Photo: Flickr, Warren Smart

കരിയ്ക്കും കരിമരുന്നിനും ഇടയിലെ ആചാരകേരളം

വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം ഏർ​പ്പെടുത്തി ഈയിടെ കേന്ദ്രവും കേരള ഹൈക്കോടതിയും കൊണ്ടുവന്ന മാർഗനിർദേശങ്ങളുടെ പാശ്ചാത്തലത്തിൽ, കേരളത്തിലെ ഉത്സവാഘോഷങ്ങളുടെ പേരിൽ അരങ്ങേറുന്ന കടുത്ത നിയമലംഘനങ്ങളെക്കുറിച്ചും വിശ്വാസത്തെ മുൻനിർത്തിയുള്ള ആചാരപ്പൊലീസിങ്ങിനെക്കുറിച്ചും അന്വേഷണം.

118 മനുഷ്യരെ കൊന്നുകളഞ്ഞ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം (2016 ഏപ്രിൽ 10), ക്ഷേത്രാചാരങ്ങളെന്ന നിലക്ക് തുടർന്നുപോരുന്ന വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും ആശാസ്യതയെക്കുറിച്ച് ജനാധിപത്യപരമായ സംവാദത്തിന്റെ സാധ്യത തുറന്ന സന്ദർഭം കൂടിയായിരുന്നു. ശ്രീനാരായണഗുരുവിന്റെ 'കരി വേണ്ട, കരിമരുന്നും' എന്ന ഉപദേശം അന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

നീലേശ്വരത്തെ ആറു മനുഷ്യരുടെ ശരീരത്തിലെ പുകയടങ്ങുംമുമ്പ്, വെടിക്കെട്ട് നിയന്ത്രണത്തിനെതിരെ എൽ.ഡി.എഫ് തൃശൂരിൽ പ്രതിഷേധ സംഗമം നടത്താൻ പോലുമുള്ള ഹൃദയശൂന്യത കാട്ടി.

പുറ്റിങ്ങൽ അപകടത്തിന്റെ പാശ്ചാത്തലത്തിൽ, ഉഗ്രശബ്ദത്തോടെയുള്ള രാത്രിവെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. പുറകെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പകൽ പത്തിനും വൈകീട്ട് അഞ്ചിനുമിടയ്ക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നുമായിരുന്നു, തൃശൂർ പൂരത്തിന് തൊട്ടുമുമ്പ് ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവ്. ഇതോടെ, വെടിക്കെട്ടിനുപുറമേ ആനയെഴുന്നള്ളിപ്പിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ അനുകൂല സാഹചര്യമൊരുങ്ങി.

കേരളത്തിന്റെ പൊതുസമൂഹം കാത്തിരുന്ന പുരോഗമനപരമായ ഒരു മുൻകൈക്ക് സർക്കാർ നടപടി മാത്രം ബാക്കിയായ നിമിഷത്തിലാണ് തൃശൂർപൂരത്തെ ചൂണ്ടി മാധ്യമങ്ങൾ വലിയൊരു അട്ടിമറിക്ക് വെടിമരുന്നിട്ടത്. പുറ്റിങ്ങൽ അപകടസമയത്ത്, ആനയെഴുന്നള്ളിപ്പ് നിയന്ത്രിക്കണമെന്നും വെടിക്കെട്ട് നിരോധിക്കണമെന്നുമുള്ള അഭിപ്രായത്തിന് അനുകൂല നിലപാടെടുത്ത മാധ്യമങ്ങൾ, പൊടുന്നനെ ഇവയെ ആചാരങ്ങളായി പ്രഖ്യാപിച്ച് കേരളത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളായി പ്രതിഷ്ഠിച്ചു. രാത്രി ഉഗ്രശബ്ദമുള്ള വെടിക്കെട്ട് നിരോധിച്ച ഹൈകോടതി വിധിയും ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവും പൂരം നടത്തിപ്പിനുമേൽ കരിനിഴൽ പരത്തിയെന്നും ജനങ്ങളാകെ ആശങ്കയിലാണെന്നും മാധ്യമങ്ങൾ വിധിച്ചു.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം.
പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം.

പൂരം ചടങ്ങുകളിലൊതുക്കുമെന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സർക്കാറിനോടും ഹൈകോടതിയോടും പൊതുസമൂഹത്തോടുമുള്ള ഭീഷണിയെ മാധ്യമങ്ങൾ ഒരു ദേശത്തിന്റെയും ജനതയുടെയും സ്വത്വസംരക്ഷണപോരാട്ടമായാണ് അവതരിപ്പിച്ചത്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന പുനരാലോചനയെ മുളയിലേ നുള്ളുകയായിരുന്നു മാധ്യമങ്ങൾ. തൃശൂർ പൂരം സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായതിനാൽ പൂരത്തിന് വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ഇല്ലാതായാൽ സംസ്‌കാരത്തിന് കോട്ടം തട്ടുമെന്നൊക്കെ മാധ്യമങ്ങൾ, ദേവസ്വങ്ങളെപ്പോലെ ഉറഞ്ഞുതുള്ളി. മാധ്യമങ്ങളുടെ ഈ വ്യാജ അഭിപ്രായനിർമിതി രാഷ്ട്രീയപാർട്ടികളുടെയും സർക്കാറിന്റെയും നിയമസംവിധാനങ്ങളുടെയും തീരുമാനങ്ങളെ പ്രതിലോമകരമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.

പൊലിമ കുറയാതെ പൂരം നടത്തണം എന്നാവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തുവന്നു. ഹൈന്ദവ വൈകാരികതക്കൊപ്പമായിരുന്നു ബി.ജെ.പിയും ഇടതുപക്ഷവുമെല്ലാം.
പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് മതപരമായ ചടങ്ങിനപ്പുറം തൃശൂരിന് ഒഴിവാക്കാനാകാത്ത സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് എന്നായിരുന്നു ഹൈകോടതിയിൽ സർക്കാറിന്റെ 'സത്യവാങ്മൂലം'.

‘തൃശൂർ പൂരം വിലക്കാൻ കേന്ദ്രനിയമം' എന്ന മട്ടിലാണ് മാധ്യമങ്ങൾ, സ്‌ഫോടകവസ്തു നിയമത്തിൽ ഭേദഗതിയെ വളച്ചൊടിച്ചത്. . /photo: Tigin Anjilithanam
‘തൃശൂർ പൂരം വിലക്കാൻ കേന്ദ്രനിയമം' എന്ന മട്ടിലാണ് മാധ്യമങ്ങൾ, സ്‌ഫോടകവസ്തു നിയമത്തിൽ ഭേദഗതിയെ വളച്ചൊടിച്ചത്. . /photo: Tigin Anjilithanam

അങ്ങനെ, വനംവകുപ്പുമന്ത്രിയായിരുന്ന തിരുവഞ്ചൂർരാധാകൃഷ്ണൻ ഇടപെട്ട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിപ്പിച്ചു. പൂർവാധികം നിയമലംഘനത്തോടെ ആ വർഷവും തൃശൂർ പൂരം നടന്നു. എഴുന്നള്ളിപ്പിന് വിലക്കുണ്ടായിരുന്ന അതേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ തെക്കേ ഗോപുരനട തുറന്നു. ഇതേ ആനയുടെ കുത്തേറ്റ് കൊലപ്പെടുന്ന മനുഷ്യർക്കുവേണ്ടി വ്യാജക്കണ്ണീരൊഴുക്കിയ അതേ മാധ്യമങ്ങൾ ഈ ആനയെ എഴുന്നള്ളിപ്പിക്കുന്നതിനുപുറകിലെ നിയമലംഘനം മൂടിവച്ചു. സ്വരാജ് റൗണ്ടിൽ ചാക്ക് നനച്ചിട്ട് ദേവസ്വങ്ങളും നിയമപാലകരായി മാറി. മണിക്കൂറുകളുടെ വിശ്രമരഹിതമായ നിൽപിനാൽ പൊട്ടിപ്പൊരിഞ്ഞ് ആനകൾ കാലിളക്കുകയും ശരീരം വളക്കുകയും ചെവിയാട്ടുകയും ചെയ്തപ്പോൾ ഇലഞ്ഞിത്തറയിലെ പാണ്ടിമേളം കേട്ട് ഗജവീരന്മാർ ചെവി വട്ടംപിടിച്ചു എന്നുതന്നെ അത്തവണയും മാധ്യമങ്ങൾ കലമ്പി. ആനയെഴുന്നള്ളിപ്പ് കായിക ബലപ്രകടനത്തിനുള്ള ഉപാധിയായി നിശ്ചയിച്ച ക്ഷേത്രപ്രഭുത്വം ഒടുവിൽ വിജയിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ

വെടിക്കെട്ടിനൊരു
കൂട്ടുമുന്നണി

എട്ടു വർഷത്തിനുശേഷം, വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാറും കേരള ഹൈക്കോടതിയും ഉത്തരവുകൾ പുറപ്പെടുവിച്ച ഈ സന്ദർഭത്തിലും അതേ ആചാരപ്പൊലീസ് കവാത്തുനടത്തുകയാണ്.

2008-ലെ സ്‌ഫോടകവസ്തുനിയമത്തിൽ ഭേദഗതി വരുത്തി (Explosives- amendment- Rules 2024) കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഇറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വെടിക്കെട്ടിനുള്ള മരുന്ന് സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നതാണ് പ്രധാന വ്യവസ്ഥ. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് 100 മീറ്റർ അകലെ ആളുകൾ നിൽക്കണം, ആളുകൾ നിൽക്കുന്ന ഇടം ബാരിക്കേഡ് കെട്ടി തിരിക്കണം, വിവിധ വലുപ്പത്തിലുള്ള അമിട്ടുകൾ തമ്മിലുള്ള അകലം 50 സെന്റീമീറ്റർ വേണം തുടങ്ങി വെടിക്കെട്ടുമായി ബന്ധപ്പെട്ട 35 വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്.

ജനങ്ങളുടെ സുരക്ഷയാണ് സ്‌ഫോടകവസ്തുനിയമ ഭേദഗതിയിലെ പ്രധാന പരിഗണനാവിഷയമെന്നത് മറച്ചുപിടിച്ചാണ്, ആചാരസംരക്ഷണം എന്ന ഒരൊറ്റ ആംഗിളിൽ ഭരണ- പ്രതിപക്ഷങ്ങൾ കൂട്ടുമുന്നണിയാകുന്നത്.

ഇതോടെ പൂരക്കമ്മിറ്റി സടകുടഞ്ഞെഴുന്നേറ്റു. 'തൃശൂർ പൂരം വിലക്കാൻ കേന്ദ്രനിയമം' എന്ന മട്ടിലാണ് മാധ്യമങ്ങൾ, ഈ ഭേദഗതിയെ വളച്ചൊടിച്ചത്. മന്ത്രി കെ. രാജൻ പോലും ഇതിനെ തൃശൂർ പൂരത്തെ തകർക്കാനുള്ള നീക്കമായാണ് വിലയിരുത്തിയത്. ആശങ്ക പങ്കിട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് തെക്കേ ഗോപുരനട തുറന്ന് ഇറങ്ങിവരുന്നു. /photo: Akhil Sankar
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് തെക്കേ ഗോപുരനട തുറന്ന് ഇറങ്ങിവരുന്നു. /photo: Akhil Sankar

ഈ കോലാഹലം നടക്കുന്നതിനിടെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടത്. ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണാണ് പൊട്ടിത്തെറിയുണ്ടായത്. അതായത്, കേന്ദ്ര ഭേദഗതിയിൽ നിഷ്‌കർഷിക്കുന്ന, വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ പാലിക്കേണ്ട അകലം എന്ന വ്യവസ്ഥയ്ക്ക് അടിവരയിടുന്ന ഒരപകടമായിരുന്നു ഇത്. എന്നിട്ടും, അവിടെ കൊല്ലപ്പെട്ട ആറ് മനുഷ്യരെ മുൻനിർത്തിയുള്ള ചർച്ചയിലേക്ക് മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും കടന്നതേയില്ല. നീലേശ്വരത്തെ ആറു മനുഷ്യരുടെ ശരീരത്തിലെ പുകയടങ്ങുംമുമ്പ്, വെടിക്കെട്ട് നിയന്ത്രണത്തിനെതിരെ എൽ.ഡി.എഫ് തൃശൂരിൽ പ്രതിഷേധ സംഗമം നടത്താൻ പോലുമുള്ള ഹൃദയശൂന്യത കാട്ടി.

കേന്ദ്ര ഭേദഗതിയിൽ നിഷ്‌കർഷിക്കുന്ന, വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ പാലിക്കേണ്ട അകലം എന്ന വ്യവസ്ഥയ്ക്ക് അടിവരയിടുന്ന ഒരപകടമായിരുന്നു നീലേശ്വരത്തുണ്ടായത്. എന്നിട്ടും, അവിടെ കൊല്ലപ്പെട്ട ആറ് മനുഷ്യരെ മുൻനിർത്തിയുള്ള ചർച്ചയിലേക്ക് മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും കടന്നതേയില്ല.

വെടിക്കെട്ടപകടങ്ങളിൽ കേരളത്തിൽ നാനൂറോളം പേർ മരിച്ചതായി അനൗദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് കേന്ദ്ര ഭേദഗതിയിലെ പ്രധാന പരിഗണനാവിഷയമെന്നത് മറച്ചുപിടിച്ചാണ്, ആചാരസംരക്ഷണം എന്ന ഒരൊറ്റ ആംഗിളിൽ ഭരണ- പ്രതിപക്ഷങ്ങൾ കൂട്ടുമുന്നണിയാകുന്നത്. പതിനായിരങ്ങൾ ഒത്തുകൂടുന്ന തൃശൂർ പൂരത്തിന് കലക്ടർ തന്നെ, ഏറ്റവും നിസ്സാരമായ ഒരു നിയന്ത്രണം ഏർപ്പെടുത്തിയാൽ പോലും, അത് പൂരം തകർക്കാനാണ് എന്ന മട്ടിലുള്ള വ്യാഖ്യനത്തിലേക്ക് വഴിമാറുംവിധം അപകടകരമായ വൈകാരികതയാണ് ഈ കൂട്ടുമുന്നണി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു പുറ്റിങ്ങൽ അപകടം. അപകടസാധ്യത മുൻനിർത്തി, വെടിക്കെട്ടിന് തലേന്നുവരെ കലക്ടർ ഷൈനാമോൾ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം

ആ നിരോധന ഉത്തരവ് മറികടക്കാൻ രാഷ്ട്രീയ- ഉദ്യോഗസ്ഥ സംവിധാനങ്ങൾ അവിഹിത ഇടപെടൽ നടത്തി. അതിന്റെ മറവിൽ, തലേന്നുതന്നെ വൻതോതിൽ സ്‌ഫോടകവസ്തുക്കൾ അവിടെ എത്തിച്ചു. അതിന് ഉന്നത പൊലീസ്, റവന്യു ഉദ്യോഗസ്ഥർ ഒത്താശയും നൽകി. യഥാർഥ കുറ്റക്കാർ ഇപ്പോഴും കാണാമറയത്താണ് എന്നു മാത്രമല്ല, 2016 ഏപ്രിൽ പത്തിനു നടന്ന പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ കേസ് വിചാരണ കഴിഞ്ഞ മേയിൽ തുടങ്ങിയിട്ടേയുള്ളൂ. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ 51 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേർ മരിച്ചു. 44 പേർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 118 പേർ കൊല്ലപ്പെടുകയും 720 പേർക്ക് പരിക്കേൽക്കുകയും മുന്നൂറോളം വീടുകൾക്ക് കേടുപാടുണ്ടാകുകയും ചെയ്ത ഒരു ദുരന്തത്തോട് ഔദ്യോഗിക സംസ്‌കാര സംരക്ഷണ സംഘങ്ങൾ പുലർത്തുന്ന നിസ്സംഗതയുടെ തുടർച്ചയാണ് നീണ്ടുപോകുന്ന നീതിനടത്തിപ്പും.

‘‘ഇതൊന്നും ആചാരമല്ല. അമ്പലക്കറ്റിമ്മികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിനുപിന്നിൽ. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാൽ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്''- ഹൈക്കോടതിയുടെ വാക്കുകളാണിത്.

ആന എഴുന്നള്ളിപ്പിലെ
നിയമലംഘനങ്ങൾ

ആന എഴുന്നള്ളിപ്പിലും ഇതേ നിയമലംഘനമാണ് വർഷങ്ങളായി അരങ്ങേറുന്നത്. വെടിക്കെട്ട് ദുരന്തത്തിൽനിന്ന് ഭിന്നമായി, ഇവിടെ പ്രാകൃതമായ മൃഗാവകാശലംഘനം കൂടി നടക്കുന്നുണ്ട്.

തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ എഴുന്നള്ളിപ്പിന്റെ പേരിൽ നടക്കുന്ന കൊടും ആന പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചാണ് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം കൊണ്ടുവന്നത്.
മൂന്നു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ആനയെ എഴുന്നള്ളിക്കരുത്, ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം, നല്ല ഭക്ഷണം നൽകണം, വിശ്രമിക്കാൻ സ്ഥലം വേണം, പൊതുജനങ്ങളിൽനിന്ന് എട്ടു മീറ്റർ ദൂരം വേണം, സർക്കാർ ഡോക്ടർമാരുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണം തുടങ്ങിയ അടിസ്ഥാന സുരക്ഷാ നിർദേശങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാല് ദേവസ്വങ്ങൾക്കും നൽകിയ ഉത്തരവിലുള്ളത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, ആനയും തീവെട്ടി അടക്കമുള്ള ഉപകരണങ്ങൾ തമ്മിൽ അഞ്ച് മീറ്റർ ദൂരപരിധി, ദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്, രാത്രി 10 മുതൽ രാവിലെ 4 മണി വരെ യാത്ര ചെയ്യിക്കരുത്, ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്, ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്, ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂരപരിധി വേണം തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്.
പകലും രാവും ഏഴും എട്ടും മണിക്കൂർ തുടർച്ചയായി എഴുന്നള്ളിപ്പിനുപയോഗിക്കുന്ന ആനകൾക്കാവശ്യമായ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ മാത്രമാണിത്.

തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ എഴുന്നള്ളിപ്പിന്റെ പേരിൽ നടക്കുന്ന കൊടും ആന പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചാണ് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം കൊണ്ടുവന്നത്. /photo: Dijumon Komanthakkal
തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ എഴുന്നള്ളിപ്പിന്റെ പേരിൽ നടക്കുന്ന കൊടും ആന പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചാണ് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം കൊണ്ടുവന്നത്. /photo: Dijumon Komanthakkal

ഈ ഉത്തരവിനാധാരമായി ഹൈക്കോടതി സ്വീകരിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലും ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിയന്ത്രണം വ്യവസ്ഥ ചെയ്തിരുന്നു. മതപരമായ ചടങ്ങുകൾക്കുമാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുള്ളൂ, സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ഉപയോഗിക്കരുത്, രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ24 മണിക്കൂർ നിർബന്ധിത വിശ്രമം, ഒരു ദിവസം 100 കിലോമീറ്ററിലധികം വാഹനത്തിൽ കൊണ്ടുപോകരുത്, എഴുന്നള്ളിപ്പുകൾക്ക് ആനകൾതമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം, തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല, ജനങ്ങളെ ആനകൾക്ക് സമീപത്തുനിന്ന് 10 മീറ്ററെങ്കിലും അകലത്തിൽ നിർത്തണം, 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ എഴുന്നള്ളിപ്പിന്റെ പേരിൽ നടക്കുന്ന കൊടും ആന പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചാണ് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം കൊണ്ടുവന്നത്.

‘‘കാലുകൾ ചേർത്തുകെട്ടി അനങ്ങാൻ കഴിയാതെ നിൽക്കുന്ന ആനകളുടെ അവസ്ഥ മനസ്സിലാക്കണം. മനുഷ്യനാണെങ്കിൽ ഈ അവസ്ഥയിൽ അഞ്ചു മിനിറ്റ് നിൽക്കാനാകുമോ? അപ്പോൾ ഇത്ര ഭാരമുള്ള ആനയെ ഇരുകാലുകളും ചേർത്തുകെട്ടി നിർത്തുന്നത് ആലോചിക്കാൻ കഴിയുമോ. ഇതൊന്നും ആചാരമല്ല. അമ്പലക്കറ്റിമ്മികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിനുപിന്നിൽ. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാൽ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്''- ഹൈക്കോടതിയുടെ വാക്കുകളാണിത്. തങ്ങൾക്കുമുന്നിലെത്തിയ, നിശ്ശബ്ദം സംസാരിക്കുന്ന തെളിവുകളാണ് ഈയൊരു നിരീക്ഷണത്തിലേക്ക് കോടതിയെ നയിച്ചത് എന്ന് വ്യക്തം.

ഹൈക്കോടതി ഇടപെടലിനോടുള്ള രാഷ്ട്രീയ- ഭരണസംവിധാനങ്ങളുടെ പ്രതികരണം, മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പരിഹാസത്തിൽനിന്ന് വായിച്ചെടുക്കാം.
ഹൈക്കോടതി ഇടപെടലിനോടുള്ള രാഷ്ട്രീയ- ഭരണസംവിധാനങ്ങളുടെ പ്രതികരണം, മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പരിഹാസത്തിൽനിന്ന് വായിച്ചെടുക്കാം.

ഹൈക്കോടതി ഇടപെടലിനോടുള്ള രാഷ്ട്രീയ- ഭരണസംവിധാനങ്ങളുടെ പ്രതികരണം, മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പരിഹാസത്തിൽനിന്ന് വായിച്ചെടുക്കാം. പരമ്പരാഗതമായി ആന ഉടമകൾ കൂടിയായ കൊട്ടാരക്കര വാളകം കീഴൂട്ട് തറവാട്ടിലെ അംഗം കൂടിയായ മന്ത്രി പറഞ്ഞത് ഇതാണ്: ''ആനയും ആനയും തമ്മിൽ പത്ത് മീറ്റർ അകലം വേണമെന്ന് ഒരിക്കൽ ഉത്തരവ് വന്നിരുന്നു. അന്ന് ഞാനൊരു ഉദ്യോഗസ്ഥനോട് ചോദിച്ച സംശയം ആനയുടെ തലയും തലയും തമ്മിലാണോ വയറും വയറും തമ്മിലാണോ ഈ അകലം കണക്കിലാക്കുന്നത് എന്നാണ്. കാരണം, ഈ ചട്ട പ്രകാരം പൂരത്തിന് മൂന്ന് ആനകളെ മാത്രമേ നിർത്താൻ കഴിയൂ. ഇത്തരത്തിൽ അപ്രായോഗികമായി ഇതിനെ സമീപിക്കാൻ പാടില്ല. പ്രയോഗികമല്ലെങ്കിൽ ജനം നിയമം ലംഘിക്കാൻ നിർബന്ധിതരാകും''.

‘അപ്രായോഗിക നിയന്ത്രണം
സാമൂഹിക പ്രത്യാഘാതമുണ്ടാക്കും’

സാമൂഹികമായും ജനകീയമായും ഏറെ പ്രാധാന്യമുള്ള പൂരവും ഉത്സവവും പോലുള്ള കാര്യങ്ങളിൽ അപ്രായോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സാമൂഹികമായ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന അഭിപ്രായക്കാരനാണ് മുൻ മന്ത്രിയും തൃശൂരിലെ മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ. ആന നിയന്ത്രണത്തിനുള്ള ഹൈക്കോടതി നിർദേശങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് അദ്ദേഹം ട്രൂകോപ്പി വെബ്‌സീനുമായി സംസാരിച്ചു:

''ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തിയുള്ള നിയന്ത്രണങ്ങൾക്ക് ആരും എതിരല്ല. എന്നാൽ, നിയന്ത്രണം പ്രായോഗികമല്ലാത്ത വിധത്തിലാകുമ്പോൾ അത് ഫലത്തിൽ നിരോധനമാകും. വെടിക്കെട്ടിന്റെ കാര്യത്തിൽ പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. പുറ്റിങ്ങൽ വെടിക്കെട്ടിന്റെ ഭാഗമായി നിയന്ത്രണം വന്നപ്പോൾ അവിടെ പൊട്ടിച്ചിരുന്ന ഡൈനമിറ്റ്, അമിട്ട്, ഗുണ്ട് എന്നിവയുടെ അളവിൽ കുറവ് വരുത്തുകയാണ് ചെയ്തത്. സംഗതി ശബ്ദത്തോടെ തന്നെ നടക്കുന്നുണ്ട്. അകലം പോലുള്ള കാര്യങ്ങളിൽ ശാസ്ത്രീയ മാനദണ്ഡമാണ് വേണ്ടത്. മാത്രമല്ല, ചില കുത്തകകളെ കൊണ്ടുവരാൻ വേണ്ടിയുള്ള സ്ഥാപിതതാൽപര്യങ്ങൾ വെടിക്കെട്ട് നിയന്ത്രണങ്ങളുടെ മറവിൽ പ്രവർത്തിക്കുന്നുണ്ട്. ദേവസ്വം ബോർഡുകൾ തന്നെ പറയുന്നത്, കേരളത്തിൽ നടക്കുന്ന വെടിക്കെട്ടുകളെ ശിവകാശി കമ്പനികളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് നീക്കമെന്നാണ്’’.

‘‘പൂരവും ഉത്സവവും ഒരുമിച്ച് കൂടാനുള്ള വേദികളാണ്. അതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാക്കി വേണം സർക്കാറും കോടതികളും തീരുമാനമെടുക്കാൻ’’.
‘‘പൂരവും ഉത്സവവും ഒരുമിച്ച് കൂടാനുള്ള വേദികളാണ്. അതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാക്കി വേണം സർക്കാറും കോടതികളും തീരുമാനമെടുക്കാൻ’’.

ഉത്സവാഘോഷങ്ങൾക്ക് മുടക്കമുണ്ടാകുന്ന തരത്തിലുള്ള നിയന്ത്രണം അസ്വീകാര്യമാണെന്നും വി.എസ്. സുനിൽകുമാർ പറയുന്നു: ‘‘നാട്ടാനപരിപാലന നിയമത്തിൽ ഇപ്പോൾ വരുത്തിയ നിയന്ത്രണം പരമ്പരാഗതമായി നടത്തിവരുന്ന പൂരങ്ങൾ നടത്താനാകാത്ത അവസ്ഥയുണ്ടാക്കും. ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചുതന്നെയാണ് ആനകളെ എഴുന്നള്ളിക്കുന്നത്. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾരാവിലെ ഒമ്പതു മണിക്ക് തുടങ്ങും. ആറേഴു മണിക്കൂർ ആനകൾ റോഡിലൂടെയും മറ്റും നടക്കേണ്ടിവരും. ഇപ്പോഴത്തെ ചട്ടപ്രകാരം പകൽ സമയം ആനകളെ റോഡിലൂടെ നടത്താൻ പറ്റില്ല. പകൽപ്പൂരത്തിന്റെ സമയത്ത് റോട്ടിലൂടെ ആനകളെ നടത്താതെ പൂരം നടക്കില്ല. തെക്കോട്ടിറക്കം നടത്താൻ പറ്റില്ല. ആന എഴുന്നള്ളിപ്പ് തന്നെ വേണ്ടെന്നുവക്കേണ്ടിവരും. പൂരത്തിന്റെ സ്വഭാവിക രീതിയിൽ മാറ്റം വരും. പൂരം തന്നെ നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാകും ചിലപ്പോൾ. ഇത്തരം നിബന്ധനകൾ വരുമ്പോൾ, പൂരം പോലുള്ള അന്താരാഷ്ട്ര ഈവന്റുകളെ എങ്ങനെ ബാധിക്കും എന്ന് പരിഗണിക്കണം. പൂരവും ഉത്സവവും ഒരുമിച്ച് കൂടാനുള്ള വേദികളാണ്. അതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാക്കി വേണം സർക്കാറും കോടതികളും തീരുമാനമെടുക്കാൻ. പൂരം എത്രയോ പേരുടെ ഉപജീവനമാർഗം കൂടിയാണ്. മേളക്കാർ, ചമയങ്ങളുണ്ടാക്കുന്നവർ, തെരുവുകച്ചവടക്കാർ തുടങ്ങിയവരുടെയെല്ലാം ഒരു വർഷത്തെ വരുമാനമാർഗമാണിത്. ഇതിന്റെയൊക്കെ സാമൂഹിക ഇംപാക്റ്റ് വിശദമായി പഠിക്കണം. ഏതെങ്കിലും പ്രത്യേകമായ ഒരു വിഷയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരം കാര്യങ്ങളിൽ പൊതുവായ തീരുമാനം സർക്കാറും കോടതികളും എടുത്താൽ അത് ജനങ്ങളിൽ പ്രശ്‌നമുണ്ടാക്കും’’- സുനിൽകുമാർ പറയുന്നു.

സാധാരണ ക്ഷേത്രോത്സവങ്ങളിൽ നടക്കുന്നതുപോലുള്ള തന്ത്രവിധികളുടെയോ പൂജാക്രമങ്ങളുടെയോ അടിസ്ഥാനത്തിലുള്ള ചടങ്ങുകളൊന്നും പൂരത്തിലില്ല. അത്, വിശ്വാസബാഹ്യമായ പലതരം മനുഷ്യരുടെ കൂടിച്ചേരലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതാണ്, പൂരത്തിന്റെ ജനകീയതയ്ക്ക് അടിസ്ഥാനവും.

ആചാരമല്ല, ആണെങ്കിൽ തന്നെ
നിരോധിക്കേണ്ട കുറ്റകൃത്യം

ഏത് ഉത്സവത്തെയും ആഘോഷത്തെയും കാലാനുസൃതമായും ജനകീയമായും പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം, നിയന്ത്രണങ്ങളെ വിമർശിക്കുന്നവർ കാണാതെ പോകുന്നുണ്ട്.

ഹൈന്ദവ ആരാധനാലയങ്ങളിലെ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും, വിശ്വാസപരമായതോ ആചാരപരമായതോ ആയ ഒരടിസ്ഥാനവുമില്ലെന്ന് വിശ്വാസിപക്ഷത്തുനിന്നുതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നൽകിയില്ലെങ്കിൽ തൃശൂർ പൂരം തന്നെ ഇല്ലാതാകും എന്ന ആചാരഭീഷണിക്ക് ചരിത്രത്തിൽനിന്നുതന്നെ ഉത്തരമുണ്ട്.

തൃശൂർ പൂരത്തിന് 200 വർഷത്തെ പഴക്കമാണുള്ളത്. ശക്തൻ തമ്പുരാന്റെ സംവിധാനത്തിൽ 1798-ലാണ് തൃശൂർ പൂരത്തിന് തുടക്കമായതെന്ന് പറയപ്പെടുന്നു. സാധാരണ ക്ഷേത്രോത്സവങ്ങളിൽ നടക്കുന്നതുപോലുള്ള തന്ത്രവിധികളുടെയോ പൂജാക്രമങ്ങളുടെയോ അടിസ്ഥാനത്തിലുള്ള ചടങ്ങുകളൊന്നും പൂരത്തിലില്ല. അത്, വിശ്വാസബാഹ്യമായ പലതരം മനുഷ്യരുടെ കൂടിച്ചേരലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതാണ്, പൂരത്തിന്റെ ജനകീയതയ്ക്ക് അടിസ്ഥാനവും. മതത്തിന്റെയോ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ വിലക്കുകൾ പൂരത്തിനില്ലാത്തതും ഈയൊരു ജനകീയമായ അടിത്തറയുള്ളതിനാലാണ്.

ഇന്നത്തെ രൂപത്തിലുള്ള വെടിക്കെട്ടിന് നൂറു വർഷത്തെ പാരമ്പര്യം പോലുമില്ല. /photo: Anirudhan Muthuvara
ഇന്നത്തെ രൂപത്തിലുള്ള വെടിക്കെട്ടിന് നൂറു വർഷത്തെ പാരമ്പര്യം പോലുമില്ല. /photo: Anirudhan Muthuvara

തൃശൂരിലേക്ക് ആസ്ഥാനം മാറ്റിയ ശക്തൻ തമ്പുരാന്, കൊച്ചിക്ക് സമാന്തരമായി തൃശൂരിനെയും ഒരു വ്യാപാരനഗരമായി പുനഃസംഘടിപ്പിക്കേണ്ടത് നിലനിൽപ്പിന്റെ കൂടി ആവശ്യമായിരുന്നു. അതിന്, ആളുകളെ ആകർഷിക്കാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലെ മനുഷ്യരുടെ പങ്കാളിത്തമുള്ള ഒരാഘോഷമായി പൂരം വരുന്നു. അത്, പലതരം സാമ്പത്തിക വിനിമയങ്ങളുടെ വേദിയാകുന്നു. തൃശൂരിലെ പ്രബല വ്യാപാരിസമൂഹമായിരുന്ന ക്രിസ്ത്യാനികൾ അങ്ങനെയാണ് പൂരത്തിന്റെ സാമ്പത്തിക വിഭവമായി മാറുന്നത്. തൃശൂർ നഗരത്തിന്റെ സാമ്പത്തികമായ പുനഃസംഘാടനമാണ് മതാതീതമായ ഇത്തരമൊരു കൂടിച്ചേരൽ ആസൂത്രണം ചെയ്യുക വഴി ശക്തൻ തമ്പുരാന്റെ മനസ്സിലുണ്ടായിരുന്നത് എന്നതിന് വേണ്ടത്ര വസ്തുതകൾ നമുക്കു മുന്നിലുണ്ട്.

കേരളത്തിലെ ആരാധനാലയങ്ങളുടെ പൊതുസ്വഭാവമല്ല വെടിക്കെട്ടും ആന എഴുന്നള്ളിപ്പും. ഇന്നും അവർണ ആഭിമുഖ്യം നിലനിർത്തുന്ന വടക്കൻ കേരളത്തിലെ ആഘോഷങ്ങളിൽ കരിയും കരിമരുന്നും വ്യാപകമല്ല.

ജനകീയമായ ഈയൊരാഘോഷത്തിലേക്ക് വെടിക്കെട്ടും ആന എഴുന്നള്ളിപ്പും കടന്നുവരുന്നത് ഒരുതരം ആചാരത്തിന്റെയും പിൻബലത്തോടെയല്ല. ഇന്നത്തെ രൂപത്തിലുള്ള വെടിക്കെട്ടിന് നൂറു വർഷത്തെ പാരമ്പര്യം പോലുമില്ല. ഇന്നത്തെ നിലയിലുള്ള ആന എഴുന്നള്ളിപ്പും കുടമാറ്റവുമെല്ലാം പല കാലങ്ങളുടെ സംഭാവനയാണ്. രാജാക്കന്മാരുടെ സേനകളുടെ ഭാഗമായും വ്യാപാര ആവശ്യങ്ങൾക്കും മറ്റും ഇണക്കിവളർത്തിയിരുന്ന ബന്ധിത ആനകൾ സ്വഭാവികമായും സാമൂഹികമായ കൂടിച്ചേരലുകളുടെ ഭാഗമായതാകണം.

ആഘോഷങ്ങളുടെ
വിശ്വാസവൽക്കരണം

ഒട്ടൊക്കെ ജനകീയ സ്വഭാവമുണ്ടായിരുന്ന ആഘോഷങ്ങളുടെ നടത്തിപ്പിലേക്ക് മതവും വിശ്വാസവും കടന്നുകയറിയതോടെയാണ് വീറും വാശിയും കായികബലവും പ്രദർശിപ്പിക്കാനുള്ള ഉപാധിയായി ആനയും വെടിമരുന്നും മാറിയത്. കേരളത്തിലെ ആരാധനാലയങ്ങളുടെ പൊതുസ്വഭാവമല്ല വെടിക്കെട്ടും ആന എഴുന്നള്ളിപ്പും. ഇന്നും അവർണ ആഭിമുഖ്യം നിലനിർത്തുന്ന വടക്കൻ കേരളത്തിലെ ആഘോഷങ്ങളിൽ കരിയും കരിമരുന്നും വ്യാപകമല്ല. കെട്ടുകാഴ്ചകളും ചമയങ്ങളുമാണ് പകരം വരുന്നത്. കാവുകൾ ക്ഷേത്രങ്ങളാക്കപ്പെടുകയും ഇവിടേക്ക് വൻതോതിൽ സവർണ മൂലധനമൊഴുകാൻ തുടങ്ങുകയും ചെയ്തതോടെയാണ് വെടിക്കെട്ടുകൾ വ്യാപകമാകാൻ തുടങ്ങിയത്.

ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് വിദ്വേഷം നിറഞ്ഞ വിശ്വാസങ്ങളും മനുഷ്യരെ തമ്മിൽ വിഭജിച്ചുനിർത്തുന്ന ആചാരങ്ങളുമാണ്. ഇതര മതവിശ്വാസികളെ പുറത്താക്കി, പുതിയ ശുദ്ധിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു പുത്തൻ വൈദികബ്രാഹ്മണ്യം. ഇവർക്ക് ‘ആചാരം സമം സംസ്‌കാരം’ എന്ന പൊതുബോധനിർമിതിയിലൂടെ സവർണവൽക്കരണവും വർഗീയവൽക്കരണവും എളുപ്പം സാധ്യമാകുന്നു. അത്തരം സംസ്‌കാര സംരക്ഷകരാണ് ഇന്ന് ഏത് മതങ്ങളുടെയും ഉത്സവങ്ങളിൽ തിടമ്പേറ്റുന്നത്.

ഇന്നും അവർണ ആഭിമുഖ്യം നിലനിർത്തുന്ന വടക്കൻ കേരളത്തിലെ ആഘോഷങ്ങളിൽ കരിയും കരിമരുന്നും വ്യാപകമല്ല. /photo: Krishna Priya
ഇന്നും അവർണ ആഭിമുഖ്യം നിലനിർത്തുന്ന വടക്കൻ കേരളത്തിലെ ആഘോഷങ്ങളിൽ കരിയും കരിമരുന്നും വ്യാപകമല്ല. /photo: Krishna Priya

ഹിന്ദു ക്ഷേത്രങ്ങളുടെ ഹിന്ദുത്വവൽക്കരണം സ്വഭാവിക പ്രക്രിയയാണെന്നു പറയാം. വൈദിക ബ്രാഹ്മണ്യമാണ് അവിടം ഭരിക്കുന്നത്. എന്നാൽ, ക്ഷേത്രങ്ങളുടെ ഉത്സവാഘോഷങ്ങൾക്കുപോലും ക്ഷേത്രഘടനയിൽനിന്ന് വേറിട്ട പങ്കാളിത്ത തലം സാധ്യമായിരുന്നു. വൈവിധ്യമുള്ളവരാണ്, ഉത്സവപ്പറമ്പിലെത്തുന്ന മനുഷ്യർ. വിശ്വാസബാഹ്യമായ കൂടിച്ചേരൽ കൂടിയാണത്. എന്നാൽ, ഈയൊരു ബഹുസ്വരത നിരോധിക്കപ്പെടുകയാണ്, ഉത്സവപ്പറമ്പുകളിൽ. കേരളത്തിലെ പ്രധാന ഉത്സവാഘോഷങ്ങളിലെല്ലാം മതവർഗീയതയുടെ നുഴഞ്ഞുകയറ്റം പരസ്യമായി തന്നെ നടക്കുന്നുണ്ട്. വെടിക്കെട്ടും ആന എഴുന്നള്ളിപ്പിനെയും പോലുള്ള ആഘോഷപ്രതീകങ്ങളെ വിശ്വാസപ്രതീകങ്ങളാക്കി മാറ്റി, ആചാരങ്ങളിലേക്ക് മടങ്ങാനുള്ള ആഹ്വാനങ്ങൾ ഇതിന്റെ പ്രതിഫലനമാണ്. ഒപ്പം, ഉത്സവാഘോഷങ്ങളെ ചുറ്റിപ്പറ്റി കേരളത്തിൽ ‘religious exclusivity’ പ്രബലമാകുന്നുണ്ട്. എല്ലാ മതങ്ങളും ഇതിൽ പ്രതികളാണ്.

നിലവിലെ ചട്ടങ്ങൾ നടപ്പാക്കിയാൽതന്നെ ആനകളെ പീഡിപ്പിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. എന്നാൽ, മതത്തിനും വിശ്വാസത്തിനും നേരെ ചൂണ്ടാനുള്ള വിരലുകൾ കോടതിക്കുപോലുമില്ല.

ഇന്ത്യയിലെ ഏറ്റവും പ്രബല ക്ഷേത്രങ്ങളിൽ ഒന്നായ ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം ബോർഡ് (Tirumala Tirupati Devasthanams- TTD) ഈയിടെ ഒരു തീരുമാനമെടുത്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ അഹിന്ദുക്കൾക്കും ഒന്നുകിൽ സ്വയം വിരമിക്കാം, അല്ലെങ്കിൽ തിരുപ്പതി മുനിസിപ്പാലിറ്റിയിലേക്കോ മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കോ മാറാം. ഹിന്ദു ആരാധനാലയവുമായി ബന്ധപ്പെട്ട ജോലികൾ ഹിന്ദുക്കൾ മാത്രം ജോലി ചെയ്താൽ മതി എന്നാണ് ബോർഡിന്റെ തീരുമാനം. 300 സ്ഥിരജോലിക്കാരായ അഹിന്ദുക്കളാണ് ഇപ്പോഴുള്ളത്. കരാർ ജീവനക്കാർ വേറെയും. തൊഴിലാളി യൂണിയനുകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദമാണ് ഈ അയിത്താചരണത്തിന് അടിസ്ഥാനം.

ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു

തിരുപ്പതി ഹിൽസിന് അടുത്ത് പണിയാൻ പോകുന്ന മുംതാസ് ഹോട്ടൽ സമുച്ചയത്തിന് 20 ഏക്കർ ഭൂമി നൽകാനുള്ള തീരുമാനം പിൻവലിക്കാനും ബോർഡ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒബ്‌റോയ് ഗ്രൂപ്പിന്റെ സബ്‌സിഡിയറിയാണ് മുംതാസ് ഹോട്ടൽസ് ലിമിറ്റഡ്. 'മുംതാസ്' എന്ന പേരാണ് തിരുപ്പതി ദേവസ്ഥാനത്തെ അസ്വസ്ഥമാക്കുന്നത്. 'ഈ പേര് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും' എന്നാണ് ദേവസ്ഥാനം ചെയർമാൻ സർക്കാറിന് അയച്ച കത്തിൽ പറയുന്നത്. ഈ തീരുമാനങ്ങളെ സർവാത്മനാ സ്വാഗതം ചെയ്ത രാഷ്ട്രീയപാർട്ടി ബി.ജെ.പിയാണ്.

നിയമലംഘനങ്ങളുടെ പൂരം

യഥാർഥത്തിൽ, നിലവിലെ ചട്ടങ്ങൾ നടപ്പാക്കിയാൽതന്നെ ആനകളെ പീഡിപ്പിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. എന്നാൽ, മതത്തിനും വിശ്വാസത്തിനും നേരെ ചൂണ്ടാനുള്ള വിരലുകൾ കോടതിക്കുപോലുമില്ല. ആന എഴുന്നള്ളിപ്പിന് ആചാരപരമായ അടിസ്ഥാനമുണ്ടെന്നുതന്നെ സമ്മതിച്ചാലും മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ആ ആചാരം കുറ്റകൃത്യമായി കണ്ട് നിരോധിക്കേണ്ട ഒന്നാണ്. കാരണം, ‘നാട്ടാന’ എന്ന പ്രയോഗം തന്നെ അസാധ്യമാണ്. ആന വന്യജീവിയാണ്. കാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്ന ജീവി. അതിനെ മെരുക്കി മനുഷ്യർക്കൊപ്പം സഹവസിപ്പിക്കുന്നതും നാട്ടിലെ പണികളെടുപ്പിക്കുന്നതും കടുത്ത മൃഗാവകാശലംഘനമാണ്.

ഉത്സവങ്ങളിലുള്ള ആനകളുടെ പങ്കാളിത്തം, രാജ്യത്തെ വലിയ നിയമലംഘനങ്ങളിൽ ഒന്നുകൂടിയാണ്. 2010-ലാണ് ആനയെ പൈതൃക ജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 1992-ൽ പ്രൊജക്റ്റ് എലഫെന്റും (Project Elephant) നിലവിൽ വന്നു. ഇതോടെ, വന്യജീവി നിയമപ്രകാരം ആനകളെ ചടങ്ങുകളിലും ആഘോഷങ്ങളിലും പ്രദർശിപ്പിക്കുന്നത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് വിലക്കുന്നുണ്ട്. ‘പൈതൃക ജീവി’ എന്ന നിലയ്ക്കുതന്നെ, ആനകളുടെ സുരക്ഷക്ക് കർശന വ്യവസ്ഥകൾ നിലവിലുണ്ട്. എന്നാൽ, മതവും രാഷ്ട്രീയും തമ്മിലുള്ള പങ്കുകച്ചവടത്തിൽ ഇവയെല്ലാം നിർവീര്യമാകുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ നിയമങ്ങളിൽ ഒന്നാണ് വന്യജീവി സംരക്ഷണ നിയമം. മതപ്രീണനത്തിന്റെയും വ്യാപാരതാൽപര്യങ്ങളുടെയും സമ്മർദഫലമായുണ്ടായ ഇത്തരം ഭേദഗതികളുടെ ഏറ്റവും വലിയ ഇര ‘നാട്ടാന’കളാണ്.

2018-നുശേഷം കേരളത്തിൽ 154 ആനകളാണ് പരിചരണം കിട്ടാതെ ചെരിഞ്ഞത്.
2018-നുശേഷം കേരളത്തിൽ 154 ആനകളാണ് പരിചരണം കിട്ടാതെ ചെരിഞ്ഞത്.

2018-നുശേഷം കേരളത്തിൽ 154 ആനകളാണ് പരിചരണം കിട്ടാതെ ചെരിഞ്ഞത്. ഇപ്പോൾ കേരളത്തിൽ വ്യക്തികളും ക്ഷേത്രങ്ങളും കൈവശം വച്ചുകൊണ്ടിരിക്കുന്ന 342 ‘നാട്ടാന’കൾക്കും നിയമപ്രകാരമുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ല എന്ന് ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം ട്രൂകോപ്പിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ആ നിലയ്ക്ക് എങ്ങനെയാണ് ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാനാകുക എന്ന ചോദ്യം കോടതികൾ ​പോലും ഉയർത്തുന്നില്ല. പകരം, എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. വ്യാജ ഓണർഷിപ്പ് സർട്ടിഫിക്കറ്റിന്റെ മറവിൽ പീഡിപ്പിക്കപ്പെടുന്ന ആനകളെ പിടിച്ചെടുത്ത് സംരക്ഷിക്കാൻ സർക്കാറിനോട് നിർദേശിക്കുന്നതിനുപകരം ഒരുതരത്തിൽ നീതിന്യായസംവിധാനങ്ങളും ഉത്സവ മാഫിയയുടെ താൽപര്യങ്ങളോട് ചേർന്നുപോകുകയാണ്.

നിരോധനമുള്ളതിനാൽ 2007 നവംബർ 24 മുതൽ പുറത്തുനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല (അനധികൃതമായി കടത്തുന്നവ ഒഴികെ). എന്നാൽ, സമീപകാലത്ത് വന്യജീവി സംരക്ഷണ നിയമങ്ങളിൽ വന്ന മാറ്റം, നാട്ടാനകളുടെ അനധികൃത കൈമാറ്റത്തിന് വളംവക്കുന്നതായിരുന്നു. 2022-ൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി (The Wild Life (Protection, Amendment Act, 2022), പീഡിപ്പിക്കപ്പെടുകയും മറ്റും ചെയ്യുന്ന ആനകൾ അടക്കമുള്ള വന്യജീവികളെ മറ്റൊരു സ്ഥലത്ത് താമസിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു. എന്നാൽ, അതിൽ ‘നാട്ടാന’കളുടെ കടത്തിനെതിരായ നിയന്ത്രണത്തിൽ വെള്ളം ചേർക്കുന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു: ‘‘സാധുവായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളവർക്ക് ബന്ദിയാക്കപ്പെട്ട ആനയെ വ്യവസ്ഥകൾക്ക് വിധേയമായി മതപരമോ മറ്റേതെങ്കിലും ആവശ്യത്തിനോ കൈമാറുകയോ കൊണ്ടുപോകുകയോ ചെയ്യാം’’ എന്ന ഭേദഗതി നിർദേശത്തിലെ ‘മറ്റേതെങ്കിലും ആവശ്യത്തിന്’ എന്ന ക്ലോസ് രാജ്യത്ത് ആനക്കച്ചവടം നിയമവിധേയമാക്കാൻ വഴിതുറക്കുന്ന ഒന്നായിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ 'മറ്റേതെങ്കിലും ആവശ്യത്തിന്' എന്ന ക്ലോസ് നിർവചിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല.

വന്യജീവിസംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർത്ത് ആനക്കടത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നതിൽ ആർ.എസ്.എസ്- ബി.ജെ.പി ഇടപെടലിന് വലിയ പങ്കുണ്ടെന്ന് വി.കെ. വെങ്കിടാചലം പറയുന്നു.

2024- ലെ ക്യാപ്റ്റീവ് എലിഫന്റ് റൂൾ (Captive Elephant -Transfer or Transport- Rules, 2024) അനുസരിച്ച് ആനയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ആനകളെ കൊണ്ടുവരാം. ആനയുടെ ജനിതക പ്രൊഫൈൽ നിർബന്ധമാണ്.

ഇത്തരം ഭേദഗതികളുടെ പഴുതിലൂടെയാണ് ഇപ്പോൾഅനധികൃത കടത്ത്. 2024 ജൂണിൽ അരുണാചൽപ്രദേശിൽ നിന്ന് ആസാം വഴി കടത്തിയ പത്ത് ആനകളെ പിടികൂടിയിരുന്നു. ആസാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ച് വിൽപന നടത്തിയ സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനോട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിശദീകരണം ചോദിച്ചിരിക്കുകയാണ്. ആനകളെ 'സംഭാവന' നൽകാം എന്ന വ്യവസ്ഥ ദുരുപയോഗം ചെയ്താണ്, 'ദാനമായി കിട്ടിയത്' എന്ന വ്യാജേന കേരളത്തിലേക്ക് നാട്ടാനകളെ എത്തിക്കുന്നത്.

ആനക്കടത്തിന്റെ
പുത്തൻവഴികൾ

ആനക്കടത്തിന്റെ പുത്തൻ വഴികൾ ചൂണ്ടിക്കാണിക്കുന്നു വി.കെ. വെങ്കിടാചലം: ഗുജറാത്തിൽ അംബാനിയുടെ ഉടമസ്ഥതയിൽ ‘വൻതാര’ എന്ന മൃഗസംരക്ഷണകേന്ദ്രമുണ്ട്. സർക്കസിലും ആരാധനാലയങ്ങളിലും മറ്റും പീഡിപ്പിക്കപ്പെട്ട്, കോടതി കേസുകളിൽ പെട്ടുകിടക്കുന്ന ആനകളെ സംരക്ഷിക്കാനുള്ള റിഹാബിലിറ്റേഷൻ സെന്ററായാണ് ഇത് പ്രവർത്തിക്കുന്നത്. ഗുജറാത്തിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിലാണ് 3000 ഏക്കറിൽ എലഫെന്റ് സെന്റർ. വിവിധയിടങ്ങളിൽനിന്ന് കൊണ്ടുവന്ന 250 ആനകൾ അടക്കം 43 ഇനങ്ങളിൽ പെട്ട 2000 മൃഗങ്ങൾ ഇവിടെയുണ്ട്. ഇവിടേക്ക് ആനകളെ മാറ്റുന്നതിൽ കുഴപ്പമില്ല എന്ന തരത്തിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ സപ്പോർട്ട് ചെയ്തു തുടങ്ങി. അംബാനിയുടെ പ്രൊജക്റ്റിലെ പത്തിൽ എട്ടുപേരും സർക്കാർ നോമിനികളാണ്. അതുകൊണ്ട് കോടതികൾപോലും സർക്കാറിന്റെ റിഹാബിലിറ്റേഷൻ സെന്റർ എന്ന രൂപത്തിലാണ് ഇതിനെ പരിഗണിക്കുന്നത്. ഇതേതുടർന്ന് ഇവിടേക്ക് ആനകളെ കൊടുക്കാൻ ആളുകൾ തിക്കിത്തിരക്കിവന്നു.

അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ‘വൻതാര’ മൃഗസംരക്ഷണകേന്ദ്രത്തിലെത്തിച്ച ആന. /photo: facebook Reliance Foundation
അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ‘വൻതാര’ മൃഗസംരക്ഷണകേന്ദ്രത്തിലെത്തിച്ച ആന. /photo: facebook Reliance Foundation

ത്രിപുരയിൽനിന്ന് ഏതാനും ആനകളെ അംബാനിയുടെ സെന്ററിലേക്ക് കൈമാറാൻ ത്രിപുര സംസ്ഥാന സർക്കാർ സമ്മതം നൽകിയപ്പോൾ അവിടത്തെ ചിലർ എതിർത്തു. ഇത് കേസായപ്പോൾ, വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ബന്ധിത ആനകളെ കൈമാറുന്നതിന് അംഗീകാരം നൽകാൻ ത്രിപുര ഹൈക്കോടതി നവംബർ ഏഴിന് ഒരു ഹൈ പവേഡ് കമ്മിറ്റിയുണ്ടാക്കി (high-powered committee (HPC). പിന്നീട് സുപ്രീംകോടതി ഈ കമ്മിറ്റിക്ക് ദേശീയതലത്തിൽ ആനകളെ കൈമാറുന്നതിനുള്ള അംഗീകാരവും നൽകി. അങ്ങനെ, ഈ കമ്മിറ്റി അനുവദിച്ചാൽ ആനകളെ ഇന്ത്യയിലെവിടെനിന്നും എവിടേക്കും കൊണ്ടുപോകാം എന്ന സ്ഥിതിയായി.

ഈയിടെ കൊല്ലത്തെ ഒരു ക്ഷേത്രത്തിലേക്ക് ത്രിപുരയിൽനിന്ന് ആനയെ കൊണ്ടുവരാൻ നീക്കമുണ്ടായി. 16 വയസ്സുള്ള ആനയ്ക്ക് ത്രിപുരയിൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റുണ്ടെന്നും അതിനാൽ കൊല്ലത്തെ ക്ഷേത്രത്തിന് ആനയെ കൊടുക്കുന്നതിന് തടസമില്ല എന്ന് തത്വത്തിൽ അംഗീകരിച്ചതായും ഹൈ പവേഡ് കമ്മിറ്റി നിലപാടെടുത്തു. സംസ്ഥാന സർക്കാർ കൂടി അംഗീകരിച്ചാൽ ആനയെ കൊണ്ടുപോകാം എന്ന അനുമതിയും നൽകി. ഇവർ ഈ അനുമതിയുമായി ആനപീഡനം അന്വേഷിക്കുന്ന കേരള ഹൈക്കോടതി ബഞ്ചിനെ സമീപിച്ചു. കൊല്ലത്തുള്ള ക്ഷേത്രത്തിൽ ഇതുവരെ ആനയെ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, അവർക്ക് ആനയെ കെട്ടാൻ സ്ഥലമുള്ളത് ആലപ്പുഴയിലാണ്. ആലപ്പുഴയിൽ ആനയെ കെട്ടാൻ മൂന്നാലേക്കർ സ്ഥലമുണ്ട്, കുളമുണ്ട് എന്ന് അവിടുത്തെ ഫോറസ്റ്റുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. പുതിയ ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് പാടില്ല എന്ന സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, പുതിയ അമ്പലമാണ് എന്ന എതിർവാദമുയർത്തി. 16 വയസ്സുള്ള ആനയെ ഹണ്ട് ചെയ്ത് പിടിക്കാനിട്ട ഉത്തരവുകൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ ആനയ്ക്ക് 16 വയസ്സുണ്ട്, അപ്പോൾ ജനനം 2008-ലാണ്. ഈ ആനയ്ക്ക് 2003 ഒക്ടോബർ 18-നകം ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാനിടയില്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

ആർ.എസ്.എസിന്റെ
ആന അഭ്യാസങ്ങൾ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ ആർ.എസ്.എസ് നേതാവായ ജെ. നന്ദകുമാർ കൗതുകകരമായ ഒരു ​പ്രസ്താവന നടത്തി. ‘പൊന്ന് വെക്കേണ്ടിടത്ത് പൂവ് വച്ചുകൊണ്ട് ചെലവേറിയ ക്ഷേത്രാചാരചടങ്ങുകൾ പ്രതീകാത്മകമാക്കണം’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആനയെഴുന്നള്ളത്തും കരിമരുന്നു പ്രയോഗവും ക്ഷേത്രങ്ങളിലെ അനിവാര്യമായ ആചാരങ്ങളുടെ ഭാഗമാണ് എന്ന് ഒരു തന്ത്രശാസ്ത്രഗ്രന്ഥവും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പുറ്റിങ്ങൽ അപകടത്തിന് തൊട്ടുപുറകേ പുറത്തിറങ്ങിയ ആർ.എസ്.എസ് മുഖപത്രമായ കേസരി വാരികയുടെ കവർ സ്‌റ്റോറിയുടെ ടൈറ്റിൽ 'കരിയും വേണ്ട കരിമരുന്നും വേണ്ട' എന്നായിരുന്നു. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നിരോധിക്കണമെന്നാവശ്യപ്പെട്ട്, 'ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുത്' എന്ന എഡിറ്റോറിയലും ഇതേ ലക്കത്തിലുണ്ടായിരുന്നു: ''എത്ര പേരുടെ ജീവനും എത്ര കോടിയുടെ സ്വത്തുമാണ് ആന ഇടഞ്ഞ് അമ്പലപ്പറമ്പിൽ പൊലിഞ്ഞുപോയിട്ടുള്ളത്. ഒരിക്കലും പൂർണമായും ഇണങ്ങാത്ത ഒരു വന്യജീവിയാണ് ആനയെന്ന ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തീവെട്ടിയുടെയും തീവെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവിൽ നിർത്തി ആ സാധുജീവിയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടത്’’ എന്ന് കേസരി മുഖപ്രസംഗം, നിസ്സന്ദേഹം നിലപാടെടുത്തു.

ആന എഴുന്നള്ളിപ്പിനെയും വെടിക്കെട്ടിനെയും ​ഭ്രാന്തമായ ആചാരമെന്ന് വിശേഷിപ്പിച്ച ആർ.എസ്.എസ് തന്നെയാണ്, ആചാരമെന്ന നിലയ്ക്ക്, ഒരു നിയോഗം പോലെ ഇതിനെ സംരക്ഷിക്കാനിറങ്ങുന്നത്.

ആന എഴുന്നള്ളിപ്പിനെയും വെടിക്കെട്ടിനെയും ​ഭ്രാന്തമായ ആചാരമെന്ന് വിശേഷിപ്പിച്ച ആർ.എസ്.എസ് തന്നെയാണ്, ആചാരമെന്ന നിലയ്ക്ക്, ഒരു നിയോഗം പോലെ ഇതിനെ സംരക്ഷിക്കാനിറങ്ങുന്നത്. ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നൊരു മുദ്രാവാക്യവുമായി സംഘ്പരിവാറിന്റെ കാർമികത്വത്തിൽ അരങ്ങേറിയ, ‘വിശാല ഹിന്ദു’വിനായുള്ള ആർ.എസ്.എസ് സൂത്രത്തിന്റെ അവശിഷ്ടമായിരുന്നു, പുറ്റിങ്ങൽ വെടിക്കെട്ടിനുശേഷം വന്ന ‘കേസരി’ മുഖപ്രസംഗം. ​ഹൈന്ദവ വിശ്വാസി- സാമുദായിക സംഘടനകളിൽ ദൃശ്യമായ സമവായത്തെ ഒരുമുഴം നീട്ടിയെറിഞ്ഞ് ഹൈജാക്ക് ചെയ്യുകയായിരുന്നു അന്ന് ആർ.എസ്.എസ്. എന്നാൽ, അതൊരു ‘ധൃതരാഷ്ട്രാലിംഗന’മായിരുന്നുവെന്ന് വെളിപ്പെട്ട നിരവധി സന്ദർഭങ്ങളുണ്ടായി. ഉത്സവങ്ങളിൽ ഏർപ്പെടുത്തുന്ന നിയമപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ അട്ടിമറിക്കാൻ നേതൃത്വം നൽകുന്നതും സംഘ്പരിവാർ സംവിധാനങ്ങളാണ്. 13 പേരെ കൊലപ്പെടുത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് തൃശൂർ പൂരത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ അതിനെതിരെ രംഗത്തുവന്നത് ആർ.എസ്.എസ് ആണ്. ‘പൂരം പഴയ പെരുമയോടെ നടത്തും’ എന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് ആർ.എസ്.എസിന്റെ ‘കേസരി’ മുഖപ്രസംഗം വായിക്കാൻ ആരെങ്കിലും എത്തിച്ചുകൊടുക്കേണ്ടതാണ്. അതിൽ പറയുന്നതിനപ്പുറമുള്ള ഒരു പരിഷ്കാരവും പൂരത്തിന് യഥാർഥത്തിൽ ആവശ്യമില്ല.

സുരേഷ് ഗോപി
സുരേഷ് ഗോപി

വന്യജീവിസംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർത്ത് ആനക്കടത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നതിൽ ആർ.എസ്.എസ്- ബി.ജെ.പി ഇടപെടലിന് വലിയ പങ്കുണ്ടെന്ന് വി.കെ. വെങ്കിടാചലം പറയുന്നു. ഉത്സവ മാഫിയ, ആർ.എസ്.എസിനെക്കൊണ്ട് ബി.ജെ.പി നേതാക്കളിൽ സമ്മർദം ചെലുത്തി ഉദ്യോഗസ്ഥസംവിധാനത്തിന്റെ സഹായത്തോടെയാണ് 2022-ലെ ഭേദഗതിയും അതിന്റെ തുടർച്ചയായ ക്യാപ്റ്റീവ് എലിഫന്റ് റൂളും സംഘടിപ്പിച്ചതെന്ന് അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു. അങ്ങനെ, ആനകളെ മതപരമല്ലാത്ത മറ്റ് ആവശ്യങ്ങൾക്കും ഓണർഷിപ്പ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ കൈമാറ്റം ചെയ്യാമെന്നുവന്നു. എന്നാൽ ഈ നിയമഭേദഗതി ഗസറ്റ് വിജ്ഞാപനമായി പുറത്തുവിട്ടില്ല. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുമെന്നുറപ്പായപ്പോൾ, തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിന്റെ തൊട്ടുമുമ്പാണ് ഭേദഗതി ഗസറ്റ് വിജ്ഞാപനമായി കേന്ദ്രം പുറത്തിറക്കിയത്, തൃശൂരിനുവേണ്ടി മാത്രമുള്ള ഒരു നീക്കമെന്ന നിലയ്ക്ക്. ഓണർഷിപ്പ് സർട്ടിഫിക്കറ്റുള്ള ആനകളെ നിബന്ധനകൾക്ക് വിധേയമായി ട്രാൻസ്ഫർ ചെയ്യാൻ കേന്ദ്ര സർക്കാർഅനുവാദം നൽകുന്നു എന്നായിരുന്നു ഈ ഭേദഗതി. എന്നാൽ, ഇന്ത്യയിൽനിന്ന് എല്ലാ നാട്ടാനകളെയും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാൻ അനുമതിയുണ്ട് എന്ന തരത്തിൽ സുരേഷ് ഗോപിയുടെ സംഘം ഇതിനെ കാമ്പയിൻ ചെയ്തു. കേന്ദ്ര ഭേദഗതിക്കെതിരെ പെട്ടെന്ന് കോടതിയിൽ പോയാൽ ഫലമുണ്ടാകില്ലെന്നതിനാൽ ആനകളെ കടത്തുന്ന സംഭവങ്ങൾ കാത്തിരിക്കുകയാണെന്നും നിയമനടപടിയിലൂടെ നേരിടാനാണ് തീരുമാനമെന്നും വെങ്കിടാചലം പറയുന്നു.

‘പൂരം പഴയ പെരുമയോടെ നടത്തും’ എന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് ആർ.എസ്.എസിന്റെ ‘കേസരി’ മുഖപ്രസംഗം വായിക്കാൻ ആരെങ്കിലും എത്തിച്ചുകൊടുക്കേണ്ടതാണ്. അതിൽ പറയുന്നതിനപ്പുറമുള്ള ഒരു പരിഷ്കാരവും പൂരത്തിന് യഥാർഥത്തിൽ ആവശ്യമില്ല.

കേരളത്തിലെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് ‘കടുത്ത ആനക്ഷാമം’ നേരിടുന്നതിനാൽ, ഈ നിയമഭേദഗതികളുടെ മറവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരാനുള്ള പണപ്പിരിവിലാണ് പല ക്ഷേത്രങ്ങളും. 50- 80 ലക്ഷം വരെയാണ് ഒരാനയുടെ വില. കുന്നംകുളത്തെ ചീരംകുളം ക്ഷേത്രക്കമ്മിറ്റി ആസാമിൽനിന്ന് 21 വയസ്സുള്ള കൊമ്പനാനയെ വാങ്ങാൻ അധികൃതർക്ക് അപേക്ഷ നൽകിയതായി 'ജന്മഭൂമി' പത്രം റിപ്പോർട്ടു ചെയ്യുന്നു. 20 ലക്ഷം രൂപ ഭക്തരിൽനിന്നും 60 ലക്ഷം രൂപ ക്ഷേത്രഫണ്ടിൽനിന്നുമാണത്രേ എടുക്കുന്നത്.

വന്നുകഴിഞ്ഞു,
റോബോട്ടിക് ആനകൾ

ആനയില്ലാത്തതിനാൽ എഴുന്നള്ളിപ്പ് മുടങ്ങാതിരിക്കാൻ പുതിയൊരു വഴിയും കേരളം തുറന്നുകഴിഞ്ഞു- റോബോട്ടിക് ആന. മൃഗാവകാശ സംഘടനയായ ‘പെറ്റ ഇന്ത്യ’യാണ് (People for the Ethical Treatment of Animals- PETA) ഈ ബദൽ സാധ്യമാക്കിയത്.

ഒറ്റനോട്ടത്തിൽ ജീവനുള്ള ആനയെന്നേ തോന്നൂ. ബാറ്ററിയിലും വൈദ്യുതിയിലും പ്രവർത്തിക്കും. മോട്ടോർ ഉപയോഗിച്ചാണ് ചെവിയും കണ്ണും തലയും ചലിപ്പിക്കുക. തല ഇടത്തോട്ടും വലത്തോട്ടും ആട്ടും. ഏണി വച്ച് തിടമ്പുമായി മുകളിൽ കയറാം. കോലമെടുത്ത് കൊടുക്കണം. ആലവട്ടവും വെഞ്ചാമരവും വീശാം.
ഇരുമ്പ്, ഫൈബർ, സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാണ് റോബോട്ടിക് ആനയെ നിർമിക്കുക. പൂർണ രൂപത്തിൽ ഉണ്ടാക്കി കിട്ടാൻ ആറു ലക്ഷം രൂപ വരും. ‘പെറ്റ’യാണ് നിർമിച്ചുനൽകുക. ആനയെ ചക്രത്തിൽ ഘടിപ്പിച്ച് വലിക്കുകയോ ഉന്തുകയോ വേണം. അതിനുള്ള ഫ്രെയിം ക്ഷേത്രക്കമ്മിറ്റി ഉണ്ടാക്കണം. അതിന് രണ്ടര ലക്ഷം രൂപയാകും. എട്ടു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ ഉന്താൻ പറ്റുന്ന പരുവത്തിലുള്ള റോബോട്ടിക് ആന തയാർ. അറ്റകുറ്റപ്പണി നടത്തി അടുത്ത വർഷങ്ങളിൽ ഉപയോഗിക്കാം, വാടകയ്ക്ക് നൽകുകയും ചെയ്യാം.

തൃശൂർ ജില്ലയിലെ കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ​കേരളത്തിൽ ആദ്യമായി റോബോട്ടിക് ആനയെ എഴുന്നള്ളിച്ചത്. ഇരിങ്ങാടപ്പിള്ളി രാമൻ എന്നായിരുന്നു പേര്. 10.5 അടി ഉയരമുള്ള തെച്ചിക്കോട്ട് രാമചന്ദ്രനെക്കാൾ പൊക്കമുണ്ട് ഇരിങ്ങാടപ്പിള്ളി രാമന്. ഉത്സവത്തിനെത്തിയവർ ആനക്കുചുറ്റും കൂടി പടങ്ങളെടുത്തു, ആവേശത്തോടെ സ്വീകരിച്ചു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് എടയാര്‍- വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തില്‍ 'പെറ്റ'യും നടി വേദികയും ചേര്‍ന്നാണ് വടക്കുമ്പാട് ശങ്കരനാരായണന്‍ എന്ന റോബോട്ടിക് ആനയെ നടക്കിരുത്തിയത്. 600 കിലോ ഭാരവും പത്തടി ഉയരവുമുള്ള ആനയുടെ നിര്‍മാണച്ചെലവ് ആറു ലക്ഷം രൂപയാണ്. ജീവനുള്ള ആനകളെ ക്ഷേത്രാചാരങ്ങള്‍ക്കായി വാങ്ങുകയോ വാടകക്കെടുക്കുകയോ ചെയ്യില്ല എന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിരുന്നു.

‘‘ആചാരം തിരുത്താൻ ഉത്സവ മാഫിയക്കേ മടിയുള്ളൂ, ആളുകൾ റോബോട്ടിക് ആനയെ നന്നായി സ്വീകരിക്കുന്നുണ്ട്’’- റോബോട്ടിക് ആന എന്ന ആശയത്തിനുപിന്നിൽ പ്രവർത്തിച്ച വി.കെ. വെങ്കിടാചലം പറയുന്നു.

വി.കെ. വെങ്കിടാചലം
വി.കെ. വെങ്കിടാചലം


2017 മുതലാണ് റോബോട്ടിക് ആനയെ ഉണ്ടാക്കാൻ തുടങ്ങിയത്. 2022-ൽ ഇരിങ്ങാടപ്പിള്ളി രാമന്റെ നിർമാണം പൂർത്തിയായി. കേരളത്തിൽ ഇപ്പോൾ അഞ്ച് റോബോട്ടിക് ആനകളുണ്ട്. ഇവയെ എഴുന്നള്ളിപ്പിച്ച നാലു ക്ഷേത്രങ്ങളിലും തന്ത്രിമാർ ഇത് വേണ്ട എന്നു പറഞ്ഞിട്ടില്ല. ക്ഷേത്രക്കമ്മിറ്റിക്കാരുടെ താൽപര്യമാണ് പ്രധാനം. ഈ ആന ഒരിക്കലും ഓടില്ല, ആളുകളെ കുലുക്കി നിലത്തിടില്ല. വളരെ സുരക്ഷിതമാണ്. അതുകൊണ്ട് ക്ഷേത്രക്കമ്മിറ്റിക്കാർക്ക് എതിർപ്പുമില്ല.
‘‘കഴിഞ്ഞ വർഷം രണ്ട് റോബോട്ട് ആനകളെ ഒരുമിച്ച് കിട്ടി. ഒരെണ്ണത്തിനെ ‘പെറ്റ’ തന്നു, അതിനെ വാടകയ്ക്ക് കൊടുത്ത് കിട്ടിയ തുക കൊണ്ട് രണ്ടാമതൊന്നിനെ ഉണ്ടാക്കി’’- വെങ്കിടാചലം പറയുന്നു.

ഏറ്റവും കൂടുതൽ ആനകളെ എഴുന്നള്ളിപ്പിക്കുന്ന തൃശൂർ പൂരത്തിന് റോബോട്ടിക് ആനയെ എഴുന്നള്ളിപ്പിക്കാനാകുമോ? ആ അനുഭവം വെങ്കിടാചലം തന്നെ പറയുന്നു:

‘‘തൃശൂർ പൂരത്തിന്റെ രാത്രിപൂരത്തിന് വെടിമരുന്ന് പ്രയോഗം നടക്കുമ്പോൾ, ആളുകളെ നൂറു മീറ്റർ അകലേക്കു മാറ്റും. അതേസമയം, 40 മീറ്ററിൽ പന്തലിനുള്ളിൽ ജീവനുള്ള ആനകളെ കാണാം. അതിന് മുകളിൽ കോലം വച്ച് ഒരാളുണ്ടാകും, പാപ്പാന്മാരും. ഇങ്ങനെ ആനകളെയും ആളുകളെയും വെടിക്കെട്ടിനടുത്തുനിർത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം പൂരത്തിന് കലക്ടർക്ക് അപേക്ഷ കൊടുത്തു; പന്തലിനുള്ളിൽ ജീവനുള്ള ആനയെ നിർത്തരുത്. ഞങ്ങളുടെ കൈയിൽ രണ്ട് റോബോട്ടിക് ആനകളുണ്ട്, അവയെ തരാം എന്നായിരുന്നു കത്ത്.
പരിഗണിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ കത്ത് ദേവസ്വങ്ങൾക്ക് അയച്ചു. 'അപകടം' ദേവസ്വങ്ങൾ മനസ്സിലാക്കി. പൂരപ്പന്തലിൽ റോബോട്ടിക് ആനകളെ നിർത്തിയാൽ അത് അവയ്ക്ക് വലിയൊരു അംഗീകാരമാകും. അതുകൊണ്ട്, ‘പരമ്പരാഗത ചട്ടങ്ങൾക്ക് നിരക്കുന്നതല്ല’ എന്നും ‘ശക്തൻ തമ്പുരാന്റെ കാലം മുതൽ ഈ ആനകൾ അവിടെ നിൽക്കുന്നതാണ്’ എന്നും പറഞ്ഞ് അവർ മറുപടി കൊടുത്തു. അങ്ങനെ ആ നീക്കം അവസാനിച്ചു’’.

കുട പോ​ലെയും ചമയം പോലെയും പന്തൽ പോലെയും ഒരു അലങ്കാര പ്രതീകം മാത്രമാണ് എഴുന്നള്ളിച്ചുനിർത്തുന്ന ആനകളും. /photo: Sam Varghese
കുട പോ​ലെയും ചമയം പോലെയും പന്തൽ പോലെയും ഒരു അലങ്കാര പ്രതീകം മാത്രമാണ് എഴുന്നള്ളിച്ചുനിർത്തുന്ന ആനകളും. /photo: Sam Varghese

മനുഷ്യരുടെ ആഹ്ലാദത്തിനായി നടത്തുന്ന ആഘോഷങ്ങൾ മറ്റു ജീവികളുടെ ആഹ്ലാദങ്ങളെ നശിപ്പിച്ചാകരുത് എന്നത് മാനവികതയുടെ അടിസ്ഥാനതത്വമാണ്. ജീവനുള്ള ആനകളെ കെട്ടുകാഴ്ചകളാക്കി മാറ്റാതിരിക്കുകയാണ് ഇന്നത്തെ ഏത് ആഘോഷവും മാനവികമാക്കാനുള്ള പ്രധാന ഉപാധികളിലൊന്ന്. യഥാർഥത്തിൽ തൃശൂർ പൂരത്തിന്റെ കുടമാറ്റത്തി​നുപയോഗിക്കുന്ന കുടകളിലും പന്തൽ സാമഗ്രികളിലും ചമയനിർമാണരീതികളിലും ഓരോ വർഷവും വന്നുകൊണ്ടിരിക്കുന്ന കാലാനുസാരിയായ മാറ്റങ്ങൾ ആവേശപൂർവം സ്വീകരിക്കപ്പെടുന്ന സാഹചര്യത്തിൽ, ഉത്സവാഘോഷങ്ങളിലെ റോബോട്ടിക് ആനകൾക്കും ഈ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്. (പന്തലിലും കുടകളിലും ചമയങ്ങളിലുമെല്ലാം സമകാലികമായ നിരവധി പുതുമകൾ കാണാം. സമകാലികമായ വർഗീയതയെ വരെ ചൂടാൻ പാകത്തിൽ കുടകൾക്ക് മാറാനായി എന്നതും ശ്രദ്ധിക്കണം). കാരണം, കുട പോ​ലെയും ചമയം പോലെയും പന്തൽ പോലെയും ഒരു അലങ്കാര പ്രതീകം മാത്രമാണ് എഴുന്നള്ളിച്ചുനിർത്തുന്ന ആനകളും.

നാലു ക്ഷേത്രങ്ങളിൽ പരിചയപ്പെടുത്തിയ റോബോട്ടിക് ആനകൾക്ക് ആൾക്കൂട്ടം നൽകിയ ആവേശകരമായ സ്വീകരണം അനുകൂലമായ തുടക്കമാണ്. അത്, മറ്റു ​ആരാധനാലയങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. അതിന് ഇന്നുള്ള ഏക തടസം, ഉത്സവങ്ങളെ നിയന്ത്രിക്കുന്ന മാഫിയയാണ്.

കേരളത്തിലെ നാലു ക്ഷേത്രങ്ങളിൽ പരിചയപ്പെടുത്തിയ റോബോട്ടിക് ആനകൾക്ക് അവിടെയെത്തിയ ആൾക്കൂട്ടം നൽകിയ ആവേശകരമായ സ്വീകരണം അനുകൂലമായ തുടക്കമാണ്. അത്, മറ്റു ​ആരാധനാലയങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. അതിന് ഇന്നുള്ള ഏക തടസം, ഉത്സവങ്ങളെ നിയന്ത്രിക്കുന്ന മാഫിയയാണ്. നിയമവിരുദ്ധമായി ആനകളെ കടത്തുകയും വ്യാജ ഓണർഷിപ്പിന്റെ പിൻബലത്തിൽ ഉടമകളായി വിലസുകയും ചെയ്യുന്ന ഏജന്റുമാർ, ഉത്സവക്കമ്മിറ്റിയിലെ പിരിവുകാർ, നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന വനം- റവന്യൂ- മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധികാര- രാഷ്ട്രീയ സംവിധാനം, ജനകീയ സംസ്കാരികതയുടെ വ്യാജപൊതുബോധ നിർമിതി ഏറ്റെടുക്കുന്ന മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള ആചാര​പ്പൊലീസ്- ഉത്സവ മാഫിയയുടെ കണ്ണി എളുപ്പം അഴിച്ചുമാറ്റാൻ കഴിയാത്തവിധം ബലമേറിയതാണ്. എങ്കിലും, ചെറിയ തുടക്കങ്ങളെങ്കിലും വേണ്ടതുണ്ട്.

കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ- വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിൽ നടയിരുത്തിയ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആന. 'പെറ്റ'യും നടി വേദികയും ചേർന്നാണ് ആനയെ സംഭാവന ചെയ്തത്.
കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ- വടക്കുമ്പാട് ശിവ- വിഷ്ണു ക്ഷേത്രത്തിൽ നടയിരുത്തിയ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബോട്ടിക് ആന. 'പെറ്റ'യും നടി വേദികയും ചേർന്നാണ് ആനയെ സംഭാവന ചെയ്തത്.

ഓരോ വർഷവും കൂട്ടിച്ചേർക്കപ്പെടുന്ന ബഹുസ്വരമനുഷ്യസഞ്ചയമാണ്, തൃശൂർ പൂരം പോലുള്ള കൂടിച്ചേരലുകളെ ആചാരബദ്ധമായി പുനഃസംഘടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. പൂരത്തിനെത്തുന്ന മനുഷ്യരെല്ലാവരും മേളത്തിന്റെയും ആനകളുടെയും കുടമാറ്റത്തിന്റെയും കാണികളല്ല. ​ഘോഷിക്കപ്പെടുന്ന ഈയൊരു പൂരക്കാഴ്ചയുടെ അപ്പുറത്ത്, തേക്കിൻകാട്ടിലും സ്വരാജ് റൗണ്ടിലും ശക്തനിലുമെല്ലാം ഇതേ ആവേശത്തോടെ ഒഴുകുന്ന കൂട്ടങ്ങളെ കാണാം. ഒരുപക്ഷെ, ഇലഞ്ഞിത്തറ മേളത്തിന്റെയും മഠത്തിൽ വരവിന്റെയും ആവേശങ്ങളെ കവിയുന്ന സഞ്ചാരങ്ങൾ. ആനകളെ കാഴ്ചക്കുപുറത്താക്കുന്ന കണ്ണുകൾ. അലച്ചിലെല്ലാമൊടുങ്ങി, പുലർച്ചെ, നഗരത്തിന്റെ മൂലകളിൽ അന്തംവിട്ടുറങ്ങുന്ന എത്രയോ പേരെ കാണാം, അതും ശരീരം കിടുകിടെ വിറപ്പിക്കുന്ന വെടിക്കെട്ടിന്റെ സമയത്ത്. കാഴ്ചയിൽ പെടുന്ന ദൃശ്യങ്ങൾക്കും കേൾവിയെ പിടികൂടുന്ന ശബ്ദങ്ങൾക്കും അപ്പുറത്തുള്ള പൂരമനുഷ്യർ. റിപ്പോർട്ടിങ് അസാധ്യമായ ഈ മനുഷ്യത്തിമിർപ്പുകൾ കൂടി ചേർന്നതാണ് പൂരം. ഈ മനുഷ്യരുടെ ഭൂരിപക്ഷം നിലനിർത്തിക്കൊണ്ടുമാത്രമേ, ഏത് കൂടിച്ചേരലുകളെയും മാനവികമാക്കാനാകൂ.

Comments