വൈവിധ്യങ്ങളെ തഴഞ്ഞു കൊണ്ട് നൂറ്റാണ്ടുകളായി ഇന്ത്യയെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും ചെറുവിഭാഗമായ സവർണക്കൂട്ടമാണ്. / Photo: Well-Bred Kannan

വിഭവാധികാരത്തിൽ എത്ര പേരുണ്ട് ദലിതരും പിന്നാക്കക്കാരും; മറുപടി വേണം, കൃത്യമായി…

തുല്യമായി നീതി വിതരണം ചെയ്യപ്പെടണമെങ്കിൽ വിഭവാധികാരങ്ങൾ ആരുടെ കൈകളിലാണ് എന്നറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പുറന്തള്ളൽ അനുഭവിക്കുന്ന ജനതകളുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് പൗരരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന രാഷ്ട്രത്തിന് ഒഴിവാക്കിക്കൂടാത്തതുമാണ്. ഇതെല്ലാം സാധിക്കണമെങ്കിൽ കൃത്യമായി വിവരങ്ങൾ ശേഖരിച്ചേ മതിയാവൂ. ഇവിടെയാണ് സമുദായ സെൻസസിന്റെ പ്രസക്തി- ​ഡോ. ടി.എസ്. ശ്യാംകുമാർ എഴുതുന്നു.

വ്യത്യസ്ത സമുദായങ്ങളിൽ ഉൾപ്പെട്ടവരും വൈവിധ്യപൂർണമായ വിശ്വാസങ്ങളുളളവരുമായ ഒരു ജനത വസിക്കുന്ന നാടാണ് ഇന്ത്യ. ഒരു ബഹുസംസ്കാര സ്ഥലിയായിരിക്കുമ്പോഴും വൈവിധ്യങ്ങളെ തഴഞ്ഞു കൊണ്ട് നൂറ്റാണ്ടുകളായി ഇന്ത്യയെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും ചെറുവിഭാഗമായ സവർണക്കൂട്ടമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഭരണം സവർണരിലേക്കായിരിക്കും എത്തിച്ചേരുക എന്ന് ഡോ. ബി.ആർ. അംബേദ്കർ ദീർഘദർശനം ചെയ്യുന്നുണ്ട്. അംബേദ്കർ നിരീക്ഷിച്ചതു പോലെ സമസ്ത മേഖലകളിലും ഇന്ത്യയിൽ സവർണാധികാര കുത്തക നിലനിന്നുപോരികയാണ്.

മാനവവിഭവ ശേഷി മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, ഇന്ത്യൻ ഐ. ഐ. ടി.കളിലെ 6049 അധ്യാപക തസ്തികകളിൽ 121 പേർ മാത്രമാണ് പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ നിന്നുമുള്ളത്.

കേന്ദ്രസർക്കാരിന്റെ സെക്രട്ടറിയൽ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിലുള്ളവർ വിരലിലെണ്ണാവുന്നത്ര പോലുമില്ലെന്ന് പ്രസ്താവിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. മാനവവിഭവ ശേഷി മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, ഇന്ത്യൻ ഐ. ഐ. ടി.കളിലെ 6049 അധ്യാപക തസ്തികകളിൽ 121 പേർ മാത്രമാണ് പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ നിന്നുമുള്ളത്. സിംഹഭാഗം അധ്യാപക തസ്തികകളും കൈയടക്കിവച്ചിട്ടുള്ളത് സവർണ വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിലെ സർവകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. സുപ്രീംകോടതിയിൽ മുപ്പതിലധികം ബ്രാഹ്മണ ജഡ്ജിമാരാണു​ള്ളത്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഭരണം സവർണരിലേക്കായിരിക്കും എത്തിച്ചേരുക എന്ന് ഡോ. ബി.ആർ. അംബേദ്കർ ദീർഘദർശനം ചെയ്യുന്നുണ്ട്.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഭരണം സവർണരിലേക്കായിരിക്കും എത്തിച്ചേരുക എന്ന് ഡോ. ബി.ആർ. അംബേദ്കർ ദീർഘദർശനം ചെയ്യുന്നുണ്ട്.

ദലിതരോ പിന്നാക്കക്കാരോ ഇരട്ടസംഖ്യ തികയ്ക്കാൻ പ്രാപ്തരല്ലാഞ്ഞിട്ടല്ല; അവരെ പുറന്തള്ളുന്ന ഒരു വ്യവസ്ഥ നിലനിൽക്കുന്നു എന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യം. പൊതുമേഖലയിൽ സംവരണവ്യവസ്ഥ നിലനിന്നിട്ടും അത് കൃത്യമായി നടപ്പിലാക്കുന്നില്ല എന്നതിന്റെ നിദർശനമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെയും സവർണാധികാര കുത്തക. ദലിത് ബഹുജനങ്ങൾക്ക് ഉന്നത ഉദ്യോഗ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയണമെങ്കിൽ അതിന് തക്കവിധം സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങൾ ലഭ്യമാവേണ്ടതുണ്ട്. എന്നാൽ വിഭവങ്ങളും അധികാരവും സവർണ ജാതി വിഭാഗങ്ങൾ കൈയ്യേറുമ്പോൾ ഇതര ജനവിഭാഗങ്ങൾ വിഭവാധികാരങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്നു.

പട്ടികവർഗ വിഭാഗത്തിൽ പെട്ട ഒരു ജീവനക്കാർ പോലുമില്ലാതെ സംസ്ഥാനത്ത് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. സംസ്ഥാനത്തെ 51- ഓളം പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടികവിഭാഗ പ്രാതിനിധ്യം ഇനിയും നികത്തിയിട്ടില്ല.

വേറിട്ടതല്ല, കേരളവും

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്ന് കണക്കുകൾ തെളിയിക്കുന്നു. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസ് തയ്യാറാക്കിയ 2021- ലെ അവലോകന റിപ്പോർട്ട് ജനാധിപത്യവിരുദ്ധതയുടെയും അവസര സമത്വരാഹിത്യത്തിന്റെയും കണക്കുകൾ പുറത്തുകൊണ്ടുവരുന്നു. പട്ടികവർഗ വിഭാഗത്തിൽ പെട്ട ഒരു ജീവനക്കാർ പോലുമില്ലാതെ സംസ്ഥാനത്ത് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. സംസ്ഥാനത്തെ 51- ഓളം പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടികവിഭാഗ പ്രാതിനിധ്യം ഇനിയും നികത്തിയിട്ടില്ല. ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം പോലും ലഭിക്കുന്നില്ലെന്നാണ് ഈ റിപ്പോർട്ട് തെളിയിക്കുന്നത്.

കേരളത്തിലെ പൊതുപണം ഒഴുകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പ്രാതിനിധ്യവുമില്ല. എയ്ഡഡ് വിദ്യാഭ്യാസ മേഖല ദലിതരെയും ആദിവാസികളെയും പുറന്തള്ളുന്ന ഭീകരഹിംസാവ്യവസ്ഥയായി നിലനിൽക്കുകയാണ്. കേരളത്തിലെ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവർണ വിഭാഗങ്ങളുടെ അമിതാധികാര കുത്തകയാണ് തുടരുന്നത്. ഇവിടെയും പട്ടികവിഭാഗത്തിൽ പെട്ടവരുടെ എണ്ണം തീർത്തും ശുഷ്കമാണ്. വില്ലുവണ്ടിയിലേറിയ അയ്യൻകാളിക്ക് സ്തുതി പാടുകയും വർത്തമാന കാലത്ത് അയ്യൻകാളിയുടെ സാധുജനങ്ങളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്ന ബ്രാഹ്മണ്യ കപടതയാണ് ഭരണകൂടശക്തികളും അവരുടെ സേവാവൃന്ദങ്ങളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം പുരോഗമന കാപട്യക്കാർക്ക് ജനാധിപത്യം ഒരു അടവുനയം മാത്രമാണെന്ന് പറയേണ്ടിവരും. സാഹോദര്യത്തിന്റെ മറ്റൊരു പേരാണ് ജനാധിപത്യം എന്ന് ഡോ. ബി. ആർ. അംബേദ്കർ ‘അനിഹിലേഷൻ ഓഫ് കാസ്റ്റി’ൽ നിരീക്ഷിക്കുന്നുണ്ട്. സാഹോദര്യത്തിന്റെ അഭാവമാണ് സവർണ വിഭവാധികാര കുത്തകയെ സ്ഥായീഭാവമാക്കിത്തീർക്കുന്നത്.

ആയിരക്കണക്കിന് ദലിത്- ആദിവാസി കോളനികൾ ഭൂപരിഷ്കരണത്തിന്റെ സ്തുതിപരമായ ആഖ്യാനത്തോട് നിശിത വിമർശനം ഉന്നയിക്കുന്നുണ്ട്. വിഭവങ്ങളിലും അധികാരങ്ങളിലും വലിയ രീതിയിലുള്ള അസമത്വം നിലനിൽക്കുന്നു എന്നാണിത് ബോധ്യപ്പെടുത്തുന്നത്. സ്വകാര്യമേഖലയും പുറന്തളളൽ ഹിംസയുടെ രൂപങ്ങൾ സംവഹിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരിൽ എത്ര പിന്നാക്കക്കാരും ദലിതരും ഉണ്ടെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ മാധ്യമങ്ങളുടെ ജാതിബ്രാഹ്മണ്യബോധമാണ് രാഹുലിന്റെ ചോദ്യത്തിൽ വെളിപ്പെട്ടത്. മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിയും മാധ്യമ സ്ഥാപനങ്ങളുടേതിൽനിന്ന് വ്യതിരിക്തമല്ല. എത്രമേൽ ജനാധിപത്യ വിരുദ്ധമാണ് ഇന്ത്യൻ സാമൂഹ്യവ്യവസ്ഥ എന്ന് ഇതെല്ലാം കാട്ടിത്തരും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദലിത്- ആദിവാസി വിദ്യാർത്ഥികൾ പുറന്തള്ളപ്പെടാൻ കാരണം സാമൂഹ്യമായ പിന്തുണാവ്യവസ്ഥ അവർക്ക് ലഭ്യമല്ല എന്ന് തന്നെയാണ്. വിഭവങ്ങളും അധികാരങ്ങളുമാണ് പിന്തുണാവ്യവസ്ഥ.

സ്വകാര്യമേഖലയും പുറന്തളളൽ ഹിംസയുടെ രൂപങ്ങൾ സംവഹിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരിൽ എത്ര പിന്നാക്കക്കാരും ദലിതരും ഉണ്ടെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
സ്വകാര്യമേഖലയും പുറന്തളളൽ ഹിംസയുടെ രൂപങ്ങൾ സംവഹിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരിൽ എത്ര പിന്നാക്കക്കാരും ദലിതരും ഉണ്ടെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.

വിഭവാധികാരം
ആരുടെ കൈയിൽ?

ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ പരമാവധി ഉയരാൻ കഴിയണമെങ്കിൽ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമുള്ള സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കപ്പെടണം. നിർഭാഗ്യവശാൽ സമത്വക്രമം നിലനിൽക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ദലിത്- ആദിവാസി പുറന്തള്ളൽ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദലിത്- ആദിവാസി വിദ്യാർത്ഥികൾ പുറന്തള്ളപ്പെടാൻ കാരണം സാമൂഹ്യമായ പിന്തുണാവ്യവസ്ഥ അവർക്ക് ലഭ്യമല്ല എന്ന് തന്നെയാണ്. വിഭവങ്ങളും അധികാരങ്ങളുമാണ് പിന്തുണാവ്യവസ്ഥ. സവർണ ജനവിഭാഗങ്ങൾക്ക് ഈ പിന്തുണാ വ്യവസ്ഥ നിരന്തര സഹവർത്തിയായി തുടരുന്നതിനാലാണ് എല്ലാ രംഗത്തും അവരുടെ കുത്തകാധികാരം തുടരുന്നത്. അതുകൊണ്ടുതന്നെ സമത്വ സമൂഹത്തിന്റെ സൃഷ്ടിക്ക് വിഭവങ്ങളിലും അധികാരങ്ങളിലും പ്രാതിനിധ്യം ലഭിക്കുക എന്നത് അനിവാര്യമാണ്. എന്നാൽ ഇന്ത്യയിലും കേരളത്തിലും ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടേയില്ല.

ഇന്ത്യയെ ജനാധിപത്യ- മതനിരപേക്ഷ രാഷ്ട്രമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് സാമുദായിക സെൻസസിനെ അവഗണിക്കാൻ കഴിയില്ല. കാരണം, രാഷ്ട്രത്തെ ഹിന്ദുത്വം ഭീകരമായി വിഴുങ്ങുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത് സവർണ നിലീന ഭരണമാണ്.

തുല്യമായി നീതി വിതരണം ചെയ്യപ്പെടണമെങ്കിൽ വിഭവാധികാരങ്ങൾ ആരുടെ കൈകളിലാണ് എന്നറിയേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, സമൂഹത്തിൽ പുറന്തള്ളൽ അനുഭവിക്കുന്ന ജനതകളുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് പൗരരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന രാഷ്ട്രത്തിന് ഒഴിവാക്കിക്കൂടാത്തതുമാണ്. ഇതെല്ലാം സാധിക്കണമെങ്കിൽ കൃത്യമായി വിവരങ്ങൾ ശേഖരിച്ചേ മതിയാവൂ. ഇവിടെയാണ് സമുദായ സെൻസസിന്റെ പ്രസക്തി. സെൻസസ് രാജ്യത്തിന്റെ യഥാർത്ഥ സ്ഥിതിവിവരക്കണക്കുകളെ പ്രതിഫലിപ്പിക്കുകയും അതിലൂടെ നീതി നിഷേധിക്കപ്പെട്ട മുഴുവൻ ജനസമുദായങ്ങൾക്കും നീതി ഉറപ്പുവരുത്താൻ സഹായിക്കുകയും ചെയ്യും. സാമുദായിക പ്രാതിനിധ്യമാണ് തന്റെ ദേശീയവാദമെന്ന് സഹോദരൻ അയ്യപ്പൻ പ്രഖ്യാപിക്കുന്നുണ്ട്. സമുദായ പ്രാതിനിധ്യത്തെ എതിർക്കുന്നവർ വരേണ്യതയുടെ വക്താക്കളാണെന്നും സ്വന്തം വർഗത്തിന്റെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്നതാണ് അവർ ലക്ഷ്യമാക്കുന്നതെന്നും സഹോദരൻ പറഞ്ഞുവച്ചു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല.

സമുദായ പ്രാതിനിധ്യത്തെ എതിർക്കുന്നവർ വരേണ്യതയുടെ വക്താക്കളാണെന്നും സ്വന്തം വർഗത്തിന്റെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്നതാണ് അവർ ലക്ഷ്യമാക്കുന്നതെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞുവച്ചു.
സമുദായ പ്രാതിനിധ്യത്തെ എതിർക്കുന്നവർ വരേണ്യതയുടെ വക്താക്കളാണെന്നും സ്വന്തം വർഗത്തിന്റെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്നതാണ് അവർ ലക്ഷ്യമാക്കുന്നതെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞുവച്ചു.

സാമുദായിക സെൻസസ് എന്തിന്?

സാമുദായിക സെൻസസിനെ യാഥാസ്ഥിതിക ശക്തികൾ എതിർക്കുന്നതാണ് വർത്തമാന യാഥാർത്ഥ്യം. ജാതി സെൻസസ് സമൂഹത്തിൽ അസ്വാരസ്യം സൃഷ്ടിക്കുമെന്നാണ് അവരുടെ പ്രചാരണം. പൊതുസ്ഥാപനങ്ങൾ എന്ന ഓമനപ്പേരിലറിയപ്പെടുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ കാലങ്ങളായി സവർണരെ മാത്രം കുത്തി നിറക്കുമ്പോൾ അത് സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെന്ന് തോന്നാത്തവർക്ക് സെൻസസിന്റെ കാര്യം വരുമ്പോൾ അത് അസ്വാരസ്യം സൃഷ്ടിക്കുമെന്ന വാദം ജനാധിപത്യത്തെ തകർക്കുക എന്ന ലക്ഷ്യം ഉള്ളടങ്ങിയതാണ്. സമൂഹത്തിലെ മർദ്ദിത ജനകോടികൾക്ക് നീതി ലഭ്യമാവണമെങ്കിൽ കൃത്യമായി സെൻസസ് നടത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ജനാധിപത്യമാർഗം. ഇന്ത്യയെ ജനാധിപത്യവൽക്കരിക്കുന്നതിനും മർദ്ദിത ജനകോടികൾക്ക് നീതി വിതരണം ചെയ്യാനുമുള്ള മുന്നുപാധിയാണ് സാമുദായിക സെൻസസ്. സാമുദായിക സെൻസസിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുന്നവർ യഥാർത്ഥത്തിൽ മർദ്ദിതരുടെ പക്ഷത്തല്ല, മർദ്ദകരുടെയും ചൂഷകരുടെയും പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്.

ഇന്ത്യയെ ബ്രാഹ്മണ്യാധികാരത്തിൽ നിന്ന് വിമോചിപ്പിക്കുവാനുള്ള സ്ഥിതിവിവര ശേഖരണമാണ് സാമുദായിക സെൻസസ്. ഇന്ത്യയെ ജനാധിപത്യ- മതനിരപേക്ഷ രാഷ്ട്രമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് സാമുദായിക സെൻസസിനെ അവഗണിക്കാൻ കഴിയില്ല. കാരണം, രാഷ്ട്രത്തെ ഹിന്ദുത്വം ഭീകരമായി വിഴുങ്ങുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത് സവർണ നിലീന ഭരണമാണ്. ഇന്ത്യയിലെ വ്യത്യസ്ത ജനസമുദായങ്ങൾ പങ്കുകൊള്ളുന്ന നീതിയുക്തമായ ഭരണവ്യവസ്ഥക്ക് മാത്രമേ ഇന്ത്യയെ ഹിന്ദുത്വ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ. സാമുദായിക സെൻസസ് അതിനുള്ള ഒരു ഔഷധമാണ്.


Summary: The Caste Census was a statistical collection to free India from Brahmin rule. Dr. TS Shyamkumar writes.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments