/Representative image

‘അവർ പ്രകോപിതരാവാം, ആക്രമിക്കാം’; ലഹരിക്കേസുകളിലെ പൊലീസ് വെല്ലുവിളികൾ

ആദ്യമായി ലഹരി ഉപയോഗിച്ച കൗമാരക്കാരും വർഷങ്ങളായി ഒപ്പിയോയിഡ് ഉപയോഗിച്ച ഒരാളും ഒരേ രീതിയിൽ പെരുമാറണമെന്നില്ല. മാനസികാരോഗ്യപ്രശ്നമുള്ള വ്യക്തിയും ലഹരിയുടെ സ്വാധീനത്തിലുള്ള മറ്റൊരാളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും എളുപ്പമല്ല. അതുകൊണ്ട് ലഹരി ഉപയോഗിക്കുന്നവരെല്ലാം അക്രമകാരികളാണെന്ന ധാരണയും തെറ്റാണ്. - ലഹരിക്കേസിൽ ഉൾപ്പെടുന്ന വ്യക്തികളുമായി ഇടപെടുമ്പോൾ പൊലീസ് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് പുണ്യ കൃഷ്ണ എഴുതുന്നു.

ലഹരി കേസിൽ ഒരു പ്രതിയെ പിടികൂടുക എന്നത് എല്ലായ്പ്പോഴും ഒരു ലളിതമായ പൊലീസ് നടപടിയല്ല. പ്രത്യേകിച്ച് ലഹരി ഉപയോഗിക്കുന്ന ഒരാളെ നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ. ആ വ്യക്തിയുടെ ശരീരഭാഷ എങ്ങനെയായിരിക്കും, അടുത്ത നിമിഷം എന്ത് ചെയ്യും, ആക്രമിക്കുമോ, ഓടിപ്പോകുമോ, സ്വയം പരിക്കേൽപ്പിക്കുമോ ഇതൊന്നും മുൻകൂട്ടി കണക്കാക്കാനാവില്ല. പൊലീസിനും എക്സൈസിനും ലഹരിവിരുദ്ധ നടപടികളിൽ നേരിടേണ്ടിവരുന്ന ഏറ്റവും സങ്കീർണമായ സാഹചര്യങ്ങളിലൊന്നാണിത്. ഒരാള്‍ ലഹരി ഉപയോഗിച്ച് നിയന്ത്രണം വിടുന്ന സാഹചര്യത്തിലെത്തിയെന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് അയാളെ നിയന്ത്രിക്കുക എന്നതാണ്. പക്ഷേ നിയന്ത്രിക്കുക എന്നത് ശാരീരികമായി ഉപദ്രവിച്ച് കൊണ്ടല്ല. ആർക്കും പരിക്കേൽക്കാതെ സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കണം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന ഉദ്യോഗസ്ഥർ പറയുന്ന അനുഭവങ്ങളിൽ ഈ വ്യത്യാസം നിർണായകമാണ്. സാധാരണ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അയാളുടെ പെരുമാറ്റം ഒരു പരിധിവരെ പ്രവചിക്കാനാകും. എന്നാൽ, മയക്കുമരുന്നിന്റെ സ്വാധീനത്തിലുള്ള ഒരാളുടെ പെരുമാറ്റം അങ്ങനെയാകണമെന്നില്ല. ചിലർ അമിതമായി സംസാരിക്കും. ചിലർ ഒന്നും കേൾക്കാത്ത അവസ്ഥയിലാകും. ചിലർ പെട്ടെന്ന് പ്രകോപിതരാകും. മറ്റുചിലർ ഓടിപ്പോകാൻ ശ്രമിക്കും. ചിലർ സ്വന്തം ശരീരത്തിന് തന്നെ അപകടമുണ്ടാക്കുന്ന തരത്തിൽ പെരുമാറാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് ചില സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ച ശേഷമുള്ള പെരുമാറ്റം ഉദ്യോഗസ്ഥർക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നു. ശരീരശക്തി വർധിച്ചതുപോലെ തോന്നൽ, അസ്വസ്ഥത, ആശയക്കുഴപ്പം, ഭയം, സംശയം, ആക്രമണസ്വഭാവം തുടങ്ങിയവ പ്രകടമാകാം. ഇവിടെ ഉദ്യോഗസ്ഥരുടെ മുന്നിലുള്ള ചോദ്യം പ്രതിയെ എങ്ങനെ കീഴ്പ്പെടുത്താം എന്നത് മാത്രമല്ല. എത്രത്തോളം ബലം ഉപയോഗിക്കാം? എപ്പോൾ പിന്മാറണം? എപ്പോൾ മെഡിക്കൽ സഹായം തേടണം? ഈ മൂന്ന് ചോദ്യങ്ങളും ഒരേ സമയത്ത് ചിന്തിക്കേണ്ടിവരുന്നു.

ഒരു വ്യക്തിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാധാരണ പൊലീസ് നടപടികൾ പോലും ലഹരിയുടെ സാഹചര്യത്തിൽ വ്യത്യസ്തമാകാം. കൈവിലങ്ങിടുന്നതിനിടെ പ്രതി ശക്തമായി എതിർക്കുകയോ നിലത്തുവീഴുകയോ ചെയ്തേക്കാം. തല മതിലിലോ വാഹനത്തിലോ ഇടിക്കാം. ശ്വാസതടസ്സമുണ്ടാകുന്ന തരത്തിലുള്ള സ്ഥിതിയിലേക്ക് പോകാം. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക പരിശീലനം ആവശ്യമാണ്.

എന്നാൽ, പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. ഒരാളെ കസ്റ്റഡിയിലെടുത്ത ശേഷം അയാൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാലും പ്രശ്നങ്ങളുണ്ട്. ഒരു വ്യക്തി ലഹരി ഉപയോഗിച്ചിട്ടുണ്ടോ? അമിതമായി ഉപയോഗിച്ചിട്ടുണ്ടോ? മറ്റേതെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ? Withdrawal Syndrome ആണോ? മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥയാണോ? പൊലീസുകാർക്ക് ഇതെല്ലാം സ്ഥലത്തുവെച്ച് തിരിച്ചറിയാൻ കഴിയണമെന്നില്ല. ഇതാണ് ലഹരി കേസുകളിലെ ഏറ്റവും വലിയ സങ്കീർണതകളിലൊന്ന്.

ഒരു വ്യക്തിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാധാരണ പൊലീസ് നടപടികൾ പോലും ലഹരിയുടെ സാഹചര്യത്തിൽ വ്യത്യസ്തമാകാം.
ഒരു വ്യക്തിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാധാരണ പൊലീസ് നടപടികൾ പോലും ലഹരിയുടെ സാഹചര്യത്തിൽ വ്യത്യസ്തമാകാം.

നിയമപരമായി ഒരാൾ പ്രതിയായിരിക്കാം. എന്നാൽ, അതേ വ്യക്തിക്ക് അടിയന്തര ചികിത്സയും ആവശ്യമായിരിക്കാം. ചെറിയ അളവിലുള്ള ലഹരി കൈവശംവെച്ച കേസുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരാൾക്കും അമിതമായി ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ഗുരുതരമായ Overdose-ന്റെ ലക്ഷണങ്ങളുള്ള ഒരാൾക്കും ഒരേ രീതിയിലുള്ള ഇടപെടൽ സാധ്യമല്ല. അതിനാൽ എൻഫോഴ്സ്മെന്റിനും ഹെൽത്ത് കെയറിനും ഇടയിൽ ഒരു പാലം ആവശ്യമാണ്. പൊലീസ് ഉദ്യോഗസ്ഥർ നിയമനടപടി പൂർത്തിയാക്കേണ്ട വ്യക്തിയാണ്. ഡോക്ടർമാർ രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടവരും. എന്നാൽ ഈ രണ്ട് ഇടപെടലുകൾക്കും ഇടയിലുള്ള സമയം ചിലപ്പോൾ വളരെ കുറവായിരിക്കും.

പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് മറ്റൊരു പ്രശ്നം തുടങ്ങുന്നത്. ലഹരിക്കടിമയായ ഒരാളെ എവിടെ ഇരുത്തും? അയാൾ മറ്റുള്ളവരെ ആക്രമിച്ചാൽ എന്ത് ചെയ്യും? സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചാലോ? പെട്ടെന്ന് ആരോഗ്യനില മോശമായാലോ? അയാൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ആവശ്യമായായി വന്നാലോ? സ്റ്റേഷനിലെ സാധാരണ ലോക്കപ്പ് സംവിധാനം ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തതല്ല. ഇതുകൊണ്ടാണ് പല ഉദ്യോഗസ്ഥരും ഒരു പ്രധാന ആവശ്യം ഉയരുന്നത്: ലഹരി കേസുകളിൽ പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവ തമ്മിലുള്ള അടിയന്തര ഏകോപനം കൂടുതൽ ശക്തമാക്കണം.

മറ്റൊരു പ്രധാന വെല്ലുവിളി ലഹരി ഉപയോഗം നിർത്തിയ ശേഷമുള്ള Withdrawal Syndrome ആണ്. ദീർഘകാലമായി ചില ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഒരാൾ പെട്ടെന്ന് ഉപയോഗം നിർത്തുമ്പോൾ ശരീരത്തിലും മനസ്സിലും പല മാറ്റങ്ങളും ഉണ്ടാകാം. അസ്വസ്ഥത, വിറയൽ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഛർദി, വേദന തുടങ്ങിയ ലക്ഷണങ്ങൾ ചിലരിൽ ഉണ്ടാകാം. ചില സാഹചര്യങ്ങളിൽ ഗുരുതരമായ മെഡിക്കൽ സങ്കീർണതകളും ഉണ്ടാകാം. ഇവയെല്ലാം പൊലീസ് പരിശീലനത്തിന്റെ പരിധിയിൽ മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. ലഹരി ഉപയോഗിക്കുന്ന എല്ലാവരെയും ഒരേ വിഭാഗമായി കാണുന്നതും മറ്റൊരു പ്രശ്നമാണ്.

ആദ്യമായി ലഹരി ഉപയോഗിച്ച കൗമാരക്കാരും വർഷങ്ങളായി ഒപ്പിയോയിഡ് ഉപയോഗിച്ച ഒരാളും ഒരേ രീതിയിൽ പെരുമാറണമെന്നില്ല. മാനസികാരോഗ്യപ്രശ്നമുള്ള വ്യക്തിയും ലഹരിയുടെ സ്വാധീനത്തിലുള്ള മറ്റൊരാളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും എളുപ്പമല്ല. അതുകൊണ്ട് ലഹരി ഉപയോഗിക്കുന്നവരെല്ലാം അക്രമകാരികളാണെന്ന ധാരണയും തെറ്റാണ്. ചിലർ ഭയന്നായിരിക്കും പ്രതികരിക്കുക. ചിലർ ആശയക്കുഴപ്പത്തിലായിരിക്കും. സഹായം ആവശ്യപ്പെടുന്ന അവസ്ഥയിലുള്ളവരുമുണ്ടാകാം. നിയമപാലകരുടെ മുന്നിലുള്ള വ്യക്തിയെ ആദ്യം ‘ഭീഷണി’യായി കാണുന്നതിനു പകരം, ആ നിമിഷത്തെ അപകടസാധ്യതയും ആരോഗ്യസ്ഥിതിയും വിലയിരുത്താനുള്ള പരിശീലനം നിർണായകമാകുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി ലഹരി ഉപയോഗം നിർത്തിയ ശേഷമുള്ള Withdrawal Syndrome ആണ്.  /Representative image
മറ്റൊരു പ്രധാന വെല്ലുവിളി ലഹരി ഉപയോഗം നിർത്തിയ ശേഷമുള്ള Withdrawal Syndrome ആണ്. /Representative image

ഒരു വ്യക്തിയെ ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കുന്നതല്ല നടപടിക്രമങ്ങള്‍. അവരെ ജയിലിലടച്ചു കഴിഞ്ഞാലുള്ള കാര്യങ്ങളും വളരെ നിര്‍ണായകമാണ്. ലഹരിക്കേസില്‍ ജയിലിലടക്കപ്പെടുന്നവരെ കുറിച്ചും അവരെത്തുമ്പോഴുള്ള നടപടിക്രമങ്ങളെ കുറിച്ചും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വിവരിക്കുന്നു;

“ലഹരിക്കേസുകളിൽ റിമാൻഡിലായവരെ സെൻട്രൽ ജയിലിൽ താമസിപ്പിക്കുന്നത് കുറവാണ്. പിന്നെയും അസുഖങ്ങളോ മറ്റു കാര്യങ്ങളോ ഉള്ളവരാണ് സെൻട്രൽ ജയിലിൽ എത്തുന്നത്. റിമാൻഡിലാവുന്നവരെ ജില്ലാ ജയിലിലും സബ് ജയിലിലുമാണ് പാർപ്പിക്കുന്നത്.

ആദ്യം പ്രതികൾ എത്തുമ്പോൾ അഡ്മിഷൻ ബ്ലോക്കിലേക്കാണ് കൊണ്ടുപോകുന്നത്. അവിടേക്ക് കടക്കുമ്പോൾ തന്നെ HSR (Health Screening Report) മുഖാന്തിരം ലഹരിക്കടിമയായവർക്ക് തന്മൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ മറ്റോ ഉണ്ടോയെന്ന് വിലയിരുത്തും. ശേഷം അഡ്മിഷൻ എടുക്കുകയും പിന്നീട് ഒരാഴ്ച അവരെ നിരീക്ഷിക്കുകയും ചെയ്‌തശേഷം ജയിലിലെ ബ്ലോക്കിലേക്ക് മാറ്റുകയാണ് പതിവ്. അപ്പോൾ തന്നെ ഒരു കേസിലെ കൂട്ടുപ്രതികളെ ഒരു കാരണവശാലും ഒരുമിച്ച് ഒരു സെല്ലിൽ താമസിപ്പിക്കുകയില്ല, മാറ്റിയാണ് ഇടുന്നത്.

ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ട് ആദ്യമായി ജയിലിൽ എത്തുന്നവർക്ക് എപ്പോഴും വലിയ മാനസികസമ്മർദ്ദം ഉണ്ടാവും. കാരണം അവരുടെ ദിനചര്യകളിൽ വലിയ മാറ്റം വരികയാണല്ലോ ചെയ്യുന്നത്. ജയിൽ അന്തരീക്ഷവുമായി ഒത്തുപോവാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. സബ്ജയിലിലേതുപോലെ അല്ല സെൻട്രൽ ജയിലിൽ. അവിടെ പ്രതികളെ പ്രാഥമിക കാര്യങ്ങൾക്കും മറ്റുമല്ലാതെ സെല്ലിൽനിന്നും പുറത്തേക്ക് വിടാറില്ല. അപ്പോൾ അതിന്റെതായ പ്രശ്നങ്ങൾ ലഹരിക്കേസുകളിൽപ്പെട്ടു വരുന്നവർക്ക് പ്രകടമാവാറുണ്ട്. സ്ഥിരമായി ഇതേ കേസുകളിൽ വരുന്നവരുണ്ട്, അവർക്ക് അത് പ്രശ്‍നമല്ല. കാരണം അവർ എപ്പോഴോ ഈ സാഹചര്യങ്ങളുമായി ഒത്തുപോവാൻ തുടങ്ങിയിരിക്കണം.

ലഹരി ഉപയോഗിക്കുന്നവരിൽ തങ്ങൾ പിടിക്കപ്പെടും എന്ന് ഒരിക്കൽപോലും ചിന്തിക്കാത്തവരുണ്ടാകാം. അങ്ങനെയുള്ളവർ പിടിക്കപ്പെടുമ്പോൾ അവരിലുണ്ടാവുന്ന മാനസിക സംഘർഷം വലിയ രീതിയിൽ തന്നെ പ്രകടമാവാറുണ്ട്. അതിൽത്തന്നെ അക്രമാസക്തരാകുന്ന ആൾക്കാരുമുണ്ട്. ജയിലിലായി കഴിഞ്ഞു, അവർ ഉപയോഗിച്ചുകൊണ്ടിരുന്ന ലഹരിപദാർത്ഥം അവർക്ക് കിട്ടാതിരിക്കുമ്പോൾ കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ Withdrawal ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ രാത്രി കാലങ്ങളിലാണ് അക്രമാസക്തരാകുന്നത്. ജയിലിന്റെ ജനലിൽ കയറാൻ ശ്രമിക്കുകയും ഗ്രിൽസ് പിടിച്ചു കുലുക്കുകയും ചിലർ തല ചുമരിലിടിക്കുകയും ചിലപ്പോൾ സഹതടവുകാരെ ഉപദ്രവിക്കുകയും ചെയ്യും. ജയിൽ നിയമങ്ങളിൽ പറയുന്നതുപ്രകാരം മിതമായ ബലപ്രയോഗത്തിലൂടെയാണ് അവരെ ശാന്തരാക്കുന്നത്.

പോലീസുകാർക്കും അറ്റൻഡർമാർക്കും ഒതുക്കാനാവാത്തവിധം അക്രമാസക്തരാവുകയാണ് പ്രതികളെങ്കിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റും. അവിടെയും നിന്നില്ലെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവ്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയതിനുശേഷം അത് കോടതിയിൽ സമർപ്പിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. മാനസികാരോഗ്യ വാർഡുകളിൽ പ്രിസൺ വാർഡ് (Prison Ward) തന്നെ ഉണ്ടാവും. കുതിരവട്ടം, ഊളമ്പാറ തുടങ്ങിയ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ താമസിപ്പിച്ചും ചികിത്സക്ക് വിധേയരാക്കാറുണ്ട്. ചികിത്സക്കുശേഷം തിരിച്ചയക്കും.”

ഒരു വ്യക്തിയെ ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കുന്നതല്ല നടപടിക്രമങ്ങള്‍. അവരെ ജയിലിലടച്ചു കഴിഞ്ഞാലുള്ള കാര്യങ്ങളും വളരെ നിര്‍ണായകമാണ്.
ഒരു വ്യക്തിയെ ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കുന്നതല്ല നടപടിക്രമങ്ങള്‍. അവരെ ജയിലിലടച്ചു കഴിഞ്ഞാലുള്ള കാര്യങ്ങളും വളരെ നിര്‍ണായകമാണ്.

ഉദ്യോഗസ്ഥർക്കും സുരക്ഷ വേണം

പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ദിവസേന ലഹരി ഉപയോഗിക്കുന്നവരുമായി നേരിട്ട് ഇടപെടുന്നവരാണ്. ചില പരിശോധനകൾ രാത്രിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും നടക്കാം. ചിലർ ആയുധമോ മറ്റ് അപകടകരമായ വസ്തുക്കളോ കൈവശം വച്ചിരിക്കാം. ഒരാൾ ലഹരിയുടെ സ്വാധീനത്തിൽ എന്ത് ചെയ്യുമെന്ന് പ്രവചിക്കാനാകാത്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ സ്വന്തം സുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് Anti-drug enforcement എന്നത് ലഹരി പിടികൂടുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. risk assessment, de-escalation, safe restraint, emergency medical response തുടങ്ങിയ കഴിവുകളും അതിന്റെ ഭാഗമാകേണ്ടിവരുന്നു. ലഹരിക്കെതിരായ നിയമനടപടിയും അനിവാര്യമാണ്. വിതരണശൃംഖല തകർക്കുന്നതും ലഹരി വിൽപ്പനക്കാരെ കണ്ടെത്തുന്നതും നിയമപാലകരുടെ ഉത്തരവാദിത്വമാണ്.

പക്ഷേ ലഹരി ഉപയോഗിച്ച് അഡിക്ടായ ഒരാളെ നേരിട്ട് കൈകാര്യം ചെയ്യുമ്പോൾ നിയമപാലകൻ നേരിടുന്നത് ഒരു നിയമപ്രശ്നം മാത്രമല്ല. അത് ഒരേസമയം സുരക്ഷാ പ്രശ്നവും ആരോഗ്യ പ്രശ്നവും മനുഷ്യാവകാശ പ്രശ്നവും കൂടിയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ലഹരി അഡിക്ടായ ഒരാൾ നിൽക്കുമ്പോൾ, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. ലഹരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ പലപ്പോഴും ചോദിക്കുന്നത് എത്ര പേരെ പിടികൂടി എന്നാണ്. പക്ഷേ, അതിനൊപ്പം ചേർക്കേണ്ട മറ്റൊരു കാര്യം, ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിയെ നേരിടുമ്പോൾ, അയാളെയും ഉദ്യോഗസ്ഥനെയും ഒരുപോലെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ നമ്മുടെ സംവിധാനത്തിന് എത്രത്തോളം കഴിയുന്നുണ്ട് എന്നതാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Comments