കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 21
സമ്പൂർണ്ണ വിപ്ലവവും ഇന്ത്യൻ കൗട്സ്കിയും
എം.ജി.ശശി: ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ പരിപാടി -സമ്പൂർണ്ണ വിപ്ലവം എന്ന പദ്ധതി വളരെ വ്യാപകമായി ജനകീയമായി ഇന്ത്യയിലാകെ മുന്നോട്ടു പോകുമ്പോൾ, അതിനോട് ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ ഇ.എം.എസ്സിനെ ഇന്ത്യൻ കൗട്സ്കി എന്ന് കേ.വി വിശേഷിപ്പിച്ചിട്ടുണ്ട്.
കെ.വേണു: 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിൽ വലിയ വിജയം നേടിയതിനു ശേഷം 1972-1973 കാലത്ത് ഇന്ദിരാഗാന്ധിയുടെ അധികാരപ്രയോഗം ജനാധിപത്യവിരുദ്ധ രൂപം കൈക്കൊള്ളുന്നുണ്ടായിരുന്നു. ഈ പ്രവണതക്കെതിരായി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും മുൻകയ്യിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തിക്കൊണ്ടുള്ള വ്യാപകമായ പ്രതിഷേധാന്തരീക്ഷം സൃഷ്ടിക്കാൻ ജയപ്രകാശ് നാരായൺ പ്രോത്സാഹനം നൽകുകയുണ്ടായി. ഗുജറാത്തിൽ നിന്ന് തുടങ്ങിയ ഈ പ്രക്ഷോഭം അതിവേഗം ബീഹാർ വരെ വ്യാപിച്ചു. 1973-74 കാലത്താണ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ഈ കലാപ അന്തരീക്ഷം വ്യാപിക്കുകയുണ്ടായത്. അഖിലേന്ത്യാ തലത്തിൽത്തന്നെ അതൊരു വലിയ പ്രക്ഷോഭമായി മാറും എന്നുള്ള സ്ഥിതിയായിരുന്നു. അത്തരമൊരു കലാപ അന്തരീക്ഷം കേരളത്തിൽ വളരാത്തത് എന്തുകൊണ്ട് എന്നുള്ള ചർച്ച വ്യാപകമായി നടക്കുകയുണ്ടായി.
കേരളത്തിൽ അങ്ങനെയൊരു അരാജക സമൂഹം ഇല്ല എന്നതുകൊണ്ടാണ് ഇവിടെ കലാപങ്ങൾ ഉണ്ടാകാത്തത് എന്നാണ് ഇ.എം.എസ് അഭിപ്രായപ്പെട്ടത്. അതിനോടു പ്രതികരിച്ചുകൊണ്ട് ജയിലിൽ നിന്നെഴുതിയ ഒരു ലേഖനത്തിൽ ഇ.എം.എസ്സിനെ ഇന്ത്യൻ കൗട്സ്കി എന്ന് ഞാൻ വിശേഷിപ്പിച്ചിട്ടുണ്ട്. ലെനിന്റെ നേതൃത്വത്തിൽ വിപ്ലവ മുന്നേറ്റങ്ങൾ ആരംഭിക്കുന്നതിനു മുമ്പുള്ള ഘട്ടത്തിൽ വിപ്ലവ വിരുദ്ധ നിലപാടെടുത്ത റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ സൈദ്ധാന്തികനായിരുന്നു കൗട്സ്കി. അങ്ങനെ ഇന്ത്യയിലും കേരളത്തിലും കൗട്സ്കിയുടെ സ്ഥാനമാണ് ഇ.എം.എസ്സിന് എന്ന സമീപനത്തിൽ നിന്നാണ് 'ഇന്ത്യൻ കൗട്സ്കി' എന്നു ഞാൻ വിശേഷിപ്പിച്ചത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പോലുള്ള ഒരു ജനാധിപത്യ വിരുദ്ധ പ്രസ്ഥാനത്തിന് വലിയ സ്വാധീനം ഉള്ളതുകൊണ്ടാണ് ഗുജറാത്തിലേയും ബീഹാറിലേയും പോലെ, വടക്കേ ഇന്ത്യയിലാകെ രൂപംകൊണ്ടതു പോലെയുള്ള ഒരു ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നു വരാത്തത് എന്ന രീതിയിലാണ് ഞാനന്ന് ഇ.എം.എസ്സിന് മറുപടി നൽകിയത്.
ഇന്ത്യൻ ജനാധിപത്യത്തിലെ കളങ്കം
ജയപ്രകാശ് നാരായണന്റെ മുന്നേറ്റവുമായി ബന്ധപ്പെട്ടു കൂടിയാണല്ലോ ഇന്ത്യൻ രാഷ്ട്രീയത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത അടിയന്തരാവസ്ഥ ഉണ്ടാകുന്നത്...?
ജയപ്രകാശ് നാരായൺന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ സജീവമായ പ്രസ്ഥാനം ശരിക്കുമൊരു ഭീഷണിയായി ഇന്ദിരാഗാന്ധിക്കു മുന്നിൽ ഉയർന്നു വന്നു. എളുപ്പത്തിൽ അടിച്ചമർത്താൻ പറ്റാത്ത, ഇന്ദിരയുടെ അധികാരത്തെ കൃത്യമായി ചോദ്യം ചെയ്യുന്ന കലാപത്തിലേക്ക് ആ പ്രസ്ഥാനം മാറുമോ എന്നൊരു ആശങ്ക ഭരണാധികാരത്തിന് ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആർക്കും തന്നെ ഒരു ധാരണയും കിട്ടിയിരുന്നില്ല. പൗരാവകാശങ്ങളൊക്കെ എടുത്ത് കളഞ്ഞു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെയൊക്കെ ഒറ്റ രാത്രികൊണ്ടു തന്നെ അറസ്റ്റു ചെയ്തു. വളരെ വ്യാപകമായ ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് നടപടികളിലേക്കാണ് ഇന്ദിരാഗാന്ധി നീങ്ങിയത്. അങ്ങനെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം വരുന്നത്. സി.പി.ഐ ആദ്യം മുതൽ തന്നെ പൂർണ്ണമായും അടിയന്തരാവസ്ഥയെ അനുകൂലിച്ചു. അഭിപ്രായ വ്യത്യാസമുണ്ടായേക്കാവുന്ന, നേരിയ എതിർപ്പെങ്കിലും ഉന്നയിക്കാൻ സാദ്ധ്യതയുള്ള എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേയും നിരോധിച്ചു. ആർ.എസ്.എസ്സ്, വിവിധ നക്സൽ ഗ്രൂപ്പുകൾ തുടങ്ങിയവയെല്ലാം നിരോധിക്കപ്പെട്ടു. പക്ഷേ, സി.പി.എമ്മിനെ തൊട്ടില്ല.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയോടൊപ്പം സാധാരണ ജനങ്ങളെ സഹായിക്കാനെന്ന പേരിൽ ഒരു ഇരുപതിന പരിപാടി പ്രഖ്യാപിച്ചിരുന്നു. സി.പി.എം ആ പരിപാടിക്ക് പിന്തുണ നൽകുകയും അടിയന്തരാവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്തു. ആർ.എസ്.എസ്സും നക്സൽ ഗ്രൂപ്പുകളും അടിയന്തരാവസ്ഥക്കെതിരെ ലഘുലേഖ വിതരണവും ചെറുപ്രകടനങ്ങളും നടത്തുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാതിരിക്കുന്നത് ദോഷം ചെയ്യുമെന്ന് കണ്ട് സി.പി.എം ചില പ്രതിഷേധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അപ്പോൾ ഇന്ദിരാഗാന്ധി നടപടി തുടങ്ങി. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കന്മാരെ ഒഴിവാക്കി എം.വി. രാഘവൻ, പിണറായി വിജയൻ തുടങ്ങിയ രണ്ടാം നിരക്കാരെ ജയിലിലടക്കുകയാണ് ചെയ്തത്. കോടതികൾക്കു പോലും ഒരു അധികാരവും ഇല്ലാത്ത സ്ഥിതി. പോലീസിന് പൂർണ്ണമായ എല്ലാ വിധത്തിലുള്ള അധികാരവും നൽകി. ഇന്ത്യയിലെ ജനാധിപത്യം ഇനി ഏതു രീതിയിൽ മുന്നോട്ടു പോകുമെന്നതിനെക്കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന ഒരു സാഹചര്യമാണ് തുടർന്നുണ്ടായത്. ഇന്ത്യൻ ജനാധിപത്യത്തിലെ കളങ്കം ഈ അടിയന്തരാവസ്ഥ തന്നെയായിരുന്നു.
ഇന്ദിരാഗാന്ധിയെ അനുകൂലിച്ചുകൊണ്ട് അവർ തന്നെ മുന്നോട്ട് വെച്ച ചില മുദ്രാവാക്യങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് ഉയർന്നുവന്നല്ലോ...?
'ഇന്ദിരയാണ് ഇന്ത്യ' എന്ന മുദ്രാവാക്യം നോക്കൂ. അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതമായി രാഷ്ട്രീയത്തെ മാറ്റിത്തീർക്കാനുള്ള തികച്ചും ജനാധിപത്യവിരുദ്ധമായ അന്തരീക്ഷമാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടത്. 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം കേരളത്തിൽ വ്യാപകമായി ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ സമൂഹത്തിൽ അച്ചടക്കം ഉണ്ടായിരിക്കുന്നൂ എന്ന പോലെ ഓഫീസുകളൊക്കെ കൃത്യമായി പ്രവർത്തിക്കുന്നു, ട്രെയിനുകളൊക്കെ കൃത്യസമയത്ത് ഓടുന്നു എന്നൊക്കെപ്പറഞ്ഞ് 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം വളരെ മെച്ചപ്പെട്ട ഒന്നാണെന്നു വരെ വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെയാണ് അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഫാസിസത്തിനെതിരായി നിലകൊണ്ടപ്പോൾ കേരളം ഇന്ദിരയുടെ രാഷ്ട്രീയത്തെ അനുകൂലിച്ചത്.
അന്ന് അന്തർദ്ദേശീയ തലത്തിൽ സോവിയറ്റ് ഭരണകൂടം അടിയന്തരാവസ്ഥയെ ശക്തമായി അനുകൂലിക്കുകയാണല്ലോ ചെയ്തത്...?
അന്ന് അടിയന്തരാവസ്ഥയെ പിന്തുണച്ചുകൊണ്ട് ശക്തമായ നിലപാടെടുത്തത് ബ്രഷ്നേവാണ്, സോവിയറ്റ് യൂണിയനാണ്. ബ്രഷ്നേവ് ഇവിടെ പാർലമെൻ്റിൽ വന്നിട്ട് അടിയന്തരാവസ്ഥക്ക് അനുകൂലമായി വലിയ പ്രഖ്യാപനം നടത്തുകയുണ്ടായി. സി.പി.ഐക്ക് സ്വാഭാവികമായും ഇന്ദിരയുടെ കൂടെ നിൽക്കേണ്ടി വന്നു. അങ്ങനെയാണ് അച്ച്യുതമേനോൻ എന്ന സി.പി.ഐ മുഖ്യമന്ത്രി ഇവിടെ അടിയന്തരാവസ്ഥ നടപ്പാക്കിയത്. കമ്മ്യൂണിസത്തിന്റെ പേരു പറഞ്ഞുകൊണ്ട് ജനാധിപത്യ വിരുദ്ധതയിലേക്ക് അവർ നീങ്ങി. അങ്ങനെ ഇടതുപക്ഷ പ്രസ്ഥാനം മുഴുവൻ തന്നെ ഫലത്തിൽ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്നിടത്തെത്തി. സ്വാഭാവികമായി കോൺഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള കേരളീയ സമൂഹം അടിയന്തരാവസ്ഥയെ പിന്താങ്ങുന്നൊരു ദയനീയ ചിത്രമാണ് അന്ന് ഉണ്ടായത്. ഉയർന്ന ജനാധിപത്യ ബോധമുള്ളവരാണ് കേരളീയർ എന്ന ധാരണ തെറ്റാണെന്ന് അക്കാലം തെളിയിച്ചു. ജനാധിപത്യത്തെ ബൂർഷ്വാ ജനാധിപത്യം എന്ന് വ്യാഖ്യാനിക്കുന്ന ഒരു രീതി കമ്മ്യൂണിസ്റ്റുകാർ ഉണ്ടാക്കിയിരുന്നു. ബൂർഷ്വാ ജനാധിപത്യം അല്ലാത്തൊരു ജനാധിപത്യമുണ്ടോ എന്ന് ഞാൻ പല ബുദ്ധിജീവികളോടും ചോദിക്കാറുണ്ട്. 'അങ്ങനെയൊന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് അതിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?'ആർക്കും ഒരു മറുപടിയും ഇല്ല. അപ്പോൾ ജനാധിപത്യത്തെപ്പറ്റി വളരെ നിഷേധാത്മകമായ ഒരു സമീപനമാണ് കേരളീയ സമൂഹത്തിൽ പൊതുവിൽ നിലനിൽക്കുന്നത് എന്നുള്ളതിന്റെ കൃത്യമായ പ്രതിഫലനമായിരുന്നു അടിയന്തരാവസ്ഥയും അതിനെത്തുടർന്നുള്ള തെരഞ്ഞെടുപ്പും.
മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാനും സ്വന്തം തലച്ചോറ് ഉപയോഗിക്കാനും പോലീസുകാരോട് ആഹ്വാനം ചെയ്യുന്ന ജയപ്രകാശ് നാരായണന്റെ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നല്ലോ?
അധികാരം കയ്യാളുന്ന പ്രധാനശക്തിയായി നിൽക്കുന്ന പോലീസിനെ സ്വയം പ്രചോദിതരായി ജനാധിപത്യത്തിന്റെ പക്ഷത്ത് നിൽക്കാൻ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ജയപ്രകാശ് അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തിയത്. ഇന്ദിരാഗാന്ധിയുടെ പ്രകോപനത്തിന് കാരണമായത് അതുകൂടിയാണ്. കാരണം പോലീസിനേയും ഭരണസംവിധാനങ്ങളേയും ജനാധിപത്യവത്കരിക്കുക, അതുവഴി അധികാരത്തിന് വലിയൊരു ഭീഷണി ഉയർത്തുക എന്നുള്ള അന്തരീക്ഷം ഇന്ദിരാഗാന്ധിയെ വല്ലാതെ ഭയപ്പെടുത്തി. അതുകൊണ്ടു കൂടിയാണ് അവർ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലക്ക് നീങ്ങിയത്.
രാജന്റെ രക്തസാക്ഷിത്വം
അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ കൊലപാതകം, രക്തസാക്ഷിത്വം വലിയ രീതിയിൽ കേരളീയ സമൂഹത്തെ പിടിച്ചുലച്ച ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഇപ്പോൾ മാവോയിസ്റ്റ് നേതാവെന്ന നിലയിൽ സജീവമായിട്ടുള്ള മുരളി കണ്ണമ്പിള്ളി അന്ന് കോഴിക്കോട് ആർ.ഇ.സിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ്. പഠിത്തം ഉപേക്ഷിച്ചില്ലെങ്കിലും മുരളി അന്ന് നക്സലേറ്റ് പ്രസ്ഥാനത്തിന്റെ ആദർശങ്ങളോട് യോജിച്ചുകൊണ്ട് ഒരു സജീവ പ്രർത്തകനായി മാറിയിരുന്നു. മുരളിയുടെ സുഹൃത്തായിരുന്ന, മുരളിയുടെ പ്രേരണകൊണ്ട് നക്സലേറ്റ് രാഷ്ട്രീയത്തോട് താല്പര്യം പ്രകടിപ്പിച്ച വിദ്യാർത്ഥിയാണ് രാജൻ. മുരളിയുടെ കൂടെ ഞാൻ ആർ.ഇ.സിയിൽ പോകാറുണ്ട്. രാജനേയും കാണാറുണ്ട്. ആർ.ഇ.സിക്ക് തൊട്ടടുത്തുള്ള ഒരു മുറി പാർട്ടി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു. മുരളിയുടെ തന്നെ കൂട്ടുകാരനായിരുന്ന ചാലിയാണ് ആ മുറി വാടകക്ക് എടുത്തിരുന്നത്. അവിടെ ഞങ്ങൾ സൈക്ലോസ്റ്റൈൽ മെഷീനൊക്കെ വെച്ച് പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കിയിരുന്നു -ചില സർക്കുലറുകളും നോട്ടീസുകളുമൊക്കെ. മുരളി തന്നെ രൂപീകരിച്ച ഒരു സംഘമുണ്ടായിരുന്നു അവിടെ. മെസ് തൊഴിലാളികളും വിദ്യാർത്ഥികളുമൊക്കെ അടങ്ങിയ ഒരു ടീം. പഠന ഗ്രൂപ്പാണ് അത് -പാർട്ടി യൂണിറ്റായി മാറുന്നതിനു മുമ്പുള്ള പ്രാഥമിക ഘടകം. ആ സംഘത്തിൽ രാജനുമുണ്ടായിരുന്നു.
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്ന സമയത്ത് പോലീസുകാർ ആർ.ഇ.സിയുമായി ബന്ധപ്പെട്ട് സജീവമായി ആരൊക്കെയോ ഉണ്ടെന്ന തരത്തില് അന്വേഷണം നടത്തിയിരുന്നു. അങ്ങനെയാണ് പോലീസ് രാജനിലേക്കെത്തുന്നത്.
കക്കയം ക്യാമ്പിലേക്കാണോ രാജനെ കൊണ്ടുപോയത്?
അതെ. പ്രിൻസിപ്പാളിനോട് അനുവാദം വാങ്ങിയിട്ടാണ് രാജനെ പോലീസ് കൊണ്ടുപോയതെന്നാണ് പറയുന്നത്. അത് പിന്നീട് ഹൈക്കോടതിയിൽ പ്രിൻസിപ്പാൾ പറയുകയും ചെയ്തിരുന്നു. കരുണാകരനെതിരായി വിധി വരുന്നതിന്റെ പ്രധാന കാരണം പ്രിൻസിപ്പാളിന്റെ ആ മൊഴിയാണ്. അതായത് പോലീസ് രാജനെ കൊണ്ടുപോയത് പ്രിൻസിപ്പാളിനറിയാം എന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു.
കക്കയം ക്യാമ്പിൽ വെച്ച് കൊന്നുകളഞ്ഞതാണ് അല്ലേ?
സോമശേഖരനും മുരളിയുമുൾപ്പടെ പല സഖാക്കളും രാജനെ കക്കയം ക്യാമ്പിൽ വെച്ച് കണ്ടിട്ടുണ്ട്. തൊട്ടടുത്ത മുറിയിൽ മർദ്ദനം നടക്കുന്നുണ്ടായിരുന്നു. കരച്ചിലൊക്കെ കേട്ടിരുന്നു. എവിടെയാണ് സംസ്കരിച്ചത്? ഡാമിൽ കൊണ്ടിട്ടോ? വേറെ എവിടെയെങ്കിലും കുഴിച്ചിട്ടോ? പെട്രോളൊഴിച്ച് കത്തിച്ചോ? എങ്ങനെയാണ് തെളിവ് നശിപ്പിച്ചതെന്ന് ആർക്കും ഇപ്പോഴുമറിയില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് രഹസ്യമായിട്ടെങ്കിലും വ്യക്തിപരമായിട്ടെങ്കിലും പിന്നീട് വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല അല്ലേ?
ഇല്ല. രാജന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ഇപ്പോഴും ജനങ്ങൾക്കിടയിൽ അത് സജീവമായ ചർച്ചയാണ്.
തുടരും...