പരാതി ഉന്നയിക്കുന്ന സ്ത്രീകൾക്ക് നിയമ സഹായവും സുരക്ഷയും; നിർദേശങ്ങളുമായി ‘ഫെഫ്ക’

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച് ‘ഫെഫ്ക’യിലെ 21 അംഗസംഘടനകൾ ചേർന്ന് റിപ്പോർട്ട് തയാറാക്കിയിരുന്നു. കൂടാതെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ‘ഫെഫ്ക’യിലെ സ്ത്രീഅംഗങ്ങൾക്കുവേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കുകയും ചെയ്തു. ഈ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ Plan of action-നിൽ, സിനിമാമേഖലയിലെ ലിംഗവിവേചനവും തൊഴിൽ ചൂഷണവും ഇല്ലാതാക്കാനുളള 26 നിർദേശങ്ങളുണ്ട്.

News Desk

സിനിമാ മേഖലയിൽ നിലനിൽക്കുന്ന ലിംഗ, വേതന വിവേചനങ്ങളും ലൈംഗിക തൊഴിൽ ചൂഷണങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 26 നിർദേശങ്ങളുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫെഫ്ക (FEFKA-Film Employees Federation of Kerala). സംഘടനക്കുള്ളിൽ തന്നെ സ്ത്രീകൾ മാത്രമടങ്ങുന്ന പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുക, അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് നിയമസഹായം ഉറപ്പുവരുത്തുക, അത്തരം വ്യക്തികൾക്ക് ക്ലിനിക്കൽ സഹായങ്ങൾ ഉറപ്പുവരുത്തുക തുടങ്ങി 26 നിർദ്ദേശങ്ങളാണ് ഫെഫ്ക മുന്നോട്ടുവെച്ച Plan of action-ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമക്കുള്ളിലെ വിവേചനങ്ങളും തൊഴിൽ ചൂഷണവും ചർച്ചയായിരുന്നു. സാങ്കേതിക പ്രവർത്തകരടക്കം സിനിമയിലെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവരുമായി സംസാരിച്ച് കമ്മിറ്റി നടത്തിയ പഠനത്തിൽ മിനിമം കൂലി നൽകാതിരിക്കുക, സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരിക, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ആഭ്യന്തര പരിഹാര സെല്ലുകളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് നിലവിൽ ഫെഫ്ക റിപ്പോർട്ടിലുള്ളത്.

റിപ്പോർട്ടിൽ പരമാർശിക്കുന്ന വിഷയങ്ങളുടെ പ്രാധാന്യം, സിനിമാ വ്യവസായത്തിൽ തിരുത്തപ്പെടേണ്ട പ്രവണതകൾ, റിപ്പോർട്ടിന്റെ പോരായ്മകൾ, പരാഹാരത്തിനായുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഫെഫ്കയുടെ നിലപാടും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ, ആൾ കേരള മേക്കപ്പ് ആർട്ടിസ്റ്റ് ആന്റ് ഹെയർ സ്‌റ്റൈലിസ്റ്റ് യൂണിയൻ (അഫിലിയേറ്റഡ് ടു ഫെഫ്ക), ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് യൂണിയൻ, കേരള സിനിമ ഡ്രൈവേഴ്സ് യൂണിയൻ (അഫിലിയേറ്റഡ് ടു ഫെഫ്ക) ഫെഫ്ക പബ്ലിസിറ്റി ഡിസൈനേർസ് യൂണിയൻ, സിനി ഓഡിയോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഓഫ് കേരള (അഫിലിയേറ്റഡ്ടു ഫെഫ്ക), ഫെഫ്ക മ്യൂസിക് ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ അസിസ്റ്റന്റ്‌സ് യൂണിയൻ, ഫെഫ്ക മെസ് വർക്കേഴ്‌സ് യൂണിയൻ തുടങ്ങി 21 അംഗസംഘടനകൾ കൂടിച്ചേർന്നാണ് പഠനം പൂർത്തിയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് 21 യൂണിയുകളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റികളുമായി ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി, പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും അംഗസംഘടനകളുടെ നിലപാട് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ ഫെഫ്കയിലെ സ്ത്രീ അംഗങ്ങൾക്കുവേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കുകയും ചെയ്തു.

മലയാള സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുക, സിനിമയിലെ സ്ത്രീകളുടെ സേവന- വേതന വ്യവസ്ഥകൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുക, സിനിമയുടെ സമസ്ത മേഖലയിലും സ്ത്രീപങ്കാളിത്തം വർധിപ്പിക്കുവാൻ സഹായകമായ നിർദേശങ്ങൾ, സിനിമയുടെ സാങ്കേതിക പഠന മേഖലകളിൽ സ്ത്രീകൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തി സിനിമയെന്ന തൊഴിലിടത്തിലേക്ക് കടന്നുവരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, പ്രസവം, ശിശുപരിചരണം, ശാരീരിക അവശതകൾ തുടങ്ങിയവ മൂലം തൊഴിലിൽ നിന്ന് വിട്ടുനിൽക്കുന്നവരെ സഹായിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കുക, സിനിമ ഉള്ളടക്കത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുക, 30 ശതമാനം സ്ത്രീപങ്കാളിത്തമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫെഫ്ക പുറത്തുവിട്ട റിപ്പോർട്ടിലെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സംഘടന മുന്നോട്ടുവെക്കുന്ന ടേംസ് ഓഫ് റഫറൻസിൽ പറയുന്ന കാര്യങ്ങളെ തുല്യപ്രാധാന്യത്തോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചിട്ടില്ലെന്നാണ് ഫെഫ്ക ഉന്നയിക്കുന്ന പ്രധാന വാദം. അധ്വാനത്തിന്റെ സമയം, നിലവിലെ വേതന വ്യവസ്ഥ, ഇതര സംസ്ഥാനങ്ങളിലെ സേവന- വേതന വ്യവസ്ഥകളെ മലയാള സിനിമയിലേതുമായി താരതമ്യം ചെയ്യുക പോലെയുള്ള കാര്യങ്ങളിൽ കമ്മിറ്റി വസ്തുതാപരമായ വിശകലനം നടത്തിയിട്ടില്ലെന്നും ഫെഫ്ക പറയുന്നു.

വിഷയങ്ങളെ സമീപിക്കുന്നതിൽ ഏകപക്ഷീയമായ നിലപാടാണ് കമ്മിറ്റി സ്വീകരിച്ചതെന്നും കമ്മിറ്റിക്ക് സിനിമയെ കുറിച്ച് പരിമതമായ ധാരണ മാത്രമെയുള്ളുവെന്നും ഫെഫ്ക റിപ്പോർട്ടിൽ പറയുന്നു. സിനിമാ ചിത്രീകരണം നേരിട്ട് കണ്ട് മനസിലാക്കാൻ സൂപ്പർതാരം നായകനാകുന്ന, മറ്റൊരു സൂപ്പർ താരം സംവിധാനം ചെയ്യുന്ന ലൂസിഫർ പോലെയൊരു സിനിമ തെരഞ്ഞെടുക്കുന്നതിനുപിന്നിലെ സാംഗത്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹേമ കമ്മിറ്റിയുടെ സിനിമയുമായി ബന്ധപ്പെട്ട ധാരണയെ ഫെഫ്ക വിമർശനാത്മകമായി സമീപിക്കുന്നത്. ഇത്തരത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഫെഫ്ക പഠന റിപ്പോർട്ടിൽ, നടപ്പിലാക്കേണ്ട പ്ലാൻ ഓഫ് ആക്ഷനും നിർദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു.
ഹേമ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു.

ഫെഫ്ക പഠന റിപ്പോർട്ടിലെ
തീരുമാനങ്ങളും നിർദേശങ്ങളും:

  • ഒരു സിനിമാ ചിത്രീകരണ ഇടത്തിൽ ഐ.സി.സി രൂപീകരണത്തിലോ, പ്രവർത്തനങ്ങളിലോ വീഴ്ച്ച സംഭവിച്ചാൽ അത് പരിഹരിച്ചതിനുശേഷം മാത്രമേ സിനിമാ ചിത്രീകരണവുമായി ഫെഫ്ക അംഗങ്ങൾ സഹകരിക്കുകയുള്ളൂ.

  • ഐ.സി.സി അംഗങ്ങളുടെ ഫോൺ നമ്പരുകൾ സിനിമാ പ്രവർത്തനവുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിർബന്ധമായും പങ്കിടണമെന്ന് പ്രൊഡക്ഷൻ കൺട്രോളർമാർക്ക് ഫെഫ്ക നിർദേശം നൽകി.

  • ജൂനിയർ ആർട്ടിസ്റ്റുകൾ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന ദിവസം അവർക്കും ഐ.സി.സി അംഗങ്ങളുടെ ഫോൺ നമ്പർ കൈമാറേണ്ടതാണ്.

  • പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയിൽ ഐ.സി.സി അംഗങ്ങളുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്ന് ഫിലിം എക്യുപ്‌മെന്റ് ആന്റ് സ്റ്റുഡിയോ ഓണേഴ്‌സ് അസോസിയേഷന് നിർദേശം നൽകുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്തു.

  • സിനിമാ ചിത്രീകരണ സമയത്തും അല്ലാതെയും തൊഴിൽപരമായി സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ, ചൂഷണങ്ങൾ, ഭീഷണി എന്നിവയെ കുറിച്ചെല്ലാം അവർ ഉൾപ്പെടന്ന യൂണിയന്റെ ജനറൽ സെക്രട്ടറിമാരെ അറിയിക്കാൻ സ്ത്രീകൾക്ക് വിമുഖതയുള്ളതായി മനസിലാക്കി, സ്ത്രീകൾ മാത്രമടങ്ങുന്ന പരാതി പരിഹാര സെൽ രൂപീകരിക്കുകയും അവരുടെ സേവനം 24 മണിക്കൂറും ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ ഡെഡിക്കേറ്റഡ് വാട്ട്‌സ്ആപ്പ് നമ്പർ 8590599946 ആണ്. 2024 സെപ്തംബർ 25 മുതൽ ഇത് നിലവിൽ വരും.

  • ഏതെങ്കിലും ഒരു പരാതി സെല്ലിന് ലഭിച്ചാൽ, ഉടൻ അംഗങ്ങൾ പരാതിക്കാരുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ ശേഖരിക്കും. ആ സിനിമയുടെ ഐ.സി.സി പ്രതിനിധികളുമായി ബന്ധപ്പെട്ട് അവരുടെ നിർദേശങ്ങളും ശേഖരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയെ ബോധ്യപ്പെടുത്തി കാലതാമസം കൂടാതെ പ്രശ്‌ന പരിഹാരത്തിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കും.

  • പരാതി ഉന്നയിക്കുന്നവരുടെ മാനസിക- ശാരീരിക സുരക്ഷ ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ഈ കമ്മിറ്റി ആ വനിതക്ക് ഉറപ്പുവരുത്തുന്നതായിരിക്കും.

  • പരാതിയിൽ ഉന്നയിക്കുന്ന കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം വിലയിരുത്തി ആവശ്യമെന്ന് കണ്ടാൽ പരാതിക്കാരിക്ക് നിയമനടപടിക്ക് വേണ്ട സഹായം ഫെഫ്ക നൽകും.

  • ഗുരുതര കുറ്റകത്യങ്ങൾ സംഭവിച്ചാൽ ട്രേഡ് യൂണിയൻ തലത്തിലുള്ള പ്രശ്‌നപരിഹാരം ഉണ്ടായിരിക്കില്ല. പകരം തുടർനടപടിക്കായി നിയമപാലകരുടെ സഹായം ഫെഫ്ക തന്നെ ഉറപ്പാക്കും.

  • കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വ്യക്തി ഫെഫ്ക അഫിലിയേറ്റായ യൂണിയൻ അംഗമാണെങ്കിൽ കൃത്യം നടന്നുവെന്ന് ബോധ്യപ്പെടുന്ന സമയം മുതൽ ഒരു വർഷത്തേക്ക് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഒരു വർഷം കൂടി സസ്‌പെൻഷൻ തുടരാൻ അയാൾ അംഗമായ യൂണിന് ഫെഫ്ക നിർദ്ദേശം നൽകും.

  • ഒരു വനിതാ അംഗം പരാതി ഉന്നയിച്ചതിന്റെ പേരിൽ, തൊഴിൽ തടസം സൃഷ്ടിക്കുക നേരിട്ടോ പരോക്ഷമായോ സമൂഹമാധ്യമങ്ങളിലൂടെയോ അപമാനിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ P.O.A-ൽ പത്താം നമ്പറായ ചേർത്തിരിക്കുന്ന നടപടി ക്രമങ്ങൾ ഈ കുറ്റതൃത്യം ചെയ്യുന്നവർക്കും ബാധകമായിരിക്കും.

  • ഒരു സിനിമയിൽ പ്രവർത്തിക്കുന്നതിനുള്ള മെറിറ്റ്, ജോലിയോടുള്ള പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ് അല്ലാതെ സാമ്പത്തിക- ലൈഗിക താൽപര്യങ്ങൾ, സ്വജനപക്ഷപാദം എന്നിവ ആകരുതെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്, യൂണിയനെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനേയും അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും വിഭിന്നമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഫെഫ്ക ജനറൽ സെക്രട്ടറിയെ നേരിട്ട് ബന്ധപ്പെട്ട് പരാതി അറിയിക്കാം.

  • സിനിമാ ചിത്രീകരണ സമയത്ത് ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കർശനമായും പരിഹരിക്കണമെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയനെ അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സ്ഥലത്ത് മതിയായ ടോയ്‌ലറ്റ് സൗകര്യമില്ലെങ്കിൽ ഇ- ടോയ്‌ലറ്റുകളും കാരവാനുകളും ഏർപ്പെടുത്തണം. ജൂനിയർ ആർട്ടിസ്റ്റുകളും ഡാൻസേഴ്‌സും പങ്കെടുക്കുന്ന ചിത്രീകരണ ദിവസങ്ങളിൽ കൂടുതൽ ഇ-ടോയ്‌ലറ്റുകളോ കാരവാനുകളോ ഏർപ്പെടുത്തേണ്ടതാണ്. ഈ വിഷയം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനുമായി സംസാരിച്ച് പരിഹരിക്കും.

  • ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ 30 കസേരകളും 10 മേശകളുമാണ് വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനും ഉപയോഗിക്കുന്നത് എന്നാണ് പ്രൊഡക്ഷൻ അസിസ്റ്റന്റ്‌സ് യൂണിയൻ അറിയിച്ചത്. ഇത് ഇരട്ടിയായി വർദ്ധിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ, ഡാൻസേഴ്‌സ് എന്നിവർ പങ്കെടുക്കുന്ന ദിവസങ്ങളിൽ ഈ സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കണം. ഇത് നടപ്പിലാക്കാൻ നിർമ്മാതാക്കളുടെ സഹകരണം ആവശ്യമാണ്.

  • ഒരു കാരണവശാലും ലൊക്കേഷനുകളിൽ ഭക്ഷണവിവേചനം ഉണ്ടാകാൻ പാടില്ല. ഫെഫ്കയുടെയും പ്രൊഡ്യൂസർ അസ്സോസിയേഷന്റെയും ഈ തീരുമാനങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നതായി കണ്ടുവരുന്നു. അഴിമതിയുടെ ഭാഗമായാണ് സംഭവിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഇതിന് കാരണക്കാരായവർക്കെതിരെ എതിരെ ഫെഫ്ക കർശന നടപടിയെടുക്കും.

  • നിർമാതാക്കളുടെ സംഘടനാ നേതൃത്വം, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ, മെസ് വർക്കേഴ്‌സ് യൂണിയൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ്‌സ് യൂണിയൻ എന്നിവർ കൂടി ചർച്ച ചെയ്ത് ഒരു ഏകീകൃത ഭക്ഷണ ലിസ്റ്റ് ഉണ്ടാക്കേണ്ടതാണ്. എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള ലഭിക്കാൻ ഇത് സഹായാകും. യൂണിറ്റിലുള്ളവരുടെ എണ്ണം കുറച്ചുപറയുന്ന പതിവുരീതി നിർബന്ധമായും ഒഴിവാക്കും.

  • ഷൂട്ടിംഗ് സമയത്ത് രാത്രിയിൽ മുറികളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുമ്പോൾ പ്രധാന നടീനടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും മാത്രമാണ് ഹോട്ട് കാരിയറിൽ ഭക്ഷണം നൽകുന്നത് എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ബാക്കിയുള്ളവരുടെ ഭക്ഷണം തണുത്തുറഞ്ഞ്, ഉപയോഗശൂന്യമായി പോകുന്നതായും പരാതി ഉയർന്നതിനാൽ നിർമ്മാതാക്കളുമായി സംസാരിച്ച് ഒക്ടോബർ മുതൽ എല്ലാവർക്കും ഹോട്ട് കാരിയർ നിർബന്ധമാക്കി.

  • ഭക്ഷണം പാകം ചെയ്യുന്ന മെസ്സുകളിൽ പലതും വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ശുദ്ധജല അപര്യാപ്തത, മാലിന്യ നിർമ്മാർജ്ജനത്തിലെ വീഴ്ച്ച തുടങ്ങിയ കാര്യങ്ങൾ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതോടൊപ്പം, മെസ്സ് വർക്കേഴ്‌സിന് ചെറിയ ഫീസ് ഈടാക്കി താൽക്കാലിക ഫുഡ് സേഫ്റ്റി ലൈസൻസ് നൽകാനുള്ള നടപടിക്രമങ്ങൾ നടപ്പിൽ വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടും.

  • മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ വേതന ചൂഷണങ്ങൾക്കും, ലൈഗിക ചൂഷണങ്ങൾക്കും ഇരയാകുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെ ഏകോപിപ്പിക്കുന്ന കോ-ഓർഡിനേറ്റേഴ്‌സിന് സർക്കാർ ലൈസൻസ് ഏർപ്പെടുത്തുക എന്ന നിർദ്ദേശം ഫെഫ്ക മുമ്പോട്ടു വെയ്ക്കുന്നു. ജൂനിയർ ആർട്ടിസ്റ്റിന് കൃത്യമായി വേതനം ലഭിക്കുന്നതിനും, അവരുടെ മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായകമാകും എന്ന് കരുതുന്നു.

  • താമസസൗകര്യത്തിന്റെ അപര്യാപ്ത ഫെഫ്ക വിശദമായി പരിശോധിച്ചു. പ്രധാന നടീനടന്മാരും സാങ്കേതിക പ്രവർത്തകർക്കും ഒഴികെ മറ്റുള്ളവർക്ക് നൽകിവരുന്ന ഹോട്ടൽ മുറികൾ പലതും സുരക്ഷിതമല്ല എന്ന് മനസിലാക്കുന്നു. അടച്ചുറപ്പും വായുസഞ്ചാരവുമുള്ള മുറികൾ എല്ലാവർക്കും നൽകണമെന്നും, ഒരു മുറിയിൽ രണ്ടിലധികം ആളുകളെ താമസിപ്പിക്കരുതെന്നും കഴിവതും എല്ലാവർക്കും, പ്രത്യേകിച്ച് ചൂടുകാലത്ത്, എ.സി മുറികൾ നൽകണമെന്നും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയന് നിർദ്ദേശം നൽകിയിട്ടുണ്ട്. അസോസിയേഷനുമായി സംസാരിച്ച് കാര്യങ്ങൾ പ്രൊഡ്യൂസേഴ്‌സിന് ഇക്കാര്യത്തിൽ ധാരണയിലെത്താൻ കഴിയുമെന്ന് കരുതുന്നു.

  • ഷൂട്ടിംഗ് ലൊക്കേഷനുകളിലെ പരാതികൾ (താമസം, ഭക്ഷണം, മുതലായവ) എത്രയും വേഗം പരിഹരിക്കാൻ ഓരോ വിഭാഗത്തിലേയും ചീഫ് അസ്സോസിയേറ്റ് ഡയക്ടർമാരെ ഉൾപ്പെടുത്തി കമ്മറ്റി ഉണ്ടാക്കണം, അവർ പ്രൊഡക്ഷൻ കൺട്രോളറുമായി ചർച്ച ചെയ്ത് ഉടൻ പരിഹാരം കണ്ടെത്തണം. ആ കമ്മറ്റിക്ക് പരിഹാരം കണ്ടെത്താൻ കഴിയാത്ത പ്രശ്‌നങ്ങളുണ്ടായാൽ ഫെഫ്ക നേതൃത്വം ഇടപെട്ട് പരിഹാരം നിർദ്ദേശിക്കും.

  • 2008 മുതൽ 2024 വരെ, ഫെഫ്കയിലെ അടിസ്ഥാനവർഗ്ഗ തൊഴിലാളികളുടെ കരാറുകൾ, നിർമ്മാതാക്കളുടെ സംഘടനയുമായി വർഷത്തിലൊരിക്കൽ എന്ന കണക്കിൽ അഞ്ച് തവണ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സാങ്കേതിക പ്രവർത്തകരുടെ വിഭാഗത്തിലുള്ള സംവിധായകർ, എഴുത്തുകാർ തുടങ്ങിയവർക്ക് കരാറിന്റെ മാതൃക ഉണ്ടായിരുന്നെങ്കിലും ഓരോ നിർമ്മാണ കമ്പനികളും അവരവരുടെ രീതികളിൽ കരാറുകൾ രൂപകല്പന ചെയ്യുന്നത് കരാറുകൾ നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തിയിരിക്കുന്നു.
    മാത്രമല്ല, മലയാള സിനിമാ രംഗത്തേക്ക് കോർപ്പറേറ്റ് കമ്പനികളുടെ കടന്നുവരവോടെ കരാർ നടപടികൾ സങ്കീർണ്ണമായി. എന്നാൽ ഫെഫ്ക നേതൃത്വവും നിർമ്മാതാക്കളുടെ സംഘടനയുമായി നടന്ന നിരന്തര ചർച്ചകൾക്കൊടുവിൽ സംവിധായകർ, ഛായാഗ്രാഹകർ, തിരക്കഥാകൃത്തുക്കൾ, എഡിറ്റർമാർ തുടങ്ങി ഇരു കൂട്ടരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന കരാറുകളുടെ മാതൃക ഉടൻ നിലവിൽ വരും. ബാക്കി സാങ്കേതിക പ്രവർത്തകരുടെ കരാറുകളെല്ലാം ഡിസംബർ മാസത്തോടെ പൂർത്തിയാകും. അതോടെ മുഖ്യ സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളും തമ്മിലുള്ള കരാറുകൾക്ക് ഏകീകൃത മാതൃകയുണ്ടാവുകയും തൊഴിലവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.

  • ചലച്ചിത്ര തൊഴിലാളികളുടെ 15 മണിക്കൂറോളം നീളുന്ന തൊഴിൽ സമയം കുറക്കണമെന്ന ആവശ്യം 2024 മെയിൽ നടന്ന പൊതുയോഗങ്ങളിൽ ഉയരുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. അദ്ധ്വാന സമയം കുറച്ചുകൊണ്ടുള്ള കോൾഷീറ്റ്, സേവന വ്യവസ്ഥകൾ എപ്രകാരം ചിട്ടപ്പെടുത്തിയെടുക്കാം തുടങ്ങിയ കാര്യങ്ങളിൽ അംഗസംഘടനകളോട് ഫെഫ്ക അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. നിർമ്മാതാക്കളും തത്വത്തിൽ ഈ പുനർനിർണ്ണയത്തെ സ്വാഗതം ചെയ്യുന്നു.

  • അംഗസംഘടനകളുടെ അഭിപ്രായം ക്രോഡീകരിച്ച് നിർമ്മാതാക്കളുടെ സംഘടനയുമായി ഡിസംബറിൽ ചർച്ച നടക്കും. അടുത്ത വേതന കരാർ പുതുക്കുന്ന സമയം മുതൽ ജോലിസമയത്തിന്റെ പുനർനിർണ്ണയം സാദ്ധ്യമാകും.

  • സ്ത്രീ-പുരുഷ ഭേദമന്യേ പല രീതികളിലുള്ള സൈബർ ആക്രമണങ്ങൾക്ക് തങ്ങളുടെ അംഗങ്ങൾ വിധേയരാവുന്നുണ്ടെന്ന് മിക്ക യൂണിയനുകളും അഭിപ്രായപ്പെട്ടു. നിയമ നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതാണ് ഇത്തരം ആക്രമണങ്ങൾ ശക്തിപ്പെടാൻ ഇടയാവുന്നത് എന്ന അഭിപ്രായവും ഉണ്ടായി. സൈബർ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയും ചെറുക്കുന്നതിന് അംഗങ്ങൾക്ക് ആവശ്യമായ നിയമസഹായം ഏർപ്പെടുത്തിക്കൊടുക്കാനും പരാതികളിലെ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തുവാനും ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി കൺവീനറായ ഉപസമിതിയെ നിയോഗിക്കും.

Comments