സ്ത്രീകളിലെ ലഹരി ഉപയോഗം, ആശങ്ക ഉയർത്തി കണക്കുകൾ; ചികിത്സ മറ്റൊരു പ്രതിസന്ധി

ഇന്ത്യയിൽ സ്ത്രീകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട ദേശീയ കണക്കുകളുടെ അടിസ്ഥാനത്തിൽ പുണ്യ കൃഷ്ണ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട്.

ന്ത്യയിൽ ലഹരി ഉപയോഗത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും സമഗ്രമായ ദേശീയ കണക്കുകളിൽ ലഹരി ഉപയോഗത്തിലെ സ്ത്രീകളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പുരുഷൻമാരോളം വരില്ലെങ്കിലും സ്ത്രീകളിലും മദ്യവും കഞ്ചാവും ഒപിയോയിഡുകളും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗമുണ്ട് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഇതിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവായതിനാൽ മാത്രമാണ് അത് പൊതുസമൂഹം കാര്യമായി ചർച്ചക്കെടുക്കുന്നില്ല പലപ്പോഴും. സ്ത്രീകളുടെ ലഹരി ഉപയോഗം കുടുംബത്തിനകത്തും സമൂഹത്തിനകത്തും മറച്ചുവയ്ക്കപ്പെടുന്നുമുണ്ട്. അതുകൊണ്ട് ചികിത്സ തേടുന്നതും കേസുകളിൽ ഉൾപ്പെടുന്നതും ലഹരി ഉപയോഗം കാരണം ആശുപത്രികളിലെത്തുന്നതുമായ സ്ത്രീകളുടെ എണ്ണം യഥാർഥ ലഹരി ഉപയോഗത്തിന്റെ അളവായി കാണാനുമാകില്ല.

ഇന്ത്യയിൽ സ്ത്രീകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട ദേശീയ കണക്ക് 2019-ൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയവും എയിംസിലെ നാഷണൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്മെന്റ് സെന്ററും ചേർന്ന് പ്രസിദ്ധീകരിച്ച ‘Magnitude of Substance Use in India’ എന്ന റിപ്പോർട്ടാണ്. 2018-ൽ നടത്തിയ ദേശീയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരുന്നത്. മദ്യം, കഞ്ചാവ്, ഒപിയോയിഡ് തുടങ്ങിയ ഓരോ ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നവരുടെ കണക്കുകൾ പ്രത്യേകം എടുത്താണ് ഇന്ത്യയുടെ ഔദ്യോഗിക ദേശീയ സർവേ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ഓരോ വിഭാഗത്തിലെയും സ്ത്രീകളിലുള്ള ലഹരിവ്യാപനം വളരെ വ്യക്തമായി ലഭ്യമാണ്.

സ്ത്രീകളിലെ ലഹരിമരുന്ന് ഉപയോഗവും കണക്കുകളും

ഇന്ത്യയിൽ 10–75 വയസ്സിനിടയിലുള്ള ജനസംഖ്യയിൽ ഏകദേശം 16 കോടി പേർ മദ്യം ഉപയോഗിക്കുന്നവരാണെന്ന് ദേശീയ സർവേ കണക്കാക്കുന്നു. മൊത്തം ലഹരി ഉപയോഗം 14.6 ശതമാനവുമാണ്. പുരുഷന്മാരിൽ ഇത് 27.3 ശതമാനം ആണെങ്കിൽ സ്ത്രീകളിൽ 1.6 ശതമാനം മാത്രമാണ്. ഇന്ത്യയിൽ ഏകദേശം 3.1 കോടി പേർ കഞ്ചാവ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 72 ലക്ഷം പേർക്ക് കഞ്ചാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്നും 25 ലക്ഷം പേർ അതിന് വിധേയരായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സ്ത്രീകളിലെ കഞ്ചാവ് ഉപയോഗതോത് 0.34 ശതമാനമാണ്. കഞ്ചാവിന്റെ കാര്യത്തിൽ കേരളം ദേശീയതലത്തിലെ ഉയർന്ന ഉപയോഗ തോതുള്ള സംസ്ഥാനങ്ങളിൽ ഒന്നല്ല. സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിലെ നിലവിലെ കഞ്ചാവ് ഉപയോഗതോത് ഏകദേശം 0.1 ശതമാനം എന്ന താഴ്ന്ന നിരയിലാണ്.

ഒപിയോയിഡുകൾ എന്ന വിഭാഗത്തിൽ ഒപ്പിയം, ഹെറോയിൻ, ഫാർമസ്യൂട്ടിക്കൽ ഒപിയോയിഡ് എന്നിവ ഉൾപ്പെടുന്നു. സ്ത്രീകളിൽ ഒപിയോയിഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 0.2–0.26 ശതമാനമാണ്. ലഹരി ഉപയോഗിക്കുന്ന സ്ത്രീകൾ ഏകദേശം 0.2 ശതമാനമാണ്. കേരളത്തിൽ എത്ര സ്ത്രീകൾ മദ്യം, കഞ്ചാവ്, ഒപിയോയിഡ്, മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നതിന്റെ ഔദ്യോഗിക എണ്ണം ദേശീയ സർവേ പ്രസിദ്ധീകരിച്ചിട്ടില്ല.

സ്ത്രീകളിലെ കഞ്ചാവ് ഉപയോഗതോത് 0.34 ശതമാനമാണ്. കഞ്ചാവിന്റെ കാര്യത്തിൽ കേരളം ദേശീയതലത്തിലെ ഉയർന്ന ഉപയോഗ തോതുള്ള സംസ്ഥാനങ്ങളിൽ ഒന്നല്ല. സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിലെ നിലവിലെ കഞ്ചാവ് ഉപയോഗതോത് ഏകദേശം 0.1 ശതമാനം എന്ന താഴ്ന്ന നിരയിലാണ്.
സ്ത്രീകളിലെ കഞ്ചാവ് ഉപയോഗതോത് 0.34 ശതമാനമാണ്. കഞ്ചാവിന്റെ കാര്യത്തിൽ കേരളം ദേശീയതലത്തിലെ ഉയർന്ന ഉപയോഗ തോതുള്ള സംസ്ഥാനങ്ങളിൽ ഒന്നല്ല. സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിലെ നിലവിലെ കഞ്ചാവ് ഉപയോഗതോത് ഏകദേശം 0.1 ശതമാനം എന്ന താഴ്ന്ന നിരയിലാണ്.

പുരുഷന്മാരുടെ അഡിക്ഷൻ പ്രശ്നങ്ങൾ പൊതുസ്ഥലത്ത് കൂടുതൽ ദൃശ്യമാകാറുണ്ട് പലപ്പോഴും. എന്നാൽ, സ്ത്രീകളുടേത് പലപ്പോഴും വീടിനകത്തായിരിക്കും. ഇതിന് നിരവധി കാരണങ്ങളുണ്ട്.

1. സാമൂഹിക കാഴ്ചപ്പാട്

ഒരു പുരുഷൻ മദ്യപിക്കുന്നതിനെ സമൂഹം പലപ്പോഴും ‘ശീലം’ എന്ന് കാണുമ്പോൾ സ്ത്രീയുടെ മദ്യപാനം ‘സ്വഭാവദോഷം’ എന്ന രീതിയിൽ വിലയിരുത്തപ്പെടുന്നു.

2. കുടുംബ സമ്മർദ്ദം

ഭർത്താവോ മാതാപിതാക്കളോ കുടുംബാംഗങ്ങളോ പ്രശ്നം പുറത്തറിയാതിരിക്കാൻ ശ്രമിക്കുന്നു.

3. കുട്ടികളെ നഷ്ടപ്പെടുമോ എന്ന ഭയം

അമ്മ എന്ന നിലയിൽ കുട്ടികളെ നഷ്ടപ്പെടുമോ എന്ന ഭയം ചികിത്സ തേടുന്നതിൽ വലിയ തടസ്സമാകാം.

4. സാമ്പത്തിക ആശ്രിതത്വം

സ്വന്തമായി ചികിത്സ തീരുമാനിക്കാനും ആശുപത്രിയിൽ പോകാനും കഴിയാത്ത സാഹചര്യം ചില സ്ത്രീകൾക്കുണ്ടാകാം.

5. സ്ത്രീകൾക്കായുള്ള ചികിത്സാ സൗകര്യത്തിന്റെ കുറവ്

പല ഡി-അഡിക്ഷൻ സംവിധാനങ്ങളും പുരുഷ രോഗികളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്.

ലഹരി ഉപയോഗത്തിൽ പെട്ടുപോവുന്ന സ്ത്രീകൾ - അപമാനം, കുടുംബത്തിന്റെ പിന്തുണയില്ലായ്മ, സംരക്ഷണ പ്രശ്നങ്ങൾ, സാമ്പത്തിക തടസ്സങ്ങൾ തുടങ്ങിയ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ചികിത്സിക്കണമെന്ന ചിന്തയെ വരെ ഇതെല്ലാം ബാധിക്കുന്നു. പുരുഷന്മാരെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയ ലഹരി വിമുക്തി സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ പ്രത്യേക സാമൂഹിക, മാനസിക, കുടുംബപരമായ സാഹചര്യങ്ങൾ പരിഗണിക്കുന്ന ചികിത്സയും പുനരധിവാസ സംവിധാനങ്ങളും ആവശ്യമാണ്. അതുകൊണ്ട് സ്ത്രീകളിലെ ലഹരി ഉപയോഗത്തെ ഒരു ‘സ്വകാര്യ പ്രശ്നം’ എന്ന നിലയിൽ ഒതുക്കാതെ, ആരോഗ്യം, ലിംഗനീതി, കുടുംബം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പൊതുപ്രശ്നമായി കാണേണ്ട സമയമാണിത്.

ആൾക്കാർ എന്ത് പറയും? കുട്ടികളെ ആരാണ് നോക്കുക? വീട്ടുകാർ സമ്മതിക്കുമോ? ചികിത്സയ്ക്ക് പണം എവിടെനിന്ന്? ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയുമോ? എന്നു തുടങ്ങി സ്ത്രീകളെ ഡി-അഡിക്ഷന്‍ ചികിത്സയില്‍നിന്നും മറ്റും പിന്തിരിപ്പിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.

അഡിക്ഷൻ റിസർച്ചിൽ ‘ടെലിസ്കോപിങ് എഫക്ട് ’ എന്നൊരു ആശയം സ്ത്രീകളെക്കുറിച്ചുള്ള പഠനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചില സ്ത്രീകൾ ലഹരി ഉപയോഗം ആരംഭിച്ചതിനുശേഷം പുരുഷന്മാരേക്കാൾ വേഗത്തിൽ അഡിക്ഷനിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില സ്ത്രീകളിൽ നാലോ അഞ്ചോ വർഷത്തിനുള്ളിൽ ലഹരി ഉപയോഗം ഗുരുതരമാകുമ്പോൾ പുരുഷന്മാരിൽ അതിന് കൂടുതൽ കാലമെടുക്കാം. എന്നാൽ, ഇത് എല്ലാ സ്ത്രീകളിലും ഉണ്ടാവുന്നുമില്ല. ലഹരി മരുന്ന്, അതിന്റെ ഡോസ്, മെന്റൽ ഹെൽത്ത് തുടങ്ങിയ നിരവധി ഘടകങ്ങൾ അതിനെ സ്വാധീനിക്കുന്നുണ്ട്.

ചില സ്ത്രീകൾ ലഹരി ഉപയോഗം ആരംഭിച്ചതിനുശേഷം പുരുഷന്മാരേക്കാൾ വേഗത്തിൽ അഡിക്ഷനിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചില സ്ത്രീകൾ ലഹരി ഉപയോഗം ആരംഭിച്ചതിനുശേഷം പുരുഷന്മാരേക്കാൾ വേഗത്തിൽ അഡിക്ഷനിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

പല രീതിയിലാണ് സ്ത്രീകൾ ലഹരി ഉപയോഗത്തിലേക്കും പിനീട് അഡിക്ഷനിലേക്കും എത്തിപ്പെടുന്നത്. സ്ത്രീകളിലെ അഡിക്ഷന് കാരണമാകുന്ന ഘടകങ്ങളായി റിപ്പോർട്ട് പറയുന്നത്:

  • ബാല്യകാല ആഘാതങ്ങൾ

  • ലൈംഗികാതിക്രമം

  • ഗാർഹിക പീഡനം

  • ദാമ്പത്യ കലഹം

  • വിഷാദം

  • ഉത്കണ്ഠ

  • ഏകാന്തത

  • സാമ്പത്തിക സമ്മർദം

  • മറ്റുള്ളവരുടെ സ്വാധീനം

  • പങ്കാളിയുടെ ലഹരി ഉപയോഗം

  • പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ ദുരുപയോഗം

  • വിട്ടുമാറാത്ത വേദന

  • ഉറക്കപ്രശ്നങ്ങൾ

  • സാമൂഹിക ഒറ്റപ്പെടൽ

ഗർഭകാലത്തെ ലഹരി ഉപയോഗം, മാതൃത്വവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ, കുട്ടികളുടെ പരിചരണം തുടങ്ങിയ അധിക ഉത്തരവാദിത്വങ്ങളും സ്ത്രീകളുടെ ലഹരി ഉപയോഗത്തിന്റെ ആഘാതം കൂടുതൽ സങ്കീർണമാക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളിലെ ലഹരി ഉപയോഗത്തെ കുറ്റപ്പെടുത്തലിന്റെയോ ധാർമികതയുടെയോ കണ്ണിലൂടെ മാത്രം കാണാതെ, അതിന് പിന്നിലുള്ള ജീവിതസാഹചര്യങ്ങളെ കൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി ചികിത്സ തേടാനും സ്വന്തം അനുഭവങ്ങൾ തുറന്നുപറയാനും കഴിയുന്ന, മാനസികാരോഗ്യം, ലൈംഗിക-പ്രജനന ആരോഗ്യം, കുടുംബപിന്തുണ, സാമ്പത്തിക പുനരധിവാസം എന്നിവ ഒരുമിച്ച് പരിഗണിക്കുന്ന പ്രത്യേക ഇടപെടലുകളാണ് ആവശ്യം. സ്ത്രീകളിലെ ലഹരി ഉപയോഗം മറച്ചുവയ്ക്കപ്പെടുന്നിടത്തോളം അതിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കാനാവില്ല; അതിനെക്കുറിച്ച് തുറന്നുപറയുകയും ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുന്നതാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി.

എറണാകുളം ജില്ലയിലെ 58 കോളജുകളിൽ നിന്നുള്ള 5,442 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും ആൽക്കഹോൾ ഉപയോഗിച്ചിട്ടുണ്ടെന്ന് 12.6 ശതമാനം വിദ്യാർഥിനികള്‍ പ്രതികരിച്ചിരുന്നു. വിദ്യാർഥിനികളിലെ ലഹരി ഉപയോഗവുമായി മാനസിക സമ്മർദം, ആത്മഹത്യാ ചിന്തകൾ, ലൈംഗികാതിക്രമത്തിന്റെ മുൻകാല അനുഭവങ്ങൾ, പുകയില ഉപയോഗം തുടങ്ങിയ ഘടകങ്ങൾക്ക് ബന്ധമുണ്ടെന്ന് ഈ പഠനം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ യുവതികളിലെ ലഹരി ഉപയോഗം അവഗണിക്കാനാകാത്ത സാമൂഹിക പ്രശ്നമാണെന്ന് പഠനം വ്യക്തമാക്കുന്നു.

ലഹരിക്കടത്തിലും പങ്കാളികളാവുന്ന സ്ത്രീകൾ

ഈയിടെയായി ലഹരി വസ്തുക്കള്‍ കൈവശംവെച്ചതിന്റെയും ലഹരി ഉപയോഗിക്കുന്നതിന്റെയും പേരില്‍ കേരളത്തില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. UNODC-യുടെ World Drug Report പ്രകാരം ഇന്ത്യ, അമേരിക്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിലും അവിടെ ഉണ്ടാവുന്ന കേസുകളിലും അതിന്മേൽ വരുന്ന അറസ്റ്റുകളിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകളുടെ ലഹരിക്കടത്തിലെ പങ്കാളിത്തം പലപ്പോഴും ലഹരി ഉപയോഗത്തിന്റെ ചർച്ചകളിൽനിന്ന് വേറിട്ടുനിൽക്കുന്ന വിഷയമാണ്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി, തൊഴിൽരഹിതാവസ്ഥ, കടബാധ്യത, സാമൂഹിക സമ്മർദ്ദം, ബന്ധങ്ങളിലൂടെയുള്ള ചൂഷണം തുടങ്ങിയ സാഹചര്യങ്ങൾ ചില സ്ത്രീകളെ ലഹരിക്കടത്തിന്റെ ശൃംഖലകളിലേക്ക് എത്തിക്കുന്ന ഘടകങ്ങളാണ്. ചെറിയ അളവിൽ ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നതിൽ ഇടനിലക്കാരായും വിതരണ ശൃംഖലയിലെ കണ്ണികളായും സ്ത്രീകൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് നിന്നും ലഹരിക്കടത്തിൽ പിടിയിലായ മൂന്ന് അധ്യാപികമാർ. ലഹരിക്കെതിരെയുള്ള കാമ്പെയ്‌നുകളിൽ പങ്കെടുക്കുകയും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തവർ തൊട്ടടുത്ത ദിവസങ്ങളിൽ ലഹരിയുടെ പേരിൽ തന്നെ അറസ്റ്റിലാവുകയെന്നത് ഏറെ ചർച്ചകൾക്ക് വഴിവച്ച ഒന്നായിരുന്നു. അവരിൽനിന്നും ലഹരി വാങ്ങുന്നവരും വിൽക്കുന്നവരും നിരവധിയാണ്. പെട്ടെന്ന് ആരും സംശയിക്കില്ലെന്നതായിരുന്നു അതിലെ ഒരു പ്രധാനപ്പെട്ട കാര്യം.

മുത്തങ്ങ ചെക്പോസ്റ്റിൽ ഈയിടെ പിടിയിലായ ലഹരിക്കടത്തുകാരുടെ കൂട്ടത്തിലും സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. അതേസമയം, ലഹരിക്കടത്തിൽ ഉൾപ്പെടുന്ന എല്ലാ സ്ത്രീകളെയും ഒരേരീതിയിൽ കാണാനാകില്ല. ചിലർ സാമ്പത്തിക നേട്ടത്തിനായി സ്വമേധയാ ഇടപെടുമ്പോൾ, മറ്റുചിലർ ഭീഷണി, വഞ്ചന, പ്രണയബന്ധങ്ങൾ, കുടുംബബന്ധങ്ങൾ തുടങ്ങിയ വഴികളിലൂടെ ഈ ശൃംഖലകളിലേക്ക് എത്തിപ്പെടുന്നു. ലഹരിക്കടത്ത് കേസുകളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറ്റകൃത്യത്തിന്റെ മാത്രം കണ്ണിലൂടെ കാണാതെ, അതിന് പിന്നിലെ സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ സാഹചര്യങ്ങളെയും പരിശോധിക്കേണ്ടതുണ്ട്.

ചെറിയ അളവിൽ ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നതിൽ  ഇടനിലക്കാരായും വിതരണ ശൃംഖലയിലെ കണ്ണികളായും സ്ത്രീകൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചെറിയ അളവിൽ ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്നതിൽ ഇടനിലക്കാരായും വിതരണ ശൃംഖലയിലെ കണ്ണികളായും സ്ത്രീകൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗവും കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം അമേരിക്കയാണ്. പ്രതിവർഷം 10 ലക്ഷത്തിലധികം ആളുകൾ ലഹരിമരുന്ന് ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലാവുന്നുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ഒപ്പിയം (കറുപ്പ്) ഉത്പാദക രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും മ്യാൻമറും. അഫ്ഗാനിസ്ഥാനിൽ ഭരണം മാറിയതിനുശേഷം കറുപ്പ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും മ്യാൻമറിൽ ഉത്പാദനം വീണ്ടും വർധിച്ചിട്ടുണ്ട്.

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) 2025 കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള ലഹരിമരുന്ന് കേസുകളിൽ പോലീസ് നടപടികൾക്കും അറസ്റ്റുകൾക്കും ഇരയായവരുടെ എണ്ണം പ്രതിവർഷം ഏകദേശം 61 ലക്ഷം വരും. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും (40 ലക്ഷത്തോളം പേർ) ലഹരിമരുന്ന് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ ഉള്ള കേസുകളാണ്. 1.75 ദശലക്ഷം പേർ ലഹരിക്കടത്തും ലഹരി കച്ചവടവും നടത്തുന്നവരാണ്.

ഇന്ത്യയിൽ പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹെറോയിൻ പോലുള്ള മയക്കുമരുന്നുകൾ വലിയ പ്രശ്നമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ സമീപകാലത്ത് NDPS (Narcotic Drugs and Psychotropic Substances) കേസുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സിന്തറ്റിക് ഡ്രഗ് ആയ എം.ഡി.എം.എ കേസുകളിൽ കേരളത്തിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് (Conviction Rate) ദേശീയ തലത്തിൽ തന്നെ ഉയർന്നതാണ്. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഇപ്പോൾ സിന്തറ്റിക് ഡ്രഗുകളാണ്. ഇവ കൃത്യമായി ലാബുകളിൽ നിർമിക്കപ്പെടുന്ന ലഹരിമരുന്നുകളാണ്. അതിവേഗ വർധനവാണ് ഇത്തരം ലഹരിമരുന്ന് ഉപയോഗത്തിൽ ഉണ്ടാവുന്നത്. പുതിയ ഒരു ട്രെൻഡായി ഇത് മാറിക്കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ വരെയും ഇതിന്റെ ഉത്പാദനം വർധിച്ചുകഴിഞ്ഞു.

Comments