1341-ൽ പെരിയാറിന്റെ തീരത്തുണ്ടായ മഹാപ്രളയത്തിൽ എക്കലും ചെളിയുമടിഞ്ഞ് രൂപംകൊണ്ട ദ്വീപാണ് എറണാകുളം ജില്ലയിലെ വൈപ്പിൻ എന്നാണ് ചരിത്രം. 27 കിലോമീറ്റർ നീളത്തിലും ശരാശരി രണ്ട് കിലോമീറ്റർ വീതിയിലും കൊച്ചി കായലിനും അറബിക്കടലിനും ഇടയിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന നിരവധി ഇടത്തോടുകളുള്ള പ്രദേശം.
വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ഭൂരിഭാഗം പേരുടെയും ഉപജീവനവും കായലിനെ ആശ്രയിച്ച് തന്നെയാണ്. കൊച്ചി തുറമുഖത്ത് നിന്നും അഞ്ചുകിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുള്ളവർ മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും ഉപജീവനമാക്കിയവരാണ്. വൈപ്പിൻ ബ്ലോക്കിനുകീഴിൽ വരുന്ന എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലായി രണ്ടുലക്ഷത്തിലേറെയാളുകൾ ജീവിക്കുന്നുണ്ട്. അതായത്, ഒരു ചതുരശ്രകിലോമീറ്ററിൽ നാലായിരത്തോളം പേർ താമസിക്കുന്നു. അതായത് 859 ചതുരശ്രകിലോമീറ്റർ വരുന്ന സംസ്ഥാന ജനസാന്ദ്രതയുടെ നാലിരട്ടിയാണ് ഇവിടുത്തെ ജനസാന്ദ്രത. പ്രദേശവാസികളെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് വേലിയേറ്റ വെള്ളപ്പൊക്കമെന്ന ദുരന്തമാണ്. നേരത്തെ വൃശ്ചിക മാസത്തിൽ മാത്രമായിരുന്ന വേലിയേറ്റ വെള്ളപ്പൊക്കം ഇന്ന് ദിനംപ്രതി സംഭവിക്കുന്നുവെന്ന അവസ്ഥയാണ്. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ഇവിടുത്തെ മനുഷ്യരുടെ ജീവിതം ഇന്ന് ഉപ്പുവെള്ളത്തിലാണ്.

ഇത് വൈപ്പിനിലെ മാത്രം പ്രശ്നമല്ല. എറണാകുളം ജില്ലയിൽ വടക്ക് പുത്തൻവേലിക്കര മുതൽ തെക്ക് കുമ്പളങ്ങിവരെ പറവൂർ, ഇടപ്പള്ളി, പാറക്കടവ്, ആലങ്ങാട്, പള്ളുരുത്തി ബ്ലോക്കുകളിലുൾപ്പെടുന്ന ഇരുപത് കായലോര-കടലോര പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷന്റെയും മരട്, പറവൂർ മുനിസിപ്പാലിറ്റികളുടെയും പരിധിയിൽപ്പെടുന്ന ചില പ്രദേശങ്ങളിലും വേലിയേറ്റവെള്ളപ്പൊക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനൊപ്പം വീടുകൾ തകരുന്ന അവസ്ഥ പോലും ഉണ്ടാവുന്നുണ്ട്. കടലിൽ നിന്നും കായലിൽ നിന്നും ചെമ്മീൻ കെട്ടുകളിൽ നിന്നുമാണ് പറമ്പുകളിലേക്കും വീടുകളിലേക്കും ഉപ്പുവെള്ളം കയറുന്നത്. ചുറ്റുവട്ടത്തുള്ള മിക്ക വീടുകളുടെയും ഭിത്തികളിൽ വിള്ളൽ വീഴുകയോ പ്ലാസ്റ്റർ അടർന്നുപോവുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. ചില വീടുകളാകട്ടെ തറ മുറ്റത്തേക്കാൾ താഴെയാകുന്ന വിധത്തിൽ ഇരുന്ന് പോവുകയും ചെയ്തിട്ടുണ്ട്.
ഈ പ്രശ്നം ഒരേസമയം പ്രദേശികവും അന്തർദേശീയവുമാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ മനുഷ്യജീവിതത്തെയും ഉപജീവനത്തെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി കടലിലുണ്ടാകുന്ന മാറ്റങ്ങളും അതിന്റെ പ്രത്യാഘാതവുമാണ് വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ ഇത്രയും രൂക്ഷമാകുന്നതിന്റെ പിന്നിലെ കാരണം. ഇത്തരത്തിൽ ആഗോളതാപനത്തിന്റെ ഫലമായി കടലിലുണ്ടാകുന്ന മാറ്റങ്ങൾ കരയിൽ ദുരന്തം വിതയ്ക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. 7500 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഇന്ത്യൻ തീരത്തിന്റെ മുക്കാൽ ഭാഗത്തും സുനാമിക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രാജ്യത്തിന്റെ ജനസംഖ്യയിൽ മൂന്നിലൊന്നും ജീവിക്കുന്നത് തീരപ്രദേശത്താണെന്ന വസ്തുത കൂടി കണക്കിലെടുക്കണം.

കേരളത്തിലേക്ക് വരുമ്പോൾ സാഹചര്യങ്ങൽ കൂടുതൽ ഗുരുതരമാകുന്നുണ്ട്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 590 കിലോമീറ്ററാണ് തീരപ്രദേശമുളളത്. കേരളത്തിൽ 14 ജില്ലകളിൽ ഒമ്പതെണ്ണം കടലിന്റെ മുഖാമുഖം സ്ഥിതി ചെയ്യുന്നവയാണ്. ഈ തീരപ്രദേശങ്ങളിൽ, 220 പഞ്ചായത്തുകളിലായി മത്സ്യബന്ധനവും അനുബന്ധതൊഴിലുകളും ഉപജീവനമാക്കിയ പത്ത് ലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്നു. ഈ മനുഷ്യരുടെ ജീവിതത്തെയാണ് വേലിയേറ്റ വെള്ളപ്പൊക്കം നേരിട്ട് ബാധിക്കുന്നത്.
എന്താണ് വേലിയേറ്റ വെള്ളപ്പൊക്കം (Tidal Flood)?
ഭൂമിയുടെയും ചന്ദ്രന്റെയും പരിക്രമണങ്ങൾക്കിടയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന സമുദ്രഭാഗം ചന്ദ്രന്റെ ആകർഷണശക്തിയാൽ ഉയരും. ജഡത്വബലത്താൽ നേരേ എതിർഭാഗവും ഉയരും. സാധാരണഗതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ദിവസത്തിൽ രണ്ടുതവണയാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുക. ചിലപ്പോൾ നാലുതവണവരെ വെള്ളം പൊങ്ങാം. പൗർണമി, അമാവാസി ദിവസങ്ങളിൽ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോൾ വേലിയേറ്റത്തിന്റെ ശക്തി വളരെ കൂടും. ഒരാഴ്ചയ്ക്കുശേഷം സൂര്യനും ചന്ദ്രനും ഭൂമധ്യരേഖയുമായി മട്ടകോണിലാകുമ്പോൾ പരസ്പര സ്വാധീനത്തിൽ വേലിയേറ്റത്തിന് ശക്തികുറയും. ഇങ്ങനെ സ്വാഭാവികമായ രീതിയിൽ ഉണ്ടാകുന്ന വേലിയേറ്റവെള്ളപ്പൊക്കത്തെ വെയിൽദിനവെള്ളപ്പൊക്കമെന്നും (Sunnyday Flood) ശല്യവെള്ളക്കെട്ടെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇതുകൊണ്ട് സാരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ എറണാകുളത്തിന്റെ പല മേഖലകളിലും ഇന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ സാധാരണരീതിയിലുള്ള വേലിയേറ്റ വെള്ളപ്പൊക്കങ്ങളല്ല. വെള്ളപ്പൊക്കത്തിന്റെ ശക്തി ദിനംപ്രതികൂടിവരുകയാണ്. ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നതാണ് ഇതിന്റെ പ്രാധാന കാരണമായി ചൂണ്ടികാണിക്കുന്നത്. സമുദ്രത്തിന്റെ ചൂട് കൂടുന്നതനുസരിച്ച് ചുഴലിക്കൊടുങ്കാറ്റുകളുടെയും ഉഷ്ണതരംഗങ്ങളുടെയും എണ്ണവും തീവ്രതയും വ്യാപ്തിയും വർധിക്കുന്നതും അതിതീവ്രമഴയുണ്ടാകുന്നതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇതിനുപുറമേ, കരയിലെ ഭൂവിനിയോഗത്തിലും തീരദേശ ആവാസവ്യവസ്ഥകളിലും ജൈവവൈവിധ്യത്തിലും വരുന്ന മാറ്റങ്ങളും വേലിയേറ്റവെള്ളപ്പൊക്കത്തിന്റെ ശക്തിയും വ്യാപ്തിയും കൂട്ടുന്നുണ്ട്.

തീരദേശമേഖലകളിൽ മാത്രമല്ല വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ സംഭവിക്കുന്നതെന്നും തീരത്ത് നിന്നും 12 കിലോമീറ്റർ ദൂരത്ത് വരെ ഇത്തരം വെള്ളപ്പൊക്കങ്ങൾക്ക് സാധ്യതയുണ്ടെന്നും ട്രൂകോപ്പി തിങ്കിനോട് വിശദീകരിക്കുകയാണ് EQUINOT എന്ന പാരിസ്ഥിതിക ഗവേഷണ എൻ.ജി.ഒയുടെ മാനേജിങ് ഡയറക്ടറായ ജയരാമൻ ചില്ലയിൽ:
“പല കാരണങ്ങൾ കൊണ്ടായിരിക്കാം വെള്ളം അധികമായി വരുന്നത്. തീരദേശത്ത് താമസിക്കുന്നവർക്ക് കടലാക്രമണം മൂലം പ്രശ്നങ്ങളുണ്ടാകും. അത് ചില സാഹചര്യങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്. അതുപോലെ തന്നെ ശക്തമായി മഴപെയ്ത് കഴിഞ്ഞാൽ ഡ്രൈനേജ് ശാസ്ത്രീയമായി പണികഴിപ്പിച്ചതല്ലെങ്കിൽ വെള്ളപ്പൊക്കമുണ്ടാകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കൃത്യമായി പഠനം നടക്കാത്ത ഒരു മേഖല വേലിയേറ്റ വെള്ളപ്പൊക്കങ്ങളാണ്. ദിവസത്തിൽ രണ്ട് തവണ ചന്ദ്രന്റെയോ സൂര്യന്റെയോ ആകർഷണം മൂലം കടലിലെ ജലനിരപ്പിൽ വ്യത്യാസം വരുകയും അങ്ങനെയുണ്ടാകുന്ന ജലം പല ചാനലുകളിലൂടെയും വീടുകളിലേക്ക് എത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് വെയിൽദിന വെള്ളപ്പൊക്കങ്ങൾ അഥവാ വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ. അതുകൊണ്ട് തന്നെ ഇത്തരം വെള്ളപ്പൊക്കങ്ങൾ ബാധിക്കുന്നത് തീദേശത്ത് താമസിക്കുന്നവരെ തന്നെയാകണമെന്ന് നിർബന്ധമില്ല. തീരദേശത്ത് നിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്റർ ദൂരത്ത് പോലും തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം വീടുകളിലേക്ക് എത്തുന്നുണ്ട്. 12 മണിക്കൂർ ഇടവേളയിൽ ദിവസത്തിൽ രണ്ട് തവണയാണ് വേലിയേറ്റ വെള്ളപ്പൊക്കങ്ങളുണ്ടാകുന്നത്.”

വെള്ളപ്പൊക്കങ്ങൾ വരുത്തുന്ന കെടുതികൾ മൂലം ആളുകൾക്ക് വീടുകൾ പോലും ഉപേക്ഷിക്കേണ്ടി വരികയാണ്. അവർ, ഇല്ലാത്ത പണംമുടക്കി വാടകയ്ക്ക് വീടെടുത്ത് താമസിക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടാവുന്നത്. ദിനംപ്രതിയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ തൊഴിലിനെയും ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസിയായ അഞ്ചു സുരേഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
“എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ വെള്ളം കയറിയത് 2018-ലെ വെള്ളപ്പൊക്കത്തിന്റെ സമയത്താണ്. എന്നാൽ സമീപ വീടുകളിലെ അവസ്ഥ അതല്ല. വേലിയേറ്റ വെളളപ്പൊക്കം കാരണം എല്ലാ ദിവസവും എന്ന നിലയിൽ വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. ഉച്ചസമയത്തോ രാത്രി ഉറങ്ങുന്ന സമയത്തോ ഒക്കെയാണ് വെള്ളം കയറുന്നത്. വെള്ളമിങ്ങനെ സ്ഥിരമായി കയറുന്നതുവഴി പ്രദേശത്തുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. പലർക്കും കാലിൽ ചൊറിച്ചിലുണ്ട്. ഏത് സമയവും ഉപ്പുവെള്ളം കയറുന്നതുകൊണ്ട് തന്നെ വീടുകൾക്കൊക്കെ നാശനഷ്ടം സംഭവിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ പുതിയ വീടുകൾ നിർമിക്കാനും സാധിക്കുന്നില്ല. നിലവിലുള്ള വീടുകളിൽ താമസിക്കാനും പറ്റാത്ത സാഹചര്യമാണുള്ളത്. ചിലരൊക്കെ സ്ഥലം മാറി പോകുന്നുണ്ട്. തങ്ങളുടെ മക്കളെങ്കിലും വെള്ളത്തിൽ നിന്നും കരകയറട്ടെ എന്ന് വിചാരിച്ചാണ് അവർ വീടുമാറി പോകുന്നത്. മാതാപിതാക്കളെ ഇവിടെ നിർത്തി പുതിയതലമുറ മറ്റ് പലസ്ഥലങ്ങളിലേക്കും മാറിപ്പോകുന്ന സാഹചര്യവും ചിലയിടങ്ങളിലുണ്ട്.

ഇവിടുത്തെ ഭൂരിഭാഗം ആളുകളുടെയും ഉപജീവനം പൊക്കാളി കൃഷിയും മത്സ്യബന്ധനവുമാണ്. അതിനാൽ ഇവിടെ നിന്ന് മാറിപ്പോവേണ്ടി വരുമ്പോൾ വരുമാന മാർഗം തന്നെ ഇല്ലാതെയാകുന്നു. ഉപ്പുവെള്ളത്തിലൂടെ നീന്തി സ്കൂളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്നവരുമൊക്കെ ഞങ്ങളുടെ പ്രദേശത്തുണ്ട്. ഇവിടെ ചുറ്റും പൊക്കാളി കൃഷി ചെയ്യുന്ന കെട്ടുകളാണ്. അതിന് ചുറ്റും തോടുകളും സമീപത്ത് കടലും കായലുമൊക്കെ വരുന്ന ഭൂപ്രദേശമായതുകൊണ്ട് തന്നെ അവിടേക്ക് പെട്ടെന്ന് തന്നെ വെള്ളം കയറും. കയറുന്ന വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ട്. വർഷങ്ങളായി ഈയൊരു അവസ്ഥയിലൂടെ തന്നെ കടന്നുപോകുന്നതുകൊണ്ട് ഇതിനെ ഒരു ദുരന്തമായി ഇവിടുത്തെ മനുഷ്യർ കാണുന്നില്ല. ഇങ്ങനെ കയറുന്ന വെള്ളത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് അവർ ചിന്തിക്കുന്നത്. ബണ്ട് കെട്ടി നൽകുക, വീട് പുതുക്കാൻ സഹായം ലഭ്യമാക്കുക പോലുള്ള ആവശ്യങ്ങളാണ് ഇപ്പോൾ അവർ ഉന്നയിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്താണ് പരിഹാരമെന്ന് നാട്ടുകാർക്ക് അറിയില്ല. ഇതിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. അവരിപ്പോൾ വെള്ളപ്പൊക്കത്തോട് ചേർന്ന് ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.”
പരാതികൾ നിരവധി നൽകിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസിയും ചെമ്മീൻ പീലിങ് തൊഴിലാളിയുമായ ശ്രീമതി പറയുന്നു:
“ഞങ്ങളുടെ വീടിരിക്കുന്നിടത്ത് മൊത്തം വെള്ളം കയറുകയാണ്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ നൽകി. പക്ഷേ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയപാർട്ടികളും വോട്ട് ചോദിച്ചുവരുമ്പോൾ പ്രശ്നം പരിഹരിച്ച് തരാമെന്ന് പറയും. പക്ഷെ ഒന്നും ചെയ്ത് തരുന്നില്ലായെന്നതാണ് സത്യം. ബണ്ട് കെട്ടിത്തരുകയാണെങ്കിൽ ഞങ്ങളുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ പറമ്പിലേക്ക് വെള്ളം കയറില്ല. ഇപ്പോൾ എല്ലാ കൊല്ലവും ഞങ്ങൾ ആളുകളെ നിർത്തി പണിയെടുപ്പിക്കുന്നുണ്ട്. മിക്ക സ്ഥലത്തും കല്ല് കെട്ടി കൊടുത്തിട്ട് ഞങ്ങളുടെ ഇവിടെ മാത്രമേ അത് കെട്ടാത്തതായിട്ടുള്ളു. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞങ്ങളുടെ വീട് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാറിനില്ലേ? വേറേ എങ്ങോട്ടെങ്കിലും മാറി താമസിക്കാനുള്ള സാഹചര്യം പോലും ഞങ്ങളെ പോലെയുള്ളവർക്കില്ല.”
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് EQUINOCT എൻ.ജി.ഒ യുടെ റിസർച്ച് ഡയറക്ടറായ ഡോ. ശ്രീജ കെ. ജി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഈ വിഷയത്തിൽ ഡോക്യുമെന്റേഷൻ അനിവാര്യമാണ്. എങ്കിൽ മാത്രമെ എത്രമാത്രം ആളുകളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു. പഞ്ചായത്തുകളുടെ കയ്യിൽ പോലും കൃത്യമായൊരു കണക്കില്ല എന്നതാണ് സത്യം. കാരണം ഇത്തരം വെള്ളപ്പൊക്കം എല്ലാ വീടുകളെയും ഒരുപോലെ ബാധിക്കുന്നില്ല. അതുപോലെ എല്ലായ്പ്പോഴും ബാധിക്കുന്നില്ല. എന്നാൽ വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണ്. ഇതിന് പരിഹാരം കണ്ടേ പറ്റൂ. അതിൻെറ ഉത്തരവാദിത്വം സർക്കാരിനാണ്. സ്ഥിരമായി ഉപ്പുവെള്ളം കയറി വീട് നശിച്ച് തുടങ്ങുമ്പോൾ ആളുകൾ പരാതിയുമായി പഞ്ചായത്തിൽ കയറിയിറങ്ങും. അവിടെ നിന്നും ഒരു പരിഹാരവും ലഭിക്കുന്നില്ലെങ്കിൽ സ്വയം ആവുന്ന രീതിയിൽ പരിഹാരം കാണാനായിരിക്കും ശ്രമിക്കുന്നത്. വേലിയേറ്റ വെള്ളപ്പൊക്കമെന്ന ടേം പോലും പലപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല. സർക്കാറിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായാൽ മാത്രമേ കൃത്യമായ പഠനം നടത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ പഠനം നടന്നാൽ എത്ര കുടുംബങ്ങളെ ബാധിച്ചു, എത്ര സ്ഥലങ്ങളെ ബാധിച്ചു എന്നൊക്കെയുള്ള കാര്യങ്ങൾക്ക് വ്യക്തത വരും.

കായലോര കടലോര മേഖലകളിൽ വെള്ളം കയറി വരുന്ന സാഹചര്യം കാലങ്ങളായുണ്ട്. എന്നാൽ ഇന്ന് അത് വളരെ രൂക്ഷമാണ്. എറണാകുളത്ത് ഇത്തരം മേഖലകളിലുള്ള പല വീടുകളുടെയും അവസ്ഥ വളരെ മോശമാണ്. വീട് ഇടിഞ്ഞ് വീണ് ദുരന്തം സംഭവിക്കാനുള്ള സാധ്യത പോലുമുണ്ട്. അതിനെ ഗൌരവത്തോടെ കണക്കിലെടുക്കണം. വീടുകളിൽ ചെല്ലുമ്പോൾ കേൾക്കുന്ന കഥകൾ സങ്കടകരമാണ്. ഒരു വീട്ടിൽ പോയപ്പോൾ മുകളിൽ സീലിങ് അടർന്ന് ഡൈനിംഗ് ടേബിളിൽ കിടക്കുകയാണ്. ഇത് എപ്പോൾ സംഭവിച്ചുവെന്ന് ചോദിച്ചപ്പോൾ, ഭക്ഷണം കഴിക്കാനിരിക്കുന്നതിന്റെ ഇടയിലാണെന്നാണ് പറഞ്ഞത്. അതുപോലെയുള്ള അവസ്ഥയിലൂടെയാണ് അവിടുത്തെ മനുഷ്യർ ഓരോ ദിവസവും കടന്നുപോകുന്നത്. പല വീടുകളിലും കിടപ്പ് രോഗികളും ചെറിയ കുട്ടികളുമൊക്കെയുണ്ട്. അതിനാൽ അപകടസാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നത് സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടതും പിന്നാക്കവുമായ പ്രദേശത്താണെന്നതാണ് മറ്റൊരു വസ്തുത. അവരുടെ വിഷയങ്ങൾ പരിഹരിക്കപ്പെടുക തന്നെ വേണം.”
വേലിയേറ്റ വെള്ളപ്പൊക്കങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്താതെ ശാശ്വതപരിഹാരത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് പറയുകയാണ് ജയരാമൻ.
“എപ്പോഴാണ് എങ്ങനെയാണ് ഏതൊക്കെ സ്ഥലങ്ങളിലാണ് ഇത്തരം വെള്ളപ്പൊക്കങ്ങളുണ്ടാകുന്നതെന്ന് പഠിക്കാതെ നമുക്ക് ഇതിന്റെ പരിഹാരത്തെ കുറിച്ച് ഉത്തരം പറയാൻ സാധിക്കില്ല. എത്ര വീടുകളെ വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ ബാധിക്കുന്നുണ്ട്, എത്രമാത്രം ആഴത്തിൽ ബാധിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പഠനം ആവശ്യമാണ്. അങ്ങനെ ചെയ്യാതെ ബണ്ട് കെട്ടിയാലാണോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചാണോ പരിഹരിക്കാൻ കഴിയുക എന്ന് പറയാൻ സാധിക്കില്ല. കടലിലെ ജലനിരപ്പ് ഉയരുന്നതുകൊണ്ട് വെള്ളപ്പൊക്കം ഉണ്ടാകുന്നതുപോലെ തന്നെ കൃഷിയിലുണ്ടാകുന്ന മാറ്റവും ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. പൊക്കാളി കൃഷിയിലൊക്കെയുണ്ടായിട്ടുള്ള കാര്യമായ മാറ്റങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. കൂടാതെ നമ്മുടെ പല വികസന പദ്ധതികളുടെ ഭാഗമായി പുതിയ റോഡുകൾ വരുന്നതും സ്വാഭാവികമായി ഒഴുകികൊണ്ടിരിക്കുന്ന തോടുകൾ നികത്തപ്പെടുന്നതുമെല്ലാം പ്രതിസന്ധിയുടെ കാരണങ്ങളാണ്. ഇവയിൽ ഏതാണ് പ്രത്യേക പ്രദേശത്ത് വേലിയേറ്റ വെള്ളപ്പൊക്കങ്ങൾക്ക് കാരണമാകുന്നതെന്ന് പഠിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനം കാരണം കാലാവസ്ഥാ അഭയാർഥികളായി മാറിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ മനുഷ്യർ. അവർക്ക് സ്ഥലം വിട്ടുപോകേണ്ടിവരുന്ന സാഹചര്യമുണ്ട്. അത് വലിയൊരു അനിശ്ചിതത്വം തന്നെയാണ്. ആരോഗ്യപ്രശ്നങ്ങളാണ് മറ്റൊരു പ്രതിസന്ധി. പലതരത്തിലുള്ള രോഗങ്ങൾ അവർക്കുണ്ടാകുന്നുണ്ട്. കരയിലേക്ക് കയറുന്നത് ഉപ്പുവെള്ളമായതുകൊണ്ട് കെട്ടിടങ്ങൾ നശിച്ച് പോവുന്നു. ഇവിടുത്തെ മിക്കവാറും എല്ലാ വീടിന്റെയും മുന്നിലെ ഭിത്തിയിൽ ടൈലുകൾ ഒട്ടിച്ചിരിക്കുന്നത് കാണാം. സിമെന്റ് പോകുമ്പോഴുണ്ടാകുന്ന വൃത്തികേട് മറക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ, ടൈൽ ഒട്ടിക്കുമ്പോൾ വെള്ളം മേൽക്കൂരയിലേക്ക് കയറുകയും വീടിന് മൊത്തത്തിൽ തന്നെ ദോഷമാവുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. അത്തരത്തിൽ ഒരുപാട് വീടുകൾ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നമുക്ക് കാണാൻ സാധിക്കും.
വേലിയേറ്റ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നതാണ് മറ്റൊരു വസ്തുത. ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ. മഞ്ജുള ഭാരതിയുടെ നേതൃത്വത്തിൽ നടന്ന പഠനം ഈ നിഗമനത്തെ ശരിവെക്കുകയും ചെയ്യുന്നുണ്ട്. EQUINOT എന്ന പാരിസ്ഥിതിക ഗവേഷണ എൻ.ജി.ഒയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ സ്ത്രീകളെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി മാപ്പിങ് നടത്തിയാണ് വേലിയേറ്റ വെള്ളപ്പൊക്കം എങ്ങനെയാണ് സ്ത്രീകളെ ബാധിക്കുന്നതെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഈ പ്രശ്നം കാരണം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. അതുപോലെ തന്നെ കുട്ടികളും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സ്ത്രീകൾ രാവിലെ 4 മണിക്ക് എഴുന്നേറ്റ് അടുക്കളയിലുള്ള വെള്ളം കോരി കളഞ്ഞിട്ടുവേണം പാചകം തുടങ്ങാൻ. അതുകഴിഞ്ഞ് 12 മണിക്കൂർ കഴിയുമ്പോൾ വീണ്ടും വെളളം കയറുന്ന സാഹചര്യമുണ്ട്. പുരുഷന്മാർ കൂടുതലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതുകൊണ്ട് തന്നെ രാവിലെ പോയാൽ വൈകീട്ടായിരിക്കും തിരിച്ചുവരുന്നത്. അതുകൊണ്ട് ഇത്തരം ജോലികളെല്ലാം തന്നെ സ്ത്രീകൾ ഒറ്റയ്ക്കു ചെയ്യേണ്ടി വരുന്നു. വേലിയേറ്റ വെള്ളപ്പൊക്കങ്ങളുടെ സാമൂഹ്യ പ്രത്യഘാതങ്ങളിൽ ലിംഗവിവേചനവും കൃത്യമായി കാണാൻ സാധിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം നിരവധി കാലാവസ്ഥാ ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രനിരപ്പ് വർദ്ധന, സമുദ്രത്തിലെ താപനിലയിലെ വർദ്ധനവ്, പ്രാദേശിക ജലസംഭരണികളിലും സംഭരണ സംവിധാനങ്ങളിലുമുള്ള മാറ്റങ്ങൾ തുടങ്ങിയവ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വിവിധ തലങ്ങളിലും തീവ്രതയിലും ദുരന്തങ്ങൾക്ക് കാരണമായി. ഈ ദുരന്തങ്ങൾക്കിടയിൽ, തീരപ്രദേശങ്ങളിൽ വേലിയേറ്റം രൂക്ഷമാകുന്നുവെന്ന ഗുരുതരമായ പ്രതസന്ധിക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല.
വെള്ളപ്പൊക്കമെന്ന കാറ്റഗറിയുടെ കീഴിൽ തന്നെയാണ് കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വേലിയേറ്റ വെള്ളപ്പൊക്കങ്ങളെയും പരിഗണിക്കുന്നത്. അത് കൂടുതൽ പ്രതിസന്ധിയിലേക്കാണ് ഇവിടുത്തെ മനുഷ്യരെ തള്ളിയിടുന്നത്. അതായത്, വേലിയേറ്റ വെള്ളപ്പൊക്കം പ്രത്യേക വിഭാഗം ദുരന്തമായി പരിഗണിച്ചെങ്കിൽ മാത്രമെ ന്യായമായ നഷ്ടപരിഹാരം ലഭിക്കൂ എന്നാണ് സാമൂഹ്യപ്രവർത്തകരടക്കം പറയുന്നത്. ഈ പ്രശ്നത്തെ സംബന്ധിച്ച് മാർഗരേഖ തയാറാക്കണമെങ്കിലും ഈ പ്രശ്നത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.
വേലിയേറ്റ വെള്ളപ്പൊക്കങ്ങളെ ഒരു ദുരന്തമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെക്കുറിച്ചും ശ്രീജ ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചു:
“എറണാകുളം ജില്ലയുടെ തീരദേശത്ത് തന്നെ 20000ത്തോളം വീടുകളിൽ ഉപ്പുവെള്ളം കയറുന്നുണ്ട്. എല്ലാ വീട്ടിലും ഒരേ അളവിലല്ല കയറുന്നത്. ചില വീടുകളിൽ വെള്ളം അധികം കയറുകയും ചില വീടുകളിൽ കൂടുതൽ ദിവസം കയറുകയുമൊക്കെ ചെയ്യുന്നുണ്ട്. ചില വീടുകളുടെ പറമ്പിൽ മാത്രമായിരിക്കും കയറുന്നത്. പറമ്പിൽ മാത്രം കയറുന്ന വീടുകളിൽ പത്തിരുപത്തഞ്ച് കൊല്ലമായിട്ടുള്ള മാവുകളും തെങ്ങുകളും വരെ നശിച്ച് പോയിട്ടുണ്ട്. ഒരു വീട്ടിലും മുറ്റത്തും പറമ്പിലും ഒന്നും നട്ടുവെക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. വീടുകളുടെ ഉള്ളിലേക്ക് വെള്ളം കയറുകയാണെങ്കിൽ വീടിന്റെ ഭിത്തിയേയും മേൽക്കൂരയേയും വരെ ബാധിക്കും. വീടിനെ ബാധിക്കാൻ വെള്ളം വീടിന്റെ ഉള്ളിൽ തന്നെ കയറണമെന്നില്ല. സ്ഥിരമായി അടിത്തറയോട് ചേർന്ന് വെള്ളം കെട്ടിനിന്നാലും മതി. ഇവിടെ സംഭവിക്കുന്നത് വെള്ളപ്പൊക്കം തന്നെയാണെങ്കിലും ജനങ്ങളുടെ സ്വത്തിനെയും ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധികളെയും ബാധിക്കുന്നത് പലവഴികളിലൂടെയാണ്. അതുകൊണ്ട് തന്നെ അതിനനുസരിച്ച്, നഷ്ടപരിഹാരത്തിനുള്ള മാർരേഖകളും മാർഗങ്ങളും ഫോമുകളും തയാറാക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഇതുമായി ബന്ധപ്പെട്ട അധികാരി ആരാണ്, ആർക്കാണ് പരാതി നൽകേണ്ടത് പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ എന്താണ്, ഏത് തരം ഫണ്ടാണ് ഈ വിഷയത്തിലേക്ക് നീക്കിവെച്ചിട്ടുള്ളത് തുടങ്ങിയ കാര്യങ്ങൾക്കൊക്കെ വ്യക്തത ആവശ്യമാണ്. കേരളം വേലിയേറ്റ വെള്ളപ്പൊക്കങ്ങളെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല, ദേശീയതലത്തിലും ഇതിനെ ഒരു ദുരന്തമായി പരിഗണിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

കൽക്കട്ടയിലെ പ്രാദേശിക ഭരണകൂടം ദുരന്തനിവാരണ ഫണ്ടിൽ നിന്നും ക്ലെയിം എടുത്തിട്ടുണ്ട്. സുന്ദർബെൻസിൽ നിന്നും, അവിടെ കൃഷി ചെയ്യാൻ പറ്റാത്തതുമൂലം പലായനം ചെയ്യേണ്ടി വന്നിട്ടുള്ള കാലാവസ്ഥ കുടിയേറ്റക്കാരുടെ പുനരധിവാസം കാണിച്ചാണ് അത്തരത്തിൽ ഫണ്ട് വകയിരുത്തിയിരിക്കുന്നത്. സുന്ദർബെൻസിൽ കൃഷി ചെയ്യാൻ സാധിക്കാത്ത ഭൂരിഭാഗയിടത്തും അതിന്റെ കാരണം വേലിയേറ്റ വെള്ളപ്പൊക്കമാണ്. ചുഴലിക്കാറ്റും മറ്റൊരു കാരണമാണ്. എന്നാൽ പ്രധാനമായും വരുന്നത് വേലിയേറ്റ വെള്ളപ്പൊക്കമാണ്. എന്തുകൊണ്ടാണ് ഈ കാറ്റഗറിയിൽ കേരളത്തിന് ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം വകയിരുത്താൻ സാധിക്കാത്തത്? ഇവിടെ വേലിയേറ്റ വെള്ളപ്പൊക്കങ്ങൾ ചർച്ചയാകുന്നില്ല എന്നതാണ് പ്രധാന കാരണം. സുന്ദർബെൻസുമായി ബന്ധപ്പെട്ട് വരുന്ന പത്രറിപ്പോർട്ടുകളും ലേഖനങ്ങളും അവിടെ വീശുന്ന ചുഴലിക്കാറ്റിനെകുറിച്ചാണ് സംസാരിക്കുന്നത്. അത്തരമൊരു റിപ്പോർട്ടിൽ, പ്രദേശവാസിയായ പ്രായമായ ഒരാൾ പറയുന്നുണ്ട് പൗർണമിയോടടുത്ത് വരുന്ന ദിവസങ്ങൾ ഞങ്ങൾക്ക് പേടിയാണെന്ന്. പൗർണമി ദിവസങ്ങളിൽ സംഭവിക്കുന്നത് വേലിയേറ്റ വെള്ളപ്പൊക്കമാണ്. പക്ഷെ നമ്മൾ അപ്പോഴും ചുഴലിക്കാറ്റിനെ കുറിച്ചാണ് ലേഖനം എഴുതുന്നത്.”
2018-ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് കേരളത്തിൽ വേലിയേറ്റ വെള്ളപ്പൊക്ക പ്രശ്നം രൂക്ഷമായത്. നേരത്തെയുള്ള വേലിയേറ്റത്തിനേക്കാൾ കാഠിന്യമേറിയതും ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കത്തിന്റെ ക്ലസ്റ്റർ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകാരണം വീടുകളിൽ സ്ഥിരമായി ഉപ്പുവെള്ളം കയറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.

2005-ൽ കേന്ദ്രസർക്കാർ രൂപംനൽകിയ ദുരന്തനിവാരണനിയമമനുസരിച്ച് 2007-ൽ കേരളം സംസ്ഥാന ദുരന്തനിവാരണ നിയമത്തിന് രൂപം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിക്ക് രൂപം നൽകുകയും ചെയ്തു. തുടർന്ന് 2010-ലാണ് സംസ്ഥാന ദുരന്തനിവാരണ നയങ്ങൾ രൂപീകരിക്കുന്നത്. 2016-ൽ സംസ്ഥാന ദുരന്തനിവാരണ പദ്ധതിക്കും രൂപം നൽകി. ഇത്തരത്തിൽ രൂപീകരിച്ച പദ്ധതികളിലെല്ലാം തന്നെ കേരളത്തെ അധിവർഷം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി, ഉരുൾപൊട്ടൽ, പകർച്ചവ്യാധികൾ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുള്ള ഭൂപ്രദേശമായാണ് പരിഗണിക്കുന്നത്.
ഓരോ പ്രദേശങ്ങളിലെയും ദുരന്തസാധ്യത കണ്ടെത്തുക, ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുക, ദുരന്തത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങൾ ലഘുകരിക്കാനുള്ള നടപടി സ്വീകരിക്കുക, പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ദുരന്തസാധ്യതകളും പാരിസ്ഥിതികമായി വരുന്ന ആഘാതങ്ങളും വിലയിരുത്തിയതിനുശേഷം മാത്രം നടപ്പിലാക്കുക തുടങ്ങീ ദുരന്തനിവാരണത്തിലെ നിർണായകഘടകങ്ങൾക്ക് ഊന്നൽ നൽകി തന്നെയാണ് സംസ്ഥാനനയങ്ങളും രൂപരേഖകളും തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ 2018-ലെ പ്രളയം ഇത്തരം സംവിധാനങ്ങളുടെയല്ലാം പ്രവർത്തനത്തെയും കാര്യക്ഷമതയേയും ചോദ്യം ചെയ്യുന്നതായിരുന്നു. നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ വിഭാവനം ചെയ്ത രീതിയിൽ പ്രവർത്തിക്കാതിരുന്നതും ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനത്തിന് ഉണ്ടായിരുന്നില്ലെന്നും അഞ്ഞൂറോളം പേരുടെ ജീവൻ നഷ്ടപ്പെട്ടതുവഴി തെളിയിക്കപ്പെട്ടിരുന്നു. പ്രളയത്തിനുശേഷം കേരളസർക്കാരിന്റെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭയുടെ പത്ത് ഏജൻസികൾ ചേർന്ന് 120 ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങളോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും വിഷയവിദഗ്ധരോടുമൊക്കെ ആശയവിനിമയം നടത്തിയതിനുശേഷം തയ്യാറാക്കിയ Post Disaster Need Assesment Report-ൽ, സംസ്ഥാനത്ത് സമഗ്രമായ ഭൂവിനിയോഗനയവും സംയോജിത ജലപരിപാലനനയങ്ങളും പദ്ധതികളും നിലവിലുണ്ടായിരുന്നെങ്കിൽ, പ്രളയത്തിന്റെ ആഘാതം ഇത്രകണ്ട് കൂടുമായിരുന്നില്ലെന്ന് അടിവരയിട്ടുപറഞ്ഞിരുന്നു. ജലവുമായുള്ള സഹവാസം, ക്രിയാത്മകമായ രീതിയിലുള്ള പുനർനിർമാണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ദുരന്തനിവാരണം കാര്യക്ഷമവും ക്രിയാത്മകവുമാക്കുക, പ്രാദേശികജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അവരുടെ പരിജ്ഞാനവും അനുഭവസമ്പത്തും ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തുക, നയംമാറ്റങ്ങൾ നിർദേശിക്കാൻ പ്രാദേശികജനതയ്ക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. അത്തരത്തിലാണ് സംസ്ഥാന സർക്കാരിൻെറ നേതൃത്വത്തിൽ ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ 'നാം നമുക്കായി' എന്ന പദ്ധതി ആവിഷ്കരിച്ചത്. ഈ പദ്ധതിക്കുകീഴിൽ ഓരോ തദ്ദേശഭരണസ്ഥാപനവും തങ്ങളുടെ പ്രദേശത്ത് ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾ കണ്ടെത്തുകയും വിദഗ്ധരുടെ സഹായത്തോടെ സ്വന്തമായ ദുരന്തനിവാരണ പ്ലാനുകൾ ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ട പരിശീലനം കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നൽകണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ പ്ലാനുകൾ ക്രോഡീകരിക്കണം. ഇത് സംസ്ഥാന ആസൂത്രണ ബോർഡും തദ്ദേശഭരണവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകണം. എന്നാൽ ഇവ കൃത്യമായി നടപ്പിലാക്കപ്പെട്ടിരുന്നില്ല. വേലിയേറ്റ വെള്ളപ്പൊക്കങ്ങളുടെ കാര്യത്തിലും കൃത്യമായ പഠനം നടത്തി മുൻകരുതലെടുക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വർഷങ്ങളായി വേലിയേറ്റ വെള്ളപ്പൊക്കങ്ങൾക്ക് ഇരയായി ജീവിക്കേണ്ടി വരുന്ന ഇവിടുത്തെ മനുഷ്യരുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കപ്പെടണം. ദുരന്തബാധിതരെ സർക്കാർ രേഖകളിൽ ഉൾപ്പെടുത്താനും നഷ്ടപരിഹാരം നൽകുവാനുമുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. അതിന് കൃത്യമായ പഠനം ആവശ്യമാണ്.