മനുഷ്യന് പുറത്തായവർ

സംസാരിച്ചുകൊണ്ടിരിക്കെ ചെവിനന്നാക്കാൻ മറ്റൊരാൾ വന്നു. സൂചിയും മറ്റും അണുവിമുക്തമാക്കുന്ന കുപ്പി കാലിയാണ്. അത് കണ്ടപ്പോൾ അയാൾ ഒന്നും പറയാതെ എഴുന്നേറ്റുപോയി. ഞങ്ങൾ മുഖാമുഖം നോക്കി. ഇന്നലെ തീർന്നതാണ് റൊട്ടിക്കുള്ള ആട്ടയും ആ കുപ്പിയിലെ സാനിറ്റൈസറും. ജോലിയിൽ കള്ളത്തരം കാണിച്ചത് മക്കളുടെ വിശപ്പ് തീർക്കാനാണ്.

Delhi Lens

ന്നത്തെയുംപോലെ ജനനിബിഡമാണ് കൊണാട്ട് പ്ലേസ്. നിലക്കാതെ ഒഴുകുന്ന മനുഷ്യന്റെ ഇരമ്പൽ കാതടപ്പിക്കും. നടക്കുന്നതിന്റെ ഇടക്കുള്ള കണ്ണോടിക്കലല്ലാതെ ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ. അതിലേക്ക് ഒറ്റക്കും കൂട്ടമായും കുതിക്കുന്നു. വൈദേശീയർ നിർമ്മിച്ച കച്ചവട കേന്ദ്രമാണ് കൊണാട്ട് പ്ലേസ്. ഡൽഹിയുടെ ഹൃദയം. ചെറിയ തുകയ്ക്ക് വസ്ത്രങ്ങൾ ലഭിക്കുന്ന പാലിക ബസാർ മുതൽ അന്താരാഷ്ട്ര ബ്രാന്റുകളുടെവരെ കച്ചവടം പൊടിപൊടിക്കുന്ന ഇടം.

മനോഹരമായ ദൃശ്യ ഭംഗിക്കൊപ്പം അച്ചടക്കത്തിൽ ഒരുക്കിയതിന്റെ എല്ലാ പ്രൗഢിയും ആദ്യകാഴ്ചയിലെ പ്രകടമാണ്. സെൻട്രൽ പാർക്കിനെ ചുറ്റി കിലോമീറ്ററുകളുണ്ട് മാർക്കറ്റ്. താഴെ രാജീവ് ചൗക് മെട്രോ സ്റ്റേഷൻ. രാജ്യത്തെ ഏറ്റവും തിരക്കുകൂടിയ സ്റ്റേഷനാണത്. നടക്കുന്നതിനിടക്ക് അവിചാരിതമായി ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം ധരിച്ച വ്യത്യസ്തമായ ചുവന്ന തൊപ്പിയാണ് അങ്ങോട്ട് കാഴ്ച്ച എത്തിച്ചത്. പൊടുന്നനെ തിരിക്കിനിടയിൽ അയാൾ എവിടെയോ മാഞ്ഞു. അൽപ്പം കൂടെ മുന്നോട്ട് പോയപ്പോൾ സമാന രീതിയിലുള്ള മറ്റൊരു തൊപ്പിക്കാരനെ കണ്ടു. ചുവന്ന തുണികൊണ്ട് പ്രത്യേക രീതിയിലാണ് അത് നിർമ്മിച്ചിട്ടുള്ളത്. തോളിൽ നീളൻ തുണിസഞ്ചിയുമുണ്ട്.

അദ്ദേഹത്തെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നു. 20 രൂപക്ക് ചെയ്തുതരാം സർ എന്നുപറഞ്ഞ് തല തടവി. ഒന്നും വ്യക്തമാവാത്ത ഭാവത്തിൽ നിന്ന എന്റെ മുന്നിലേക്ക് അദ്ദേഹം സഞ്ചിയിൽ നിന്നും ഒരു തുണിക്കെട്ട് എടുത്തു. പല വലിപ്പത്തിലുള്ള സൂചികളും പഞ്ഞിക്കെട്ടുമാണതിൽ. ചെവിയിലെ മെഴുക് എടുക്കാനുള്ള ഉപകരണങ്ങളാണ് അതൊക്കെ. ചെവി നന്നാക്കുന്ന ആളാണ് താനെന്ന് പറഞ്ഞ് ഓരോ സാധനങ്ങളും എനിക്ക് കാണിച്ചുതന്നു. വല്ലാത്തൊരു മനസികാവസ്ഥയോടെ മാത്രമേ ആ ജോലിയും അതിന്റെ പിന്നാമ്പുറ കഥകളും കേൾക്കാനാവൂ.

"ഓർമ്മവച്ച കാലം മുതൽ ഈ പണിയാണ്. അച്ഛന്റെ കൂടെ സഹായിയായി തുടങ്ങിയതാണ്. ആദ്യമൊക്കെ മനസ്സുമടുത്തിരുന്നു. വെറുപ്പോടെ ഓർത്ത് കരഞ്ഞിട്ടുണ്ട്. പിന്നെ എന്നെപ്പോലൊരാൾ ഇതല്ലാതെ എന്തുചെയ്യാനാണ്'.

ഇമ്രാൻ തലയിലെ തൊപ്പിയൂരിക്കൊണ്ട് സ്വയം ശപിച്ചു. കൈവെള്ളയിലിട്ട് തൊപ്പിചുരുട്ടി നിരച്ച താടി തുടച്ച് വീണ്ടും തലയിൽ വച്ചു. ഡിജിറ്റൽ ഇന്ത്യയിലെ അന്നം തേടുന്ന മനുഷ്യന്റെ മറ്റൊരു മുഖമാണത്. അങ്ങേയറ്റം പ്രാകൃതമായ ജോലി ചെയ്യേണ്ടി വരുന്നത് മറ്റൊരു സാധ്യതയും ഇല്ലാത്തതുകൊണ്ടാണ്. പാരമ്പര്യത്തിന്റെ കെട്ടുമാറാപ്പുകളും ആ സമൂഹത്തിന് മേൽ ബാധ്യതയായുണ്ട്. വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എവിടെയും ചുവന്ന തൊപ്പിക്കാരെ കാണാം. ഇത് ആ മനുഷ്യരുടെ സമാനതകളില്ലാത്ത ജീവിത ദുരിതങ്ങളുടെ രേഖപ്പെടുത്തലാണ്. അവർ പതിറ്റാണ്ടുകളായി ആ ജോലിതന്നെ ചെയ്യുന്നു അഥവാ ചെയ്യേണ്ടി വരുന്നു എന്ന ഓർമ്മപ്പെടുത്തൽ.

ബാധ്യതയുടെ ചരിത്രം

ഇമ്രാനുമായി സംസാരിച്ചുകൊണ്ടിരിക്കെ മധ്യവയസ്‌കനായ സ്വരൂപ് യാദവ് വന്നു. ഒന്നും പറയാതെ ഇരുവർക്കും പരസ്പരം മനസിലായി. ചുവന്ന തൊപ്പി ആ നഗരത്തിന് അത്രമേൽ സുപരിചിതമാണ്. ഇമ്രാൻ അദ്ദേഹത്തെകൊണ്ട് ദൃതിയിൽ നടന്നു. തിരക്കിൽ നിന്നും മാറി കലുങ്കിന് മുകളിൽ വിരിച്ച തുണിയിൽ ഇരിക്കാനായി ആംഗ്യം കാണിച്ചു. അവിടെ ആദ്യമേ ചെവിനന്നാക്കാനുള്ള സാധനങ്ങൾ സജ്ജമാണ്. തുറന്നുവച്ച മരത്തിന്റെ പെട്ടിയിൽ നിറയെ പലതരം സൂചിയും പഞ്ഞിയുമാണ്. ഇരിക്കാനായി കട്ടിയുള്ള തുണി വിരിച്ചിട്ടുണ്ട്. സ്വരൂപ് കയ്യിലെ പേപ്പറുകൾ അരികിൽ വച്ച് അതിൽ ഇരുന്നു.

ഇമ്രാൻ ജോലിക്കുമുന്നേ മാസ്‌ക്ക് ശരിയാക്കി എന്നെ അടുത്തേക്ക് വിളിച്ചു. ഇനി ചെയ്തുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് പണിയിലേക്ക് കടന്നു. മാധ്യമപ്രവർത്തകനാണെന്ന് അറിഞ്ഞപ്പോൾ സ്വരൂപ് ഉടൻ ആവശ്യപെട്ടത് ഫോട്ടോ എടുക്കരുതെന്നാണ്. അവിടെ ഇരിക്കുന്ന ഫോട്ടോ മറ്റുള്ളവർ കാണാൻ അദ്ദേഹം താൽപര്യപ്പെടുന്നില്ല എന്നു പിന്നീട് പറഞ്ഞു. തന്റെ ജോലി എന്തോ മോശപ്പെട്ടതാണെന്ന് ഉപഭോക്താവ് മുന്നിൽ നിന്ന് പറഞ്ഞപ്പോഴും ഇമ്രാന്റെ മുഖഭാവം മാറിയില്ല. പരുക്കൻ കയ്യിലെ തഴമ്പുപോലെ അതും കേട്ടു പഴകിക്കാണണം.

ആദ്യം ചെവി പരിശോധിക്കും. എന്തെങ്കിലും അസുഖമുണ്ടോ എന്നൊക്കെ അറിയാനാണത്. ചെവിക്കുള്ളിലെ അഴുക്ക് നോക്കിയാണ് കൂലി പറയുക. പരമാവധി 30 രൂപ. ചിംതി എന്നുപറയുന്ന അറ്റം പരന്ന സൂചി ചെവിലേക്ക് ഇറക്കി വൃത്തിയാക്കും. ശേഷം മറ്റൊരു സൂചിയിൽ പഞ്ഞി ചുറ്റി ചെവിയിൽ പതിയെ കറക്കും. അതിനിടക്ക് ഇമ്രാൻ സ്വരൂപുമായി നിർത്താതെ സംസാരിക്കുന്നുണ്ട്. അതൊക്കെ വേദനയിൽ നിന്ന് ശ്രദ്ധ മറ്റാനാണെന്ന് സ്വരൂപിനും അറിയാം. എങ്കിലും അദ്ദേഹം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. 10 മിനിറ്റിൽ ഇമ്രാൻ ജോലിതീർത്തു. ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് പൈസയും കൊടുത്ത് സ്വരൂപ് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി.

മുഗൾ രാജാക്കന്മാരുടെ കാലത്തോളം പഴക്കമുണ്ട് ചെവിനന്നാക്കുന്നവരുടെ ചരിത്രത്തിന്. അന്നൊക്കെ രാജാക്കന്മാരുടെ വിശ്വസ്തർ കൂടിയാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഓരോ പ്രദേശത്തെയും പ്രത്യേക മുസ്ലീം കുടുംബങ്ങൾക്കാണ് ചെവി നന്നാക്കാനുള്ള അവകാശം. പ്രമാണികൾക്കായി മാത്രമേ അന്നൊക്കെ ജോലി ചെയ്യൂ. കാലത്തിനൊപ്പം ഒടുങ്ങിത്തീർന്ന രാജഭരണവും പ്രതാപം മങ്ങിയ കോട്ടകളും ആ മനുഷ്യരെ തെരുവിലെത്തിച്ചു. പഴയ ചരിത്രവും പാരമ്പര്യവും പിന്നീടുവന്ന ഓരോ തലമുറക്കും ഭാരമായി. മറ്റൊരു ജോലിയും ചെയ്യാൻ സാധിക്കാത്ത വിധം ചെറുപ്പത്തിലേ അവർ തെരുവിലേക്കിറങ്ങാൻ നിർബന്ധിതരായി. ചരിത്രത്തിലെ തെറ്റാണ് ബാധ്യതയായി തലമുറകൾ ചുമക്കുന്നത്.

കൂട്ടത്തിൽ പെടാത്തവർ

ഉത്തർ പ്രദേശിലെ മുറാദാബാധിൽ നിന്നാണ് ഇമ്രാൻ ഡൽഹിയിലെത്തുന്നത്. വർഷങ്ങൾക്ക് മുൻപേ അഛന്റെ കൈപിടിച്ചു വന്നതാണ്. ആകാശം തൊടുന്ന കെട്ടിടങ്ങളും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച മനുഷ്യരും ഇമ്രാന്റെ ആദ്യ അനുഭവങ്ങളായിരുന്നു. ആ കാഴ്ചകളിൽ സ്വയം മറന്ന് പുതിയ സ്വപ്നങ്ങൾ കണ്ടു. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരുള്ള ഒറ്റമുറി റൂമിൽ ആ യാത്ര അവസാനിച്ചു. ഒരാളുടെ ശ്വാസം മറ്റൊരാളെ തൊടാതെ പോകാൻ ഇടമില്ലാത്ത വിധം ഇടുങ്ങിയ ചുവരുകൾ. മുന്നേ കണ്ട സ്വപ്നങ്ങൾ ഓരോന്നിനായി അവധി കൊടുത്തു. ആ ജീവിതത്തോട് പതിയെ കീഴ്‌പ്പെട്ടു. അഞ്ച് പേർക്കൊപ്പം ഒരുമെയ്യായി ജീവിക്കാൻ സ്വയം പരിശീലിച്ചു. അതിരാവിലെ സൂചികളുടെ സഞ്ചിയുമായി അച്ഛന്റെ കൂടെ ഇറങ്ങും. തലേന്ന് രാത്രി ഉണ്ടാക്കി സൂക്ഷിച്ച റൊട്ടി വൈകുന്നേരം വരെ പലപ്പോഴായി കഴിക്കും. കിട്ടുന്നിടത്ത് നിന്ന് വെള്ളവും.

ബാല്യവും കൗമാരവും ഡൽഹിയുടെ തെരുവുകളിൽ പൊലിഞ്ഞു. അക്ഷരങ്ങൾ സ്വയം പഠിച്ചു. അനുഭവങ്ങൾ ജീവിതവും പഠിപ്പിച്ചു. വളരെ പെട്ടെന്ന് ചെവി നന്നാക്കാൻ പരിശീലിച്ചെങ്കിലും ചെവി മുറിയുമോ എന്ന ആധി മനസിനെ ഭയപ്പെടുത്തി. വർഷങ്ങൾ എടുത്താണ് ആ ഭയത്തെ കീഴ്‌പ്പെടുത്തിയത്. പിന്നീടങ്ങോട്ട് രാപ്പകൽ ഇല്ലാതെ ജോലി ചെയ്തു. അന്നൊക്കെ പരമാവധി ഒരു ദിവസം കിട്ടിയത് 75 രൂപയാണ്. കുടുംബത്തിന് പട്ടിണിയില്ലാതെ ജീവിക്കാം. അതിൽ ഇമ്രാൻ സന്തുഷ്ട്ടനായിരുന്നു. എന്നാൽ ജീവിത പരിസരങ്ങൾ എക്കാലത്തുമെന്നപോലെ മുഖംതിരിച്ചു.

മനുഷ്യ മാലിന്യം എടുക്കുന്നവർ എന്ന കൂട്ടുകാരുടെ കുത്തുവാക്കുകളാണ് ചെറുപ്പത്തിലേ നാടുവിടാൻ പ്രേരിപ്പിച്ചത്. വളർന്ന് വലിയ ആളായി അതൊക്കെ മാറ്റി പറയിപ്പിക്കണമെന്ന സ്വപ്നം പതിവായി കണ്ടു. കാലം ഏറെ മുന്നോട്ട് പോയെങ്കിലും സമൂഹത്തിന്റെ അവഗണന മാറ്റമില്ലാതെ തുടർന്നു. ഗ്രാമത്തിലെ വിശേഷങ്ങൾ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമല്ലാതായി. ആയിരങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ടു. ഇന്ന് കളിയാക്കാൻ പോലും സുഹൃത്തുക്കളില്ല. അകലെ നിന്നുള്ള ചെറുചിരിയാണ് പരമാവധി ഗ്രാമം നൽകുന്നത്. ഒടുങ്ങിത്തീരും മുമ്പെങ്കിലും കൂട്ടത്തിൽ കൂട്ടുമെന്ന സ്വപ്നം ഇമ്രാൻ ഇപ്പോഴും കാണാറുണ്ട്.

അവഗണനയുടെ ചുവപ്പ്

സംസാരിച്ചുകൊണ്ടിരിക്കെ ചെവിനന്നാക്കാൻ മറ്റൊരാൾ വന്നു. സൂചിയും മറ്റും അണുവിമുക്തമാക്കുന്ന കുപ്പി കാലിയാണ്. അത് കണ്ടപ്പോൾ അയാൾ ഒന്നും പറയാതെ എഴുന്നേറ്റുപോയി. ഞങ്ങൾ മുഖാമുഖം നോക്കി. ഇന്നലെ തീർന്നതാണ് റൊട്ടിക്കുള്ള ആട്ടയും ആ കുപ്പിയിലെ സാനിറ്റൈസറും. ജോലിയിൽ കള്ളത്തരം കാണിച്ചത് മക്കളുടെ വിശപ്പ് തീർക്കാനാണ്. വലിയ കുറ്റം ഏറ്റുപറഞ്ഞ ഒരുവനെപോലെ ഇമ്രാൻ ദീർഘനിശ്വാസമെടുത്തു.

നൂറുകണക്കിന് വരുന്ന ചെവിനന്നാക്കുന്നവരുടെ പ്രതിരൂപമാണ് അദ്ദേഹം. മനുഷ്യനെ തിരിച്ചറിയുന്നതിൽ അമ്പേ പരാജയപ്പെട്ട സമൂഹമാണ് നമ്മുടേതെന്ന് അവരുടെ ജീവിതം അടിവരയിടുന്നുണ്ട്. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഇമ്രാൻ ജീവിതം പറഞ്ഞത്. അപ്പോഴേക്കും സൂര്യൻ മറഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ വർണ്ണ വിളക്കുകൾ തെളിഞ്ഞു. സൂചികൾ വൃത്തിയാക്കിയ ശേഷം മരപ്പെട്ടി അടച്ചു. കലുങ്കിൽ വിരിച്ചതുണി പൊടിതട്ടി കക്ഷത്തു വച്ചു. അന്നത്തെ അധ്വാനമായി കിട്ടിയ 170 രൂപ എണ്ണി പാന്റിൽ ഭദ്രമാക്കി.

ജീവിതത്തോടെന്നപോലെ എന്നോടും ചെറുപുഞ്ചിരിയോടെ യാത്ര പറഞ്ഞു. ഇയ്യാമ്പാറ്റകളെ പോലെ അപ്പോഴും വെളിച്ചത്തിന്റെ വഴിയേ ജനം ഒഴുകുന്നുണ്ട്. ഇമ്രാൻ തൊപ്പിയൂരി സഞ്ചിയിലിട്ട് ആ തിരക്കിലേക്കിറങ്ങി. അയാൾ ഒറ്റയാകാത്തത് അത്തരം അപരിചിതമായ ആൾകൂട്ടങ്ങളിലാണ്. നോക്കിനിൽക്കെ അദ്ദേഹത്തെ കാണാതായി. ജനസാഗരം എങ്ങോട്ടോ കൊണ്ടുപോയിക്കാണണം. ആ നിമിഷങ്ങളാണ് ഇമ്രാൻ മനുഷ്യനെന്ന പരിഗണനയോടെ ജീവിക്കുന്നത്.

Comments