ബാരി ലൈനിലെ തെരുവുറങ്ങാത്ത ഗല്ലി ക്രിക്കറ്റ് രാവ്

“പരിസരത്തെ ഗല്ലികളിലെ 8 ടീമുകൾ മാറ്റുരക്കുന്ന ബിപിഎൽ ( ബാരി ലൈൻ ക്രിക്കറ്റ് ലീഗ്) ടൂർണമെന്റ് ആണ്. ഒരു ദിവസം കൊണ്ട് തീരും. 5 ഓവർ ആണ് ഒരു ടീമിന്. ഗല്ലിയുടെ ആകൃതി അനുസരിച്ചുള്ള നിയമങ്ങളാണ് സിക്സിനും ഫോറിനും. സ്പീക്കറിൽ നിന്നും ഐപിഎൽ ബിജിഎം കേട്ട് തുടങ്ങി, ഒപ്പം കമന്റേറ്ററുടെ നിർദ്ദേശങ്ങളും,” കട്ടക്കിലെ ബാരിലൈനിൽ ആസ്വദിച്ച് കണ്ട ഗല്ലി ക്രിക്കറ്റ് ടൂർണമെൻറിനെക്കുറിച്ച് സംവിധായകൻ സക്കരിയ എഴുതുന്നു.

ട്ടക്കിലെ ബാരി ലൈനിലെ വീട്ടിലെ മൂന്നാം നിലയിലാണ് ഞാൻ താമസിക്കുന്ന മുറി. രാവിലെ കുട്ടികളുടെ നിർത്താതെയുള്ള ബഹളം കേട്ട് ഉണർന്നപ്പോൾ തന്നെ മനസിലായി ഇന്ന് ഞായറാഴ്ച ആണെന്ന്. എഴുന്നേറ്റ ഉടനെ മൊബൈൽ സ്ക്രീനിലേക്ക് നോക്കരുതെന്ന് എന്നെത്തന്നെ ഓർമിപ്പിച്ചു, വാതിൽ തുറന്നു കുഞ്ഞു ബാൽക്കണിയിലേക്ക് നടന്നു. പച്ചപ്പ് കാണുന്ന ഒരു മരത്തിലേക്ക് നോക്കിയ ശേഷം താഴേക്കു നോക്കുമ്പോൾ, കുട്ടികളെ കൂടാതെ യുവാക്കളും മുതിർന്നവരും അടങ്ങുന്ന ഒരു സംഘം, ആ ലൈനിലെ ഇരുവശത്തെ വീടുകളുടെ സൈഡിലും വലിയ വലകെട്ടി മറക്കുകയാണ്. അവധി ദിവസത്തെ എന്തെങ്കിലും അറ്റകുറ്റ പദ്ധതികളായിരിക്കും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പ്രഭാത കർമങ്ങളിലേക്ക് കടന്നു. രണ്ടാം നിലയിലുള്ള അബ്രാർ ഭായിയും കുടുംബവും താമസിക്കുന്ന നിലയിലേക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഇറങ്ങിച്ചെന്നു. എനിക്ക് മുന്നേ ഞങ്ങളുടെ എഴുത്തുകാരൻ ഹുസൈൻ ഭായ് ഭക്ഷണമേശയിൽ ഹാജരായിട്ടുണ്ട്. അതാണ് അപ്പുറത്തെ മുറിയിൽ നോക്കിയപ്പോ കാണാഞ്ഞത്.

“സക്കരിയ ഭായ്, ഇന്ന് നമുക്ക് സ്വസ്ഥമായി ഇരുന്നു പണിയെടുക്കാനാവുമെന്ന് തോന്നുന്നില്ല. പുറത്ത് ഐപിഎൽ നടക്കാൻ പോവുകയാണ്,” സംഗതി പിടികിട്ടി. ബോൾ ജനലുകളിൽ തട്ടാതിരിക്കാനാണ് അവർ നെറ്റ് കെട്ടിയിരുന്നത്. “ഈ ലൈനിലെ എല്ലാ വീടുകളിലും കയറി പൈസ പിരിക്കുന്നുണ്ട് അവർ. മമ്മി എന്തോ കൊടുക്കുന്നത് കണ്ടു,” ദുബായിൽ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ പ്രൊഡ്യൂസറും നടനുമായ അബ്രാർ ഭായ് യുടെ ഈ ഗല്ലിയുമായുള്ള ബന്ധം ഇപ്പോ ഉമ്മയിലൂടെ മാത്രം ആണ്. ഭക്ഷണശേഷം ഞാൻ പുറത്തിറങ്ങി നോക്കി. തകൃതിയായ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. പത്തടി മാത്രം വീതിയുള്ള ആ ലൈനിന്റെ ഒരു മൂലയിൽ ചെറിയൊരു സ്റ്റേജ് ഉണ്ടായിവരുന്നുണ്ട്. എതിർവശത്തെ വീടിന്റെ മതിലിൽ നിരനിരയായി എൽ.ഇ.ഡി ലൈറ്റ് പാനലുകൾ കെട്ടുന്നുണ്ട്. നല്ല ചൂട് ആയതു കാരണം പുറത്ത് അധികനേരം നിൽക്കാൻ കഴിയുന്നില്ല. ഞാൻ മുകളിലേക്ക് കയറി. മൂന്നാം നിലയിലെ എന്റെ മുറിയിൽ ഞങ്ങൾ മൂന്നുപേരും എഴുത്ത് ചർച്ചകളിലേക്ക് കടന്നു. ഇടക്കുള്ള ഇടവേളകളിൽ ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കി ഞങ്ങൾ ഉത്തരേന്ത്യയിലെ ഗല്ലി ക്രിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യും. ഹുസൈൻ ഭായ് യുടെ ജന്മനാടായ ഇന്ദോർ-നെ കുറിച്ച് പറഞ്ഞാൽ അവിടുത്തെ ഭക്ഷണ മഹിമയിലാണ് അതവസാനിക്കുക.

ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ വീണ്ടും താഴേക്ക് ഇറങ്ങി. അപ്പോഴേക്കും മൈക് സെറ്റും, പടു കൂറ്റൻ കപ്പ് (ട്രോഫി) അടങ്ങുന്ന ഒരു സെറ്റ് കപ്പുകളും തയ്യാറായി നിൽക്കുന്നുണ്ട്. ക്രീസിനു സമാനമായി നീളത്തിലുള്ള കയർ പായ വിരിച്ചിട്ടുണ്ട് നടുവിൽ. രണ്ട് വശത്തും റെഡി മേഡ് പ്ലാസ്റ്റിക് സ്റ്റമ്പുകളും റെഡി. ഞാൻ എത്തിയപ്പോൾ ജേഴ്സി വിതരണം നടക്കുകയാണ്. ജേഴ്സി വാങ്ങി ധരിക്കുന്ന ആളുകളെ കണ്ടപ്പോഴാണ്, ഇതു കുട്ടികളോ, യുവാക്കളോ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റ് അല്ലെന്നും, 50 വയസ്സിന് മുകളിലുള്ളവർ വരെ ഓരോ ടീമിലും ഉണ്ടെന്നുള്ള കൗതുകകരമായ കാഴ്ച കണ്ടത്. കഴിഞ്ഞ വർഷം കട്ടക്കിലേക്ക് വന്നപ്പോ, അന്നു കൂടെ ഡ്രൈവർ ആയി വന്ന ഒരു ഭായിയെ അക്കൂട്ടത്തിൽ കണ്ടു. ഞാൻ കൈ ഉയർത്തി കാണിച്ചു, പുള്ളി അടുത്തേക്ക് വന്നു. കളിക്കാൻ കൂടുന്നോ, ജേഴ്സി എടുക്കട്ടെ എന്ന് ചോദിച്ചു. ജോലിയുണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു. പരിസരത്തെ ഗല്ലികളിലെ 8 ടീമുകൾ മാറ്റുരക്കുന്ന ബിപിഎൽ ( ബാരി ലൈൻ ക്രിക്കറ്റ് ലീഗ്) ടൂർണമെന്റ് ആണ്. ഒരു ദിവസം കൊണ്ട് തീരും. 5 ഓവർ ആണ് ഒരു ടീമിന്. ഗല്ലിയുടെ ആകൃതി അനുസരിച്ചുള്ള നിയമങ്ങളാണ് സിക്സിനും ഫോറിനും. സ്പീക്കറിൽ നിന്നും ഐപിഎൽ ബിജിഎം കേട്ട് തുടങ്ങി, ഒപ്പം കമന്റേറ്ററുടെ നിർദ്ദേശങ്ങളും. ഞാൻ ബാക്കി പണികൾക്കായി മുകളിലേക്ക് തന്നെ കയറി.

ഞങ്ങൾ റൂമിലിരിക്കുമ്പോൾ ബോൾ ജനലിൽ വന്ന് അടിക്കുന്ന ശബ്ദം ഇടക്കിടക്ക് കേട്ടുകൊണ്ടിരുന്നു. ടെന്നീസ് ബോൾ ആയതു കൊണ്ട് പേടിക്കാനില്ല. കമന്ററിയും ആർപ്പുവിളികളും കൊണ്ട് ബാരി ലൈൻ ശബ്ദ മുഖരിതമായി. ഇടക്ക് ബാൽക്കണിയിൽ പോയി ഗാലറിയിൽ എന്ന വണ്ണം ടോപ്പ് ആങ്കിളിൽ കളി കണ്ടു. സൂര്യൻ അസ്തമിച്ചപ്പോൾ എൽ ഇ ഡി ലൈറ്റുകൾ തെളിഞ്ഞു. ഫ്ലഡ് ലൈറ്റ് ഗ്രൌണ്ട് ആയി മാറി ബാരി ലൈൻ. വീടുകളുടെ മേടുകളിൽ കാണികൾ കൂടി വന്നു. സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്ന സംഘം വീട്ടുപണികൾക്ക് ശേഷം മേടുകളിലേക്ക് കയറി വന്ന് തങ്ങളുടെ ബാപ്പമാരുടെയും സഹോദരന്മാരുടെയും ഭർത്താക്കന്മാരുടെയും പ്രകടനങ്ങൾ സ്റ്റേഡിയത്തിലെന്നവണം ഇരുന്ന് ആസ്വദിക്കുന്നു. ഞങ്ങളുടെ ചർച്ച അവസാനിക്കുമ്പോൾ രാത്രി 11 മണിയായി. എന്റെ റൂമിന്റെ താഴെ ആണ് കളി നടക്കുന്നത് എന്നതുകൊണ്ട് സകരിയ ഭായിക്ക് ഇന്ന് ഉറങ്ങാൻ പറ്റണം എന്നില്ല എന്ന് തമാശയ്ക്ക് ആശംസിച്ചു കൊണ്ട് അബ്രാർ ഭായിയും ഹുസൈൻ ഭായിയും ഉറങ്ങാൻ പോയി.

ഞാൻ ബാൽക്കണിയിൽ ഒരു സ്റ്റൂൾ ഇട്ട് ഇരുന്നു കളി ആസ്വദിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കറണ്ട് പോയി. ചൂട് കാലമായത് കൊണ്ട് റൂമിനുള്ളിൽ ഇരിക്കാൻ കഴിയില്ല. പുറത്തെ ബഹളം ആസ്വദിച്ച് അവിടെ തന്നെ ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കറണ്ട് വന്നു. സ്റ്റേഡിയം വീണ്ടും തെളിഞ്ഞു. ടീമുകൾ മാറി മാറി മത്സരിച്ചു കൊണ്ടിരുന്നു. ഉറക്കം വന്നു തുടങ്ങിയപ്പോൾ റൂമിൽ കയറി വാതിലടച്ചു കിടന്നു. ഉറങ്ങിത്തുടങ്ങുമ്പോഴേക്കും വീണ്ടും കറണ്ടു പോയി. പുറത്ത് നല്ല കാറ്റുള്ളതിനാൽ ബാൽക്കണിയിൽ പോയി ഇരുന്നു. ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ഫോൺ ചെയ്യുന്ന ബഹളം കേൾക്കുന്നുണ്ട്. അങ്ങനെ മൂന്ന് നാല് പ്രാവശ്യം കറണ്ട് പോയും വന്നും കൊണ്ടിരുന്നു. പുലർച്ചെ 3 മണിയായപ്പോൾ ഞാൻ ഉറങ്ങിപ്പോയി. അപ്പോഴും കളി അവസാനിച്ചിരുന്നില്ല.

അടുത്ത ദിവസം ഞാൻ ഗൂഗിളിൽ ഗല്ലി ക്രിക്കറ്റിനെ കുറിച്ച് പരതി നോക്കി. പല മികച്ച ക്രിക്കറ്റർമാരുടെയും തുടക്കം ഈ ഗല്ലി ക്രിക്കറ്റിൽ നിന്നാണെന്ന് മനസ്സിലായി. വിശാലമായ പറമ്പുകളിലും പാടത്തും തെങ്ങിൻതോപ്പുകളിലും കളിച്ചു വളർന്ന ഒരു ‘പൂക്കാട്ടിരി’ ബാല്യം ഓർമയിൽ വന്നു. പരിമിതികളിൽ കളിയാവേശം വിടാതെ കൊടും ചൂടിലും സന്തോഷം കണ്ടെത്തുന്ന ബാരി ലൈനിൽ നിന്നും ഒരു മികച്ച ക്രിക്കറ്റർ ഉണ്ടാവട്ടെ എന്ന് മനസ്സിൽ ആശംസിച്ചു. ഇടവേളകളിൽ എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് എഴുതണം എന്നും തീരുമാനിച്ചു.

Comments