പ്രളയ കാലത്തും കോവിഡ് കാലത്തും കേരളം ഉണർന്ന് പ്രവർത്തിച്ചത് ഓരോ മലയാളിയുടെയും മനസ്സിലുണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും വിശ്വാസ ആചാരങ്ങളെയും മറികടന്ന് ഒന്നിച്ചത് നാടിനെ നിലനിർത്താനായിരുന്നു. അതേ രീതിയിലുള്ള ഒരു ഒന്നിപ്പിന്റെ പ്രാധാന്യത്തെ വർത്തമാനകേരളം ആവശ്യപ്പെടുന്നുണ്ട്. അത് കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നതിന് കൂടിയാണ്. ലഹരി ഉണ്ടാക്കുന്ന ഭീകരമായ അവസ്ഥകൾ വ്യക്തികളിൽ നിന്നും വീടുകളിലേക്കും വീടുകളിൽ നിന്ന് നാടിലേക്കും ഒടുവിൽ കേരളത്തിന്റെ സാമൂഹികാസ്ഥയെ തന്നെ തകിടം മറിക്കുന്ന രീതിയിലേക്കും വളർന്ന് വ്യാപിച്ചു കഴിഞ്ഞു. അതിനുകാരണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ ഇഴകീറി പരിശോധിച്ചാൽ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ഒരു സമൂഹത്തിന്റെ ക്രിയാത്മക വളർച്ചയ്ക്ക് ആവശ്യമായ രീതിയിൽ ആ സമൂഹത്തിലെ പൗരബോധത്തെ വളർത്തുന്നതിൽ സ്റ്റേറ്റിന്റെ കാഴ്ചപ്പാടിന് നിർണായകമായ പങ്കുണ്ട്. അത് വിദ്യാഭ്യാസത്തിലും സാംസ്കാരിക നിലപാടിലും രാഷ്ട്രീയ തീരുമാനത്തിലും സ്വീകരിക്കേണ്ടതും പ്രയോഗവൽക്കരിക്കേണ്ടതും സ്റ്റേറ്റ് തന്നെയാണ്. എന്നാൽ ആ സ്റ്റേറ്റ് തന്നെ കേരളത്തിലെ മദ്യ വില്പനയിൽ ഉദാര സമീപനം സ്വീകരിക്കുന്നു. അതിന്റെ സാമ്പത്തിക സാധ്യത മാത്രമാണ് സ്റ്റേറ്റ് നോക്കുന്നത്. തുടർന്ന് കേരളത്തിന്റെ മദ്യ ഉപഭോഗത്തിൽ ഉണ്ടായ വർദ്ധനവ് അമ്പരിപ്പിക്കുന്നതാണ്. ഇതൊന്നും ലഹരി ഉപയോഗത്തെ സ്വാധീനിച്ച ഘടകങ്ങൾ അല്ലെന്ന് വാദിക്കാം. എന്നാൽ അത് സാമൂഹികാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
കേരളത്തിലെ മുഴുവൻ താലൂക്കുകളിലും പൊലീസ് സ്റ്റേഷൻ ഉണ്ടായിരിക്കെ നാട്ടിൽ കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ അതിവേഗം വ്യാപിച്ച ലഹരി വില്പനയുടെ സ്രോതസ്സ് കണ്ടെത്തി തടയാൻ കഴിയാത്ത വിധം പൊലീസും അനുബന്ധ നിയമസംവിധാനവും പരാജയപ്പെട്ടു. അതിൽ രാഷ്ട്രീയലക്ഷ്യം ഉന്നം വെച്ച്, ഭരിക്കുന്ന മുന്നണി സംവിധാനത്തിന്റെ ഉത്തരവാദിത്തമാണത് എന്ന രീതിയിലുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ബാലിശമാണ്. രാഷ്ട്രീയക്കാർ സാമൂഹ്യ പ്രവർത്തകർ ആയിരിക്കെ അവിടെ ഭരണ-പ്രതിപക്ഷം എന്ന വ്യത്യാസം അപ്രസക്തമാണ്. കാരണം, യുവജന സംഘടനകൾ ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ നിമിഷവും യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്. ഐയും യൂത്ത് ലീഗും ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഒരു മാസം കൊണ്ട് കേരളത്തിലെ ലഹരി വില്പന അവസാനിപ്പിക്കാം. എന്തുകൊണ്ട് അവർ തയ്യാറാകുന്നില്ല. പലരും പറയുന്നതുപോലെ ഇത്തരം സംഘടനയിൽ പെട്ടവരും ലഹരിയുടെ പ്രവർത്തിക്കുന്നുണ്ട് എന്ന പരാതി എളുപ്പം തള്ളിക്കളയാൻ പറ്റുന്നതല്ല. ഇത്തരം ഉദാസീനതയാണ് ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം ലഹരി ഉപയോഗം വീട്ടിലെയും നാട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒടുവിൽ സമൂഹത്തിന്റെ മൊത്തം സ്വസ്ഥതയും തകർക്കുന്ന വിധത്തിൽ എത്തിയിരിക്കുന്നത്.

മേൽപ്പറഞ്ഞ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് വീടുകളിലേക്ക് ലഹരി എത്തിയത്. ഒടുവിൽ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിരോധ പ്രവർത്തനം സാധാരണ മനുഷ്യർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ പറഞ്ഞ പ്രളയകാലത്തെയും കോവിഡ്ക്കാലത്തെയും ഓർമ്മിപ്പിക്കും വിധം, അത് ഫലം കണ്ടു തുടങ്ങി. ബന്ധുവോ, അയൽക്കാരോ, സുഹൃത്തോ, പാർട്ടിക്കാരോ എന്ന പരിഗണനയില്ലാതെ ലഹരിയയുമായി പിടിക്കപ്പെടുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തപ്പെടുന്നു. എന്നാൽ ഇത് എത്ര കാലം നീണ്ടുനിൽക്കുമെന്നത് ഒരു ചോദ്യചിഹ്നമാണ്. മയക്കുമരുന്നിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നീണ്ട കാലം ജാഗ്രതയോടെ തുടരേണ്ടതുണ്ട്. ഈ തിരിച്ചറിവ് ആദ്യം ഉണ്ടാകേണ്ടത് ഭരണകൂടത്തിനാണ്. അതിനു മുമ്പ് അതിനൊരു കൃത്യമായ നയം രൂപീകരിച്ച് ജനകീയ ജാഗ്രതാ സമിതിയെ വാർഡ് തലത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കണം. അതിന് വേണ്ട സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം. അതിനാവശ്യമായ വഴികളുണ്ട് നമ്മുടെ മുമ്പിൽ.
വേണ്ടത് വാർഡ് തല പ്രവർത്തനം
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളെയും കോർപ്പറേഷനുകളെയും മുനിസിപ്പാലിറ്റികളെയും കോർത്തിണക്കി ജാഗ്രതാ സമിതിക്ക് രൂപം നൽകി നയം പ്രഖ്യാപിക്കേണ്ടത് സർക്കാർ ആണ്. ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാർ ആ വാർഡിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയും പരസ്പരം അറിയുന്നവരുമാണ്. ഓരോ വാർഡുകളെയും നാലോ അഞ്ചോ ഗ്രൂപ്പുകളായി തിരിച്ച് അത്തരം ഗ്രൂപ്പുകൾക്ക് ഒരു കോഡിനേറ്ററെ നിയമിക്കണം. അത് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കി മെമ്പർ പഞ്ചായത്തിന് റിപ്പോർട്ട് നൽകണം. ജാഗ്രതാ സമിതിക്ക് കേരളത്തിനകത്തും പുറത്തും പോയി പഠിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും അവരിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആദ്യം വീട്ടുകാരെ അറിയിക്കാനുമുള്ള സംവിധാനം ഉണ്ടാകണം. വീട്ടുകാർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം കുട്ടികളോ യുവാക്കളോ ലഹരിക്കടിമപ്പെട്ടുണ്ടെങ്കിൽ അത് താലൂക്കിലുള്ള പൊലീസ് സ്റ്റേഷൻ അധികൃതരെ അറിക്കേണ്ടത് മെമ്പർമാരുടെ നേതൃത്വത്തിൽ അറിയിക്കണം. അത്തരം ആളുകളെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ എത്തിക്കാനും എവിടെനിന്നാണോ കുട്ടികളെ കണ്ടെത്തിയത് ആ പ്രദേശത്ത് ലഹരി എത്തിക്കുന്നവരെ തേടിപ്പിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം നൽകേണ്ടതുണ്ട്. ഇതോടൊപ്പം വാർഡ് ജാഗ്രതാ സമിതിയിൽ തുല്യ പങ്കാളിത്തം സ്ത്രീകൾക്കും നൽകണം. അധ്യാപകർ, പൊതുപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സമിതിയിലെ പ്രധാന അംഗങ്ങളായിരിക്കണം.

സ്ത്രീകൾക്ക് സമിതിയിൽ പ്രധാന പങ്ക് നൽകണം. പെൺകുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും സ്ത്രീകൾക്ക് തന്നെയാണ് എളുപ്പം കഴിയുക. ഇങ്ങനെ പഞ്ചായത്തിലെ മുഴുവൻ വാർഡ്തല ജാഗ്രതാ സമിതിയുടെയും നേതൃത്വം പഞ്ചായത്ത് പ്രസിഡൻ്റിനായിരിക്കണം. ഓരോ വാർഡ് സമിതികളിലും നടക്കുന്ന ജനകീയ ഇടപെടലും അതിൽ നിന്ന് ഉണ്ടാകുന്ന തീരുമാനങ്ങളും പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് സ്റ്റേറ്റിന്റെ ഉത്തരവാദപ്പെട്ടവരെയും അറിയിക്കണം. അത് മുഖ്യമന്ത്രിയും മറ്റു ബന്ധപ്പെട്ട എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പും ചർച്ച ചെയ്ത് പരിഹാരം ഉറപ്പിക്കേണ്ടതുണ്ട്. ഇത് ഒന്നോ രണ്ടോ മാസം മാത്രം നിലനിൽക്കേണ്ടതല്ല. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും ഈ സംവിധാനം നിലനിൽക്കേണ്ടതുണ്ട്. രാഷ്ട്രീയം, മതം, ജാതി, സമ്പത്ത്, കുടുംബങ്ങളുടെ ജീവിതസൗകര്യങ്ങൾ, പോരായ്മകൾ ഇതൊന്നും സമിതിയുടെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കരുത്. മാത്രമല്ല, ജാഗ്രതാ സമിതിയിലെ അംഗങ്ങൾക്ക് കുട്ടികളെ എങ്ങനെ സമീപിക്കണമെന്നും അവരെ ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ മോചിപ്പിക്കണമെന്നും ആദ്യം പരിശീലനം നൽകണം. ഈ രംഗത്ത് പ്രവർത്തിക്കുന്ന പരിചയ സമ്പന്നരായവരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും തേടണം. കുട്ടികളോട് സ്നേഹത്തോടെ പെരുമാറി അവരുടെ മനസ്സിനെ കീഴടക്കാൻ കഴിവുള്ളവരെ ആദ്യം കണ്ടെത്തണം. ഈ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ ഏറ്റവും അടിത്തട്ടിൽ നിന്ന് ലഹരി ഉപയോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ക്രിയാത്മാവുകയുള്ളൂ. മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും ഇത്തരം ജാഗ്രതാ സമിതി രൂപപ്പെടുന്നതോടു കൂടി ലഹരി കടത്തിക്കൊണ്ടുവരുന്നവരെ പെട്ടെന്ന് തിരിച്ചറിയാനും അവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുവാനും കഴിയും.
ഈ നിർദ്ദേശം സർക്കാരിന് മുമ്പിൽ എത്തിക്കാൻ ശ്രമം തുടങ്ങേണ്ടത് വീടുകളിൽ നിന്നാണ്. അത് വീട്ടുകാരുടെ ഉത്തരവാദിത്തമായി ആദ്യം അവതരിപ്പിക്കേണ്ടത് ഗ്രാമസഭയിലാണ്. തങ്ങളുടെ വാർഡിൽ ഗ്രാമസഭ വിളിച്ചു ചേർക്കാൻ വേണ്ടി വാർഡ് മെമ്പറിനെ നിർബന്ധിക്കുണം. അങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം ഗ്രാമസഭ വിളിച്ചു ചേർക്കണം. തുടർന്ന് ഇത്തരം നിർദ്ദേശം മുന്നോട്ടുവച്ച് ലഹരിക്കെതിരെയുള്ള ജാഗ്രതാ സമിതിയെ സ്ഥിരമായി നിലനിർത്താൻ കഴിയണം. അതിന് ആവശ്യമായ നിയമപരമായ ഉത്തരവ് നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് സർക്കാർ ഉത്തരവ് നൽകണം. എങ്ങനെയാണോ ജനകീയ ആസൂത്രണ കാലത്ത് കേരളം അതിന്റെ ലക്ഷ്യത്തിലെത്താൻ ഒന്നിച്ചത്, അതേ രീതിയിൽ സർക്കാർ നേരിട്ട് ഇടപെട്ട് നിർവഹിക്കേണ്ടതാണ് ജാഗ്രതാ സമിതിയുടെ പ്രവർത്തനം. അതിനായി കൂടുതൽ നിർദ്ദേശങ്ങൾക്കും പഠനത്തിനും വേണ്ടി ഈ കുറിപ്പ് സർക്കാറിന് സമർപ്പിക്കുന്നു.