ഇന്ത്യയിൽ നിന്ന് രണ്ടു കോടിയോളം മനുഷ്യർ പ്രവാസികളാണ്. അതിൽ വലിയൊരു ശതമാനം മൂന്നരക്കോടി ജനസംഖ്യയുള്ള കേരളീയരാണ്. അവിടെ ഇനിയും കൃത്യതയില്ലാത്ത കണക്കുപ്രകാരം 40 ലക്ഷത്തിലേറെ പേർ ഗൾഫ് രാജ്യങ്ങളിൽ മാത്രം പ്രവാസികളായി ജീവിക്കുന്നു. സർക്കാരിൻ്റെ കണക്കിൽ എല്ലാവരും പ്രവാസികളാണ്. എല്ലാവരും എന്നതിന് അർത്ഥം രാജ്യം വിട്ടുപോയവർ, സുരക്ഷിത പ്രവാസികൾ എന്നാണ്. മറിച്ച്, 40 ലക്ഷത്തിൽ കൂടുതൽ മലയാളികളായ പ്രവാസികൾ എങ്ങനെയാണ് ജീവിക്കുന്നത്, അവരുടെ തൊഴിൽ രീതി, ശമ്പളം, ജീവിതസാഹചര്യം ഇതൊന്നും പിറന്ന നാടിൻ്റേയോ ഭരണകൂടത്തിന്റെയോ ഉത്തരവാദിത്വത്തിൽ പെടുന്നില്ല.
പ്രവാസത്തിൽ തന്നെ സുരക്ഷിത പ്രവാസവും അരക്ഷിത പ്രവാസവും ഉണ്ട്. സുരക്ഷിത പ്രവാസത്തിന്റെ മനോഹരമായ രൂപകല്പനയാണ് എക്കാലത്തും ഏത് സമൂഹത്തിലും ഉയർന്നുനിൽക്കുന്നത്. സുരക്ഷിത പ്രവാസത്തിന്റെ മറ്റൊരു ഗുണം അതിന് ഒരിക്കലും അധികാര വ്യവസ്ഥയിലേക്ക് നടന്നു പോകേണ്ടതില്ല, അധികാര വ്യവസ്ഥയും ചിലപ്പോൾ ഭരണകൂടം മുഴുവനും സുരക്ഷിത പ്രവാസത്തിലേക്ക് തിടുക്കപ്പെട്ട് എത്തിച്ചേരും. അതിന് കാരണം, അതിൻ്റെ വഴി ധനാധിപത്യമാണ്. അതുണ്ടാക്കിയ സമ്പത്തിന്റെ വഴിയിലൂടെയുള്ള യാത്രയിലാണ് വല്ലപ്പോഴും ഉന്നതരായ ചിലരെങ്കിലും പ്രവാസത്തെ കാണാറുള്ളത്. അതൊരുതരം അനുകമ്പനിറഞ്ഞ നോട്ടമായിരിക്കും. ജീവിതരീതി അങ്ങേയറ്റം പൊട്ടിപൊളിഞ്ഞ് കിടക്കുമ്പോഴും അതൊരു കാഴ്ചയിൽ ഒതുങ്ങും. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ് സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും.
ലോകത്ത് എല്ലായിടത്തും ഇത് കാണുമ്പോഴും അതിനോടുള്ള വ്യവസ്ഥിതിയുടെ സമീപനം കണ്ടു മടുത്തവരാണ് പ്രവാസികൾ. എന്നിട്ടും പിറന്ന നാടും സ്വന്തമായ ഭാഷയും സംസ്കാരവും ബന്ധുക്കളും ഉണ്ടായിരിക്കെ ദരിദ്രരാജ്യങ്ങൾ ഇപ്പോഴും പ്രവാസത്തെ പ്രസവിക്കുന്നു. നീ എന്തിന് നാടും വീടും കുടുംബവും ഉപേക്ഷിച്ചു പ്രവാസിയാകുന്നു എന്ന ചോദ്യം ചോദിക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല. അത്തരം ചോദ്യം ഉന്നയിക്കാനുള്ള ധാർമികമായ ഉത്തരവാദിത്വം ഭരണകൂടത്തിൻ്റേതാണ്. ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തെയും സാമൂഹ്യ സുരക്ഷിതത്വത്തെയും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അത് മാത്രം സംഭവിക്കുന്നില്ല.
അരക്ഷിത പ്രവാസത്തിന്റെ പുറപ്പാട് ദേശം സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയായിരിക്കും. കേരളീയ സാമൂഹത്തിലെ അടിത്തട്ട് ജീവിതത്തെ എല്ലാ രീതിയിലും പുതുക്കിപ്പണിതതും അതിനെ ചലനാത്മക സമൂഹമായി മാറ്റിയതും ഗൾഫ് സമ്പത്ത് തന്നെയാണ്. 1970 കൾക്ക് മുമ്പ് അധികാരവും പരമ്പരാഗത ഉദ്യോഗസ്ഥ വർഗ്ഗവും സവർണ്ണ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. ആ കാലത്ത് ന്യൂനപക്ഷങ്ങൾക്കും അടിത്തട്ടിലെ മനുഷ്യർക്കും വിദ്യാഭ്യാസം, പാർപ്പിടം, സർക്കാർ ജോലി, ഇതൊക്കെ വിദൂരത്തായിരുന്നു. ഈ ഘടനയെ തിരുത്തി മുഖ്യധാരയിലേക്കുള്ള സാമ്പത്തികവും സാംസ്കാരികവുമായ കടന്നുവരവിന് ശക്തി പകർന്നത് ഗൾഫ് മലയാളി ഉണ്ടാക്കിയ മാറ്റമാണ്. അതായത് അടിത്തട്ട് ജീവിതത്തിൽ അനുഭവിച്ച പല രീതിയിലുള്ള അനുഭവങ്ങൾ. സ്വന്തമായ വീട്, ആഗ്രഹത്തിനൊത്ത ഭക്ഷണം, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഇതൊക്കെ 1960,70 കാലഘട്ടത്തിലെ സാധാരണ മനുഷ്യർക്ക് സ്വപ്നം മാത്രമായിരുന്നു. ഈ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നത് ഗൾഫ് തന്നെയാണ്. അത് കേരളത്തിൻ്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ചു. പിന്നീട് സാമുദായികവും രാഷ്ട്രീയവുമായ തലങ്ങളിൽ കൂടി മലയാളിയുടെ ഗൾഫ് പ്രവാസം ശക്തമായി സ്വാധീനം ചെലുത്തി. ഈ ഘട്ടങ്ങളിലും ഇതിനു കാരണക്കാരായ പ്രവാസികളുടെ ജീവിതാവസ്ഥയോ അവർ ഗൾഫ് ജീവിതത്തിൽ അനുഭവിക്കുന്ന തൊഴിൽപരമായ ബുദ്ധിമുട്ടുകളോ മുഖ്യധാര രാഷ്ട്രീയത്തിൽ ചർച്ചയായി വന്നില്ല. മറിച്ച്, പ്രവാസികളുടെ സാന്നിധ്യം കേരളത്തിലെ എല്ലാ മേഖലകളിലും കൃത്യമായി പ്രയോജനപ്പെട്ടു. അതിന്റെ കാരണക്കാരായ അരക്ഷിത പ്രവാസികളെ സംബന്ധിച്ച് അവർ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ തുടർന്നുകൊണ്ടെയിരിക്കുന്നു.
ഇന്നും പലയിടങ്ങളിലും ജീവിത സൗകര്യങ്ങൾ പരിമിതമാണ്. പ്രാഥമിക കൃത്യനിർവഹണത്തിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ. രാത്രി വൈകി എത്തി ഭക്ഷണം പാചകം ചെയ്യേണ്ടി വരുന്ന അവസ്ഥ. പിന്നീട് പുലർക്കാലത്ത് എഴുന്നേറ്റ് വീണ്ടും ജോലിക്ക് പോവകേണ്ടി വരുന്ന അവസ്ഥ. ചിലർക്ക് ഒഴിവ് ദിവസം എന്നത് നാട്ടിൽ എത്തുന്ന സമയത്തെ ഒഴിവുകാലം മാത്രമാണ്. ഈ അരക്ഷിത പ്രവാസത്തിലാണ് സാധാരണ മനുഷ്യർ അകാരണമായി തീർന്നു പോകുന്നത്. ഇതിനെയൊക്കെ നിയന്ത്രിക്കുന്നതാകട്ടെ സുരക്ഷിത പ്രവാസത്തിന്റെ ഉടമകളായിരിക്കും. അവർക്ക് മുമ്പിൽ ഒരു തൊഴിലാളിയുടെ (മനുഷ്യൻ ) ജീവൻ എത്ര മാത്രം ഗൗരവപ്പെട്ടതാകുന്നു എന്ന ചോദ്യം നിരന്തരം ഉയർന്നു വന്നതാണ്.
ഏത് അവസ്ഥയിലും ഒരു കാരണത്താലും തൊഴിലാളിക്ക് മുതലാളിയോട് വിയോജിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയില്ല. പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്ന ഓരോ പ്രവാസിയുടെയും പ്രാഥമിക ആവശ്യമെന്നത് നാട്ടിലെ കുടുംബത്തിൻ്റെ സുരക്ഷിതത്വമാണ്. ഈ സുരക്ഷിതത്വ ബോധത്തിനുള്ളിൽ നിന്നാണ് അയാൾ മറ്റെല്ലാം മറക്കുന്നത്. താൻ എവിടെയാണ്, എന്താണ് എന്നത് പോലും ചിലർ മറന്നുപോകുന്നുണ്ട്. ചാക്രികമായ ജീവിതത്തിൽ ആനന്ദം എന്നത് ഒഴിവുകാലത്തെ നാട്ടുജീവിതം മാത്രമാണ്. അതിനിടയിൽ വരുന്ന എല്ലാ മഹാദുരന്തങ്ങളും അവരുടേതു മാത്രമാകുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നാലും ആ വിവരം നാട്ടിൽ അറിയിക്കാതെ കഴിയുന്ന എത്രയോ പ്രവാസികൾ ഉണ്ട്. എന്തിന് വീട്ടുകാരെ അറിയിച്ച് അവരെ കൂടി വിഷമിപ്പിക്കണം എന്നു കരുതുന്നവർ.
എന്നാൽ സുരക്ഷിത പ്രവാസം അനുഭവിക്കുന്നവർക്ക് ഇക്കാര്യങ്ങളൊക്കെ അറിയാം. ലോകത്ത് എവിടെയും പരമാവധി അധ്വാനത്തെ ചൂഷണം ചെയ്തുകൊണ്ട് മാത്രമേ സുരക്ഷിത പ്രവാസത്തിന് മുന്നോട്ടുപോകാൻ കഴിയും. അവിടെ പ്രവാസി എന്നത് പരിഗണിക്കപ്പെടേണ്ട വിഷയമല്ല. ചിലപ്പോൾ സ്ഥാപന ഉടമയുടെ ബന്ധുക്കൾ പോലും അവിടെ തൊഴിലാളി മാത്രമാണ്. ആ രീതിയിൽ ചിന്തിക്കുന്ന എത്രയോ മലയാളി സുരക്ഷിത പ്രവാസി ഉടമകളുണ്ട്. തൊഴിലാളി എന്നും തൊഴിലിനോടുള്ള വിധേയത്വം മുതലാളിക്കു മുമ്പിൽ കാണിക്കണം. അപ്പോൾ മാത്രമാണ് ജോലിയിലെ സുരക്ഷിതത്വം അയാളെ സമാധാനിപ്പിക്കുന്നത്. കാരണം, ഒരു മെയിലിലോ, വെള്ളക്കടലാസിലോ ടെർമിനേഷൻ എന്ന വാക്കിലൂടെ മുതലാളിക്ക് തൊഴിലാളിയെ വലിച്ചെറിയാം. എറിയപ്പെടുന്നവരെ കേന്ദ്രീകരിച്ച് കറങ്ങുന്ന കുടുംബത്തെ മുതലാളിക്ക് കാണണ്ട, അറിയണ്ട. തൊഴിലാളിക്ക് ഇതൊക്കെ അംഗീകരിക്കാനേ കഴിയൂ.
ഇത്തരം സാഹചര്യത്തിലും 35 വയസ്സിനിടയിൽ ഹൃദയം പൊട്ടി മരിക്കുന്ന പ്രവാസികൾ ഇന്ന് സർവ്വസാധാരണ സംഭവമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർ ഡോക്ടർമാരോട് ഇത്തരം വിഷയങ്ങൾ പറയുമ്പോൾ കിട്ടുന്ന മറുപടി ഗൗരവപ്പെട്ടതാണ്. പ്രധാനമായും മാനസിക സമ്മർദ്ദം, കൃത്യമായ ഉറക്കമില്ലായ്മ, ക്യത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ, വ്യായാമം ഇല്ലായ്മ, ഇതൊക്കെ പ്രവാസികളുടെ ജീവിതം അകാലത്തിൽ ഇല്ലാതാക്കുന്നു. മറ്റൊരുതരത്തിൽ അരക്ഷിത പ്രവാസത്തിൽ മരണം ഏത് രീതിയിലേക്കും കടന്നു വരാം. കാരണം, സുരക്ഷിതത്വം എന്നത് അവരെ സംബന്ധിച്ച്, ജീവിക്കുന്ന പരിമിതമായ ഇടത്തിലെ സൗകര്യങ്ങളാണ്. മൂന്നടി വീതിയുള്ള ഇരുമ്പ് കട്ടിൽ മൂന്ന് ഭാഗത്തായി മൂന്നും നാലും തട്ടായായി ഉയർന്നു നിൽക്കുന്നു. അതിൽ ഉറങ്ങുന്നവർ. കുറച്ചു കൂടി ഉയർന്ന ശബളം വാങ്ങുന്ന പ്രവാസികൾക്ക് പോലും ഇത്തരം ജീവിത സൗകര്യങ്ങളേ ലഭിക്കൂ. അല്ലെങ്കിൽ അയാൾ സ്വന്തം ശബള തുക ചിലവഴിച്ച് താമസിക്കണം. അപ്പോൾ നാട്ടിലെ കൂടുംബം പ്രയാസത്തിലാവും. പാതി വഴിയിൽ എത്തിയ വീട്ടുപണിമുടങ്ങും, മക്കളുടെ പഠനം പ്രയാസത്തിലാവും. അവിടെ മരണം മഴയായും വാഹന അപകടമായും കാറ്റായും തീയായും പുകയായും കടന്നുവരുന്നു. അതിൻ്റെ മറ്റൊരു പേരാണ് അരക്ഷിത പ്രവാസം.