എതിരൻ കതിരവൻ

കുടിയേറ്റം,
വംശീയതയെ മായ്ച്ചുകളയുന്ന
ജീൻ പ്രവാഹം

വേറൊരു രാജ്യത്തെ സ്വന്തം സ്പീഷീസ് ഈ രാജ്യത്ത് വന്നുകയറരുത് എന്നൊക്കെയുള്ള നിയമങ്ങളാൽ ഒറ്റപ്പെട്ടുപോകുന്ന രീതിയിലേക്ക് ഇന്ന് പല രാജ്യങ്ങളും സംക്രമിക്കുകയാണ്. ദേശാടനങ്ങളാലും കുടിയേറ്റങ്ങളാലും ഉരുവപ്പെട്ടു വന്ന സങ്കീർണ്ണമായ മസ്തിഷ്ക്കവും ശരീരവുമാണ് ഈ സ്പീഷീസിനുള്ളത്. അതിനെ നിരാകരിക്കുന്നത് പരിണാമത്തിൻ്റെ സത്യത്തോടും നീതിയോടും ചേർന്നതല്ല. അതുകൊണ്ട് ജൈവികമായ ദേശാടനങ്ങളും കുടിയേറ്റങ്ങളും തടുക്കാനാവില്ല തന്നെ- കുടിയേറ്റത്തിന്റെ ശാസ്ത്രത്തെക്കുറിച്ചാണ് എതിരൻ കതിരവൻ എഴുതുന്നത്.


രിടത്തും ഇരിപ്പുറപ്പിക്കാത്തവരാണ് ജീവികൾ. സസ്യങ്ങൾക്കും ഈ സ്വഭാവമുണ്ട്. പറ്റുമെങ്കിൽ അക്കരപ്പച്ച എന്ന് തോന്നണം, അടുത്ത കരയിൽ ചെല്ലണം, അവിടെ ജീവിതം തുടരണം. ഓരോ ദേശത്തും എത്തി അവിടത്തെ ആവാസവ്യവസ്ഥയനുസരിച്ച് അതിനോട് താദാത്മ്യം പ്രാപിക്കണം, പരിണമിക്കണം, പുതിയ സ്പീഷീസിനു ബീജാവാപം ചെയ്യണം. ജൈവലോകത്തിൻ്റെ ഈ ശീലം സഭാവന ചെയ്ത പരിണതിയാണ് ഇന്ന് ലോകത്ത് വൈവിദ്ധ്യമണയ്ക്കുന്ന ജീവികളെല്ലാം. പുതിയ മേച്ചിൽപ്പുറങ്ങൾ തേടാത്തവരില്ല എന്നത് പരിണാമത്തിൻ്റെ ഒരു രീതിയുമാണ്. എത്തുന്ന ഇടങ്ങളിൽ സ്വയം മാറ്റം വരുത്തിയും ചുറ്റുപാടുകളെ സ്വാധീനിച്ചും എക്കോളജി നവീകരിക്കപ്പെടുന്നതാണ് സാധാരണം.

കൂമങ്കൊല്ലിയിൽ രവി ബസ്സിറങ്ങി, ഖസാക്ക് മാറപ്പെടുന്നു, രവിയും. ശ്രീരാമൻ്റെ അയനങ്ങൾ കഥയായി ഇതിഹാസമായി രാമായണങ്ങൾ ഉണ്ടായി. ചവുട്ടിനിൽക്കുന്ന മണ്ണും ഭൂഭാഗങ്ങളും അപ്പാടെ ഇളകിമാറിയാലും പരിണമിച്ചുവന്ന ഇടത്ത് അതിജീവിക്കാൻ പോന്നതാണ് ശക്തി.

കട്ടപ്പനയിൽനിന്ന് കണ്ടെടുത്ത പുതിയ സ്പീഷീസ് തവളകൾ, നീലനിറവും കൂർത്തമുഖവും ഉള്ള നാസികാബ്രാക്കസ്, മഡഗാസ്കർ ദ്വീപിലുമുണ്ട്. ഭൂഖണ്ഡങ്ങൾ നിരന്നുനീങ്ങി (Plate tectonics) ആഫ്രിക്കയിൽനിന്ന് വേർപെട്ട് ഇന്ത്യ ഉപഭൂഖണ്ഡമുണ്ടായപ്പോൾ, ഒന്നായിരുന്ന മഡ്ഗാസ്കറും കേരളവും വേർപെട്ടതാണ്. ഈ തവളകൾ ഈ ഭൂനീക്കത്തെ അതിജീവിച്ചവരാണ്.

ആവാസവ്യവസ്ഥകൾക്ക് കൃത്രിമമായ അതിരുകൾ സൃഷ്ടിച്ചിട്ടുള്ള ഒരേയൊരു ഒരു സ്പീഷീസ് ആണ് മനുഷ്യർ.

ദേശാടനക്കിളികൾ കരയാറില്ലാത്തത് അവർക്ക് അതിനുള്ള സാവകാശം കിട്ടായ്ക കൊണ്ടാണ്, അതിശീഘ്റം തന്നെ, എത്തുന്ന ദേശത്തോട് പൊരുത്തപ്പെടേണ്ടിയിരിക്കുന്നു അവർക്ക്. അതിജീവനത്തിനുള്ള കോപ്പുകളുമായാണ് പരിണാമം ജൈവത്തുടിപ്പുകളെ സൃഷ്ടിയ്ക്കുന്നത്. അവ പരിതസ്ഥിതിയ്ക്കനുസരിച്ച് മാറിമറിയാൻ പോന്നതായതുകൊണ്ട് ദേശാടനങ്ങൾ ജീവൻ്റെ സ്ഥിരം സ്വഭാവവുമായിരിക്കുന്നു.

ദേശാടനങ്ങൾ ലോഭമന്യേ വൈവിദ്ധ്യമണച്ച, പല സ്പീഷീസ് എന്ന് തോന്നിക്കപ്പെടുന്ന, ഒരേയൊരു സ്പീഷീസാണ് മനുഷ്യൻ. ആഫ്രിക്കയുടെ വടക്കുകിഴക്കൻ ഭാഗത്ത് പരിണമിച്ച ഹോമോ സാപിയൻസ് 10,000 വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ് ഊരുതെണ്ടൽ. യൂറോപ്പിൻ്റെ പലഭാഗത്തും എത്തിയപ്പോൾ അവർ കണ്ടത് അതിനും മുൻപ് ഒരേ പൂർവ്വികരുടെ സന്താനങ്ങളായ നിയാൻഡെർത്താലുകൾ അവിടെ പരിണമിച്ച് വന്നിട്ടുണ്ടെന്നാണ്. പൊതുപൂർവ്വികരായ ഹോമോ എറക്റ്റസ് (Homo erctus) വർഷങ്ങൾക്കുമുൻപ് യൂറോപ്പിലെത്തിയിരുന്നു. അവരുടെ പരിണാമ സന്തതിയാണ് നിയാൻഡർത്താൽ എന്ന മറ്റൊരു സ്പീഷീസ്, പക്ഷേ നമ്മുടെ കസിൻസ്.

ചിത്രം 1 ഒരേ സ്പീഷീസ്, പല മുഖങ്ങള്‍
ചിത്രം 1 ഒരേ സ്പീഷീസ്, പല മുഖങ്ങള്‍

കാലാവസ്ഥാവ്യതിയാനങ്ങളും മെച്ചപ്പെട്ട വിഭവങ്ങൾ തേടാനുള്ള വ്യഗ്രതയും ഈ ദേശാടനങ്ങൾക്ക് കാരണമായിട്ടുണ്ട്. അഭിവൃദ്ധാനുസാരിയായ മസ്തിഷ്ക്ക പരിണാമങ്ങൾ ഹോമോ സാപിയൻസിന് വടക്കും തെക്കും അമേരിക്കകളിലേക്കും വ്യാപരിക്കുവാൻ ഔൽസുക്യമേറ്റി. അങ്ങനെ ലോകം മുഴുവൻ വ്യാപരിച്ച സ്പീഷീസ് എന്ന ഖ്യാതി മനുഷ്യൻ നേടി. അവരുടെ ജനിതകത്തിൽ അത്രമാത്രം വൈവിദ്ധ്യങ്ങളും വന്നണഞ്ഞു. അതിസങ്കീർണ്ണവും ചിന്താശേഷിയുള്ളതും ആവിഷ്ക്കാരപടുത്വവുമേറുന്ന തലച്ചോർ അവർക്ക് ദേശാടനം എളുപ്പമാക്കിത്തീർത്തു. ചില മണിക്കൂറുകൾക്കകം ഭൂഗോളത്തിൻ്റെ ഒരു ഭാഗത്തു നിന്ന് മറുഭാഗത്ത് എത്തപ്പെടാനുള്ള വിദ്യകൾ സംജാതമാക്കി. അതിജീവനത്തിന് വിഭവങ്ങൾ തേടിയുള്ള യാത്ര മറ്റ് ജീവികൾക്ക് അസാദ്ധ്യമെന്ന വിധം അതിവേഗതയുള്ളതും സുഗമവും ആയിത്തീർന്നു.

ഒരേ സ്പീഷീസ് തന്നെ പല മുഖങ്ങളിലും ആകൃതിയിലും പ്രത്യക്ഷപ്പെടുക എന്ന അപൂർവ്വവിശേഷം ദേശാടനങ്ങൾ മനുഷ്യനു സമ്മാനിച്ച സവിശേഷതയാണ്.

ഒരേ സ്പീഷീസ്,
പല മുഖങ്ങൾ

മറ്റ് ജീവികളെ അപേക്ഷിച്ച് പരിണാമം ദ്രുതഗതിയിലാക്കപ്പെട്ടതാണ് മനുഷ്യരിൽ. പരിസ്ഥിതിയോട് ഇത്രമാത്രം ഇണങ്ങുന്നതായി സ്വരൂപിക്കപ്പെട്ട വേറേ ജീവികൾ വിരളം തന്നെ. ഒരേ സ്പീഷീസ് തന്നെ പല മുഖങ്ങളിലും ആകൃതിയിലും പ്രത്യക്ഷപ്പെടുക എന്ന അപൂർവ്വവിശേഷം ദേശാടനങ്ങൾ മനുഷ്യനു സമ്മാനിച്ച സവിശേഷതയാണ്. പ്രകൃതിയോട് ഇണങ്ങാനുള്ള എളുപ്പത്തിൻ്റെ ബാക്കിപത്രമാണ്.

തൊലിയുടെ നിറങ്ങളിൽ ഇത്രമാത്രം വൈവിദ്ധ്യം മറ്റൊരു ജന്തുവിനുമില്ല. മുഖത്തിൻ്റെ ആകൃതിയിലും വലിപ്പത്തിലും സൂക്ഷ്മരൂപങ്ങളിലും ശരീരവടിവിലും പല ഇനങ്ങളുള്ള ജീവിയായി മാറപ്പെട്ടവരാണ് നമ്മൾ. (ചിത്രം 1, 2). ആഫ്രിക്കയിൽ നിന്ന് പുറത്തു കടന്നപ്പൊഴേ സംഭവിച്ചു തുടങ്ങിയതാണ്, കാലാവസ്ഥയോ ഭൂപ്രകൃതിയോ തദനുസാരിയായ ഈ രൂപമാറ്റം. യൂറോപ്പിൻ്റെ പല ഭാഗങ്ങളിലും എത്തപ്പെട്ടപ്പോൾ അവിടെ നേരത്തെ പരിണമിച്ചു വന്നിരുന്ന നിയാൻഡെർതാൽ എന്ന സ്പീഷീസ് മനുഷ്യരുമായി വേഴ്ച്ചയിൽ ഏർപ്പെട്ട് അവരുടെ ജനിതകങ്ങൾ സ്വാംശീകരിച്ചു. കഠിനവെയിൽ ഇല്ലാത്ത കാലാവസ്ഥയിൽ ത്വക്കിൽ മെലനിൻ എന്ന കറുപ്പ് വർണ്ണവസ്തു താരതമ്യേന കുറവുമതി എന്നതിനാൽ വെളുത്ത മനുഷ്യർ യൂറോപ്പിൽ പ്രത്യക്ഷപ്പെട്ടു. ത്വക്കിൽ വെയിലടിക്കുന്നത് വൈറ്റമിൻ ഡി നിർമ്മിക്കാൻ അത്യാവശ്യമാണ്. പരിണാമത്തിൻ്റെ വിദ്യകൾ പെട്ടെന്നാണ് അധികമുള്ള മെലനിൻ നീക്കിക്കളഞ്ഞത്. ഇങ്ങനെ പല ഭൂപ്രകൃതിപ്രദേശേങ്ങളിൽ എത്തപ്പെട്ടവർ അതനുസരിച്ച് രൂപമാറ്റത്തിനു വശംവദരായി..

ചിത്രം 2 ആവാസവ്യവസ്ഥ പരിണമിപ്പിച്ച മുഖങ്ങള്‍
ചിത്രം 2 ആവാസവ്യവസ്ഥ പരിണമിപ്പിച്ച മുഖങ്ങള്‍

നിയാൻഡെർതാൽ മനുഷ്യരുമായി വേഴ്ച്ചയ്ക്ക് പോയതിനു ചില ശിക്ഷകളും നമുക്ക് കിട്ടിയിട്ടുണ്ട്. പലേ അസുഖങ്ങൾ പിടിപെട്ടു. പ്രതിരോധശക്തി തുലോം കുറവ്. മുറിവ് വന്നാൽ പെട്ടെന്ന് കരിയാറില്ല. കുഞ്ഞുങ്ങൾ ഒരുപാട് മരിച്ചുപോയിരുന്ന സമൂഹം. 40 വയസ്സ് തികയ്ക്കാറില്ലായിരുന്നു പാവം നിയാൻഡെർതാൽമാർ. സ്വൽപ്പം തൊലിവെളുപ്പുള്ള നിയാൻഡെർതാലിൽ ആകൃഷ്ടരായിപ്പോയോ, ആഫ്രിക്കയിൽ നിന്നുവന്ന ആധുനികൻ? ചില ജീനുകൾ, പ്രത്യേകിച്ച് വൈറസുകൾക്ക് വശംവദരാക്കുന്ന ആറു ജീനുകൾ, അവരിൽ ഉണ്ടായിരുന്നത് നമ്മുടെ ക്രോമസോം 3-ൽ കയറിപ്പറ്റിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് ബാധ തീവ്രതരമായവരുടേയും പെട്ടെന്ന് മരിച്ചവരുടേയും ഡി എൻ എ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കപ്പെട്ടു. വൈറസ് ഗുരുതരമായ പ്രത്യഘാതങ്ങൾ ഉളവാക്കിയവർ മിക്കവരിലും ഈ പ്രത്യേക ജീൻകൂട്ടങ്ങൾ കാണപ്പെട്ടിരുന്നു. സൗത്ത് ഏഷ്യയിൽ 50% പേരും യൂറോപ്പിൽ 16% പേരും ഈ ദൂഷ്യജീനുകൾ പേറുന്നവരാണ്. ബംഗ്ലാദേശികളിൽ നിയാൻഡെർതാൽ ഡി എൻ എയുടെ അംശം കൂടുതലാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു, കോവിഡ് ബാധയെ തീവ്രതരമാക്കുന്ന ഈ ജീൻ സംഘം അവരിൽ കൂടുതലായി കാണപ്പെടുന്നു.

ദേശാടനങ്ങളാലും കുടിയേറ്റങ്ങളാലും ഉരുവപ്പെട്ടു വന്ന സങ്കീർണ്ണമായ മസ്തിഷ്ക്കവും ശരീരവുമാണ് ഈ സ്പീഷീസിനുള്ളത്. അതിനെ നിരാകരിക്കുന്നത് പരിണാമത്തിൻ്റെ സത്യത്തോടും നീതിയോടും ചേർന്നതല്ലാത്തതിനാൽ അധികം നിലനില്പ് ഇല്ലാതാകാനാണു സാദ്ധ്യതക്കൂടുതൽ.

മറ്റൊരു സമാന സ്പീഷീസ് ആയ ‘ഡെനിസോവൻ’ എന്നവരുമായിട്ടും സംസർഗ്ഗമുണ്ടായിട്ടുണ്ട്. ടിബറ്റിലും സൈബീരിയയിലും പരിണമിച്ചുണ്ടായവരാണിവർ. ഡെനിസോവനിൽ നിന്ന് ചില നല്ല ജീനുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ആധുനിക ടിബറ്റൻ സമൂഹത്തിന് സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന, ഓക്സിജൻ അളവ് കുറഞ്ഞ അന്തരീക്ഷമുള്ള പർവ്വതപ്രേദേശങ്ങളിൽ ശ്വാസം മുട്ടലില്ലാതെ അതിജീവിക്കാൻ സഹായിക്കുന്ന ജീനുകൾ ഡെനിസോവനുകളിൽ നിന്ന് കിട്ടിയതാണ്. പല ജീനുകൾ ഉണർത്തിയെടുത്ത് ഹീമോഗ്ളോബിനിൽ ഓക്സിജൻ നിറയ്ക്കൽ സാധിച്ചെടുത്തു. അതുകൊണ്ട് Chronic mountain sickness കുറവാണ് ടിബറ്റിലും മറ്റും ഉള്ളവർക്ക്. പ്രത്യേക മണങ്ങൾ തിരിച്ചറിയാനും ഡെനിസോവൻ ജീനുകൾ മനുഷ്യരെ സഹായിക്കുന്നു. ബംഗ്ലാദേശിലുള്ളവർക്കാണ് ഡെനിസോവൻ ജീനുകൾ കൂടുതലായി കാണപ്പെടുന്നത്.

ആഫ്രിക്കൻ വംശജരിലുള്ള അരിവാൾ രോഗം, അവർ 60,000 വർഷം മുൻപ് കൊണ്ടുവന്നത് നമ്മുടെ ഗിരിവർഗ്ഗക്കാരിലുണ്ട്. ഇന്ന് അത് പൊതു സമൂഹത്തിൽ പരക്കുന്നു. ഒരു ജനത എങ്ങനെ പരിണമിക്കുന്നു എന്നതിൻ്റെ ഉദാഹരണം തന്നെ ഇത്. പാൽ ദഹിക്കുന്ന ജീനുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത് യൂറോപ്പിലാണ്, ചൈനയിലെ ചില പ്രദേശങ്ങളിലും. 8000 വർഷങ്ങൾക്ക് മുൻപ് സ്വായത്തമാക്കിയ ഈ ജനിതകമാറ്റം ഇന്ന് ലോകം പരക്കെ പടർന്നിട്ടുണ്ട്. തനതു മനുഷ്യർ പാൽ ദഹിക്കാത്തവരാണ്.

ദേശാടനങ്ങളുടെ ചരിത്രം കുടലിലെ ബാക്റ്റീരിയ രേഖപ്പെടുത്തുന്നുണ്ട്. ‘ഹീലിയോബാക്റ്റർ പൈലോറി’ (Heliobacter pylori) എന്ന ബാക്റ്റീരിയ ആഫ്രിക്കയിൽ നിന്ന് 60,000 വർഷങ്ങൾക്ക് മുൻപ് പുറത്തുകടന്ന മനുഷ്യരിലുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ബാക്റ്റീരിയയുടെ ഒരു വകഭേദം പിന്നീടൂള്ള സമൂഹങ്ങളിൽ കണ്ടു എന്നത് മറ്റൊരു ദേശാടന വേലിയേറ്റം നടന്നു എന്നതിൻ്റെ തെളിവാണ്. ഓരോ ദേശാടനങ്ങളും കുടിയേറ്റങ്ങളും പുതിയ ജീനുകളുടെ കോപ്പി തനതു സമൂഹത്തിനു സമ്മാനിക്കുകയാണ്. മേൽപ്പറഞ്ഞ, പാൽ ദഹിക്കാൻ സഹായിക്കുന്ന ജീൻ ഇങ്ങനെയാണ് ലോകവ്യാപകമായത്. കൂടാതെ ഒരു പ്രത്യേക ജീനിൻ്റെ കോപ്പികൾ (‘അല്ലീൽ’ allele എന്ന് ഇവയ്ക്ക് പേര്) ഒരു സമൂഹത്തിൽ കൂട്ടുവാനോ കുറയ്ക്കുവാനോ കുടിയേറ്റങ്ങൾക്ക് സാധിക്കും. നമ്മൾ നമ്മുടെ ജീനുകളുമായാണ് ദേശാടനം ചെയ്യുന്നത്. പൂമ്പാറ്റകൾ പൂമ്പൊടി വിതറുന്നതുപോലെ അവ പുതുസമൂഹത്തിൽ വിതറപ്പെടുകയാണ്. ‘ജീൻ പ്രവാഹം’ (gene flow) സംഭവിക്കുകയാണ് ദേശാടനങ്ങളും കുടിയേറ്റങ്ങളും വഴി. Gene migration എന്നും വിളിയ്ക്കാം ഈ പ്രതിഭാസത്തെ. കൂടുതൽ ആൾക്കാർ ഒരു സമൂഹത്തിൽ പുതുതായി എത്തപ്പെടുമ്പോൾ അവരാൽ സംക്രമിക്കപ്പെടുന്ന ജീനുകളുടെ ഫ്രീക്വെൻസിയും കൂടുതലാകുകയാണ് ആ സമൂഹത്തിൽ. ജനിതകമായ വ്യത്യാസങ്ങൾ അസ്തമിക്കാൻ സാദ്ധ്യതകൾ തെളിയുന്നു ഇപ്രകാരം.

ദേശാടനങ്ങളുടെ ചരിത്രം കുടലിലെ ബാക്റ്റീരിയ രേഖപ്പെടുത്തുന്നുണ്ട്. ‘ഹീലിയോബാക്റ്റർ പൈലോറി’ (Heliobacter pylori) എന്ന ബാക്റ്റീരിയ ആഫ്രിക്കയിൽ നിന്ന് 60,000 വർഷങ്ങൾക്ക് മുൻപ് പുറത്തുകടന്ന മനുഷ്യരിലുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
ദേശാടനങ്ങളുടെ ചരിത്രം കുടലിലെ ബാക്റ്റീരിയ രേഖപ്പെടുത്തുന്നുണ്ട്. ‘ഹീലിയോബാക്റ്റർ പൈലോറി’ (Heliobacter pylori) എന്ന ബാക്റ്റീരിയ ആഫ്രിക്കയിൽ നിന്ന് 60,000 വർഷങ്ങൾക്ക് മുൻപ് പുറത്തുകടന്ന മനുഷ്യരിലുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.

കൗതുകപരമായ ചില പരിണതികൾ ഈ പ്രതിഭാസം മൂലം ഉളവാകുന്നുണ്ട്. ഏറ്റവും കൂടുതൽ ദേശാടനക്കാർ കുടിയേറുന്ന വൻ നഗരങ്ങളിൽ ഒന്നാണ് ന്യൂയോർക്ക്. ദിവസവും ലോകത്തെ മറ്റിടങ്ങളിൽ നിന്ന് അവിടത്തെ വിമാനത്താവളത്തിൽ ആയിരക്കണക്കിനു മനുഷ്യർ വന്നണയുകയാണ്, പ്രത്യേക ജീനുകളും പേറി. ഇടതിങ്ങിപ്പാർപ്പുള്ള നഗരം, സംസർഗ്ഗങ്ങൾ അധികതരമാകുന്നു, ഇണചേരലും. പല വംശങ്ങൾ, പല ജീനുകൾ ഇടകലരുന്നു, പുതിയ സങ്കരങ്ങൾ ഉയിർക്കൊള്ളുന്നു. ചില കുട്ടികളിൽ മേൽത്താടിയിലെ പല്ലുകളും കീഴ്ത്താടി നിര പല്ലുകളും ശരിക്ക് യോജിക്കാതെ കൃത്യമായി കടിക്കാനാവാത്ത അവസ്ഥ കാണപ്പെടുന്നു. കോക്കേഷ്യൻസിൻ്റേയും ചില ഏഷ്യക്കാരുടെയും, പ്രത്യേകിച്ച് ജപ്പാൻകാരുടെ, രണ്ട് വ്യത്യസ്ത രൂപഘടനയുള്ള മേൽത്താടിയും കീഴ്ത്താടിയും ലഭിച്ച കുട്ടികളാണിവർ. ഡെൻ്റിസ്റ്റിൻ്റെ സഹായം അത്യാവശ്യമായി വരികയാണ് ഈ സാഹചര്യത്തിൽ. ‘ജനിതക മൊസൈക്കുകൾ (genetic mosaics) എന്ന് ഇവർ അറിയപ്പെടുന്നു.

ഒട്ടും ജൈവികമല്ലാത്ത സങ്കൽപ്പമാണ് രാജ്യം എന്നുള്ളത്. വേറൊരു രാജ്യത്തെ, പക്ഷേ സ്വന്തം സ്പീഷീസ്, ഈ രാജ്യത്ത് വന്നുകയറരുത് എന്നൊക്കെയുള്ള നിയമങ്ങളാൽ ഒറ്റപ്പെട്ടുപോകുന്ന രീതിയിലേക്ക് ഇന്ന് പല രാജ്യങ്ങളും സംക്രമിക്കുകയാണ്.

അസുഖങ്ങൾ വരാനുള്ള സാദ്ധ്യതകളെക്കുറിച്ച് പഠിയ്ക്കുമ്പോൾ സാധാരണ ലഭ്യമായ വിവരങ്ങൾ പോരാതെ വരികയാണ് ഇവരുടെ കാര്യത്തിൽ. എന്നാൽ പ്രതിരോധശക്തി കൂടുതൽ ബലവത്തായതാകാനും സാദ്ധ്യതയുണ്ട് ഇവർക്ക്. ചില ജനിതകരോഗങ്ങൾ വരാനുള്ള സാദ്ധ്യത കുറയാനും ഇട വന്നേയ്ക്കാം. ഇത്തരം പഠനങ്ങൾക്ക് ഏറ്റവും ഉചിതസ്ഥലം ന്യൂയോർക്ക് നഗരം തന്നെ എന്ന് പൊതു അഭിപ്രായം. ചാൾസ് ഡാർവിൻ്റെ ആത്മാവ് ഈ പുതിയ പരിണാമ പരിണതി നോക്കിക്കാണാൻ ന്യൂയോർക്കിൽ അലഞ്ഞുനടക്കുന്നു എന്ന തമാശയിൽ കാര്യം ഇല്ലാതില്ല.

 ദിവസവും ലോകത്തെ മറ്റിടങ്ങളിൽ നിന്ന് അവിടത്തെ വിമാനത്താവളത്തിൽ ആയിരക്കണക്കിനു മനുഷ്യർ വന്നണയുകയാണ്, പ്രത്യേക ജീനുകളും പേറി.
ദിവസവും ലോകത്തെ മറ്റിടങ്ങളിൽ നിന്ന് അവിടത്തെ വിമാനത്താവളത്തിൽ ആയിരക്കണക്കിനു മനുഷ്യർ വന്നണയുകയാണ്, പ്രത്യേക ജീനുകളും പേറി.

എന്നാൽ ഇത്തരം ദേശാടനശേഷിപ്പായ സംസർഗ്ഗങ്ങൾ വംശീയ കയ്യൊപ്പുകൾ ഇല്ലാതാക്കുന്നു എന്ന സത്യം പരിഗണിക്കപ്പെടേണ്ടതു തന്നെ. ഒരു പ്രത്യേക സമൂഹത്തിൽ / ഇടത്തിൽ മാത്രം കാണപ്പെടുന്ന ജീനുകൾ, സ്വഭാവവിശേഷങ്ങൾ പലടത്തും പരക്കുന്നു ഈ പ്രതിഭാസം മൂലം സമൂഹങ്ങൾക്ക് ഏകശിലാരൂപം കൈവരുന്നു. വംശീയത എന്നത് മാഞ്ഞുപോകുന്നു.

ജൈവികമായ ദേശാടനങ്ങൾ,
ജൈവികമല്ലാത്ത രാഷ്ട്രതന്ത്രങ്ങൾ

ആവാസവ്യവസ്ഥകൾക്ക് കൃത്രിമമായ അതിരുകൾ സൃഷ്ടിച്ചിട്ടുള്ള ഒരേയൊരു ഒരു സ്പീഷീസ് ആണ് മനുഷ്യർ. പല ജന്തുക്കൾക്കും സ്വന്തം സ്പീഷിസിനെ ഉൾക്കൊണ്ടുള്ള സമൂഹങ്ങളും നിശ്ചിത അതിർത്തികളും ഉണ്ട്. എന്നാൽ മനുഷ്യർ വിഭവങ്ങളുടെ സമാഹരണത്തിൽ മത്സരബുദ്ധിയുള്ള ഗോത്രങ്ങൾ സൃഷ്ടിക്കുന്നവരാണ്. സമാനവിഭവങ്ങൾ ആവശ്യമായി വരുന്ന ഒരു സ്പീഷീസ്. മത്സരവും അസൂയയും നിലനിർത്തുന്നത് ബുദ്ധിശൂന്യതയാണ്. അതിവേഗതയോടെയും തീവ്രതയോടെയും ആശയവിനിമയത്തിനുള്ള ഭാഷ കണ്ടുപിടിച്ച മനുഷ്യന് വിഭവങ്ങളുടെ വിതരണം വാസ്തവത്തിൽ എളുപ്പമാണ്, മനുഷ്യർ തന്നെ ആവിഷ്ക്കരിച്ച സാങ്കേതികത വിഭവസമാഹരണത്തിനും വിതരണത്തിനും അത്യുചിതമാണുതാനും. കൃത്രിമാതിർത്തികൾ സൃഷ്ടിച്ച് ‘രാജ്യം’ എന്ന സങ്കൽപ്പത്തിൽ കടിച്ചുതൂങ്ങി പരിണാമത്തിൻ്റെ വഴികളിൽ തടസ്സം സൃഷ്ടിക്കുകയോ വെല്ലുവിളിയ്ക്കുകയോ മനുഷ്യൻ്റെ രീതിയാണ്. ഒട്ടും ജൈവികമല്ലാത്ത സങ്കൽപ്പമാണ് രാജ്യം എന്നുള്ളത്. വേറൊരു രാജ്യത്തെ, പക്ഷേ സ്വന്തം സ്പീഷീസ്, ഈ രാജ്യത്ത് വന്നുകയറരുത് എന്നൊക്കെയുള്ള നിയമങ്ങളാൽ ഒറ്റപ്പെട്ടുപോകുന്ന രീതിയിലേക്ക് ഇന്ന് പല രാജ്യങ്ങളും സംക്രമിക്കുകയാണ്. ദേശാടനങ്ങളാലും കുടിയേറ്റങ്ങളാലും ഉരുവപ്പെട്ടു വന്ന സങ്കീർണ്ണമായ മസ്തിഷ്ക്കവും ശരീരവുമാണ് ഈ സ്പീഷീസിനുള്ളത്. അതിനെ നിരാകരിക്കുന്നത് പരിണാമത്തിൻ്റെ സത്യത്തോടും നീതിയോടും ചേർന്നതല്ലാത്തതിനാൽ അധികം നിലനില്പ് ഇല്ലാതാകാനാണു സാദ്ധ്യതക്കൂടുതൽ. രാഷ്ട്രതന്ത്രങ്ങളുടെ കൊട്ടിയടച്ച കൊട്ടാരവാതിലുകൾ തുറക്കപ്പെടും, ജൈവികമായ ദേശാടനങ്ങളും കുടിയേറ്റങ്ങളും തടുക്കാനാവാതെ താൽക്കാലിക കുതന്ത്രങ്ങളുടെ കാവൽഭടന്മാർ ഓടിയൊളിക്കും. ചരിത്രം സൂചിപ്പിക്കുന്നത് രാജ്യതന്ത്രങ്ങൾക്ക് സ്ഥിരതയില്ലെന്നും ഓരോ കാലഘട്ടങ്ങളിലും അതിൻ്റെ അടിസ്ഥാനവ്യവസ്ഥകൾ തകിടം മറിഞ്ഞിട്ടുമുണ്ട് എന്നാണ്.

‘ഞാൻ ഞാൻ എന്നഹങ്കരിച്ചിരുന്ന രാജാക്കന്മാരെവിടെ’ എന്ന ചോദ്യം ബൈബിൾപ്രോക്തം മാത്രമല്ല, പരിണാമശക്തി എറിയുന്ന ചോദ്യവുമാണ്.


Summary: Seeking new places is a common tendency of humans and other species in the planet. Ethiran Kathiravan elaborates about the science of migration.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments