"എന്റെ രക്ഷിതാക്കളോടാണ് ഞാൻ ഏറ്റവും നന്ദി പറയുന്നത്. അവരെന്നെ കൃത്യസമയത്ത് ഡി അഡിക്ഷൻ സെന്ററിലെത്തിച്ച് അഡിക്ഷനില്ലാതാക്കി, എനിക്ക് കരുതലും പിന്തുണയുമായി കൂടെ നിന്നു. അവരില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു’-കണ്ണൂരിൽ, സഹപാഠി ലഹരി നൽകി നിരന്തര ശാരീരിക- മാനസിക പീഡനങ്ങൾക്കിരയാക്കുകയും ലഹരി സംഘത്തിന്റെ വലയിലകപ്പെടുകയും ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഇത്രയും പറഞ്ഞ് മാധ്യമ പ്രവർത്തകർക്കുമുമ്പിൽ വിതുമ്പുകയായിരുന്നു.
വിദ്യാർഥികൾക്ക് ലഹരി എത്തിച്ചുകൊടുത്ത കേസിൽ തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് അറസ്റ്റിലായ പെൺകുട്ടി ഭ്രാന്തമായ ശാരീരിക ചേഷ്ടകളോടെ അലറിക്കരഞ്ഞ്പുറത്തേക്കിറങ്ങിവരുന്നതും നമ്മൾ കണ്ടതാണ്.
വിദ്യാർത്ഥികൾ അകപ്പെട്ടുപോകുന്ന ആദ്യ ലഹരിക്കേസുകളല്ല ഇവയൊന്നും. സ്ലീപ്പർ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലർമാർ എന്ന ഇരപിടുത്തക്കാർ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കണ്ണിചേർക്കുകയാണ്. സർക്കാറിനുകീഴിൽ ലഹരി വിമുക്ത പ്രവർത്തനം നടത്തുന്ന ‘വിമുക്തി മിഷ’ന്റെ 2018 ആഗസ്റ്റ് മുതൽ 2022 ജൂൺ വരെയുള്ള കണക്ക് പരിശോധിച്ചാൽ, സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങിനായി വിമുക്തിയിലേക്കെത്തിയത് നേരിട്ടുള്ള 2035 കേസും, 8342 ടെലിഫോണിക് കേസും അടക്കം ആകെ 10377 കേസാണ്. അതിൽ തന്നെ 951 എണ്ണം 21 വയസിൽ താഴെയുള്ള കുട്ടികളുടേതും.
നിലവിൽ ലഹരിശൃംഖലയിലെ ഏറ്റവും താഴേ തട്ടിലുള്ള ഉപഭോക്‌താക്കൾ, ചെറുകിട ഡീലർമാർ എന്നീ നിലകളിലാണ് വിദ്യാർത്ഥികൾ കണ്ണികളാക്കപ്പെടുന്നത്. സ്കൂൾ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ചെറു പോക്കറ്റുകളിൽ വിദ്യാർത്ഥികളെ ലക്ഷ്യം വെക്കുന്ന ലഹരി സംഘത്തിലെ കണ്ണികൾ, സ്കൂളിന്റെ സമീപ പ്രദേശങ്ങളിലെ കടകൾ എന്നിവയൊക്കെയാണ് കുട്ടികളിലേക്ക് ചെറുതും മാരകവുമായ ലഹരി പദാർത്ഥങ്ങൾ വന്നുചേരുന്ന വഴികൾ. ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളിൽ നിന്ന് ഒരുപാട് കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടർത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവൻ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ, എക്സൈസ് പോലീസ് കേസുകൾ, എന്നിവ വിശകലനം ചെയ്താൽ വ്യക്തമാകും.
‘ന്യൂജെൻ’ ഡ്രഗുകൾ
മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉൽപന്നങ്ങളുടെ പേരുകൾ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കിൽ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയിൽ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽ.എസ്. ഡി.എ തുടങ്ങിയ ന്യൂ ജെൻ ഡ്രഗുകളാണ് വിദ്യാർത്ഥികളിലേക്കെത്തുന്നതിൽ ഭൂരിഭാഗവും. ക്രിസ്‌റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ പുതുതലമുറയ്ക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കൾക്ക് ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും, രാജ്യാന്തര വിപണിയിൽ കോടികളുമാണ് മതിപ്പുവില.
സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള ന്യൂറോ പ്രശ്നങ്ങളുള്ളവർ പലപ്പോഴും വളരെയധികം വൈബ്രന്റായിരിക്കും. ബഹളം വെയ്ക്കുക, അലറിക്കരയുക, ആത്മഹത്യാ പ്രവണത കാണിക്കുക തുടങ്ങിയ അവസ്ഥയിലുള്ള രോഗികളുടെ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ ന്യൂറോ ഡവലപ്മെൻറ്സിനെ നിയന്ത്രിക്കുന്നതിനായി നാഡീകളെ ചെറുതായി തളർത്തുന്ന സ്വാഭാവമുള്ളവയായിരിക്കും. അത്തരം മരുന്നുകൾ കഴിച്ചാൽ രോഗി മിക്കവാറും മയക്കത്തിലായിരിക്കും.
ഒരു സമയത്ത് ചില മെഡിക്കൽ ഷോപ്പുകൾ വഴി ലഹരി ഇടപാട് നടന്നിരുന്നെങ്കിലും പിന്നീട് എം.സി.ആർ.ബിയുടെ ഇടപെടലിനെ തുടർന്ന് സൈക്യാട്രിക് മരുന്ന് ഡോകടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ മെഡിക്കൾ ഷോപ്പുകളിൽനിന്ന് ഇപ്പോൾ ലഭ്യമല്ല. എന്നിട്ടും ഇത്തരം സൈക്യാട്രിക് മരുന്നുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന എസ്സൻസുകൾ അല്ലെങ്കിൽ അസംസ്കൃതവസ്തുക്കളാണ് പലപ്പോഴും പുതുതലമുറ ലഹരികളായി ലഭ്യമാവുന്നത്. ലഹരി കടന്നുവരുന്ന പുതിയ വഴികളെക്കുറിച്ച് നിയമം ഇനിയും ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.
‘പുതുതലമുറ ലഹരി’യുടെ രൂപഘടന, ഒളിച്ചുസൂക്ഷിക്കാനുള്ള സൗകര്യം, അവയുണ്ടാക്കുന്ന അഡിക്ഷൻ എന്നിവയെല്ലാമാണ് കുട്ടികളെ അവയിലേക്കാകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ.
വീടുകളിൽ സ്റ്റാമ്പ് സ്റ്റിക്കർ രൂപത്തിലും വെളുത്ത നിറത്തിൽ പഞ്ചസാരക്കും ഉപ്പിനും സാമ്യമുള്ള ചെറുതരികളായും ഗുളിക രൂപത്തിലുമെല്ലാം സൂക്ഷിക്കുന്ന രാസലഹരികൾ രക്ഷിതാക്കൾക്ക് പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. നാവിനടിയിൽ വെക്കാവുന്ന സ്റ്റിക്കർ, കൂൾ പോലുള്ള ലഹരികൾ ക്ലാസ് മുറിയിൽ, മാസ്കിന്റെ മറവിൽ ചില വിദ്യാർഥികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഹരി കുട്ടികളിലേക്ക് എത്തുന്ന വിധം
ലഹരി ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ ഓരോ വ്യക്തിയിലും അല്ലെങ്കിൽ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ഒരാൾക്ക് കുടുംബത്തിനകത്തുള്ള പ്രശ്നങ്ങൾ, പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണെങ്കിൽ മറ്റൊരാൾക്ക് അത് പിയർ ഗ്രൂപ്പ് പ്രെഷർ ആയിരിക്കും. ചിലർക്ക് ക്യൂരിയോസിറ്റിയായിരിക്കും. ഈ കാരണങ്ങളിൽ തന്നെ ഏറ്റവുമധികം കണ്ടുവരുന്നത് ക്യൂരിയോസിറ്റിയും പിയർ ഗ്രൂപ്പ് പ്രെഷറുമാണ് എന്നാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തങ്ങളിലേക്കെത്തുന്ന കുട്ടികളുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൗൺസിലർമാർ പറയുന്നത്.
അതുവരെ അറിയാത്ത കാര്യം അറിയാനുള്ള ജിജ്ഞാസ ഏറ്റവും പ്രകടിപ്പിക്കുന്ന പ്രായമാണ് കൗമാരം. ഈ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞോ അറിയാതെയോ ജീവിതത്തെ ഒരു പരീക്ഷണ ശാലയായിട്ടാണ് പരിഗണിക്കാറ്. ലഹരി ജീവിതത്തിന്റെ ഭാഗമാക്കണം എന്നാഗ്രഹിച്ചിട്ടല്ല കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നത്. എന്താണെന്നറിയാൻ വേണ്ടിയുള്ള കൗതുകത്തിനുമാത്രം. എന്നാൽ, ക്രമേണ അവർ അതിന്റെ സ്ഥിര ഉപഭോക്തായി മാറുന്നു. ആദ്യ തവണ ഉപയോഗിച്ചപ്പോൾ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലല്ലോ, അതുകൊണ്ട് വീണ്ടും ഉപയോഗിച്ചു നോക്കാം എന്ന് കരുതുന്ന കുട്ടികൾ ലഹരി ഉപയോഗത്തിനിടയിലെ ഇടവേളകൾ കുറയുന്നത് അറിയുന്നില്ല. മാസത്തിൽ ഒരു തവണ ഉപയോഗിക്കുന്നത് ഒരാഴ്ചയായും പിന്നീട് മണിക്കൂറുകളായും ചുരുങ്ങുന്നു. ഒടുവിൽ ഒരു സാധാരണ നേരംപോക്കുമായി മാറും.
ഉപയോഗിക്കുന്ന സമയത്ത് ഡോപമിന്റെ അളവ് ഉയരുന്നതോടെ ഒരു മായിക ലോകത്ത് എത്തിച്ചേരുന്ന കുട്ടികൾക്ക് തിരിച്ച് യഥാർഥ ലോകത്തേക്ക് മടങ്ങിയെത്താൻ താൽപര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥിരമായി ലഹരി ഉപയോഗിക്കുക എന്നതുമാത്രമാണ് അവർ പോംവഴിയായി കണ്ടെത്തുന്നത്. കുട്ടികളുടെ ജിജ്ഞാസയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം സമപ്രായക്കാരുടെ സമ്മർദ്ദം തന്നെയാണ്. ലഹരിക്കടിമപ്പെട്ട കുട്ടികൾ ഏറ്റവും കൂടുതൽ അവ ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് സുഹൃദ് സംഘത്തോടൊപ്പമാണ്.
കൗമാരക്കാർക്കിടയിൽ കാണുന്ന "നെഗറ്റീവ് ഹീറോയിസ’ത്തിനും ലഹരി ഉപയോഗവുമായി ബന്ധമുണ്ട്. പഠനപ്രവർത്തനങ്ങളിലോ, കലാകായിക പ്രവർത്തനങ്ങളിലോ മികവു പുലർത്തുന്ന വിദ്യാർഥികളേക്കാളും ക്ലാസിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്ന, അധ്യാപകരോട് തർക്കുത്തരം പറയുന്ന, ലഹരി പാദാർഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളാണ് ഇന്ന് മിക്കപ്പോഴും സഹപാഠികളുടെ ആരാധനാപാത്രമായി മാറുന്നത്. ‘നെഗറ്റീവ് ഹീറോയിസം’ കാണിക്കുന്ന കുട്ടികളുടെ ഓർബിറ്റിൽ നിൽക്കണം എന്നാഗ്രഹിക്കുന്നതിന്റെ ഭാഗമായി പോലും ലഹരി ഉപയോഗത്തിലേക്ക് കടക്കുന്ന കുട്ടികളുണ്ടെന്നാണ് കാസർഗോഡ് വിദ്യാഭ്യാസ ജില്ല അഡോളസെൻറ്സ് ആൻറ് കരിയർ ഗൈഡൻസ് സെൽ മുൻ കൺവീനറും 15 വർഷമായി സോഷ്യൽ വർക്ക് അധ്യാപകനുമായ ബിജു മല്ലപ്പള്ളി പറയുന്നത്.
വിദ്യാർഥികൾക്കിടയിലെ ലഹരിചക്രത്തെ കൈകാര്യം ചെയ്ത കേസ് ഒരു ഉദാഹരണമായെടുത്ത് ഇതുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുകയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ അവയർനെസ് പ്രോഗ്രാം കോർഡിനേഷന് കീഴിലെ റിസേർച്ച് ആന്റ് റിസോഴ്സ് ഗ്രൂപ്പിൽ സോഷ്യോളജിസ്റ്റായ വിനു വിജയൻ: നാട്ടിലെ കുറച്ച് സന്നദ്ധ സംഘടനാ പ്രവർത്തകരും വാർഡ് മെമ്പർമാരും ചേർന്ന് 24 വയസ്സുള്ള ഒരു പയ്യനെ ഞങ്ങളുടെ കൗൺസിലിങ്ങ് സെൻററിലെത്തിച്ചു. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അംഗമാണ് കുട്ടി. പത്താം ക്ലാസ് വരെ പഠനത്തിലൊക്കെ മികവു പുലർത്തിയിരുന്ന അവനിൽ പ്ലസ് വൺ മുതലാണ് മാറ്റം കണ്ടുതുടങ്ങുന്നത്. രക്ഷിതാക്കൾക്കിടയിൽ ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മിക്കവാറും വീട്ടിൽ വഴക്കുണ്ടാവും. മാത്രമല്ല, അവന് സ്വന്തം ആവശ്യങ്ങൾ പറയാനോ തുറന്ന് സംസാരിക്കാനോ ഉള്ള സ്പെയ്സും അവർ നൽകിയിരുന്നില്ല. ഉയർന്ന ക്ലാസിൽ, പുതിയൊരു സ്കൂളിലെത്തിയ കുട്ടിക്ക് സ്വാഭാവികമായും പഠനപ്രശ്നങ്ങൾ, സ്കൂളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകൾ, അധ്യാപകരുമായുള്ള പ്രശ്നങ്ങൾ, സ്കൂളിൽ പോവാൻ താൽപര്യമില്ലായ്മ തുടങ്ങിയവയൊക്കെയുണ്ടായി. അപ്പോൾ ഈ കുട്ടി സ്ഥിരമായി വീട്ടിൽ നിന്നിറങ്ങി ഗ്രൗണ്ടിൽ പോയി യൂണിഫോം മാറ്റി, കളർ ഡ്രസിട്ട് തിയേറ്ററുകളിലും, ഷോപ്പിങ്ങ് മോളുകളിലും കറങ്ങി നടക്കാൻ തുടങ്ങി. ഇത്തരം കുട്ടികളെ ആദ്യം കണ്ടെത്തുന്നത് രക്ഷിതാക്കളോ അധ്യാപകരോ പൊലീസോ എക്സൈസോ ആയിരിക്കില്ല. ലഹരി വിൽക്കുന്നവരായിരിക്കും. സ്കൂളിൽ പോവേണ്ട പ്രായത്തിലുള്ള ഒരുകുട്ടി സ്ഥിരമായി കറങ്ങി നടക്കുന്നത് കണ്ടപ്പോൾ ഒരാൾ അവനെ വന്ന് പരിചയപ്പെടുകയും ചുറ്റുപാടുകളൊക്കെ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. പതിയെ കുട്ടി അയാളുമായി അടുത്തു, കൗമാരക്കാരനായ ആ കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും മൊബൈലും ബൈക്കുമടക്കം അവനാഗ്രഹിച്ച സാധനങ്ങൾ എത്തിച്ച് നൽകുകയും ചെയ്തു. അങ്ങനെ അവനുമായി നല്ല ബന്ധമുണ്ടാക്കി. അനുകൂല സാഹചര്യമായപ്പോൾ അവന് ചെറിയ രീതിയിൽ ഡ്രഗ്സ് കൊടുത്തുതുടങ്ങി. ചെറിയ അളവിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് ആദ്യം കൊടുത്തത്. ഇടയ്ക്കിടെ മറ്റ് ലഹരികളും കൊടുത്ത് ലഹരി ശീലമാക്കി മാറ്റി. പിന്നീട് ഡ്രഗ് ചോദിക്കുമ്പോൾ പണം ആവശ്യപ്പെടാൻ തുടങ്ങി. അവൻ വീട്ടിൽ ചെറിയ സംഖ്യകൾ ചോദിക്കാൻ തുടങ്ങി. ആദ്യം സ്കൂൾ ആവശ്യത്തിനാണെന്ന് കരുതി രക്ഷിതാക്കൾ പണം കൊടുത്തെങ്കിലും സംഖ്യ കൂടാൻ തുടങ്ങിയതോടെ കൊടുക്കാതെയായി. തുടർന്ന് കുട്ടി വീട്ടിൽ നിന്നും സ്കൂളിൽ നിന്നും വിറ്റാൽ പണം കിട്ടുന്ന സാധനങ്ങൾ മോഷ്ടിക്കാൻ തുടങ്ങി. സ്കൂളിൽ നിന്ന് ട്യൂബ് ലൈറ്റ് വരെ അവൻ ഊരി വിറ്റിട്ടുണ്ട്. അവസാനം മറ്റൊരു വഴിയുമില്ലാതാവുന്ന സ്റ്റേജെത്തിയപ്പോഴാണ് ലഹരി എത്തിച്ചുകൊടുക്കുന്നയാൾ മയക്കുമരുന്ന് ക്യാരിയറാവാൻ അവനോട് ആവശ്യപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ ചെറിയ സംഖ്യകളായിരുന്നു കിട്ടിയതെങ്കിൽ പിന്നീട് അത് കൂടുകയും ഇത് നല്ലൊരു ബിസിനസ് മേഖലയാണെന്ന് അവൻ തിരിച്ചറിയുകയും ചെയ്തു. അതിനിടയിൽ അവന്റെ പ്രായം മാറി, കേസുകളിലകപ്പെട്ട് ജയിലിലാകുകയും ചെയ്തു.
കൗമാരക്കാർ ലഹരി ഉപയോഗത്തിലേക്കും അവിടെ നിന്ന് ലഹരിക്കടത്തിലേക്കും എത്തിച്ചേരുന്നതിന്റെ ചക്രം ഏറെ നീണ്ടതും സംഘർഷഭരിതവുമാണ്. ഒരു സാധാരണ സ്കൂൾ വിദ്യാർഥി കുടുംബ, സാമൂഹിക പാശ്ചാത്തലം മൂലം പതിയെ, പലതരം സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയായി മാറുന്നു. അതിൽനിന്ന് പ്രശ്നക്കാരനായ വിദ്യാർഥി ജനിക്കുന്നു, പിന്നീട് അവർ മൈൽഡ് അബ്യൂസറായി മാറും. തുടർന്ന് മോഡറേറ്റ് അബ്യൂസർ, സിവിയർ അബ്യൂസർ എന്നീ നിലകളിലെത്തും, ഒടുവിൽ ക്രിമിനൽ സ്റ്റേജിലെത്തി മയക്കുമരുന്ന് കച്ചവടക്കാരായി മാറുന്നു.
പ്രായം, ജെൻഡർ
മുമ്പ്, 15 - 20 പ്രായപരിധിയിലുള്ളവരായിരുന്നു ലഹരിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കീഴിലുള്ള കൗൺസിലിങ്ങ് സെന്ററുകളിൽ കൂടുതലായും വന്നിരുന്നത് എങ്കിൽ, ഈയിടെ അതിനെക്കാൾ ഒരു ശതമാനമെങ്കിലും 10 - 15 വയസുകാർ എത്തുന്നുണ്ട്. അപൂർവ്വമായി പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും ഇത്തരം സെന്ററുകളിലെത്തുന്നുണ്ട്.
ലഹരി ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ കൗൺസലിങ്ങ് സെന്ററിലെത്തിച്ച ഒമ്പത് വയസ്സുള്ള നാലാം ക്ലാസ് വിദ്യാർഥിക്ക് ടൂഷ്യൻ ക്ലാസിൽ കൂടെ വരുന്ന സീനിയർ വിദ്യാർഥിയാണ് ഡ്രഗ് കൊടുത്തത്. അതായത് ഈ കുട്ടിയുമായി നിരന്തര സൗഹൃദമുള്ള ഒരു ചേട്ടൻ. അയാൾ ഉപയോഗിക്കുന്ന ലഹരി പദാർഥം കണ്ട് ജിജ്ഞാസയുണ്ടായ ഈ കുട്ടി അത് ഉപയോഗിക്കുകയാണുണ്ടായത്. സ്റ്റാമ്പിന്റെ ഏറ്റവും മൈന്യൂട്ടായ ക്വാണ്ടിറ്റി കുറഞ്ഞ എസ്സൻസാണ് ഉപയോഗിച്ചത്. അത് നാക്കിൽ വെച്ച് വീട്ടിൽ പോയ കുട്ടി കുറച്ചുനേരം ക്ഷീണം വന്ന് കിടന്നു. അൽപസമയത്തിനുശേഷം ഭയങ്കരമായി ഛർദ്ദിക്കാൻ തുടങ്ങി. പേടി കാരണം നടന്ന കാര്യങ്ങളൊക്കെ രക്ഷിതാക്കളോട് പറയുകയും അവർ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് കൗൺസിലിങ്ങ് സെഷനൊക്കെ കൊടുത്താണ് ആ കുട്ടി പൂർവസ്ഥിതിയിലായത്.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗ കേസുകളെ പൊതുവായി പരിശോധിച്ചാൽ ആൺകുട്ടികൾ ഉൾപ്പെട്ട കേസുകൾ തന്നെയാണ് കൂടുതൽ. നിലവിൽ പെൺകുട്ടികൾ ഉൾപ്പെട്ട കേസുകൾ കൂടുതലുള്ളത്കൊച്ചിയിലാണ്. ലഹരി കേസുകളിൽ ഉൾപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവ് വന്നിട്ടുള്ളതായും കാണാം. എന്നാൽ ആ ‘വളർച്ച’ ആൺകുട്ടികളോടൊപ്പമെത്തിയിട്ടില്ല.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ എക്സൈസ്- പൊലീസ് റെയ്ഡുകളിൽ എല്ലാത്തരം ലഹരി വസ്തുക്കളും വ്യാപകമായി പിടികൂടുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക വിഭാഗം ലഹരി പദാർഥങ്ങൾ നിശ്ചിത മേഖലയിൽ മാത്രം കണ്ടുവരുന്നുണ്ടെന്ന് പറയാനാവില്ലെന്നാണ് സിവിൽ എക്സൈസ് ഉദ്യോഗസ്ഥനായ സമീർ പറയുന്നത്.
പക്ഷേ പാൻമസാല, കഞ്ചാവ് പോലുള്ളവയുടെ ഉപയോഗം തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.
പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ന്യൂ ജനറേഷൻ ഡ്രഗ്സ് എന്നിങ്ങനെയുള്ള ലഹരികളുടെ വിവിധ ജില്ലകളിലുള്ള വിദ്യാർഥികളുടെ ഉപയോഗം സൂചിപ്പിക്കുന്ന ‘വിമുക്തി’യുടെ കണക്ക് പ്രകാരം പുകയില ഉൽപ്പന്നങ്ങൾ മുതൽ കഞ്ചാവ് വരെയുള്ള ലഹരി ഉപയോഗം സോണൽ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ. പക്ഷേ സങ്കീർണമായ ന്യൂ ജനറേഷൻ ഡ്രഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളത്താണ്. എക്സൈസ് വിജിലൻസ് ഓഫീസർ കെ. മുഹമ്മദ് ഷാഫി പറയുന്നത്, മയക്കുമരുന്നുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളുകൾ ഗുരുതരമായ അവസ്ഥയിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്നാണ്. കൂൾ പോലുള്ള ലഹരി വസ്തുക്കൾ മാത്രമാണ് കൂടുതലായും സ്കൂളുകളിൽ കണ്ടുവരുന്നതെന്നും അല്ലാതെ എൽ.എസ്.ഡി, എം.ഡി.എം.എ എന്നൊക്കെ ഒരു സ്കൂൾ വിദ്യാർഥിയിൽ നിന്ന് കേട്ടത് കണ്ണൂർ ലഹരി കേസിലാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പാശ്ചാത്തലവും ലഹരിയും
സാമ്പത്തിക പശ്ചാത്തലവും വിദ്യാർഥികൾ ഉപയോഗിക്കുന്ന ലഹരിയുടെ സ്വാഭാവവും തമ്മിൽ വലിയ ബന്ധമുണ്ട്. ഇടത്തരം കുടുംബങ്ങളിൽ നിന്നെത്തി, സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികൾ ഒരു ചെറിയ പാക്കറ്റ് കൂളോ അല്ലെങ്കിൽ കഞ്ചാവോ, ഒന്നോ രണ്ടോ ബോട്ടിൽ മദ്യമോ വാങ്ങി ഷെയർ ചെയ്ത് ഉപയോഗിക്കുമ്പോൾ അത്യാവശ്യം നല്ല സാമ്പത്തിക പിൻബലമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ പുതിയ തലമുറയിൽപെട്ട മയക്ക് മരുന്നുകളാണ് പണം കൊടുത്ത് വാങ്ങിക്കുന്നത്. ആ കുട്ടികൾക്ക് പർച്ചേസിങ് കപ്പാസിറ്റി കൂടുതലായിരിക്കും
നല്ല സാമ്പത്തിക സ്ഥിതിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ റെയ്ഡോ ഗ്രൂപ്പ് കൗൺസിലിങ്ങോ നടത്തിയാൽ പിടിച്ചെടുക്കാൻ സാധിക്കുന്നത് മിക്കവാറും ന്യൂജെനെറേഷൻ ഡ്രഗ്സായിരിക്കും. എന്നാൽ, പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽനിന്ന് കിട്ടുന്നത് മിക്കവാറും കഞ്ചാവോ കൂളോ പോലുള്ള പുകയില വസ്തുക്കളുമായിരിക്കുമെന്നാണ്കൗൺസിലിങ്ങിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിനുകീഴിലുള്ള റിസേർച്ച് ആൻറ് റിസോഴ്സ് ഗ്രൂപ്പിന്റെ അനുമാനം
ലഹരി ഉൽപ്പന്നങ്ങളുടെ അളവ് കൂടുന്നു
മയക്കുമരുന്നു കേസ് കൂടി വരുന്നു, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണം കൂടുന്നു എന്നതിനെക്കാൾ ആശങ്കപ്പെടുത്തേണ്ട കാര്യം, ലഹരി ഉൽപ്പന്നങ്ങളുടെ അളവിൽ അടുത്തകാലത്തുണ്ടായ ഗണ്യമായ വർധനവാണ്. മുൻപായിരുന്നെങ്കിൽ പിടിക്കപ്പെടുന്ന കേസുകളിൽ ഒരു കിലോ അല്ലെങ്കിൽ രണ്ട് കിലോ ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് കിലോ മുതൽ 500 കിലോ വരെയാണ്. പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവ് കൂടുന്നതിനനുസരിച്ച് മാധ്യമവാർത്തകളുടെ ദൃശ്യപരത കൂടാറുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ഫോളോ അപുകളെല്ലാം ആരുടെ കൈയിൽ നിന്നാണോ അവ പിടിച്ചെടുത്തത് ആ വ്യക്തിയെ മാത്രം ചുറ്റിപ്പറ്റിയുള്ളതായിരിക്കും. ഇത്രത്തോളം അളവിൽ സാധനങ്ങൾ കണ്ടെടുക്കണമെങ്കിൽ ഇത്തരം ലഹരി വസ്തുക്കളുടെ ആവശ്യക്കാർ കേരളത്തിൽ വളരെയധികം ഉണ്ടോ എന്ന തരത്തിൽ ഒരു അന്വേഷണമാണ് ഇല്ലാതെപോകുന്നത്.
കോവിഡ് കാല ലഹരി
കോവിഡ് സമയത്ത് കുട്ടികളുടെ സാമൂഹിക വിനിമയങ്ങൾ വളരെ കുറഞ്ഞെങ്കിലും ഡിജിറ്റൽ ഇടപെടലുകൾ കൂടി. മൊബൈൽഫോണും ടാബും ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളിൽ പലരും ഓൺലൈൻ ക്ലാസ് കരുവാക്കി പത്ത് മുതൽ പന്ത്രണ്ടും അതിലധികവും മണിക്കൂറുകൾ ഡിജിറ്റൽ സ്പെയ്സിൽ ചെലവഴിക്കാൻ തുടങ്ങി. ഡാർക്ക് വെബുകളിലും മറ്റും ലഹരിവസ്തുക്കളുടെ ലഭ്യത ചികയാനും നൂതനവും സങ്കീർണവുമായ ഡിജിറ്റൽ വേർഷനുകൾ കണ്ടെത്താനുമുള്ള അവസരമായി ചില കുട്ടികളെങ്കിലും കോവിഡ് കാലത്തെ മാറ്റിയെടുത്തു എന്നത് കോവിഡ് കാലത്ത് വിദ്യാർഥികൾക്കിടയിൽ വർധിച്ച ലഹരി ഉപയോഗം സൂചിപ്പിക്കുന്നു. ലഹരി വസ്തുക്കളുമായി പരിചയപ്പെടാൻ ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താനുള്ള സാധ്യത എത്ര വിശാലമാണെന്ന് കണ്ണൂരിൽ ലഹരി പ്രശ്നത്തിലകപ്പെട്ട പെൺകുട്ടിയുടെ വെളിപ്പെടുത്തൽ തെളിയിക്കുന്നു.
മുൻപ് ഡാർക്ക് വെബുകൾപോലുള്ളവയുടെ സഹായത്തോടെ മാത്രം നടന്നിരുന്ന ലഹരി ഇടപാടുകളും ആശയവിനിമയങ്ങളും ഡയറക്ട് വെബ്ബിലൂടെയും നടക്കാൻ തുടങ്ങിയിട്ടുണ്ട്. ആശയവിനിമയത്തിന്റെ പ്രാഥമിക ഉദ്ദേശ്യം, പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാവുക എന്നതാണ്. അതു തന്നെയാണ് ലഹരി ഇടപാടുകാർ ഡയറക്ട് വെബ്ബിൽ ചെയ്യുന്നത്. അതായത് ഇത്തരക്കാർ ലഹരിയുമായി ഒരു ബന്ധവുമില്ലാത്തതും സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങി മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ വരികയും ആ ഗ്രൂപ്പിൽ വരുന്ന പോസ്റ്റിനടിയിൽ ഒരു കോഡടിക്കുകയും ചെയ്യും, ആ പോസ്റ്റ് ഇടുന്ന ആൾക്കോ, അതിൽ കമൻറിടുകയോ അത് കാണുകയോ ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനോ അതിന്റെ അർഥമെന്തെന്ന് മനസ്സിലാവില്ല. പക്ഷേ ആ കോഡിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലുമൊരു ലഹരി വസ്തു ഉണ്ടെന്നറിയുന്ന മറ്റൊരാൾ അതിന് മറുകോഡടിക്കും. അങ്ങനെ അവർ തമ്മിൽ ഒരു ആശയവിനിമയം സാധ്യമാകും. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതും, അതിന്റെ പേരിൽ അറസ്റ്റിലായതുമെല്ലാം സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെ തുറന്നുകാട്ടുന്നു. ഡിജിറ്റലായി കിട്ടിയ പിന്തുണയാണ്, കോവിഡ് കാലത്ത് കുട്ടികളിൽ അഡിക്ഷൻ വളരെയധികം കൂടാൻ കാരണമായതെന്നുവേണം മനസ്സിലാക്കാൻ
കൗൺസിലിംഗിൽനിന്ന് ‘രക്ഷപ്പെടുന്ന’ രക്ഷിതാക്കൾ
കുടുംബത്തിന്റെ സാമൂഹിക പദവിയെ മോശമായി ബാധിക്കുമെന്നോ ഇത്തരം കേസിൽപെട്ടു കഴിഞ്ഞാൽ കുട്ടികളുടെ ഭാവി നശിക്കുമെന്നോ ഉള്ള ആശങ്കകളാണ്, കൗൺസലിംഗിൽനിന്നുപോലും രക്ഷിതാക്കളെ അകറ്റിനിർത്തുന്നത്. അതിനുപകരം, കുട്ടികളെ ഉപദേശിച്ച് മാറ്റിയെടുക്കാം എന്ന അബദ്ധധാരണ വെച്ചുപുലർത്തുന്നു. പിന്നീട് കൗൺസിലിങ്ങിന് കുട്ടികളെ കൊണ്ടുവരുന്നത് ആ ശ്രമം പരാജയപ്പെടുന്ന ഘട്ടത്തിലായിരിക്കും. അപ്പോഴേക്ക് കാര്യങ്ങൾ കൈവിട്ട് പോയി ഡി അഡിക്ഷൻ സെന്ററുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്ന അവസ്ഥയിലെത്തിയിട്ടുണ്ടാകും കുട്ടികൾ.
വിവിധ മാർഗങ്ങളിലൂടെയാണ് കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് കൗൺസിലിങ്ങിനായി എത്തിക്കുന്നത്. ലഹരി പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കി രക്ഷിതാക്കൾ നേരിട്ട് കൗൺസിലിങ്ങ് സെന്ററുകളിൽ എത്തിക്കുന്നവർ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംശയം തോന്നി അധ്യാപകർ പറഞ്ഞയക്കുന്നവർ, സ്കൂളിൽ കൗൺസിലിങ്ങ്, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുമ്പോൾ അവിടെ നിന്ന് കണ്ടെടുക്കുന്ന കുട്ടികൾ, സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോവുമ്പോഴും പാർട്ടികളിൽ പങ്കെടുക്കുമ്പോഴും എക്സൈസ് റെയ്ഡിലും മറ്റും പിടിക്കപ്പെടുന്ന കുട്ടികൾ, ഇങ്ങനെ പലതരത്തിലാണ് കുട്ടികൾ നമ്മുടെ കൗൺസിലിങ്ങ് സെൻററുകളിൽ എത്തുന്നത്.
ഒന്നും രണ്ടും വർഷം കുറഞ്ഞ അളവിൽ മാത്രം ലഹരി ഉപയോഗിച്ച മൈൽഡ് അബ്യൂസർമാരായ കുട്ടികൾക്ക് കൗൺസിലിങ്ങ് മാത്രം നൽകി അവരെ തിരിച്ചുകൊണ്ടുവരുമ്പോൾ നിരന്തരം കുറഞ്ഞ ഇടവേളകളിൽ ലഹരി ഉപയോഗിച്ച് സിവിയർ അല്ലെങ്കിൽ മോഡറേറ്റ് കേസുകളിലേക്ക് പോയവർക്ക് പ്രൈമറി കൗൺസിലിങ്ങ് കൊടുത്ത് ഡി അഡിക്ഷൻ സെൻററുകളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുക.
സ്കൂൾ കൗൺസിലിംഗിലെ പ്രശ്നങ്ങൾ
കൗൺസിലിങ്ങ് പോലുള്ള സഹായ ഹസ്തങ്ങൾ ഏറ്റവും ആവശ്യമായ കാലഘട്ടമാണ് സ്കൂൾ വിദ്യാഭ്യാസ കാലം. കുറച്ചുകാലം മുമ്പുവരെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ വരെയുള്ളവരുടെ ചുമതലയായിരുന്നു സ്കൂൾ വിദ്യാർഥികളുടെ കൗൺസിലിങ്ങ്. എന്നാൽ ഇന്ന് സാമൂഹ്യനീതിവകുപ്പിന്റെ കീഴിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെൻറ് സ്കീമിനുകീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലിങ്ങ് സമ്പ്രദായം സർക്കാർ സ്കൂളുകളിൽ നടത്തിവരുന്നുണ്ട്. കൗമാരഘട്ടത്തിലുള്ള കുട്ടികളുടെ ശാരീരിക- മാനസിക-സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കൗൺസിലർമാരുടെ യോഗ്യതയിൽ പലപ്പോഴും പ്രശ്നങ്ങളുണ്ട്. സൈക്കോളജിയിൽ എംഫിൽ യോഗ്യതയുള്ളവരാണ് ഔദ്യോഗികമായി കൗൺസിലറായി മാറുന്നത് എന്നിരുന്നാലും എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി എന്നീ യോഗ്യതകൾ നേടി പരിശീലനം കിട്ടിയവരെയാണ് സർക്കാർ സ്കൂളുകൾ കൗൺസിലർമാരായി നിയമിക്കുന്നത്. അതായത്, കൗൺസിലർ നിയമനത്തിൽ കൃത്യമായ യോഗ്യതാ മാനദണ്ഡം പാലിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
കൗമാരപ്രായത്തിലുള്ള പല കുട്ടികളും കൗൺസിലർമാരുടെ അടുത്ത് ചെല്ലാനും പ്രശ്നങ്ങൾ പറയാവും വിമുഖത കാണിക്കുന്നുണ്ടെന്നും, അവരെ അങ്ങോട്ട് സമീപിക്കേണ്ട രീതിയുണ്ടാവണമെന്നുമാണ് ബിജു മല്ലപ്പള്ളി പറയുന്നത്. മാത്രമല്ല സൗഹൃദ ക്ലബ്ബുകളും പരാതിപെട്ടികളുമെല്ലാം എല്ലാ സ്കൂളുകളിലും ഉണ്ടെങ്കിലും പല സ്കൂളുകളിലും വിദ്യാർഥികൾ അവയുടെ ഉപയോഗത്തെക്കുറിച്ച് ബോധവാൻമാരല്ല.
2021 നുശേഷം, സാധാരണ രീതിയിലുള്ള കേസുകൾ കുറയുകയും മോഡറേറ്റ്- സിവിയർ ലെവലിലുള്ള കേസുകൾ കൂടുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കൾക്കോ അധ്യാപകർക്കോ കുട്ടികളുടെ ലഹരി ഉപയോഗം തുടക്കത്തിൽ കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടക്കകാരുടെ ഉപയോഗരീതിയിൽ വന്ന മാറ്റമാണ് മറ്റൊരു കാര്യം. മദ്യം, പുകയില, കഞ്ചാവ് പോലുള്ള ലഹരികളായിരുന്നു മുൻകാലങ്ങളിൽ തുടക്കക്കാർ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മണം കിട്ടാത്ത, തിരിച്ചറിയാൻ കഴിയാത്ത കൂൾ, എൽ. എസ്. ഡി, എം.ഡി.എം.ഐ, എക്റ്റസീവ് സ്റ്റാമ്പുകൾ തുടങ്ങിയ ന്യൂ ജെനെറേഷൻ ലഹരികളാണ് ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള ക്ഷീണവും ഉറക്കവും രക്ഷിതാക്കളും അധ്യാപകരും പഠനപ്രശ്നങ്ങളായി കാണുകയും ചെയ്യും.
ഉപയോഗം തുടങ്ങി കുറച്ചുവർഷങ്ങൾക്കുശേഷം ഭീകരമായ അഡിക്ഷനായ അവസ്ഥയിലോ, സാധനം വാങ്ങാൻ പണം കിട്ടാതെ വരുമ്പോഴോ ഒക്കെയാണ് കുട്ടികൾ അക്രമാസക്തരായി മാറുന്നത്. അതായത് അഡിക്ഷൻ കൂടിക്കൂടി നിയന്ത്രണാതീതമായ ശേഷം ആക്രമണ സ്വാഭാവം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴാണ് വീട്ടുകാർ അറിയുക.
ന്യൂജെൻ ഡ്രഗിനെ തിരിച്ചറിയാം
നല്ല ശുചിത്വരീതികൾ പാലിച്ചിരുന്ന കുട്ടികളാണെങ്കിൽ, കൂൾ പോലുള്ള മാരക ലഹരികൾ ഉപയോഗിച്ചുതുടങ്ങിയാൽ വൃത്തി കുറഞ്ഞുവരും. ലഹരി പദാർഥങ്ങൾ പലപ്പോഴും വായിലിരിക്കുന്നതുകൊണ്ട് ബ്രഷ് ചെയ്യാൻ പോയിട്ട് വായ് കഴുകാൻ പോലും മടിയായിരിക്കും, സാധാരണയിലും കൂടുതൽ ക്ഷീണം, ഉറക്കം, തലവേദന തുടങ്ങിയവയുണ്ടാവും. പ്രാതലുൾപ്പെടെയുള്ളവയുപേക്ഷിച്ച് ഭക്ഷണം കഴിയുന്നതും ഒരു നേരമാക്കാൻ ശ്രമം നടത്തും. പുതിയ കൂട്ടുകെട്ടുകൾ, കുടുംബത്തിലും നാട്ടിലും നടക്കുന്ന പരിപാടികളിൽ നിന്ന് പിൻവലിയൽ, സംസാരം കുറയൽ, ചെറിയ ഡിപ്രഷൻ പോലെ കാണിക്കൽ തുടങ്ങി അനേകം ലക്ഷണങ്ങളുണ്ടാവാം. ചിലരിൽ അതിന് നേർവിപരീതമായി ഉറക്കമില്ലായ്മ, ഒരുപാട് നേരം ഊർജ്ജസ്വലമായി നിൽക്കാൻ പറ്റുന്ന അവസ്ഥ എന്നിവയും കണ്ടുവരുന്നു. ഇത്തരം പുതുതലമുറാ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ അതിൽ നിന്ന് മോചിതനാവുകയും ചെയ്ത ഒരു കൗമാരക്കാരൻ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പറഞ്ഞതിങ്ങനെ: അത് ഉപയോഗിക്കുമ്പോൾ എനിക്ക് ഉറക്കം കുറവായിരുന്നു. ഒരു എക്സ്ട്രാ പവ്വർ കിട്ടും, അതുകൊണ്ട് പരീക്ഷാസമയത്ത് ഉറക്കമില്ലാതിരിക്കാനും സ്ട്രെസ്സ് കുറയ്ക്കാനും ഫ്രണ്ട്സുമൊത്തുളള പാർട്ടികളിൽ കുറേ നേരം സ്റ്റെപ്പിട്ട് നിൽക്കാനുമൊക്കെ വേണ്ടിയായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. ഗോവയിൽ പോയപ്പോഴാണ് ആദ്യമായി ഉപയോഗിച്ചത്, പിന്നെ നാട്ടിലുള്ള ഫ്രണ്ട്സ് വഴിക്കും കിട്ടി .
ചികിത്സ കുട്ടിക്ക് മാത്രമോ?
മയക്കുമരുന്നിനോടുള്ള വിട്ടുമാറാത്ത ആസക്തിയും ആവർത്തിച്ചുള്ള അമിതോപയോഗവും പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം പോലുള്ള രോഗങ്ങൾക്ക് സമാനമായ മസ്തിഷ്‌ക രോഗമാണെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് (NIDA) , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ അബ്യൂസ് ആൻറ് ആൽക്കഹോളിസം (NIAAA) എന്നിവ വ്യക്തമാക്കുന്നത്.
എന്നാൽബോസ്റ്റണിലെ മോറിസി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസസിലെ സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് വിഭാഗം സീനിയർ ലക്ചററായ ജീൻ ഹെയ്മാൻ തന്റെ എ ഡിസോർഡർ ഓഫ് ചോയ്‌സ് എന്ന പുസ്തകത്തിൽ, അഡിക്ഷൻ മസ്തിഷ്‌ക രോഗമല്ല എന്നും സ്വമേധയാ ഉള്ള, സ്വയം നശിപ്പിക്കുന്ന ദൈനംദിന തിരഞ്ഞെടുപ്പിന്റെ ഉദാഹരണമാണെന്നും വാദമുയർത്തുന്നുണ്ട്. ഡ്രഗ് അഡിക്ഷൻ ഒരു തിരഞ്ഞെടുപ്പാണോ അതോ രോഗാവസ്ഥയാണോ എന്നത് സംബന്ധിച്ച് ഇത്തരത്തിൽ വൈരുധ്യ വാദങ്ങളുണ്ട്. എന്നിരുന്നാലും മെഡിക്കൽ സയൻസ് ലഹരി ആസക്തിയെ ക്രോണിക് ഡിസോർഡർ എന്ന രോഗാവസ്ഥയായിത്തന്നെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം മറികടക്കാൻ വേണ്ട ചികിത്സയാണ് പ്രയോഗിക്കുന്നതും.
സൈക്യാട്രിസ്റ്റും കോഴിക്കോട് മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ പറയുന്നു: "ലഹരിയുടെ അന്തിമ ഉപഭോക്താവ് വ്യക്തികളാണെങ്കിലും ഇത് ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. പക്ഷേ ഒരു പ്രശ്നം ഉണ്ടായശേഷം ആ വ്യക്തിയെയാണ് ചികിത്സയ്ക്ക് കൊണ്ടുവരുന്നത്. അതായത് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചികിത്സാരീതികളാണ് പിന്തുടരുന്നത്. ഒരു സാമൂഹിക പ്രശ്നത്തിന് വ്യക്തികളെ ഫോക്കസ് ചെയ്താൽ റിസൾട്ട് വളരെ പരിമിതമായിരിക്കും.'
ഒരു വ്യക്തി ലഹരിക്ക് അടിമപ്പെടുന്നതിൽ ആ വ്യക്തിയുടെ സാമൂഹിക, സാമ്പത്തിക, ഭൗതിക ചുറ്റുപാടുകൾക്ക് പങ്കുണ്ടെങ്കിൽ പോലും കൗൺസിലിങ്ങ്, ഡി അഡിക്ഷൻ, മെഡിക്കേഷൻ എന്നിവയൊക്കെ കൊടുക്കുന്നത് വ്യക്തിക്ക് മാത്രമാണ്. അതായത് രോഗത്തിനെ, അതിന്റെ മൂലകാരണത്തെ ചികിത്സിക്കാതെ രോഗിയെയും രോഗാവസ്ഥയെയും ചികിത്സിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്.
ലഹരി കേസുകളിൽ ഉൾപ്പെടുമ്പോൾ
വലിയ ലഹരി കേസുകളിലൊക്കെ പിടിക്കപ്പെടുന്നത് 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ അവരെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും 18 ന് മുകളിലുള്ളവരാണെങ്കിൽ ജയിലിൽ റിമാൻഡ് ചെയ്യുകയുമാണ് പതിവ്. 18 വയസ്സ് കഴിഞ്ഞ കോളേജ് വിദ്യാർഥികൾ അല്ലെങ്കിൽ യുവാക്കൾ, യുവതികൾ ജയിലിലെത്തുമ്പോൾ അവിടെ വലിയ കേസുകളിലൊക്കെ അകപ്പെട്ട് എത്തിയ, അല്ലെങ്കിൽ സ്ഥിരമായി കേസിലകപ്പെട്ട് എത്തുന്നവർ ഇവർക്ക് തെറ്റായ പ്രചോദനം നൽകുന്ന അവസ്ഥയുണ്ട്. 10,000 രൂപക്കുവേണ്ടി മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനുപകരം കൂടുതൽ അളവിവുള്ള എം ഡി എം എ, എൽ എസ് ഡി പോലുള്ള ഡ്രഗുകൾ ബാംഗ്ലൂർ, ചെന്നൈ, ബോംബൈ പോലുള്ള നഗരങ്ങളിൽ കൊണ്ടെത്തിച്ചാൽ കൂടുതൽ പണമുണ്ടാക്കാം എന്നൊക്കെയുള്ള ഉപദേശങ്ങളാണ് ആദ്യമായി ലഹരികേസുകളിലകപ്പെട്ട് ജയിലെത്തുന്നവരെ വീണ്ടും കുറ്റത്തിന് പ്രേരിപ്പിക്കുന്നതും അവരെ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് തള്ളിവിടുന്നതും. പിന്നീട് കൗൺസിലിങ്ങിന് കൊണ്ടുവരുമ്പോഴാണ് ജയിലിൽ സഹതടവുകാരിൽ നിന്നുണ്ടാവുന്ന വഴിതെറ്റിക്കുന്ന ഉപദേശങ്ങളെക്കുറിച്ച് പലരും പറയാറുള്ളതെന്ന് വിനു വിജയൻ വ്യക്തമാക്കി.
2022 ൽ എൻ ഡി പി എസ് ആക്ടിലെ സെക്ഷൻ64A പ്രകാരം പുതുതായി കൊണ്ടുവന്ന സർക്കുലർ അനുസരിച്ച്, ചെറിയ അളവ് മയക്കുമരുന്നുമായി 25 വയസ്സിൽ താഴെയുള്ള ഒരാളെ അറസ്റ്റ് ചെയ്താൽ അയാളൊരു ഡ്രഗ് അഡിക്റ്റാണ് എന്ന് ബോധ്യപ്പെടുകയാണെങ്കിലും അയാൾക്കും കുടുംബത്തിനും ഡി അഡിക്ഷൻ ചികിത്സയ്ക്ക് സമ്മതമാണെങ്കിലും കേസിന്റെ തുടർ നടപടി നിർത്തിവെച്ച് ആ വ്യക്തിയെ ചികിത്സയ്ക്ക് അയക്കും. അയാൾ കൃത്യമായി ചികിത്സ പൂർത്തിയാക്കി അഡിക്ഷനിൽനിന്ന് പുറത്തുകടന്നാൽ തുടർന്നുള്ള കേസ് സംബന്ധമായ വ്യവഹാരങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
ലഹരി ഉപയോഗം കടത്ത് എന്നിവയിൽ അറസ്റ്റിലാവുന്ന നാലിൽ ഒരാൾ 20 വയസ്സിൽ താഴെയുള്ള കുട്ടിയാണെന്ന സത്യം 2020 ലാണ് എക്സൈസ് തിരിച്ചറിഞ്ഞതെന്നും അങ്ങനെ ആ വിഷയം സംബന്ധിച്ച് ഒരു പഠനം നടത്തി, ഈ വർഷം തന്നെ സർക്കുലർ കൊണ്ടുവരികയായിരുന്നെന്നും കെ. മുഹമ്മദ് ഷാഫി പറഞ്ഞു.
നിയമങ്ങളുടെ പോരായ്മ
1985 ലെ എൻ ഡി പി എസ് ആക്റ്റ് പ്രകാരം ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ ഉൽപാദിപ്പിക്കാനും, നിർമിക്കാനും കൃഷിചെയ്യാനും, കൈവശം വയ്ക്കാനും, വിൽക്കാനും, വാങ്ങാനും, കഴിക്കാനുമുള്ള അവകാശങ്ങൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാലും ഈ നിയമമനുസരിച്ച് ഒരു കിലോയിൽ താഴെയുള്ള കേസുകൾ ജാമ്യം കിട്ടുന്നവയാണ് എന്നത് വലിയ പോരായ്മയാണ്. പ്രാബല്യത്തിൽ വന്നശേഷം 1988, 2001, 2014 വർഷങ്ങളിലായി മൂന്നുതവണ മാത്രം ഭേദഗതി ചെയ്ത ഈ നിയമത്തിൽ കാലഘട്ടത്തിനനുയോജ്യമായി വീണ്ടും ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെടാറുണ്ടെങ്കിലും കേന്ദ്ര പരിധിയിൽ വരുന്ന നിയമത്തിൽ 2014നുശേഷം മാറ്റം വരുത്തിയിട്ടില്ല. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് പിടിക്കപ്പെടുന്ന ടുബോക്കോ കേസുകളാണെങ്കിലും ചെറിയ പിഴയോടെ ജാമ്യം കിട്ടുന്നവയാണ്.
സ്കൂൾ പരിസരങ്ങളിലെ ചെറിയ പെട്ടിക്കടകളിൽ കൂൾ, പുകയില ഉൽപ്പന്നങ്ങൾ എന്നിവ വിറ്റുവരുന്നത് ഒരുപാട് കാലമായി നടന്നുകൊണ്ടിരിക്കുന്ന പരസ്യമായ രഹസ്യമാണ്. അവ പിടിക്കപ്പെട്ടാലും ചെറിയ സംഖ്യ മാത്രമാണ് പിഴ ചുമത്തുന്നതെങ്കിൽ ആ ലഹരി ഉൽപ്പന്നം കുട്ടികൾക്ക് വിറ്റുണ്ടാക്കിയ പണത്തിൽ നിന്നുതന്നെ വളരെ എളുപ്പം കച്ചവടക്കാർക്ക് പിഴയൊടുക്കാനാവും. ചിലപ്പോൾ സ്ഥിരമായി റെയ്ഡ് ചെയ്താലും ആദ്യം കണ്ടെത്തിയവരെ കണ്ടെത്താൻ കഴിയണമെന്നില്ല. അവർ ഒളിച്ചുവെക്കുന്ന സ്ഥലം മാറ്റാം. ചെറിയ കേസിനുപോലും കഠിനശിക്ഷ കൊടുക്കുകയും പിഴയായി കൂടുതൽ തുക ഈടാക്കുകയും ചെയ്താൽ ഇത്തരം വസ്തുക്കൾ കച്ചവടം ചെയ്യുന്നതിലുള്ള സാധ്യതകൾ ചെറിയൊരു പരിധിവരെയെങ്കിലും തടയാനായേക്കും.
ലഹരിയുടെ രാസരുചികളിൽ മുങ്ങി മയക്കത്തിലാണ്ടുപോകുന്ന യുവതലമുറ ഒരിക്കലും രക്ഷിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്വമോ നഷ്ടമോ അല്ല. സമൂഹത്തിനും കൂടി കൃത്യമായ പങ്കാളിത്തമുണ്ട്. ഏത് കുട്ടിയും ഏത് നിമിഷവും ലഹരിയുടെ കെണിയിലകപ്പെട്ടേക്കാവുന്ന അരക്ഷിത അന്തരീക്ഷത്തിൽ നിന്ന് അവരെ കൈപിടിച്ച് കയറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. സർക്കാറിനൊപ്പം സർക്കാറിതര സംഘടനകൾ, വ്യക്തികൾ എന്നിവരെല്ലാം അടിയന്തരമായി അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്. സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ദിനത്തിലെ റാലിക്കും പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങൾക്കും അപ്പുറം ഇനിയും ജീവൻ കൊടുക്കേണ്ടതുണ്ട്.