രാഷ്ട്രീയ സിനിമകൾ, അവയിലെ കലാംശം, സൗന്ദര്യശാസ്ത്രം, എന്നിവയെപ്പറ്റിയൊക്കെ ചൂടുപിടിച്ച ചർച്ചകൾ കൂടുതൽ ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ, Freedom Fight (2022) എന്ന ആന്തോളജിയിൽ കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത "അസംഘടിതർ' എന്ന സിനിമയെപ്പറ്റി ഒരു ചെറിയ ആലോചനയാണിത്. പ്രധാനമായും ആ സിനിമയിൽ ഉടനീളം കാണാവുന്ന ഹാസ്യത്തെപ്പറ്റി. ഹാസ്യം ഉൾപ്പടെ ഈ സിനിമയുടെ ഏതാണ്ട് എല്ലാ വശങ്ങളെപ്പറ്റിയും ധാരാളം എഴുത്തുകൾ ഇതിനകം വന്നുകഴിഞ്ഞതിനാൽ അവയൊന്നും ആവർത്തിക്കാതെ ഒന്നുരണ്ട് നിരീക്ഷണങ്ങൾ നടത്തട്ടെ.
വളരെ ഗൗരവമേറിയ ഒരു വിഷയം --സ്ത്രീത്തൊഴിലാളികളുടെ പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി നടന്ന ഒരു സമരം തന്നെ-- ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന സിനിമ, ഈ രീതിയിലാണ് "അസംഘടിതർ' പൊതുവെ സ്വീകാര്യമായിരിക്കുന്നത്. സിനിമയുടെ പ്രമേയം ഗൗരവമേറിയ രാഷ്ട്രീയമാണെങ്കിൽ അതിനോടുള്ള ലാവണ്യ- സൗന്ദര്യശാസ്ത്ര സമീപനം ഹാസ്യത്തിന്റേതാണ് എന്നതാണ് ഈ ആസ്വാദനത്തിലെ ധ്വനി. അഥവാ, ഉള്ളടക്കത്തിൽ (ഏറെക്കുറെ പ്രവചിക്കാനാകുന്ന) സമരരാഷ്ട്രീയം പ്രതിപാദിക്കുന്ന ഈ സിനിമയെ കലാംശം ഉള്ളതും ആസ്വാദ്യകരവും ആക്കിമാറ്റുന്ന ഘടകമായാണ് ഇതിലെ ഹാസ്യത്തെ കാണുന്നത്. അക്കാര്യത്തിൽ തർക്കമില്ലെങ്കിലും, "അസംഘടിത'രിലെ ഹാസ്യത്തിന് ഒരു രാഷ്ട്രീയധർമം തന്നെ ഉള്ളതായി തോന്നുന്നു. അഥവാ, ഒരു കലാസൃഷ്ടി എന്ന നിലയിൽ "അസംഘടിതർ' അതിന്റെ രാഷ്ട്രീയധർമം നിർവഹിക്കാനുള്ള സങ്കേതമായി തന്നെയാണ് ഹാസ്യത്തെ സമീപിക്കുന്നത് എന്ന് വാദിക്കാനാണ് ഇവിടെ ശ്രമം. അതേസമയം, മറ്റൊരു വായന/ interpretation കൂടി നൽകുക എന്നതല്ല ഇവിടെ ഉദ്ദേശ്യം എന്നും തുടക്കത്തിലേ പറയട്ടെ. മറിച്ച്, ഹാസ്യത്തെ ഈ സിനിമയുടെ രാഷ്ട്രീയഘടകമായിത്തന്നെ പരിഗണിച്ചാൽ, ഉള്ളടക്കത്തിൽ ഒരു സമരത്തെപ്പറ്റി പറയുന്ന കേവല രാഷ്ട്രീയ സിനിമ എന്ന രീതിയിൽ നിന്ന് മാറി ഈ സിനിമയെ കാണാൻ സഹായിക്കുമെന്ന് കരുതുന്നു. അങ്ങനെ കാണേണ്ടതിന്റെ പ്രസക്തി എന്താണെന്നും പറയാൻ ശ്രമിക്കാം.
പുരോഗമന രാഷ്ട്രീയ ആശയങ്ങളെ സമർഥമായും ആസ്വാദ്യകരമായും പ്രതിപാദ്യവിഷയമാക്കുമ്പോഴാണ് കല രാഷ്ട്രീയമാകുന്നത്, ഒരു കലാരൂപം അതിന്റെ രാഷ്ട്രീയ ധർമം നിറവേറ്റുന്നത്, എന്നതാണ് കല- രാഷ്ട്രീയം-സൗന്ദര്യശാസ്ത്രം എന്ന വിഷയത്തെപ്പറ്റി പൊതുവെയുള്ള സമീപനവും ധാരണയും. നിലനിൽക്കുന്ന സാഹചര്യങ്ങളെ വിമർശനാത്മകമായി കാണാതെ/കാണാൻ സാധിക്കാതെ ഭൂരിപക്ഷവും ജീവിക്കുന്ന ഒരു പശ്ചാത്തലത്തിൽ, കാര്യങ്ങളെ രാഷ്ട്രീയമായി കാണേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവബോധം ഉണ്ടാക്കിയെടുക്കുമ്പോഴാണ് ഒരു കലാസൃഷ്ടി അതിന്റെ രാഷ്ട്രീയ ധർമം നിറവേറ്റുന്നത് എന്നതാണ് ഈ സമീപനത്തിൽ ഉദ്ദേശിക്കുന്നത്. ഈ ഗണത്തിൽ പെടുന്ന ഒരു രാഷ്ട്രീയ സിനിമയായാണ് "അസംഘടിതർ' പൊതുവെ ആസ്വദിക്കപ്പെടുന്നത്.
സ്വാഭാവികം. പക്ഷേ, ഇതിൽ ചിരി എവിടെനിന്ന് വരുന്നു എന്ന് നോക്കിയാൽ ‘അസംഘടിതർ' മുഖ്യമായും നിർവഹിക്കുന്ന രാഷ്ട്രീയധർമം പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് എന്ന് കാണാൻ സാധിക്കും. കാരണം, ഇന്നത്തെ നമ്മുടെ രാഷ്ട്രീയ നിലനില്പിന്റെ വൈരുധ്യങ്ങളിലേക്കും വൈചിത്ര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കുക തന്നെയാണ് മാസിലാമണിയുടെ സിനിമ പ്രധാനമായും ചെയ്യുന്നത്. ഇതെങ്ങനെ എന്ന് സിനിമയിലെ ചില നർമരംഗങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ട് വിശദീകരിക്കാം.
എന്റെ വാദം എന്താണെന്ന് തുടക്കത്തിൽ തന്നെ പറയട്ടെ. ബഹുഭൂരിപക്ഷവും രാഷ്ട്രീയ അവബോധമില്ലാതെ അരാഷ്ട്രീയമായി ജീവിക്കുന്ന ഒരു സാഹചര്യത്തിൽ പൊതുബോധത്തെ ഉലച്ചുകൊണ്ട് കാര്യങ്ങളെ രാഷ്ട്രീയവൽക്കരിക്കുക എന്നതാണ് കലയുടെ രാഷ്ട്രീയധർമം എന്ന സമവാക്യം ഇന്ന് അപ്രസക്തമായിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് "അസംഘടിതർ' ഉൽഭവിക്കുന്നത്. മറിച്ച്, "എല്ലാരും രാഷ്ട്രീയം പറയുന്ന കാലത്ത്, എല്ലാത്തിനെയും രാഷ്ട്രീയപരമായി എല്ലാവരും കാണുന്ന ഈ കാലത്ത്, കാര്യങ്ങളെപ്പറ്റി നമ്മുടെ അറിവും അവബോധവും വളരെയധികം വർധിച്ചിരിക്കുന്ന ഈ കാലത്ത്, നോക്കൂ ഒരു കൂട്ടർക്ക് എന്തിനുവേണ്ടിയാണ് സമരം ചെയ്യേണ്ടിവന്നത്' എന്നിടത്ത് നിന്ന് അതിന്റെ (രാഷ്ട്രീയ-സമര) ഉള്ളടക്കത്തെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ചിരി ഉയർത്തുന്നത്. "നമ്മുടെ വിചിത്രമായ കാലത്തിന്റെ ഗതികേട് നോക്കൂ' എന്നതാണ് സിനിമയുടെ പശ്ചാത്തലത്തിലുടനീളം. സിനിമയുടെ തുടക്കത്തിൽ കക്കൂസിൽ കയറാൻ തങ്ങളുടെ ഊഴത്തിനായി സ്ത്രീത്തൊഴിലാളികൾ ആര്യ ഭവൻ ഹോട്ടലിൽ കാത്തിരിക്കുമ്പോൾ പശ്ചാത്തലത്തിൽ പതിഞ്ഞ ശബ്ദത്തിൽ ഒരു സംസാരം കേൾക്കാം; അത് ഇംഗ്ലീഷ് സബ്ടൈറ്റിൽസ് ചെയ്തിട്ടുള്ളതുകൊണ്ട് മാത്രമേ ശ്രദ്ധിക്കൂ എങ്കിലും: "കടുപ്പമില്ലാത്ത ചായയും പാൽചായയും തമ്മിലുള്ള വ്യത്യാസമെന്താണ്?' എന്ന് തുടങ്ങുന്ന ഒന്ന്. ഇത് തന്നെയാണ് സിനിമ അതിന്റെ പശ്ചാത്തലമായി തെരഞ്ഞെടുക്കുന്നത്. അന്തമില്ലാത്ത അറിവുത്പാദനം ഒരുവശത്ത്, മറുവശത്ത് അതുമായി യാതൊരു പൊരുത്തവുമില്ലാതെ, കൂടുതൽ വഷളാവുന്ന ജീവിത സാഹചര്യങ്ങൾ. അല്ലാതെ, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ പ്രശ്‌നത്തെപ്പറ്റി അവബോധം സൃഷ്ടിക്കലല്ല സിനിമയുടെ ശ്രമം.
അതിൽ പലർക്കും ഇഷ്ടപ്പെട്ടതായി ചൂണ്ടിക്കാണിച്ച മറ്റൊരു നർമ രംഗം പരിഗണിക്കാം. ജോലിക്കിടെ മൂത്രമൊഴിക്കാൻ ഭേദപ്പെട്ട ഒരു സാഹചര്യവുമില്ല എന്നും, പലപ്പോഴും ആണുങ്ങളുടെ കമന്റടി സഹിക്കാതെ കാര്യം സാധിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും കൂടെ ജോലി നോക്കുന്നവർ ആക്ടിവിസ്റ്റ് വിജിയോട് പരാതി പറയുമ്പോൾ അതെല്ലാം കേട്ടിട്ട് വിജി ഒരു ആത്മഗതം എന്ന രീതിയിൽ പറയുന്നു: "എന്നാലും എന്നെ നോക്കി ആരുമെന്താ കമൻറ് അടിക്കാത്തത്!'. അതുകേട്ട് എല്ലാവരും പരസ്പരം നോക്കി ചിരിക്കുന്നു. ഈ രംഗത്തെ ഒരു പ്രശ്‌നമായാണ് Firstpost വെബ്സൈറ്റിന് വേണ്ടി സിനിമ റിവ്യൂ ചെയ്ത അന്ന എം.എം. വെട്ടിക്കാട് പരാമർശിച്ചിരിക്കുന്നത് (https://www.firstpost.com/entertainment/freedom-fight-movie-review-the-great-indian-kitchens-director-presents-a-solid-anthology-with-a-glaring-blemish-10367091.html).
വിജിയുടെ പ്രായത്തെ കളിയാക്കുന്നതായിപ്പോയി എന്നാണ് അവരുടെ വാദം. അതേസമയം സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന രാഷ്ട്രീയ ചർച്ചകൾ പിന്തുടരുന്ന സിനിമയുടെ ഭൂരിപക്ഷം പ്രേക്ഷകർക്കും ഇവിടുത്തെ നർമം കൃത്യമായും പിടികിട്ടിയിട്ടുണ്ട്. "ഒരു ചോദ്യവും പരിഹാരവും അന്തിമമല്ല; ഒരു പ്രശ്‌നവൽക്കരണവും അവിടെ തീരുന്നതല്ല; എല്ലാ രാഷ്ട്രീയവൽക്കരണവും വീണ്ടും കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കും' എന്നതാണ് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ ജീവിതത്തെ നിർണയിക്കുന്നത് എന്നും, അത് ഒരു വിചിത്രമായ അവസ്ഥയാണെന്നും ആണ് ഈ രംഗം ഓർമപ്പെടുത്തുന്നത്. മധ്യവയസ്‌കയും പരമ്പരാഗതരീതിയിൽ അത്ര ആകർഷകമായ രൂപമില്ലാത്തതുമായ ഒരു സ്ത്രീക്ക് സമൂഹം അവരെയും ആകർഷകയായി കണക്കാക്കണമെന്ന ആഗ്രഹം വളരെ ന്യായമാണെന്നും, എന്നാൽ ആ ചോദ്യവും അതിന്റെ രാഷ്ട്രീയ മാനങ്ങളും അഭിസംബോധന ചെയ്യാൻ തല്ക്കാലം സാധിക്കല്ലല്ലോ, കാരണം നമുക്കെല്ലാവർക്കും അടിയന്തിരമായി വേണ്ടത് കക്കൂസ് ആണല്ലോ, എന്നും മറ്റും ഒരുമിച്ച് ഉന്തിത്തള്ളി മനസിലേക്ക് വരുന്ന ഒരുകൂട്ടം ആലോചനകളാണ് ഇവിടെ ചിരി പരത്തുന്നത്, നമ്മളിലും കഥാപാത്രങ്ങളിലും. മറ്റൊരു രീതിയിൽ പറഞ്ഞാൽ അറിവിന്റെയും അവബോധത്തിന്റെയും വളർച്ച ഒരുവശത്ത്, മറുവശത്ത് അതൊന്നുമായും യാതൊരു പൊരുത്തവുമില്ലാത്തപോലെ കിടക്കുന്ന യഥാർഥ ജീവിത സാഹചര്യങ്ങൾ: ഇവ തമ്മിലുള്ള ഭീമവും അതിവിചിത്രവുമായ അന്തരം ആണ് സിനിമയിൽ ചിരി ഉയർത്തുന്നത്. കേവല പ്രതിനിധാന രാഷ്ട്രീയം പറയുന്ന രീതിയിൽ ഈ സിനിമയെ കാണുമ്പോഴാണ് ഇതൊരു ഒഴിവാക്കപ്പെടേണ്ടിയിരുന്ന വിലകുറഞ്ഞ തമാശയായി തോന്നുക. അതുകൊണ്ടാണ് "അസംഘടിതർ' സിനിമയുടെ രാഷ്ട്രീയം മറ്റൊരു രീതിയിൽ കാണേണ്ടത്. അത് നമ്മുടെ മാറിയ രാഷ്ട്രീയ ജീവിത സാഹചര്യങ്ങളെക്കുറിച്ച് തന്നെയാണ്.
ഇതിന്റെ തുടർച്ചയായി തന്നെ വേണം സിനിമയുടെ അവസാനം വരുന്ന ചില നർമരംഗങ്ങളെ പരിഗണിക്കാൻ. സമരത്തിന്റെ അവസാനം അതിൽ പങ്കെടുത്ത എല്ലാവരും ചേർന്ന് കടൽത്തീരത്തു സമാധാനത്തോടെ ഇരിക്കുന്ന രംഗം എടുക്കാം. ഒരുവശത്ത് വിജയകരമായി ഒരു സമരം നടത്തി ചില ആവശ്യങ്ങൾ നേടിയെടുത്തതിന്റെ ചാരിതാർഥ്യം എല്ലാവരുടെയും മുഖത്ത്. മറുവശത്ത്, ഒന്നും അവസാനിച്ചിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന ഒരിക്കലും അടങ്ങാത്ത ഇരമ്പുന്ന കടലും അതിന്റെ തിരകളും. സ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രം പെട്ടന്ന് എന്തോ പറയാനോങ്ങുമ്പോൾ വിജി ഇടക്കുകയറി പറയുന്നുണ്ട്, "ദയവുചെയ്ത് കൂടുതൽ ഐഡിയ ഒന്നുമായി നീ വരരുത്' എന്ന്. (ഇതിനെ, സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെ ambition ഇല്ലായ്മയെ സൂചിപ്പിക്കുന്നതായി ഒരാൾ ഫേസ്ബുക് റിവ്യൂവിൽ പറഞ്ഞുകണ്ടു.) വിജിയുടെ ഈ താക്കീത്/തടയിടൽ വളരെ രാഷ്ട്രീയപ്രസക്തമാണ്. രാഷ്ട്രീയം തടയുന്ന ഒരു വിലക്കായല്ല, രാഷ്ട്രീയത്തെ സാധ്യമാക്കുന്ന ഒരു താത്കാലികമായെങ്കിലുമുള്ള പിൻവാങ്ങൽ ആണ് ഇതിനെ സൂചിപ്പിക്കുന്നത്. നേടിയെടുത്ത ചില അടിസ്ഥാന രാഷ്ട്രീയ അറിവുകളെ എങ്കിലും ആദ്യം യഥാർഥ ജീവിത സാഹചര്യങ്ങളിലേക്ക് പരിവർത്തനം ചെയ്ത് എടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്ന് വരുന്നതാണ് ഈ പിൻവാങ്ങൽ/താക്കീത്. സ്ത്രീത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി സമരം നടത്തേണ്ടി വന്ന വിജിക്ക് "അന്തമില്ലാത്ത രാഷ്ട്രീയവൽക്കരണത്തിന്റെ/അറിവുത്പാദനത്തിന്റെ' അർത്ഥമില്ലായ്മ നന്നായി അറിയാം, പ്രത്യേകിച്ച് നമ്മൾ അനുദിനം നേടുന്ന അറിവും യഥാർഥ ജീവിത സാഹചര്യങ്ങളും തമ്മിലുള്ള വിചിത്രമായ പൊരുത്തക്കേട് പരിഗണിക്കുമ്പോൾ.
എന്നാൽ ഇങ്ങനെ ഒരു പിൻവാങ്ങൽ സാധ്യമല്ല എന്ന ബോധവും സിനിമക്ക് നന്നായി ഉണ്ട്, അതിനെപ്പറ്റി ചില ആശങ്കകളും. സ്രിന്ദയുടെ കഥാപാത്രം കടൽത്തീരത്തിരിക്കുന്ന രണ്ടു സീനുകളിൽ, കുടമറവിൽ ഇരിക്കുന്നവരെ നോക്കി അവർ അക്ഷമയാകുന്നതും കുടക്ക് നേരെ കൈയിൽ കിട്ടിയത് വെച്ച് എറിയുന്നതും കാണാം. "എന്താണ് ഇതിനു പിന്നിൽ? എന്തായാലും മറനീക്കി പുറത്തുവന്നാലെന്ത്?' എന്ന് ചോദിക്കുന്നത് പോലെയാണ് അവരുടെ ഭാവം. രണ്ടാത്തെ തവണ ഏറുകൊണ്ട് കുട/മറ നീങ്ങുമ്പോൾ അതിനു പിന്നിൽ സ്വവർഗാനുരാഗികൾ എന്ന് തോന്നും വിധം രണ്ടുപേരെ നമ്മൾ കാണുന്നു. കുടക്ക്/മറക്ക് പിന്നിൽ ഇവരായിരുന്നു എന്ന് കാണുമ്പോൾ സ്രിന്ദയുടെ കഥാപാത്രത്തിന്റെ മുഖത്ത് ഒരാശ്വാസം. മറ നീങ്ങിയതിന്റെയും, മറയ്ക്ക് പിന്നിൽ നിന്ന് പുറത്ത് വന്നതിനെ മനസിലാക്കാനും കൈക്കൊള്ളാനും വലിയ വിഷമം ഇല്ലാത്തതിന്റെയും. പക്ഷേ, അടുത്ത ഷോട്ടിൽ കാണുന്നത് കുട കടൽത്തീരത്ത് കിടക്കുന്നതും അതിൽ തിരകൾ വന്നടിക്കുന്നതും ആണ്. ഇത് പ്രേക്ഷകരിൽ ചെറുതല്ലാത്ത ഒരു അലോസരം ഉണ്ടാക്കും. കാരണം, "മറകൾ എല്ലാം മാറും/മാറ്റാനാവും' എന്ന ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയം അല്ല സിനിമ നൽകുന്നത്. മറിച്ച്, പ്രതിനിധാനവും വിമർശനവും ഒപ്പത്തിനൊപ്പം നിലനിൽക്കുന്നതിന്റെ അസുഖകരമായ, ഒരേസമയം ഉദ്വേഗവും ആശങ്കയും ഉളവാക്കുന്ന, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കലാസൃഷ്ടിയിൽ ഏർപ്പെടുന്നതിന്റെ സങ്കീർണതകൾ ഈ സീനിലൂടെ "അസംഘടിതർ' സൂചിപ്പിക്കുന്നു. മറ നീക്കി പുറത്തു വരുന്നവരിൽ ഫോക്കസ് ചെയ്യാതെ മറയിലേക്ക് തന്നെ ഒരു നിമിഷമെങ്കിലും തിരിച്ച് പോകുന്ന ആ ഷോട്ടിലൂടെ സിനിമ സൂചിപ്പിക്കുന്നത്, "വെളിച്ചം വീശൽ', 'ബോധവൽക്കരണം', "exposing' എന്നീ സങ്കേതങ്ങൾ ഉപയോഗിക്കുന്ന ഗണത്തിലുള്ള രാഷ്ട്രീയ സിനിമയല്ല ഇത് എന്നതാവാം. മറിച്ച്, ഇന്നത്തെ മാറിയ രാഷ്ട്രീയ ആവശ്യങ്ങളെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്ന രാഷ്ട്രീയ ധർമമാണ് അതേറ്റെടുക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, പുരോഗമന രാഷ്ട്രീയ ആശയങ്ങളുടെ കൂടെ നിൽക്കാത്തവരെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നുകാട്ടുക എന്നതല്ല ഈ സിനിമയിലെ ഹാസ്യത്തിന്റെ പ്രധാന രാഷ്ട്രീയ ധർമം. മറിച്ച്, നമ്മളെല്ലാം പങ്കാളികളായ ഇന്നത്തെ രാഷ്ട്രീയ ജീവിതത്തിനു നേരെയാണ് അതിന്റെ ചിരിയും ആക്ഷേപവും വിമർശനവും. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക്, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ കുഞ്ഞില മാസിലാമണിയുടെ എഴുത്ത് പരിചയമുള്ളവർക്ക് ഈ ഹാസ്യം അബോധമായെങ്കിലും തീർച്ചയായും പിടികിട്ടും. കുഞ്ഞില മാസിലാമണിയുടെ സോഷ്യൽ മീഡിയ എഴുത്തുകൾ പ്രിയങ്കരമാകാൻ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഒരു കാരണമുണ്ട്: "രാഷ്ട്രീയമായി എങ്ങനെ ജീവിക്കണം എന്ന് എനിക്ക് നന്നായി അറിയാം, പക്ഷേ അതിനൊന്നും പലപ്പോഴും പറ്റാറില്ല എന്നതാണ് വാസ്തവം, അതാണ് എന്റെ ജീവിതം കോമഡി ആക്കുന്നത്', എന്നതാണ് സോഷ്യൽ മീഡിയയിലെ അവരുടെ എഴുത്തിന്റെ പൊതുവായ പ്രമേയം. ഈ വിചിത്രമായ അവസ്ഥയുടെ ഒരു പ്രകാശനമാണ് ‘അസംഘടിതർ' എന്ന സിനിമയും.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വരുന്ന ഗവേഷക വിദ്യാർഥിയോടും രാഷ്ട്രീയ ജീവികളായ നമ്മളെല്ലാവരോടും സിനിമക്ക് പറയാനുള്ളത് ഇതാണ്: "കുറച്ച് സെൻസ് ഓഫ് ഹ്യൂമർ ആവാം; അത് ഇന്നത്തെ ലോകത്തിന്റെ പല വൈരുധ്യങ്ങളും നമുക്ക് കാണിച്ച് തരും'.