ഭിന്നശേഷിക്കാർക്കുവേണം തുല്യനീതി,
അതിന് തിരുത്തപ്പെടണം, ചില കാഴ്ചപ്പാടുകൾ

വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും തൊഴിലെടുത്ത് ജീവിക്കുന്നതിലും സമൂഹത്തിൽ തുല്യനീതി ഉറപ്പിച്ചെടുക്കാൻ കഴിയുന്ന അംഗമെന്ന നിലയിലും അവരുടെ അവകാശം ഹനിക്കപ്പെടുന്ന സാമൂഹ്യ കാഴ്ചപ്പാടുകൾ തിരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ഈ ഭിന്നശേഷി ദിനാചരണവും നമ്മോടാവശ്യപ്പെടുന്നത്.

ലോക ഭിന്നശേഷി ദിനമാണിന്ന്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്നതിനും അവരെക്കൂടി ഉൾക്കൊണ്ട് സുസ്​ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആവശ്യമായ സംയോജിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് (United in action to rescue and achieve the Sustainable Development Goals for, with and by persons with disabilities) ഈ വർഷം യു.എൻ. മുന്നോട്ട് വെച്ചിട്ടുള്ള മുദ്രാവാക്യം.

വികസന കാഴ്ചപ്പാടിൽനിന്ന് ചരിത്രപരമായി അരികുവത്കരിക്കപ്പെട്ട മനുഷ്യരിൽ മുൻപന്തിയിലാണ് ഭിന്നശേഷിക്കാരായ ആളുകൾ എന്ന തിരിച്ചറിവിൽ നിന്നാണ് ഈ മുദ്രാവാക്യം രൂപപ്പെടുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ചരിത്രപരമായ വലിയൊരു തെറ്റിനെ തിരുത്താനുള്ള ആഹ്വാനമായി ഇതിനെ വായിക്കാം.

ബുദ്ധിപരവും ശാരീരികവുമായ പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന വിവേചനം ഇന്നും ഒരു യാഥാർത്ഥ്യമാണ്.

ബുദ്ധിപരിമിതിയുള്ള മനുഷ്യരെ മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിലെ മറ്റൊരു ജീവിവർഗമായാണ് 19ാം നൂറ്റാണ്ടിെൻ്റ ആദ്യകാലംവരെ കണക്കാക്കിയിരുന്നത്. ഇത്തരം ആളുകളെ സമൂഹത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും അടിസ്​ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്​ത്രം, പാർപ്പിടം എന്നിവ നൽകിയാൽ മതിയെന്നുമുള്ള സബ് ഹ്യൂമൻ എന്ന സങ്കൽപത്തിൽ നിന്ന് ലോകം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും, ബുദ്ധിപരവും ശാരീരികവുമായ പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന വിവേചനം ഇന്നും ഒരു യാഥാർത്ഥ്യമാണ്.

Feeble mindedness means feeble mindedness എന്ന വിക്ടേറിയൻ ഐഡിയോളജിയായിരുന്നു അതുവരെ സമൂഹത്തിൽ പ്രബലമായിരുന്നത്. മാനസിക ദൗർബല്യം എന്നത് സർവലൗകിക പ്രതിഭാസമാണെന്നും അതിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നുമായിരുന്നു ഈ കാഴ്ചപ്പാടിന്റെ സാരാംശം. യൂജിനിക്സ്​ എന്ന പേരിൽ നാസി ജർമിനിയിൽ പ്രയോഗിക്കപ്പെട്ട അർഹതയുള്ളത് മാത്രം അതിജീവിച്ചാൽ മതിയെന്ന സോഷ്യൽ ഡാർവിനിഷ്റ്റ് സമീപനത്തിൽപോലും ഈ കാഴ്ചപ്പാടിന്റെ തുടർച്ച കാണാനാകും. മുഖ്യധാരാവത്കരണത്തിന് തടസ്സമായി സാമൂഹ്യ കാഴ്ചപ്പാടിലെ വൈകല്യങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

ചാരിറ്റിയിലൂന്നി നിൽക്കുന്ന കെയർ സെൻ്ററുകൾ, കെയർ ഹോമുകൾ എന്നിവയാണ് ഇന്നും സമൂഹത്തിൽ മുന്നിട്ടുനിൽക്കുന്നത്. വിദ്യാഭ്യാസം, ജീവിതനൈപുണി പരിശീലനം മുതലായവ ഭിന്നശേഷികുട്ടികൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ഉറപ്പാക്കണമെന്ന ചിന്തയിലേക്ക് ഇപ്പോഴും സമൂഹം വേണ്ടത്ര വളർന്നിട്ടില്ല. മാത്രമല്ല, വിദ്യാഭ്യാസവും സവിശേഷ പരിശീലനവും ഇടകലർന്നുള്ള ജീവിതവും വെല്ലുവിളികളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കും എന്ന തിരിച്ചറിവും വേണ്ടത്ര ശകതിപ്പെട്ടിട്ടില്ല.

മൂന്നുതരം സാമൂഹ്യകാഴ്ചപ്പാടാണ് നിലവിൽ പ്രബലം. കാരുണ്യത്തോടെയും സഹതാപത്തോടെയും പരിചരിക്കേണ്ട മനുഷ്യരാണ് ഭിന്നശേഷിക്കാരായ ആളുകൾ, അവർക്ക് വേണ്ടി പ്രത്യേക കെയർ സെൻ്ററുകളുണ്ടാക്കി സംരക്ഷിക്കണമെന്നതാണ് ഒന്നാമത്തേത്.

ഇത്തരം ശ്രദ്ധയും പരിഗണനയുമൊക്കെ കൊടുത്ത് പ്രത്യേകം സംരക്ഷിക്കപ്പെടുമ്പോഴും, അടിസ്​ഥാനപരമായ മനുഷ്യാവകാശങ്ങൾ കൂടി അവർക്ക് ലഭ്യമാക്കണമെന്ന കുറേക്കൂടി ഉയർന്ന ചിന്തയാണ് രണ്ടാമത്തേത്.

മൂന്നാമത്തേതാകട്ടെ, ഭിന്നശേഷിക്കാരായ മനുഷ്യരിലെ വൈവിധ്യത്തെയും സവിശേഷതകളെയും ശാസ്​ത്രീയമായി മനസ്സിലാക്കുന്നതാണ്. ഭിന്നശേഷിക്കാരും സാധാരണമായ മനുഷ്യജീവിതം നയിക്കാൻ പര്യാപ്തരാണ് എന്നും അത്യാവശ്യമുള്ള ചികിത്സകളും പരിശീലനങ്ങളും നൽകിയാൽ ഇവരിൽ ബഹുഭൂരിപക്ഷത്തിനും സാധാരണജീവിതം സാധ്യമാണ് എന്ന തിരിച്ചറിവുകൂടിയാണത്.

സമഗ്രവും ശാസ്​ത്രീയവുമായ സമീപനത്തിലൂടെ പരിഹരിക്കാവുന്ന നിരവധി പ്രശ്നങ്ങളാണ് ഭിന്നശേഷിക്കാർ ഇപ്പോഴും അനുഭവിച്ച് വരുന്നത്. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ സാധിച്ചാൽ ഭിന്നശേഷിക്കാരുടെ മുഖ്യധാരാവത്കരണം (Mainstreaming) വലിയൊരളവിൽ സാധ്യമാകും.

കാശ്മീര്‍ സ്വദേശിയായ ആദ്യത്തെ വീല്‍ ചെയര്‍ ബാസ്‌ക്കറ്റ് ബോളര്‍ ഇഷ ബസിര്‍

മൂന്ന് ഘട്ടങ്ങളിലായി ഇതിനെ വിഭജിക്കാം.

(1) ജനിക്കുമ്പോൾ മുതൽ മൂന്ന് വയസ്സ് പൂർത്തിയാകുന്നതിനുമുമ്പുതന്നെ ഭിന്നശേഷിത്വം (Disability) തിരിച്ചറിയുക എന്നത് പ്രധാനമാണ്. മസ്​തിഷ്ക വളർച്ചയും വികാസവും സംഭവിക്കുന്ന ഏറ്റവും നിർണായകമായ കാലമാണ് മൂന്ന് വയസ്സ് വരെയുള്ള കാലഘട്ടം. പരിമിതികൾ അതീവ സങ്കീർണതയിലേക്ക് പോകുന്നത് തടയാനും സാധാരണ ജീവിതം ഒരു പരിധിവരെയെങ്കിലും സാധ്യമാക്കാനും ഈ ഘട്ടങ്ങളിലുള്ള ഇപടെൽ കൊണ്ട് സാധിക്കും. സ്​ഥിരമായി കിടപ്പിലായി പോകുന്ന (bedridden) അവസ്​ഥയിലേക്ക് എത്താതെ സംരക്ഷിക്കുന്നതിനും ഈ ഘട്ടത്തിലുള്ള ഇടപെടൽ നിർണായകമാണ്.

(2) എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിലുള്ള ഇടകലർന്ന വിദ്യാഭ്യാസം (Inclusive Education) ഉറപ്പാക്കണം. അതോടൊപ്പം ഓരോ കുട്ടിയെയും മനസ്സിലാക്കി, വ്യക്തിപരമായ പിന്തുണ ഉറപ്പാക്കാനും സാധിക്കണം. സ്​പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം തന്നെ മുഴുവൻ അധ്യാപകരും കുട്ടികൾക്കാവശ്യമായ അധികപിന്തുണ നൽകാനുള്ള പ്രാപ്തി കൈവരിക്കണം. സവിശേഷ പഠനകേന്ദ്രങ്ങളിലേക്ക് (Special School) നടതള്ളലല്ല, പൊതുവിദ്യാലയങ്ങളെ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുകയാണ് വേണ്ടത്. ആരോഗ്യ പരിശോധനകൾ, തെറാപ്പികൾ, സഹായ ഉപകരണങ്ങൾ, സാമൂഹീകരണ സാധ്യതകൾ തുടങ്ങി ഭിന്നശേഷി കുട്ടികൾക്ക് സവിശേഷമായും ആവശ്യമുള്ള സംവിധാനങ്ങളും സ്​കൂളിൽ നിന്നോ അനുബന്ധ സ്​ഥാപനങ്ങളിൽ നിന്നോ ലഭ്യമാക്കണം.

(3) തൊഴിലധിഷ്ഠിത പുനരധിവസാം ഉറപ്പാക്കലാണ് മൂന്നാമത്തേത്. ഭിന്നശേഷിക്കാർ യാതൊരു ജോലിയും ചെയ്യാൻ സാധിക്കാത്തവരാണ് എന്ന ധാരണ ആദ്യം മാറണം. ഓരോരുത്തർക്കും അനുയോജ്യമായ, ഒരുപക്ഷേ, മറ്റുള്ളവരേക്കാൾ പെർഫോം ചെയ്യാൻ കഴിയുന്ന ധാരാളം ജോലികൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ആവർത്തന സ്വഭാവമുള്ള ജേലികളിൽ ബുദ്ധിപരിമിതർക്ക് ശോഭിക്കാൻ കഴിയുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ശബ്ദമുഖരിതമായ ഒരു ഫാക്ടറിയിൽ കേൾവിക്കുറവുള്ള ആളാകും നന്നായി ജോലി ചെയ്യുക. ഇങ്ങനെ പരിമിതി തന്നെ അനുകൂലനങ്ങളായി തീരുന്ന ഒട്ടേറെ തൊഴിൽ സംരഭങ്ങളുണ്ട് എന്ന് തിരിച്ചറിയുകയും അതനുസരിച്ച് തൊഴിൽ പരിശീലനം നൽകി ജോലി ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സംവിധാനം വളർന്ന് വരേണ്ടതുണ്ട്.

ജനിക്കുമ്പോൾ മുതൽ മൂന്ന് വയസ്സ് പൂർത്തിയാകുന്നതിനുമുമ്പുതന്നെ ഭിന്നശേഷിത്വം (Disability) തിരിച്ചറിയുക എന്നത് പ്രധാനമാണ്. മസ്​തിഷ്ക വളർച്ചയും വികാസവും സംഭവിക്കുന്ന ഏറ്റവും നിർണായകമായ കാലമാണ് മൂന്ന് വയസ്സ് വരെയുള്ള കാലഘട്ടം.

മാനസികവും ശാരീരികവുമായ വെല്ലുവിളികളുള്ള മനുഷ്യരെ പരിഗണിച്ചുകൊണ്ടല്ല ലോകക്രമം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ജീവിതത്തിെൻ്റ ഓരോ ഘട്ടത്തിലും ഭിന്നശേഷിക്കാർ നേരിടേണ്ടി വരുന്ന ഭൗതികമായ തടസ്സങ്ങൾ നിരവധിയാണ്. റോഡ്, വീട്, കളിസ്​ഥലം, പാർക്ക്, ബീച്ച്, തിയേറ്റർ, വാഹനങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിങ്ങനെ നിത്യജീവിതത്തിൽ മനുഷ്യർക്ക് എത്തിച്ചേരേണ്ട ഇടങ്ങൾ ഒന്നുംതന്നെ തടസ്സരഹിതമായി (Barrier free) പുനഃക്രമീകരിക്കുവാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൗതിക സംവിധാനങ്ങളുടെ അനുരൂപീകരണത്തിലൂടെ ഭിന്നശേഷി ജീവിതങ്ങൾ ആയാസരഹിതമാക്കി മാറ്റാൻ കഴിയും എന്ന് വികസിത സമൂഹങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കൺവെൻഷൻ ഡിസെബിലിറ്റിയ്ക്ക് നൽകുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: “Recognizing that disablities is an involving concept and that disability results from the public interaction between persons with imparements and attittudinal and enviornmental barriers that hinders their full and effective participation in society on an equal basis with others ”
ഭൗതികസൗകര്യങ്ങളുടെയും മനോഭാവങ്ങളുടെയും തടസ്സങ്ങൾ കാരണം പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന ജീവിതാവസ്​ഥയ്ക്ക് നൽകാവുന്ന വിശേഷണമാണ് ഡിസെബിലിറ്റി എന്നാണ് യു.എൻ പ്രഖ്യാപിക്കുന്നത്. വ്യക്തിത്വത്തിനോ മനുഷ്യത്വത്തിനോ ചേരാത്ത വിവേചനപരമായ ഏതൊരു പെരുമാറ്റവും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും കൺവെൻഷൻ ഡോക്യുമെന്റിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ഇത്തരം നിരീക്ഷണങ്ങളുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത കാഴ്ചപ്പാടുകളും സമീപനവുമാണ് ഭിന്നശേഷിക്കാർക്കുനേരെ സമൂഹമിപ്പോഴും വെച്ചുപുലർത്തുന്നത്. അവർ കഴിവില്ലാത്തവരാണ്, പഠിക്കാൻ കഴിയാത്തവരാണ്, അഭിപ്രായമില്ലാത്തവരാണ്, കുടുംബജീവിതം നയിക്കാൻ പ്രാപ്തിയില്ലാത്തവരാണ്, തുല്യനീതിക്ക് അവകാശമില്ലാത്തവരാണ് തുടങ്ങി വീട്ടുകാർ മുതൽ ഭരണസംവിധാനങ്ങൾ വരെ വെച്ചുപുലർത്തുന്ന അബദ്ധധാരണകൾ നിരവധിയാണ്. സമൂഹത്തിന്റെ ഇത്തരം മനോവൈകല്യങ്ങൾ കാരണം ഭിന്നശേഷിക്കാരായ മനുഷ്യർ നേരിടേണ്ടി വരുന്ന അപമാനവും അവസരനഷ്​ടവും നീതിനിഷേധവും അനവധിയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നഷ്​ടപ്പെടുന്ന ബാല്യകൗതുകങ്ങളും പെൺകുട്ടികൾ വിശിഷ്യാ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണവും അതിക്രമവും ലോകത്തെല്ലായിടത്തുമുണ്ട്.

ഭൗതികസൗകര്യങ്ങളുടെയും മനോഭാവങ്ങളുടെയും തടസ്സങ്ങൾ കാരണം പരിമിതികളുള്ള മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന ജീവിതാവസ്​ഥയ്ക്ക് നൽകാവുന്ന വിശേഷണമാണ് ഡിസെബിലിറ്റി എന്നാണ് യു.എൻ പ്രഖ്യാപിക്കുന്നത്

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ എന്ന രീതിയിലല്ല, എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ എന്ന രീതിയിലായിരിക്കണം ഈ വിഷയത്തെ നോക്കിക്കാണേണ്ടത്. ബുദ്ധിപരിമിതിയോ ശാരീരികപരിമിതിയോ കാരണം ഒരാളുടെയും അവകാശം നഷ്​ടപ്പെടാൻ പാടില്ല എന്നതാവണം കാഴ്ചപ്പാട്. ഈ അവകാശങ്ങൾ അനുഭവിക്കാനുള്ള പ്രാപ്തിയിലേക്ക് അവരെ എത്തിക്കുന്നതിന് വേണ്ടിയാകണം അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടത്. വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും തൊഴിലെടുത്ത് ജീവിക്കുന്നതിലും സമൂഹത്തിൽ തുല്യനീതി ഉറപ്പിച്ചെടുക്കാൻ കഴിയുന്ന അംഗമെന്ന നിലയിലും അവരുടെ അവകാശം ഹനിക്കപ്പെടുന്ന സാമൂഹ്യ കാഴ്ചപ്പാടുകൾ തിരുത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ഈ ഭിന്നശേഷി ദിനാചരണവും നമ്മോടാവശ്യപ്പെടുന്നത്.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ (എഡിറ്റർ), എഴുത്ത് അഭിമുഖം നില്ക്കുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments