ശാസ്ത്ര ചിന്ത സാമൂഹ്യ ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നും എത്രമാത്രം അകലെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന മന്ത്രവാദ കൊലപാതകം. അതു കൊണ്ടു തന്നെ മന്ത്രവാദത്തെ സദ് മന്ത്രവാദമെന്നും ദുർമന്ത്രവാദമെന്നും വിഭജിക്കുന്നത് തന്നെ ആധുനിക സമൂഹത്തിന് ഭൂഷണമല്ല. ആത്യന്തികമായി മന്ത്രവാദ സംസ്കാരം മനുഷ്യജീവിതത്തെ യുക്തി യുക്തമായ ചിന്തയിൽ നിന്നും സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളെ യാഥാർഥ്യ ബോധത്തോടെ വിലയിരുത്തുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു.
ഇന്ത്യൻ സമൂഹം നേരിടുന്ന സാമൂഹ്യ സാമ്പത്തിക അസമത്വ ക്രമങ്ങളെയാണ് മന്ത്രവാദ സംസ്കാരം ചൂഷണം ചെയ്യുന്നത്. ജ്യോതിഷവും വാസ്തു വിശ്വാസങ്ങളും എല്ലാം ചേർന്ന മന്ത്രവാദ പൗരോഹിത്യ ചൂഷണ വ്യവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വ ക്രമങ്ങളുടെ ഉൽപ്പന്നമാണ്.
പ്രാചീന കാലത്ത് മനുഷ്യർ അവരുടെ ജീവിത നിവർത്തിക്കുവേണ്ടി മന്ത്രവാദ സംസ്കാരം പിന്തുടർന്നിരുന്നു. പ്രാചീന വേദമായ അഥർവ വേദത്തിൽ ചികിത്സാ പദ്ധതികൾ വിവരിക്കുമ്പോൾ പോലും ഇത്തരം മന്ത്രവാദ സംസ്കാരം അതിന്റെ ഭാഗമായി നിലനിന്നിരുന്നു. ശത്രുവിന്റെ ഉച്ചാടനവും, കൊല്ലുക എന്ന ലക്ഷ്യത്തോടെയുള്ള മാരണ കർമവും, ശത്രുക്കളെ തമ്മിൽ വിദ്വേഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്വേഷണ കർമവും താന്ത്രിക മന്ത്രവാദ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. യഥാർഥത്തിൽ, നിലനിൽക്കുന്ന വിശ്വാസ പദ്ധതികളുടെ ഒരു ഭാഗം തന്നെയാണ് മന്ത്രവാദ സംസ്കാരമെന്ന് മന്ത്രവാദത്തെ സംബന്ധിച്ച പഠനങ്ങൾ ബോധ്യപ്പെടുത്തും.
"കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുക' എന്ന വിശ്വാസവും ഇത്തരത്തിൽ മന്ത്രവാദ ചികിത്സയുടെ ഭാഗമായി കാണാം.
ശാസ്ത്ര വിഷയങ്ങൾ ബിരുദ സമ്പാദനത്തിനുള്ള ഒരു ഉപാധി മാത്രമായി തീരുകയും, സാമൂഹ്യ ജീവിതവുമായി അല്പം പോലും ബന്ധമില്ലാത്ത ഒന്നായി ശാസ്ത്രം (സയൻസ്) മാറിത്തീർന്നതിന്റെ പ്രത്യക്ഷ നിദർശനം കൂടിയാണ് ഇവിടെ അരങ്ങേറുന്ന മന്ത്രവാദ കൊലപാതകങ്ങൾ. ശാസ്ത്ര ചിന്ത സാമൂഹ്യ ജീവിതത്തിന്റെ എല്ലാ അണുവിലും നിറയേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
കുരുതി കഴിക്കുന്നത് നിർത്തലാക്കണമെന്ന് കല്പിച്ചു കൊണ്ട് വാളും ചിലമ്പും എടുത്ത് നദിയിൽ ഉപേക്ഷിച്ച നാരായണ ഗുരുവിന്റെ പാരമ്പര്യമാണ് ഇവിടെ കൈമോശം വന്നിരിക്കുന്നത്. രക്തച്ചാലുകൾ തീർക്കുന്ന കുരുതി പാരമ്പര്യം കണ്ടിട്ടാണ് സഹോദരൻ അയ്യപ്പൻ "ഭരണിക്കു പോകല്ലേ സോദരരേ' എന്ന് പാടിയത്. ശാസ്ത്ര ചിന്തക്ക് സാമൂഹ്യ ജീവിതത്തിൽ ഇടം ഉണ്ടായാൽ മാത്രമേ ഈ ദുഷിച്ച മന്ത്രവാദ സംസ്കാരത്തിൽ നിന്നും കേരളത്തിന് വിമോചനം നേടാനാകൂ.