പ്രകൃതിയെ വസ്തു (object or വിഷയം) എന്ന നിലയിലും മനുഷ്യരെ കർത്താവ് or subject (വിഷയി) എന്ന രീതിയിലുമാണ് തത്വചിന്താപരമായി ഗവേഷകർ നോക്കിക്കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതലുള്ള landscape-ന്റെ ശാസ്ത്രീയ വിശദീകരണങ്ങളിലൊക്കെയും പ്രകൃതിയെ വീക്ഷിക്കുന്നത് മനുഷ്യനാണ് അഥവാ പ്രകൃതി, വീക്ഷണ വസ്തുവായി ഉപയോഗപ്പെടുന്നു എന്ന് പറയുമ്പോൾ മനുഷ്യന്റെ മറ്റൊരു ദ്വന്ദമായി പ്രകൃതിയെ പരിഗണിക്കപ്പെട്ടു എന്ന് അർത്ഥമാക്കാം. അതായത് ദക്കാര്‍ത്തയുടെ ദ്വന്ദവാദത്തിൽ ഊന്നിക്കൊണ്ടുള്ള വിശദീകരണങ്ങളാണ് landscape നൽകിയത് എങ്കിലും (Perception through human sense organs, Inference, Comparisons) പ്രത്യക്ഷബോധം, അനുമാനം, യുക്തിവാദം, ഉപമിക്കൽ തുടങ്ങിയ രീതിശാസ്ത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് landscape-ന്റെ എല്ലാ വിശദീകരണങ്ങളും കാൾ ഒ സോർ ഉൾപ്പെടെയുള്ള ഭൗമഗവേഷകർ നൽകിയത് എന്ന് വിലയിരുത്താം.
1930-കളിൽ Edmund Husserl പരിചയപ്പെടുത്തിയ നവീന സാമൂഹ്യശാസ്ത്ര പഠനരീതിയായിരുന്നു Phenomenology. ഗ്രീക്ക് പദങ്ങളായ Phenomena-യും Ology -യും കൂടി ചേർന്നാണ് Phenomenology എന്ന പദം രൂപപ്പെട്ടത്. പ്രതിഭാസ വിശദീകരണം അല്ലെങ്കിൽ പ്രതിഭാസ വിജ്ഞാന ശാസ്ത്രം എന്നത് സാമൂഹ്യശാസ്ത്ര മേഖലയ്ക്ക് അറിവ് നിർമാണ പ്രക്രിയയുടെ നൂതന രീതിശാസ്ത്രം അവതരിപ്പിച്ചു. പ്രതിഭാസങ്ങളെ വിഷയവും, വിഷയിയും എന്നീ തരത്തിലുള്ള ദ്വന്ദവാദ വിഭജന രീതികളെ നിരാകരിച്ചുകൊണ്ട്, അനുഭവങ്ങളെ മുൻനിർത്തികൊണ്ടുള്ള അറിവ് നിർമ്മാണരീതിക്ക് ഊന്നൽ നൽകി. ഓരോ പ്രതിഭാസങ്ങളെയും സമൂഹത്തിലെ ഓരോ വ്യക്തികളിലും സൃഷ്ടിക്കപ്പെടുന്ന അനുഭവങ്ങളും, അറിവുകളും വ്യത്യസ്തമാണെന്നും, മുൻകൂട്ടി നിർമ്മിച്ചതായ ശാസ്ത്രീയ നിർവചനങ്ങൾപോലും വസ്തുക്കളെ വിശദീകരിക്കുന്നതിൽ അപര്യാപ്തമാണെന്നുള്ള സന്ദേശവും നൽകി. ഇതുവഴി Logical Positivism, Empiricism, Structuralism, തുടങ്ങിയ ചിന്താധാരകളുടെ പരിമിതികൾ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ നിഴലിക്കുന്നതായി തിരിച്ചറിയാൻ കഴിഞ്ഞു എന്നാണർത്ഥം. ഈ ചിന്താധാര വ്യക്തിയും സമൂഹവും അവരുടെ അനുഭവങ്ങളും അറിവിന്റെ നിർമ്മിതികളിൽ നിർണായകങ്ങളാണെന്നുള്ള തിരിച്ചറിവിലേക്ക് നിരവധി സാമൂഹ്യശാസ്ത്രജ്ഞന്മാർ 1970- കളോടെ മാറ്റപ്പെടുകയും phenomenology എന്ന സമീപനരീതിയെ അവർ ഏറ്റെടുത്തതായി കാണാം. പ്രത്യേകിച്ച് M. Heidegger, M. Ponty പോലുള്ള തത്വചിന്തകർ Dasein or being there എന്ന പദത്തെ പരിചയപ്പെടുത്തിക്കൊണ്ട് അനുഭവപഠനങ്ങളുടെ അനിവാര്യതയെ സാമൂഹിക പഠനങ്ങളിൽ ഉയർത്തിക്കാട്ടുകയുണ്ടായി. ഇത് Logical Positivism വഴി നിർമ്മിച്ചുവന്നിരുന്ന landscape-ന്റെ വിശദീകരണങ്ങളിൽ കൂടികൊള്ളുന്ന പരിമിതികളെയും പ്രകൃതിയെ അന്യവൽക്കരിച്ചുകൊണ്ടുള്ള നിലപാടുകളെ നിരാകരിക്കുന്നതിനു പകരം അനുഭവ പഠനത്തിനുള്ള സാധ്യത തുറന്നുനൽകി.

Phenomenology-യിൽ വസ്തുവും (വിഷയവും വിഷയിയും) കർത്താവും തമ്മിലുള്ള ദ്വന്ദവാദ സമീപത്തിനപ്പുറം subject object ആയും object subject ആയും കണക്കാക്കുന്ന രീതിയിലൂടെ വസ്തുതകളെ നോക്കിക്കണ്ടു. അതായത് മനുഷ്യനും പ്രകൃതിയും ഒരേ സമയം വിഷയവും വിഷയുയിമായി സമരസപ്പെട്ടുകൊണ്ട് നിലകൊള്ളുന്നത് കാണണം എന്ന് പഠിപ്പിക്കുന്നു. അനുഭവ അറിവുകളെ മനുഷ്യർക്ക് പ്രത്യക്ഷത്തിൽ ലഭിക്കുന്ന കേവല തിരിച്ചറിവുകൾക്കപ്പുറം ചരിത്രപരവും സാമൂഹിക-രാഷ്ട്രീയ സ്വാധീനത്തിലൂടെ ഉളവാക്കപ്പെടുന്നതുമായ സാമൂഹ്യസാഹചര്യങ്ങളെയും പരിഗണിക്കപ്പെടുന്നുണ്ട് എന്നതാണ് Phenomenology മുന്നോട്ടുവയ്ക്കുന്ന പഠനരീതിയുടെ സവിശേഷത. ഈ മാറ്റങ്ങൾ ഭൂപ്രകൃതി പഠനങ്ങളുടെ വിശദീകരണങ്ങളിൽ വ്യക്തിനിഷ്ഠ- അനുഭവങ്ങളുടെ രേഖപ്പെടുത്തലുകൾ ഉൾച്ചേർന്നതായി കാണാൻ കഴിയും. അതുവഴി എല്ലാവർക്കും എല്ലാ ഭൂപ്രകൃതിയും ഒരുപോലുള്ള അനുഭവത്തിനപ്പുറം വ്യക്തികളുടെ അനുഭവസാക്ഷ്യങ്ങൾക്കനുസൃതമായി ഭൂപ്രകൃതിയുടെ നിർവ്വചനം വ്യത്യസ്തമാണെന്നുള്ള സത്യത്തെ ഉൾക്കൊണ്ടു എന്നതാണ് വിപ്ലവകരമായ മാറ്റം.
'തിണ' സങ്കല്പം
സംഘകാല കൃതികളിൽ
2000 വർഷങ്ങൾക്കുമുമ്പ് തെക്കൻ ദ്രാവിഡ ജനതയുടെ ലാവണ്യ ബോധത്തിന്റെ ആവിഷ്കാരമെന്ന നിലയിലുണ്ടായ ഒരു സൈദ്ധാന്തിക ഗ്രന്ഥമാണ് തൊൽക്കാപ്പിയം. ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി ലാവണ്യ സിദ്ധാന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഈ കാവ്യമീമാംസ മനുഷ്യ- പ്രകൃതി പാരസ്പര്യത്തിന്റെയും, വ്യക്തിയുടെ ഭൗതിക മാനസിക വ്യവഹാരങ്ങളിലെ തന്റെ ചുറ്റുപാടിനുള്ള സ്വാധീനത്തേയും ശ്രദ്ധേയമായി പ്രതിപാദിക്കുന്നുണ്ട്.
landscape പഠനങ്ങളുടെ വ്യാപ്തിയെ ഉൾക്കൊണ്ട് തെക്കേ ഇന്ത്യയിലെ ദ്രാവിഡ സമൂഹത്തിൽ ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി ഒന്നാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട സാഹിത്യ സമാഹാരമാണ് തൊൽകാപ്പിയറുടെ തൊൽക്കാപ്പിയം. ആധുനിക landscape പഠനങ്ങളോട് സമാനത പുലർത്തുന്ന രീതിയിൽ തിണ എന്ന സങ്കല്പത്തെ പരിചയപ്പെടുത്തിയതിലൂടെ മനുഷ്യ- പ്രകൃതി ബന്ധത്തിന്റെ സാധ്യതകളെയും, അനിവാര്യതയെയും 2000 വർഷങ്ങൾക്കുമുമ്പ് തന്നെ ലോകത്തിന് പരിചയപ്പെടുത്തിയെന്നതാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്.
ദ്രാവിഡ ലാവണ്യശാസ്ത്രത്തിന്റെ ആധികാരിക രേഖയായി കണക്കാക്കേണ്ടുന്ന പൊരുളതികാരത്തിൽ മനുഷ്യജീവിതത്തെ അതിന്റെ പശ്ചാത്തലത്തോടും പ്രേരകശക്തിയായി നിലകൊള്ളുന്ന ഭൂപ്രകൃതിയോടും കാലാവസ്ഥകളോടും ബന്ധം പുലർത്തിക്കൊണ്ട് വിശദീകരിക്കപ്പെട്ട അമൂല്യമായ സാകല്യ ദർശനമാണ് തിണ സങ്കല്പം. തൊൽക്കാപ്പിയത്തിലെ പൊരുളതികാരം ദ്രാവിഡ കാവ്യമീമാംസയുടെ ബീജരൂപമാണ്. അത് വികസിപ്പിച്ചെടുത്താൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പുരാതനവും മൂല്യവത്തുമായ ഒരു പരിസ്ഥിതി ലാവണ്യസിദ്ധാന്തം ലഭ്യമായേക്കും. ഇപ്പോൾ ഭാഷകളിൽ Eco Poets എന്ന് വിളിക്കുന്ന പരിസ്ഥിതി കാവ്യമീമാംസകളോട് സാമ്യത പുലർത്തുന്ന വിശദീകരണങ്ങൾ തിണ എന്ന സങ്കൽപത്തിലൂടെ തൊൽകാപ്പിയർ പരിചയപ്പെടുത്തുന്നുണ്ട് എന്നത് ഗൗരവമായി പഠനവിധേയമാക്കേണ്ടതാണ്.

തൊൽക്കാപ്പിയത്തിൽ സാഹിത്യത്തെ മൊത്തത്തിൽ അകം കവിതകൾ എന്നും പുറം കവിതകൾ എന്നും തരംതിരിച്ചിട്ടുണ്ട്. അകം എന്നാൽ ആന്തരികം, വ്യക്തിഗതം, മനഃശാസ്ത്രാധിഷ്ഠം, മൃദുലവികാരമോഹനം, ആത്മനിഷ്ഠം എന്നൊക്കെ വിശദീകരിക്കാം.
പുറം എന്നാൽ ബാഹ്യം, സാമൂഹ്യശാസ്ത്രാധിഷ്ഠം, വസ്തുനിഷ്ഠം, സാമൂഹിക- രാഷ്ട്രീയ വ്യവസ്ഥിതികൾ എന്നൊക്കെയാണ് പറഞ്ഞുവയ്ക്കുന്നത്. തൊൽക്കാപ്പിയത്തിലെ തിണ എന്ന സങ്കല്പത്തെ വിശദീകരിക്കുന്നതിലും പുറം, അകം എന്നീ രണ്ട് അടിസ്ഥാന വിഭജന രീതികൾ കാണാം. വിവിധ ഭൂഭാഗങ്ങളെ പ്രതിനിധീകരിക്കാൻ തൊൽകാപ്പിയർ വികസിപ്പിച്ചെടുത്ത തിണ സങ്കല്പവും അതിന്റെ ഉപഭാഗങ്ങളായ അകത്തിണയും പുറത്തിണയും സമൂഹത്തിലെ (മനുഷ്യരുടെ) സ്ഥലസവിശേഷതകൾക്കു പുറമേ സാമൂഹ്യ സാഹചര്യങ്ങളെയും വിശദീകരിച്ചിട്ടുള്ളതായി കാണാം.
അകത്തിണ എന്നതുകൊണ്ട് തൊൽകാപ്പിയർ അർത്ഥമാക്കുന്നത് അകം കവിതകളിൽ പരാമർശിക്കപ്പെട്ട വികാര സ്വഭാവസവിശേഷതകൾ (മനഃശാസ്ത്രാധിഷ്ഠം, മൃദുലവികാരമോഹനം, ആത്മനിഷ്ഠം) തുടങ്ങിയവയാണ്. ഓരോ തിണകളും മനുഷ്യരിൽ സൃഷ്ടിച്ചെടുക്കുന്ന ആന്തരിക സ്വഭാവരീതികളുടെ വിശദീകരണങ്ങൾ ആണെന്ന് പറഞ്ഞു വയ്ക്കുന്നത്.
പുറം കവിതകളിൽ പരാമർശിക്കപ്പെടുന്ന സാമൂഹിക- രാഷ്ട്രീയ വസ്തുനിഷ്ഠപരമായ പ്രത്യേകതകളെ ഓരോ തിണയിൽ നിന്നും സാഹിത്യകാരൻ കണ്ടെത്തിക്കൊണ്ട്, പുറംതിണ സവിശേഷതകളെന്ന രീതിയിൽ വിശദീകരിക്കുകയാണിവിടെ. എന്നാൽ പരസ്പരം ബന്ധപ്പെടാത്ത അറകളായി കാണാതായിട്ടുമില്ല. തിണമയക്കം എന്ന ആശയത്തിലൂടെ അകവും പുറവും തമ്മിലുള്ള ബന്ധങ്ങൾക്ക് സാധ്യത കൽപ്പിക്കുന്നുമുണ്ട്.
തെക്കേ ഇന്ത്യയിലെ തമിഴകദേശത്തിന്റെ ഭൂപ്രകൃതി വ്യത്യസ്തതയേയും മനുഷ്യർ ഓരോ പ്രകൃതിയിലും നടത്തുന്ന വ്യവഹാരങ്ങളുടെ സവിശേഷതകളെയും പരിഗണിച്ചുകൊണ്ടാണ് തൊൽക്കാപ്പിയർ 7 തിണകളെ വികസിപ്പിച്ചെടുത്തത് എന്ന് അനുമാനിക്കാം. ഓരോ തിണയെയും അതിന്റെ ഭൗതികവും ജൈവപരവും സാമൂഹികവുമായ സവിശേഷതകളെ ഉൾക്കൊണ്ട് മുതൽപൊരുൾ, കരുൾപ്പൊരുൾ, ഉരുൾപ്പൊരുൾ എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
പൊരുളതികാരത്തിൽ വിവരിച്ചിട്ടുള്ളതനുസരിച്ച് ‘തിണ’ എന്ന സങ്കൽപ്പത്തെ നോക്കിയാൽ ഈ കാവ്യരൂപത്തിൽ ആദ്യം പ്രസ്താവിക്കുന്നത് സ്ഥലകാലങ്ങൾ സംഭവിച്ചവയാണ്. അതായത് അകത്തിണയിലും പുറത്തിണയിലും ഒന്നാം ഭാഗങ്ങളായി വർത്തിക്കുന്ന മുതൽപ്പൊരുൾ ഓരോ തിണയിലും എവിടെ, എപ്പോൾ, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുന്നുണ്ട്. രണ്ടാംഭാഗം കരുൾപ്പൊരുൾ; ഓരോതിണയിലും മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളെയും ഓരോ തിണയിലും സസ്യജന്തുജാല വിശദീകരണങ്ങളും ആണ് ഇവിടെ കാണാൻ കഴിയുക. ഉരുൾപ്പൊരുൾ: ഓരോ തിണയും മനുഷ്യനിൽ സൃഷ്ടിക്കുന്ന മാനസിക വ്യവഹാരങ്ങളെ ചില വിശ്വാസ രൂപങ്ങളെയും സൂചിപ്പിക്കുന്നു.
കാലദേശങ്ങൾക്ക് അനുയോജ്യമായതും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരിഗണിച്ചുകൊണ്ടുമാണ് ദ്രാവിഡരുടെ ഈ അമൂല്യ സാഹിത്യത്തിൽ പശ്ചാത്തലവും ഇതിവൃത്തവും വിവരിച്ചിട്ടുള്ളതെന്ന്ഈ വിശദീകരണങ്ങളിൽ നിന്നും കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
അകത്തിണകളും
പുറത്തിണകളും
തൊൽകാപ്പിയർ 7 തിണ സങ്കല്പങ്ങളെയാണ് പരാമർശിച്ചിട്ടുള്ളത് എങ്കിലും അവയിൽ പ്രധാനമായും അഞ്ച് തിണകളായ മുല്ല, കുറിഞ്ചി, പാല, മരുതം, നെയ്തൽ തുടങ്ങിയവയെയാണ് കൂടുതൽ പഠനവിധേയമാക്കിയിട്ടുള്ളത്. കൈക്കിള, പെരുന്തിണ തുടങ്ങിയ രണ്ട് തിണകളെ വലിയ രീതിയിൽ വിശദീകരിക്കുന്നതായി കാണുന്നില്ല. ഈ മഹാകാവ്യത്തിൽ പ്രധാനപ്പെട്ട അഞ്ച് തിണകൾക്കും അകത്തിണ, പുറത്തിണ എന്നീ വിഭജനങ്ങൾ ബാധകമാണ്. അതിനുപുറമേ, ഓരോ തിണയെയും വീണ്ടും മുതൽപ്പൊരുൾ, കരുൾപ്പൊരുൾ, ഉരുൾപ്പൊരുൾ എന്നീ മൂന്ന് ഉപ വിഭാഗങ്ങളായി തരം തിരിക്കുന്നതിനോടൊപ്പം, 15 വ്യത്യസ്തവും വിശദവുമായ തിണകളുടെ സ്വഭാവ സവിശേഷതകളെ വിശദീകരിക്കുന്നുമുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
തൊൽകാപ്പിയർ പുറംതിണ എന്ന ആശയത്തിലൂടെ മനുഷ്യസമൂഹങ്ങൾ, അവയുടെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥകൾ, ഭരണകൂടവും തുടങ്ങിയ മനുഷ്യൻ സാമൂഹ്യ ജീവിയായി നിലനിന്നുപോരുന്നതിന്റെ കാര്യകാരണങ്ങളെയും സൂചിപ്പിക്കുന്നു. പുറംതിണയും തൊൽകാപ്പിയർ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ 7 ആയി തന്നെ വിഭജിക്കുന്നുണ്ട്. കൂടാതെ ഓരോ പുറംതിണയെയും (അകത്തിണയിൽ നടത്തിയ വിഭജനം പോലെ) മൂന്ന് ഉപവിഭാഗങ്ങളായി (മുതൽപ്പൊരുൾ, കരുൾപ്പൊരുൾ, ഉരുൾപ്പൊരുൾ) തരംതിരിക്കുകയും അവരുടെ സവിശേഷതകളെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പുറംതിണ എന്ന സങ്കൽപത്തിലൂടെ ഓരോ സമൂഹവും രാഷ്ട്രീയമായി ഇഴകിച്ചേർന്നു നിൽക്കേണ്ടതിന്റെയും ഓരോ വ്യക്തിയും സമൂഹജീവിയായി നിലകൊള്ളുന്നതിന്റെയും അതിനു സഹായകമായ നിനിയമാവലികളും ഉത്തരവാദിത്തങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, പറഞ്ഞുകൊണ്ടാണ് ഓരോ പുറംതിണയും വിശദീകരിച്ചിരിക്കുന്നത്.

ഇനി വരുന്ന ഭാഗങ്ങളിൽ പൊരുളതികാരത്തിൽ പരാമർശിച്ചിട്ടുള്ള അഞ്ച് പ്രധാന തിണകളായ കുറിഞ്ഞി, മുല്ലൈ, പാല, നെയ്തൽ, മരുതം തുടങ്ങിയവയെ വിശദമായി പരിശോധിക്കുന്നതിനും വർത്തമാനകാല തമിഴ്നാട്ടിലെ സ്ഥലപരവും സാംസ്കാരികവുമായ അവസ്ഥകളോട് 2000 വർഷത്തെ പഴക്കമുള്ള തിണസങ്കല്പം എത്രകണ്ട് നീതി പുലർത്തുന്നുണ്ട് അഥവാ പ്രാധാന്യത്തോടെ നിലനിൽക്കുന്നുണ്ട് എന്ന് പരിശോധിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ. ഇതിനുവേണ്ടി ഇന്നത്തെ തമിഴ്നാട്ടിലെ ഭൂപ്രകൃതിയെ തിണ സങ്കല്പത്തിന്റെ വിശദീകരണങ്ങളെ പരിഗണിച്ചുകൊണ്ട് കണ്ടെത്തുകയും ഓരോ തിണയെയും തരംതിരിച്ച് ഭൂപടമായി പരിവർത്തനപ്പെടുത്തി, ഓരോ തിണയെയും വർത്തമാന സാമൂഹ്യ-രാഷ്ട്രീയ-മനോവികാര സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കുന്നു. കുറിഞ്ചി തിണയെ ആണ് സൂക്ഷ്മ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കുറിഞ്ചി തിണൈ
തമിഴകത്തെ മലമ്പ്രദേശങ്ങളെ പ്രതിനിധീകരിക്കപ്പെടുന്ന കുറിഞ്ചി തിണയെ ആണ് വിശദ പഠനത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്നത്തെ പശ്ചിമഘട്ട മലനിരകളിലെ തമിഴ്- കേരള സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നതും സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർ മുകളിൽ ഉള്ളതുമായ ഭൂഭാഗങ്ങൾ മുഴുവനും കുറിഞ്ചി തിണൈ പ്രദേശമായി / landscape ആയി പരിഗണിക്കപ്പെടുന്നത്. ഇന്നത്തെ തമിഴ്നാടിന്റെ 30 % പ്രദേശത്തെ ഉൾക്കൊള്ളുന്ന ഈ ഭൂവിഭാഗം, സേലം, ഉദകമണ്ഡലം, കൊടൈക്കാനൽ, കുട്രാലം, തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും കാണുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്നതും മലനിരകളെ ആകെ ആവരണം ചെയ്യുന്നതായ strobilanthes kunthiana എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുറിഞ്ഞി എന്ന പൂച്ചെടിയുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. വർത്തമാനകാലത്തും സഹ്യപർവ്വത നിരകളിലെ ഇടുക്കി, ഊട്ടി, വയനാട്, തെന്മല തുടങ്ങിയ മലമ്പ്രദേശങ്ങളിൽ 12 വർഷത്തിലൊരിക്കൽ ഈ ‘പൂമല’ കാഴ്ച സാധ്യമാണ്. തൊൽകാപ്പിയർ രേഖപ്പെടുത്തിയിട്ടുള്ള കുറിഞ്ചിയുടെ പ്രകൃതിയും അതിലെ ജൈവസമ്പത്തും പരിശോധനയ്ക്ക് വിധേയമാക്കിയാൽ Tropical Semi Evergreen ഇനത്തിൽപ്പെട്ടതായ സസ്യങ്ങളും (Rosewood, Bamboo, etc) കുരങ്ങ്, കാള, ആന,കരടി, പുലി തുടങ്ങിയ മൃഗങ്ങളും ആണ് കാണാൻ കഴിയുക. നല്ല മഴ ലഭിക്കുന്ന സ്ഥലമായും ജന്തുക്കളാലും സസ്യലതാതികളാലും നിബിഡമായ ഇടവും സൂചിപ്പിക്കുന്നുണ്ട്. ഈ പ്രദേശത്തിലെ ആദിമ മനുഷ്യ സമൂഹങ്ങൾ കുറവന്മാരാണെന്നും കാലിമേക്കൽ, വനവിഭവങ്ങൾ ശേഖരിക്കൽ എന്നിവവയാണ് പ്രധാന തൊഴിലുകൾ എന്നും സാഹിത്യ സമാഹാരത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സംരക്ഷണ നായകനായി ദ്രാവിഢ ചേകോൻ എന്ന ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. വേദ ഇതിഹാസങ്ങളിലെ ദൈവങ്ങളുമായി യാതൊരു വിധത്തിലുള്ള സമാനതയുമില്ല എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. മുതൽപ്പൊരുൾ പ്രകാരം ശരത്, ഹേമന്തകാലത്തിന്റെ കാലാവസ്ഥയും ഉരുൾപ്പൊരുൾ പ്രകാരം കാമുകീ കാമുകന്മാരുടെ സ്നേഹത്തിലുള്ള കൂടിച്ചേരലുകളുടെ മാനസികാവസ്ഥയും ഈ തിണ പ്രതിനിധീകരിക്കുന്നുണ്ട്.
വർത്തമാനകാലത്തെ മുൻനിർത്തി കുറഞ്ചി തിണ എന്ന ഭൂഭാഗത്തെ പരിശോധിക്കുമ്പോൾ തൊൽകാപ്പിയർ പറഞ്ഞതായ സസ്യ- ജന്തുജാല വിതരണവും നല്ല മഴ ലഭ്യമാകുന്നതും തണുത്ത കാലാവസ്ഥ നൽകുന്നതുമായ സ്ഥലങ്ങൾ കേരള-തമിഴ്നാട്ടിൽ മലമ്പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ജില്ലകളായ ഊട്ടി, ഇടുക്കി, വയനാട് തുടങ്ങിയ നിരവധി ഇടങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാൻ കഴിയും. കുറിഞ്ഞിപ്പൂക്കളുടെ സ്ഥാനവും അതിന്റെ വിരിയുന്ന കാലവും കൃത്യമായി തൊൽക്കാപ്പിയത്തിലെ വിശദീകരണ രീതിയിൽ തന്നെ ഇന്നും ആവർത്തിക്കുന്നത് കാണാം.

തൊൽകാപ്പിയ വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി അകത്തിണയിലും പുറത്തിണയിലും ഈ പ്രദേശങ്ങളിൽ ഇന്ന് കുറുവർ ആദിവാസി മനുഷ്യസമൂഹത്തിനൊപ്പം, പല തരത്തിലുള്ള മനുഷ്യ ഇടപെടലുകളും സംസ്കാരങ്ങളും ഇപ്പോൾ കാണാം. അതോടൊപ്പം ഇവിടത്തെ സമൂഹങ്ങളുടെ ജീവിതരീതിയിലും (കൃഷി, വ്യവസായം) പലതരം വ്യത്യാസങ്ങൾ പ്രത്യേക കൃഷിരീതിയിൽ വിഭവങ്ങളുടെ വിനിയോഗത്തിലും വന്നതായി കാണാം. സാമൂഹിക- രാഷ്ട്രീയ വ്യത്യാസങ്ങൾ എല്ലാകാലത്തും ഇത്തരം പ്രകൃതിബന്ധങ്ങളുടെ നിർവചനങ്ങളിൽ മാറ്റം സൃഷ്ടിച്ചു എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് ഓരോ ദേശത്തെയും നോക്കിക്കാണുന്നത്.
തുടർന്ന് തൊൽക്കാപ്പിയം പരാമർശിച്ചിട്ടുള്ള മുല്ലൈ, പാലൈ, മരുതം, നെയ്തൽ തുടങ്ങിയ ഭൂപ്രകൃതി വിശദീകരണങ്ങളും (അകത്തിണ, പുറത്തിണ) അവിടങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയ മാനസിക വ്യവഹാരങ്ങളും വലിയ വ്യത്യാസങ്ങൾക്ക് വിധേയമാകാതെ ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. മനുഷ്യജാതികളുടെ വിവിധ സമയത്തുള്ള രാഷ്ട്രീയ- സാമൂഹ്യ പരിവർത്തനങ്ങൾ, വിവിധ സംസ്കാരങ്ങളുടെ ഐക്യപ്പെടലുകൾ, അതുവഴി മനുഷ്യ- പ്രകൃതി ബന്ധത്തിലുണ്ടാകുന്ന ഉത്പാദന- വിതരണ രീതിയിലെ വ്യത്യാസങ്ങൾ എന്നിവയെ മാറ്റത്തിന്റെ തത്വമായി കണ്ട് മനസ്സിലാക്കിയാൽ ഇന്നും അഞ്ച് പ്രധാന തിണ സങ്കല്പത്തിനും വലിയ പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവിലേക്ക് എത്തിപ്പെടും. നിലവിലെ ഭൂപടത്തെ മുൻനിർത്തിക്കൊണ്ടുള്ള ചുവടത്തെ വിശദീകരണങ്ങളും തൊൽക്കാപ്പിയർ രേഖപ്പെടുത്തിയ വിശദീകരണ പട്ടികകളും ഒരുമിച്ചു വായിച്ചാൽ ഇന്നും നിരവധി സാമ്യതകൾ കണ്ടെത്താൻ കഴിയുന്നതിനോടൊപ്പം പഠന സാധ്യതകൾക്കുള്ള വഴിയൊരുന്നുമുണ്ട്.
ലോകത്തിലെ ആദ്യത്തെ പരിസ്ഥിതിക ലാവണ്യ സിദ്ധാന്തം എന്ന് വിശേഷിപ്പിക്കാവുന്ന പൊരുളതികാരദർശനത്തിലുള്ള ചില സവിശേഷതകൾ എടുത്തുപറയേണ്ടവയാണ്.
തൊൽകാപ്പിയത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള കാലങ്ങൾ / കാലാവസ്ഥകൾ രണ്ടാണ്; ഒന്ന് മഴക്കാലം, വേനൽക്കാലം തുടങ്ങിയ ഋതുക്കളും രണ്ട്, പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യ, രാത്രി തുടങ്ങിയ ദിനാവസ്ഥകളും.
പ്രഥമദൃഷ്ട്യാ പൊരുളതികാരത്തിൽ കാലങ്ങളെ കുറിച്ചാണ് പറയുന്നതെങ്കിലും വിശാലാർത്ഥത്തിലുള്ള കാലപരിഗണനകൾ, ഓരോ തിണകളുടെയും ചരിത്രപരവും പുരാതനവുമായ സാമൂഹ്യ സാഹചര്യങ്ങൾ, അതിന്റെ വളർച്ച, ഭൗതിക പരിവർത്തനം എന്നിവ സൂചിപ്പിക്കുന്ന നിരവധി കാലസൂചനകൾ തിണകളിൽ ഉൾച്ചേർന്നിട്ടുണ്ട്. കാരണം, കാലാവസ്ഥ എന്ന് പറയാനും നിർവചിക്കാനും തുടങ്ങുന്ന സമൂഹങ്ങൾക്കും അവരുടെ സാമാന്യബോധങ്ങൾക്കും ചരിത്രത്തെ ഉൾക്കൊള്ളാൻ കഴിയുന്ന സങ്കല്പങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. തിണ സങ്കല്പത്തിൽ പ്രതിപാദിച്ച ദേശാവസ്ഥകൾ എന്നത് കൃതിയിലെ സംഭവങ്ങൾ നടക്കുന്ന സ്ഥലം, കൃതി രചിച്ച സ്ഥലം, കൃതിയിലെ ജീവിതങ്ങൾ ഉൾപെടുന്ന പ്രകൃതി പരിസരങ്ങൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നുണ്ട്.
2000 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട തൊൽക്കാപ്പിയത്തിലെ തിണ എന്ന വിശദീകരണത്തിനും വർത്തമാനകാല landscape സങ്കൽപവുമായി അടുത്ത ബന്ധം പുലർത്തുന്ന സവിശേഷതകളും അർത്ഥവ്യാപ്തികളും ഉണ്ടെന്നു പറയുന്നത്; ഇവ രണ്ടും മുന്നോട്ടുവയ്ക്കുന്ന വിശദീകരണങ്ങളെ വ്യാപ്തികളുടെ അടിസ്ഥാനത്തിലും അറിവ് നിർമ്മിക്കപ്പെട്ട രീതിയിലെ ശാസ്ത്രീയതയെയും മുൻനിർത്തി കൊണ്ടാണ്. ചില സാമൂഹ്യ സാഹചര്യങ്ങളുടെ പിരിമുറുക്കങ്ങൾ, അനിവാര്യതകൾ, ദേശകാല വ്യത്യാസങ്ങൾക്കതീതമായി സമാനമായ അറിവുകൾ പല സമൂഹങ്ങളിലും നിർമ്മിക്കപ്പെടും എന്ന ബോധം ഉണ്ടെങ്കിലും സംഘകാലത്ത് ഇത്രയും ഗൗരവകരവും ശാസ്ത്രീയവുമായ പ്രകൃതി-മനുഷ്യ പാരസ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണങ്ങൾ ആശ്ചര്യമുളവാക്കുന്നതാണ്. സാഹിത്യത്തെ മൊത്തത്തിൽ അകം എന്നും പുറം എന്നും തരംതിരിക്കുന്നതിലൂടെ വിഷയാവിഷ്കാര തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മൗലികമായ വർഗ്ഗീകരണം നടത്തുന്നതായി മനസ്സിലാക്കാം.
കാവ്യാസ്വാദനവും ജീവിതരീതികളും കാലദേശാവസ്ഥകളോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന മനസ്സിലാക്കിക്കൊണ്ടുള്ള ഉപദർശനവും മൗലികമായ ഒന്നായി വിലയിരുത്താം. സ്ഥലകാലബന്ധമില്ലാതെ സാഹിത്യകൃതി ഉണ്ടാകില്ലെന്നും സ്ഥലകാലങ്ങളോട് ബന്ധിപ്പിക്കാതെ സാഹിത്യരചനകളും സാഹിത്യ ആസ്വാദനവും പൂർണമാകില്ലെന്ന് പൊരുളതികാരം സൂചിപ്പിക്കുന്നു. അതിനോടൊപ്പം, ജീവിതരീതികൾ, സംസ്കാരങ്ങൾ എന്നിവയുടെ വികാസം പോലും സ്ഥലകാല വ്യത്യാസങ്ങൾ കാരണമാണെന്ന് മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

തെക്കേ ഇന്ത്യയിലെ തമിഴകത്തെ പ്രധാന അഞ്ചു ഭൂഭാഗങ്ങളായി തരംതിരിച്ച് അവരുടെ സസ്യ-ജന്തുജാല വിവരണങ്ങളും മനുഷ്യജീവിതങ്ങളും (തൊഴിലുകളും) ഉപജീവന ക്രമീകരണങ്ങളും പരാമർശിക്കുന്നുണ്ട്. ഇങ്ങനെ അഞ്ചു തരത്തിലുള്ള ഭൂപ്രകൃതികൾക്കും ഓരോ തിണയിലും സൂചിപ്പിച്ചിട്ടുള്ള പല വിശദീകരണങ്ങൾക്കും ഇന്നും ശാസ്ത്രീയാടിത്തറയുണ്ടെന്ന് മനസ്സിലാക്കാനും, അവയെ നേരിൽ കാണാനും കഴിയും എന്നത് തിണ സങ്കൽപത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. അതായത് തിണ സങ്കൽപത്തിലൂടെ കുറഞ്ചി ഉൾപ്പെടെയുള്ള വിവിധ ഭൂപ്രകൃതികളെ ആധുനിക ഭൂമിശാസ്ത്ര രീതിശാസ്ത്ര അളവുകോലുകളുടെ സഹായത്താൽ പരിശോധിച്ചാലും 2000 വർഷങ്ങൾക്കു മുമ്പ് നൽകിയ വിശദീകരണങ്ങൾക്കുമേലുള്ള ചില കൂട്ടിച്ചേരലുകൾ മാത്രമേ നടത്താൻ കഴിയൂ എന്നതാണ് വാസ്തവം. ഈ തിരിച്ചറിവുകൾ തിണ എന്ന സങ്കല്പത്തിന്റെ വർത്തമാനകാല പഠന സാധ്യതയ്ക്കൊപ്പം അന്നത്തെ തമിഴകത്തിന്റെ ശാസ്ത്രബോധത്തിലും സാമൂഹ്യ കാഴ്ചപ്പാടിലും പുലർത്തിയിട്ടുള്ളതായ ഉയർന്ന നിലവാരം ആശ്ചര്യപ്പെടുത്തുന്നതാണ്.
ഭൂപ്രകൃതി സങ്കൽപ്പത്തിന്റെ പിതൃത്വം തമിഴകത്തിലേക്ക്
സംഘകാലകൃതികളിൽ പ്രത്യേകിച്ച് തൊൽക്കാപ്പിയത്തിലെ പൊരുളതികാരത്തിൽ സൂചിപ്പിച്ചിട്ടുള്ള തിണ സങ്കൽപത്തെ മനുഷ്യരുടെ ആദിവാസിമേഖല പ്രതിനിധീകരിക്കുന്ന ഇടം എന്ന (രീതിയിൽ) അർത്ഥത്തിൽ മാത്രമാണ് വിശദീകരിക്കപ്പെട്ടത് എന്ന് കാണുക പ്രയാസമാണ്. ബി.സി ഒന്നാം നൂറ്റാണ്ടു മുതൽ സംഘകാലകൃതികൾ (എട്ടുകൈ, തൊൽകാപ്പിയം) landscape-നെ ഭൗതിക ഇടത്തിനോടൊപ്പം സാമൂഹിക- സാംസ്കാരിക- മാനസിക വ്യവഹാരങ്ങൾ ഉൾക്കൊള്ളുന്ന ജീവിത ഇടമായി പരിഗണിച്ചിരുന്നു എന്നതാണ് വസ്തുത. 2000 വർഷങ്ങൾക്കു മുമ്പ് തെക്കേ ഇന്ത്യയിലെ തമിഴകത്തെ 7 തിണകളായി വർഗീകരിച്ചതും അതിന്റെ ജൈവസാധ്യതകളെ പരിചയപ്പെടുത്തിയതും അതിലുപരി മനുഷ്യപ്രകൃതി പരസ്പര്യത്തെയും കൃഷിരീതികളെയും പരാമർശിക്കുന്നതിനും (ഉൾക്കൊള്ളാനുള്ള ശേഷി) തിണ സങ്കൽപ്പത്തിന് ഉണ്ടായിരുന്നതായി വിലയിരുത്തപ്പെട്ടതാണ്.
തിണയെ കേവല ഭൗതിക ഇടം എന്നതിനപ്പുറം മനുഷ്യ അതിവാസസ്ഥലമായി അവതരിപ്പിക്കുന്നു തൊൽക്കാപ്പിയർ. (These are dynamic, with the changing properties and fluid boundaries that are the product if the interplay of a wide variety of environmental and human factors). അതിനോടൊപ്പം ഓരോ തിണയും സാമൂഹിക ഇടമായി കരുതി, മനുഷ്യസമൂഹത്തിന്റെ നിർമിതിയിലും വളർച്ചയിലും വ്യക്തികളുടെ സ്വത്വബോധത്തിലും ത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു ജൈവ വസ്തു എന്ന പോലെയും (Organic Entity) പരിഗണിച്ചാണ് എഴുതിയിരിക്കുന്നത്. (Things provide the setting for the people’s daily life and their social relations. Thina provides an opportunity that people learn who and what they are, how they are expected into think and what life is likely to hold for them).
അങ്ങനെ തിണകൾ മനുഷ്യനിൽ ശക്തമായ വൈകാരികവും സാംസ്കാരികവുമായ ഓർമ്മപ്പെടുത്തുന്ന ഇടങ്ങളായും നിലകൊള്ളുന്നതിനാൽ ഓരോ തിണകളും ആ സമൂഹത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളായും വിശകലനം ചെയ്യപ്പെടുന്നതായികാണാം. തിണകളെ സാംസ്കാരിക ചിഹ്നമായി പരിഗണിക്കുന്നു എന്നതുകൊണ്ട് അവ ‘ദീർഘകാല ജീവിത സാഹചര്യം’ നൽകുന്നതും, സാമൂഹ്യ നിയമാവലികളും നീതിബോധങ്ങളും ഓരോ മനുഷ്യ സമൂഹങ്ങൾക്കുമുണ്ടെന്ന് സ്ഥാപിക്കുന്നതും അത് ഓരോ തിണകളിൽ നിന്നും വ്യത്യസ്തവുമാണ് എന്നുമാണ് മനസ്സിലാക്കേണ്ടത്.
ഈ വിശദീകരണങ്ങളിൽ നിന്ന് തെളിഞ്ഞുവരുന്ന പ്രധാന സംഗതി ഇതാണ്: ദ്വന്ദവാദ സമീപനങ്ങൾക്കതീതമായി പ്രകൃതി- മനുഷ്യ ബന്ധത്തെ സമൂഹത്തിന്റെ ജൈവശരീരമായി, അല്ലെങ്കിൽ തന്റെ ശരീരത്തിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ജൈവആലയം എന്ന നിലയ്ക്കാണ് എന്ന് ബോധ്യപ്പെടുന്നതാണ്. അതായത് ഓരോ സമൂഹത്തിന്റെയും വ്യക്തിയുടെയും പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ചിന്തകളും പ്രതികരണങ്ങളും ഉത്ഭവിക്കുന്നത് അവരുടെ സ്ഥാനം (Place) ഉൾക്കൊള്ളുന്ന തിണയിലാണ് എന്ന് അനുമാനിക്കേണ്ടതായി വരും.

ഇതിൽനിന്ന് ഒരു കാര്യം മനസിലാക്കാം. വർത്തമാനകാല സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളായ Phenomenology-യുടെ അലയടികൾ തിണയുടെ അറിവ് നിർമ്മാണത്തിലും പ്രതിഫലിക്കുന്നുണ്ട്. തൊൽകാപ്പിയത്തിൽ Phenomenology-യുടെ സാധ്യതയെ പ്രയോജനപ്പെടുത്തിയും അകത്തിണ, പുറത്തിണയുടെ വിശദീകരണങ്ങളിൽ Action network theory (ANT)- യുടെയും Non representation theory- യുടെയും അംശങ്ങൾ ചെറിയ രീതിയിലെങ്കിലും ഗ്രന്ഥകാരൻ ഉൾക്കൊണ്ടും നൽകിയ വിശദീകരണങ്ങളാണ് തിണയിലൂടെ നൽകിയതെന്ന താരതമ്യപഠനത്തെ പൂർണമായി നിരാകരിക്കാൻ സാധിക്കില്ല.
Henry Lefebvre production of space- ലൂടെ ഇടം എന്നത് സാമൂഹിക- രാഷ്ട്രീയ- മാനസിക വ്യവഹാരങ്ങൾക്കുള്ള സാധ്യത കൽപ്പിക്കുന്ന ഇടം എന്ന തരത്തിലുള്ള നിർവ്വചനമാണ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിശദീകരണങ്ങളിൽ സൂചിപ്പിക്കുന്ന physical space-ഉം mental space-ഉം lived space-ഉം സംഘകാലകൃതികളിൽ പറഞ്ഞ തിണയുടെ വിശദീകരണങ്ങളിൽ കണ്ടെത്താമെന്നത് തിണ എന്ന ഭൂപ്രകൃതി വിശേഷണങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
Physical space-നെ കരുൾപ്പൊരുളിനോടും മുതൽപ്പൊരുളിനോടും, mental space-നെ ഉരുൾപ്പൊരുളിനോടും താരതമ്യം ചെയ്താൽ, തൊൽകാപ്പിയർ പറഞ്ഞ തിണയുടെ വിശദീകരണങ്ങളുടെ ആധുനിക രൂപമായി Lefebvre സൂചിപ്പിച്ച lived space-നോട് ചെറിയ രീതിയിലെങ്കിലും പരിഗണിക്കാം.
ചുരുക്കിപ്പറഞ്ഞാൽ western അക്കാദമിക സമൂഹത്തിൽ കഴിഞ്ഞ 2000 വർഷത്തെ ബൗദ്ധിക വളർച്ചയിലൂടെ സാധ്യമായ ഇന്നത്തെ landscape സങ്കല്പത്തിന്റെ വിവിധ വശങ്ങൾ വളരെ സമാനതകളോടെ സംഘകാല സാഹിത്യകൃതികളിൽ സൂചിപ്പിക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തലുകൾ ഗവേഷകരിൽ വളരെയധികം ആശ്ചര്യമുളവാക്കും. തിണ എന്ന തമിഴ് സംഘകാല നിർമ്മിതിയുടെ സങ്കല്പം ആധുനിക പാശ്ചാത്യ landscape ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കപ്പെട്ടിരുന്നു എന്ന് അനുമാനിക്കേണ്ടിവരും. ഈ സമാനതകൾ യാദൃച്ഛിക സംഭവമായി പരിഗണിച്ച്, സംഘകാലകൃതിയിലെ മനുഷ്യ- പ്രകൃതി പാരസ്പര്യത്തിന്റെ മൂർത്ത ആശയമായ തിണകളുടെ പ്രാധാന്യം അപ്രസക്തമാക്കി മുന്നോട്ടുപോവാൻ സാമൂഹ്യപഠനാശയങ്ങൾക്കാകില്ല.
വളരെ സങ്കീർണവും വികസിതവുമായ Epistemology-യും Methodology-യും കൈകാര്യം ചെയ്യാൻ ബൗദ്ധികശേഷിയുള്ളവരായിരുന്നു തൊൽക്കാപ്പിയരെപോലുള്ള സംഘകാല സാഹിത്യകാരന്മാർ എന്ന തിരിച്ചറിവുകളാണ് ഈ സാഹചര്യത്തിൽ ഉണ്ടാകേണ്ടത്. ഈ തിരിച്ചറിവിലൂടെ landscape എന്ന സങ്കൽപം പാശ്ചാത്യ സംഭാവനയായി മാത്രം ചിത്രീകരിക്കുന്ന വർത്തമാന ആശയങ്ങളെയും പ്രചാരണങ്ങളെയും നിരാകരിച്ചും, പൗരസ്ത്യദേശത്തിലെ പ്രത്യേകിച്ച് തമിഴകത്തിന്റെ (South Asia) പ്രാചീന സൃഷ്ടിയായി അംഗീകരിച്ചുകൊണ്ടും മുന്നോട്ടു പോകേണ്ടത് ശാസ്ത്ര ധർമ്മവും ഗവേഷകരുടെ ഉത്തരവാദിത്തവും ആണ്.