നല്ല കുടുംബത്തിൽ പിറക്കൽ തെറിയാണ് സത്യേട്ടാ

26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ തമിഴ് സംവിധായകൻ വെട്രിമാരൻ ഉഗ്രനൊരു പൊളിറ്റിക്കൽ പ്രസ്താവന നടത്തി.

"ഇന്നത്തെ ലോകം വിഭജിക്കപ്പെട്ടിരിക്കുകയാണ്.. അവിടെ നിങ്ങളൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഒന്നുകിൽ നിങ്ങൾ ഇടത് പക്ഷത്താണ്.. അല്ലെങ്കിൽ വലത് പക്ഷത്തും.. . അതിനിടയ്ക്ക് ഒന്നുമില്ല. നിങ്ങൾ ഇടതിനും വലതിനും ഇടയിലാണ് എന്നാണ് അവകാശപ്പെടുന്നതെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ വലതുപക്ഷത്താണ്'

മലയാള സംവിധായകർ സത്യൻ അന്തിക്കാടും ഇന്നൊരു പ്രസ്താവന നടത്തി. അത് നല്ല ബോറൻ അപ്പൊളിറ്റിക്കൽ പ്രസ്താവനയായിരുന്നു.

സന്ദേശം എന്ന സിനിമയിലെ അരാഷ്ട്രീയതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള വിശദീകരണത്തിലാണ് സത്യൻ അന്തിക്കാട് അത് പറഞ്ഞത്. സന്ദേശം സിനിമയ്ക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്. അത് ശരിയുമാണ്. ആ സിനിമ അരാഷ്ട്രീയ സിനിമയല്ലെന്ന് സ്ഥാപിക്കാൻ അദ്ദേഹം പല കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ ഈയൊരു വാചകം പറഞ്ഞ് നിർത്തി. നല്ല കുടുംബത്തിൽ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ. ആഹാ അന്തസ്സ്.

1991ലാണ് സന്ദേശം ഇറങ്ങിയത്. 30 വർഷം കഴിഞ്ഞു. രചന ശ്രീനിവാസൻ, സംവിധാനം സത്യൻ അന്തിക്കാട്. 30 വർഷത്തിനു ശേഷവും മാറാത്ത, മാറേണ്ടാത്ത സിനിമയായി തനിക്ക് തോന്നുന്ന ഒരേയൊരു സിനിമയും സന്ദേശം തന്നെയാണെന്നും സത്യൻ അന്തിക്കാട് പറയുന്നുണ്ട്.

1992 ലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അതിനു ശേഷമുള്ള 30 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റങ്ങൾ ഒന്നാലോചിച്ച് നോക്കൂ. ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയമാറ്റങ്ങൾ. വലതുപക്ഷ രാഷ്ട്രീയവും വർഗ്ഗീയതയും വേരാഴ്ത്തി പടരുന്നത്, സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാവുന്ന സാമ്പത്തിക ക്രമത്തിന്റെ നിഷ്ഠുരത. അങ്ങനെയെന്തൊക്കെ മാറ്റങ്ങൾ. അങ്ങനെയൊരു രാജ്യത്ത് ഒരു ഫിലിം മേക്കർ എന്ന നിലയിൽ, ഒരു പൗരൻ എന്ന നിലയിൽ ഈ മുപ്പതു വർഷം കൊണ്ട് സത്യൻ അന്തിക്കാട് രാഷ്ട്രീയമായി എത്തിച്ചേർന്ന പൊസിഷൻ അമ്പരപ്പിക്കുന്നതാണ്. മുപ്പതു വർഷം മുൻപത്തെ അതേ പാടവരമ്പിൽ അതേ മുണ്ടും മാടിക്കുത്തി, നല്ല കുടുംബങ്ങളിലെ മാത്രം ബുദ്ധിയുള്ള ചെറുപ്പക്കാരുടെ സിനിമയെടുത്ത് കൂടുകയാണ് സത്യൻ അന്തിക്കാട്. നല്ല കുടുംബത്തിൽപ്പിറന്ന ഒരു ബുദ്ധിമാനെ രാഷ്ട്രീയ പ്രവർത്തനത്തിന് കാത്തിരിക്കാൻ ചില്ലറ ബുദ്ധിശൂന്യതയും അരാഷ്ട്രീയതയും പോരാ. എന്താണ് സത്യേട്ടാ നല്ല കുടുംബം ? ആരാണ് സത്യേട്ടാ നല്ല കുടുംബത്തിൽ പിറക്കുന്നവർ? എന്തൊരു വൃത്തികെട്ട ആശയമാണീ നല്ല കുടുംബം? സിനിമയെടുക്കുന്ന പുതിയ പിള്ളേരോട് നിങ്ങളീ നല്ല കുടുംബ കൺസെപ്റ്റും കൊണ്ട് ചെല്ലരുത് കേട്ടോ. അവർക്കതിലെ അശ്ശീലം പെട്ടെന്ന് പിടി കിട്ടും. അവരതിലെ തെറി നിങ്ങളെ തിരിച്ചുവിളിക്കും. നല്ല കുടുംബത്തിൽ പിറന്നവനേയെന്നത് തെറിയാണെന്ന് താങ്കൾക്ക് മനസ്സിലാവില്ലെന്നും താങ്കളത് അംഗീകാരമായിട്ടെടുക്കുമെന്നും അവർക്കറിയാം.

സന്ദേശം സിനിമയുടെ രചയിതാവായ ശ്രീനിവാസൻ കഴിഞ്ഞ ഇലക്ഷൻസമയത്ത് സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ട്വന്റി-ട്വന്റിയിലെ പണക്കാർക്കൊപ്പമിരുന്ന്
"സമ്പത്തില്ലാത്തവന്റെ കയ്യിൽ അധികാരവും ഒപ്പം സമ്പത്തും വരുമ്പോൾ ഒരു രക്ഷയുമില്ല " എന്നായിരുന്നു അദ്ദേഹം. പറഞ്ഞത്. ച്യവനപ്രാശം പോലൊരു സാധനമാണോ നവോത്ഥാനം എന്നും അദ്ദേഹമന്ന് ചോദിച്ചിരുന്നു.

ഈ അരാഷ്ട്രീയ കോമ്പിനേഷന്റെ കുടുംബ മഹിമ ഇപ്പഴാണ് ക്രിസ്റ്റൽ ക്ലിയറായത്. നല്ല കുടുംബത്തിൽ പിറന്നവർ മാത്രം രാഷ്ട്രീയത്തിൽ വരണമെന്നാഗ്രഹിക്കുന്നതു പോലെ കലയിലും അങ്ങനെത്തന്നെ വന്നാൽ മതിയോ? നല്ല കുടുംബത്തിൽ പിറക്കാത്ത, ബുദ്ധിയില്ലാത്തവർക്ക് വഴി നടക്കാമോ? വാഹനത്തിൽ കയറാമോ? ഭക്ഷണം കഴിക്കാമോ? ചൂടുവെള്ളത്തിൽ കുളിക്കാമോ? സിനിമ കാണാമോ? സിനിമ പിടിക്കാമോ? ജീവിച്ചിരിക്കാമോ? ഏതാണ് നിങ്ങളീപ്പറയുന്ന നല്ല കുടുംബം എന്താണതിന്റെ മാനദണ്ഡം? താങ്കളുടേയും ശ്രീനിവാസന്റേതുമൊക്കെ നല്ല കുടുംബങ്ങളാണോ? ഒരു ഉദാഹരണം കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ്.

ഈ ഫ്യൂഡൽ മാടമ്പി സമ്പന്ന അരാഷ്ട്രീയ ബോധത്തിൽ നിന്ന് നീന്തിപ്പുറത്തുവായോ സഹോദരൻമാരേ. വെട്രിമാരൻ പറഞ്ഞ ഇടതു രാഷ്ട്രീയവും വലതു രാഷ്ട്രീയവും മനസ്സിലാവണമെങ്കിൽ നല്ല കുടുംബത്തിന്റെ പൊട്ടക്കുളത്തിന് പുറത്തുവാ. പുതിയ തലമുറ നല്ല ഉഗ്രൻ രാഷ്ട്രീയ സിനിമകളെടുക്കുന്നുണ്ട്. നിങ്ങളുടെ തലമുറയിലുള്ളവർ തന്നെ അത് തിരിച്ചറിയുന്നുമുണ്ട്. ആ സിനിമകളെങ്കിലും കാണണം. രാഷ്ട്രീയ പ്രവർത്തനം, സന്ദേശം സിനിമയിലെ കോമാളിക്കളിയല്ലെന്ന് അപ്പപ്പിടികിട്ടും.

Comments