കോവിഡുകാലത്ത്​ കേരളത്തിൽ തിരിച്ചെത്തിയത്​ 6.31 ലക്ഷം പ്രവാസികൾ; തിരിച്ചുപോക്ക്​ സാധ്യമാണോ?

വിമാന സർവീസ് പഴയ രീതിയിലായാൽ ഗൾഫിൽനിന്ന്​ തിരിച്ചെത്തുന്നവരുടെ എണ്ണം ഇനിയും കൂടും. ഗൾഫിന്റെ യഥാർത്ഥ തൊഴിൽ ചിത്രം വ്യക്തമാകുന്നതോടെ നിലവിലെ തൊഴിൽ നഷ്ടവും സാധ്യതയും വ്യക്തമാകും. ആ പ്രതീക്ഷയിലാണ്​ വലിയൊരു പ്രവാസി സമൂഹം ഗൾഫിൽ ഇപ്പോഴും പിടിച്ചുനിൽക്കുന്നത്​- കോവിഡുകാല പ്രവാസ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച്​ ഒരാരോലചന.

കോവിഡ് കാല ജീവിതം ഏതൊക്കെ രീതിയിലാണ്​ വ്യത്യസ്തരായ ജനസമൂഹങ്ങളെ ബാധിച്ചത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. അതിനിടയിൽ ചില പ്രത്യേക ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകൾ കോവിഡിന്റെ ഇടപെടൽ വഴി വലിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. ലോകത്തെവിടെയുമുള്ള അടിസ്ഥാന ജീവിത പശ്ചാത്തലമുള്ള മനുഷ്യരാണ് ഇതിന്റെ ഇരകൾ.

ഈ മഹാമാരിയുടെ ആദ്യ ആക്രമണ കാലത്ത് ഇന്ത്യയിലെ കുടിയേറ്റ തൊഴിൽ സമൂഹം ഈ ദുരന്തത്തിന്റെ സാക്ഷ്യപ്പെടുത്തൽ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. ഇതേ രീതിയിൽ രാജ്യത്തിനു പുറത്തുള്ള ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യത്തെ ലക്ഷക്കണക്കിനു തൊഴിൽ സമൂഹവും സമാനമായ അവസ്ഥ നേരിട്ടിട്ടുണ്ട്. ഒരു വർഷം പിന്നിട്ട പകർച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ ഇരകളാകേണ്ടി വന്ന വിഭാഗമാണ് ഗൾഫിലെ അടിസ്ഥാന തൊഴിൽ സമൂഹം.

ഗൾഫ്​ തുറന്ന സാധ്യതകൾ

ലോകത്തിലെ പല ദരിദ്ര രാഷ്ട്രങ്ങളിലെയും വലിയ ശതമാനം പാവപ്പെട്ട ജനങ്ങളും തങ്ങളുടെ തൊഴിലിടമായി കണ്ടുവരുന്നതാണ് ഗൾഫ് രാഷ്ട്രങ്ങൾ. സൗദി അറേബ്യ, യു എ ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ അടിസ്ഥാന തൊഴിൽ രംഗങ്ങളിൽ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നെത്തിയ സാധാരണ മനുഷ്യരാണ് വലിയ ശതമാനവും. ഈ സാധ്യതയിലൂടെയാണ് ആഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും തുടങ്ങി ഒട്ടനവധി ഏഷ്യൻ രാജ്യങ്ങളിലെയും കുടുംബങ്ങൾ ജീവിച്ചു പോകുന്നത്. ഈ രാഷ്ട്രങ്ങളിലെ പല കുടുംബങ്ങളിലെയും അടുപ്പിൽ തീ പുകയുന്നത് ഗൾഫിലെ തൊഴിൽ സാധ്യതയിലൂടെയാണെന്ന് പറയുന്നത് അതിശയോക്തിയല്ല. ദരിദ്ര രാഷ്ട്രങ്ങളായ പല ആഫ്രിക്കൻ ജനതയുടെയും തൊഴിലിടമായി ഗൾഫ് മാറിയത് അവർ നേടിയ വിദ്യാഭ്യാസം കൊണ്ടു മാത്രമല്ല. മറിച്ച് എത്ര കഠിനമായ ജോലിയും ഏറ്റെടുത്തു നിർവഹിക്കാൻ പാകിസ്ഥാനിലെയും ആഫ്രിക്കയിലെയും തീരെ വിദ്യാഭ്യാസമില്ലാത്ത മനുഷ്യർ തയ്യാറായതു കൊണ്ടുകൂടിയാണ്.

1990 കൾക്കുശേഷം ലോകത്തുണ്ടായ തൊഴിൽ മാറ്റങ്ങളും വിപണികളുടെ പുത്തൻ രീതികളും ഗൾഫ് രാജ്യങ്ങളിൽ വലിയ രീതിയിലുള്ള തൊഴിലവസരങ്ങളാണ്​ സൃഷ്ടിച്ചത്. പല രാജ്യങ്ങളിലും അടിസ്ഥാന മേഖലയിലെ വികസന പ്രക്രിയയിൽ മേൽസൂചിപ്പിച്ച രാഷ്ട്രങ്ങളിലെ തൊഴിലാളികളുടെ സാന്നിധ്യം വലിയ രീതിയിൽ ആവശ്യമായി വന്നു. അത് അവരുടെ മാതൃരാജ്യങ്ങളിലേക്ക് വിദേശനാണ്യം എത്തിച്ചു കൊടുത്തു. ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പണം എത്തിയത് ഇന്ത്യയിലാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2013 നു ശേഷം ചില ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണ പ്രക്രിയ ഈ അവസ്ഥയ്ക്കു കാതലായ മാറ്റങ്ങൾ വരുത്തിയെങ്കിലും ഉള്ള തൊഴിൽ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ അടിസ്ഥാന തൊഴിൽ സമൂഹം നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. ഈ പരിശ്രമത്തെ വലിയ അളവിൽ വിജയിപ്പിച്ചത് ഗൾഫ് രാജ്യങ്ങളിൽ എത്തിയ വിദേശികളുടെ എണ്ണം തന്നെയാണ്. പല ആവശ്യങ്ങൾക്ക് എത്തിയ വിദേശികളുടെ സാന്നിധ്യം ആ രാജ്യങ്ങളിലെ വ്യത്യസ്ത മേഖലകളെ സജീവമായി നിലനിറുത്തി. ജനങ്ങളുടെ പല രീതിയിലുള്ള ജീവിതാവശ്യങ്ങൾ വിപണിയെ നിരന്തരം ചലനാത്മകമാക്കികൊണ്ടിരുന്നു. ഇത് അടിസ്ഥാന തൊഴിൽ രംഗത്ത് പ്രവാസികൾക്ക് വമ്പിച്ച തൊഴിൽ സാധ്യതയാണ് ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പരിക്കേറ്റതും ഈ മേഖലകൾക്കാണ്. വലിയ ജനക്കൂട്ടങ്ങൾക്ക് തന്നെ കോവിഡിന്റെ ആഘാതത്തെ തടഞ്ഞു നിറുത്താൻ കഴിയാതെ പ്രവാസം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

തിരിച്ചു പോയ പ്രവാസികൾ

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്, അതിൽ കേരളീയരും. കേരളത്തിൽ നിന്നു മാത്രം 40 ലക്ഷത്തോഷം പേർ വിദേശത്തുണ്ട് എന്നാണ് കണക്ക്. ഇതിൽ 25-ലക്ഷത്തോളം ഗൾഫിലാണ്. എന്നാൽ 25 ലക്ഷത്തിൽ കൂടുതലാണ് ഗൾഫിലെ മലയാളികളുടെ സാന്നിധ്യം എന്നതാണ് വസ്തുത. ഈ കണക്കിനിടയിലും കോവിഡ് കാലത്ത് തൊഴിൽരഹിതതരായി 6.31 ലക്ഷം പ്രവാസികൾ കേരളത്തിൽ തിരിച്ചെത്തിയ കണക്ക് പുറത്ത് വന്നിട്ടുണ്ട്. നോർക്കയുടെ കണക്ക് പ്രകാരം 2020 ജനുവരി മുതൽ 2021 ജനുവരി 21 വരെ തൊഴിൽ രഹിതരായി 6,31,276 പേരാണ് തിരിച്ചെത്തിയത്. ഈ കാലയളവിൽ തിരിച്ച് പോയത് 65,000ഓളം പേരാണ്. കോവിഡിന്റെ വ്യാപനം തുടങ്ങിയ 2020- ജനുവരിക്ക് ശേഷം 9,47,513 പേരാണ് കേരളത്തിലെത്തിയത്. ഇവരിൽ തന്നെ 53,830 കുട്ടികളും 22,071 മുതിർന്ന പൗരന്മാരും 11,574 ഗർഭിണികളും ഉണ്ട്. തൊഴിൽ രഹിതരായി തിരിച്ചെത്തിയവരിൽ വലിയ ശതമാനവും താഴെ തട്ടിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളാവാനാണ്​ സാധ്യത. കോവിഡിന്റെ
ശമനത്തിനുശേഷം വിമാന സർവീസ് പഴയ രീതിയിലായാൽ തിരിച്ചെത്തുന്നവർ കൂടും. ഗൾഫിന്റെ യഥാർത്ഥ തൊഴിൽ ചിത്രം വ്യക്തമാകുന്നതോടെ നിലവിലെ തൊഴിൽ നഷ്ടവും സാധ്യതയും വ്യക്തമാകും. ആ പ്രതീക്ഷയിൽ വലിയൊരു പ്രവാസി സമൂഹം ഗൾഫിൽ പരമാവധി പിടിച്ചു നിൽക്കുകയാണിപ്പോൾ. അതിനിടയിൽ യു എ ഇ -യിൽ നിന്ന് 5,33,527
സൗദി - 1,24,308, ഒമാൻ - 83,551, ഖത്തർ -86,532, ബഹ്റൈൻ - 30,878, കുവൈത്ത് -40,440. മറ്റു രാജ്യങ്ങൾ - 48,279 എത്തിയതാണ് കണക്ക്. ഇവർ എങ്ങനെയാണ് തുടർ ജീവിത സാഹചര്യങ്ങൾ കണ്ടെത്തുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

അടിസ്ഥാന തൊഴിൽ മേഖല

ഗൾഫിലെ അടിസ്ഥാന തൊഴിൽ മേഖലകൾ പലതും സജീവമാകുന്നത് എങ്ങനെയെന്നു പരിശോധിക്കാം. മലയാളികൾ ഏറ്റവും കൂടുതലുള്ള സൗദി
അറേബ്യയിലും യു എ ഇ യിലും കഫ്റ്റീരിയ, ഗ്രോസറി, സൂപ്പർ മാർക്കറ്റ്, റസ്റ്റോറൻറുകൾ, ക്ലീനിംഗ് കമ്പനി, ചെറുകിട നിർമാണ കമ്പനി, ഡെലിവറി തുടങ്ങിയ മേഖലകളിലെ വലിയ ശതമാനം തൊഴിലാളികളും മലയാളികളാണ്. കാരണം, ഭൂരിപക്ഷം സ്ഥാപനങ്ങളുടെ ഉടമകളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണ്. കൂട്ടു പങ്കാളിത്തത്തോടുകൂടി ആരംഭിച്ച ഇത്തരം സ്ഥാപനങ്ങൾ നിലനിറുത്തുന്നത് ഇവിടത്തെ ജനങ്ങളാണ്.

ഉദാഹരണത്തിന് നാന്നൂറോളം ഫ്ലാറ്റുകളുള്ള ഒരു ബിൽഡിംഗ് സമുച്ചയത്തിൽ ചുരുങ്ങിയത് നാലോ അഞ്ചോ ഗ്രോസറികളും രണ്ടോ മൂന്നോ കഫ്റ്റീരിയകളും ഉണ്ടാവും. അതിൽ തന്നെ വലിയൊരു സൂപ്പർമാർക്കറ്റും. ഈ സ്ഥാപനങ്ങളെ നിലനിറുത്തുന്നത് ആ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്നവരാണ്. അവർ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് സമീപിക്കുന്നത് ഗ്രോസറികളെയാണ്. ഒരു ദിർഹമിന്റെ മല്ലിച്ചപ്പ് വരെ ഡെലിവറിക്കാർ ഫ്ലാറ്റിൽ എത്തിച്ചു കൊടുക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് അടിസ്ഥാന തൊഴിൽ സമൂഹത്തിന്റെ തൊഴിൽ സാധ്യതകൾ നിലനിറുത്തുന്നത്. അവർക്കാവശ്യമായ വാഹനങ്ങൾ, അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം. സ്കൂൾ മേഖലകളിൽ അധ്യാപകർ ഒഴികെയുള്ള വലിയ ശതമാനം തൊഴിലാളികളും ഈ പറയുന്ന അടിസ്ഥാന മേഖലകളിലാണു ജോലി ചെയ്യുന്നത്. ബസ്​ ഡ്രൈവർ ആയാലും അതിലെ മറ്റു ജോലിക്കാരായാലും ഇത്തരം തൊഴിലാളികളാണ്. അതായത് ജനങ്ങളുടെ സാന്നിധ്യം ഗൾഫിലെ തൊഴിൽ മേഖലകളെ സജീവമാകുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവിടെയാണ് കോവിഡ് കനത്ത പ്രഹരം ഏല്പിച്ചത്.

കോവിഡ് ഏല്പിച്ച പ്രഹരം

കോവിഡ് ഏല്പിച്ച നിരവധി പരിക്കുകളിൽ ഏറ്റവും വലിയ പരിക്കേറ്റത് സമൂഹത്തിലെ അടിത്തട്ടിൽ ജീവിക്കുന്നവർക്കാണ്. നിത്യത്തൊഴിൽ കൊണ്ട് ജീവിതത്തെ ഊട്ടിയ ഈ ജനവിഭാഗത്തെ ലോകത്തെവിടെയും കാണാം. സമ്പന്ന രാഷ്ട്രങ്ങളിലും ഇത്തരം മനുഷ്യരുണ്ട്. അതേ സമയം സമ്പത്തിന്റെ കരുതൽ കൊണ്ടും പാരമ്പര്യമായി കിട്ടിയ ജീവിത സുരക്ഷിതത്വം കൊണ്ടും ഏതു പ്രതിസന്ധികളിലും പട്ടിണി കിടക്കാത്ത മറ്റൊരു വിഭാഗവും നമുക്കിടയിലുണ്ട്. ഈ വൈരുദ്ധ്യങ്ങൾക്കിടയിലാണ് അടിത്തട്ടിലെ മനുഷ്യരുടെ അതിജീവനം നിരവധി പ്രതിസന്ധി നേരിടുന്നത്. എങ്ങനെയാണ് കോവിഡ് കാലം ഗൾഫിലെ തൊഴിൽ നഷ്ടത്തിന് കാരണമായത് എന്നു പരിശോധിക്കാം.

യു.എ.ഇയിലെ അംഗ്‌സാന ടവറിൽ നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ

ഗൾഫിലെ കോവിഡ് പ്രഹരം ആദ്യം ബാധിച്ചത് കമ്പനികളിൽ ജോലി ചെയ്യുന്നവരെയാണ്. അതിലും വേഗത്തിലാണ് അടിത്തട്ടിലെ തൊഴിൽസാധ്യതയെ ബാധിച്ചത്. കമ്പനികൾ ശമ്പളം കുറച്ചത് ജനങ്ങളുടെ ചെലവഴിക്കൽ രീതിയിൽ വലിയ മാറ്റമുണ്ടാക്കി. പല കുടുംബങ്ങളിലും ഭാര്യയ്ക്കും ഭർത്താവിനും ജോലി നഷ്ടമായതോടെ കുട്ടികളെ നാട്ടിലേക്കയക്കേണ്ട സ്ഥിതിയുണ്ടായി. ഇതോടെ അവരുടെ താമസം ചെലവ് കുറഞ്ഞ ഇടത്തേക്കു മാറി. പല റിയൽ എസ്റ്റേറ്റ് കമ്പനികളും ഫ്ലാറ്റിന്റെ വാടകയിൽ ഗണ്യമായ കുറവ് വരുത്താൻ നിർബന്ധിതരായി. മാത്രമല്ല, ചില ഗൾഫ് രാജ്യത്ത് മൂന്നു വർഷം വരെ വാടക വർധനവ് പാടില്ല എന്ന നിയമവും വരുന്നതായി കേൾക്കുന്നു. ഇത് ഈ രംഗത്തെ കമ്പനികളെ സാമ്പത്തികമായി ബാധിക്കും. അതേ സമയം വരുമാനത്തിൽ കുറവ് വന്ന താമസക്കാർക്ക് പരമാവധി പിടിച്ചു നിൽക്കാനുള്ള സാഹചര്യമാണ് രാജ്യം ഒരുക്കുന്നത്. അതിനിടയിലും കുടുംബങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് സംഭവിച്ചിട്ടുണ്ട്. ഇത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. നാലും അഞ്ചും ഡെലിവറി ജീവനക്കാരുള്ള പല സ്ഥാപനങ്ങളിലും ജോലിക്കാരുടെ എണ്ണം രണ്ടായി കുറഞ്ഞു. കൊഴിഞ്ഞുപോയ കുടുംബങ്ങൾ ഇടത്തരക്കാരായതുകൊണ്ട് സാധാരണ വ്യാപാര സ്ഥാപനങ്ങളെയാണ് ഇത് ബാധിച്ചത്.
പല റസ്റ്റോറൻറുകളും മാസങ്ങളായി അടഞ്ഞു കിടന്നതോടെ തൊഴിലാളികൾക്ക് നാട്ടിലേക്കു മടങ്ങേണ്ടി വന്നു. അടഞ്ഞു കിടന്ന ഇടത്തരം സ്ഥാപനങ്ങൾ വൈകാതെ പൂർവസ്ഥിതിയിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ പ്രവാസികൾ. ജോലി നഷ്ടമായവരുടെ മടക്കങ്ങൾ കച്ചവടത്തെ ബാധിച്ചു. ശമ്പളത്തിലും വ്യത്യാസമുണ്ടായി. ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെയും മറ്റു തൊഴിൽ അന്വേഷകരുടെയും എണ്ണത്തിൽ കോവിഡ് ഗണ്യമായ കുറവുണ്ടാക്കി.

പല ഗൾഫ് രാജ്യങ്ങളിലെയും വ്യാപാര മേഖലകളെ നിരന്തരമായി ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് ടൂറിസ്റ്റുകളാണ്. ആ മേഖലയിൽ ഉണർവുണ്ടാകണമെങ്കിൽ പഴയ രീതിയിൽ വിമാന സർവീസ് ആരംഭിക്കണം. അപ്പോഴേ ഹോട്ടലുകളുകളും അനുബന്ധ ചെറുകിട സ്ഥാപനങ്ങളും പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തൂ. അതിനെടുക്കുന്ന സമയം ആശ്രയിച്ചായിരിക്കും ഈ മേഖലയിലെ തൊഴിൽ സാധ്യത. അപ്പോഴും മറ്റൊരു ഭീഷണി ഈ രംഗത്തെ തൊഴിലാളികൾ നേരിടുന്നുണ്ട്. അത് കോവിഡ് കാലം സമ്മാനിച്ച ഓൺലൈൻ വ്യാപാരത്തിന്റെ മികച്ച സാധ്യതകളാണ്.

ഓൺലൈൻ വിപണി

കോവിഡ് കാലം മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളിൽ പ്രധാനമാണ്​ ഓൺലൈൻ രംഗത്തെ ജനകീയത. സാംസ്കാരിക ഇടപെടലിൽനിന്നും അത് രാഷ്ട്രീയവും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സർവ രംഗത്തേക്കും വ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇതുണ്ടാക്കിയ മാറ്റം ചെറുതല്ല. പ്രത്യേകിച്ചും ഇന്റർനെറ്റ് ലഭ്യതയും ഓൺലൈൻ പരിജ്ഞാനവും മൂലം സാധാരണ കുടുംബങ്ങൾ പോലും സാധനങ്ങൾ വാങ്ങാനുള്ള എളുപ്പമായ ഇടമായി ഓൺലൈൻ വ്യാപരത്തെ തിരഞ്ഞെടുത്തു. ലോക്ക്​ഡൗൺ കാലത്ത് അതൊരു നിർബന്ധ വഴിയായി. നഗരം പഴയ സ്ഥിതിയിലെത്തിയിട്ടും ഓൺലൈൻ വ്യാപരം തുടരുകയാണ്. ഇടത്തരം കുടുംബങ്ങളെ മാത്രമല്ല. സാധാരണ കുടുംബങ്ങളെയും നല്ല രീതിയിൽ സ്വാധീനിച്ചു കഴിഞ്ഞു.

ഇതു പ്രധാനമായും ബാധിക്കുന്നതു ചെറുകിട സ്ഥാപനങ്ങളെയാണ്. തങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ ഒരു ക്ലിക്കിൽ അര മണിക്കൂറിനുള്ളിൽ ഫ്ലാറ്റിന്റെ മുമ്പിലെത്തുന്നു. സ്ഥാപനങ്ങൾക്കാകട്ടെ വലിയ രീതിയിലുള്ള മനുഷ്യാധ്വാനവും ആവശ്യമില്ല. ഗോഡൗണിൽ ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ അവിടെവച്ച് ഡെലിവറി ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ജീവനക്കാരെ കൊണ്ട്​കാര്യങ്ങൾ നടത്താൻ കഴിയുന്നു. ആവശ്യക്കാർക്കാകട്ടെ ഇഷ്ടപ്പെട്ട സാധനങ്ങൾ ഓൺലൈൻ വഴി തിരഞ്ഞെടുക്കാനും കഴിയുന്നു.

ഇത്​ പല രീതിയിലാണ് ചെറുകിട വ്യാപാരത്തെ ബാധിക്കുന്നത്. സ്ഥാപനങ്ങളിലേക്കുള്ള ജനങ്ങളുടെ നേരിട്ടുള്ള സമ്പർക്കം അവസാനിക്കുന്നു. അതു വഴി വാടകയിനത്തിൽ വൻ മിച്ചം ഉണ്ടാക്കാൻ കഴിയുന്നു. അത് ഉല്പന്നത്തിന്റെ വിലയിൽ മാറ്റമുണ്ടാക്കും. ഇത് ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ച്‌ പിടിച്ചുനിൽക്കാൻ പ്രയാസമുണ്ടാക്കും. പിന്നീട് അത്തരം സ്ഥാപനങ്ങൾ ഓൺലൈൻ രംഗത്തേക്കു വന്നാലും അവിടെയും ജീവനക്കാരാണ്​ വഴിയാധാരമാകുന്നത്. റെഡിമെയ്ഡ് വ്യാപര രംഗത്ത് ഓൺലൈൻ വ്യാപാരം ഏറെക്കുറെ വേരുറപ്പിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങൾ പരസ്യത്തിന്റെ അസാധാരണമായ സാധ്യതയായതോടെ ഈ രംഗത്തുണ്ടായ കുതിച്ചു ചാട്ടം ചെറുതല്ല. ഇതൊക്കെ അടിത്തട്ടിലെ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളാണ്. എന്നാൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാതെ സമൂഹത്തിന്​ മുന്നോട്ടുപോകാൻ കഴിയില്ല എന്നതും വസ്തുതയാണ്.

അതിജീവന സാധ്യതയും പ്രതിസന്ധികളും

മേൽ സൂചിപ്പിച്ച സമകാലിക പ്രതിസന്ധികളെ അതിജീവിച്ചു വേണം അടിത്തട്ടിലെ ഗൾഫ് തൊഴിൽ സമൂഹത്തിന് മുന്നോട്ടു പോകാൻ. കോവിഡാനന്തര ലോകം മനുഷ്യന് പ്രവചിക്കാൻ കഴിയാത്ത വിധം മാറ്റിപ്പണിയപ്പെടുമ്പോൾ അവിടെ ഓരോ മനുഷ്യന്റെയും അതിജീവനം സാധ്യമാകുക വ്യക്തിപരമായി അയാൾ സ്വീകരിക്കുന്ന നിലപാടിന്റെ
വഴിയായിരിക്കും. പഴയ വഴിയിലൂടെ തന്നെ സഞ്ചരിക്കണോ, പുതിയ വഴി കണ്ടത്തെണമോ എന്നതാണു പ്രധാന ചോദ്യം. ഇവിടെ വ്യക്തി എന്നത് സമൂഹമായി രൂപപ്പെടുമ്പോൾ അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. പ്രവാസികളുടെ തൊഴിൽപരമായ പരിസരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇത്. അതിനപ്പുറം അതിന്റെ
ആഗോള പരിസരം വലിയ പ്രതിസന്ധിയാണ് മനുഷ്യരാശിക്കു മുമ്പിൽ തുറന്നു വെച്ചിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം അവർ നേടിയെടുത്ത പരമ്പരാഗത തൊഴിൽ പരിശീലനങ്ങൾ പെട്ടെന്നു മാറ്റിപ്പണിയുന്നത് അത്ര എളുപ്പമായ കാര്യമല്ല. കാരണം, അടിസ്ഥാന തൊഴിൽ സമൂഹത്തിന്റെ കരുത്ത് ശാരീരികാധ്വാനം മുൻനിറുത്തിയുള്ള തൊഴിൽ ഇടപെടലാണ്. അത് അതേപടി തുടരാനുള്ള തൊഴിൽമേഖലയിലെ പരിമിതിയെയാണ് ആദ്യം അതിജീവിക്കേണ്ടി വരുന്നത്. അതിനാവട്ടെ പഴയ രീതിയിലേക്കു ജന സഞ്ചാരങ്ങളും ഇടത്തരം കുടുംബങ്ങളുടെ പുനർ പ്രവാസവും സംഭവിക്കണം. എന്നാൽ തൊഴിൽ നഷ്ടപ്പെട്ടുപോയ ഇത്തരം കുടുംബങ്ങൾക്ക് പഴയ തൊഴിലിടത്ത് ഇനിയുള്ള സാധ്യത ചോദ്യ ചിഹ്നമാണ്. കൂടാതെ വീണ്ടും കുടുംബത്തോടെയുള്ള ജീവിതം എത്രമാത്രം സാധ്യമാകും എന്നതും ചോദ്യമാണ്. കോവിഡ് പൂർവ പ്രവാസത്തിൽ സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് ഒരുപാട് അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു.

ചെറിയൊരു ഉദാഹരണം പറയാം. ഭാര്യയും ഭർത്താവും ജോലിക്കും കുട്ടികൾ സ്കൂളിലും പോയാൽ (തൊഴിലില്ലാത്ത) എത്രയോ അമ്മമാർ ബേബി സിറ്റിംഗ് (കുട്ടികളെ നോക്കൽ) ജോലിയായി കണ്ടിരുന്നു. ഒരു മാസത്തെ കുടുംബ ചെലവുകൾ അതുവഴി സ്വരൂപിക്കാൻ കഴിഞ്ഞിരുന്നു. (ഒരു കുട്ടിക്ക് 500 ദിർഹം കിട്ടിയാൽ ആറു കുട്ടികൾക്ക്​ കിട്ടുന്ന 3000 ദിർഹം വലിയ വരുമാനമാണ്). ഇനിയുള്ള കാലത്ത് അത് സാധ്യമാകുമോ എന്നു പറയാൻ കഴിയില്ല. കുട്ടികളെ ഏല്പിച്ച് മറ്റൊരു ജോലിക്കു പോകുന്ന അമ്മമാരും ഇതേ അവസ്ഥയിൽ ജീവിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങൾക്കാണ് വലിയ രീതിയിലുള്ള തൊഴിൽ നഷ്ടം നേരിട്ടത്.

ഗൾഫ് രാജ്യങ്ങൾ കോവിഡിന് മുമ്പത്തെ പോലെയാവാൻ ആളുകൾക്ക് പഴയതു പോലെ യാത്ര ചെയ്യാൻ കഴിയണം. നാലു വർഷമായി ഖത്തറുമായുള്ള ഉപരോധം വലിയ രീതിയിൽ പല ഗൾഫ് രാജ്യങ്ങളെയും ബാധിച്ചിരുന്നു. നിലവിൽ ഖത്തറുമായി വ്യാപാര ബന്ധങ്ങളും യാത്രകളും പുനരാരംഭിച്ചത് ഈ രാജ്യങ്ങളിൽ വലിയ ഉണർവുണ്ടാക്കും. അതോടൊപ്പം പഴയതുപോലെ ടൂറിസ്റ്റുകൾ വരികയാണെങ്കിൽ അടിസ്ഥാന തൊഴിൽ മേഖലയെ അത് സജീവമാക്കും. ഇങ്ങനെയൊരു സാധ്യത ഏറെ പ്രതീക്ഷ നൽകുന്നതാണ്.

യു.എ.ഇ എക്സ്പോ 2020 ൽ സ്ത്രീത്വത്തെ ആഘോഷിച്ചപ്പോൾ

ഇത്തരം കാര്യങ്ങൾ കോവിഡ് കാലത്ത് എപ്പോഴാണ് സാധ്യമാകുക?. നിലവിൽ ഗൾഫിലെ അടിത്തട്ടിലെ തൊഴിൽ രീതികൾക്ക് ചില ചാക്രിക സ്വഭാവമുണ്ട്. ഇതിൽ വരുന്ന ചെറിയ പരിക്ക് എല്ലായിടത്തെയും ബാധിക്കും. ചെറുകിട വ്യാപാരമേഖലയിലെ തൊഴിൽ സാധ്യത ഓൺലൈൻ വ്യാപാരത്തിലേക്കു മാറുമ്പോൾ അതിനൊപ്പം എത്താൻ തൊഴിലാളികൾക്കു പുതിയ തൊഴിൽ ജ്ഞാനം നേടേണ്ടി വരും. ഈ മേഖലയിലെ വലിയ ശതമാനം തൊഴിലാളികളും പ്രവാസത്തിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ടവരാണ്. അവർക്കു പുതിയ രീതികളെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ മൂന്നാം തലമുറ പ്രവാസികൾക്ക് ഓൺലൈൻ വ്യാപാര സാധ്യത ഉപയോഗപ്പെടുത്താൻ കഴിയും. പ്രത്യേകിച്ചു ഡെലിവറി രംഗത്ത് വലിയ തൊഴിൽ സാധ്യതയാണ് വരാനിരിക്കുന്നത്. അവർക്ക് ആവശ്യമുള്ള തൊഴിൽ പരിജ്ഞാനവും സാങ്കേതികമായ അറിവും നേടാനുള്ള സാഹചര്യം അവരെ സംബന്ധിച്ച്‌ സാധ്യമാണ്. ഇത്തരം കാര്യങ്ങളിൽ നമ്മുടെ സർക്കാരിന് എന്താണു ചെയ്യാൻ കഴിയുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തിൽ കൺമുമ്പിലെ മാറ്റങ്ങളെ കാണുമ്പോൾ തന്നെ അതിനെ ഉൾക്കൊള്ളാനും അതോടൊപ്പം സമരസപ്പെട്ടു പോകാനുമുള്ള ശ്രമമായിരിക്കും ഇനിയുള്ള കാലത്തെ ഗൾഫിലെ അടിസ്ഥാന പ്രവാസി തൊഴിൽ സമൂഹത്തിന്റെ ഭാവിയെ നിർണയിക്കുക.

ഗൾഫ് നൽകുന്ന പ്രതീക്ഷ

മേൽ പറഞ്ഞതൊക്കെ നിലവിലെ അവസ്ഥയാണെങ്കിലും ഇതിന്റെ മുമ്പിൽ വിറച്ചു നിൽക്കുന്നതല്ല ഗൾഫ് രാജ്യങ്ങൾ. ലോകത്തെ പല അന്താരാഷ്ട്ര പുസ്തകമേളകൾ നിർത്തി വെച്ചപ്പോഴും ഷാർജയിലെ പുസ്തകമേള കൃത്യമായി കോവിഡ് മാനദണ്ഡം പാലിച്ച്​ നടത്തി. ലോകത്തിലെ ഏറ്റവും ശ്രദ്ധ ആകർഷിക്കപ്പെട്ട ഷോപ്പിംഗ് ഫെസ്റ്റിവലായ ദുബായ് ഗ്ലോബൽ വില്ലേജ് നിബന്ധനകൾ പാലിച്ച് പ്രവർത്തിച്ചു. ഈ രാജ്യത്തെ സ്വദേശി- വിദേശി വ്യത്യാസമില്ലാതെ മുഴുവൻ പേർക്കും കോവിഡ് വാക്സിനേഷൻ അതിവേഗതയിൽ നൽകി വരുന്നു. ഏറ്റവും വേഗതയിൽ വാക്സിനേഷൻ നടന്ന രാജ്യമായി യു. എ. ഇ മാറുകയാണ്.

ഒക്ടോബറിൽ ദുബൈയിൽ ആരംഭിക്കുന്ന കഴിഞ്ഞ വർഷം നിർത്തിവെച്ച എക്​സ്​പോ 2020 വലിയ പ്രതീക്ഷ നൽകുന്നതാണ്. 2020 ഫെബ്രവരിയിൽ സൗദി അറേബ്യ നിർത്തി വെച്ച വിമാന യാത്ര കഴിഞ്ഞ ആഴ്ച ആരംഭിച്ചു. 20 രാജ്യങ്ങൾക്കായിരുന്നു യാത്രാവിലക്ക്. ഇന്ത്യ ഉൾപ്പെടെ ഒമ്പതുരാജ്യങ്ങൾക്ക് വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും ഇതൊക്കെ വ്യാപാര മേഖലകളിൽ പുതിയ ഉണർവ് നൽകും. ഇത്തരം ഇടപെടൽ വഴി ഈ രാജ്യത്തെ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന ആത്മധൈര്യം ചെറുതല്ല. കോവിഡ് നൽകിയ വലുതും ചെറുതുമായ പരിക്കുകളെ പരിഹരിച്ചുകൊണ്ട് തന്നെ ലോകത്തിലെ എത്രയോ മനുഷ്യരുടെ ആശ്രയ കേന്ദ്രമായി ഈ മണൽ ദേശങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും അവരുടെ കുടുംബങ്ങളും.


Comments